കേന്ദ്ര കലാസമിതി കോഴിക്കോട്ടൊരു കലോത്സവം സംഘടിപ്പിക്കുന്നു. ശാസ്ത്രീയസംഗീതം, ലളിതഗാനം, നാടൻ കല, നാടകം. സമൃദ്ധമായിത്തന്നെ വിരുന്നൂട്ടിക്കളയാൻ സംഘാടകരൊരുങ്ങി. എല്ലാറ്റിനും അതതു വിഷയങ്ങളിൽ പ്രഗല്ഭരായവരെ ക്ഷണിക്കാൻ തീരുമാനിച്ചു. തിരുവനന്തപുരത്തുനിന്നു് ഒരു നാടകം വേണം. അതു നിർബ്ബന്ധം. അവിടെ നാടകവേദിയിൽ പുതിയ പരിവർത്തനത്തിന്റെ കാറ്റു വീശുന്നതു കോഴിക്കോട്ടെ നാടകപ്രേമികളായ ചെറുപ്പക്കാർ മനസ്സിലാക്കിയിരുന്നു. ശ്രീ എൻ. കൃഷ്ണപിള്ളയുടെ ‘അനുരഞ്ജന’വും ’ഭഗ്നഭവന’വും പഠിച്ചു് രംഗത്തവതരിപ്പിച്ചവരിൽ പലരും കലാസമിതി പ്രവർത്തകരിലുണ്ടായിരുന്നു. തിരുവനന്തപുരത്തിനു ക്ഷണമയയ്ക്കാം. അവർ സ്വീകരിക്കും; വരും; തർക്കമില്ല. രണ്ടു ദിവസത്തെ പരിപാടിയിൽ ഒരിനം അങ്ങനെ തീരുമാനിക്കപ്പെട്ടു. രണ്ടാം ദിവസത്തെ നാടകത്തെപ്പറ്റിയുള്ള ആലോചന വന്നപ്പോൾ മി. അബ്ദുള്ളയുടെ ഒരഭിപ്രായം: ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ന്റുപ്പാപ്പാക്കൊരാനേണ്ടാർന്നു’ എന്ന കഥ നാടകരൂപത്തിലാക്കി അവതരിപ്പിക്കണം, അഭിപ്രായം കൊള്ളാം. അതത്ര എളുപ്പമാണോ? ഒന്നാമതു് അതിപ്പോൾ നാടക രൂപത്തിലല്ല. രണ്ടാമതു് മി. ബഷീറിനെക്കൊണ്ടു് നാടകമെഴുതിക്കുക; എഴുതിക്കഴിഞ്ഞിട്ടു പഠിക്കുക—ഇതെല്ലാം പരസ്പരം പറഞ്ഞാസ്വദിക്കാൻ പറ്റും. അതിലപ്പുറമൊന്നും സംഭവിക്കില്ല. പലരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. പക്ഷേ, മി. അബ്ദുള്ള വഴങ്ങിയില്ല. ശ്രമിക്കണം. ശ്രമിച്ചാൽ സാധിക്കുമെന്നുതന്നെ ഉറപ്പിച്ചു പറഞ്ഞു. പ്രശ്നം അതോടെ മി. അബ്ദുള്ളയുടെ പരിഹാരത്തിനു വിട്ടു.
എന്റെ നേർക്കാണു പിന്നത്തെ ആക്രമണം. എന്റെ ചെറിയാരു കൈക്കുറ്റപ്പാടാണതിനു കാരണം. അതിങ്ങനെയാണ്: ആകാശവാണിക്കൊരു മോഹം, ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ഏതെങ്കിലുമൊരു കലാസൃഷ്ടി നാടകമാക്കി അരങ്ങത്തവതരിപ്പിക്കണമെന്നു്. അദ്ദേഹത്തോടാരു പറയും? ആരു പറഞ്ഞാലദ്ദേഹം അനുമതി നല്കും? ആലോചിച്ചാലോചിച്ചു് ഒടുവിൽ അതിന്റെ ചുമതല എന്നിൽ വന്നുവീണു. എനിക്കദ്ദേഹത്തെ അറിയും. കണ്ടിട്ടുണ്ടു്. കുറഞ്ഞ പരിചയവുമുണ്ടു്. അതുകൊണ്ടു മാത്രം എന്റെ അപേക്ഷ അദ്ദേഹം സ്വീകരിക്കണമെന്നില്ല. എങ്കിലും, ശങ്കിച്ചു ശങ്കിച്ചു് ഞാനൊരപേക്ഷ വിട്ടു. പിന്നെ കാത്തിരിപ്പാണു്. അങ്ങനെയിരിക്കുമ്പോൾ മറുപടി വന്നു; പതിവു ശൈലിയിൽ: ‘സംഗതി കൊള്ളാം’. പക്ഷേ, ഇന്ത്യൻ യൂണിയൻ പ്രസിഡണ്ടുമായി കരാറിലേർപ്പെടാൻ വയ്യ. വലഞ്ഞില്ലേ! പ്രക്ഷേപണത്തിനുള്ള ഉരുപ്പടിയുടെ ഉടമ കരാറിലേർപ്പെടേണ്ടതു് പ്രസിഡണ്ടുമായിട്ടാണു്. അതിലൊരു വിട്ടുവീഴ്ചയുമില്ല. എന്തുചെയ്യും? വീണ്ടും എഴുതി. പൊറുതികേടുകൊണ്ടാവണം ഒടുവിലദ്ദേഹം അനുമതി തന്നു. ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു’ എന്ന കഥ. റേഡിയോ നാടകമാവുകയും പ്രക്ഷേപിക്കുകയും ചെയ്തു. ഏറെ നന്ദി പറഞ്ഞു കൊണ്ടുള്ള കത്തെഴുതാൻ തുടങ്ങുമ്പോൾ നേരിയൊരാശ്വാസം എനിക്കുണ്ടായിരുന്നു. കോഴിക്കോട്ടു കേന്ദ്രത്തിന്റെ പ്രസരണശേഷി അന്നു് ഒന്നേകാൽ കിലോവാട്ടായിരുന്നു. അതിലൂടെ പുറത്തുചാടുന്ന വസ്തു ഒരു നിലയിലും തലയോലപ്പറമ്പിലെത്തില്ല. അവിടെയാരും കേൾക്കില്ല. പക്ഷേ, സംഗതി മറിച്ചാണു സംഭവിച്ചതു്. മീ. ബഷീറിന്റെ കത്തു വരുന്നു: “തന്റെ നാടകം കേട്ടു്, രണ്ടു കാക്ക, ഒരു പൂച്ച ഇത്യാദികൾ മരിച്ചുവീണിരിക്കുന്നു!” സാരമില്ല. വധിച്ചില്ലല്ലോ എന്ന സമാധാനം.
തലയോലപ്പറമ്പിൽ ചെന്നു് മി. ബഷീറിനെ ക്ഷണിച്ചുകൊണ്ടുവന്നു് കോഴിക്കോട്ടു താമസിപ്പിക്കുക; റേഡിയോ നാടകത്തിന്റെ സ്ക്രിപ്റ്റും മൂലകഥയും വെച്ചുകൊണ്ടു് പുതിയൊരു നാടകം അദ്ദേഹത്തെക്കൊണ്ടു് എഴുതിക്കുക മി. അബ്ദുള്ളയുടെ പ്ലാൻ അതായിരുന്നു. പിന്നെ സംഗതികൾ നീങ്ങിയതു് വളരെ ദ്രുതഗതിയിലായിരുന്നു. മി. അബ്ദുള്ളയും അബ്ദുറഹിമാനും ഞാനും കൂടി ഒരു നല്ല മുഹൂർത്തം നോക്കി തലയോലപ്പറമ്പിലേക്കു പുറപ്പെടുന്നു. എറണാകുളത്തെത്തി സീ വ്യൂ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചു. പ്രാക്കുളം ഭാസിച്ചേട്ടനെ തിരക്കി. അദ്ദേഹം നെറ്റി നിറയെ ഭസ്മക്കുറിയുമായി ചാരുകസേരയിൽ കിടക്കുന്നു. കസേരത്തണ്ടിൽ മുറുക്കാൻ ചെല്ലമുണ്ടു്; വായ നിറയെ മുറുക്കാനും. കണ്ട ഉടനെ സ്നേഹം നിറഞ്ഞ ചിരിയോടെ നിവർന്നിരുന്നു. ഞങ്ങൾ ഭാസിച്ചേട്ടനോടു സംഗതി വിവരിച്ചു. ചേട്ടൻ പൊട്ടിച്ചിരിച്ചു; പരിപാടി കൊള്ളാമെന്ന അർത്ഥത്തിൽ. ഞങ്ങളുടെ സംരംഭത്തിനു ചിരിച്ചുകൊണ്ടു തന്നെ വിജയമാശംസിച്ചു. ഭാസിച്ചേട്ടനെ കാണുന്നതും അദ്ദേഹവുമായി അല്പസമയം സംസാരിച്ചിരിക്കുന്നതും ആഹ്ലാദകരമായൊരനുഭവമാണു്.
ഞങ്ങൾ തലയോലപ്പറമ്പിലെത്തി. ബഷീർ സാഹിത്യത്തിലൂടെ പരിചയപ്പെട്ട ബന്ധുക്കളേയും സുഹൃത്തുക്കളേയും, ആട്, കോഴി മുതലായ ജന്തുവർഗ്ഗങ്ങളേയും, റോഡിനു നടുവിൽ വില്പന വസ്തുക്കൾ നിരത്തിവെച്ചു് ഉപഭോക്താക്കളേയും കാത്തിരിക്കുന്ന വ്യാപാരികളേയും ഞങ്ങൾ കണ്ടു. റോഡിനു നടുവിൽ വ്യാപാരം നടത്തുന്ന സമ്പ്രദായം, ആദ്യമായി കാണുകയാണു്. ഇന്നും ആ രീതിയവിടെ നടക്കുന്നുണ്ടോ എന്തോ? ഇങ്ങനെ പറയാൻ തുടങ്ങിയാൽ ആ യാത്രയിലുണ്ടായ അനുഭവങ്ങൾ വിരാമമില്ലാതെ നീണ്ടുപോകും. ചുരുക്കിപ്പറയട്ടെ. ഞങ്ങൾ മി: വൈക്കം മുഹമ്മദ് ബഷീറിനേയും കൊണ്ടു കോഴിക്കോട്ടെത്തി… കണ്ടവർക്കും കേട്ടവർക്കുമൊക്കെ അദ്ഭുതം. നാടകമെഴുതാൻ നല്ല വെളിച്ചവും കാറ്റും ഏകാന്തതയുമുള്ള ഒരു സ്ഥലം വേണം. എസ്. കെ. പൊറ്റെക്കാടിന്റെ ഭവനം ‘ചന്ദ്രകാന്തം’ ഒഴിഞ്ഞു കിടപ്പാണെന്നു് അന്വേഷണത്തിൽ മനസ്സിലായി. ഏറെ വിഷമിക്കേണ്ടിവന്നില്ല, കാഥികന്റെ പണിപ്പുരതന്നെ കിട്ടി. അവിടെ മേലന്വേഷണത്തിന്റെ ചുമതല കെ. പി. രാമൻനായരെ ഏല്പിച്ചു. ആളുകളെ നിയന്ത്രിക്കണം. അവശ്യവസ്തുക്കൾ സംഘടിപ്പിച്ചുകൊടുക്കണം. എഴുത്തുപണിയുടെ പുരോഗതിയെപ്പറ്റി ഇടയ്ക്കിടെ അന്വേഷിക്കുകയും വേണം. ഇല്ലെങ്കിൽ ആരാധകർ കേറി അമ്പലം തീണ്ടും. പരിപാടികൾ മുടക്കും.
നാടകനിർമ്മാണ യജ്ഞം ആരംഭിച്ചു. ഒപ്പം പാചകവേലയും. പാചകം വേലയിൽ ഒതുങ്ങിനിന്നില്ല. പലപ്പോഴും പാചകക്ലാസ്സുകൾ നടക്കുന്നു. വി. കെ. എൻ., ദേവൻ, പട്ടത്തുവിള, എം. ടി. തുടങ്ങി പ്രഗല്ഭരായ പലരും ക്ലാസ്സിൽ പങ്കെടുക്കുന്നു. ക്ലാസ്സ് കഴിയുമ്പോൾ അടുത്തുനിന്നും അകലെനിന്നും ആരാധകരെത്തുന്നു. ആകെ ബഹളം. നാടകരചനയല്ലാത്ത എല്ലാ കാര്യങ്ങളും ഭംഗിയായി അവിടെ നടക്കുന്നു. രാമൻനായർക്കു് അരിശം വരുന്നു. രാമൻനായർ പിറുപിറുക്കുന്നു. കണിശക്കാരനാണു രാമൻനായർ. ഏതു സംഗതിയും വഴിപോലെ നടക്കണം; നടന്നേപറ്റൂ. അദ്ദേഹം പൂർണ്ണമായും നിയന്ത്രണമേറ്റെടുക്കുന്നു. യജ്ഞം തടവില്ലാതെ തുടരുന്നു.
കലോത്സവത്തിന്റെ നാളുകളെത്തി. നിറഞ്ഞ സദസ്സിൽ മുഖ്യന്ത്രി ഇ. എം. എസ്. കലോത്സവത്തിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. തിരുവനന്തപുരത്തുനിന്നു നാടകസംഘം വന്നു. ശ്രീ സി. എൻ. ശ്രീകണ്ഠൻനായരുടെ ‘കാഞ്ചന സീത’യാണു നാടകം. ശ്രീകണ്ഠൻ നായരെ നേരത്തെ പരിചയമുണ്ടു്. അടുത്ത സുഹൃത്താണെന്നുവരെ അവകാശപ്പെടാം. ഗ്രീൻ റൂമിൽ ചെന്നപ്പോൾ ആദ്യം കണ്ടതു്, എല്ലാവർക്കും ചേട്ടനായ ശ്രീ വിക്രമൻനായരെയാണു് ആകാശവാണിയുടെ ആവിർഭാവത്തോടെ, ശബ്ദതരംഗങ്ങൾ കൊണ്ടുവന്നു പരിചയപ്പെടുത്തിയ പ്രഗല്ഭരായ പലരിൽ ഒരാളാണു് ശ്രീ വിക്രമൻനായർ. അതിനപ്പുറമുണ്ടു് ശ്രീ ടി. ആർ. സുകുമാരൻ നായർ. മലയാള നാടക വേദി എന്നുമെന്നും ആദരവോടെ സ്മരിക്കുന്ന അനുഗ്രഹീതരായ രണ്ടു വിശിഷ്ട വ്യക്തികൾ. ഒരാൾ നാടകകലയെ മുഴുവനായി സ്വാംശീകരിക്കുമ്പോൾ അപരൻ അഭിനയകലയുടെ ഉത്തുംഗശൃംഗങ്ങൾ കീഴടക്കുകയായിരുന്നു. ഈ പ്രതിഭാധനർക്കപ്പുറം വേണുക്കുട്ടൻ നായരേയും കാണാൻ കഴിഞ്ഞു. പ്രസംഗവേദിയിലല്ലാതെ നാടകവേദിയിലൊരിക്കലും കണ്ടു മുട്ടാത്ത പ്രഗല്ഭനടൻ കൗമുദി ബാലകൃഷ്ണനും അവിടെ ഗ്രീൻ റൂമിലുണ്ടായിരുന്നു. അദ്ദേഹത്തെ പരിചയമില്ലെന്നു വിട്ടുപറയാൻ വയ്യ. കൗമുദിയുടെ വാർഷികപ്പതിപ്പിന്റെ സാഹിത്യസംഭാവനകൾ തേടി കേരളത്തിലങ്ങോളമിങ്ങോളം ജൈത്രയാത്ര നടത്തുന്ന ശ്രീ ബാലകൃഷ്ണനെ ഒന്നുരണ്ടു തവണ കോഴിക്കോട്ടുവെച്ചു് അതിനു മുമ്പു കണ്ടിട്ടുണ്ടു്. സി. എൻ., അടൂർ ഭാസി എന്നിവരും കൂട്ടത്തിലുണ്ടു്.
ഓർമ്മ മറുകണ്ടം ചാടും മുമ്പു് ഒരു ചെറിയ കാര്യം ഇവിടെ സൂചിപ്പിക്കട്ടെ: പ്രാതഃസ്മരണീയനായ ശ്രീ ടി. ആർ. സുകുമാരൻനായരെ സംബന്ധിച്ചു്. സി. എൻ. ശ്രീകണ്ഠന്റെ നാടകത്രയം പാലക്കാട്ടവതരിപ്പിക്കുന്നു. സി. എൻ. സുഖമില്ലാതെ കിടപ്പാണു്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യമില്ലെങ്കിലും, ഉറ്റസുഹൃത്തുക്കളായ പലരും കേരളത്തിന്റെ പല ഭാഗത്തു നിന്നും പാലക്കാട്ടെത്തിയിരുന്നു: ശ്രീ എം. ഗോവിന്ദൻ, കാവാലം നാരായണപ്പണിക്കർ, അയ്യപ്പപ്പണിക്കർ, അരവിന്ദൻ, ദേവൻ, സാനുമാസ്റ്റർ, തോമസ് മാത്യു അങ്ങനെ പലരും. പകൽ ചർച്ചകളും സിമ്പോസിയങ്ങളും. രാത്രി നാടകം. മി. ആർ. ആർ. നായരുടെ നേതൃത്വത്തിൽ കലാ പ്രേമികളായ ഒരു സംഘം യുവാക്കളാണു് പരിപാടി സംഘടിപ്പിച്ചത്. ആകാശവാണിയുടെ പ്രതിനിധിയെന്നനിലയിൽ അവിടെ ചെല്ലാനും പരിപാടികളാസ്വദിക്കാനും എനിക്കൊരവസരം സിദ്ധിച്ചിരുന്നു.
ലങ്കാലക്ഷ്മി പ്രദർശിപ്പിക്കുന്ന ദിവസം. ഞാൻ ഗ്രീൻ റൂമിൽ ചെന്നു. എല്ലാവരേയും ഒന്നു കാണാമെന്ന വിചാരത്തോടെ. ടി. ആർ. മേക്കപ്പു് കഴിഞ്ഞു നില്ക്കുന്നു. അടുത്തു ചെന്നപ്പോൾ, അല്പമൊരസുഖമെന്തോ ഉള്ള പോലെ തോന്നി. ശരിയാണു് കണ്ണു കലങ്ങി ചുവന്നിരിക്കുന്നു. വെള്ളമൊഴുകിക്കൊണ്ടേയിരിക്കുന്നു. കണ്ണുദീനമാണു് ഈ ദീനവും വെച്ചുകൊണ്ടു് എങ്ങനെ അഭിനയിക്കുമെന്നു ചോദിക്കാൻ തോന്നി.
ചോദിച്ചില്ല. മനഃപ്രയാസത്തോടെ മടങ്ങി. നാടകം കാണാൻ മുൻവരിയിൽ തന്നെ ചെന്നിരുന്നു. എനിക്കാകെ വിഷമമായിരുന്നു. കണ്ണുദീനവും വെച്ചു് ലങ്കാലക്ഷ്മിയിലെ രാവണൻ എങ്ങനെ അഭിനയിക്കും? നാടകം തുടങ്ങി. രാവണൻ നാടകം നിറഞ്ഞു നില്ക്കുകയാണല്ലോ. ഞാൻ ശ്രദ്ധിച്ചു കൊണ്ടേയിരുന്നു. ഒട്ടും പതറാതെ അദ്ദേഹം അഭിനയിക്കുന്നു. അങ്ങനെ നിമിഷങ്ങൾ ഓരോന്നു പൊഴിഞ്ഞുവീഴുന്നു. ഉടനെ രാവണൻ സദസ്സിന്റെ അറ്റത്തേക്കു ഗൗരവപൂർവ്വം നോക്കി, രംഗമദ്ധ്യത്തിലേക്കു നടന്നു്, പാതി ഇടത്തോട്ടു തിരിഞ്ഞു്, വലതു കാലെടുത്തു സിംഹാസനത്തിന്റെ ചവിട്ടുപടിയിൽ വെച്ചു് സാവകാശം വസ്ത്രമുയർത്തി ഒരു പനിനീർപൂ ചുംബിക്കും പോലെ വസ്ത്രാഗ്രംകൊണ്ടു കണ്ണുകളൊപ്പി. രാവണൻ തീർച്ചയായും അന്നു തന്റെ രാജധാനിയിൽവെച്ചു് ഇതുപോലൊരു കർമ്മം നിർവ്വഹിച്ചിട്ടുണ്ടാവുമെന്ന വിശ്വാസം പ്രേക്ഷകരിൽ വരുത്തി വീണ്ടും തന്റെ കർത്തവ്യത്തിലേക്കു തിരിച്ചു വരുന്ന ഭാഗം കണ്ടു ഞാൻ അന്തംവിട്ടിരുന്നു. ആ അഭിനയസിദ്ധിക്കു മുമ്പിൽ എന്റെ മനസ്സ് തലകുനിച്ചു. നാടകം കഴിഞ്ഞ ഉടനെ ഞാൻ ഗ്രീൻ റൂമിലേക്കു് ഓടിച്ചെന്നു. അപ്പോൾ വള്ളത്തോൾ പാടിയ രണ്ടു വരികളാണെന്റെ മനസ്സുരുവിട്ടതു്:
ശിഷ്ടന്റെ മുമ്പിൽ വടിപോലെ വീഴുവാൻ.
അതെ; ഗ്രീൻ റൂമിൽ, സാധനസാമഗ്രികൾ പലതുമുണ്ടു്. അവിടെങ്ങനെ സാഷ്ടാംഗനമസ്കാരം സാധിക്കും? അദ്ദേഹമിന്നില്ല. ആ സ്മരണയ്ക്കു മുമ്പിൽ ഇന്നും പലതവണ എന്റെ മനസ്സ് സാഷ്ടാംഗം നമസ്കരിക്കുന്നു!
ഞാൻ കലോത്സവത്തിലേക്കുതന്നെ മടങ്ങട്ടെ. കാഞ്ചനസീത പ്രക്ഷക പ്രശംസ നേടിയെടുത്തു. ’ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു’ എന്ന നാടകവും ജനപ്രീതി നേടി. സംഗതി ഇവിടം കൊണ്ടവസാനിക്കുന്നോ? ഇല്ല. ഇവിടെ ഇ. എം. എസ്സിന്റെ ഗവണ്മെന്റിനു് ഒരു നന്ദി പറയാതെ പോയാൽ അതേറ്റവും വലിയ കൃതഘ്നതയാവും. കലോത്സവത്തിൽ കനത്ത സാമ്പത്തിക ബാധ്യതയിൽനിന്നു കരകയറാൻ അന്നു കമ്മിറ്റിയെ സഹായിച്ചതു് ഗവണ്മെൻറായിരുന്നു. കലോത്സവത്തിന്റെ ചെലവിലേക്കു് ഗവണ്മെൻറും ഒരു ഗ്രാന്റ് തന്നു. കൃതജ്ഞത അർഹിക്കുന്ന ഒരു വലിയ കാര്യമല്ലേ അതു്? അന്നോളം ഏതെങ്കിലും ഗവണ്മെന്റ് കലാസംഘടനകൾക്കുള്ള സഹായധനം നല്കിയതായ ചരിത്രമുണ്ടോ? അറിഞ്ഞുകൂടാ.
ചന്ദ്രകാന്തം ശബ്ദായമാനമായിരുന്നു. എഴുത്തുകാരും പത്രപ്രവർത്തകരായ പലരും വന്നുകൊണ്ടിരുന്നു. മി. ബഷീറിന്റെ മധുരം ചോരുന്ന ഫലിതം കേട്ടു വരുന്നവർ വരുന്നവർ മതിമറന്നു ചിരിച്ചു. അങ്ങനെ അങ്ങനെ സംഗതികൾക്കു മറ്റൊരു രൂപം കൈവരുന്നു. മി. ബഷീർ ഏകൻ. അവിവാഹിതൻ. അങ്ങനെയായാൽ പറ്റില്ലെന്നു് മി. അബ്ദുറഹിമാനൊരു തോന്നൽ. മി. അബ്ദുള്ളയ്ക്കും ആ തോന്നലുണ്ടായി. അന്നു ചന്ദ്രകാന്തത്തിൽ പതിവായി വന്നും പോയുമിരുന്ന സുഹൃത്തുക്കളിലെല്ലാവർക്കും ആ വിചാരമുണ്ടായി. വിചാരങ്ങൾ ഏകീകരിക്കുന്നു. കൂട്ടായ പ്രവർത്തനം നടക്കുന്നു. മി. അബ്ദുറഹിമാൻ തീരുമാനമെടുക്കുന്നു. അങ്ങനെ മി. ബഷീർ വിവാഹിതനാവുന്നു; വിവാഹത്തിലൂടെ കോഴിക്കോട്ടുകാരനാവുന്നു!
അന്നു്, തലയോലപ്പറമ്പിലേക്കുള്ള ആ യാത്ര, ഒരു നവവരനെ തേടിയുള്ളതായിരുന്നെന്നു മി. അബ്ദുള്ളയോ അബ്ദുറഹിമാനാ ഓർത്തിരുന്നോ? ഈ സംഭവത്തെ വിധിയെന്നു വിളിക്കാമോ? എന്തോ. അറിഞ്ഞു കൂടാ. ”നാമിങ്ങറിയുവതല്പം എല്ലാമാമനേ ദൈവസങ്കല്പം” എന്നു പറയാമോ? അതും അറിഞ്ഞുകൂടാ.