‘കന്യാദാന’ത്തിന്റെ കഥ പറഞ്ഞു. ഇനി പറയാനുള്ളതു കാബൂളിവാലയുടെ കഥയാണു്. കോഴിക്കോടുപട്ടണം ടാഗോർ ജന്മശതാബ്ദിയാഘോഷത്തിന്റെ തിരക്കിലാണു്. പൗരാവലി യോഗംചേർന്നു് ആഘോഷപരിപാടികളുടെ നടത്തിപ്പിൽ ഒരു സമിതിയെ തിരഞ്ഞെടുത്തു. സമിതിയുടെ അധ്യക്ഷൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. എൻ. പിഷാരടി. കൺവീനർ മിസ്സിസ് കേണൽ രാജൻ. ട്രഷറർ ശ്രീ ബാലഗംഗാധര മേനോൻ. അദ്ദേഹം മുനിസിപ്പൽ കമ്മീഷണറായിരുന്നു. വിശ്വഭാരതിയിൽ ഉപരിപഠനം നടത്തി ബിരുദം നേടിയ വ്യക്തിയെന്ന നിലയിലും കമ്മീഷണറെന്ന നിലയിലും സമിതിയിലുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം എല്ലാവരും അന്നു വളരെയേറെ വിലമതിച്ചിരുന്നു. പൗരമുഖ്യരും കലാസാംസ്കാരികരംഗത്തെ പ്രവർത്തകരും മറ്റുമായി സമിതിയിൽ പ്രശസ്തരായ വേറേയും അംഗങ്ങളുണ്ടായിരുന്നു. എല്ലാവരുടെ പേരും ഓർക്കുന്നില്ല.
സമിതിയുടെ ആദ്യത്തെ യോഗം മെഡിക്കൽ കോളേജിൽ പ്രിൻസിപ്പലിന്റെ മുറിയിലാണു ചേർന്നതു്. കെട്ടിടത്തിന്റെ പ്രവൃത്തി മുഴുമിക്കാത്തതുകൊണ്ടു്, കോളേജ് താൽക്കാലികമായി അന്നു പ്രവർത്തിച്ചുപോന്നതു ബീച്ചാശുപത്രിയുടെ രണ്ടു കെട്ടിടങ്ങളിലായിരുന്നു. ആഘോഷ പരിപാടികളുടെ വിശദമായ ചർച്ച ആരംഭിച്ചപ്പോൾ മഹാകവിയുടെ ഒരു നാടകം അവതരിപ്പിക്കണമെന്നു് ആരോ ഒരാൾ അഭിപ്രായപ്പെട്ടു. അപ്പോൾ ഏതു നാടകമാണു വേണ്ടതെന്ന വിഷയത്തെപ്പറ്റി ചൂടുപിടിച്ച ചർച്ച തുടങ്ങി. ചിലരദ്ദേഹത്തിന്റെ നോവൽ നാടകമാക്കണമെന്നഭിപ്രായപ്പെട്ടു. വേറെ ചിലർ ചെറുകഥളിലേതെങ്കിലുമൊന്നു വേണമെന്നു ശഠിച്ചു, അപ്പോൾ പി. സി. യാണു പറഞ്ഞതു് ‘കാബൂളിവാല’ വേണമെന്നു്. എതിരഭിപ്രായമുണ്ടായില്ല. എല്ലാവർക്കും എളുപ്പത്തിൽ യോജിക്കാൻ കഴിഞ്ഞു. അപ്പോൾ പുതിയൊരു പ്രശ്നം തലപൊക്കി. നാടകരചനയുടെ ഉത്തരവാദിത്വം ആരേറ്റെടുക്കും? ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്കു ശേഷം എല്ലാവരും ഒന്നിച്ചു് ഒരേ ശബ്ദത്തിൽ പറഞ്ഞു: ”പി. സി.” നിഷേധിക്കാൻ പി. സി. തുനിഞ്ഞില്ല. അഭിപ്രായം കൊള്ളാമെന്ന മട്ടിൽ ചിരിച്ചു. അടുത്ത നിമിഷത്തിൽ പി. സി. പറയുന്നു:
“ഇവിടെ നാടകരചന ആരു നിവ്വഹിക്കണമെന്നതല്ല പ്രശ്നം. നാടകരചന നടക്കണം. അതു് അവതരിപ്പിക്കാനും കഴിയണം. അതിന്നൊരു വഴിയേ ഉളളു. ചുമതല തിക്കോടിയൻ ഏല്ക്കണം.”
എതിരഭിപ്രായമില്ലാത്തതുകൊണ്ടാവണം, അല്ലെങ്കിൽ എന്നെ, വേണ്ടപോലെ അറിയാത്തതുകൊണ്ടാവണം ആരും ഒന്നും പറഞ്ഞില്ല. എതിരഭിപ്രായമുണ്ടായിട്ടും, വല്ലതും പറയാനെനിക്കു കഴിയും മുമ്പെ പിഷാരടിസ്സാറിന്റെ തീരുമാനം വരുന്നു:
“അഃ തിക്കോടിയൻ എഴുതട്ടെ. നമുക്കു പരിപാടികളൊക്കെ ഭംഗിയാക്കണം.”
ആ വലിയ മനുഷ്യന്റെ മുഖത്തു നോക്കി നിഷേധരൂപത്തിലെന്തെങ്കിലും പറയാൻ എനിക്കു കഴിഞ്ഞില്ല. എന്റെ മൗനം സമ്മതമെന്നു നിശ്ചയിച്ച കൺവീനർ മിനിട്ട്സ് ബുക്കിൽ തീരുമാനം എഴുതിച്ചേർത്തു. യോഗം പിരിഞ്ഞു് എഴുന്നേല്ക്കുമ്പോൾ, ജാലകപ്പഴുതിനപ്പുറം സന്ധ്യ മുഖം കറുപ്പിച്ചു നില്ക്കുന്നുണ്ടായിരുന്നു. അപ്പോൾ ഏതോ വലിയൊരു കാര്യം ഓർമ്മവന്നപോലെ പിഷാരടിസ്സാർ പറയുന്നു:
“ഇവിടത്തെ ‘മോർച്ചറി’ ആരും കണ്ടിട്ടില്ലല്ലോ. വരൂ, ഒന്നു നടന്നു കാണാം.”
അദ്ദേഹം മോർച്ചറിയുടെ താക്കോലിനുവേണ്ടി ആരെയോ തിരക്കുന്നു. ഞാൻ പരമദീനനായി പി. സി. യുടെ മുഖത്തു നോക്കി. ഇരുണ്ടു വരുന്ന സന്ധ്യയ്ക്കു ശവങ്ങളുടെ കലവറ കാണാനുള്ള ആ ക്ഷണം ഏതു തരത്തിലാണു സ്വീകരിക്കേണ്ടതെന്നറിഞ്ഞു കൂടാതെ പി. സി. യും ഒട്ടൊരു തളർച്ചയിലാണെന്നു് അദ്ദേഹത്തിന്റെ മുഖഭാവം സൂചിപ്പിക്കുന്നു. പലരും അത്ര സന്തോഷത്തോടെയല്ല ആ ക്ഷണം സ്വീകരിച്ചതെന്നു മനസ്സിലാക്കാൻ ഏറെ താമസം വേണ്ടിവന്നില്ല. ചിലർക്കു തിരക്കു്. മറ്റു ചിലർക്കു് ഉടനെ ചെന്നെത്തി തീർക്കേണ്ട ജോലികൾ. ഭാഗ്യം. താക്കോൽ സൂക്ഷിപ്പുകാരനെ കാണാനില്ല. അവൻ ദീർഘായുസ്സായിരിക്കട്ടെ.
“എന്നാൽ പിന്നീടൊരിക്കലാവാം.” പിഷാരടിസ്സാർ മനമില്ലാമനസ്സോടെ ഞങ്ങൾക്കു പിരിയാനനുമതി തന്നു. വലിയൊരു വിപത്തിൽനിന്നു രക്ഷപ്പെട്ടപോലെ ഞാൻ ബദ്ധപ്പെട്ടു നടന്നു. കോണിപ്പടവുകളിറങ്ങി നെടുതായൊന്നു നിശ്വസിച്ചപ്പോൾ അല്പമൊരാശ്വാസം കിട്ടി. പക്ഷേ, മനസ്സു പൂർണ്ണമായി തണുത്തില്ല. എന്റെ തോളിൽക്കേറി ഇരിപ്പാണല്ലോ ‘കാബൂളി വാല’, എല്ലാവരും പിരിഞ്ഞു. ഞാനും പി. സി. യും നടന്നു. മൂന്നാം റെയിൽവെഗേറ്റ് കടന്നു ഞങ്ങൾക്കു വേർപിരിയേണ്ട സ്ഥലത്തെത്തിയപ്പോൾ ഞാൻ പറഞ്ഞു:
“ഇതു വേണ്ടായിരുന്നു പി. സി.”
“ഏതു്” ഒന്നുമറിയാത്തപോലെ പി. സി. യുടെ ചോദ്യം.
“എന്നോടിതു വേണ്ടായിരുന്നു.”
“എടോ, തന്നെപ്പോലൊരു മടിയൻ ഈ ഭൂമിയിൽ പിറന്നിട്ടുണ്ടോ? ഇങ്ങനെ വല്ല വെട്ടിലും വീഴ്ത്തിയില്ലെങ്കിൽ താൻ ഒരു ചുക്കും ചെയ്യില്ല.”
വാദപ്രതിവാദത്തിനു സമയമില്ലാത്തതുകൊണ്ടു് ഞാൻ മറുപടി പറഞ്ഞില്ല. കാബൂളിവാല വായിച്ചിട്ടുണ്ടു്. കഥ നല്ലപോലെ അറിയാം. അതിൽനിന്നു് ഒരു നാടകമുണ്ടാക്കിയെടുക്കാൻ കഥയറിഞ്ഞാൽ മതിയോ? മിനിയെന്ന ആമ്പൽപ്പൂ പോലുള്ള പെൺകുഞ്ഞു്; ‘കാബൂളിവാല’യെന്ന അതികായൻ. പർവ്വതതുല്യൻ. ഇവരുടെ ചേർച്ച, സൗഹൃദം, ഇതൊക്കെ പ്രേക്ഷകനെ വിശ്വസിപ്പിക്കുംവണ്ണം വേണമല്ലോ രചന നടത്താൻ. കുറേയൊക്കെ ക്ലേശിച്ചാൽ ഇതൊക്കെ മിതമായ മട്ടിൽ ചെയ്യാൻ കഴിഞ്ഞെന്നുവരും. പക്ഷേ, ശ്രീ ബാലഗംഗാധര മേനോനുണ്ടല്ലോ സമിതിയിൽ. വിശ്വഭാരതിയിൽ ശിക്ഷണം നേടിയ മനുഷ്യൻ. അദ്ദേഹം എന്റെ കൃതി വായിക്കില്ലേ? എന്തു തോന്നുമദ്ദേഹത്തിനു്? ഈ ചിന്തയാണന്നെ വിഷമിപ്പിച്ചതു്. എന്തു വിഷമിപ്പിച്ചാലും എഴുതിയേ പറ്റൂ. തലപ്പത്തിരിക്കുന്നതു പിഷാരടിസ്സാറാണു്. സ്നേഹവാത്സല്യങ്ങൾകൊണ്ടു കീഴടക്കിയ മനുഷ്യൻ. അദ്ദേഹത്തിന്റെ മുന്നിൽ ഗുരുത്വദോഷിയാവാൻ വയ്യ. മടിച്ചു മടിച്ചാണെങ്കിലും സംഗതി ഒരു പരുവത്തിലാക്കി. അടുത്ത സമിതിയോഗത്തിൽ വെച്ചു കാലേ കൂട്ടി - ബാലഗംഗാധര മേനോനെക്കണ്ടു നാടകമേല്പിച്ചു്, അതൊന്നു വായിച്ചുനോക്കാനും അബദ്ധങ്ങൾ ഏറെയുണ്ടെങ്കിൽ നിരസിക്കാനുമുള്ള അവകാശം അദ്ദേഹത്തിൽ സമർപ്പിച്ചു ഞാൻ തടി രക്ഷപ്പെടുത്തി.
എന്തായിരിക്കും മറുപടിയെന്നറിയാൻ താൽപര്യം വളരെയുണ്ടായിരുന്നു. എന്നിട്ടും അതൊന്നും ഭാവിക്കാതെ, അദ്ദേഹത്തെ ചെന്നു കാണാതെ, ഫോൺചെയ്തു വിവരം തിരക്കാതെ ഞാൻ കഴിച്ചുകൂട്ടി. ഒടുവിൽ അദ്ദേഹത്തെ കണ്ടുമുട്ടിയ ദിവസം അദ്ദേഹമിങ്ങട്ടു ചോദിക്കുന്നു:
“എന്നാണു റിഹേഴ്സൽ”
ആശ്വാസമായി. അടുത്ത യോഗം റിഹേഴ്സലിന്റെ ദിവസം നിർണ്ണയിക്കുകയും അഭിനേതാക്കളെ തീരുമാനിക്കുകയും ചെയ്തു. കാബൂളിവാലയായി കുഞ്ഞാണ്ടി വേഷമിടണമെന്ന കാര്യത്തിൽ എല്ലാവർക്കും നിർബ്ബന്ധമായിരുന്നു. അന്നു് ആ കഥാപാത്രത്തെ രംഗത്തവതരിപ്പിക്കാൻ കുഞ്ഞാണ്ടിയല്ലാതെ, രണ്ടാമതൊരു നടന്റെ പേരു പറയാൻ സമിതിയിൽ ആരുമുണ്ടായിരുന്നില്ല. മിനിയുടെ അച്ഛനായി മി. സദാനന്ദനെ തീരുമാനിച്ചു. മി. സദാനന്ദൻ പിയേഴ്സ് ലസ്ലിയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. ദേശപോഷിണി വളർത്തിയെടുത്ത കഴിവുള്ള ഒരു നടനും. ‘മിനി’യുടെ കാര്യത്തിലായിരുന്നു എല്ലാവർക്കും ആശങ്ക. ആ പ്രായത്തിൽ അതുപോലൊരു പെൺകുട്ടിയെ കിട്ടണം. അഭിനയിക്കാനുള്ള സാമർത്ഥ്യവും വേണം. ആരുണ്ടു് എവിടെയുണ്ടു് എന്നായി പിന്നത്തെ ആലോചന. അപ്പോൾ ആരാണു പറഞ്ഞതെന്നോർക്കുന്നില്ല. മി. ബാലഗംഗാധര മേനോന്റെ മകൾ, സുജാത, പ്രായത്തിലും ആകാരത്തിലും, മിനിക്കു ചേരും, സംശയിക്കാനില്ല. എല്ലാവർക്കും അഭിപ്രായം അതാണെങ്കിൽ ശ്രമിക്കാമെന്ന മറുപടി മാത്രമേ മി. മേനോൻ പറഞ്ഞുള്ളു.
റിഹേഴ്സലിന്റെ ആദ്യദിവസം. കാബൂളിവാലയും മിനിയും കണ്ടുമുട്ടുന്നു, അവർ അന്യോന്യം സുഹൃത്തുക്കളാകുന്നു. പ്രായത്തിനനുസരിച്ച വാക്കുകളിലൂടെ അവർ ആശയവിനിമയം നടത്തണമല്ലോ. മിനി മണിമണി പോലെ പറയുന്നു. മി. കുഞ്ഞാണ്ടി മുഴുവനായും സംഭാഷണം പഠിച്ചിട്ടില്ല, അതുകൊണ്ടു് ഉടനടി മിനിക്കു് ഉത്തരം കൊടുക്കാൻ കഴിയുന്നില്ല. മി. കുഞ്ഞാണ്ടി സംശയിച്ചു നില്ക്കുന്നു. അപ്പോൾ മിനി പറഞ്ഞു കൊടുക്കുന്നു. കേട്ടുനില്ക്കുന്നവർ ചിരിക്കുന്നു. ആരും രംഗത്തു സംശയിച്ചുനില്ക്കാൻ പാടില്ല. അങ്ങനെ സംശയിച്ചു നിന്നാൽ ഉടനെ മിനി ആ സംഭാഷണം ഭംഗിയായി പറഞ്ഞു കൊടുക്കും. തുടക്കത്തിൽ മാത്രമല്ല, റിഹേഴ്സൽ നടക്കുന്ന എല്ലാ ദിവസവും ഒരു പ്രോംപ്ടറെപ്പോലെ മിനി പായുന്നതു കേട്ടു് എല്ലാവർക്കും പരിഭ്രമമായി. നാടകം രംഗത്തവതരിപ്പിക്കുന്ന ദിവസവും മിനി പ്രോംപ്ടറുടെ ഭാഗം അഭിനയിച്ചാലുണ്ടാകുന്ന കുഴപ്പമാണു് പരിഭ്രമത്തിനു കാരണം. പക്ഷേ, അതുണ്ടായില്ലെന്നു വെച്ചോളൂ. അതിന്റെ അപകടം വേഗത്തിൽ മനസ്സിലാക്കാൻ മിനിക്കു കഴിഞ്ഞു. ഓ! മിനിയെന്നല്ല പറയേണ്ടതു സുജാതയെന്നാണു്. സുജാതയുടെ ഈ പ്രകടനത്തിനു് അവളെ ഒരിക്കലും കുറ്റപ്പെടുത്താൻ വയ്യ. കാബൂളിവാലയുടെ ‘സ്ക്രിപ്റ്റ്’ മി. ബാലഗംഗാധരമേനോന്റെ കൈവശം കുറച്ചുനാളിരുന്നിട്ടുണ്ടല്ലോ. അച്ഛന്റെ മേശപ്പുറത്തു കിടന്ന സ്ക്രിപ്റ്റ് സുജാത എടുത്തുകൊണ്ടുപോയി വായിക്കുന്നു. രസമുണ്ടു്. വീണ്ടും വീണ്ടും വായിക്കുന്നു. അറിയാതെ വായിച്ചുപോകന്നു. സുജാതയെ കുറ്റപ്പെടുത്താൻ പറ്റുമോ?
നാടകം കഴിഞ്ഞുള്ള ദിവസങ്ങൾ എന്റെ മനസ്സു് വേദനിക്കുകയായിരുന്നു. റിഹേഴ്സൽ ദിവസങ്ങളിൽ ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ അടുത്തു കഴിഞ്ഞവർ പിരിഞ്ഞതിലുള്ള ദുഃഖം ചില്ലറയായിരുന്നില്ല. വല്യമ്മാവനെപ്പോലെ വാത്സല്യനിധിയായ പിഷാരടിസ്സാറുടെ സാന്നിധ്യം ഞങ്ങൾക്കു നല്കിയ മനക്കരുത്തു് അനല്പമായിരുന്നു. ഞങ്ങളുടെ അല്പമായ കഴിവുകൾ, ഊതിയൂതി, തീപ്പൊരിയിൽ നിന്നു് അഗ്നിജ്വാലകൾ വികസിപ്പിച്ചെടുക്കുമ്പോലെ, പ്രോത്സാഹനങ്ങളിലൂടെ അദ്ദേഹം പെരുപ്പിക്കുക തന്നെ ചെയ്തു. ഒരു കലാകാരനെന്നു പറഞ്ഞു കേട്ടാൽ മതി. ഇദ്ദേഹത്തിനു പിന്നെ എന്തൊരു വത്സല്യമാണെന്നോ? എന്തു സഹായം ചെയ്യാനും അദ്ദേഹത്തിനു മടിയില്ല. എല്ലാ കലകളേയും അദ്ദേഹം ആരാധിച്ചു. കഥകളിയെ പ്രത്യേകമായും. ആരും ആ വലിയ മനുഷ്യനെ, കലാസ്നേഹിയെ, നമസ്കരിച്ചു പോകുന്നൊരു സംഭവം.
ഞാൻ ജോലികഴിഞ്ഞു പതിവുപോലെ പട്ടണത്തിലലഞ്ഞു കല്ലായി റോഡിലൂടെ വന്നു കണ്ടംകുളത്തിനടുത്തെത്തിയപ്പോൾ അവിടെയൊരു വീട്ടിൽ വലിയ ആഘോഷം നടക്കുന്നു. അതിഗംഭീരമായ നാഗസ്വരക്കച്ചേരി, ഉച്ചഭാഷിണിയിലൂടെ ഒഴുകുന്നു. തെരുവു വെളിച്ചം കുറവാണു് ഞാൻ പതുക്കെ നടന്നുപോകുമ്പോൾ കുളത്തിനോടു ചേർന്നു പോകുന്ന നിരത്തിന്റെ ഓരത്തു് ഷാരടിസ്സാർ ഇരിക്കുന്നു. രണ്ടാംമുണ്ടു വിരിച്ചു ചമ്രംപടിഞ്ഞിരുന്നു നാഗസ്വരക്കച്ചേരി ആസ്വദിക്കുകയാണു്. അല്പമൊരമ്പരപ്പോടെ നില്ക്കുന്ന എന്നെ കണ്ടപ്പോൾ അദ്ദേഹം വിളിച്ചു:
“വര്വാ, വര്വാ, രസികൻ കച്ചേരിയാ”
ആരുടെയും ക്ഷണം വേണ്ടാ. പുറമ്പോക്കിൽ അല്പമൊരിടം മതി. തന്റെ സ്ഥാനമാനങ്ങളോ പദവിയോ ചിന്തിക്കാതെ, പരിസരം മറന്നു സംഗീതം ആസ്വദിക്കുന്നു. ആ ഇരിപ്പു് ഒരിക്കലും മറക്കാൻ കഴിയില്ല; ആ മഹത്ത്വവും!
അക്കാലത്തൊരു ദിവസം പത്തരക്കു വിയർത്തു കുളിച്ചു് അദ്ദേഹം ആകാശവാണിയിൽ കയറി വരുന്നു. സന്ദർശകമുറിയിൽ ഇരുന്നതും, ആ വഴി നടന്നുപോകുന്ന എന്നെ കണ്ടതും ഒരുമിച്ചാണു്. വിളിച്ചു. ഞാൻ അടുത്തുചെന്നു് ആദരവോടെ നിന്നു. മുഖത്തു തെളിച്ചമില്ല. അല്പം ശുണ്ഠിയുള്ളപോലെ തോന്നി, തോന്നലല്ല, ശുണ്ഠിതന്നെ.
“എന്താ ഈ കാണിച്ചതു്? ഏ? കഷ്ടായി. അവർക്കു വിവാഹം കഴിച്ചാലെന്താ? എന്താ കുഴപ്പം?”
അദ്ദേഹത്തിന്റെ ശുണ്ഠിയും വിഷവും കണ്ടു. ഞാനാകെ തളർന്നു. അറിഞ്ഞു കൊണ്ടു് ഞാനൊരപരാധവും ചെയ്തിട്ടില്ല. കുറേ ചോദ്യങ്ങൾക്കു ശേഷം ഒരപരാധിയെപ്പോലെ നില്ക്കുന്ന എന്നെ നോക്കി സംഗതികളദ്ദേഹം വിശദീകരിച്ചു.
സംഗതി അത്ര ഗൗരവമല്ല. കലാമണ്ഡലത്തിൽ ഒരു പരിപാടിയിൽ സംബന്ധിച്ചു് തിരിച്ചുവരികയാണദ്ദേഹം. തലേദിവസം രാത്രി അദ്ദേഹം അവിടെ പ്രസംഗിച്ചു. പ്രസംഗം കഴിഞ്ഞു് കലാപരിപാടികൾ മുഴുവനും കണ്ടു. പരിപാടികളുടെ കൂട്ടത്തിൽ എന്റെ ഒരു നാടകവുമുണ്ടായിരുന്നു—കന്യാദാനം. ആ നാടകത്തിൽ അനുരാഗികളായ രണ്ടു പേരെ, കൂടിച്ചേരാനും വിവാഹിതരാവാനും ഞാനനുവദിച്ചിട്ടില്ല. അദ്ദേഹത്തെ വേദനിപ്പിച്ചതതാണു്. ആ കലാഹൃദത്തിന്റെ നൈർമ്മല്യത്തിനുമുമ്പിൽ ആദരവിന്റെ പിച്ചിപ്പൂക്കളർപ്പിച്ചുകൊണ്ടു് ഞാനാശ്വസിക്കട്ടെ.