images/tkn-arangukanatha-cover.jpg
Archangel, an oil on canvas painting by Paul Klee (1879–1940).
സാനറ്റോറിയത്തിലെ കലാപരിപാടി

നറുക്കു വീണെന്നോ, തൊപ്പിയിൽ തൂവൽ കേറിയെന്നോ എന്താണു പറയേണ്ടതു്? അതല്ല, രണ്ടും ഒരുമിച്ചു പറയണോ? പറഞ്ഞാലും കുഴപ്പമില്ല. സംഗതി അത്രമേൽ കൊള്ളാവുന്നതാണു്. കേരള സാഹിത്യ അക്കാദമി പുനഃസംഘടിപ്പിച്ചു് അംഗങ്ങളുടെ പേരുവിവരം പ്രസിദ്ധീകരിച്ചപ്പോൾ അതിൽ ഇവനും പരമഭവ്യനായി സ്ഥലം പിടിച്ചിരിക്കുന്നു. ഒരദ്ഭുതം. കൈനിക്കര കുമാരപിള്ളസ്സാർ, ടി. എൻ. ഗോപിനാഥൻനായർ, കെ. പത്മനാഭൻനായർ, പി. ഭാസ്കരൻ, പി. സി. കുട്ടികൃഷ്ണൻ തുടങ്ങിയ പ്രഗല്ഭമതികളുടെ കൂട്ടത്തിൽ ഞാനും. കൊള്ളാം; എന്താണു് അക്കാദമി എന്നു കണ്ടുകളയാം. അതിന്റെ ഗുണം, മണം, സ്ഥിരം സ്വരൂപമെന്നിവ അടുത്തു ചെന്നു മനസ്സിലാക്കിക്കളയാം. ഏറെ കാത്തുനില്ക്കും മുമ്പ് തീട്ടൂരം വരുന്നു. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തേക്കു് യാത്ര പുറപ്പെടുന്നു. അപ്പോൾ കേരളം ഭരിക്കുന്നതു് ഇ. എം. എസ്. മന്ത്രിസഭയായിരുന്നു; എന്റേതു് കേന്ദ്രസർക്കാരിന്റെ ആപ്പീസും. ആക്ഷേപമുണ്ടാവുമെന്നു നല്ല നിശ്ചയമുണ്ടു്. ആക്ഷേപം വരട്ടെ, അപ്പോൾ നേരിടാം എന്നു് ഉറപ്പിച്ചുകൊണ്ടുതന്നെയാണു പുറപ്പെട്ടതു്.

അക്കാദമിയുടെ പ്രഥമയോഗം; എന്റെയും. ആരാണു് അദ്ധ്യക്ഷപദം അലങ്കരിച്ചതെന്നു വ്യക്തമായി ഇപ്പോൾ ഓർക്കുന്നില്ല. മറവി പാടില്ലാത്തതായിരുന്നു. എങ്കിലും മനസ്സിലൊരു പേരിപ്പോൾ ഉരുണ്ടു കളിക്കുന്നുണ്ടു്. എത്രമാത്രം ശരിയെന്നറിഞ്ഞുകൂടാ: ‘മങ്കുത്തമ്പുരാൻ’. തെറ്റെങ്കിൽ ക്ഷമിക്കുക. അദ്ധ്യക്ഷപദത്തെക്കുറിച്ചു് ഇങ്ങനെയൊരു പ്രമാദം പറ്റാനുള്ള കാര്യം പിന്നാലെ വരുന്നുണ്ടു്. അപ്പോൾ മനസ്സിലാവും. ക്ഷമിക്കുക.

യോഗനടപടികളാരംഭിക്കുന്നതിനല്പം മുമ്പ് മഹാകവി ഇടശ്ശേരിയെ കാണുന്നു. അകം നിറയെ കവിതയും കന്മഷം പുരളാത്ത സൗഹൃദവും ജുബ്ബയുടെ പോക്കറ്റിൽ എമ്പാടും പൊന്നാനി ബീഡിയുമുള്ള ഇടശ്ശേരി എന്നെ കണ്ടാൽ ആദ്യമായി ചെയ്യുന്ന കർമ്മം ഒരു ബീഡിയെടുത്തു തരലാണു്. തന്നെപ്പോലെ ആസ്വദിച്ചു ബീഡിവലിക്കുന്നവരെ ഇടശ്ശേരി കൂടുതൽ ഇഷ്ടപ്പെടുന്നതായി പലപ്പോഴും എനിക്കു തോന്നീട്ടുണ്ടു്. എന്റെ വെറും തോന്നൽ. ബീഡിവലിയുടെ കാര്യത്തിൽ പി. സി. യും ഇടശ്ശേരിയുമായി മനപ്പൊരുത്തമില്ല. ഞാൻ കാണാൻ തുടങ്ങിയ കാലം മുതൽ പി. സി. ബീഡിവലിക്കെതിരായിരുന്നു. വെറ്റില മുറുക്കാണു പ്രധാനം. ഇടശ്ശേരി വർത്തമാനം ആരംഭിച്ചതു് കടവനാട്ടു് കുട്ടികൃഷ്ണനെ കാണാറുണ്ടോ എന്നു ചോദിച്ചുകൊണ്ടാണു്. ഒരു ഗുരുനാഥൻ ശിഷ്യന്റെ സുഖവിവരമന്വേഷിക്കുന്ന ഭാവമായിരുന്നു അപ്പോൾ ഇടശ്ശേരിക്കു്. അതാണു് പൊന്നാനി ഗുരുകുലത്തിന്റെ പ്രത്യേകത. അന്നു് കടവനാടൻ പിയേഴ്സ് ലെസ്ലിയിൽ ജോലിചെയ്യുന്ന കാലമായിരിക്കണം. തീർച്ചയില്ല. അവിടെയല്ലെങ്കിൽ മറ്റൊരിടത്തു്. നാല്പതുകളുടെ അവസാന വർഷത്തിലാണു് കടവനാടൻ കോഴിക്കോടുമായി ബന്ധപ്പെടുന്നതു്. അന്നുമുതൽ ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണു്. ഏതു ലാവണത്തിലായാലും ഞങ്ങളിടയ്ക്കിടെ കാണും. ഒരേകാലത്തു് ഞങ്ങൾ രണ്ടുപേരും പത്രപ്രവർത്തകരായിരുന്നിട്ടുണ്ടു്. കോഴിക്കോട്ടുനിന്നു രണ്ടു ദിനപത്രങ്ങൾ. ‘ഹിന്ത്’ എന്നും ‘ദിനപ്രഭ’യെന്നും പേരു്. ‘ഹിന്തി’ൽ കടവനാടൻ, ‘ദിനപ്രഭ’യിൽ ഞാൻ. അന്നൊക്കെ രാത്രിയും പകലും ഞങ്ങൾ കാണാറുണ്ടു്. ഏറെക്കാലം ഞങ്ങൾക്കാ സൗഭാഗ്യം നിലനിർത്താൻ കഴിഞ്ഞില്ല. തുടങ്ങിയതു പോലെത്തന്നെ ഏക കാലത്തു് രണ്ടു പത്രങ്ങളും പൊളിഞ്ഞു. പ്രസിദ്ധീകരണം നിലച്ചു. കൂടുകൂട്ടിയ മരം കടപുഴങ്ങിവീണപ്പോൾ ആത്മരക്ഷയ്ക്കു പറന്നകലുന്ന പക്ഷികളെപ്പോലെ, ഞങ്ങൾ പലവഴിക്കു പിരിഞ്ഞു. നെടുങ്ങാടിയും വിംസിയും മി. മുഹമ്മദ് കുഞ്ഞിയും വേറെ പലരും അക്കൂട്ടത്തിലുണ്ടായിരുന്നു. പക്ഷേ, കടവനാടനും ഞാനും പിന്നെയും കണ്ടുകൊണ്ടിരുന്നു. കോഴിക്കോടു് ഞങ്ങളെ നിരസിച്ചാലും ഞങ്ങളതിനു വഴങ്ങാൻ തയ്യാറുണ്ടായിരുന്നില്ല. പണ്ടാരോ ഒരു കുസൃതിക്കാരൻ കവി പാടിയപോലെ ‘പിരിഞ്ഞു പോരാണ്ടോരാണ്ടവിടെ കരഞ്ഞു കൂടിയ വീരനെടാ ഞാൻ’ എന്ന മട്ടിൽ ഞങ്ങൾ കോഴിക്കോട്ടുതന്നെ പറ്റിപ്പിടിച്ചുനിന്നു.

യോഗനടപടികളാരംഭിക്കുംവരെ ഞാനും ഇടശ്ശേരിയും വർത്തമാനം പറഞ്ഞിരുന്നു. ഒച്ചയില്ല. ബഹളമില്ല. പതിഞ്ഞ സ്വരത്തിൽ. ഇടയ്ക്കിടെ നല്ല ഫലിതം കലർത്തി വേണ്ടേടത്തു് മിതമായി ചിരിച്ചു കൊണ്ടു് ഇടശ്ശേരി സംസാരിക്കുന്നതു് എത്ര നേരമെങ്കിലും കൗതുകത്തോടെ കേട്ടിരിക്കാൻ കഴിയും. അന്നു് ഏറെനേരമതു കേട്ടാസ്വദിക്കാൻ കഴിഞ്ഞില്ല. യോഗനടപടികൾ ആരംഭിച്ചു. വിസ്തരിക്കുന്നില്ല.. മുഖ്യമായും നടന്നതു് ചില ഉപസമിതികളുടെ രൂപീകരണമായിരുന്നു. നാടകത്തിനും സനിമയ്ക്കുമൊക്കെ ഉപസമിതികളുണ്ടായിരുന്നു.

ഒന്നു രണ്ടെണ്ണത്തിൽ പി. ഭാസ്കരനോടൊപ്പം എന്റെ പേരും എഴുതിച്ചേർക്കുകയുണ്ടായി. എന്തായാലും കൊള്ളാമെന്ന മട്ടായിരുന്നു എനിക്കു്. അങ്ങനെ, എല്ലാം കഴിഞ്ഞു് വഴിച്ചെലവിന്റെ കാശു വാങ്ങി മടക്കയാത്രയ്ക്കുള്ള സമയമെത്തി. ടി. എ. ബിൽ. ആദ്യമായി കാണുന്നു. പരസഹായമില്ലാതെ അതു പൂരിപ്പിക്കുക വിഷമം. ആരൊക്കെയോ സഹായിച്ചു. ഒപ്പിട്ടു കൊടുത്തു സംഖ്യ വാങ്ങി. കൈയും മനസ്സും നിറഞ്ഞു. കോഴിക്കോട്ടുനിന്നു് തൃശ്ശൂർക്കും തിരിച്ചതുപോലെയും യാത്രചെയ്യാനുള്ള ചെലവ്. ഊണിനും ചായയ്ക്കുമുള്ള ‘വഹ’ വേറെ. എല്ലാം കൂടി നോക്കുമ്പോൾ അക്കാദമിയംഗത്വം അത്യാകർഷണീയം തന്നെയെന്നു മനസ്സിലായി. നൂറിലധികം രൂപയാണു കിട്ടിയത്. ശരിയായ കണക്കു് ഓർക്കുന്നില്ല. കോഴിക്കോട്ടുനിന്നു് ഏറ്റവും വേഗത്തിൽ പോകുന്ന സർക്കാർ ബസ്സിൽ സഞ്ചരിച്ചു് തൃശ്ശൂരെത്താൻ അഞ്ചു രൂപയാണന്നു വേണ്ടതു്. അപ്പോൾ യാത്രച്ചെലവു് പത്തു രൂപ. ധാരാളിത്തത്തോടെ ചെലവഴിച്ചാൽ പോലും ഊണിനും ചായയ്ക്കും പത്തു രൂപയിലധികും വേണ്ടാ. അങ്ങനെ ആകെ മൊത്തം ചെലവ് കണക്കുകൂട്ടുമ്പോൾ ഇരുപതു രൂപ. എല്ലാം കഴിഞ്ഞു നോക്കുമ്പോൾ നൂറു രൂപയിൽ മേലെ കൈയിരുപ്പുണ്ടു്. ഇവനെ എന്തു ചെയ്യണം? തൃശ്ശൂരിൽ നല്ല വെങ്കലപ്പാത്രങ്ങൾ കിട്ടാനുണ്ടു് വാങ്ങിയാലോ? വയ്യ. ആകാശവാണി തരുന്ന പ്രതിഫലത്തുകയുടെ കാര്യമോർക്കുമ്പോൾ മൺപാത്രം വാങ്ങാൻ പോലും എനിക്കവകാശമില്ല. വേണ്ടെന്നുവെച്ചു് സന്തോഷത്തോടെ തിരിച്ചുപോന്നു. പോരുമ്പോൾ ബസ്സിൽവെച്ചു് മനോരാജ്യത്തിന്റെ ഭരണമേറ്റെടുത്തു. ഇനി പാലു കുറച്ചധികം വാങ്ങാം. കാരറ്റും ബീറ്റ് റൂട്ടും കോളിഫ്ളവറും പച്ചക്കറിയിലുൾപ്പെടുത്താം. രണ്ടുമൂന്നു കസേരകളും ഭംഗിയുള്ള ഒരു എഴുത്തുമേശയും സംഘടിപ്പിക്കാം. സോഫാ സെറ്റ് വേണോ? വേണം. പക്ഷേ, ഉടനെ വേണ്ടാ. അക്കാദമി മീറ്റിങ് ഒരു നാലഞ്ചെണ്ണമെങ്കിലും കഴിയട്ടെ. അപ്പോൾ വരുമാനം വർദ്ധിക്കും. പതിവു മീറ്റിങ്ങിനു പുറമേ ഇടയ്ക്കിടെ വിദഗ്ദ്ധസമിതിയുടെ യോഗവുമുണ്ടാവും. എല്ലാം കൂടിയാവുമ്പോൾ നല്ലൊരു സംഖ്യ കൈയിൽ വരും. തകർത്തുകളയാം. മാന്യന്മാരെ സ്വീകരിക്കാൻ പാകത്തിൽ പാർപ്പിടമൊന്നു് സംവിധാനം ചെയ്തെടുക്കണം…

പിറ്റേന്നു് ആപ്പീസിൽ കേറിച്ചെന്നതു പതിവില്ലാത്ത വിധം ഗൗരവം ഭാവിച്ചു കൊണ്ടാണു്. അക്കാദമി അംഗമല്ലേ. ഇനിയങ്ങനെ അഴിഞ്ഞാടാനും മറ്റും പറ്റില്ല. പക്ഷേ, ഈ അംഗത്വമെന്ന പദവി എന്റെ മനസ്സിൽ മാത്രമാണല്ലോ. മറ്റുള്ളവരാരും അതു ഗൗനിക്കുന്നില്ലല്ലോ. അറിയാത്തവരെ, മനസ്സിലാക്കാത്തവരെ എന്റെ ഭാവം കൊണ്ടും പെരുമാറ്റം കൊണ്ടും മനസ്സിലാക്കുകതന്നെ വേണം. അല്ലെങ്കിൽ ഈ പദവിക്കന്തർത്ഥം? അങ്ങനെ ഉണ്ടാക്കിയാലും ഉണ്ടാവാത്ത ഗൗരവം പുറത്തു ഭാവിച്ചുനടക്കുമ്പോൾ ദില്ലിയിൽ ചലനമുണ്ടാവുന്നു. ചലനത്തെത്തുടന്നു് ഉത്തരവു വരുന്നു. സത്യത്തിൽ ഇവിടെ ’ഇണ്ടാസ്’ എന്നാണു പറയേണ്ടതു്. ദില്ലിയിൽനിന്നായതുകൊണ്ട് വേണ്ടെന്നു വെച്ചു. കുറച്ചൊക്കെ സ്ഥാനമാനങ്ങൾ നോക്കിയും സ്ഥലംനോക്കിയും പദപ്രയോഗം നടത്തേണ്ടതു് മുഖ്യധർമ്മമല്ലേ. ഉത്തരവു കഠിനമായിരുന്നു. ചെവി പിടിച്ചു പുറത്താക്കലെന്നോ ഗളഹസ്തമെന്നോ എന്തു പേരിട്ടതിനെ വിളിക്കാം. എന്നാൽ, ഇവിടെ ഞാനതിനെ ഗെറ്റൗട്ട് എന്നു പറയുന്നു. എന്നോടും പി. സി. യോടും പദ്മനാഭൻനായരോടും ടി. എൻ. ഗോപിനാഥൻ നായരോടും ഗറ്റൗട്ടു് പറഞ്ഞെന്നാണു് ഓർമ്മ. എന്റെ കാര്യത്തിൽ സംശയമില്ല. അക്കാദമി അംഗമെന്ന പദവി അതോടെ അവസാനിച്ചു. ദില്ലിക്കിതിൽ കാര്യമെന്തെന്നു ചോദിക്കുന്നവരുണ്ടാവാ, പറയാം. ദില്ലി പുറത്തുകടക്കാൻ പറഞ്ഞു. ഞങ്ങളെല്ലാം തന്നെ ആകാശവാണിയിലെ ജീവനക്കാരാണു്. പുറത്തു കടന്നില്ലെങ്കിൽ ആകാശവാണിയിൽനിന്നു പുറത്തുകടക്കേണ്ടി വരും. അത്രതന്നെ. അദ്ധ്യക്ഷ പദവിയെപ്പറ്റിയും മറ്റും എന്തുകൊണ്ടു് മറവിപറ്റിയെന്നതിന്റെ രഹസ്യം ഇപ്പോൾ മനസ്സിലായല്ലോ. എല്ലാവരുമായൊന്നു് അടുക്കാനും ആരൊക്കെ എവിടെ നില്ക്കുന്നെന്നറിയാനും അവസരം തന്നില്ല.

അംഗത്വം പോയതുകൊണ്ടു ഭയമില്ല. ദുഃഖിക്കാൻ നേരമില്ല. അത്രയ്ക്കു ജോലിയുണ്ടു്. പിന്നെ അല്പസ്വല്പം സാമൂഹ്യസേവനവും. അതൊരു ഫാഷനെന്നനിലയിൽ സ്വീകരിച്ചതല്ല. സാഹചര്യം, കൊണ്ടു വേണ്ടിവന്നതാണു്. നാട്ടിൻപുറത്തു നിന്നു ചില്ലറ ചില സഹായങ്ങൾക്കുവേണ്ടി വരുന്നവരുടെ മുമ്പിൽ പുറം തിരിഞ്ഞു നില്ക്കാൻ വയ്യ. അങ്ങനെയുള്ള ചെറിയൊരു സേവനത്തിന്റെ കഥ ഇവിടെ പറഞ്ഞു കൊള്ളട്ടെ. മലബാറിലെ ചികിത്സാ സൗകര്യങ്ങളെപ്പറ്റി ഒരിക്കൽ പറഞ്ഞിട്ടുണ്ടു്. എന്നാൽ അന്നു് ഏറ്റവും അധികം നിസ്സഹായത അനുഭവിക്കേണ്ടിവന്നതു് ക്ഷയരോഗികളാണു്. മലബാറിൽ ക്ഷയരോഗ ചികിത്സാകേന്ദ്രങ്ങളില്ല. രോഗികൾ ചികിത്സതേടി മദനപ്പള്ളിയോ പെരുന്തുറയോ താംബരത്തോ പോണം, പണക്കാർക്കങ്ങനെ പോകാനും വിദഗ്ദ്ധ ചികിത്സ നേടാനും കഴിയും. പാവങ്ങളുടെ കാര്യമാണു കഷ്ടം. രോഗം വന്നാൽ ചുമച്ചുചുമച്ചു മരിക്കുക ഈ ദുഃസ്ഥിതിക്കു പരിഹാരം കാണാൻ ശ്രീ സി. സാമുവേൽ ആരോന്റെ പരിശ്രമഫലമായി അദ്ദേഹത്തോടൊപ്പം വടക്കെ മലബാറിലെ വ്യവസായ പ്രമുഖരിൽ. ചിലരുടെ സഹായത്തോടെ അന്നത്തെ ചിറയ്ക്കൽ താലൂക്കിലെ പരിയാരം ഗ്രാമത്തിൽ പ്രകൃതിമനോഹരമായ ചുറ്റുപാടിൽ ഒരു ക്ഷയരോഗ സാനറ്റോറിയം രൂപംകൊണ്ടു മലബാറിനെ സംബന്ധിച്ചു് പറയുമ്പോൾ ആ സ്ഥാപനം ഏറ്റവും വലിയൊരു അനുഗ്രഹമായിരുന്നു. നല്ല ഡോക്ടർമാരവിടെ ഉണ്ടായിരുന്നു. രോഗികൾക്കു് നല്ല പരിചരണം കിട്ടിയിരുന്നു.

അക്കാലത്തൊരു ദിവസം എന്റെ ഗ്രാമത്തിൽ നിന്നു് ഒരു സുഹൃത്തു് എന്നെ കാണാൻ വന്നു. അദ്ദേഹം ക്ഷയരോഗബാധിതനായിരുന്നു. അദ്ദേഹത്തിനു് ഏതുവിധമെങ്കിലും പരിയാരം സാനിറ്റോറിയത്തിൽ പ്രവേശിക്കണം. അതിനെന്റെ സഹായം വേണം. ഏതു വഴിക്കു സഹായിക്കണമെന്നെനിക്കറിഞ്ഞുകൂടാ. അവിടെ ആരേയും, എനിക്കു പരിചയമില്ല. സംഗതിയുടെ കിടപ്പു് വിവരിച്ചുകേട്ടപ്പോൾ അദ്ദേഹം പറയുന്നൂ ഞാനൊരുമിച്ചു ചെന്നാൽ മതിയെന്നു്. അങ്ങന ചെല്ലുന്നപക്ഷം അദ്ദേഹം രക്ഷപ്പെടുമെന്നു്. മറുത്തൊരക്ഷരം പറയാതെ ഞാനദ്ദേഹത്തോടൊപ്പം സാനറ്റോറിയത്തിലേക്കു പുറപ്പെട്ടു. ആകാശവാണിയിൽ എന്നാടൊപ്പം ജോലിചെയ്യുന്ന ഗോപിനാഥ ഭാഗവതരുടെ സഹോദരൻ പരിയാരം സാനറ്റോറിയത്തിലെ അക്കൗണ്ടന്റാണെന്നു കേട്ടിട്ടുണ്ടു് അദ്ദേഹത്തെ കാണാം. സഹായം അഭ്യർത്ഥിക്കാം. കാര്യം സാധിച്ചാൽ എന്റെ സുഹൃത്തിന്റെ ഭാഗ്യം.

കാലത്തു പത്തുമണിക്കു ഞങ്ങൾ. സാനറ്റോറിയത്തിലെത്തി. അക്കൗണ്ടന്റിനെ കണ്ടു വിവരം പറഞ്ഞു. അദ്ദേഹം അത്യുത്സാഹത്തോടെ കാര്യങ്ങൾ മുമ്പോട്ടു നീക്കി. പത്തുമണിയാവുമ്പോൾ സംഗതി ശരിപ്പെട്ടു. എന്റെ സുഹൃത്തിനെ അവിടെ കിടത്തി ചികിത്സിക്കാമെന്നു പ്രധാന ഡോക്ടർ സമ്മതിച്ചു. പിന്നെ നടപടിക്രമങ്ങളെല്ലാം പതിവിൻപടി നടന്നു. സുഹൃത്തിനെ അദ്ദേഹത്തിനായി അനുവദിച്ചുകൊടുത്ത മുറിയിൽ കൊണ്ടുചെന്നാക്കി. അക്കൗണ്ടന്റിനോടു നന്ദിയും യാത്രയും പറഞ്ഞു പിരിയുമ്പോൾ നേരം രണ്ടു മണി. പ്രധാന ഗേറ്റിലെത്തി പുറത്തേക്കു കടക്കാൻ തുടങ്ങുമ്പോൾ ആരോ പിറകിൽ നിന്നു കൈ തട്ടുന്ന ശബ്ദം. തിരിഞ്ഞു നോക്കി. സാനറ്റോറിയത്തിലെ ഒരു ജോലിക്കാരൻ ഓടിക്കിതച്ചു വരുന്നു. എന്നെ സാനറ്റോറിയം സൂപ്പിരന്റെന്റ് വിളിക്കുന്നു എന്നറിയിക്കുന്നു. ഞാനൊന്നമ്പരന്നു. എന്തിനാവോ വിളിക്കുന്നതു്? ഞാൻ വല്ല അബദ്ധവും കാണിച്ചോ? ശങ്കിച്ചുശങ്കിച്ചു ഞാൻ ഡോക്ടറുടെ വസതിക്കു മുമ്പിലെത്തി. ഡോക്ടർ എന്നെയും കാത്തു പടിക്കൽത്തന്നെ നില്ക്കുന്നു. ചിരിച്ചുകൊണ്ടു സ്വീകരിക്കുന്നു. സ്വയം പരിചയപ്പെടുത്തുന്നു: ‘കെ. ജി. മേനോൻ’, ഭാഷ കേട്ടാൽ മലയാളിയാണെന്നു തോന്നില്ല. അറിയാവുന്ന മലയാള പദങ്ങൾ വളരെ കുറച്ചു്. അതു പ്രയോഗിക്കുന്നതാവട്ടെ അന്യദേശക്കാരനെപ്പോലെ, മേനോനാണെന്നു പറയുന്നു. തനിക്കറിയാവുന്ന മലയാളവാക്കുകളും പോരാതെ വരുന്ന സ്ഥലത്തു് ഇംഗ്ലീഷും ഉപയോഗിച്ചു ഡോക്ടർ സംസാരിക്കാൻ തുടങ്ങി.

അദ്ദേഹത്തിനു മലയാളമറിയില്ല. ഏറെക്കാലം വിദേശത്തും കേരളത്തിനു പുറത്തുമായിരുന്നു. കേരളപ്പിറവിയുടെ കാലത്തദ്ദേഹം താംബരം സാനറ്റോറിയത്തിലായിരുന്നു. കേരളം പിറന്നതോടെ പിറന്ന നാട്ടിനെ സേവിക്കാനുള്ള ഔത്സുക്യത്തോടെ താംബരത്തെ ജോലി ഉപേക്ഷിച്ചു പരിയാരത്തു വന്നതാണു്. ആരേയും അറിയില്ല. സാഹിത്യകാരന്മാരേയും കലാകാരന്മാരേയും ഒന്നും അറിഞ്ഞു കൂടാ. അങ്ങനെയുള്ള വല്ലവരും വന്നാൽ തന്നെ അറിയിക്കണമെന്നു ജീവനക്കാരെ അദ്ദേഹം ഏല്പിച്ചിരുന്നു. ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മിസ്സിസ് മേനാൻ കടന്നുവന്നു, ഒയ്യാരത്തു ചന്തുമേനോന്റെ പൗത്രി. പരിചയപ്പെട്ടപ്പോൾ ഏതു മലയാളിക്കും തോന്നാവുന്ന കുടുംബബന്ധം എനിക്കും തോന്നി. ഏറെനേരം വർത്തമാനം പറഞ്ഞിരുന്നു ചായ കഴിച്ചു പുറപ്പെടുമ്പോൾ ഡോക്ടറുടെ ഒരഭ്യർത്ഥന: നിസ്സഹായരായി അവിടെ കഴിഞ്ഞു കൂടുന്ന രോഗികൾക്കു മനസ്സിനല്പം ഉന്മേഷവും സന്തോഷവും നല്കാൻ ഞാനദ്ദേഹത്തെ സഹായിക്കണമെന്നു്. ഓട്ടംതുള്ളലോ കഥാപ്രസംഗമോ ചാക്യാർകൂത്തോ ഏതെങ്കിലുമൊരു കലാപരിപാടി കാണിക്കാൻ സൗകര്യമുണ്ടാക്കിക്കൊടുക്കണം. ഡോക്ടറുടെ അഭ്യർത്ഥന കേട്ടു കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു: “ഇതു് അഭ്യർത്ഥനയുടെ രൂപത്തിൽ പറയണ്ടതല്ല. ഡോക്ടർ കല്പിക്കണം. ഞങ്ങളെപ്പോലുള്ളവർ അതു് അനുസരിക്കാൻ ബാധ്യസ്ഥരാണു് അതുകൊണ്ടു തീർച്ചയായും ഇക്കാര്യത്തിൽ ഞാൻ പരമാവധി പരിശ്രമിക്കും.”

കോഴിക്കോട്ടു തിരിച്ചെത്തി ഞാൻ ആദ്യമായി അന്വേഷിച്ചതു് ഒരു ബസ്സാണു്. ബസ്സ് വെറുതെ കിട്ടണം. പെട്രോളും നിറച്ചുണ്ടാവണം. അങ്ങനെയൊരു ബസ്സ് തരാൻ സന്മനസ്സു് കാണിക്കുന്ന മുതലാളി ഏതുണ്ടു്? ആലോചിച്ചാലോചിച്ചു് എന്റെ മനസ്സ് ചെന്നുമുട്ടിയതു മുതലാളിയിലല്ല; ഒരു പത്രാധിപരിലാണു്. ദേശാഭിമാനി പത്രാധിപർ ശ്രീ വി. ടി. ഇന്ദുചൂഡനെ ഞാൻ ഫോണിൽ വിളിച്ചു. ഞങ്ങൾ എന്നും കാണുന്നവരാണു്. ആകാശവാണിയും ദേശാഭിമാനിയും ഏതാണ്ടു് അയൽക്കാരാണെന്നു പറയാം. പക്ഷേ, ബന്ധം വളരെ മോശമായിരുന്നു. എന്നെപ്പോലെ താഴെക്കിടയിലുള്ളവരുടെ കാര്യമല്ല പറയുന്നതു്. ഏതായാലും സംഗതി വിവരിച്ചുകേട്ടപ്പോൾ മി. ഇന്ദുചൂഡനു്, ആവേശമായി. ഒരു ബസ്സ്. ഏർപ്പെടുത്തിത്തരാൻ ശ്രമിക്കാമെന്നു വാക്കു തന്നു. അന്നുതന്നെ വൈകിട്ടു് ഇന്ദുചൂഡൻ വിളിച്ചു പറയുന്നു: ബസ്സ് റെഡി. എൻ. വി. മോട്ടോഴ്സ് ഉടമ തരാമെന്നു പറഞ്ഞു. പെട്രോളും സൗജന്യം. സന്തോഷമായി. ഇനി കലാപരിപാടികൾ എന്തൊക്കെ വേണമെന്നു തീരുമാനിക്കണം. ആരെയൊക്കെ കാണണം? കുഞ്ഞാണ്ടിയിൽ നിന്നുതന്നെ തുടക്കം. അന്യരെ സഹായിക്കാൻ എത്ര ക്ലേശം സഹിക്കാനും എപ്പോഴും തയ്യാറാവുന്ന കുഞ്ഞാണ്ടിയോടൊപ്പം പ്രവർത്തനമാരംഭിച്ചു. അബ്ദുൾഖാദർ മാസ്റ്ററെ—ബഹുജന മുന്നേറ്റത്തിനു വിപ്ലവഗാനങ്ങൾകൊണ്ടു് ആവേശം പകരുന്ന സാക്ഷാൽ കോഴിക്കോട് അബ്ദുൾ ഖാദറെ—അന്വേഷിച്ചു പോകേണ്ടിവന്നില്ല. വഴിയിൽ വെച്ചുതന്നെ കണ്ടു. വിവരം മുഴുവനായി പറയേണ്ടിവന്നില്ല. അമിതാവേശം. കോഴിക്കോട്ടു വന്ന കാലം മുതൽ മുടങ്ങാതെ എന്നുമെന്നവിധം കാണുകയും സൗഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്തവരാണു ഞങ്ങൾ. എന്റെ പേരിൽ എന്തു സ്വാതന്ത്ര്യമെടുക്കാനും അദ്ദേഹത്തിനവകാശമുണ്ടായിരുന്നു. ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ സ്മരണ കുറിച്ചിടാൻ ഒരു വലിയ ഗ്രന്ഥം തന്നെ ആവശ്യമായി വരും, ആ സാഹസത്തിനിവിടെ തുനിയുന്നില്ല. കോഴിക്കോട്ടെ നാടകവേദിയിൽ അനിഷേധ്യമായൊരു സ്ഥാനം നേടിയെടുത്ത ശ്രീ കെ. പി. ഉമ്മറെയാണു പിന്നീടു കാണുന്നതു്. സഹകരിക്കുന്നതിൽ സന്തോഷം. സന്തോഷിക്കാതെ വയ്യ. കാര്യം അങ്ങനെയുള്ളതാണു്. പിന്നെ കുഞ്ഞാണ്ടിക്കും എനിക്കുമൊക്കെ തലമൂത്ത ജ്യേഷ്ഠന്മാരുടെ അധികാരവും ആധിപത്യവും അന്നു ഉമ്മറുടെ പേരിലുണ്ടായിരുന്നെന്നു പറഞ്ഞാൽ അതൊരധികപ്രസംഗമായി ഗണിക്കരുതു്. സിനിമയിലും നാടകവേദിയിലും ഒരുപോലെ തിളങ്ങിനില്ക്കുന്ന നെല്ലിക്കോടു് ഭാസ്കരനും ശാന്താദേവിയും സഹകരിക്കാൻ മുമ്പോട്ടു വന്നു. പിന്നെ പലരും. എല്ലാവരേയും കൊണ്ടുപോകാൻ ബസ്സിൽ സ്ഥലം വേണ്ടേ?

മി. ഇന്ദുചൂഡന്റെ ശ്രമത്തിൽ എൻ. വി. മോട്ടോഴ്സിന്റെ സംഭാവനയായി നിറച്ചും പെട്രോളുള്ള ബസ്സ് വന്നു. ബസ്സു നിറയെ കലാകാരന്മാരും കലാകാരികളും. എല്ലാ പേരും എടുത്തു പറയേണ്ടതായിരുന്നു; ഞാനെന്റെ ഓർമ്മശക്തിയെ പഴിക്കട്ടെ. നേരം ഇരുട്ടിയതോടെ ഞങ്ങൾ സാനട്ടോറിയത്തിലെത്തി. രാജകീയ സ്വീകരണം. ഡോക്ടർ കെ. ജി. മേനോൻ, മിസ്സിസ് മേനോൻ, ഡോക്ടർ ശിവദാസ്, ഡോക്ടർ മിസ്സിസ് ശിവദാസ് തുടങ്ങി സാനറ്റോറിയത്തിലെ മറ്റു ഡോക്ടർമാരും അന്തേവാസികളും രോഗികളുമടങ്ങിയ വലിയ സദസ്സ്. അവിടെ തീരെ അവശരായ രോഗികളെ സ്ട്രക്ചറിൽ കിടത്തീട്ടുണ്ടു്. അവർക്കും കലാപരിപാടികൾ ആസ്വദിക്കണം. ഞങ്ങൾ കോഴിക്കോട്ടുനിന്നു തീരുമാനിച്ചതാണു് വേദനിപ്പിക്കുന്ന ഒരിനവും പ്രദർശിപ്പിക്കാൻ പാടില്ലെന്നു്. രോഗികളല്ലേ! നേരമ്പോക്കുള്ളാരു നാടകം. പിന്നെ ഡാൻസ്, അബ്ദുൾഖാദർമാഷുടെ പാട്ടു്.

അങ്ങനെ പരിപാടികളോരോന്നും ഭംഗിയായി മുന്നോട്ടു നീങ്ങുന്നു. മാഷു് പാടാൻ പുറപ്പെട്ടപ്പോൾ ഞാൻ പതുക്കെ പറഞ്ഞു:

“മാഷേ, ക്ഷമിക്കണം. ദുഃഖമുള്ള ഒരു പാട്ടും വേണ്ട.”

മാഷ് ക്ഷമിച്ചു. എന്റെ നിർദ്ദേശം സ്വീകരിച്ചുകൊണ്ടു വേദിയിലെത്തി. ആദ്യത്തെ ഗാനം. അതിന്റെ അവസാനത്തിൽ രോഗികളുടെ കൈയടി. അടുത്ത ഗാനം. അതിന്റെ അവസാനത്തിലും രോഗികൾ തങ്ങളുടെ അവശത മറന്നുകൊണ്ടു കൈയടിക്കുന്നു. ഈ സമയമൊക്കെ, പ്രേക്ഷകരായി കിടക്കുകയും ഇരിക്കുകയും ചെയ്തുകൊണ്ടു പരിപാടികൾ ആസ്വദിക്കുന്ന രോഗികളുടെ കണ്ണുകളിൽ എന്തൊരു തിളക്കമായിരുന്നെന്നോ! അപ്പോൾ അവരെ ശ്രദ്ധിക്കുക ഒരു അസാധാരണ അനുഭവമായിരുന്നു. അങ്ങനെ ഗാനമേള പുരോഗമിക്കുമ്പോൾ ഒരുതുണ്ടം കടലാസിൽ കുറിച്ചിട്ട ഒരഭ്യർത്ഥന വരുന്നു; രോഗികളുട ഇടയിൽ നിന്നു്. മാഷു് അതു നിവർത്തി വായിച്ചു.

‘എങ്ങിനെ നീ മറക്കും കുയിലേ’ എന്ന ഗാനം പാടണം; അതായിരുന്നു അഭ്യർത്ഥന. മാഷ് പാടി. പരിസരത്തെ വൃക്ഷലതാദികളും കെട്ടിടങ്ങളും രോഗികളോടൊപ്പം കാതോർത്തു് ഏതോ ഗിരിഗഹ്വരങ്ങളെ തഴുകി വരുന്ന അരുവിയുടെ സ്വരം പോലുള്ള ആ ഗാനത്തിനു വേണ്ടി ആർത്തിയോടെ നില്ക്കുകയായിരുന്നു.

Colophon

Title: Arangu kāṇātta naṭan (ml: അരങ്ങു കാണാത്ത നടൻ).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Memoir, Thikkodiyan, തിക്കോടിയൻ, അരങ്ങു കാണാത്ത നടൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 11, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Archangel, an oil on canvas painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.