പരിയാരം സദസ്സ്. അതൊരു പ്രത്യേക സദസ്സായിരുന്നു. അതു പോലൊന്നു പണ്ടെങ്ങും കണ്ട അനുഭവമില്ല. ആ സദസ്സിനുവേണ്ടി പാടുകയും ആടുകയും അഭിനയിക്കുകയും ചെയ്തവരുടെ മനസ്സിൽ അതു മായാതെ കിടന്നു. വിപ്ലവഗാനങ്ങൾ കൊണ്ടു പതിനായിരങ്ങളെ ആവേശം കൊള്ളിച്ച കോഴിക്കോട് അബ്ദുൾ ഖാദറാണു പറയുന്നതു്:
“എന്റെ തിക്കോടിയൻ, ഇതു വല്ലാത്തൊരനുഭവം. വലിയ വലിയ സദസ്സുകൾക്കു വേണ്ടി ഞാൻ പാടീട്ടുണ്ടു് അന്നൊന്നും ഇതു പോലൊരനുഭവം എനിക്കുണ്ടായിട്ടില്ല. മുമ്പിലിരിക്കുന്നവരുടെ വാടിത്തളർന്ന മുഖത്തു നോക്കി. പാടാൻ എനിക്കു വിഷമമുണ്ടായിരുന്നു. പക്ഷേ, പാട്ടു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ അവരുടെ മുഖം തെളിയുന്നു, കണ്ണുകൾ തിളങ്ങുന്നു. അതു കണ്ടപ്പോൾ ആയുഷ്കാലം മുഴുവനും അവർക്കു വേണ്ടി പാടണമെന്നു തോന്നി.”
ഇതേ വികാരം എല്ലാവരുടെ ഉള്ളിലും ഉണ്ടായിരുന്നു. അതു കൊണ്ടുതന്നെ വീണ്ടും ഞങ്ങൾ പരിയാരത്തു പോയി സാനറ്റോറിയത്തിലെ അന്തേവാസികൾക്കുവേണ്ടി കലാപരിപാടികൾ അവതരിപ്പിച്ചു. അങ്ങനെ ക്ഷയരോഗത്തിനു ഫലപ്രദമായി ചികിത്സ നടത്തുന്ന ഒരു സ്ഥാപനം പരിയാരത്തുണ്ടെന്നു പലരും മനസ്സിലാക്കി. അവിടെ പ്രവേശിച്ചു് രോഗം സുഖമായി പുറത്തുവരുന്നവർക്കു്, ഡോക്ടർ കെ. ജി. മേനോനേയും സഹപ്രവർത്തകരേയുംകുറിച്ചു നല്ലവാക്കല്ലാതെ പറയാനുണ്ടായിരുന്നില്ല. ഡോക്ടർ മേനോനാണെങ്കിൽ കുടുംബാംഗങ്ങളെപ്പോലെ രോഗികളെ സ്നേഹിച്ചു. അവർക്കു വേണ്ടി ജീവിച്ചു എന്നു പറഞ്ഞാലും തെറ്റാവില്ല..
ഞങ്ങൾക്കു്, കോഴിക്കോട്ടു് അന്നൊരു ‘കാസ്മിക്ക’ ഉണ്ടായിരുന്നു. പി. എം. കാസ്മി എന്ന കവി, ഗാനരചയിതാവു്, സാഹിത്യകാരൻ, വിമർശകൻ, പുരോഗമന പ്രസ്ഥാനങ്ങളുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്ന സഹൃദയൻ. കുറ്റങ്ങളും കുറവുകളും ഒരിത്രയും പൊറുക്കാത്ത മനുഷ്യൻ. തെറ്റു് ആരുടെ പക്ഷത്തു നിന്നായാലും, അതു മഹാ കവിയോ രാഷ്ട്രീയനേതാവോ, ആരുമായിക്കൊള്ളട്ടെ, ശക്തിയായി പ്രതിഷേധിക്കാൻ ഒരിക്കലും കാസ്മിക്ക മടിച്ചിട്ടില്ല. അദ്ദേഹം ക്ഷയരോഗബാധിതനാണെന്നു അദ്ദേഹത്തിനറിയാം, അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കുമറിയാം. പക്ഷേ, ആശുപത്രികളിൽ പോകാൻ അദ്ദേഹം തയ്യാറല്ല. നിലവിലുള്ള സമ്പ്രദായം വെച്ചു കൊണ്ടു് ആശുപത്രികളെ ശരണം പ്രാപിക്കുന്നതു് വെറും മണ്ടത്തരമാണെന്നു പറയും. അവിടെയെങ്ങും മനുഷ്യ സ്നേഹം കണികാണില്ലന്നു് ഉദാഹരണങ്ങൾ നിരത്തി തന്റെ വാദം സമർത്ഥിക്കും. പരിയാരത്തു പോകണമെന്നു ഞങ്ങൾ നിർബ്ബന്ധിച്ചു. അദ്ദേഹം വഴങ്ങിയില്ല. അദ്ദേഹം കരുതുന്നതു പോലുള്ള ഒരു ആശുപത്രിയല്ല പരിയാരമെന്നു ഞങ്ങൾ വാദിച്ചു. അവിടെയുള്ള ഡോക്ടർമാർ ആതുരശുശ്രുഷ ജീവിതവ്രതമായി സ്വീകരിച്ചവരാണെന്നു് ആവർത്തിച്ചാവർത്തിച്ചു പറഞ്ഞു. ഞങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഒടുവിൽ പോകാമെന്നു കാസ്മിക്ക സമ്മതിച്ചു. പരിയാരത്തെ താമസവും ചികിത്സയും ഡോക്ടർമാരുടെ പെരുമാറ്റവും പരിചരണവുമെല്ലാം കൂടിയായപ്പോൾ കാസ്മിക്കയുടെ വിശ്വാസത്തിൽ നേരിയ മാറ്റം സംഭവിച്ചു. രോഗം മാറി. മുഖത്തു് ആരോഗ്യത്തിന്റെ തുടിപ്പും, മനസ്സിൽ തികഞ്ഞ സംതൃപ്തിയുമായി തിരിച്ചെത്തിയ കാസ്മിക്ക ഞങ്ങളോടു പറഞ്ഞു:
“ഇങ്ങനെയാവണം; നമ്മുടെ ആശുപത്രികളെല്ലാം ഇതുപോലിരിക്കണം. ഡോക്ടർമാർ പണത്തിനുവേണ്ടി പണിയെടുക്കരുതു്. അവർ രോഗികളുടെ മുമ്പിൽ മാലാഖമാരാവണം. എന്റെ ഈ സ്വപ്നം യാഥാത്ഥ്യമാവുമോ?”
കാസ്മിക്കയിന്നില്ല. അദ്ദേഹത്തിന്റെ സ്വപ്നം ഇന്നു് നമ്മുടെയൊക്കെ സ്വപ്നമാണു്. അദ്ദേഹത്തിന്റെ ചോദ്യം നമ്മളിന്നും ആവർത്തിച്ചുകൊണ്ടിരിക്കുന്നു.
ഡോ. മേനോന്റെ ജീവകാരുണ്യപരമായ പ്രവർത്തനങ്ങളിൽ ഒരെണ്ണം ഇവിടെ പകർത്താൻ എന്നെ അനുവദിക്കുക. അദ്ദേഹം കോഴിക്കോട്ടു വരുമ്പോഴൊക്കെ എന്നെ കാണും. സുഖം പ്രാപിച്ചു സാനറ്റോറിയം വിട്ടാൽ രോഗികളെ ചെന്നു കാണുകയും സുഖവിവരങ്ങൾ അനേഷിക്കുകയും ചെയ്യും, അങ്ങനെ ഒരിക്കൽ ഞങ്ങളൊരുമിച്ചു് ഒരു യാത്ര പുറപ്പെട്ടു; അദ്ദേഹത്തിന്റെ ഒരു ബന്ധുവിനെ കാണാൻ. കാറു പോകുന്ന വഴിയല്ല. നടക്കണം. ഞങ്ങൾ റയിൽപ്പാതയിലൂടെ നടന്നു. കുറെ ചെന്നപ്പോൾ ഒരു ‘കട്ടിങ്ങി’ലെത്തി. ഒരു കുന്നു് നടുവെ പിളർന്നാണു പാത പോകുന്നത്. കുന്നുകയറി നടക്കാമെന്നു അദ്ദേഹം പറഞ്ഞു. ഞങ്ങൾ കുന്നുകയറി. മുമ്പോട്ടു കുറച്ചു ചെന്നപ്പോൾ റെയിലിന്റെ മറുവശം കുന്നിൻപുറത്തൊരു കുടിൽ അതിന്റെ വരാന്തയിൽക്കിടന്നു് ഒരാൾ കഠിനമായി ചുമയ്ക്കുന്നു. ഭയങ്കരമായ ചുമ. ഡോക്ടർ നിന്നു. അല്പനേരത്തെ മൗനത്തിനു ശേഷം അദ്ദേഹം പറഞ്ഞു:
“നമുക്കവിടെ ചെന്നു നോക്കാം. ആ മനുഷ്യൻ വല്ലാതെ ചുമയ്ക്കുന്നു.”
എന്റെ മറുപടിക്കു കാത്തുനില്ക്കാതെ അദ്ദേഹം നടന്നു; ഒപ്പം ഞാനും. കുന്നിറങ്ങി മറുവശം കേറി കുടിലിന്റെ മുറ്റത്തെത്തി. എല്ലും തോലുമായൊരു മനുഷ്യൻ. കീറിപ്പൊളിഞ്ഞ തഴപ്പായിൽ കിടന്നു ഞെളിപിരിക്കാള്ളുന്നു. നിർത്താതെ ചുമയ്ക്കുന്നു. ഡോക്ടർ അടുത്തു ചെന്നു് അയാളെ വിളിച്ചു വിവരമന്വേഷിച്ചു. പാവം! അയാൾ എല്ലാ കാര്യങ്ങളും ചുമയ്ക്കിടയിൽ നിർത്തി നിർത്തി പറഞ്ഞു. ’ക്ഷയ’ രോഗമാണു്. ചികിത്സയൊന്നുമില്ല. നാട്ടുകാർ പണം പിരിച്ചു. വണ്ടിക്കൂലി കൊടുത്തു് അയാളെ പരിയാരത്തേക്കയച്ചു. അവിടെ ചെന്നപ്പോൾ ഡോക്ടറില്ലെന്നു പറഞ്ഞു. അതു കേട്ടു് ഒരു ഞെട്ടലോടെ ഡോക്ടർ ചോദിച്ചു:
“ആരു പറഞ്ഞു ഡാക്ടറില്ലെന്നു്?”
അതിനു വ്യക്തമായ മറുപടിയില്ല. അപ്പോൾ ഡോക്ടർ ചോദിക്കുന്നു:
“ആട്ടെ, ഒരിക്കൽക്കൂടി പരിയാരത്തു പോകാൻ പറ്റുമോ?”
മറുപടിയില്ല. ദീർഘനേത്തെ ചുമ. അതല്പമൊന്നു ശമിച്ചപ്പോൾ ക്ഷീണിച്ച സ്വരം കേൾക്കുന്നു:
“പോയിട്ടെന്തു കാര്യം? അല്ലെങ്കിൽ പോകാനെവിടെ പൈസ?”
ഡോക്ടർ ഒരു തുണ്ടം കടലാസെടുത്തു ഒരു കുറിപ്പെഴുതി, വഴിച്ചെലവിനുള്ള പണത്തോടൊപ്പം അതു രോഗിയെ ഏല്പിച്ചു. അന്നൊരു തിങ്കളാഴ്ചയായിരുന്നു. ഞാൻ വ്യക്തമായോർക്കുന്നു. പണവും കുറിപ്പും വാങ്ങി ഇതിലൊന്നും ഒരു വിശ്വാസവുമില്ലാത്ത മട്ടിൽ രോഗി ഡോക്ടറുടെ മുഖത്തു നോക്കി. ഡോക്ടറുടെ മുഖത്തുനിന്നു് ആശ്വാസത്തിന്റെ വാക്കുകൾ ഉതിരുന്നു:
“പേടിക്കേണ്ടാ. പോയ്ക്കോ. ബുധനാഴ്ച അവിടെച്ചെന്നു് ഈ കത്തു കാണിച്ചാൽ ആശുപത്രിയിൽ ചേർക്കും. രോഗം സുഖമാവും. തീർച്ച.”
നിരന്തരമായ ചുമ അല്പനേരത്തേക്കു നിലച്ചു; അദ്ഭുതംകൊണ്ടാവണം; അല്ലെങ്കിൽ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൊണ്ടാവണം. അതുമല്ലെങ്കിൽ തന്നെ രക്ഷിക്കാൻ പെട്ടെന്നു പ്രത്യക്ഷപ്പെട്ട മനുഷ്യനെപ്പാറി ചിന്തിച്ചാവണം. ഞങ്ങൾ നടന്നു. അല്പം നടന്നു തിരിഞ്ഞു നോക്കിയപ്പോൾ നിശ്ചലനായി ഒരു ബിംബം പോലെ ആ രോഗി ഇരിക്കുന്നു. തിങ്കളും ചൊവ്വയും കഴിഞ്ഞു ബുധനാഴ്ച വരുമ്പോൾ തന്റെ കൈയിലുള്ള കത്തുമായി രോഗി പരിയാരത്തെത്തും. അകത്തു കടന്നു കത്തു് ഡോക്ടറുടെ മേശപ്പുറത്തുവെച്ചു മുഖമുയർത്തുമ്പോൾ തന്റെ മുമ്പിലുള്ള കസേരയിലിരിക്കുന്നതാരാണു്? രോഗിയുടെ അപ്പോഴത്തെ മാനസികാവസ്ഥ ഒന്നാലോചിച്ചുനോക്കൂ. ഒരു നിമിഷാർത്ഥത്തിൽ, ആരോരും തുണയില്ലാത്ത ആ രോഗിയുടെ അന്തരാളത്തിൽ നിറഞ്ഞു വഴിഞ്ഞ ആഹ്ലാദത്തിന്റെ, കൃതജ്ഞതയുടെ അളവും തൂക്കവും ആർക്കെങ്കിലും തിട്ടപ്പെടുത്താനാവുമോ? ഇന്നു ഡോക്ടർ മേനോൻ നമ്മുടെ ഇടയിലില്ല. എന്നാൽ നല്ലവരായ, മനുഷ്യസ്നേഹികളായ, ഇതുപോലുള്ള ചിലരുടെ സേവനത്തിന്റെ കഥ കേൾക്കുന്നതുപോലും നമുക്കിന്നു ആശ്വാസമല്ലേ?
അങ്ങനെ ഓർക്കാനും പറയാനും എത്രയെത്ര കാര്യങ്ങൾ. മുമ്പോട്ടിനിയും പോകുന്നതിലിടെ, കോഴിക്കോട് അബ്ദുൾഖാദറുടെ ഓർമ്മയിൽനിന്നു ചിലതുകൂടി കുറിക്കട്ടെ. ശ്രീ പി. ഭാസ്കരനും രാഘവൻ മാഷും അബ്ദുൾഖാദറും ആരംഭകാലത്തു് ആകാശവാണിയിൽ ഇടയ്ക്കിടെ ഒത്തുചേരുന്നവരായിരുന്നു. അത്തരം ചില സന്ദർഭങ്ങളിൽ രാഘവൻ മാഷ് ഓടിക്കിതച്ചു വരും.
“മാഷേ, ഒരു പാട്ടു്.”
ഭാസ്കരനോടാണു്. കേൾക്കേണ്ട താമസം, കടലാസ് വലിച്ചു മുമ്പിൽ വെക്കുന്നു. പെന്നിന്റെ ടോപ്പൂരുന്നു. ചുണ്ടുകൾ ശബ്ദമില്ലാതെ ചലിക്കുന്നു. വെള്ളക്കടലാസിൽ കുനുകുനുങ്ങനയുള്ള അക്ഷരങ്ങൾ നിരക്കുന്നു. രാഘവൻ മാഷ് അസ്വസ്ഥനായി നടക്കുന്നു. അപ്പുറമൊരു കസേരയിൽ മഫ്ലറും കഴുത്തിൽ ചുറ്റി ബീഡി പുകച്ചുകൊണ്ടു്. അബ്ദുൾഖാദർ മാഷ് ഇരിക്കുന്നു. എല്ലാവരും മാഷ് തന്നെ. ഏറെ കാത്തു നിൽക്കേണ്ടിവരില്ല. ഒരു പാട്ടു് ജനിക്കുന്നു. രാഘവൻ മാഷ് പാട്ടുമായി സ്റ്റുഡിയോവിലേക്കു നടക്കുന്നു. ഒപ്പം ഖാദർ മാഷും. പിന്നെ ആ പാട്ടിനു വർണ്ണമട്ടിന്റെ—ഈണം—പൊൻചിറകുകൾ തുന്നിച്ചേർക്കുന്ന തിരക്കാണു് രാഘവൻ മാഷു്ക്ക്. തിരക്കു കഴിഞ്ഞാൽ അതേറ്റുവാങ്ങി ആസ്വാദക മനസ്സിന്റെ നീലാകാശത്തിലേക്കു പറത്തിവിടുന്ന ചുമതല ഖാദർമാഷ് ഭംഗിയായി നിവ്വഹിക്കുന്നു, നഗരത്തിലും നാട്ടിൻ പുറങ്ങളിലുമുള്ള നിരവധി ശ്രോതാക്കൾ അഭിനന്ദിച്ചു കരഘോഷം മുഴക്കുന്നു. ഭാസ്കരൻ മാഷു് രൂപം നല്ലി, രാഘവൻ മാഷു് ഈണം പകർന്നു്, ഖാദർ മാഷു്ടെ കളകണ്ഠത്തിലൂടെ ഒഴുകിപ്പരന്ന എത്രയെത്ര ഗാനങ്ങൾ! എന്തൊരു സുഖകാലമായിരുന്നു അതു്. മൂന്നു പേരും ഒരുമിച്ചു മേളിച്ചു് ആനന്ദം പകർന്ന നിമിഷങ്ങൾക്കുണ്ടോ കണക്കു്! നീലക്കുയിൽ നമ്മുടെയൊക്കെ ഓർമ്മയുടെ മാന്തോപ്പിലിരുന്നു ഇന്നും കളകൂജനം മുഴക്കുന്നില്ലേ—എങ്ങിനെ നീ മറക്കും, കുയിലേ?
രാഘവൻ മാസ്റ്ററുടെ സാഹസകൃത്യങ്ങൾ അല്പം കൂടി വിവരിക്കട്ടെ. മാഷ് വന്നാവശ്യപ്പെട്ടാൽ നിലയത്തിലെ കൽത്തൂണുപോലും ഒരു ഗാനമെഴുതിക്കൊടുത്തെന്നുവരും. തൃക്കോട്ടൂർപെരുമയുടെ കർത്താവും ഒരു ഖാദറാണെന്നറിയാമല്ലോ. എന്റെ നാട്ടുകാരൻ യു. എ. ഖാദർ. ആരോഗ്യവകുപ്പിൽനിന്നു കാലുമാറിച്ചവുട്ടി ആകാശവാണിയിലെത്തി. വിനയനോടൊപ്പം സന്താനനിയന്ത്രണവകുപ്പിലദ്ദേഹം അല്പകാലം വിഹരിക്കുകയുണ്ടായി. വകുപ്പിനുവേണ്ടിയും അല്ലാതെയും നാടകങ്ങളും കഥകളും തുരുതുരെ എഴുതുന്ന കാര്യത്തിൽ വിനയനും മി. ഖാദറും കൊണ്ടുപിടിച്ചൊരു മത്സരം തന്നെയായിരുന്നു. അവരെക്കൊണ്ടു രാഘവൻ മാഷു് പാട്ടെഴുതിച്ചോ? നല്ല നിശ്ചയമില്ല. എഴുതിച്ചിട്ടുണ്ടാവണമെന്നു തന്നെയാണു് എന്റെ വിശ്വാസം. കൊടുങ്ങല്ലൂരിനെക്കൊണ്ടെഴുതിച്ചിട്ടില്ല. തീർച്ച. അവിടെ അതൊന്നും നടപ്പില്ല. ആരു പറഞ്ഞാലും വയ്യാത്ത കാര്യത്തിനദ്ദേഹം വഴങ്ങില്ല. ഞാൻ ഭീരു. മറ്റുള്ളവരെ മുഷിപ്പിക്കാൻ വയ്യ. എന്തു പറഞ്ഞാലും അനുസരിക്കും. വയ്യെങ്കിലും വഷളായെങ്കിലും ചെയ്യും. പി. സി. യും അക്കിത്തവും കക്കാടുമൊക്കെ സ്ഥിരം ഗാനരചയിതാക്കളായിരുന്നു. അവരുടെ സേവനം പോരാതെ വരുമ്പോൾ മാഷ് എന്നെ പിടികൂടും. ഞാൻ കീഴടങ്ങും. പിന്നെ മരണവെപ്രാളമാണു് മനസ്സിൽ സംഗീതമില്ലാത്തവൻ ഗാനരചനയ്ക്കു മുതിരരുതു്. എനിക്കതശേഷമില്ല. പിന്നെന്താണൊരു പോംവഴി? പൂവിന്റെയും ആകാശത്തിന്റെയും മഴവില്ലിന്റെയും അതുപോലെ മറ്റേതാനും മധുരപദാർത്ഥങ്ങളുടേയും, പര്യായം തേടിപ്പിടിച്ചു് എഴുതിവെക്കും. അതിൽ നിന്നും നല്ലതു നോക്കി തിരഞ്ഞെടുക്കും. അതെല്ലാം തുണ്ടങ്കടലാസിലാക്കി ചുരുട്ടും. കൂടെ അനുരാഗം, പ്രേമം എന്നീ ചില പദങ്ങളും ചേർക്കും. എന്നിട്ടതൊരു അളുക്കിലിട്ടു കുലുക്കും. കുലുക്കി കിട്ടുന്നവനെ വഴിക്കുവഴി എഴുതും. മാഷു്ടെ കൈയിൽ കൊടുക്കും. മാഷതു കൊണ്ടുപോയാൽ മനസ്സിൽ നിന്നു ഭാരമിറങ്ങും. പക്ഷേ, അധികനേരം നില്ക്കില്ല. മാഷ് തിരിച്ചുവരുന്നു.
“പിന്നേയ്”, ഈ സംസ്കൃതനെ ഒന്നു മാറ്റണമല്ലോ മാഷെ. ഈ സുഗന്ധസുമം വേണ്ടാ. അവൻ മുഴച്ചുനിൽക്കുന്നു. ഒന്നു മാറ്റണം. പെട്ടെന്നു വേണം. ശട്ടേന്നു മാറ്റണം.”
“ഇപ്പത്തരാം മാഷെ.” ഞാൻ വിനീതനായി പറയും “ഒരഞ്ചുമിനിട്ട്. സുഗന്ധനെ തട്ടിക്കളയും.”
മാഷ് പോയാൽ പട്ടിക നിരത്തി പദങ്ങൾ തിരഞ്ഞു തുണ്ടുകടലാസിൽ പകർത്തിച്ചുരുട്ടി അളുക്കിലിട്ടു കുലുക്കി, ഞാനെന്റെ കൺകെട്ടുവിദ്യ തുടങ്ങും, സുഗന്ധനെത്തട്ടി വസ്തു മാഷെ ഏല്പിക്കും. ഈശ്വരകാരുണ്യം കൊണ്ടോ മാഷ്ടെ പ്രതിഭാവിലാസം കൊണ്ടോ എന്തോ, അതൊരു ഗാനമായി ആകാശത്തിലേക്കു കയറും. ഒപ്പം എന്റെ പേരും. പക്ഷേ, പേരിന്റെ കാര്യത്തിൽ ഞാനൊരു വേലയൊപ്പിക്കും: ’ഗാനരചന—പി. കെ. നായർ.’ അതാണു വേല. പി. കെ. നായരെന്ന പേരിൽ എന്നെയാരും അറിയില്ല. അങ്ങനെ രക്ഷപ്പെടും. പക്ഷേ, നിലയത്തിലുള്ളവരറിയുമല്ലോ. അവിടെയാണു പങ്കപ്പാടു്. ഒരിക്കൽ ഒരു ഭാഗവതർ എന്നെ സമീപിക്കുന്നു. മലയാളം കഷ്ടിച്ചു ഭയങ്കര തെറ്റോടുകൂടി ഉച്ചരിക്കാൻ മാത്രമറിയുന്ന ഭാഗവതർ. അദ്ദേഹത്തിനൊരു ഗാനം വേണം. വയ്യെന്നു പറയാൻപറ്റാത്ത ഹീന സ്വഭാവമാണല്ലോ എനിക്കുള്ളതു്. അതുകൊണ്ടു രചനാഭാരം ഞാനേറ്റെടുത്തു. അതു് എന്റെ നോട്ടത്തിൽ ഭംഗിയായി നിറവേറ്റി ഞാൻ ഭാഗവതരെ ഏല്പിച്ചു. അദ്ദേഹം അതു കൊണ്ടുപോയി മസാല, ചേർത്തു പചിക്കാൻ തുടങ്ങിയപ്പോഴാണു കുഴപ്പം സംഭവിക്കുന്നതു്. എന്റെ കൺകെട്ടു വിദ്യയിലൂടെ പുറത്തുവന്ന ആദ്യവരി ഇതായിരുന്നു.
“വിടരൂ നീ പിച്ചിമലരേ, നേരേ...”
“ഇതു വേണാ മാഷേ?” ഭഗവതർ വിലപിക്കുന്നു.
“ഏതു്
“ഈ നേരെ?” അപ്പോൾ അതാണു സംഗതി. അദ്ദേഹത്തിനു നേരെ പറയാൻ വയ്യ. രണ്ടക്ഷരവും തെറ്റിച്ചു് ‘നേറെ’ എന്നുച്ചരിക്കുന്നു. കേട്ടവർ ചിരിക്കുന്നു. അതുകൊണ്ടവ തട്ടണം. തട്ടാനെന്തു വഴി?
ഒരിക്കൽ റഷ്യയിൽ നിന്നൊരു സാംസ്കാരിക സംഘം കോഴിക്കോട്ടെത്തുന്നു. മാനാഞ്ചിറ മൈതാനിയിൽ, അവരുടെ കലാപ്രകടനം. അവരോടൊപ്പം ആകാശവാണിയിലെ കലാകാരന്മാരും ചിലയിനങ്ങൾ അവതരിപ്പിക്കണമെന്നു തീരുമാനിക്കുന്നു. അന്നു വൈകീട്ടുണ്ടു് രാഘവൻ മാഷ് ഓടിക്കിതച്ചു വരുന്നു.
“മാഷേ, പാട്ടു്.”
“എന്തു പാട്ടു്?”
“ഒരു ചിമിടൻ പാട്ടു്. റഷ്യക്കാരെ കേൾപ്പിക്കാനുള്ളതാ. നമ്മുടെ ജനവും കേൾക്കും.”
ഇത്രയും പറഞ്ഞു് മാഷൊരു നാടൻപാട്ടിന്റെ ഈരടി മൂളുന്നു.
“ഇതു പോലൊരെണ്ണം; വേഗം വേണം. ഈണം കൊടുക്കണം; പഠിപ്പിക്കണം, സമയം വളരെ കുറവ്”
മാഷ് ഓടിപ്പോകുന്നു. ഞാനെന്റെ കൺകെട്ടുവേലയ്ക്കിരിക്കുന്നു. ഇവിടെ മധുരപദങ്ങളുടെ പര്യായങ്ങളൊന്നും എന്റെ രക്ഷയ്ക്കു വന്നില്ല. നാടൻശീലാണു വേണ്ടതു്. എന്തായാലും പാട്ടു വേണം. എഴുതാനിരുന്നു. മാഷ് തിരിച്ചുവന്നു് അതു വാങ്ങിക്കൊണ്ടുപോകുന്നു. പിന്നീടുള്ള കാര്യങ്ങളൊന്നും ഞാനറിയുന്നില്ല. വർഷങ്ങൾ പൊഴിഞ്ഞു വീഴുന്നു. മാഷ് ജോലിയിൽനിന്നു പിരിയുന്നു; ഏറെ താമസിയാതെ ഞാനും. വർഷങ്ങൾ പിന്നെയും പൊഴിയുന്നു. അങ്ങനെ പൊഴിഞ്ഞു കൊണ്ടിരിക്കുമ്പോൾ മദിരാശിയിൽ നിന്നു് മാഷു്ടെ ഒരു കത്തു കിട്ടുന്നു. സംഗതി നിസ്സാരം. റഷ്യൻ സാംസ്കാരിക പരിപാടിയിൽ അവതരിപ്പിക്കാൻ ഞാനെഴുതിക്കൊടുത്ത ഗാനം ഒരു സിനിമയിൽ ഉൾപ്പെടുത്താൻ എന്റെ അനുമതിപത്രം ഒപ്പിട്ടയച്ചുകൊടുക്കണം. കൊടുത്തു.
”അപ്പളും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്നു്…”
ദൈവമേ! അവൻ വരുന്നു. കല്യാണവീട്ടിൽ, ആകാശവാണിയിൽ, റസ്റ്റാറന്റിൽ; സമ്മേളനപ്പന്തലിലെല്ലാം അവൻ വരുന്നു. വന്നോട്ടെ, സാരമില്ല. പക്ഷേ, രചയിതാവിന്റെ പേരും ഒപ്പം വരുന്നു: തിക്കോടിയൻ.
മാഷെ, കേട്ടപ്പോൾ അല്പം സന്തോഷമുണ്ടായിരുന്നു. സംഗതി എന്നു വച്ചാൽ, വല്ല സിനിമക്കാരനും വിളിക്കും. വിളിച്ചു് നാലു ഗാനമെഴുതിക്കും. പത്തു കാശു തരും. അതുതന്നെ. പക്ഷേ, ഒന്നും നടന്നില്ല മാഷേ. ആരും വിളിച്ചില്ല. പാട്ടു പഴയതായിത്തുടങ്ങി; ഇനിയാരു വിളിക്കാൻ, അല്ലേ?