images/tkn-arangukanatha-cover.jpg
Archangel, an oil on canvas painting by Paul Klee (1879–1940).
തടവറയിൽനിന്നൊരു കന്യാദാനം

‘ജംബു’ സ്റ്റോഴ്സിന്റെ മുകൾത്തട്ടിലെ വരാന്തയ്ക്കു പകുതി ചുമരേയുളളു. ബാക്കി ഭാഗത്തു് ഇരുമ്പുവലയോ കണ്ണാടിച്ചില്ലോ ഇല്ല. വേണമെങ്കിൽ അതിലൂടെ പുറത്തുചാടാം. ചാടിയാൽ താഴെ, നിരത്തിൽ ചെന്നുവീഴും. വീണാൽ ഞാനും എഴുതാനേല്പിച്ച നാടകവും ഒരുമിച്ചു മരിക്കും. പാതിചുമരിൽ കൈമുട്ടുകളൂന്നി അവിടെ നിന്നു. കീഴെ സ്റ്റോറിൽ നിന്നു ശബ്ദമൊന്നുമില്ല. എല്ലാവരും കടയടച്ചു പോയിട്ടുണ്ടാവും. എന്നും കാണുമ്പോൾ സുന്ദരമായി ചിരിക്കുന്ന എന്റെ നാട്ടുകാരൻ ‘കുട്ടൂസ്സ’യും സ്ഥലം വിട്ടിരിക്കും. സാരമില്ല; ആർക്കും എന്നെ വേണ്ടാ. ഏകാന്തതടവിനു് വിധിക്കപ്പെട്ടിരിക്കയാണല്ലോ… ഒരു സൈക്കിൾ യാത്രക്കാരൻ തുരുതുരെ ബെല്ലടിച്ചുകൊണ്ടു നിരത്തിലൂടെ കടന്നുപോവുകയാണു്. ആശ്വാസം! ഞാൻ തനിച്ചല്ല.

കഴിഞ്ഞതെല്ലാം ഒരു നേരമ്പോക്കായിരിക്കും. മി. അബ്ദുറഹിമാൻ തമാശ പറഞ്ഞതാവും; വാതിൽ പുറത്തുനിന്നു പൂട്ടിയിട്ടുണ്ടാവില്ല. ചെന്നു തുറക്കാം. പതുക്കെ രക്ഷപ്പെടാം. നാടകോത്സവം നഷ്ടത്തിൽ കലാശിക്കുമെങ്കിൽ കലാശിക്കട്ടെ. ഇങ്ങനെ ലോക്കപ്പ് മർദ്ദനം നടത്തിയാലൊന്നും നാടകം ജനിക്കില്ല.

വാതിൽ ശക്തിയായി പുറത്തേക്കു തള്ളി; അനക്കമില്ല. പിറകോട്ടു വലിച്ചു. ഊഹും. പുറത്തു കടന്നു് രക്ഷപ്പെടാനുള്ള അത്യാഗ്രഹത്തോടെ തള്ളലും വലിയും പലതവണ നടന്നു. തളർന്നു പിന്തിരിഞ്ഞു. പഴയസ്ഥാനത്തു വന്നിരുന്നു. ഉള്ളിൽ ജ്വലിക്കുന്ന രോഷം. മുമ്പിൽ മേശപ്പുറത്തു കടലാസ്, പെന്നു്, പെൻസിൽ, ബീഡി, സിഗരറ്റ്, തീപ്പെട്ടി, ഫ്ലാസ്ക്. അതിൽ ചായയുണ്ടായിരിക്കും. വേണ്ടാ, ഒന്നും വേണ്ടാ. എലിക്കെണിയിൽ കുടുക്കിയിട്ടു് ചായ തരുന്നു! ഈ ഗുഢാലോചന കുറച്ചുമുമ്പേ തുടങ്ങിയതാണു്. തുടക്കത്തിൽത്തന്നെ മനസ്സിലാക്കാനുള്ള ബുദ്ധിയുണ്ടായില്ല. ശ്രീ സി. ജെ. തോമസ്സും പി. ഭാസ്കരനും മറ്റും ചേർന്നു് ബീച്ചു് ഹോട്ടലിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പുതിയൊരു നാടകം വേണമെന്ന അഭിപ്രായം പൊങ്ങിവന്നിരുന്നു. കൂട്ടത്തിലാരോ എന്റെ നേർക്കു വിരൽചൂണ്ടിയപ്പോൾ ഞാൻ വയ്യെന്നു പറഞ്ഞ് ഒഴിഞ്ഞതാണു്. അപ്പോൾ മി. ഭാസ്കരൻ എന്തായിരുന്നു പറഞ്ഞതു്?

“ഛെ, ചുമ്മാ എഴുതണം. തനിക്കു് എളുപ്പത്തിൽ കഴിയും. അടൂർ ഭാസിയും കുമാരിയും ലക്ഷ്മീദേവിയും കുഞ്ഞാണ്ടിയും മറ്റുമുള്ളതല്ലേ. മോശാവില്ല. ഞാനൊരുപായം പറയാം. തിരുവിതാംകൂർ ഭാഗത്തുനിന്നു കൃഷിഭൂമി അന്വേഷിച്ചു മലബാറിലേക്കു വരുന്ന ഒരു കുടുംബം. അതു കുമാരിയും അടൂർ ഭാസിയുമാട്ടെ. അവർ വന്നുചേരുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങൾ, സംഘട്ടനങ്ങൾ തുടങ്ങിയവയൊക്ക തനിക്കെളുപ്പത്തിൽ ചിത്രപ്പെടുത്താൻ കഴിയും. ഭാഷയുടെ കാര്യത്തിൽ ക്ലേശിക്കണ്ടാ. താനെന്തെഴുതിയാലും കുമാരിയും ഭാസിയും അവരുടെ ശൈലിയിലേ സംസാരിക്കൂ. പ്രശ്നം തീർന്നില്ലേ?”

മി. ഭാസ്കരന്റെ നിർദ്ദേശം മനസ്സിൽക്കിടന്നു മുളപൊട്ടാൻ തുടങ്ങി. എന്തുകൊണ്ടു് ആ വഴിക്കു ചിന്തിച്ചുകൂടാ? എങ്ങനെ ഈ വെല്ലുവിളി നേരിട്ടുകൂടാ? “അരിശം കൊണ്ടു് അരി വേവില്ലെ”ന്നു് അറിഞ്ഞു കൂടേ. ക്ഷമിക്കൂ. സമയമുണ്ടു്. വാച്ചിലേക്കു നോക്കൂ. പത്തു മണി ആവുന്നതേയുളളു. രാത്രിയുടെ മുക്കാൽ ഭാഗം മുമ്പിലുണ്ടു്. അവർ വരട്ടെ. അധ്വാനശീലരായ കൃഷിക്കാർ; കന്നിമണ്ണു തേടി വരട്ടെ. മനസ്സിന്റെ മുതുകിൽ ചാട്ടവാർ വീഴുന്നു. ഒരു വെളിച്ചപ്പാടിന്റെ ഹാലിളക്കമാണു പിന്നെ. കാർബൺ പേപ്പർ വെച്ചുകൊണ്ടുതന്നെ എഴുത്തുതുടങ്ങി—

… പാലായിൽനിന്നു വക്കച്ചനെന്ന കൃഷിക്കാരൻ പുറപ്പെടുന്നു. ഒപ്പം യുവതിയായ മകളും. അവരെത്തിച്ചേരുന്നതു് വടക്കേമലബാറിലെ ഒരു യാഥാസ്ഥിതിക നായർകുടുംബത്തിൽ. ശുദ്ധാത്മാവായ കാരണവർ അവരെ സ്വീകരിക്കുന്നു. സഹായിക്കുന്നു…

ഒന്നാംവട്ടം കോഴി കൂകുമ്പോൾ അവസാനരംഗത്തിന്റെ മിനുക്കു പണിയിലാണു്. അതവസാനിച്ചപ്പോൾ ആദ്യം മുതൽ ഒരു വട്ടം മനസ്സിരുത്തി വായിച്ചു. അവിടെയും ഇവിടെയും ചില തിരുത്തലുകൾ നടത്തി. കുഴപ്പമില്ല. അല്പം കൂടി സമയമുണ്ടായിരുന്നെങ്കിൽ കൂടുതൽ മെച്ചപ്പെടുത്താമായിരുന്നു. പോട്ടെ; സാരമില്ല. ഒരു പേരുവേണമല്ലോ ഈ നാടകത്തിനു്. പലതും ആലോചിച്ചു. ഒടുവിൽ ‘കന്യാദാനം’ എന്നു പേരിട്ടു. ഇവിടെ കന്യക കന്നിമണ്ണാണു്.; താലികെട്ടാനെത്തുന്ന നവവരൻ, അന്നോളം കൃഷിയുടെ മഹത്ത്വമറിയാതെ, കൈവശഭൂമി മുഴുവനും വിറ്റു് ദീവാളികുളിച്ച ഒരു ചെറുപ്പക്കാരൻ. അവനാണു് കന്നിമണ്ണിനെ കെട്ടുന്നതു്.

സ്ഥലം മി. അബ്ദുറഹിമാന്റെ ആപ്പീസ്. അവിടെത്തന്നെ കലാസമിതിയുടെ ആപ്പീസും. മി. സി. ജെ. തോമസ്, പി. ഭാസ്കരൻ, പത്മനാഭൻനായർ, ബാലകൃഷ്ണമേനോൻ, മി. അബ്ദുള്ള, രാമൻ നായർ വാസുദേവൻനായർ (സിനിക്) എന്നിങ്ങനെ പ്രഗല്ഭരായ ഒട്ടേറെപ്പേർ ചുറ്റുമിരിക്കുന്നു; നടുവിൽ നാടകകൃത്തും. പാവം! കൂടിയിരിക്കുന്നവരിൽ പലരും അവന്റെ പേരിൽ അനുതപിക്കുന്നുണ്ടു്. വായന തുടങ്ങി. ആരും ഒന്നും പറയുന്നില്ല. കുറ്റം പറയാൻ ആരെങ്കിലുമുണ്ടാവും, തീർച്ച. നടക്കട്ടെ; ആക്ഷേപമോ അഭിനന്ദനമോ എന്തും നടക്കട്ടെ…

വായന കഴിഞ്ഞു മുഖമുയർത്തിയപ്പോൾ പി. അബ്ദുറഹിമാന്റെ തെളിഞ്ഞ മുഖമാണു് മുമ്പിൽ. മി. അബ്ദുള്ളയുടെ മുഖത്തു നോക്കി. കുഴപ്പമില്ല. രാമൻനായർ അത്ര എളുപ്പത്തിലൊന്നും തന്റെ വികാരം പുറത്തുകാട്ടുന്ന പ്രകൃതക്കാരനല്ല. നോക്കി. അവിടെ നിരാശതയില്ലെന്നു തീർച്ച. ആരും അഭിപ്രായം പറയാതെ നിശ്ശബ്ദത മുറ്റിനില്ക്കുന്ന ആ മുഹൂർത്തത്തിൽ, മി. അബ്ദുറഹിമാൻ പറഞ്ഞു:

“ഇന്നു തന്നെ റിഹേഴ്സൽ തുടങ്ങണം. ഇനി താമസിച്ചുകൂടാ. ലക്ഷ്മീദേവിയെ ഉടൻ വിവരമറിയിക്കണം. ബാക്കി മിക്കവാറും ഇവിടെ തന്നെയുണ്ടല്ലോ. ഇല്ലാത്തവരെ തേടിപ്പിടിക്കേണ്ട ഭാരം രാമൻ നായർക്കാണു്.”

അതെ, ഭാരം ഏറിയകൂറും രാമൻനായർക്കു തന്നെ. പിന്നെ താമസമുണ്ടായില്ല; രാമൻ നായരുടെ ബൈക്കിന്റെ ചക്രമുരുളാൻ. അന്നുച്ചയാവുമ്പോഴേക്കും മി. തെരുവത്തു രാമന്റെ വീട്ടിൽ എല്ലാവരേയും സംഘടിപ്പിച്ചെത്തിച്ചൂ രാമൻനായർ. സംവിധായകന്റെ വേഷമിട്ടതു് മി. പത്മനാഭൻനായരോ ഭാസ്കരനോ എന്നു തിട്ടപ്പെടുത്തി പറയാൻ വിഷമം. ഓർക്കുന്നില്ല. രണ്ടിലൊരാളാണു് തീർച്ച, അതോ രണ്ടു പേരും ചേർന്നാണോ സംവിധാനകർമ്മം നിർവ്വഹിച്ചതു്? അല്ലെങ്കിൽ അത്ര കടന്നു ചിന്തിച്ചു് സത്യം കണ്ടെത്തുന്നതെന്തിനു്? ഒത്തൊരുമിച്ചു് ഒറ്റ മനസ്സായിട്ടല്ലേ എല്ലാവരും പ്രയത്നിച്ചത്. ആദ്യദിവസം മുഴുവനായൊന്നു വായിക്കാനേ കഴിഞ്ഞുള്ളൂ. അപ്പോഴേക്കും സന്ധ്യയായി. കുമാരിയും ഭാസ്കരനും സി. ജെ. തോമസ്സും നാടകോത്സവത്തിന്റെ വിധികർത്താക്കളാണു് കൃത്യസമയത്തുതന്നെ അവരെ കൊട്ടകയിലെത്തിക്കണം, കുമാരിയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയും വേണം. സന്ധ്യമുതൽ പ്രധാന ഗേറ്റിൽ ജനം തടിച്ചുകൂടി നില്ക്കും. നാടകോത്സവത്തിൽ പങ്കെടുക്കാനുള്ള ബദ്ധപ്പാടല്ല. കുമാരിയെ ഒരു നോക്കു കാണണം. അവർ സഞ്ചരിക്കുന്ന കാറിന്റെ പുറത്തു് എവിടെയെങ്കിലുമൊന്നു തൊടണം. സായൂജ്യം നേടണം. ജനത്തിന്റെ നോട്ടമതാണു് അവരുടെ കണ്ണുവെട്ടിച്ചു വേണം അകത്തു കടക്കാൻ. ഇല്ലെങ്കിൽ ബഹളമാവും. ആരാധന പലവിധമാണല്ലോ. സിനിമാ താരങ്ങളോടുള്ള ആ സാധനയാവുമ്പോൾ അതിനൊരു കലാപത്തിന്റെ സ്വഭാവം കൈവരുന്നതും പലപ്പോഴും കണ്ടിട്ടുണ്ടു്.

‘കന്യാദാന’ത്തിന്റെ റിഹേഴ്സലിനു് ഇനി വെറും മൂന്നു പകൽ. റിഹേഴ്സൽ ക്യാമ്പിലും കുഴപ്പമുണ്ടു്. കുമാരിയുടെ സാന്നിദ്ധ്യം ജനം മണത്തറിയുന്നു. ക്യാമ്പ് വളയുന്നു. പുറത്തു് അപാരമായ ബഹളമുണ്ടാക്കുന്നു. രക്ഷയില്ല. ‘നീലക്കുയി’ ലെന്ന പടം വരുത്തിക്കൂട്ടിയ വിനയാണു്. ആ പടത്തിലൂടെ കുമാരി പ്രശസ്തിയുടെ കൊടുമുടിയിലെത്തി നില്ക്കുന്ന കാലം. ജനങ്ങൾക്കവരെ കാണണം തങ്ങളുടെ അഭിനന്ദനമറിയിക്കണം. സംഗതി വളരെ നിർദ്ദോഷമാണു്. പക്ഷേ, റിഹേഴ്സൽ നടക്കണ്ടേ, കുമാരിയെ പരുക്കു കൂടാതെ തിരിച്ചയയ്ക്കുണ്ടേ? റിഹേഴ്സൽ നടത്തിയ മൂന്നു പകലത്തെ ബദ്ധപ്പാടും കഷ്ടപ്പാടും ഭയങ്കരമായിരുന്നു. എങ്ങനെയൊക്കെയോ റിഹേഴ്സൽ ഒരുവിധം ഒപ്പിച്ചു. ഇതിനിടയിൽ കൊച്ചപ്പനെന്ന അഡ്വക്കറ്റ് എറണാകുളത്തു നിന്നു വന്നുചേരുന്നു. അദ്ദേഹവും നീലക്കുയിൽ ഫെയിം തന്നെ. വെറുതെ വിടാൻ പാടുണ്ടോ? ‘കന്യാദാന’ത്തിൽ കൊച്ചപ്പനും പങ്കാളിയാവണം. അപ്പോൾ മി. ഭാസ്കരന്റെ നിർദ്ദേശം വരുന്നു:

“കൊച്ചപ്പൻ നാടകത്തിൽ കയറട്ടെ. ഒരു ‘റോള’ങ്ങു പതിച്ചു കൊടുക്കൂ.”

എന്തു റോളാണു കൊടുക്കേണ്ടതു്? എങ്ങനെയാണു കൊടുക്കേണ്ടതു്? അതിനും പ്രതിവിധി ഭാസ്കരൻ കണ്ടുപിടിക്കുന്നു:

“മലയോരത്തു കപ്പക്കൃഷിനടക്കട്ടെ. കപ്പക്കൃഷി നശിപ്പിക്കാൻ പെരുച്ചാഴികൾ വരട്ടെ. ചെരുച്ചാഴിയെ കെണിവെച്ചു പിടിക്കുന്ന ഒരു വിദഗ്ദ്ധനുണ്ടാവട്ടെ. അതു കൊച്ചുപ്പനാവട്ടെ.”

ശുഭം. കൊച്ചപ്പൻ എലിപിടുത്തക്കാരനാവുന്നു. മലയോരങ്ങളിലൂടെ സഞ്ചരിച്ച് ‘എലിപിടുത്തം വേണോ എലിപിടുത്തം വേണോ’ എന്നു വിളിച്ചുചോദിച്ച് പ്രതിഫലംപറ്റി എലിപിടിച്ചു് ഉപജീവനം കഴിക്കുന്നു കൊച്ചപ്പൻ.

ഏഴു ദിവസത്തെ നാടകോത്സവം അവസാനിച്ചു് എട്ടാം ദിവസം പുലരുന്നു. അന്നാണ് ‘കന്യാദാനം’ അരങ്ങത്തെത്തുന്നതു്. സന്ധ്യയ്ക്കു മുമ്പുതന്നെ പ്രേക്ഷകരുടെ തിരക്കാരംഭിക്കുന്നു. ഒമ്പതുമണിക്കു പതിവു ചടങ്ങുകൾ തുടങ്ങി. രംഗപൂജയും മണിനാദവുമെല്ലാമുണ്ടു്. പക്ഷേ, അഭിവാദന ഗാനമില്ല. എന്നല്ല, നാടകത്തിൽ ഒരു ഗാനവുമില്ല. കൊട്ടക നിറഞ്ഞു കഴിഞ്ഞു. കൊട്ടകയ്ക്കു പുറത്തുള്ള മരക്കൊമ്പുകളിലും പ്രേക്ഷകരുണ്ടായിരുന്നു. നാടകം പുരോഗമിക്കുന്തോറും പ്രേക്ഷകരിൽ നിന്നു്, അഭിനന്ദനത്തിന്റെ ചെറിയ സൂചനകൾ പുറപ്പെടുന്നു. അങ്ങനെ ഒരു കുഴപ്പവുമില്ലാതെ, ചിരിക്കേണ്ടിടത്തു ചിരിച്ചും സഹതപിക്കേണ്ടിടത്തു സഹതപിച്ചും പ്രേക്ഷകരിൽനിന്നു നല്ല പ്രതികരണമുണ്ടാവുന്നതിനിടയിൽ മരക്കൊമ്പിലിരിക്കുന്ന പ്രേക്ഷകരിൽ ഒരാൾ കുമാരിയെ ലക്ഷ്യം വെച്ച് ഉറക്കെ വിളിച്ചു പറയുന്നു. ഒരു പാട്ടുപാടാൻ. സംഗതി കുഴഞ്ഞു. എങ്ങനെയോ ആ രംഗം കലാശിപ്പിച്ചു ഗ്രീൻ റൂമിലെത്തിയ കുമാരി കരയുകയായിരുന്നു. അവർക്കു പാടാൻ വശമില്ല. പാടണമെന്ന ആവശ്യത്തിനു മുമ്പിൽ അവർ തളരുകയായിരുന്നു. മാത്രമല്ല, പ്രേക്ഷകന്റെ ഏതാവശ്യവും ബഹളവും സിനിമാക്കാർക്കൊരു പ്രശ്നമല്ലല്ലോ. എന്തു സംഭവിച്ചാലും അവരൊന്നുമറിയില്ല. നാടകാവതരണവേളയിൽ സംഭവിക്കുന്ന ഇത്തരം അപശബ്ദങ്ങൾ കേട്ടു പരിചയവുമില്ല കുമാരിക്കു്. ലക്ഷ്മീദേവിയും മറ്റുള്ളവരും ചേർന്നു് അവരെ പറഞ്ഞാശ്വസിപ്പിച്ചു. കുഴപ്പമൊന്നുമില്ലാതെ നാടകം അവസാനിപ്പിക്കുകയും ചെയ്തു. നാടകോത്സവംകൊണ്ടുണ്ടായ നഷ്ടം പരിഹരിക്കാൻ കന്യാദാനത്തിനു കഴിഞ്ഞോ? അറിഞ്ഞു കൂടാ. അനേഷിച്ചില്ലാ; അതിനുള്ള ധൈര്യമില്ലാത്തതുകൊണ്ടു്.

കേന്ദ്ര കലാസമിതിയുടെ ആരംഭത്തിനു മുമ്പും കോഴിക്കോട്ടു നാടകമുണ്ടായിരുന്നില്ലേ? ഉണ്ടായിരുന്നു. സമിതികളോ? അതും ഉണ്ടായിരുന്നു. നിസ്വാർത്ഥമതികളായ കലാകാരന്മാർ വിയർപ്പൊഴുക്കി വളർത്തിയെടുത്ത സമിതികളാണു് ഇവിടെ നാടകപ്രസ്ഥാനത്തിന്റെ ജീവൻ കെട്ടുപോകാതെ നിലനിർത്തിയതെന്ന കാര്യം നമുക്കു മറന്നുകൂടാ.

ആദികാല നാടക പ്രവർത്തകരിൽ സ്മരിക്കേണ്ട പേരുകളിൽ പ്രമുഖം ആശാൻ കരുണാകരൻ നായരുടേതാണു്. അദ്ദേഹമിന്നില്ല. പക്ഷേ, അദ്ദേഹത്തിന്റെ സംഭാവന വിലമതിക്കുന്നവരുടേയും അദ്ദേഹത്തെ ആദരവോടെ സ്മരിക്കുന്നവരുടേയും ഒരു തലമുറ ഇന്നും ഇവിടെയുണ്ടു്. കരുണാകരൻനായരോടൊപ്പം, വേദികളിൽ പ്രത്യക്ഷപ്പെട്ട അപ്പുനായർ വാദ്ധക്യസഹജമായ അവശതയോടെ ഒതുങ്ങിക്കഴിയുന്നു. ഇ. ആന്റ് എസ്സിലെ ഒരു എളിയ ജീവനക്കാരനായിരുന്ന അപ്പുനായർക്കു് നാടകമെന്നു പറഞ്ഞാൽ രണ്ടാം പ്രാണനായിരുന്നു. അനേകം നാടകങ്ങളിലഭിനയിച്ചിട്ടുണ്ടു്. അതുപോലെ, അപ്പുനായരുടെയും കരുണാകരൻ നായരുടെയും രണ്ടാം തലമുറയാണെങ്കിലും കുട്ടിക്കാലം മുതലേ നാടക കലയുമായി ബന്ധപ്പെട്ട വ്യക്തിയായിരുന്നു നെല്ലിക്കോടു് ഭാസ്കരൻ. ഭാസ്കരനെ ജനമിന്നറിയുന്നതു് സിനിമാതാരമായിട്ടാണെങ്കിലും, നാടകവേദിയായിരുന്നു ഭാസ്കരന്റെ വീടും തറവാടും. ഭാസ്കരന്റെ അകാലവിയോഗം നാടകവേദിക്കാണു് ഭീമമായ നഷ്ടം വരുത്തിവെച്ചതു്. ഇനിയൊന്നുള്ളതു്, തപാൽ വകുപ്പിൽനിന്നു പെൻഷൻപറ്റി കുടുംബത്തു് വിശ്രമ ജീവിതം നയിക്കുന്ന എ. വി. ഭാസ്കരൻനായരാണു്. ഏതു കഥാപാത്രത്തെയും അനായാസമായി അവതരിപ്പിക്കാൻ കഴിയുന്ന ഭാസ്കരൻ നായർ തന്റെ അഭിനയപാടവം മുഴുവനായി പ്രദർശിപ്പിക്കുന്നതു്’ ഹാസ്യകഥാപാത്രങ്ങളിലാണു്. മൂന്നുനാലു ദശകങ്ങളായി, വേദിയിൽ അതുല്യനായ നടനായും, രചനയിൽ മികവുറ്റ നാടകകൃത്തായും ഇന്നും തളരാതെ പ്രവർത്തിക്കുന്ന വാസുപ്രദീപ്, പ്രസ്ഥാനത്തിലെ ഒരു നാഴികക്കല്ലാണു്. ഞ്ചിനീയർ നാരായണൻനായരേയും ശാന്താദേവിയേയും, വേദിയോടും ജീവിതത്തോടും എന്നോ വിടവാങ്ങി പിരിഞ്ഞു പോയ ലീലയേയും ഹാജി അബ്ദുറഹിമാനേയും മാറ്റിനിർത്തി മലയാളനാടകവേദിയെപ്പറ്റി ചിന്തിക്കാനാവുമോ? സ്ത്രീകൾ, നാടകവേദിയിൽ പ്രത്യക്ഷപ്പെടാത്ത കാലത്തു്, ധൈര്യമായി മുന്നോട്ടു വന്നു അഭിനയ കലയിൽ തന്റേതായൊരു വ്യക്തിത്വം പ്രദർശിപ്പിച്ച ശ്രീമതി പ്രിയദത്തയ്ക്കു നാടക വേദിയുടെ ചരിത്രം എഴുതുമ്പോൾ അപ്രധാനമല്ലാത്തൊരു സ്ഥാനം കൊടുക്കാതെ പറ്റുമോ? ശ്രീമതി വിലാസിനി, അവരുടെ സഹോദരി പുഷ്പ, ലീലാ ഒണ്ടേൽ, മറ്റിൽഡ, ഇരിങ്ങൽ നാരായണി—ഇങ്ങന ചിന്തിക്കാൻ തുടങ്ങുമ്പോൾ, എന്റെ മനസ്സ് കാടുകേറുന്നു. പേരുകൾ പിടികിട്ടാത്ത പലരും എന്റെ മുമ്പിലുണ്ടു് പക്ഷേ, എങ്ങനെ എന്തുപറഞ്ഞിവിടെ രേഖപ്പെടുത്തും? ക്ഷമിക്കുക. ക്ഷമിക്കുക

ബ്രദേഴ്സ് മ്യൂസിക്ക് ക്ലബ്ബ്! ശ്രി കെ. ടി. മുഹമ്മദിന്റെ ഔരസ സന്തതി. കെ. ടി. യുടെ മികവുറ്റ സംഭാവനകൾക്കു മുഴുവനും അടിത്തറ പാകിയതു് ഇവിടെയാണു്. ‘ഇതു് ഭൂമി’ ഇവിടെ ജനിച്ചു. കോഴിക്കോടിന്റെ നാടക ചൈതന്യം ഇവിടെ ഈ ക്ലബ്ബിൽ വിടർന്നു വികസിച്ചു. അതിന്റെ സൗരഭ്യം കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ വീശി. തീർന്നില്ല, കേരളത്തിന്റെ അതിർത്തികൾ അതിലംഘിച്ചും വീശി. മലയാള നാടകത്തിന്റെ മാദക, പരിമളം നാടെങ്ങും പരത്തി. അതു പോലെ എം. എസ്സ്. ഡ്രാമാറ്റിക്ക് അസോസിയേഷൻ, അതിന്റെ ജീവനാഡിയായി പ്രവർത്തിച്ച. പി. എൻ. എം. ആലിക്കോയ നടനും ഗായകനും നാടകകൃത്തും. മി. ബി. മുഹമ്മദ്! അദ്ധ്യാപകജീവിതത്തിൽ നിന്നു പെൻഷൻ പറ്റി പിരിഞ്ഞു വിശ്രമ ജീവിതം നയിക്കുന്ന ഒന്നാന്തരമൊരു നടനാണു്. നാടകകൃത്തും, മാഷുടെ മുസ്ലീം സ്ത്രീവേഷം—ഒരിക്കൽ കണ്ടവർ ആയുഷ്കാലത്തതു മറക്കില്ല, അത്രയ്ക്കു മനോഹരമായിരുന്നു. സംഗതി ഇതെല്ലാമാണെങ്കിലും മാഷെ, കോഴിക്കോട്ടുകാർ വിളിക്കുന്നതു കവിയെന്നാണു്. മാറ്റൊരു പേരു വിളിച്ചാൽ അദ്ദേഹം ഇന്നു വിളി കേൾക്കുമോ? സംശയമാണു്. ഇനി സുബാഷ് തിയറ്റേഴ്സ്. പ്രശസ്ത സിനിമാനടനായ ശ്രീ ബാലൻ കെ. നായരുടെ നേതൃത്വത്തിൽ രൂപം കൊണ്ട സംഘടന. ബാലൻ കെ. നായർ സിനിമയിലേക്കു കടന്നപ്പോൾ, സുബാഷ് തിയറ്ററിൽ വെളിച്ചം കെട്ടു. അതു പ്രവർത്തനരഹിതമായി. നാടക പ്രസ്ഥാനത്തിനു കരുത്തേകിയ മറ്റൊരു സംഘടനയാണു് ആഹ്വാൻ ആർട്സ് ക്ലബ്ബ്. അതിന്റെ ചുക്കാൻ പിടിക്കുന്ന മി. സെബാസ്റ്റ്യൻ ഗായകനാണ്; സംഗീത സംവിധായകനാണ്, ഇനിയുമുണ്ടു് സംഘടനകൾ പലതും. ഓർമ്മയ്ക്കു കാലിടറുന്നു. ഇവിടേയും ക്ഷമാപണം.

യുനൈറ്റഡ് ഡ്രാമാറ്റിക് അസോസിയേഷൻ. കൊല്ലം തോറും പുതിയ നാടകമിറക്കുക ഒരു വ്രതമാക്കിയെടുത്ത ഈ സമിതി വളരെയേറെ നടന്മാരെ വളർത്തീട്ടുണ്ടു്. ഏ. കെ. പുതിയങ്ങാടിയെന്ന നാടകകൃത്തു് ഈ സമിതിയുടെ ജീവവായുവായി പ്രവർത്തിക്കുന്നു. പിന്നണി ഗായകനും ഗാനരചയിതാവുമായ കെ. ആർ. ബാലകൃഷ്ണൻ, സിനിമയിലും നാടകത്തിലും ഹാസ്യനടനായി പ്രശംസ പിടിച്ചുപറ്റിയ കുഞ്ഞാവ. അങ്ങനെ ഓർക്കാൻ എത്രയെത്ര പേരുകൾ! ഇവരൊക്കത്തന്നെ കേന്ദ്രകലാസമിതിയുടെ സജീവ പ്രവർത്തകരുമായിരുന്നു.

Colophon

Title: Arangu kāṇātta naṭan (ml: അരങ്ങു കാണാത്ത നടൻ).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Memoir, Thikkodiyan, തിക്കോടിയൻ, അരങ്ങു കാണാത്ത നടൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 11, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Archangel, an oil on canvas painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.