ഓർക്കാപ്പുറത്തു് ഒരു ദൽഹിയാത്ര. നാടുകാണാനുള്ള രസംകൊണ്ടു പുറപ്പെട്ടതല്ല. കാശിക്കു പകരം വെയ്ക്കാവുന്ന പുണ്യസ്ഥലമായി ദൽഹി മുഴുവനുമായി മാറീട്ടില്ല. അതുകൊണ്ടു പുണ്യം നേടാൻ പുറപ്പെട്ടതുമല്ല. എന്നെ സംബന്ധിച്ചു് ഏതു യാത്രയും ദുസ്സഹമാണു്. എല്ലാ നാടും ഒന്നു പോലെ, എല്ലാ മനുഷ്യരും ഒന്നുപോലെ, എല്ലാ മലകളും നദികളും ഒന്നുപോലെ എന്നു വിശ്വസിച്ചു് ഒതുങ്ങിക്കഴിയാനാണു് എന്നും ഞാനാഗ്രഹിച്ചതു്. എന്റെ ഗ്രാമത്തിലെ വലിയമലയിൽ ഹിമാലയവും വിന്ധ്യനുമൊക്കെ ദർശിച്ചു ഞാനാശ്വസിക്കുന്നു. വീട്ടിന്റെ ഉമ്മറത്തിരുന്നു കൺതുറക്കുമ്പോൾ, പാടത്തിനപ്പുറം അങ്ങു കിഴക്കു സഹ്യാദ്രിയുടെ നീലിമ കാണാനെനിക്കു സൗകര്യമുണ്ടായിരുന്നു. അതുകൊണ്ടു ഞാൻ തൃപ്തനുമായിരുന്നു. ദൽഹിയാത്ര തികച്ചും ഔദ്യോഗികമായതു കൊണ്ടു്, എന്റെ വിശ്വാസത്തിനും സംതൃപ്തിക്കുമൊക്കെ ഇവിടെയെന്തു സ്ഥാനം?
ദൽഹിയിൽ സെമിനാർ നടക്കുന്നു. എന്നുവെച്ചാൽ ആകാശവാണിയിലെ പ്രൊഡ്യൂസർമാരേയും നാട്ടിലുള്ള പ്രമുഖ സാഹിത്യകാരന്മാരേയുമൊക്കെ വിളിച്ചു ചേർത്തുള്ള ഒരു സെമിനാർ. പോകാതിരിക്കാൻ പറ്റുമോ? പ്രമുഖ സാഹിത്യകാരന്മാരിലൊരാളെന്ന നിലയിൽ എനിക്കു നറുക്കു വീണതല്ല.
ഇവിടെ ഓർമ്മിക്കാൻ വിട്ടുപോയ ഒരു കാര്യമുണ്ടു്. ഈ സമയമാകുമ്പോഴേക്കും ഞാൻ ആകാശവാണിയിലെ പ്രൊഡ്യൂസർമാരെന്ന ജാതിയിൽ ഒരു അംഗമായിക്കഴിഞ്ഞിരുന്നു. ആരുടെ ദയകൊണ്ടതു സംഭവിച്ചു എന്നു് എനിക്കറിഞ്ഞുകൂടാ. നാടകവിഭാഗത്തിന്റെ ചുമതലയുള്ള ഒരു അസിസ്റ്റന്റ് പ്രൊഡ്യൂസറായിരുന്നു ഞാനന്നു്. വെറും സ്ഥാനപ്പേരിലുള്ള മാറ്റം. ജോലിയെല്ലാം പഴയതുതന്നെ. ശമ്പളത്തിലും മാറ്റമില്ല. വേഷഭൂഷാദികളിൽ മാറ്റം വരുത്താൻ വേണമെങ്കിൽ സാധിക്കുമായിരുന്നു. പാന്റ്സിൽ കടന്നുകൂടാം. ടൈ കെട്ടുകയുമാവാം. പിന്നെ, എന്നെക്കാൾ താഴെ വല്ലവരുമുണ്ടെങ്കിൽ അവരോടു യജമാന ഭാവത്തിൽ പെരുമാറാം. ഇണ്ടാസ് അടിച്ചുകൊടുക്കാം. ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഭീരുത്വമെന്നു പറയട്ടെ. എപ്പോൾ വേണമെങ്കിലും പിൻവലിക്കാനും നിഷേധിക്കാനും കഴിയുന്ന പദവിയായിരുന്നു. അതെപ്പോൾ എങ്ങനെ സംഭവിക്കുമെന്നു് നിശ്ചയമില്ലാത്തതുകൊണ്ട് അഭിനയം വേണ്ടെന്നുവച്ചു; അതാണു ശരി!
യാത്ര നിർബ്ബന്ധമായിരുന്നു. സെമിനാറിൽ പങ്കെടുക്കണമെന്ന ഉത്തരവു് അനുസരിച്ചേ പറ്റൂ. അതുകൊണ്ടു ഗത്യന്തരമില്ലാതെ പുറപ്പെട്ടു. കൂട്ടിനു പി. സി. യുമുണ്ടായിരുന്നു. പി. സി. എന്നെക്കാൾ മുമ്പ് പ്രൊഡ്യൂസറായതുകൊണ്ടു ദൽഹിക്കു യാത്രചെയ്തും സെമിനാറിൽ പങ്കെടുത്തും അദ്ദേഹത്തിനു പരിചയമുണ്ടായിരുന്നു. ആശ്വാസം! കോഴിക്കോടു് റെയിൽവെ സ്റ്റേഷനിലെത്തി. പരിസരമെല്ലാം ശ്രദ്ധാപൂർവ്വമൊന്നു നോക്കി. മദിരാശി മെയിലിനു ടിക്കറ്റു വാങ്ങാനുള്ള ജനത്തിന്റെ തിക്കും തിരക്കും ബഹളവുമെല്ലാം കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലൊരു വെളിച്ചം. ദൽഹിയിൽ എത്തുവോളം ഇതുപോലെ കാഴ്ചകൾ പലതുണ്ടാവുമല്ലോ. ദൽഹിയിലെത്തിയാലുമുണ്ടാവും വേണ്ടുവോളം. ഒരു സഞ്ചാരസാഹിത്യം സൃഷ്ടിച്ചു കളയാം. ഈ യാത്രയിൽ അതിനുള്ള കരുക്കൾ വാരിക്കൂട്ടണം. ഇവനെ അങ്ങനെ വെറുതെ വിട്ടുകളയാൻ പാടില്ല, വണ്ടി ഓടാൻ തുടങ്ങിയപ്പോൾ പുതിയൊരാശയം, ദൽഹിയിൽ എത്തുവോളമുള്ള. റെയിൽവേ സ്റ്റേഷനുകളുടെ മുഴുവൻപേരുകളും വിട്ടുപോകാതെ എഴുതിയെടുക്കണം. സഞ്ചാരസാഹിത്യ സൃഷ്ടിയിലെ പകുതി ഭാരം അങ്ങനെ ലഘൂകരിക്കാം. പേരെഴുതുമ്പോൾ അവിടങ്ങളിൽ കണ്ട കാഴ്ചകൾ വർണ്ണിക്കുകയുമാവാം. വായിച്ചേടത്തോളമുള്ള സഞ്ചാര സാഹിത്യഗ്രന്ഥങ്ങളുടെ സമ്പ്രദായം വെച്ചു നോക്കുമ്പോൾ സംഗതിക്കാകെയൊരു സ്റ്റൈലുണ്ടെന്നു ഉള്ളിൽ നിന്നാരോ പറയാൻ തുടങ്ങി. ആലോചിച്ചാലോചിച്ചു്, ഒടുവിൽ പരിസര ബോധമുദിക്കുമ്പോൾ വണ്ടി ഷൊർണ്ണൂർ ജങ്ഷനിലെത്തിയിരിക്കുന്നു. ഒരു ഞെട്ടലോടെ പിന്നിട്ട സ്റ്റേഷനുകളുടെ പേരോർക്കാൻ തുടങ്ങി. അറിയില്ല. ചിലതു മാത്രമേ ഓർക്കാൻ കഴിയുന്നുള്ളു. വേണ്ടാ, മലയാളക്കരയിലുള്ള സ്റ്റേഷന്റെ പേരു പോലും മുഴുവനായി നിശ്ചയമില്ലാത്ത ഞാൻ ഇന്ത്യ മുഴുവനായെന്തിനു വാരിപ്പിടിക്കാൻ ശ്രമിക്കണം? മോഹം മോഹമായിത്തന്നെ അവശേഷിക്കട്ടെ. ഇതിൽ ഞാനെന്തിനു ദുഃഖിക്കണം? വമ്പിച്ച നഷ്ടം പറ്റിയതു മലയാണ്മയ്ക്കാണല്ലോ.
“താനെന്തെടോ ആലോചിക്കുന്നതു്?” പി. സി. യുടെ ചോദ്യം: “തന്റെ പരിഭ്രമം ഇനിയും മാറിയില്ലേ? ഷൊർണ്ണൂരെത്തി. ആഹാരം വല്ലതും കഴിക്കണ്ടേ?”
ആഹാരത്തിനു് ഓർഡർ കൊടുത്തും വരുത്തി കഴിച്ചും ശീലമുള്ള പി. സി. തന്നെ പിന്നെ പുരോഹിതൻ.
കാലത്തു മദിരാശിയിൽ ഗ്രാന്റ് ട്രങ്ക് എക്സ്പ്രസ്സിനു ദൽഹിക്കു പുറപ്പെടാൻ തയ്യാറെടുത്തു പ്ലാറ്റ്ഫോമിൽ ചെന്നപ്പോൾ അതാ നില്ക്കുന്നു മഹാകവി ’ജി’, ശ്രീ ഗുപ്തൻ നായർ, നാഗവള്ളി ആർ. എസ്. കുറുപ്പ്, ടി. എൻ. ഗോപിനാഥൻനായർ, പദ്മനാഭൻനായർ പിന്നെയും ആരൊക്കെയോ ഉണ്ടു്. മുഴുവനായും ഓർക്കുന്നില്ല. കൂട്ടത്തിൽ പരിചയമില്ലാത്ത ചിലരും ഉണ്ടായിരുന്നു. തിരുച്ചിറപ്പള്ളിയിൽനിന്നു കന്തസ്വാമി. അദ്ദേഹം തിരുച്ചിറപ്പള്ളിയിലെ നാടകവിഭാഗം പ്രൊഡ്യൂസറാണു്, അതുപോലെ മദിരാശിയിൽനിന്നു ‘സുഖി’ സുബ്രഹ്മണ്യം, ശ്രീ സോമസുന്ദരം. എല്ലാവരുമായി പരിചയപ്പെട്ടു. അപ്പോൾ സംഗതി കൊള്ളാമെന്നു തോന്നി. യാത്ര മോശമല്ലെന്നും.
എല്ലാവരുമായി നേരമ്പോക്കു പറഞ്ഞും ചിരിച്ചും രസിച്ചുമാണു പിന്നീടു യാത്ര തുടർന്നതു്. മലയാളികൾ വിഷുവും തമിഴ് നാട്ടുകാർ പുതുവത്സരപ്പിറവിയും, ആഘോഷിക്കുന്ന കാലമായിരുന്നു അതു്. ആഘോഷപരിപാടിയുടെ മുഖ്യയിനവുമായാണു സുഖിയും കൂട്ടരും വന്നുചേർന്നതു്. വലിയ ടിന്നു നിറയെ മധുരപലഹാരം. അങ്ങനെ ഏകവചനത്തിൽ പറഞ്ഞുനിർത്തിയാൽ ശരിയാവില്ല. ആകൃതിയിലും രുചിയിലും ഭിന്നത പുലർത്തിയ പലഹാരങ്ങൾ പലതുമുണ്ടായിരുന്നു. നമ്മുടെ കാലാവസ്ഥക്കാരന്റെ പ്രവചനംപോലെ അവ ‘അല്പാല്പമായും അതികലശലായും’ കമ്പാർട്ടുമെന്റ് നീളെ വിതരണം ചെയ്തു കൊണ്ടിരുന്നു. ഒപ്പം കൊടുക്കുന്നവരും വാങ്ങുന്നവരും സൗഹൃദത്തിന്റ മധുരവചസ്സുകൾ കൈമാറുകയും ചെയ്തിരുന്നു. രാത്രി അവനവന്റെ ബർത്തുകൾ തേടി കിടക്കകൾ വിരിക്കുവോളം നവവത്സരപ്പിറവിയുട മധുരം നുണഞ്ഞു കൊണ്ടേയിരുന്നു.
പകലത്തെ കൂട്ടായ്മയും സ്നേഹപ്രകടനങ്ങളും മധുരഭാഷണങ്ങളും കൊണ്ടു വിസ്മരിക്കപ്പെട്ട മേടച്ചൂടിന്റെ കെടുതി അതിരൂക്ഷമായി അനുഭവപ്പെടാൻ തുടങ്ങിയതു് തനിച്ചൊരിടത്തു കിടന്നപ്പോഴാണു്. ജാലകപ്പൊളി അറിയാതെ ഒന്നു നീക്കിപ്പോയാൽ പൊടിപടലത്തോടൊപ്പം തീക്കാറ്റു് അകത്തേക്കടിച്ചുകയറും. എല്ലാം അടച്ചു ഭദ്രമാക്കി കടന്നാലോ, തലയ്ക്കു മുകളിൽ കറങ്ങുന്ന ഫാനിൽനിന്നു് അഗ്നിശകലങ്ങളാണുതിരുന്നതു്.
അപ്പോൾ ചന്ദനക്കാറ്റുപോലെ ഉള്ളം കുളിർപ്പിച്ചുകൊണ്ടു ശ്രീ. ഗുപ്തൻനായരുടെ സ്വരം ഉയരുന്നു. തലപൊക്കി നോക്കി. ഗുപ്തൻ നായർ കവിത ചൊല്ലുകയാണു്. മേഘസന്ദേശത്തിന്റെ തർജ്ജമ. തിരുനല്ലൂർ കരുണാകരന്റെ രചനയും ഗുപ്തൻനായരുടെ സ്വരവും ചേർന്നപ്പോൾ അതിനൊരു പ്രത്യേക മാധുര്യം കൈവന്നു. ‘ജി’ അടുത്ത ബർത്തിൽ കിടന്നുകൊണ്ടു കവിതാപാരായണം ശ്രദ്ധിക്കുന്നു. ഇപ്പോൾ മേടച്ചൂടില്ല. കേൾക്കാനും ആലോചിക്കാനും ആലോചിച്ചാലോചിച്ചു ലയിക്കാനും വകയുള്ളപ്പോൾ പിന്നെന്തു ചൂടു്?
ശ്രീ ഗുപ്തൻനായരെ നടാടെ കാണുന്നതും പരിചയിക്കുന്നതുമല്ല. ദശകങ്ങളുടെ പഴക്കമുള്ള പരിചയമാണു്. പ്രസംഗങ്ങൾ പലതും കേട്ടിട്ടുമുണ്ടു്. കവിതാ പാരായണം കേട്ടു രസിക്കാനും അവസരമുണ്ടായിട്ടുണ്ടു്. ഉത്തരകേരളത്തിൽ ഗ്രന്ഥശാലാപ്രസ്ഥാനം പടുത്തുയർത്താൻ അവിശ്രമ പരിശ്രമം നടത്തിയ ശ്രീ മധുരവനം കൃഷ്ണക്കുറുപ്പാണു് ആദ്യമായി ശ്രീ ഗുപ്തൻനായരെ മലബാറിലേക്കു ക്ഷണിച്ചുകൊണ്ടുവന്നതു്. അന്നാണു് ആദ്യത്തെ കാഴ്ച. പിന്നീടൊരിക്കൽ ശ്രീ പി. ഭാസ്കരനും ഗുപ്തൻനായരും ഞാനും വി. കെ. എൻ. എന്ന പരമരസികനായ സാഹിത്യകാരനെ കാണാൻ അരീക്കോട്ടേക്കൊരു യാത്രയുണ്ടായി.
മുമ്പൊരിക്കൽ എന്റെ ഓർമ്മയിലൂടെ ഓടിയെത്തിയ മിസ്റ്റർ അബ്ദുറഹിമാന്റെ ‘വാൻ’ ഉണ്ടല്ലോ. അതിലായിരുന്നു ഞങ്ങളുടെ യാത്ര. അവിസ്മരണീയമായിരുന്നു ആ യാത്രയെന്നു പറയാൻ സന്തോഷമുണ്ടു്. അന്നു വി. കെ. എൻ. തൃക്കളിയൂർക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ആപ്പീസറാണു്. തൃക്കളിയൂർ ക്ഷേത്രത്തിലെത്താൻ അരീക്കോട്ടു വാഹനമിറങ്ങി, പുഴകടന്നു കുറേ നടക്കണം. പ്രകൃതിമനോഹരമായ സ്ഥലമാണു്. കുന്നും കാടും മലഞ്ചെരിവും, പാടവും, തോടുമെല്ലാം ചേർന്ന സ്ഥലം. ഞങ്ങൾ മൂവരും ആ വഴിയിലൂടെ നടന്നാണു ക്ഷേത്ര പരിസരത്തെത്തിയത്. അനായാസമായി നടന്നെത്തിയെന്നു പറഞ്ഞു കൂടാ. വഴി കുറെയേറെ ബുദ്ധിമുട്ടുള്ളതായിരുന്നു. വഴിനീളെ പലരോടും ചോദിച്ചുവേണ്ടിയിരുന്നു മുമ്പോട്ടു നീങ്ങാൻ. ഒടുവിൽ ക്ഷേത്രത്തിലെത്തിച്ചേർന്നപ്പോൾ ക്ഷേത്രവും പരിസരവും, പിന്നിട്ട വഴിപോലെ തന്നെ സുന്ദരമായിരുന്നു. ജനബഹളമോ വാഹനത്തിരക്കോ ഇല്ലാത്ത, പക്ഷികൾ കൂട്ടമായി പറന്നുകൂടുകയും അകന്നു പോവുകയും ചെയ്യുന്ന വൻ മരങ്ങൾ തണൽവിരിച്ച പൊന്തകളും കുറ്റിക്കാടുകളും നിറഞ്ഞു നില്ക്കുന്നതിനിടയിലൂടെ നീണ്ടിഴഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ നടന്നു വേണം അമ്പലപ്പടിക്കലെത്താൻ. എത്തിക്കഴിഞ്ഞാലോ പരമശാന്തമായ ആധുനിക കാലത്തെ ശീതീകരണ സ്ഥലങ്ങളെപ്പോലും വെല്ലുവിളിക്കുന്ന മുറികളോടുകൂടിയ പടിപ്പുര. പടിപ്പുരമാളികയിലേക്കുള്ള മരക്കോണി ചവുട്ടിക്കയറി മുകൾത്തട്ടിലെത്തിയാൽ തുടച്ചു മിനുക്കി വൃത്തിയാക്കിവച്ചു തണുപ്പാർന്ന തറ, കേറിയ ഉടനെ അവിടെയങ്ങു നീണ്ടുനിവർന്നു കിടക്കാൻ തോന്നും. അത്ര മനോഹരം. അവിടെ ആ മുറിയിൽ വാഴുന്നു പണമിടപാടുകാരനായ ഒരു മുൽത്താനെപ്പോലെ കൊച്ചു കുമ്പയുടെ ഉടമയായ വി. കെ. എൻ. ഗുപ്തൻനായരുടെ കവിതാപാരായണം ശ്രവിച്ചും വി. കെ. എന്റെ ഫലിതരസം നിറഞ്ഞു വഴിയുന്ന കഥകൾ കേട്ടും, അതിചതുരമെന്നു വിശേഷിപ്പിക്കാവുന്ന ആതിഥ്യം സ്വീകരിച്ചും മൂന്നു ദിവസങ്ങൾ നിമിഷം പോലെ കഴിഞ്ഞു പോയതു് ഞങ്ങളറിഞ്ഞില്ല.
ശ്രീ ഗുപ്തൻനായരെപ്പോലെ, ടി. എന്നും നാഗവള്ളിയും എനിക്കു മുൻപരിചയമുള്ളവരായിരുന്നു. ദേശപോഷിണി വാർഷികത്തിൽ അവതരിപ്പിക്കുന്ന നാടകങ്ങളിലൂടെയാണു് ടി. എൻ. ആദ്യമായെന്റെ മനസ്സിൽ കടന്നുവരുന്നതു്. അതുപോലെ കഥകളിലൂടെ, നോവലിലൂടെ നാഗവള്ളിയും എന്റെ മനസ്സിൽ നേരത്തെ സ്ഥലം പിടിച്ചിരുന്നു. പിന്നീടാണു് ഞങ്ങൾ ഒരേ കൃഷിഭൂമിയിൽ വിത്തിറക്കാൻവേണ്ടി നിയോഗിക്കപ്പെട്ടതു്. അങ്ങനെ ഞങ്ങൾ കാണുകയും ഏറെ അടുക്കുകയും ചെയ്തവരാണു് ഇവരെല്ലാവരും ചേർന്നുള്ള ദൽഹിയാത്ര. അതീവ സുഖകരമായ അനുഭവമായിരുന്നു.
ഈ സുഖത്തിനും സന്തോഷത്തിനുമിടവരുത്തിയതു് ആകാശവാണിയിലെ സെമിനാറായിരുന്നല്ലോ. സെമിനാറിനെക്കുറിച്ചു പറയും മുമ്പു് ദൽഹിയിലെ താമസത്തെക്കുറിച്ചാവട്ടെ രണ്ടുവാക്കു്. മാതൃഭൂമിയിലെ മാധവൻകുട്ടി—കേരളത്തിൽനിന്നു ചെല്ലുന്നവർക്കൊക്കെ തന്നാലാവും വിധമുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്ന മാധവൻകുട്ടി. ഞാനും പി. സി. യും മാധവൻകുട്ടിയുടെ കൂടെയാണു് താമസിച്ചതു്.
നിത്യകർമ്മങ്ങൾ കഴിഞ്ഞു രാവിലെ പുറപ്പെടണം. ആകാശവാണിയിൽ എത്തണം. അവിടെ അതിവിശാലമായ സ്റ്റുഡിയോവിൽ കാലേകൂട്ടി പുല്പായ വിരിച്ചിട്ടിരിക്കും. അവിടെച്ചെന്നു് ചമ്രം പടിഞ്ഞിരിക്കണം. ഹിന്ദിയിലാണു് പരിപാടികളേറെയും. അതുകൊണ്ടു് മനസ്സിനോ ചെവിക്കോ ജോലിയൊന്നുമില്ല. ഇരുന്നു കാൽ കഴയ്ക്കുമ്പോൾ, ഇത്തിരിയൊന്നു ചെരിഞ്ഞിരിക്കണം. പിന്നെ മലർന്നിരിക്കണം. വീണ്ടും കഴിഞ്ഞതുതന്നെ ആവർത്തിക്കണം. ഇടയിൽ ‘മുശായിര’ എന്ന വസ്തുവുണ്ടാവും. ശബ്ദഘോഷം കേട്ടു് അതു വരെ ചുരുണ്ടുകൂടിക്കിടന്ന മനസ്സൊന്നു ഞെട്ടിയുണരും. അപ്പോൾ ഹിന്ദി മേഖലയിലെ ശ്രോതാക്കൾ ‘വ്വ് വാ വ്വ് വാ’ എന്നു് ശബ്ദഘോഷമുതിർക്കുന്നതു കേൾക്കാം. മുശായിര നീളുമ്പോൾ തെക്കർക്കു് കൺപോളകൾ കനക്കും. പതുക്കെപ്പതുക്കെ ഒരു മയക്കത്തിന്റെ പിടിയിലവർ അമരും. മുശായിര തുടർന്നു കൊണ്ടേയിരിക്കും. ചിലപ്പോൾ അതിന്റെ അവസാനത്തിൽ ആരെങ്കിലുമൊരാൾ ഇംഗ്ലീഷിൽ വല്ലതും പറഞ്ഞെന്നുവരും. അപ്പോൾ തെക്കരിലുന്മേഷം പടരും, അതു് ഏറെനേരം നീണ്ടുനില്ക്കില്ല. ഉച്ചഭക്ഷണത്തിന്റെ സമയം കേറിവന്നു് പ്രഭാഷണം മുടക്കും. എല്ലാവരും എഴുന്നേല്ക്കും. പുല്പായിൽ ചമ്രംപടിഞ്ഞിരുന്നപ്പോളുണ്ടായ വേദന സഹിച്ചുകൊണ്ടു് ചിലർ നൊണ്ടിനൊണ്ടി നടക്കും. അപ്പോൾ അറിയിപ്പുവരും മൂന്നുമണിക്കു വീണ്ടും സെമിനാർ തുടരുമെന്നു്. ചിലർ ഊണു കഴിഞ്ഞു് സുഖമായി കിടന്നുറങ്ങും. നാലു വാചകം പ്രയോഗിക്കാനോ ഒരു കവിത വായിക്കാനോ ഉള്ളവർ വൈകീട്ടുള്ള സെമിനാറിൽ തിരിച്ചുവരും. മിക്കവരും വരില്ല. അങ്ങനെ മൂന്നുദിവസം സെമിനാർ നടന്നെന്നാണു് ഓർമ്മ. അതിനെപ്പറ്റി ഇതിലപ്പുറമൊന്നും എഴുതാനില്ല.
അന്നു ശ്രീ. വി. കെ. കൃഷ്ണമേനോൻ മിനിസ്റ്ററാണു്. കൃഷ്ണമേനോൻ മലയാളിയാണു്. വിശേഷിച്ചു് കോഴിക്കോട്ടുകാരനും. അദ്ദേഹം അന്നു് ദൽഹിയിലുണ്ടായിരുന്നു. ഐക്യരാഷ്ട്രസഭയിൽ കാശ്മീർ പ്രശ്നത്തെ സംബന്ധിക്കുന്ന സുദീർഘവും സുപ്രസിദ്ധവുമായ പ്രസംഗം [1] കഴിഞ്ഞു് ലോകത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി മാറിയ അദ്ദേഹം ദൽഹിയിൽ തിരിച്ചെത്തിയ സമയം. അദ്ദേഹത്ത ഒന്നു കണ്ടാൽ വേണ്ടില്ലെന്ന മോഹം പലർക്കുമുണ്ടായി. മഹാകവി ‘ജി’ക്കു പ്രത്യേകിച്ചും. വിവരം മാധവൻകുട്ടിയെ ധരിപ്പിച്ചു. ശ്രമിക്കാമെന്നു മാധവൻ കുട്ടി സന്തോഷത്തോടെ സമ്മതിച്ചെങ്കിലും സംഗതി അത്ര എളുപ്പമല്ലെന്നു സൂചിപ്പിക്കാൻ അദ്ദേഹം മറന്നില്ല. രാത്രിയാണു് മാധവൻകുട്ടിയുടെ ദൗത്യം വിജയിച്ച വിവരമറിയുന്നത്. എല്ലാവർക്കും ആഹ്ലാദം.
സന്ദർശനത്തിനുള്ള സ്ഥലവും സമയവുമൊക്കെ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു. നൈജീരിയയിലും ഇറ്റലിയിലും ഡെന്മാർക്കിലുമൊക്കെ അംബാസിഡറായിരുന്ന ശ്രീമതി രുക്മിണി മനോൻ അന്നു് വിദേശ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു. പിറ്റേന്നു വൈകീട്ടു് കൃഷ്ണ മേനോൻ അവരുടെ വസതിയിലെത്തും. സാഹിത്യകാരന്മാരെ അവിടെവെച്ചു കാണാം. ഏതാനും മിനുട്ടുകൾ അവർക്കു വേണ്ടി ചെലവഴിക്കാം. അതായിരുന്നു തീരുമാനം. മഹാകവി ‘ജി’, പി. സി., ടി. എൻ. തുടങ്ങി ഏതാനും പേർ സംഘത്തിലുണ്ടായിരുന്നു. ഞങ്ങൾ കൃത്യസമയത്തുതന്ന മാധവൻകുട്ടിയോടൊപ്പം മിസ്സിസ് മേനോന്റെ വീട്ടിലെത്തി. അവിടത്തെ അന്തരീക്ഷം തികച്ചും കേരളീയമായിരുന്നു. മിസ്സിസ് മേനോൻ കേരളത്തിലെ ഒരു കുലീന കടുംബത്തിലെ വീട്ടമ്മയുടെ വേഷത്തിലാണ് ഞങ്ങളെ സ്വീകരിച്ചത്. ഒപ്പം അവരുടെ ഭർത്താവും സഹോദരനുമുണ്ടായിരുന്നു. എല്ലാവരും ‘ഉണ്ണ്യേട്ട’നെന്നു വിളിക്കുന്ന ആർ. ആർ. മേനോനും കേണൽ കെ. ബി. മേനോനും. ‘ഉണ്ണ്യേട്ടൻ’ ഒരു നല്ല സാഹിത്യകാരനും സംഗീതജ്ഞനുമാണെന്നു മാധവൻകുട്ടി പരിചയപ്പെടുത്തി. കേണൽ മേനോൻ ലണ്ടൻ ഹൈക്കമ്മീഷനിലെ മിലിറ്ററി അറ്റാഷെ ആയിരുന്നു. കൃഷ്ണമേനോനുമായുള്ള ബന്ധം അവിടെവെച്ചാരംഭിച്ചതാണെന്നു മാധവൻ കുട്ടി പറഞ്ഞു.
ഏറെനേരം കാത്തുനില്ക്കേണ്ടിവന്നില്ല, കൃഷ്ണമേനോൻ എത്തിച്ചേർന്നു. തൊഴുതു ചിരിച്ചുകൊണ്ടദ്ദേഹമിരുന്നു. എങ്ങനെയാണദ്ദേഹം സംഭാഷണമാരംഭിക്കുന്നതെന്നു് ഞങ്ങൾ ഉറ്റു നോക്കിയിരുന്നു. കേണൽ മേനോന്റെ മകൻ ‘ശ്യാം’ അന്നു് ആറോ ഏഴോ വയസ്സുള്ള ഒരു കുട്ടിയായിരുന്നു. അവനെ വിളിച്ചു അരികിലിരുത്തി അവനിലൂടെയായിരുന്നു അദ്ദേഹം സംഭാഷണം ആരംഭിച്ചത്. അദ്ദേഹം ശ്യാമിനോടു പലതും ചോദിക്കുന്നു. ശ്യാമിനറിയാത്ത കാര്യം അദ്ദേഹം പറഞ്ഞു കൊടുക്കുന്നു. മലയാളസാഹിത്യത്തെപ്പറ്റി, സാഹിത്യകാരന്മാരെപ്പറ്റിയെല്ലാം പരാമർശങ്ങളുണ്ടായി. ഒന്നും നേരിട്ടല്ല, ശ്യാമിലൂടെ. എന്നോ കേരളത്തിൽനിന്നു വിട്ടുപോയെങ്കിലും, വളരെ അപൂർവമായേ കേരളം സന്ദർശിക്കാറുള്ളുവെങ്കിലും, അദ്ദേഹത്തിനെല്ലാമറിയാം. അറിയേണ്ടവരെ അറിയാം. സഹിത്യാദികലകളെക്കുറിച്ചു് കേവലം പരിമിതമല്ലാത്ത അറിവദ്ദേഹത്തിനുണ്ടെന്നു് ആ സംഭാഷണത്തിലൂടെ ഞങ്ങൾക്കു മനസ്സിലാക്കാൻ കഴിഞ്ഞു. ഏതാനും മിനുട്ടുകൾ ചെലവഴിക്കാമെന്നു പറഞ്ഞു വന്ന അദ്ദേഹം മണിക്കൂറുകൾതന്നെ ഞങ്ങളോടൊപ്പമുണ്ടായി. ദൽഹി സന്ദർശനത്തിലെ ഏറ്റവും വലിയ നേട്ടം. ജീവിതത്തിലെ അതീവധന്യമായ ഒരു സായാഹ്നം—ആ സന്ദർശനത്തെക്കുറിച്ചു് ഇത്രമാത്രം പറഞ്ഞു നിർത്തട്ടെ.
Why is that we have never heard voices in connection with the freedom of people under the suppression and tyranny of Pakistani authorities on the other side of the cease-fire line? Why is it that we have not heard here that in ten years these people have not seen a ballot paper? With what voice can either the Security Council or anyone coming before it demand a plebiscite for a people on our side who exercise franchise, who have freedom of speech, who function under a hundred local bodies? – Excerpt from Menon’s marathon 1957 address to the United Nations Security Council, The Hindu.