images/tkn-arangukanatha-cover.jpg
Archangel, an oil on canvas painting by Paul Klee (1879–1940).
ആറാൾസംഘം

മാതൃഭൂമിയിൽനിന്നു കുഞ്ഞപ്പേട്ടൻ എന്നെ കാണണമെന്നു് ആവശ്യപ്പെടുന്നു. എനിക്കെന്തെങ്കിലും ഗുണമുണ്ടാവുമെന്നു തീർച്ച. അല്ലെങ്കിൽ അങ്ങനെ ആവശ്യപ്പെടില്ല. ഒഴിവുള്ളപ്പോഴൊക്കെ ഞാനദ്ദേഹത്തെ ചെന്നു കാണുകയാണു പതിവു്. നിർദ്ദേശപ്പടി ഞാൻ ചെന്നു കണ്ടു. പതിവുപോലെ ചിരിച്ചു. കുറഞ്ഞ വാക്കുകളിൽ കാര്യം പറഞ്ഞു. വാരാന്തപ്പതിപ്പു് തുടങ്ങുകയാണു് അതിലേക്കു് ‘വിഭവ’ങ്ങൾ പലതും വേണം.

“എന്താ, വല്ലതും എഴുതിക്കൂടേ?”

കുഞ്ഞപ്പേട്ടന്റെ ചോദ്യം. ഞാനുത്തരമൊന്നും പറഞ്ഞില്ല. അദ്ദേഹത്തിന്റെ മുഖത്തു നോക്കി എഴുതാമെന്നു തറപ്പിച്ചു പറയാൻ എനിക്കു വിഷമമുണ്ടായിരുന്നു. ആഴ്ചപ്പതിപ്പിൽ വന്ന എന്റെ പല കവിതകളും വെട്ടിത്തിരുത്തി വെടിപ്പാക്കിയതദ്ദേഹമാണു്. എന്റെ പരിമിതികളും പോരായ്മകളും മറ്റാരേക്കാളും അദ്ദേഹത്തിനറിയാം. അതു കൊണ്ടു ഞാൻ മിണ്ടാതിരുന്നു. മൗനം സമ്മതമാണെന്നു ധരിച്ചു് അദ്ദേഹം ഒരാനുകൂല്യം അനുവദിച്ചുതരുമ്പോലെ പറയുന്നു:

“എല്ലാ ആഴ്ചയും വേണമെന്നില്ല. ഇടയ്ക്കൊക്കെ എന്തെങ്കിലും എഴുതൂ.”

വാത്സല്യപൂർവ്വമുള്ള ആ നിർബ്ബന്ധത്തിനു മുമ്പിൽ മടിച്ചുനില്ക്കുന്നതു തെറ്റാണു്. എങ്കിലും എന്റെ പരാധീനത അറിയിക്കണമല്ലോ:

“എന്തെഴുതിയാലും ആകാശവാണിയുടെ സമ്മതം വാങ്ങണം. അതു വലിയ വിഷമമാണു്.”

ഞാൻ പറഞ്ഞവസാനിക്കുംമുമ്പു് കുഞ്ഞപ്പേട്ടന്റെ ചോദ്യം:

തൂലികാനാമമില്ലേ? അതുപയോഗിക്കണം.”

“അതും അവിടെ കുടുങ്ങിക്കിടപ്പാണു്”

അതിനു വ്യക്തമായ മറുപടിയൊന്നും കുഞ്ഞപ്പേട്ടൻ പറഞ്ഞില്ല. കേട്ടതായി ഭാവിച്ചതുമില്ല. മറ്റേതെങ്കിലുമൊരു പേരിൽ എഴുതാൻ നിർദ്ദേശിക്കുകയാണുണ്ടായതു്. ആ നിർദ്ദേശം സ്വീകരിച്ചു് ഞാൻ എനിക്കു് ‘ആനന്ദ്’ എന്നു പേരിട്ടു. പേരിലെങ്കിലും, ആനന്ദം കിടക്കട്ടെ എന്ന ഉദ്ദേശത്തോടെ. അങ്ങനെ വാരാന്തപ്പതിപ്പിൽ കുറെ ഹാസ്യകവിതകളും ചില ലേഖനങ്ങളും ‘ആനന്ദി’ന്റെ പേരിൽ അക്കാലത്തു പ്രത്യക്ഷപ്പെടുകയുണ്ടായി. പിന്നെ കുറെ കഴിഞ്ഞാണു് പ്രഗല്ഭമതിയായൊ’രാനന്ദ്’ സാഹിത്യനഭസ്സിലുദിച്ചുയർന്നതു്. അതിനും എത്രയോ മുമ്പു് ഞാനെന്റെ പെട്ടിവെച്ചു കളി നടത്തിക്കഴിഞ്ഞിരുന്നു.

കുഞ്ഞപ്പേട്ടനോടൊപ്പം വാരാന്തപ്പതിപ്പിന്റെ പ്രവർത്തനത്തിൽ അന്നു് മി. കൊറാത്തുമുണ്ടായിരുന്നു. രാഷ്ട്രീയ-സാമൂഹികകാര്യങ്ങളിൽ അതീവതാൽപര്യം പുലർത്തിപ്പോരുന്നൊരാളായും നല്ലൊരു പത്രപ്രവർത്തകനായും ജനം കൊറാത്തിനെ അറിയുന്നു. എന്നാൽ ഞാനറിയുന്ന കൊറാത്തു് മറ്റൊരാളാണു്. സരസ സംഭാഷണത്തിൽ, ചായയിൽ, സിഗററ്റിൽ അതീവതൽപരൻ. ഫലിതം ആസ്വദിക്കാനും പറയാനും കഴിവുള്ള അതിസരസൻ. ആക്ഷേപഹാസ്യത്തിലൂടെ ആരുടെ തെറ്റും മുഖം നോക്കാതെ വിമർശിക്കുന്ന സാഹിത്യകാരൻ, പ്രഗല്ഭനായ പത്രാധിപർ ഇതെല്ലാമാണു്, ഇങ്ങനെയെല്ലാമാണു് കൊറാത്തു്. എന്നാൽ ആദ്യമായി കാണുകയും പരിചയപ്പെടുകയും ചെയ്യുന്നൊരാൾക്കു ഇതൊരു തമ്പുരാൻകുട്ടിയല്ലേ എന്നു തോന്നിപ്പോകും. തന്റെ ഔദ്യോഗിക സ്ഥാനത്തിരുന്നുകൊണ്ടു് അതിഥികളെ സ്വീകരിക്കുന്ന രീതിയിലും സംഭാഷണത്തിലും, എന്തിനു് സിഗരറ്റ് വലിയിൽപോലും ഒരു പ്രത്യേകതയുണ്ടു്, കൊറാത്തിനു്. ശരീരപ്രകൃതിയും മുഖവും നോട്ടവും ചലനവുമെല്ലാം ആ തോന്നലിനെ ബലപ്പെടുത്തും. കണ്ടനാൾമുതൽ എന്നെക്കുറിച്ചുള്ള അഭിപ്രായവും എന്റെ പേരിലുള്ള സ്നേഹവും ഒരേ അളവിൽ അദ്ദേഹം സൂക്ഷിച്ചുപോന്നു. ആ ചിത്തവൃത്തിയുടെ മുമ്പിൽ പലപ്പോഴും ഞാൻ വിസ്മയഭരിതനായിട്ടുണ്ടു്.

വാരാന്തപ്പതിപ്പിൽ ‘ആനന്ദ്’ എന്ന എന്നോടൊപ്പം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുള്ള ‘പെരുമ്പടപ്പു്’ വളരെ അടുപ്പമുള്ള ഒരു സുഹൃത്തായിരുന്നു. നർമ്മലേഖനങ്ങൾ പലതുമെഴുതീട്ടുണ്ടു്. ഞാൻ തിക്കോടിയിൽനിന്നു വന്നപോലെ അദ്ദേഹം പെരുമ്പടപ്പിൽനിന്നു വന്നതാണു്. പരസ്പരസഹായ വകുപ്പിൽ ജോലിയായിരുന്നു. പെൻഷൻ പറ്റിയപ്പോൾ പെരുമ്പടപ്പിലേക്കു തിരിച്ചുപോയി. പിന്നെ അദ്ദേഹത്തെപ്പറ്റി കൂടുതലൊന്നും അറിയാൻ കഴിഞ്ഞിരുന്നില്ല. യൂനിയൻ ബാങ്കിലെ ഒരു ഓഫീസറായ അദ്ദേഹത്തിന്റെ മരുമകൻ ശ്ര. ജി. കെ. മേനോന്റെ കത്തിൽനിന്നാണു് കഴിഞ്ഞവർഷം അദ്ദേഹത്തിന്റെ ചരമവാർത്ത ഞാനറിഞ്ഞതു്.

പെരുമ്പടപ്പിൽ നിന്നു മടങ്ങുംമുമ്പ് മറ്റൊരു സുഹൃത്തിനെക്കൂടി ഓർക്കാതെ വയ്യ. തൃശ്ശൂരിലെ തേക്കിൻകാട്ടു മെതാനത്തിലെവിടെയോ വെച്ചു് അതിധൃതിയിലുള്ള യാത്രയിൽ കൂട്ടിമുട്ടി സൗഹൃദത്തിന്റെ ഒരു മുഴ സമ്മാനിച്ചു കടന്നുപോയ സാക്ഷാൽ കാട്ടുമാടമാണു് ആ സുഹൃത്ത്. കഥകളിയെപ്പറ്റി, പഞ്ചവാദ്യത്തെപ്പറ്റി, ഇടയ്ക്കയെപ്പറ്റി, ക്രിക്കറ്റിനെപ്പറ്റി മാത്രമല്ലാ നമുക്കൊക്കെ പരിചയമുള്ള മറ്റു പല കാര്യങ്ങളെപ്പറ്റി, തളരാതെ എഴുതുന്ന കാട്ടുമാടത്തിന്റെ സ്ഥായിയായ വിഷയം നാടകമാണു്. നാടകം പഠിക്കാനും നാടകമെന്തെന്നറിയാനും താൽപര്യമുള്ളവർക്കു് വളരെയേറെ പ്രയോജനപ്രദമായ രണ്ടു ഗ്രന്ഥങ്ങളുടെ ഉടമയാണദ്ദേഹം: ‘നാടക രൂപചർച്ച’യും ‘മലയാളനാടക പ്രസ്ഥാന’വും.

നാടകം ജീവിതമാക്കിയ ശ്രീ കാവാലം നാരായണപ്പണിക്കരെ കാണുന്നതും പരിചയപ്പെടുന്നതും തൃശ്ശൂരിൽവെച്ചു തന്നെ. മലയാളനാടകവേദിയിൽ അദ്ഭുതങ്ങൾ വിരിയിച്ചെടുത്ത കാവാലം എത്രവേഗത്തിലും എളുപ്പത്തിലുമാണെന്റെ കുടുംബസുഹൃത്തായിക്കഴിഞ്ഞതു്. സൗഹൃദം കൊണ്ടെന്നെ അദ്ഭുതപ്പെടുത്തുകയും വീർപ്പുമുട്ടിക്കുകയും ചെയ്ത ഒരു ചെറിയ സംഭവം. ഗുരുവായൂരിൽ എന്റെ മകളുടെ വിവാഹം നടക്കുകയാണു്. ഞങ്ങൾ തലേ ദിവസം രാത്രി അവിടെയെത്തി. സത്രത്തിലെ വരാന്തയിലൂടെ നടക്കുമ്പോൾ അതാ കാവാലം. കണ്ടു; ചിരിച്ചു; കുശലം പറഞ്ഞു. മിസ്സിസ് പണിക്കരും ഒരുമിച്ചുണ്ടു്. കുശലപ്രശ്നത്തിനിടയിൽ അദ്ദേഹമെന്നോടു ചോദിക്കുന്നു:

”എന്തേ വന്നതു്? തൊഴാൻ മാത്രമാണോ? അല്ല, മറ്റു വല്ല വിശേഷവുമുണ്ടോ?”

ചോദ്യം കേട്ടു് ഞാനൊന്നു ഞെട്ടി. മകളുടെ വിവാഹത്തിനു ഞാനദ്ദേഹത്തെ ക്ഷണിച്ചിട്ടില്ല. അതു വലിയൊരപരാധമാണു്. എന്താണു പറയേണ്ടതു്? സത്യം പറഞ്ഞാൽ അപകടം. ഒടുവിൽ കള്ളം പറഞ്ഞു രക്ഷപ്പെടാമെന്നു കരുതി:

“ചുമ്മാ വന്നു; ഒരു രസത്തിനു്. ഇനി ഞാനൊന്നു ചോദിക്കട്ടെ. പ്രത്യേകിച്ചൊന്നുമില്ലല്ലോ?”

“ഇല്ലെന്നു പറയാൻ വയ്യ.” നിർവ്വികാരനായിട്ടാണദ്ദേഹം പറയുന്നത്: “നാളെ തിക്കോടിയന്റെ മകളുടെ കല്യാണമാണു്. താലികെട്ടുകഴിഞ്ഞു് ഉണ്ടിട്ടു തിരിച്ചുപോകണം.”

വീർപ്പുമുട്ടിയതിൽ തെറ്റുണ്ടോ? ആർക്കായാലും വീർപ്പുമുട്ടില്ലേ? ആ കറകളഞ്ഞ സൗഹൃദം ഒട്ടും തേമാനമില്ലാത്തവിധം ഇന്നും ഞങ്ങൾ സൂക്ഷിച്ചുപോരുന്നു. ജീവിതത്തിലെ ദുർല്ലഭം ചില വലിയ നേട്ടങ്ങളിലൊന്നല്ലേ ഈ സൗഹൃദം?.

ഞാൻ കോഴിക്കോട്ടേക്കുതന്നെ മടങ്ങട്ടെ. ഞങ്ങളന്നൊരാറാൾ സംഘം കോഴിക്കോടിനൊരലങ്കാരംപോലെ വർത്തിച്ചിരുന്നു. അധികപ്രസംഗം പറയുകയാണെന്നു ധരിക്കരുത്: ദേവൻ, പട്ടത്തുവിള, എൻ. പി., വി. കെ. എൻ., എം. ടി. പിന്നെ ഞാനും. ഇടയ്ക്കൊക്കെ സംഘത്തിൽ വിരുന്നുവരുന്ന ആളായിരുന്നു കൊറാത്ത്. കടലുണ്ടിയിൽ നിന്നു നിത്യവും വണ്ടിക്കു വരുന്ന ആളായതുകൊണ്ടു് കൊറാത്തിനു സംഘം ചേരാൻ വിഷമമായിരുന്നു. വി. കെ. എൻ. തൃക്കളിയൂർ ക്ഷേത്രഭരണംവിട്ടു് കോഴിക്കോട്ടു് ഭരിക്കാനെത്തിയതാണു്. കോഴിക്കോട്ടുമുണ്ടല്ലോ ക്ഷേത്രങ്ങളും ഈശ്വരന്മാരും. ദേവനോടൊപ്പം മാതൃഭൂമിയിലെ ലാവണത്തിൽ എം. ടി. യും കയറിവന്ന സമയമാണു്. എന്നും ഞങ്ങൾ മാനാഞ്ചിറ മൈതാനിയിലെത്തും. ഇന്നത്തെപ്പോലെ മൈതാനത്തിനു ചുറ്റുമുള്ള നിരത്തിൽ ആൾത്തിരക്കോ വാഹനത്തിരക്കോ ഇല്ല. മൈതാനത്തിലും ആളുകൾ ചുരുക്കം. ഏതെങ്കിലുമൊരു മൂലയിൽ നാലോ അഞ്ചോ കുട്ടികൾ കടലാസ് പന്തു തട്ടിക്കളിക്കുന്നുണ്ടാവും. ഇടിഞ്ഞു തകർന്ന മതിലിന്റെ കേടുപറ്റാത്തൊരു സ്ഥലത്തു് മൂന്നോ നാലോ പെൻഷൻകാർ കയറിപ്പറ്റി പൂർവ്വകഥകൾ അയവിറക്കുന്നുണ്ടാവും. അത്രതന്നെ. ഞങ്ങൾ മൈതാനിയുടെ നടുവിൽ പച്ചപ്പുൽവിരിപ്പിൽ വട്ടമിട്ടിരിക്കും. കഥ പറയും. മുഖ്യകാഥികൻ വി. കെ. എൻ. അതൊരമ്പൊഴിയാത്ത ആവനാഴിയാണു്. ആകാശത്തിനു കീഴിലുള്ള ഏതുവിഷയത്തെപ്പറ്റിയും സംസാരിക്കും. ചിരിക്കാനുള്ള വഹ കൂടുതലാണു്. പട്ടത്തുവിള വളരെ കരുതലോടെ മാത്രമേ വാക്കുകൾ ചെലവഴിക്കൂ. അക്കാര്യത്തിൽ വലിയ പിശുക്കാണു്. എൻ. പി. രസികൻ കഥ പറയും, പക്ഷേ, കഥയിലെ ഫലിതം ശ്രോതാക്കൾക്കു കിട്ടുംമുമ്പേ എൻ. പി. ചിരിക്കാൻ തുടങ്ങും. അപ്പോൾ നമ്മൾ ശ്രോതാക്കൾ അന്തം വിട്ടിക്കും. അങ്ങനെ ചിരിക്കുമ്പോൾ അതാ വരുന്നു ഫലിതം. നമ്മളും എൻ. പി. യോടൊപ്പം ചിരിയിൽ പങ്കെടുക്കും. ഫലിതം കേട്ടു ചിരിക്കുന്നതിൽ വിരോധമില്ലെന്ന മട്ടാണു് ദേവനു്. മറ്റുള്ളവരെ ചിരിപ്പിച്ചു കളയാമെന്ന വ്യാമോഹമൊന്നുമില്ല. എന്നല്ല ചിരിക്കുമ്പോൾ തന്റെ സ്ഥായിയായ ഗൗരവം വിട്ടുകളയാൻ ദേവനൊരുങ്ങുകയുമില്ല. എം. ടി. ശ്രദ്ധിച്ചിരിക്കും. ആസ്വദിക്കും. മുഖത്തു നോക്കിയാൽ ചിരിക്കുമോ ചിരിക്കില്ലയോ എന്നു തീർത്തു പായാൻ നമ്മൾ വിഷമിക്കും.

അങ്ങനെയിരിക്കുമ്പോൾ പുതുതായി പുറത്തിറങ്ങിയ ഏതെങ്കിലുമൊരു വിദേശ നോവലിനെപ്പറ്റിയോ ലസ്റ്റ് ഫോർ ലൈഫ് പോലുള്ള ജീവിത ചരിത്രാഖ്യായികയെക്കുറിച്ചോ എൻ. പി. ഒരു അമ്പുതൊടുക്കും. അതിൽ പങ്കെടുക്കാൻ എം. ടി. ക്കും വിഷമമില്ല. പട്ടത്തുവിളയും അപ്പോൾ ചുരുങ്ങിയ വാക്കു പറഞ്ഞെന്നുവരും. അതിൽ പങ്കെടുക്കാൻ ദേവനുമില്ല കുഴപ്പം.

അങ്ങനെ പടിഞ്ഞാറിന്റെ മുഖം കറുക്കുവോളം ഞങ്ങളിരിക്കും. ഇടയിൽ ചായയുടെ കാര്യം വരും. ഒരു രഹസ്യം പറയട്ടെ. അഞ്ചാറാളുകളൊരുമിച്ചു് ഒരു ചായക്കടയിൽ കയറി വല്ലതും കഴിച്ചു പുറത്തിറങ്ങുമ്പോൾ ബില്ലിലെ സംഖ്യ എടുത്തു കൊടുക്കാൻ മാത്രം കീശയ്ക്കു ബലമുള്ളവർ ഞങ്ങളുടെ കൂട്ടത്തിൽ വളരെ കുറവായിരുന്നു. ഈ സത്യമിപ്പോൾ പറയുന്നതു് ചിലർക്കെങ്കിലും രുചിച്ചില്ലെന്നുവരും. അതെന്തുമാവട്ടെ, കീശയ്ക്കു കനമില്ലാത്തതുകൊണ്ടു ചായകുടി ഒരിക്കലും മുടങ്ങീട്ടില്ല. അതു കോറസ്സായിട്ടുതന്നെ. പലപ്പോഴും പട്ടത്തുവിളതന്നെയായിരിക്കണം ബില്ലു വാങ്ങിയതും കാശുകൊടുത്തതും. ഇവിടെ ഓർമ്മ ഒട്ടും വ്യക്തമല്ല. വട്ടമിട്ടു ചായകുടിക്കാനിരിക്കുമ്പോൾ നേരമ്പോക്കുകൾ പലതുണ്ടാവും. വെയ്റ്റർ വന്നു് എന്താ കഴിക്കേണ്ടതെന്നൊരു ചോദ്യമുണ്ടു് അതു് അയാളുടെ ഡ്യൂട്ടിയാണല്ലോ. ഒന്നും വേണ്ടെന്നു് ഒരപരാധിയെപ്പോലെ പറയാൻ പറ്റുമോ? സ്വരത്തിൽ ദീനതയുടെ കലർപ്പുണ്ടായാൽ സംഗതി കുഴഞ്ഞില്ലേ? അവിടെയാണു മനോധർമ്മം വരുന്നതു്. “ഓ! കഴിക്കാനോ? എന്തു കഴിക്കാൻ.” ഒരാൾ പറയും “എനിക്കീ ഹോട്ടൽ ഭക്ഷണമൊന്നും വയറിനു പിടിക്കില്ല.” മറ്റൊരാളുടെ മനോധർമ്മം. “വെറും ചായ, ചായമാത്രം.” അതു രക്ഷകന്റെ ശബ്ദം. ഈ നേരമാകുമ്പോൾ നിന്നു മടുത്ത വെയ്റ്റർ സ്ഥലം വിട്ടിട്ടുണ്ടാവും.

ഒരിക്കൽ ഒരു വലിയ നേരമ്പോക്കുണ്ടായി. വെയ്റ്റർ വരുന്നു. പതിവുചോദ്യം തുടങ്ങുന്നു. അപ്പോൾ വി. കെ. എൻ. ഒരാത്മഗതം ദീനസ്വരത്തിൽ പുറത്തുവിടുന്നു, നെടുവീർപ്പിന്റെ പിറകെ;

“ഓ! എത്രകാലമായൊരു മസാലദോശ തിന്നിട്ടു്!”

പിന്നെ കൂട്ടച്ചിരിയാണ്. ഓരോ സായന്തനത്തിന്റെ പാനപാത്രവും അന്നു സന്തോഷത്തിന്റെ മുന്തിരിച്ചാർ നിറഞ്ഞതായിരുന്നു.

അങ്ങനെ ഒരുനാളൊരു സായംസന്ധ്യയ്ക്കു സംഘം പിരിഞ്ഞു ഞാൻ വീടണയുന്നു. അപ്പോൾ എങ്ങും ഇരുളിൽ മുങ്ങിക്കിടക്കുന്ന അടുത്ത തൊടിയിൽ വെളിച്ചത്തിന്റെ സമൃദ്ധി. തെങ്ങിന്മേലൊക്കെ ട്യൂബ്

ലൈറ്റ്, ഉച്ചഭാഷിണി. അതിലൂടെ പുറത്തേക്കൊഴുകിവരുന്ന ദേശഭക്തിഗാനം. തിരഞ്ഞെടുപ്പു കാലമാണു്. പ്രചരണയോഗത്തിനൊരുക്കിവെച്ച സ്ഥലമാണു്. ഉറക്കം നഷ്ടപ്പെട്ടതു തന്നെ. തിരഞ്ഞെടുപ്പു പ്രസംഗമാവുമ്പോൾ യാതനയുടെ കാര്യം പറയുകയും വേണ്ട. ഏതായാലും സഹിക്കാതെ വയ്യല്ലോ. ക്ഷമയോടെ കാത്തിരുന്നു. അപ്പോൾ സ്വാഗതപ്രസംഗം വരുന്നു. ആദ്യമായി ഉദ്ഘാടകന്റെ പേരുവരുന്നു— സുകുമാർ അഴീക്കോട്. പേരു കേട്ടു മടുപ്പു നീങ്ങി. എനിക്കു് അഴീക്കോടിന്റെ പ്രസംഗം ഇഷ്ടമാണു്. രാഷ്ട്രീയമായാലും സാഹിത്യമായാലും വേദാന്തമായാലും മുഷിപ്പില്ലാതെ ഉടനീളം ഉത്സാഹത്തോടെ കേട്ടിരിക്കാം. പതുക്കെ എഴുന്നേറ്റു പുറപ്പെട്ടു. ജനസമൂഹത്തിലൊരിടത്തു സ്ഥലം പിടിച്ചു. ഉദ്ഘാടന പ്രസംഗം തുടങ്ങി. മന്ദഗതിയിൽ നേരിയ ശബ്ദത്തിൽ വഴുപ്പുള്ള സ്ഥലത്തൂടെ നടക്കുമ്പോലെ സൂക്ഷിച്ചുസൂക്ഷിച്ചാണു് വാക്കുകൾ പുറത്തുകടക്കുന്നതു്. ആദ്യമായി കേൾക്കുന്നവർ ശങ്കിക്കും, ഇതെന്തു പ്രസംഗം, ഇതിനൊരു ജീവനില്ലല്ലോ എന്നു്. അങ്ങനെ ശങ്കിച്ചിക്കുമ്പോൾ കമ്പത്തിലെ തിരി പതുക്കെ കത്തിക്കയറാൻ തുടങ്ങുന്നു. പിന്നെ പകിരിയുടെയും പടക്കത്തിന്റെയും മഴവിൽപ്രഭ ചൊരിയുന്ന അമിട്ടിന്റെയും തകൃതിയാണു്. തിരഞ്ഞെടുപ്പു യോഗങ്ങളിൽ ഉപനിഷത്തും ഭഗവദ് ഗീതയുമൊക്കെ അനായാസമായി ഉദ്ധരിച്ചു് കേവലം സാധാരണക്കാരനായ ശ്രോതാവിനുപോലും അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം ആസ്വദിക്കാൻ കഴിയുമാറു് പ്രസംഗിക്കാൻ അഴീക്കോടിനുള്ള കഴിവു് അസാമാന്യമാണു്.

ഞാനാലോചിക്കുകയാണു്. ഞങ്ങൾ തമ്മിൽ കണ്ടതും പരിചയപ്പെട്ടതുമായ കാലം. അതെത്ര ദശകങ്ങൾക്കുമുമ്പ്! അതിനുശേഷം പാലത്തിനു കീഴെ വെള്ളമെത്രയൊഴുകിയെന്നു പറയുംപോലെ പ്രസംഗങ്ങളെത്രയെത്ര ആസ്വദിച്ചു ഞാൻ. സദസ്യനായിരുന്നും ഒന്നിച്ചു വേദിയിലിരുന്നു കഥ പറഞ്ഞും രസിച്ചും ചിരിച്ചും കഴിച്ച അവസരങ്ങൾ അനേകമാണു്. അവയല്ലാം തന്നെ അവിസ്മരണീയങ്ങളുമാണു്.

വാഗ്ഭടാനന്ദഗുരുദേവരുടെ പരമ്പരയിൽ പെട്ടവരുടെ പ്രസംഗശൈലി ഒന്നുവേറെ തന്നെയാണു്. എം. ടി. കുമാരൻ മാസ്റ്റരുടെയും സ്വാമി ബ്രഹ്മവ്രതന്റെയും അഴീക്കോടിന്റെയുമൊക്കെ പ്രസംഗം കേൾക്കുമ്പോൾ ‘ആത്മവിദ്യാ കാഹള’ത്തിലെ പ്രൗഢഗംഭീരമായ മുഖപ്രസംഗമാണോർത്തുപോവുക. അതിലെ മുഖപ്രസംഗത്തിൽ കമ്പം പിടിച്ചു ഞാനതിന്റെ ഒരു വരിക്കാരനായി ചേർന്നിട്ടുണ്ടു്. ഒരു കൊല്ലത്തെ വരിസംഖ്യ അടച്ചിട്ടുണ്ടു്. അത്രയേ കഴിഞ്ഞിട്ടുള്ളു. അതിനു തന്നെ കാശുണ്ടാക്കാൻ വേണ്ടി പെട്ട പാടു് എനിക്കല്ലേ അറിഞ്ഞുകൂടൂ. ഞാനും അഴീക്കോടും സമ്മേളനസ്ഥലങ്ങളിൽ വെച്ചാണു് അധികവും ബന്ധപ്പെട്ടത്. അല്ലാതെ മറ്റവസരങ്ങളിൽ സ്വന്തം കാര്യത്തിനോ മറ്റുള്ളവരുടെ കാര്യത്തിനോ എനിക്കദ്ദേഹത്തെ സമീപിക്കേണ്ടി വന്നിട്ടില്ല; ഉപദ്രവിക്കേണ്ടിവന്നിട്ടില്ല. അതുകൊണ്ടാവും തുടക്കത്തിലുള്ള സ്നേഹം ഉടവില്ലാതെ ഇന്നും നിലനിന്നുപോരുന്നതു്. അഃ കള്ളം പറയരുതല്ലോ. സ്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറെ നിയമിക്കുന്ന കാര്യത്തിൽ ഒരുനാൾ ഞാനും ദേവനും ചേർന്നു് അദ്ദേഹത്തെ കണ്ടിട്ടുണ്ടു്. ശ്രീ ജി. ശങ്കരപ്പിള്ളയുടെ കാര്യം സംസാരിച്ചിട്ടുണ്ടു്. അന്നു് അഴീക്കോടു് പ്രോ വൈസ് ചാൻസലറായിരുന്നു. അതിലൊരു തെറ്റുമില്ലെന്നും അതു വളരെ ശരിയായൊരു കാര്യമായിരുന്നെന്നും ഞങ്ങളെപ്പോലെ അദ്ദേഹവും അന്നു ധരിച്ചിരുന്നു.

Colophon

Title: Arangu kāṇātta naṭan (ml: അരങ്ങു കാണാത്ത നടൻ).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Memoir, Thikkodiyan, തിക്കോടിയൻ, അരങ്ങു കാണാത്ത നടൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 11, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Archangel, an oil on canvas painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.