കേരള കലാമണ്ഡലത്തിന്റെ രജതജൂബിലി ആഘോഷം. കലാകേരളത്തിന്റെ മഹോത്സവം. പരിപാടികൾ ഉദ്ഘാടനംചെയ്യാൻ സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ പ്രധാനമന്ത്രി—ജനകോടികൾക്കു പ്രിയംകരനായ പണ്ഡിറ്റ്ജി—എത്തിയിരിക്കുന്നു. യവനിക നീങ്ങുന്നു. പ്രഭാപൂരത്തിൽ ആറാടിനില്ക്കുന്ന വേദി പ്രത്യക്ഷപ്പെടുന്നു. മഹാകവി വള്ളത്തോൾ പണ്ഡിറ്റ്ജിയെ പൂമാലയണിയിച്ചു സ്വീകരിക്കുന്നു. വടക്കും തെക്കുമുള്ള രണ്ടു മഹാനദികൾ–ഗംഗയും നിളയും—സംഗമിച്ചു പുതിയൊരു പുണ്യതീർത്ഥം രൂപം കൊള്ളുന്നു. നിലയ്ക്കാത്ത കരഘോഷം. ആവേശത്തള്ളിച്ചയിൽ പ്രകമ്പനം കൊള്ളുന്ന ജനസമുദ്രം. അതിലൊരു നീർത്തുള്ളിയായി ഞാനുമുണ്ടായിരുന്നു.
ഉത്സവപരിപാടികൾ റിക്കാർഡ് ചെയ്യാനും റിലേ ചെയ്യാനും ആകാശവാണിയിൽ നിന്നു് സാങ്കേതികവിദഗ്ദ്ധരും കലാകാരന്മാരും കാലേക്കൂട്ടി എത്തിച്ചേർന്നിരുന്നു. സംഭവസ്ഥലത്തുനിന്നു നേരിട്ടു പ്രക്ഷേപണം ചെയ്യുക എന്ന സമ്പ്രദായമാണു് അന്നു നിലവിലുണ്ടായിരുന്നതു്. സാങ്കേതികവിദഗ്ദ്ധരുടെ സംഘത്തിനു നേതൃത്വം കൊടുത്തതു് എഞ്ചിനീയർമാരായ കൃഷ്ണമൂർത്തിയും രാമറാവുവുമായിരുന്നു. അവർ സാങ്കേതിക വിദഗ്ദ്ധരെന്നതിനു പുറമെ ഒന്നാന്തരം കലാപ്രേമികളുമായിരുന്നു. കലാകാരന്മാർക്കു നേതൃത്വം വഹിച്ചതു്, ശ്രീ. കെ. പദ്മനാഭൻനായരായിരുന്നു. പരിപാടിയുടെ ആരംഭം തൊട്ടു് അവസാനംവരെ നിശ്ശബ്ദതയുടെ ‘മുഷിപ്പ്’ കയറിവരാതെ വളരെ ശ്രദ്ധാപൂർവ്വം സംഗതികൾ സംവിധാനം ചെയ്യേണ്ടിയിരുന്നു. അതത്ര എളുപ്പമുള്ള കാര്യമല്ല. രംഗവേദി, അവിടെ ഉപവിഷ്ടരായ വിശിഷ്ട വ്യക്തികൾ, അവർക്കു സവിശേഷതകൾ വല്ലതുമുണ്ടെങ്കിൽ അവ, രംഗസംവിധാനത്തിന്റെ പ്രത്യേകത, പരിപാടിയിൽ പങ്കെടുക്കുന്നവരുടെ രേഖാചിത്രങ്ങൾ എന്നിങ്ങനെ ഒന്നും വിട്ടുപോവാതെ, സമഗ്രമായ ശബ്ദ ചിത്രം ശ്രോതാവിനു കിട്ടിയിരിക്കണം. ദൃക്സാക്ഷിവിവരണമാണു് അതിനുള്ള ഏറ്റവും നല്ല ഒരേയൊരുപാധി. പദ്മനാഭൻനായരതു ഭംഗിയായി നിർവ്വഹിച്ചു. അന്നത്തെ പരിപാടിയുടെ ഡിസ്ക് റിക്കാർഡിങ് ഒരു അമൂല്യവസ്തുവായി ആകാശവാണിയുടെ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു.
നീർത്തുള്ളിയായി ജനസമുദ്രത്തിൽ ചേർന്നുനിന്ന എന്റെ കാര്യം പറഞ്ഞില്ലല്ലോ. എനിക്കവിടെ ചുമതലയൊന്നുമുണ്ടായിരുന്നില്ല. വെറും പ്രേക്ഷകൻ. പരിപാടികൾ അവസാനിച്ചാൽ, ഏതാനും സാങ്കേതികവിദഗ്ദ്ധരേയും കൂട്ടി ഞാൻ തൃശൂരെത്തണമെന്നായിരുന്നു നിർദ്ദേശം. പിറ്റേദിവസം പണ്ഡിറ്റ്ജി ജനങ്ങളെ അഭിമുഖീകരിച്ചു് അവിടെ സംസാരിക്കുന്നുണ്ടു്. ആ പരിപാടിയുടെ ദൃക്സാക്ഷി വിവരണം നടത്തേണ്ട ചുമതല എന്റേതായിരുന്നു. പണ്ഡിറ്റ്ജി തൃശൂരിലെത്തുന്ന സമയത്തിന്നു് ഏതാനും മുമ്പ് പ്രക്ഷേപണം ആരംഭിക്കും. അപ്പോൾ സമ്മേളനസ്ഥലത്തെപ്പറ്റിയും പങ്കെടുക്കുന്ന പ്രമുഖവ്യക്തികളെപ്പറ്റിയുമൊക്കെ ഞാനെന്തെങ്കിലും പറയണം. പണ്ഡിറ്റ്ജി വന്നു പ്രസംഗം ആരംഭിക്കുന്നവരെയുള്ള സമയം ശ്രോതാക്കൾ മുഷിയരുതല്ലോ.
തൃശൂരിലേക്കുള്ള യാത്രയിൽ എന്റെ മനസ്സു നിറയെ പരിഭ്രമമായിരുന്നു. ആദ്യമായിട്ടാണു് ദൃക്സാക്ഷിവിവരണം നടത്താൻ പോകുന്നതു്. അതും പണ്ഡിറ്റ്ജി പങ്കെടുക്കുന്ന ഒരു സമ്മേളനത്തിൽ. പരിഭ്രമിക്കാൻ മതിയായ കാരണം. അപ്പോൾ, പരിഭ്രമത്തിന്റെ ഇരുട്ടിൽ ഒരു മിന്നാമിനുങ്ങിന്റെ വെളിച്ചം. എന്റെ സുഹൃത്തു് മുഷ്താഖ് ശാസ്ത്രീയമായി ദൃക്സാക്ഷിവിവരണം നടത്താൻ പരിശീലനം നേടിയ മി. പി. എ. മുഹമ്മദ് കോയ. അദ്ദേഹത്തിന്റെ അടുത്തിരുന്നു പലവട്ടം ഫുട്ബാൾ കമന്ററി കേൾക്കാനും കാണാനു എനിക്കവസരം കിട്ടീട്ടുണ്ടു്. കമന്ററിയെപ്പറ്റി പല അവസരങ്ങളിലായി പല കഥകളും അദ്ദേഹമെന്നോടു പറഞ്ഞിട്ടുണ്ടു്. കഥകളൊന്നും ഈ ഘട്ടത്തിൽ എന്നെ ആശ്വസിപ്പിക്കാൻ പറ്റിയതല്ലെന്നുകൂടി പറഞ്ഞു. കൊള്ളട്ടെ.
ഒരു കഥ ഇതാണു്. മുഷ്താഖ് പറഞ്ഞ കഥ: ഒരിക്കൽ ഒരു ദൃക്സാക്ഷിവിവരണക്കാരൻ ആവേശഭരിതമായ ഒരു ഫുട്ബാൾ മാച്ചിന്റെ ശബ്ദചിത്രം വരയ്ക്കുന്നു. സ്റ്റേഡിയം നിറഞ്ഞുകവിയുന്ന ജനാവലി. വിവരണം ആരംഭിച്ചു് കുറേ കഴിഞ്ഞപ്പോൾ ആരുടെയോ, ഒരു ഉപദേശം അയാൾ ഓർക്കുന്നു. കേവലം സംഭവവിവരണം മാത്രമായാൽ, സംഗതി വളരെ വിരസമാവും. ശ്രോതാവു് മുഷിയും, അതുകൊണ്ടു ചുറ്റുപുറവുമുള്ള കാഴ്ചകൾ, കാണികളുടെ പ്രത്യേകത, ഒരു നുറുങ്ങു ഫലിതകഥ ഇതെല്ലാം വിവരണത്തിൽ ഉൾപ്പെടുത്തണം. തുല്യശക്തരായ രണ്ടു ടീമുകളാണു്. പൊരുതിക്കൊണ്ടിരിക്കുന്നതു്. ശരവേഗത്തിൽ ഇരുവശത്തേക്കും പന്തുരുളുന്നു. ആരും കീഴടങ്ങാൻ തയ്യാറില്ല. ഈ ഘട്ടത്തിലാണു് ദൃക്സാക്ഷി വിവരണക്കാരനു് വിദഗ്ദ്ധോപദേശം ഓർമ്മവരുന്നത്. പിന്നെ താമസിച്ചില്ല. സ്റ്റേഡിയത്തിൽനിന്നു് തലയുയർത്തി ആകാശത്തിലേക്കു നോക്കി. “ഹാ! എത്ര മനോഹരമായ നീലാകാശം. അതാ അവിടെ പരുന്തുകൾ വട്ടംകറങ്ങുന്നു. അന്തിച്ചുവപ്പു് മരത്തലപ്പുകളിൽ ചായംപൂശുന്നു.” ഇത്രയും പറഞ്ഞപ്പോൾ അദ്ദേഹത്തിനൊരു കവിത ഓർമ്മവരുന്നു. അതും ഒപ്പമങ്ങു കാച്ചി. അതിന്റെ അവസാനപാദം “തെങ്ങോലപ്പഴുതിങ്കലൂടെ മറയാൻ പോകുന്ന മാർത്താണ്ഡനും” എന്നു് ചൊല്ലിത്തീരുംമുമ്പേ, ഭയങ്കരമായ ജനാരവം. ഒരു ഗോൾ വീണിരിക്കുന്നു. അപ്പോൾ സംഗതിയുടെ ഗൗരവം മനസ്സിലാക്കി വിവരണക്കാരൻ ഖേദപൂർവ്വം ആത്മഗതംചെയ്യുന്നു: “പടച്ചോനേ, ഗോള്… ഗോള്!” അവസാനത്തെ ഗോള്, വരണ്ട തൊണ്ടയിൽ കുടിനീരുപോലെ താണിറങ്ങി. ശ്രോതാക്കൾ അമ്പരന്നു. ഈ കഥയും ഇതുപോലെ മുഷ്താഖ് പറഞ്ഞ മറ്റു പല കഥകളും എന്നിൽ അതികലശലായ ഭീരുത്വം കോരിനിറയ്ക്കാൻ തുടങ്ങി. പണ്ഡിറ്റ്ജി വഴിനീളെയുള്ള സ്വീകരണങ്ങളിൽ തങ്ങിത്തങ്ങി തേക്കിൻകാടു മെതാനിയിലെത്താൻ താമസിച്ചെങ്കിൽ എന്റെ കഥയെന്താവും! നീലാകാശവും മരത്തലപ്പുമൊക്കെ ഒരുവട്ടമല്ലാതെ രണ്ടാം വട്ടം ശ്രോതാവ് സഹിക്കുമോ? മുമ്പിൽ ജനാവലി നിറഞ്ഞു നില്പുണ്ടാവും. അവരെപ്പറ്റി എന്തെങ്കിലും പറഞ്ഞു രക്ഷപ്പെടാൻ ശ്രമിക്കാം. ഒരിക്കലും അതു വയ്യ. കാരണം, മുഷ്താഖ് തന്നെ വിവരിക്കട്ടെ, അദ്ദേഹം എന്നോടു പറഞ്ഞ വാക്കുകളിൽ:
“സംഭവം തിരുവനന്തപുരത്താണു്. ടെന്നീസ് ടൂർണമെന്റ്. മുഖ്യാതിഥി ശ്രീ വി. പി. മേനോൻ. പരിപാടികൾ ആരംഭിക്കുന്നു. മുഖ്യാതിഥി എത്തിച്ചേർന്നിട്ടില്ല. വരുവോളം ശ്രോതാക്കളെ വിരുന്നൂട്ടേണ്ട ചുമതല ദൃക്സാക്ഷിവിവരണക്കാരനാണു്. അദ്ദേഹമതു ഭംഗിയായി ആരംഭിച്ചു. പരിസരെത്തപ്പറ്റിയുള്ള വർണ്ണനയോടെ തുടക്കം. പിന്നെ ആകാശം, ആകാശത്തിൽ തലയുയർത്തിനില്ലന്ന കെട്ടിടങ്ങൾ. കെട്ടിടങ്ങൾക്കു തണലേകുന്ന വൻമരങ്ങൾ… അങ്ങന വിവരിച്ചുപോകുമ്പോൾ ആരോ പതുക്കെപ്പറയുന്നു: അദ്ദേഹം വരുന്നു; ശ്രീ വി. പി. മനോൻ. മുഖ്യാതിഥി നടന്നടുക്കുമ്പോൾ വിവരണക്കാരൻ ചുവടൊന്നു മാറ്റി. ‘വരുന്നു, അദ്ദേഹം വരുന്നു. ബഹുമാനപ്പെട്ട ശ്രീ വി. പി. മേനോൻ… അതിമനോഹരമായ ഒരു ബുഷ് ഷർട്ടാണദ്ദേഹം ധരിച്ചതു്.” ഇത്രയുമായപ്പോൾ അടുത്തിരിക്കുന്ന ഒരാൾ പറയുന്നു. അയ്യോ പാൻറ്സിന്റെ കാര്യം പറഞ്ഞില്ല. സൂചന കിട്ടേണ്ട താമസം വിവരണക്കാരൻ പറയുന്നു: “മാന്യശ്രോതാക്കളെ, അദ്ദേഹം പാന്റ്സും ധരിച്ചിട്ടുണ്ടു്” പോരേ? ഇതിലപ്പുറമെന്തു വേണം? ഇരുതല മൂർച്ചയുള്ള ഒരായുധമാണു് ദൃക്സാക്ഷി വിവരണം. ഏകാഗ്രത കൈവെടിഞ്ഞാൽ പരാജയപ്പെട്ടതുതന്നെ.”
മുഷ്താഖിന്റെ ഈ കഥകൂടി ഓർമ്മവന്നപ്പോൾ ഞാനാകെ തളർന്നു. ഈ പ്രതിസന്ധിയിൽ എനിക്കു മോചനമില്ലെന്നുതന്നെ തീരുമാനിച്ചു. അതുകൊണ്ടെന്തു കാര്യം? തൃശൂർക്കുള്ള വഴിയിൽ മുക്കാൽ ഭാഗവും പിന്നിട്ടുകഴിഞ്ഞിരിക്കുന്നു. ഇനി വിധിക്കു കീഴടങ്ങുക മാത്രം.
തൃശ്ശൂരെത്തി. സാങ്കേതികവിദഗ്ദ്ധരും ഞാനും യന്ത്രസാമഗ്രികൾ ചുമക്കുന്ന ഒരു കൂലിക്കാരനും ചേർന്നു സംഭവസ്ഥലത്തു ചെന്നു റോസ്ട്രത്തിനു കീഴെ യഥാസ്ഥാനങ്ങളിൽ ഓരോന്നും സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങി. ജനം വന്നുകൊണ്ടേയിരിക്കുന്നു. പല വഴികളിലൂടെ അരുവികളായി, പുഴകളായി ഒഴുകിച്ചേർന്നുകൊണ്ടിരിക്കുന്നു. എഞ്ചിനീയർ, ഫോൺവഴി കോഴിക്കോടു നിലയവുമായി ബന്ധപ്പെടുന്നു. നിശ്ചിത സമയം അടുത്തടുത്തുവരുന്നു. ഞാൻ നീലാകാശം നോക്കി. നെടുവിർപ്പിട്ടു. പിന്നെ നിരത്തിലൂടെ പാഞ്ഞു പോകുന്ന വാഹനങ്ങളെ നോക്കി ശബ്ദമില്ലാതെ എന്തൊക്കെയോ പിറുപിറുത്തു. മരത്തലപ്പു നോക്കാൻ മറന്നു പോയി. അപ്പോൾ യന്ത്രസാമഗ്രികളിലൊന്നിൽ മണി മുഴങ്ങി. കോഴിക്കോട്ടുനിന്നുള്ള വിളിയാണ്. എഞ്ചിനീയർ സംസാരിക്കുന്നു. പ്രക്ഷേപണം തുടങ്ങാൻ ഇനി അഞ്ചു മിനിട്ടു മാത്രം. എന്നോടു്—എന്നുവെച്ചാൽ ദൃക്സാക്ഷിവിവരണക്കാരനോടു്—തയ്യാറായി നില്ക്കാൻ നിർദ്ദേശം. എഞ്ചിനീയർ മൈക്രോഫോൺ എന്റെ കൈയിൽ തന്നു് എന്തെങ്കിലും സംസാരിക്കാൻ പറഞ്ഞു. ടെസ്റ്റാണു്. മൈക്രോഫോൺ പിടിച്ച എന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. തൊണ്ടയും ചുണ്ടും വരണ്ടുപോയതുകൊണ്ടു ശബ്ദം വളരെ അവ്യക്തമായിരുന്നു. അക്ഷരങ്ങൾക്കു സ്ഫുടത കുറവായിരുന്നു. എന്നിട്ടും ഞാൻ സംസാരിച്ചു. “ഹല്ലോ, ഇതു തൃശ്ശൂരിൽനിന്നാണു്.” അപ്പറം പറയും മുമ്പു് ഫോണിന്റെ ശബ്ദം നിലച്ചു.
അഞ്ചു മിനിട്ടു് അരനിമിഷം പോലെ കഴിഞ്ഞുപോയി. പരിപാടിയുടെ തുടക്കം. കോഴിക്കോടുമായുള്ള ടെലഫോൺബന്ധം തുടർന്നു. പണ്ഡിറ്റ്ജിയെ കാത്തിരിക്കുന്ന ജനാവലിയെ നോക്കി, ഞാൻ സംസാരിക്കാൻ തുടങ്ങി. ബഹുമാന്യ ശ്രോതാക്കളെ അഭിസംബോധന ചെയ്തു് തൃശ്ശൂരിൽനിന്നാണു് സംസാരിക്കുന്നതെന്നറിയിച്ചു. അപ്പോൾ ജനാവലിയിളക്കം. കരഘോഷം. എന്താണു സംഭവിക്കുന്നതു്? ഭഗവാനേ രക്ഷപ്പെട്ടു. തുറന്ന ജീപ്പിൽ തൊഴുകൈയുമായി നിന്നുകൊണ്ടു പണ്ഡിറ്റ്ജി വരുന്നു. നിശ്ചിത സമയത്തിനും അല്പനിമിഷങ്ങൾക്കു മുമ്പായി. ഇല്ല. എനിക്കൊന്നും ചെയ്യേണ്ടിവന്നില്ല. പ്രധാനമന്ത്രി വരുന്നു, പണ്ഡിറ്റ്ജി വരുന്നു എന്നു് ആവർത്തിച്ചാവർത്തിച്ചു് വിളിച്ചുപറയുകയായിരുന്നു ഞാൻ. ശ്രോതാക്കളതു കേട്ടോ എന്തോ?
പരിപാടി കഴിഞ്ഞു് അവിടെ അല്പ നിമിഷം പോലും ഞങ്ങൾക്കു നില്ക്കാനിടയുണ്ടായിരുന്നില്ല. കോഴിക്കോട്ടെത്തണം. കടപ്പുറത്തെ മഹായോഗമുണ്ടു്. അവിടെയും ദൃക്സാക്ഷിയുടെ ചുമതല എനിക്കായിരുന്നു, കോഴിക്കോട്ടെത്തുമ്പോൾ നേരം വളരെ വൈകിയിരുന്നു. ആരുടെയോ ബുദ്ധിമോശം കൊണ്ടോ മറവികൊണ്ടോ പോലീസിൽ നിന്നു് എന്റെ പേരിലൊരു പാസു വാങ്ങിയിരുന്നില്ല. സമ്മേളന സ്ഥലത്തു കടക്കാൻ പാസ് വേണം. അവിടം അപ്പോൾ പോലീസിന്റെ വരുതിയിലാണു് എന്തു ചെയ്യും? ചുമ്മാ ചെല്ലണം. ധൈര്യമായി കടക്കണം. ആരെങ്കിലും തടഞ്ഞാൽ വിവരം പറയണം.
ഞാൻ പുറപ്പെട്ടു. യാത്രയുടെ ക്ഷീണം. ഊണുകഴിക്കാൻ പറ്റീട്ടില്ല. അതൊക്കെ എന്റെ വ്യക്തിപരമായ കാര്യം. ചുമതല നിർവ്വഹിക്കുന്ന കാര്യത്തിൽ അതൊന്നും എന്നെ രക്ഷിക്കില്ലല്ലോ. പ്രധാന ഗേറ്റു കടക്കുമ്പോൾ ആരും തടഞ്ഞില്ല. ഞാൻ നടന്നു. വരട്ടെ, വന്നു ചോദിക്കട്ടെ. പാസ്സില്ലാത്തതു് എന്റെ കുറ്റമല്ലല്ലോ. ഓ! ഇനിയാരും വരില്ല. റോസ്ട്രത്തിനടുത്തെത്താറായല്ലോ. ധൃതിയിൽ നടക്കാൻ തുടങ്ങി. അപ്പോൾ എന്റെ തോളിൽ ബലമുള്ളാരു കൈ. തിരിഞ്ഞു നോക്കി. ഒരു പോലീസ് ആപ്പീസർ. അദ്ദേഹം തമിഴിലാണു ചോദിച്ചതു്. പാസ് കാണണം. കൈയിലുണ്ടെങ്കിലല്ലേ കാണിക്കാൻ പറ്റൂ. ഉള്ളിലല്പം പരുങ്ങലുണ്ടായെങ്കിലും അതു മറച്ചു പിടിച്ചു. പാതി മലയാളത്തിലും അതിൻപാതി ഇംഗ്ലീഷിലും മറ്റൊരുപാതി തമിഴിലുമായി സംഭവം വിവരിക്കാൻ തുടങ്ങി. മൂന്നു ഭാഷയും പരമാവധി അപകടമായിരുന്നെന്നു എനിക്കു നല്ല ബോധ്യമുണ്ടായിരുന്നു. പരിഭ്രമിച്ചുകൊണ്ടു സംസാരിക്കാൻ തുടങ്ങുമ്പോൾ ഒരു ഭാഷയും നമ്മളെ സഹായിക്കില്ല. എല്ലാം വഴിപോലെ വിവരിച്ചുകേട്ടപ്പോൾ ആപ്പീസർ ചിരിച്ചു. പിന്നെ ശുദ്ധമലയാളത്തിൽ ചോദിച്ചു:
“എന്നെ മനസ്സിലായോ?” ഞാൻ വിഷമിച്ചു. അദ്ദേഹം പേരു പറഞ്ഞു:
“സാമി.”
എന്റെ വിഷമം വിട്ടുമാറിയില്ല. അദ്ദേഹം ശ്രീ വി. ആർ. നായനാരെപ്പറ്റി, മിസ്സിസ് നായനാരെപ്പറ്റി, മകളെപ്പറ്റി അന്വേഷിച്ചു. അതു കേട്ടപ്പോൾ ഒരു പഴയ ചിത്രം എന്റെ മനസ്സിൽ തെളിഞ്ഞു വന്നു. ശ്രീകണ്ഠേശ്വരക്ഷേത്രം. സാമി വരന്റെ വേഷത്തിൽ. പൂമാലയും കഴുത്തിലണിഞ്ഞു നില്ക്കുന്നു. അടുത്തുതന്നെ നവവധുവും. വാത്സല്യനിധിയായ ഒരു രക്ഷിതാവിനെപ്പോലെ അടുത്തു ശ്രീ നായനാരുമുണ്ടു്. ഞങ്ങളുടെ ആപ്പീസിൽ ജോലിചെയ്യുന്ന കേശവന്റെ സഹോദരിയാണു വധു. എല്ലാമെല്ലാം തെളിഞ്ഞു വന്നപ്പോൾ ഞാൻ പറഞ്ഞു:
“ക്ഷമിക്കണം. പെട്ടെന്നു് ആളെ മനസ്സിലാക്കാൻ കഴിയാത്തതിൽ ദുഃഖമുണ്ടു്.”
ഞങ്ങൾ സുഹൃത്തുക്കളെപ്പോലെ സംസാരിച്ചുകൊണ്ടു നടന്നു. അദ്ദേഹം പോലീസിൽ ചേർന്നതും തമിഴ്‌നാട്ടിൽ ജോലി ചെയ്യുന്നതുമെല്ലാം വിസ്തരിച്ചുപറഞ്ഞു. സന്തോഷത്തോടെ ഞങ്ങൾ കൈപിടിച്ചു കുലുക്കി യാത്രപറഞ്ഞു. വീണ്ടും ഇതുപോലെ ജീവിതത്തിന്റെ ഏതെങ്കിലും തുറയിൽവെച്ചു കാണാമെന്നു പറഞ്ഞു കൊണ്ടു്. പക്ഷേ, ഇന്നുവരെ അതു സംഭവിച്ചിട്ടില്ല. അദ്ദേഹം എവിടെയുണ്ടു്. ഇന്നും എനിക്കറിഞ്ഞു കൂടാ. തീർച്ചയായും പോലീസിൽ വലിയൊരു പദവിയോളം വളർന്നു് അടുത്തൂൺപറ്റി എവിടെയെങ്കിലും കുടുംബസമേതം സന്തോഷഭരിതനായി അദ്ദേഹമിന്നു ജീവിക്കുന്നുണ്ടാവും.
അന്നത്തെ സായാഹ്നം ഒരിക്കലും മറക്കാൻ കഴിയില്ല. പണ്ഡിറ്റ്ജിയെ കാത്തിരിക്കുന്ന മഹാപുരുഷാരം. പുരുഷാരത്തെ വെല്ലുവിളിച്ചുകൊണ്ടു് അറബിക്കടൽ. തുടുത്തു തുടുത്തു് ഉരുക്കിയെടുത്ത സ്വർണ്ണനാണ്യംപോലുള്ള സൂര്യൻ കടലിൽ താഴുന്നതു വെറുതെ നോക്കിനില്ക്കേണ്ടിവന്നു. പരിപാടി തുടങ്ങിയിട്ടാണു സംഭവമെങ്കിൽ, ദൃക്സാക്ഷിക്കു് ആ ദൃശ്യമൊന്നു വർണ്ണിച്ചുകളയാമായിരുന്നു. കഴിഞ്ഞില്ല. ഒരു കാര്യം ഇവിടെ എടുത്തുപറയേണ്ടതായിട്ടുണ്ടു്. പണ്ഡിറ്റ്ജി തൃശ്ശൂരിലെന്നപോലെ കോഴിക്കോട്ടെന്നെ അനുഗ്രഹിച്ചില്ല. വൈകിയാണു വന്നതു്. പത്തോ പതിനഞ്ചോ മിനിട്ടു വൈകിയെന്നാണു് എന്റെ ഓർമ്മ. അത്രയും സമയം ഞാൻ ശ്രോതാക്കളെ വകവരുത്തുക തന്നെ ചെയ്തു. കാരണം പരിഭ്രമത്തിന്റെ ആദ്യഘട്ടം തൃശ്ശൂരിൽ കഴിഞ്ഞു പോയിരുന്നു. അതുകൊണ്ടു് ആകാശത്തെയോ അലകടലിനെയോ ഞാൻ വെറുതെ വിട്ടില്ല. നക്ഷത്രങ്ങളെപ്പോലും കീഴെ ഇറക്കിക്കൊണ്ടുവന്നിരിക്കണം. വാചകമടിയുടെ കോലാഹലത്തിൽ ദൃക്സാക്ഷി കിഴക്കോട്ടു നോക്കി. അപ്പോൾ ഇ. ആന്റ് എസ്. കെട്ടിടത്തിന്നു മുകളിൽ ചന്ദ്രൻ വന്നുനില്ക്കുന്നു. സന്തോഷം, സൂര്യനേയോ കിട്ടിയില്ല. ഇവനെ വകവരുത്താം. പൗർണ്ണമിയോടടുക്കുന്ന ചന്ദ്രനാണു പരമസുന്ദരൻ
കണ്ണനംഗന് സുമംഗളാസ്പദം
വിണ്ണവർക്കമൃതു പാൽക്കടൽക്കു് തൂ-
വെണ്ണ വെണ്മതിമിഴിക്കൊരുത്സവം.
ഈ ശ്ലോകം അപ്പോൾ പെട്ടെന്നു് ഓർമ്മവന്നെങ്കിലും ഞാൻ ചൊല്ലിയോ എന്നു തീർത്തു പറയാൻ വയ്യ. ഒരു കാര്യം—പണ്ഡിറ്റ്ജി വരുവോളം ഞാൻ തളരാതെ അതുമിതും പറഞ്ഞു. തോല്ക്കാൻ കൂട്ടാക്കിയില്ല. പരുക്കു് ശ്രോതാക്കൾക്കല്ലേ.