‘കാബൂളിവാല’ പർവ്വതരൂപിയായ പത്താൻകാരൻ. ആ പർവ്വതത്തിലെവിടെയോ ഒരു കുളിർനീരുറവ: സ്നേഹം; കത്തിജ്ജ്വലിക്കുന്ന കണ്ണുകളിലെവിടെയോ, നേരിയ സ്ഫുരണം; വാത്സല്യം. ‘മിനി’മോളതു കണ്ടെത്തുന്നു. അവർക്കിടയിലെ ബാഹ്യമായ വൈരുദ്ധ്യങ്ങളത്രയും അവിടെവച്ചു് ആ നിമിഷത്തിൽ അസ്തമിക്കുന്നു. മതത്തിന്റെയും ജാതിയുടെയും മതിൽക്കെട്ടുകൾ തകർന്നു. ആചാരത്തിന്റെ, വിശ്വാസത്തിന്റെ, ദേശത്തിന്റെ, അതിരുകൾ മായുന്നു. നിറയെ മുള്ളുള്ളൊരു കള്ളിച്ചെടിയിൽ വിടരുന്ന പൂവിന്റെ പരിമളം മണത്തറിഞ്ഞു്, വർണ്ണഭംഗി കണ്ടറിഞ്ഞു്, പറന്നണയുന്ന ഒരു ചിത്രശലഭത്തെപ്പോലെ മിനി ആ പത്താൻകാരന്റെ മടിയിൽ കയറിയിരിക്കുന്നു; അവർ ഉറ്റ ചങ്ങാതിമാരാവുന്നു. കാബൂളിവാലയും മിനിയും ഒത്തുചേരുമ്പോൾ, മതിമറന്നു കളിക്കുകയും ചിരിക്കുകയും ചെയ്യുമ്പോൾ, പ്രേക്ഷകർക്കു കൗതുകം. സുഖകരമായ ഒരു അനുഭവം അവരെ പൊതിയുന്നു. കാണാൻ കൊതിച്ചതെന്തോ കണ്ടതുപോലുള്ള ചാരിതാർത്ഥ്യത്തിലവർ മുഴുകുന്നു.
കാബൂളിവാലയുടെ വേഷമിട്ടു അരങ്ങിൽ വന്ന കുഞ്ഞാണ്ടിയുടെ കണ്ണുകളിൽ സ്നേഹത്തിന്റെ സ്ഫുരണമുണ്ടായിരുന്നു. കിഴക്കൻ കാടുകൾക്കു പിറകിൽ വിരിയുന്ന ആദ്യകിരണത്തിന്റെ പ്രകാശം പോലെ കറുത്ത താടിരോമങ്ങൾക്കിടയിൽ തെളിയുന്ന ചിരിയിൽ വാത്സല്യത്തിന്റെ തിളക്കമുണ്ടായിരുന്നു. മിനിമോളായി വന്ന സുജാത സമർത്ഥമായി അതു കണ്ടെത്തുന്നു. അവർ തമ്മിലുള്ള ചേർച്ചയും അകൽച്ചയും കണ്ടു പിഷാരടിസ്സാർ പലവട്ടം കണ്ണീരൊപ്പുന്നതു ഞാൻ കണ്ടിട്ടുണ്ടു്.
അതിദുസ്സഹമായ ഏകാന്തതയുടെ മണലാരണ്യത്തിൽപ്പെട്ടു വലയുന്ന നിമിഷങ്ങളിൽ ഒരു നീരരുവിപോലെ, പാദസരങ്ങൾ കിലുക്കിക്കൊണ്ടു് ‘മിനിമോൾ’ ഇന്നും എന്റെ അകത്തളത്തിൽ കയറിവരുന്നു. അപ്പോൾ കാലം പിറകോട്ടു പറക്കുന്നു. ഒപ്പം ചില ദശകങ്ങളും! മിനിമോളായി ആസ്വാദകരുടെ സ്നേഹവാത്സല്യങ്ങളും അഭിനന്ദനങ്ങളും ഏറ്റുവാങ്ങിയ സുജാതയുടെ പിറകെ ഇന്നു് ആരെല്ലാമാണു് വരുന്നതു്? ലോട്ടസ് സർക്കിളിലെ വിമല, പങ്കജലക്ഷ്മി, തങ്കം, രാജം, ഗിരിജ, പ്രേമലത… വരൂ, വരൂ. സ്ഥലമുള്ളേടത്തൊക്കെ ഇരിക്കൂ. എന്തുണ്ടു വിശേഷം? സുഖമല്ലേ? സന്തോഷമല്ലേ? പറയൂ. ഞാൻ നിങ്ങളെ എങ്ങനെയാണു സല്ക്കരിക്കേണ്ടത്? നിങ്ങൾ സന്തോഷത്തിന്റെ, സൗഭാഗ്യത്തിന്റെ നെയ് വിളക്കു കാളുത്തി, ഭാഗ്യലക്ഷ്മി വിളയാടുന്ന ഏതേതു കുടുംബത്തിലാണു് പ്രകാശം പരത്തുന്നതെന്നു് എനിക്കറിഞ്ഞുകൂടാ. ഇവിടെ എല്ലാവർക്കും സുഖം തന്നെ. വിശേഷിച്ചു് കുഞ്ഞാണ്ടിയേട്ടനു്. അദ്ദേഹത്തിനു് ഇന്നും അരങ്ങു് ഒരു ലഹരിയാണു്. അഭിനയജീവിതത്തിന്റെ പടവുകൾ പലതും പിന്നിട്ടു് ഉന്നതങ്ങളിലെത്തീട്ടും തളർന്നിട്ടില്ല. തളരാതിരിക്കട്ടെ. നമുക്കു പ്രാർത്ഥിക്കാം. നിങ്ങളിന്നും ആകാശവാണിയിലെ ’ബാലേട്ട’നായി എന്നെ കാണുന്നുണ്ടോ? സന്തോഷം. എന്റെ കണ്ണു് നനയുന്നതെന്തുകൊണ്ടെന്നോ? ചോദിക്കൂ. ഈ വിമലയോടു ചോദിക്കൂ. ‘മഴവില്ലിന്റെ’ വിമലയോടു്. വിമലേ, വിമലേ… ഓ, പോയോ? നൂറ്റാണ്ടുകളെ പിടിച്ചു് നിമിഷത്തിന്റെ അളുക്കിലൊതുക്കുന്ന മനസ്സല്ലേ? വേഗം വേഗം പലരും വരും, പോകും. സാരമില്ല.
ഇന്നാദ്യമായി കയറിവന്നതു് പിഷാരടിസ്സാറായിരുന്നു. കാരണമുണ്ടു്. ഞങ്ങൾ കോഴിക്കോട്ടുകാർക്കു് ഒരിക്കലും അദ്ദേഹത്തെ മറക്കാൻ പറ്റില്ല. കരയും കുറിയുമില്ലാത്ത ഒരു വെള്ളമുണ്ടും മുറിക്കൈയൻ കുപ്പായവും തോളിലൊരു തോർത്തുമായി ഇതിലെ കടന്നുപോയ പിഷാരടിസ്സാറിന്റെ കാല്പാടുകൾ കോഴിക്കോടിന്റെ മണ്ണിൽ ഇന്നും മായാതെ കിടപ്പുണ്ടു്. ആറ്റുനോറ്റു്, അകം നിറയെ കൊതിയുമായി ഒരു മെഡിക്കൽ കോളെജിനുവേണ്ടി കാത്തിരുന്ന മലബാറുകാരുടെ അഭീഷ്ട സിദ്ധിക്കു് അന്നു കൈമെയ് മറന്നു പ്രയത്നിച്ചതു് ആരോഗ്യ മന്ത്രി ശ്രീ എ. ആർ. മേനോനും ആദ്യത്തെ പ്രിൻസിപ്പലായി വന്ന ശ്രീ കെ. എൻ. പിഷാരടിയുമായിരുന്നു. അവരുടെ ആത്മാർത്ഥമായ പ്രവർത്തനമില്ലാതിരുന്നെങ്കിൽ മെഡിക്കൽ കോളെജ് ഇന്നും പ്രമേയങ്ങളിലും പ്രസ്താവനകളിലും ചുരുണ്ടുകൂടിക്കിടക്കുമായിരുന്നു. മലബാറിനൊരു മെഡിക്കൽ കോളെജ് എത്ര മാത്രം ആവശ്യമായിരുന്നെന്നു മനസ്സിലാവണമെങ്കിൽ പഴയ ചരിത്രപുസ്തകത്തിന്റെ ഏടുകൾ മറിച്ചുനോക്കുക തന്നെ വേണം.
ഇന്നത്തെ ആന്ധ്രപ്രദേശടക്കമുള്ള ഒരു വലിയ പ്രവിശ്യയുടെ വാലെന്നപോലെ കിടന്ന പ്രദേശമായിരുന്നു മലബാർ. തലസ്ഥാനമങ്ങു് മദിരാശിയിൽ. അവിടെയിരുന്നു് ഭരണം നടത്തുന്നതാണെങ്കിൽ സായ്പും. നിർലോഭമായി അന്നു മലബാറിന്നു് അനുവദിച്ചു കിട്ടിയത് ‘പിന്നാക്കാവസ്ഥ’യായിരുന്നു. കൃത്യമായി, കണിശമായി എന്തെങ്കിലുമന്നു നടന്നിട്ടുണ്ടെങ്കിൽ, നികുതിപിരിവുമാത്രം. അതു് ഒരിക്കലും മുടങ്ങിയിട്ടില്ല. മുടങ്ങുന്നേടത്തു് ജപ്തിയും വാറണ്ടും പറന്നെത്തും. കോടതിയും നിയമവുമൊക്കെ നികുതിയിലാണു കണ്ണുനട്ടിരുന്നതു്. ഖജനാവു് നിറയണമെങ്കിൽ നികുതി പിരിയണമല്ലോ. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, പൊതുമരാമത്തു് തുടങ്ങിയ എല്ലാ മേഖലകളിലും മലബാർ പിന്നാക്കം തന്നെ. കൂട്ടത്തിൽ ഏറെ ശോഷിച്ചു, ഗ്രഹണി പിടിച്ച കുഞ്ഞിനെപ്പോലെ വയറുന്തി, വിളർത്തു്, വികലരൂപിയായി നിന്നതു് ആരോഗ്യവകുപ്പായിരുന്നു.
മലബാറിനാകെക്കൂടി എടുത്തുപറയാവുന്ന ഒരു സ്ഥാപനമുണ്ടായിരുന്നതു് തലസ്ഥാന നഗരമായ കോഴിക്കോട്ടുള്ള ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റലായിരുന്നു. വളരെ പരിമിതമായ സൗകര്യങ്ങളേ അവിടെ ഉണ്ടായിരുന്നുള്ളു. അവിടെ മേധാവിയായി വാഴുന്നതു് എന്നും ഒരു സായ്പാണു്. അദ്ദേഹത്തെ ജനം ‘അപ്പോത്തിക്കിരി’ എന്നു വിളിച്ചുപോന്നു. അപ്പോത്തിക്കിരിമാരിൽ പ്രബലരായ പലരും അന്നവിടെ വാണിട്ടുണ്ടു്. മേജർ കോക്സ്; ഷെപ്പേർഡ് തുടങ്ങിയവരുടെ പേരുകൾ സ്മരിക്കത്തക്കതാണു്.
ഗ്രാമങ്ങളിലെ സംഗതിയാണു വിചിത്രം. അവിടങ്ങളിലന്നു് നിലവിലുണ്ടായിരുന്ന സമ്പ്രദായം വിവരിച്ചുകേട്ടാൽ ഇന്നാരും വിശ്വസിക്കില്ല. അപൂർവ്വമായി ചിലയിടങ്ങളിൽ ‘ലോക്കൽ ഫണ്ട് സിസ്പെൻസറി’യെന്ന പേരിൽ ചില സ്ഥാപനങ്ങൾ കാണാൻ കഴിയുമായിരുന്നു. അവ ഡിസ്ട്രിക്ട് ബോർഡോ താലൂക്കു് ബോർഡുകളോ നടത്തുന്നവയായിരിക്കും. ഏതെങ്കിലുമൊരു ചെറിയ വാടകക്കെട്ടിടത്തിന്റെ മുമ്പിൽ തൂങ്ങുന്ന ബോർഡിനു കീഴിൽ, ചുമച്ചും കിതച്ചും കൂനിക്കൂടിയിരിക്കുന്ന, കുറച്ചു പേരെ കണ്ടാൽ തീരുമാനിക്കാം, അതൊരു ലോക്കൽ ഫണ്ട് ഡിസ്പെൻസറിയാണന്നു്. ഒരു കമ്പോണ്ടറും ഡോക്ടറും അവിടെ ഉണ്ടായിരിക്കണം. മിക്കപ്പോഴും കമ്പോണ്ടൻ മാത്രം കണ്ടെന്നുവരും. അദ്ദേഹത്തിനു വലിയ ജോലിയൊന്നുമില്ല. ഇടയ്ക്കിടയ്ക്ക് ഉറക്കം തൂങ്ങുകയും തുങ്ങിത്തൂങ്ങി നിലത്തു വീഴുമെന്നാകുമ്പോൾ ഭിത്തിയിൽ ചാരി ഉറങ്ങുകയും ചെയ്യുന്നതാണു് കമ്പോണ്ടറുടെ പ്രധാന ജോലി. രാവിലെയും വൈകീട്ടും ഡോക്ടറുടെ സാന്നിദ്ധ്യമുണ്ടാകും. ഈ രോഗികളെ പരിശോധിക്കുകയല്ലാതെ ഔഷധം കൊടുക്കുകയെന്ന കർമ്മം നടക്കാറില്ല. ഡോക്ടറുടെ കുറ്റം കൊണ്ടല്ല; മരുന്നില്ലാത്തതുകൊണ്ടു്. ഡിസ്ട്രിക്ട് ബോർഡിൽ നിന്നും 250 രൂപയ്ക്കുള്ള മരുന്നു ഡോക്ടറെ ഏല്പിക്കുന്നു. ഒരു മാസത്തേക്കുള്ള മരുന്നാണു്. മുഴവനും സൗജന്യമായി രോഗികൾക്കു കൊടുക്കാനുള്ളതല്ല. കുറച്ചു ധർമ്മ ചികിത്സയ്ക്കായുപയോഗിക്കാം. ബാക്കിയുള്ളതു വിറ്റു കിട്ടുന്നതുകൊണ്ട് ഡോക്ടറുടെ ശമ്പളമെടുക്കണം, കമ്പോണ്ടർക്കു ശമ്പളം കൊടുക്കണം. പിന്നെ കെട്ടിടത്തിന്റെ വാടകയ്ക്കും വക കാണണം. അതാണു വ്യവസ്ഥ. ഈ വ്യവസ്ഥയിൽ പാവപ്പെട്ട ഗ്രാമീണരുടെ ചികിത്സാ സൗകര്യം ഒതുങ്ങി നില്ക്കണം. ബഹുമാനപ്പെട്ട ഭരണവകുപ്പു് സൃഷ്ടിച്ചുവെച്ച ഈ വ്യവസ്ഥ രോഗങ്ങളുണ്ടോ അറിയുന്നു? അറിഞ്ഞാൽത്തന്നെ വ്യവസ്ഥയിലൊതുങ്ങിക്കൂടാനുള്ള നിയമബോധം രോഗങ്ങൾക്കുണ്ടോ? ലോക്കൽ ഫണ്ടു് ഡിസ്പെൻസറിയുടെ ബോർഡ് കണ്ടു ഭയപ്പെടാതെ രോഗങ്ങൾ വളരുന്നു; പടരുന്നു; പ്രചരിക്കുന്നു; പാവപ്പെട്ട ഗ്രാമീണരുടെ. ജീവനപഹരിക്കുന്നു.
ഈ കാലഘട്ടത്തിൽ കോഴിക്കോട്ടും പരിസരപ്രദേശങ്ങളിലുമുള്ള ജനങ്ങൾക്കു് ആശ്വാസത്തിന്റെ തണലേകിയ മൂന്നു പ്രസിദ്ധരായ ഡോക്ടർമാർ നഗരത്തിലുണ്ടായിരുന്നു—ഡോക്ടർ ബാലകൃഷ്ണൻനായർ, ഡോക്ടർ വി. ഐ. രാമൻ, ഡോക്ടർ നാരായണസ്വാമി. ഇവരുടെ പടിക്കൽ എന്നും രോഗികളുടെ നീണ്ട നിര കാണാം. ആർക്കും നിരാശയ്ക്കവകാശമില്ല; പരാതിയുമില്ല. രോഗികളെ പരിശോധിക്കുന്നതിനുള്ള പ്രതിഫലം ഇരുപത്തിയഞ്ചു രൂപയെന്നോ, അമ്പതു രൂപയെന്നോ എഴുതിവെച്ച ബോർഡുകൾ ഇവരുടെ പരിശോധന സ്ഥലത്തു കാണില്ല. ശിപാർശിക്കാരേയും കൂട്ടി പോലീസ് സ്റ്റേഷനിലെന്ന പോലെ ഇവരുടെ മുമ്പിലാർക്കും ചെല്ലേണ്ടിവന്നിട്ടില്ല. അവയവങ്ങൾ ഭാഗം വെച്ചു് ഡോക്ടർമാരെ ഏല്പിച്ചു് ഓരോന്നിനും വെവ്വേറെ ചികിത്സ നടത്തുന്ന സമ്പ്രദായം നിലവിൽവരാത്ത കാലമായതുകൊണ്ടു് ഈ മൂന്നു പേരിലാരെയെങ്കിലും കണ്ടാൽ രോഗിക്കു മനസ്സമാധാനത്തോടെ അന്നു തിരിച്ചുപോകാം; രോഗമെന്തായാലും ചികിത്സയുണ്ടു്.
ഒരിക്കൽ ഡോക്ടർ നാരായണസ്വാമി എന്നോടൊരു കഥ പറയുകയുണ്ടായി. ഈ കഥയിൽനിന്നു മനസ്സിലാക്കാം അവരുടെ സേവനത്തിന്റെ മഹത്ത്വം. എന്റെ മകൾക്കു് അല്പമൊരസുഖം. ഞാൻ ഡോക്ടർ നാരായണസ്വാമിയെ ഫോൺ ചെയ്തു. അത്രയേ വേണ്ടൂ, ഉടനെ തന്റെ കാറെടുത്തദ്ദേഹം പുറപ്പെടും. റോഡിൽ കാത്തു നിന്നാൽ മതി; അതും പരിചയമില്ലാത്ത വഴിയാണെങ്കിൽ മാത്രം. ഉടനെ വരാമെന്നദ്ദേഹത്തിന്റെ മറുപടി കിട്ടി. ഞാൻ റോഡിൽ അദ്ദേഹത്തെയും കാത്തു നിന്നു. അദ്ദേഹം വന്നു. ഞങ്ങൾ മുമ്പിലും പിമ്പിലുമായി നടന്നു. ഇടവഴിയിലൂടെ കുറച്ചു നടക്കാനുണ്ടു്. നടന്നു പോകുമ്പോൾ പെട്ടന്നദ്ദേഹം തിരിഞ്ഞു തടിച്ച കണ്ണടച്ചില്ലിലൂടെ എന്നെ നോക്കി അല്പനിമിഷം മിണ്ടാതെ നിന്നു. പിന്നെ സാവകാശത്തിലദ്ദേഹം പറയുന്നു:
“തിക്കോടിയൻ, നിങ്ങളൊക്കെ ആകാശവാണിയിൽ ജോലി ചെയ്യുന്നു. അവിടെ എന്നും പാട്ടു കച്ചേരി, കഥകളി, നാടകം. പരമ സുഖം. എന്നാൽ എന്നെപ്പറ്റി നിങ്ങളാലോചിച്ചിട്ടുണ്ടോ? ഇന്നോളം ഒരു പാട്ടുകച്ചേരി കേൾക്കാൻ എനിക്കു സൗകര്യമുണ്ടായിട്ടില്ല. എല്ലാവരെയും പോലെ സ്വസ്ഥമായിരുന്നു് ഉണ്ണാനെനിക്കു കഴിയാറില്ല. ഉണ്ണാൻ തുടങ്ങുമ്പോഴേക്കും ഏതെങ്കിലുമൊരു രോഗി വരും. ഇല്ലെങ്കിൽ ആരെങ്കിലും ഫോൺ ചെയ്യും. രോഗികളല്ലേ വരുന്നതു്. ഞാൻ ഊണു കഴിക്കുന്നു; പാട്ടു കച്ചേരി കേൾക്കുന്നു; അല്ലെങ്കിൽ നാടകം കാണുന്നു എന്നു പറയാൻ പറ്റുമോ? എന്റെ തൊഴിൽ രോഗികളെ ശുശ്രൂഷിക്കലല്ലേ? അവർ വരുന്നു; നേരം പുലരുംമുമ്പേ വരുന്നു. പാതിരാവു കഴിയുവോളം വരുന്നു. എനിക്കവരെ മടക്കിയയയ്ക്കാൻ പറ്റുമോ? ഇതാ ഇങ്ങനെ കഴിയുന്നു. നടക്കട്ടെ, നടക്കട്ടെ.”
ഞാനാലോചിച്ചു. എന്തൊരു ജീവിതം! ആരെങ്കിലും ഈ സേവനം മനസ്സിലാക്കുന്നുണ്ടോ? ഡോക്ടർ ബാലകൃഷ്ണൻ നായർ ഒരിക്കലൊരു സംഭവം വിവരിച്ചുകേട്ടു് ഞാനത്ഭുതപ്പെട്ടിട്ടുണ്ടു്. ഒരു തെരഞ്ഞെടുപ്പുകാലം. ശ്രീ ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാടു് കോഴിക്കോട്ടു സ്ഥാനാർത്ഥിയാണു്. ശ്രീ സി. അച്യുതമേനോനും ഇ. എം. എസ്സും പ്രചാരവേലയ്ക്കു കോഴിക്കോട്ടെത്തുന്നു. രണ്ടുപേർക്കും അന്നു സ്വതന്ത്രരായി പുറത്തിറങ്ങി നടക്കാൻ പാടില്ല. നടന്നാൽ അകത്താകും. തെരഞ്ഞെടുപ്പു പ്രചാരവേല മുഴുവനും ഒളിവിൽ നടത്തണം.
ഒരു ദിവസം, രാത്രി ഏതാണ്ട് രണ്ടരമണിക്കു് ഡോക്ടറുടെ വാതിലിൽ ആരോ ശക്തിയായി മുട്ടുന്നു. പകലത്തെ നിരന്തരമായ അദ്ധ്വാനംകൊണ്ടു ക്ഷീണിച്ചു് ഒരിടത്തു കിടന്നതാണു്. വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട ഡോക്ടർക്കു ഭയങ്കരമായ ശുണ്ഠിവന്നു. വാതിൽ തുറന്നതും അകത്തു കയറിയവരോടു് അദ്ദേഹം തട്ടിക്കേറി, ആരാണെന്നറിയാതെ. ഉടനെ അവർ സ്വയം പരിചയപ്പെടുത്തി. നിരത്തിലൂടെ നടന്നുവരുമ്പോൾ ഒരു വാഹനത്തിന്റെ വെളിച്ചം കണ്ടു പോലീസാവുമെന്നു കരുതി കേറിയതാണെന്നോ മറ്റോ പറഞ്ഞെന്നാണു് എന്റെ ഓർമ്മ. ഉടനെ കമ്പോണ്ടറെ വിളിച്ചു് ഒരു മുറി തുറന്നുകൊടുക്കാൻ ഏല്പിച്ചു. ഡോക്ടർ ചെന്നു കിടന്നു. കഥ ഇവിടംവരെയായപ്പോൾ ഡോക്ടർ ഒന്നു ചിരിച്ചു.
“ഞാൻ അവിവേകമൊന്നും പറഞ്ഞു കാണില്ല. ക്ഷീണവും ഉറക്കപ്പിച്ചും നല്ലപോലെയുണ്ടായിരുന്നു. കാലം ഏറെ കഴിഞ്ഞു. സംഗതികളൊക്കെ മറന്നു. ചില തെരഞ്ഞെടുപ്പുകളും കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നു. ഇ. എം. എസ്സിനു കോഴിക്കോട്ടു പൗരസ്വീകരണം. ഏതു സ്വീകരണമായാലും എനിക്കുണ്ടോ പോകാൻ നേരം. അന്നു സ്വീകരണമെല്ലാം കഴിഞ്ഞു് കണ്ണൂർക്കു പോകുന്ന ഇ. എം. എസ്. കരുണാകര ഫാർമസിക്കു മുമ്പിലെത്തിയപ്പോൾ കാറു നിർത്തി കയറിവരുന്നു. എന്നെ അന്വേഷിക്കുന്നു. കാണുന്നു. ഞാനാണു് ഇ. എം. എസ്. എന്നു പറഞ്ഞു പരിചയപ്പെടുത്തുന്നു. അപ്പോൾ അന്നു രാത്രിയിലെ മുഴുവൻ സംഭവങ്ങളും ഞാനോർത്തു. ഒരു വലിയ മനുഷ്യൻ അല്ലേ?”
ഡോക്ടർ ബാലകൃഷ്ണൻനായർ ഉണരുന്നതും ഉറങ്ങുന്നതും രോഗികളെ കണ്ടുകൊണ്ടാണു്. മലബാറിന്റെ ഏതു ഭാഗത്തുനിന്നു തേടി വന്നാലും അദ്ദേഹം പോകും. കോഴിക്കോട്ടുള്ള തന്റെ രോഗികളെ നിത്യവും അദ്ദേഹം വീട്ടിൽ ചെന്നു കാണും. സുഖവിവരം അന്വേഷിക്കും. രോഗികളിൽനിന്നു് എന്താണു പ്രതിഫലം കിട്ടുന്നതെന്നു് അദ്ദേഹത്തിനും മറ്റു രണ്ടു ഡോക്ടർമാർക്കും അറിയില്ലായിരുന്നു. ആരും നോക്കാറില്ല. ഡോക്ടർ വി. ഐ. രാമൻ ചില കാര്യങ്ങളിൽ വ്യത്യസ്തനായിരുന്നു. ചിട്ടയിലും പെരുമാറ്റത്തിലും വേഷത്തിലുമെല്ലാം അദ്ദേഹം തികച്ചും പടിഞ്ഞാറൻരീതി അനുകരിച്ചിരുന്നു. വിദേശബിരുദം നേടിയ അദ്ദേഹവും ഗ്രാമഗ്രാമാന്തരങ്ങളിൽ ചെന്നു രോഗികളെ പരിശോധിക്കാൻ മടികാണിച്ചിരുന്നില്ല.
ഒരിക്കൽ എന്റെ ഗ്രാമത്തിലും അദ്ദേഹം വരികയുണ്ടായി. അന്നാണു് ഞാനദ്ദേഹത്തെ കണ്ടത്. എന്റെ അമ്മാമൻ പനിപിടിച്ചു കിടപ്പിലായി. അത്യാസന്നനില വരുമ്പോൾ കോഴിക്കോട്ടുനിന്നു ഡോക്ടറെ വരുത്തുകയാണു് പതിവ്. നിരത്തിറങ്ങി, പാടവും തോടും കടന്നു് ഏതാണ്ട് ഒരു കിലോമീറ്ററോളം നടക്കണം. ഡോക്ടർ വി. ഐ. രാമൻ വീട്ടുവരാന്തയിൽ കയറുന്നതു കണ്ടു വിസ്മയിക്കുകയായിരുന്നു ഞാൻ. അദ്ദേഹത്തെപ്പോലൊരാൾ പാടവും തോടും കടന്നു നടന്നു വന്നതോർത്തപ്പോൾ….
ആകാശവാണിയുടെ അയലത്തായിരുന്നു അന്നു മെഡിക്കൽ കോളെജ്. പിഷാരടിസ്സാറിനു പുറമെ ഡോക്ടർ കെ. പി. ജി. മേനോൻ, ഡോക്ടർ ഗോവിന്ദൻ, ഡോക്ടർ സി. കെ. രാമചന്ദ്രൻ, ഡോക്ടർ ജി. കെ. വാരിയർ തുടങ്ങിയ പ്രസിദ്ധരായ പലരും അന്നവിടെയുണ്ടായിരുന്നു. അക്കാലത്തു് ശ്രീ എൻ. വി. കൃഷ്ണവാരിയരുടെ ജേഷ്ഠൻ രോഗബാധിതനായി അവിടെ വരികയുണ്ടായി. ആപ്പീസിൽ വരുമ്പോഴും. പോകുമ്പോഴും ഞാൻ അദ്ദേഹത്തെ ചെന്നു കാണും.
ഒരു ദിവസം രാവിലെ കൃഷ്ണവാരിയരും ഞാനും രോഗിയുടെ സമീപത്തു നില്ക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ ഡോക്ടർ പ്രസരിപ്പോടെ നടന്നുവരുന്നു. വന്നു രോഗിയെ പരിശോധിക്കുന്നു. പരിശോധന കഴിഞ്ഞപ്പോൾ കൃഷ്ണവാരിയർ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നു—ഡോക്ടർ സി. ബി. സി. വാരിയർ.
പില്ക്കാലത്തു പലപല രോഗികളുടെ കാര്യത്തിൽ എനിക്കദ്ദേഹത്തെ സമീപിക്കേണ്ടിവന്നിട്ടുണ്ടു്. കറുത്ത മുഖം കാട്ടാതെ, ഏതു കാര്യവും ശ്രദ്ധിച്ചു കേട്ടു്, എത്ര ബുദ്ധിമുട്ടുണ്ടായാലും സഹായിക്കാൻ എപ്പോഴുമദ്ദേഹം സന്നദ്ധനാണു്,
കോഴിക്കോട്ടെ അറിയപ്പെടുന്ന നാടകനടിയായിരുന്നു ലീല. ചുടുകാടിനടുത്തുള്ള ചതുപ്പു പ്രദേശത്തൊരു വീട്ടിലാണു താമസം. ലീല രോഗബാധിതയായി കിടക്കുന്ന വിവരമറിയുന്നതു വളരെയേറെ താമസിച്ചാണു്. രോഗം മൂർച്ഛിച്ചിരുന്നു. ആരെയാണു കാണിക്കേണ്ടതു്? ആരോടാണു പറയേണ്ടതു്? മെഡിക്കൽ കോളേജിലുള്ള വല്ലവരോടും പറയാമെന്നു വെച്ചാൽ, ചളിയും വെള്ളവും കെട്ടിക്കിടക്കുന്ന ചതുപ്പു നിലത്തൂടെ നടന്നു ലീലയുടെ വീട്ടിൽ വരാൻ ആരെങ്കിലും തയ്യാറാവുമോ? ആലോചിച്ചാലോചിച്ചു് ഒടുവിൽ ഞങ്ങൾ ഡോക്ടർ സി. ബി. സി. യെ സമീപിച്ചു. ഒരു പ്രാവശ്യം കണ്ടു പരിചയമേ ഉള്ളു, എന്തു പറയുമെന്നറിഞ്ഞു കൂടാ. എങ്കിലും, ധൈര്യമവലംബിച്ചു വിവരം പറഞ്ഞു. വളരെ സന്തോഷത്തോടുകൂടി അദ്ദേഹം പുറപ്പെട്ടു. ലീലയെ പരിശോധിച്ചു. രോഗം മാരകമാണു് ക്ഷയം. വളരെ കൂടിയിരിക്കുന്നു. ആശുപത്രിയിലെവിടെയെങ്കിലും കിടത്തി ചികിത്സിക്കണം. സ്ത്രീകൾക്കായുള്ള ആശുപത്രിയിൽ ക്ഷയരോഗവാർഡില്ല. ഡോക്ടർ സി. ബി. സി. തന്നെ ആശുപത്രി സൂപ്രണ്ടിനെ കണ്ടു് അവിടെ ഐസലേഷൻ വാർഡിൽ ഒരിടം സമ്പാദിച്ചു. എല്ലാം അദ്ദേഹത്തിന്റെ നേതൃത്വത്തിൽത്തന്നെ നടന്നു. പക്ഷേ, ലീലയെ രക്ഷിക്കാൻ കഴിഞ്ഞില്ല. രോഗം അത്രയ്ക്കു മൂർച്ഛിച്ചുപോയിരുന്നു.
ഇതുപോലെ അനേക കാര്യങ്ങളിൽ അദ്ദേഹത്തിന്റെ ആത്മാർത്ഥമായ സേവനം ഞങ്ങൾക്കു കിട്ടിയിരുന്നു. കലാകാരന്മാരോടും കായിക താരങ്ങളോടും അദ്ദേഹത്തിനു പ്രത്യേകിച്ചൊരു മമതയുണ്ടു് വളരെപ്പേറിയാത്ത ഒരു രഹസ്യം അതിലടങ്ങിയിട്ടുണ്ടു്. അദ്ദേഹം ഒരു കലാകാരനും കായികതാരവും കൂടിയാണെന്നു വളരെപ്പേരറിയില്ല. ബാസ്കറ്റ് ബാളിൽ വിദഗ്ദ്ധനായ ഒരു കളിക്കാരനാണദ്ദേഹം. കോഴിക്കോട്ടു പ്രശസ്തമായ പല മത്സരക്കളികളും സംഘടിപ്പിക്കുന്ന കാര്യത്തിലദ്ദേഹം നേതൃതം വഹിച്ചതു പലർക്കുമറിയാം.
എന്നാൽ, ഞാനിവിടെ പ്രത്യേകമായോർക്കുന്നതു് അദ്ദേഹത്തിന്റെ നാടകാഭിനയമാണു്. മെഡിക്കൽ കോളെജിൽ—അത്രയൊന്നും മുമ്പല്ല—ഒരു പരിപാടി നടക്കുകയുണ്ടായി: ‘ഈവ്നിങ് ടു റിമമ്പർ’. അതു സംഘടിപ്പിക്കുന്നതിലും ഡോക്ടർ സി. ബി. സി. തന്നെ മുൻകൈയടുത്തു. മാത്രമല്ല, പരിപാടിയിലെ മുഖ്യ ഇനമായ നാടകത്തിലെ പ്രധാന കഥാപാത്രമായി അദ്ദേഹം അരങ്ങത്തെത്തുകയും ചെയ്തു. ഡോക്ടർ അശോകൻനമ്പ്യാർ, ഡോക്ടർ എൻ. എസ്. വേണുഗോപാൽ, ഡോക്ടർ പിള്ള, ഡോക്ടർ മിസ്സിസ് രാമചന്ദ്രൻനായർ തുടങ്ങിയവർ അഭിനേതാക്കളായി അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. നാടകം പൊതുവെ പ്രക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ നേടിയെടുത്തു. ഡോക്ടർ സി. ബി. സി. യാവട്ടെ പ്രത്യേകമായ പ്രശംസയും!