കോളേജ് വിദ്യാർത്ഥികൾക്കുവേണ്ടി ആകാശവാണി സംഘടിപ്പിച്ച നാടക മത്സരത്തെപ്പറ്റി ഓർത്തുപോവുകയാണു്. രസകരമായ പല അനുഭവങ്ങളും സംഭാവന ചെയ്തതായിരുന്നു ആ മത്സരം. അന്നു് തൃശ്ശൂരിൽ ആകാശവാണിയുടെ ഒരു കേന്ദ്രം ആരംഭിച്ചു കഴിഞ്ഞിരുന്നില്ല. വടക്കു കാസർകോടു് മുതൽ തെക്കു് എറണാകുളം വരെയുള്ള എല്ലാ കോളേജുകളും കോഴിക്കോട്ടാണു മത്സരത്തിൽ പങ്കെടുക്കേണ്ടത്. കോളേജുകളെല്ലാം തന്നെ വലിയ ഉത്സാഹത്തോടുകൂടിയാണു പങ്കെടുത്തതു്. നാടകത്തിന്റെ സ്ക്രിപ്റ്റ് കാലേകൂട്ടി അയയ്ക്കണം. അതു് വിദ്യാർത്ഥികൾ തന്നെ രചിച്ചതാണെന്നു പ്രിൻസിപ്പൾ സാക്ഷ്യപ്പെടുത്തണം. സ്ക്രിപ്റ്റ് അംഗീകരിച്ചു കഴിഞ്ഞാൽ നിശ്ചിത തിയ്യതിക്കു നിലയത്തിൽവെച്ചു റിക്കാർഡ് ചെയ്യണം. അങ്ങനെ റിക്കാർഡ് ചെയ്ത ടെയ്പാണു് അവസാനപരിശോധനയ്ക്കു വേണ്ടി അയച്ചുകൊടുക്കുന്നതു്. പരിശോധകരതു് ശ്രദ്ധിച്ചു കേട്ടു സമ്മാനാർഹമായതു് തിരഞ്ഞെടുക്കുന്നു.
മത്സരം നടക്കുന്ന കാലത്തു നിലയത്തിൽ വലിയ തിരക്കായിരിക്കും. പതിവുപരിപാടികൾക്കിടയിൽ കോളേജ് വിദ്യാർത്ഥികളുടെ നാടകങ്ങൾ റിക്കാർഡ് ചെയ്യാൻ സമയവും സൗകര്യവും കണ്ടെത്തുക വലിയ പ്രയാസമാണു്. എല്ലാ ആവശ്യങ്ങളും ഒരുമിച്ചു നിർവ്വഹിക്കാൻ സ്റ്റുഡിയോ സൗകര്യം കുറവായിരുന്നു. അതു പോലെ യന്ത്ര സാമഗ്രികളും വളരെ പരിമിതമായിരുന്നു. കോളേജിൽനിന്നു വരുന്നവർ അതിഥികളാണല്ലോ. വിശേഷിച്ചും വിദ്യാർത്ഥികൾ. അവർക്കും അസൗകര്യങ്ങളുണ്ടാകാത്ത വിധം കാര്യങ്ങൾ നിവർത്തിക്കണം. വലിയ പാടുതന്നെ. എങ്കിലും, ആവലാതിയോ ആക്ഷേപമോ കൂടാതെ അതൊക്ക ഭംഗിയായി നിർവ്വഹിക്കാൻ കഴിഞ്ഞു എന്നതിൽ ഇന്നും ചാരിതാർത്ഥ്യമുണ്ട്.
അന്നൊരു ദിവസം തിരക്കിനും ബഹളത്തിനുമിടയിൽ കേരളവർമ്മ കോളേജിലെ വിദ്യാർത്ഥികൾ പരിപാടിക്കെത്തിച്ചേരുന്നു. അവർ അകലെനിന്നു വണ്ടിക്കു വരുന്നവരാണു്. അന്നു തന്നെ തിരിച്ചു പോകേണ്ടവരും. എല്ലാവരേയും. സന്തോഷത്തോടെ സ്വീകരിച്ചു സ്റ്റുഡിയോവിലിരുത്തി. നാടകത്തിനു വേണ്ട പശ്ചാത്തലസംഗീതത്തിനു് ഏതൊക്കെ വാദ്യങ്ങൾ വേണമെന്നു ചോദിച്ചറിഞ്ഞു. അതതിന്റെ വിദഗ്ദ്ധന്മാരെ തേടിപ്പിടിച്ചു. റിക്കാർഡിങ്ങിനു മുമ്പു് ഒരുവട്ടം റിഹേഴ്സൽ ചെയ്യാനുള്ള സൗകര്യമുണ്ടാക്കി. എത്രയൊക്കെ പോരായ്മകളുണ്ടെങ്കിലും, ബദ്ധപ്പാടു കലശലാണെങ്കിലും അതൊന്നും അതിഥികളെ അറിയിക്കാൻ പാടില്ലല്ലോ.
അങ്ങനെ പശ്ചാത്തലസംഗീതത്തോടെ അവസാനവട്ടം റിഹേഴ്സൽ നടന്നു് എല്ലാവരും റിക്കാർഡിങ്ങിനു തയ്യാറെടുത്തു. നാടകം ആരംഭിച്ചു. നാടകം അല്പം പുരോഗമിച്ചപ്പോൾ, അതിലൊരു കഥാപാത്രം അതീവ ദുഃഖിതനായി കരയേണ്ടിയിരുന്നു. കരച്ചിൽ ആരംഭിച്ചപ്പോൾ സംഗതി ആകെ വഷളാകുമല്ലോ എന്നൊരു തോന്നൽ. അനുഭവം കൊണ്ടങ്ങനെ തോന്നിയതാണു് പലപ്പോഴും ദുഃഖഭാരം കൊണ്ടു കരയേണ്ടവർ വാവിട്ടു നിലവിളിച്ചു നല്ല നാടകമായാൽപ്പോലും ശ്രോതാവിനെ പരമാവധി മുഷിപ്പിച്ചുകളയുന്ന സംഭവങ്ങൾ പലതുമുണ്ടായിട്ടുണ്ടു് എന്താണു സംഭവിക്കുന്നതെന്നറിയാൻ വേണ്ടി കാതോർത്തു നില്ക്കുമ്പോൾ കുറഞ്ഞാരദ്ഭുതമാണുണ്ടായതു്. പരിചയസമ്പന്നനായ ഒരു അഭിനേതാവിനെപ്പോലെ ശോകരസം അല്പമാത്രപോലും തന്റെ കരച്ചിൽ കൊണ്ടു് അതിഭാവുകത്വത്തിലേക്കുയർത്താതെ തേങ്ങിത്തേങ്ങി, കേൾക്കുന്നവരിൽ പോലും തേങ്ങലുണ്ടാക്കി അതീവ മനോഹരമായിത്തന്നെ തന്റെ ചുമതല ആ വിദ്യാർത്ഥി നിർവ്വഹിച്ചു. ക്ഷമിക്കണം, കരച്ചിലിനെ അതിമനോഹരമെന്നു വിശേഷിപ്പിച്ചതു മനപ്പൂർവ്വമാണു്. ആകാശവാണിയിലെ കലാകാരന്മാരായ ഞങ്ങൾക്കന്നു, ചിരിയായാലും കരച്ചിലായാലും കൊലപാതകമായാലും ബലാൽക്കാരമായാലും പ്രകടനത്തിന്റെ മാറ്റു കണക്കാക്കി മനോഹരമെന്നു വിശേഷിപ്പിക്കാനാണു താൽപര്യം. റിക്കാർഡിങ് കഴിഞ്ഞപ്പോൾ വലിയ സന്തോഷമായിരുന്നു. നല്ലൊരു നാടകം ആസ്വദിക്കാൻ കഴിഞ്ഞതിലും മികവുള്ള അഭിനയം കൊണ്ടു് ആ നാടകത്തിന്റെ മാറ്റ് ഇരട്ടിപ്പിച്ചു കണ്ടതിലുമുണ്ടായ സന്തോഷം.
ടെയ്പും സ്ക്രിപ്റ്റുമെല്ലാം വളരെ വേഗത്തിൽ ഒതുക്കി ഭദ്രമായൊരിടത്തു സൂക്ഷിച്ചു് ഞാൻ ധൃതിയിൽ പുറത്തേക്കു ചെന്നു. സ്വീകരണമുറിയിൽ ഒത്തുചേർന്നു നില്ക്കുന്ന വിദ്യാർത്ഥികൾക്കിടയിലെത്തി. എനിക്കാ അഭിനേതാവിനെ കാണണം; ആ മനോഹരമായ കരച്ചിലിന്റെ ഉടമയെ, പിന്നെ നാടകരചന നിർവ്വഹിച്ച വിദ്യാർത്ഥിയേയും, രണ്ടാവശ്യങ്ങളും ഞാനവരെ അറിയിച്ചു. വളരെ ഒതുക്കമുള്ള കൂടുതൽ വിനയത്തിനുടമയായ, ലജ്ജാശീലനെന്നു തോന്നിക്കുന്ന ഭാവപ്രകടനത്തോടുകൂടിയ, എന്നാൽ തിളങ്ങുന്ന വലിയ രണ്ടു കണ്ണുകളുടെ ഉടമയായ ഒരു വിദ്യാർത്ഥിയാണു് എന്റെ മുമ്പിൽ വന്നു നിന്നതു്. രചയിതാവിനെ അന്വേഷിക്കേണ്ട ബുദ്ധിമുട്ടുണ്ടായില്ല. അതും ആ വിദ്യാർത്ഥി തന്നെയാണു് നിർവ്വഹിച്ചതു്. ഞാനെന്റെ അഭിനന്ദനമറിയിച്ചു. വിദ്യാർത്ഥിയുടെ പേരന്വേഷിച്ചു. കെ. പി. ശങ്കരൻ. അതെ. മലയാള സാഹിത്യത്തിലെ പേരെടുത്ത നിരൂപകരിലൊരാളായ കെ. പി. ശങ്കരൻതന്നെ. എന്തു പറയുന്നു ആ അനുഭവത്തെപ്പറ്റി? ചെറിയ അനുഭവമാണോ? എന്റെ അഭിനന്ദനം മി. ശങ്കരന്നു വലിയ പ്രചോദനമൊന്നും നല്കിയില്ലെങ്കിലും അതിൽ നിന്നെനിക്കു സിദ്ധിച്ച മധുര സ്മരണ അവഗണിച്ചു തള്ളാൻ പറ്റിയതാണോ?
ഇതു പോലുള്ള സംഭവങ്ങൾ ഇനിയുമെത്രയെങ്കിലുമുണ്ടു്. അന്നത്തെ ആ മത്സരനാളുകളിൽത്തന്നെ വേറെയും അനുഭവങ്ങളുണ്ടായി. ആദ്യത്തേതു തൃശ്ശൂരിൽ നിന്നാണെങ്കിൽ രണ്ടാമത്തേതു് വടകരനിന്നു്. മടപ്പള്ളി കോളേജിലെ സംഘമാണു വന്നു ചേർന്നതു്, പതിവുചടങ്ങുകളെല്ലാം കഴിഞ്ഞു റിക്കാർഡിങ് സമയത്തു നാടകം ശ്രദ്ധിച്ചുകൊണ്ടു നില്ക്കുമ്പോൾ പുതിയ തലമുറയെപ്പറ്റി ആവേശകരമായ ഒരനുഭവമുണ്ടാവുന്നു. ഇവിടെ മികവുറ്റ അഭിനയത്തിന്റെ മിടുക്കില്ല. ഇതിവൃത്തത്തിന്റെ മേന്മയാണു ശ്രദ്ധേയമായതു്. സമുദായമൈത്രി. അതിൽ ഊന്നൽ നല്കിക്കൊണ്ടു രൂപപ്പെടുത്തിയൊരു നാടകം. നല്ല രചന, ഇതിവൃത്തത്തിനു യോജിച്ച സംഭാഷണം. കഥാപാത്രസൃഷ്ടിയും മോശമല്ല! നാടകം കഴിഞ്ഞപ്പോൾ നാടകകൃത്തിനെ കാണാൻ കൊതിയായി. അന്വേഷിച്ചു; കണ്ടെത്തി. തടിച്ചു കുറുതായ ശരീരം. നല്ല വെളുത്ത നിറം, ലജ്ജാശീലമോ അതിവിനയമോ കണ്ടില്ല. വിദ്യാർത്ഥിയല്ലേ, അഭിനന്ദിച്ചു. അങ്ങോട്ടന്വേഷിക്കാതെ പേരു പറഞ്ഞു. കുഞ്ഞബ്ദുള്ള. കുഞ്ഞു മൊയ്തീനായാലും കുഞ്ഞാലിക്കുട്ടിയായാലും വേണ്ടില്ല. ചെയ്ത കാര്യം ഒന്നാന്തരമായിരിക്കുന്നു. നമ്മുടെ നാടിനു പറ്റിയ നാടകം. ഇതുപോലുള്ള നാടകങ്ങൾ ഇനിയുമിനിയുമുണ്ടാകണമെന്നെല്ലാം അല്പം ഭവ്യതയോടെ പറഞ്ഞു. അങ്ങനെയാണല്ലോ, വിദ്യാത്ഥികളുടെ മുന്നിൽ അല്പമൊരാളാവാനും നാലുവാചകം ഉപദേശരൂപേണ ഭാവനചെയ്യാനും മുതിരുന്നവരാണല്ലോ, എന്നെപ്പോലുള്ളവർ. പേരു പറഞ്ഞപ്പോൾ, വീട്ടുപേരു പറഞ്ഞോ? ഓർക്കുന്നില്ല. ഓർത്താലുമില്ലെങ്കിലും അതു പുനത്തിൽ കുഞ്ഞബ്ദുള്ളയായിരുന്നു. പ്രസിദ്ധ കഥാകൃത്തും നോവലിസ്റ്റുമെന്ന നിലയിൽ ഇന്നെല്ലാവരാലും പ്രശംസിക്കപ്പെട്ടുവരുന്ന സാക്ഷാൽ പുനത്തിൽ കുഞ്ഞബ്ദുള്ള. ഈ സംഭവം മി. കുഞ്ഞബ്ദുള്ള തന്നെ ഒരു വലിയ സദസ്സിൽ അദ്ദേഹത്തോടൊപ്പം വേദിയിലിരിക്കുന്ന എന്റെ മുമ്പിൽ വെച്ചു് ഉറക്കെ പ്രഖ്യാപിച്ചു കളഞ്ഞതു കേട്ടിരിക്കാനുള്ള യോഗവും എനിക്കുണ്ടായെന്നു പറയട്ടെ.
കെ. തായാട്ടെന്ന സാഹിത്യകാരനേയും ഇതുപോലൊരു സന്ദർഭത്തിലാണു ഞാൻ കാണുന്നതും പരിചയപ്പെടുന്നതും. ഒരു നാടകത്തിന്റെ പ്രക്ഷേപണം നടക്കുകയാണു് നല്ല കനത്ത ശബ്ദത്തിൽ ഒരാൾ സംസാരിക്കുന്നു. ഈ പ്രപഞ്ചത്തിലെ സമസ്തവസ്തുക്കളും ചെവിടെന്ന ഏകാവയവത്തിലൂടെ ഉൾകൊള്ളാനും ആസ്വദിക്കാനും വിധിക്കപ്പെട്ടവരാണല്ലോ ഞങ്ങൾ ആകാശവാണിക്കാർ. നല്ല ശബ്ദം കേട്ടാൽ വലിയ ഭ്രമം. അതിന്റെ ഉടമയെ കാണാനും പരിചയപ്പെടാനും അതിലേറെ ഭ്രമം. അങ്ങനെയാണു് നല്ല കനത്ത പുരുഷശബ്ദത്തിന്റെ ഉടമയെ കാണാൻ കാത്തുനിന്നതു്. കണ്ടു. അറിഞ്ഞു. അടുത്തു. കെ. തായാട്ടെന്ന ആ വ്യക്തി പിൽക്കാലത്തു് മികച്ച അനേകം നാടകങ്ങളുടെ രചയിതാവും നല്ല അഭിനേതാവും ഗ്രന്ഥകാരനുമെന്ന നിലയിൽ റേഡിയോ ശ്രോതാക്കൾക്കു മാത്രമല്ല, സഹൃദയരായ മലയാളികൾക്കു മുഴുവനും ഇന്നു സുപരിചിതനാണു്.
ഇങ്ങനെ ചിന്തിക്കാൻ തുടങ്ങിയാൽ ഇതിനൊരവസാനമില്ല.
ഒരു ഭാഗ്യം ചുളുവിൽ വീണുകിട്ടിയ കഥയുണ്ടു്. അതെങ്ങനെയെന്നുവെച്ചാൽ, ഒരു ദിവസം ഒരുവൻ ഫോണിൽ വിളിക്കുന്നു. ഒരുവനെന്നുവെച്ചാൽ മുപ്പത്തുമുക്കോടികളിൽ ഒരുവനല്ല. സാക്ഷാൽ ദേവൻ മാതൃഭൂമിയിൽനിന്നു വിളിക്കുന്നു:
“എഡേയ്—നോക്കണേ ധിക്കാരം—നിന്റെ കൈയിൽ പുസ്തകമുണ്ടോ?”
“എന്തിനാ വായിക്കാനോ?”
“ഛെ. തന്നോടു പുസ്തകം വാങ്ങി വായിക്കാൻ മാത്രം നിരക്ഷരനോ ഞാൻ? പറയുന്നതു കേൾക്കു്. നാലു കാശിന്റെ വഹയാണു് നിനക്കു കിട്ടട്ടെ.”
“മനസ്സിലായില്ല.”
“ഡേയ്, ഇതു് പാഠപുസ്തകമാണു വിഷയം. മനസ്സിലായോ? കൃഷ്ണവാരിയർ പാഠപുസ്തകക്കമ്മറ്റിയിൽ ഒരംഗമാണു് ഒപ്പം മഹാകവി ജി. യും കുറ്റിപ്പുഴയുമുണ്ടു്. അവർ ഉപപാഠപുസ്തകങ്ങൾ മുഴുവനുമെന്നു പറയാം തിരഞ്ഞെടുത്തു കഴിഞ്ഞു. ആറാം ക്ലാസ്സിലേക്കു പുസ്തകമൊന്നും കിട്ടിയില്ല. വല്ലതുമുണ്ടെങ്കിൽ ഒന്നെടുത്തു കൊടു്. ദീപസ്തംഭമല്ലേ നമുക്കും കിട്ടിക്കോട്ടെ പണം.”
എല്ലാം പറഞ്ഞുകേട്ടപ്പോൾ സംഗതി കൊള്ളാമെന്നെനിക്കു തോന്നി. കുടുംബത്തിലേക്കു നാലുകാശു് വരുമാനമുണ്ടാവുന്നതല്ലേ. പക്ഷേ, പുസ്തകമെവിടെ? ആലോചിച്ചാലോചിച്ചു് വിഷമിക്കുമ്പോൾ ഒരാഗ്രഹം പോലെ അവൻ മനസ്സിലുദിക്കുന്നു. കേരള ബുക്കു് ഡിപ്പോ പ്രസാധനം ചെയ്ത ‘പഴശ്ശിയുടെ പടവാൾ’ എന്നൊരുവൻ കിടപ്പുണ്ടു്. കുട്ടികൾക്കു വേണ്ടിയെന്ന പേരിൽ നിരന്തരമായ നിർബ്ബന്ധം വന്നപ്പോൾ അതേ പേരിൽ തന്നെ ഞാനെഴുതിക്കൊടുത്ത വസ്തുവാണു്. ഉടനെ മൂന്നു കോപ്പി സംഘടിപ്പിച്ചു ദേവനയച്ചുകൊടുത്തു. ദേവനതു് കൃഷ്ണവാരിയർക്കു കൊടുത്തു. കൃഷ്ണവാരിയർ അതു് എന്തു ചെയ്തെന്നു് ഞാനന്വേഷിച്ചില്ല. പക്ഷേ, പുസ്തകം ആറാം ക്ലാസ്സിൽ ഉപപാഠപുസ്തകമായി വന്നു. പഴശ്ശിയുടെ പടവാൾ ഇടവും വലവും വീശുകതന്നെ ചെയ്തു. ഏറെ കാശു കിട്ടിയില്ലെങ്കിലും കുറച്ചൊക്ക കിട്ടി. അതു വേറൊരു കഥ. പക്ഷേ, പണത്തേക്കാളേറെ അപവാദമാണു കിട്ടിയതു്: ഞാൻ പലരേയും കണ്ടു. കാലുപിടിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിക്കു കൈക്കൂലി കൊടുത്തു. എന്തെല്ലാം പറയാമോ അതെല്ലാം പറഞ്ഞു. എല്ലാം കേൾക്കുകയും സഹിക്കുകയും ചെയ്തു. പക്ഷേ, നമ്മുടെ ഇടയിലൊരു ചൊല്ലുണ്ടല്ലോ—ദൈവം സാക്ഷിയെന്നു്. ഇവിടെ ചെറിയൊരു വ്യത്യാസമേയുള്ളൂ: ദേവൻ സാക്ഷി. ഓ, ഒരു കാര്യം പറയാൻ വിട്ടു. കമ്മ്യൂണിസ്റ്റുകാർക്കു കൈക്കൂലി കൊടുത്തെന്നു പറയാൻ കാരണം അന്നു കേരളം ഭരിച്ചതു് ഇ. എം. എസ്സിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭയായതുകൊണ്ടാണു്. അല്ലെങ്കിൽ ആരു ഭരിച്ചാലും എങ്ങനെ ഭരിച്ചാലും, ഇവിടെ അവാർഡ് കിട്ടുമ്പോഴും ടെക്സ്റ്റ് ബുക്കു് പരിഗണനയ്ക്കെടുക്കുമ്പോഴും ഏതിനെങ്കിലും അപവാദമില്ലാതെ പോയിട്ടുണ്ടോ?