images/tkn-arangukanatha-cover.jpg
Archangel, an oil on canvas painting by Paul Klee (1879–1940).
മഹാകവി കേളപ്പൻ!

കോഴിക്കോട്ടെ നാടകപ്രവർത്തനങ്ങളുടെ ചരിത്രമെഴുതുമ്പോൾ പ്രത്യേകമായും ഓർക്കേണ്ടൊരു പേരുണ്ട്. പ്രൊഫസർ എം. പി. ശിവദാസമേനോൻ. സാമൂതിരി കോളെജിലെ ഇംഗ്ലീഷ് പ്രൊഫസ്സറായിരുന്ന അദ്ദേഹം, നല്ല നാടകകൃത്തായിരുന്നു, സംവിധായകനായിരുന്നു. തന്റെ ശിഷ്യഗണങ്ങളിൽ നിന്നു പ്രതിഭാശാലികളെ കണ്ടെഞി, പരിശീലനവും പ്രോത്സാഹനവും നല്കി വളർത്തിയെടുക്കുന്നതിൽ അദ്ദേഹത്തിന്റെ കഴിവ് പ്രശംസനീയമായിരുന്നു. പലരേയും അദ്ദേഹം വളർത്തിയെടുത്തിട്ടുണ്ടു്. ശ്രീ എം. വാസുദേവൻനായർ (സിനിക്), കോഴിക്കോടു് അപ്പുക്കുട്ടൻനായർ (കോഴിക്കോടൻ), പുരുഷോത്തമൻ നെടുങ്ങാടി (നാദിർഷ) എന്നിവർ ശ്രീ ശിവദാസമേനോന്റെ ശിഷ്യ പരമ്പരകളിൽ പ്രമുഖരാണു് നിർഭാഗ്യവശാൽ സിനിക് ഇന്നു നമ്മുടെ ഇടയിലില്ല. മറ്റു രണ്ടുപേരും ഗുരുനാഥൻ തെളിയിച്ച വഴിയിലൂടെ അടിപതറാതെ ഇന്നും സഞ്ചരിക്കുന്നു. പ്രൊഫസർ ശിവദാസമേനോൻ നല്ല പല നാടകങ്ങളുടെയും കർത്താവായിരുന്നു. പേരിലും പ്രസിദ്ധിയിലും നോട്ടമില്ലാത്തതുകൊണ്ടു് അവയൊന്നും മുദ്രണം ചെയ്യിക്കാൻ അദ്ദേഹം മുതിർന്നില്ല. കേന്ദ്ര കലാസമിതിയും, ശ്രീ കെ. ടി. മുഹമ്മദിന്റെ നേതൃത്വത്തിൽ രൂപം പൂണ്ട ബ്രദേഴ്സ് മ്യൂസിക് ക്ലബ്ബും നാടകരചനയിലും അവതരണത്തിലും നൂതനരീതികൾ കണ്ടെത്തി, അവ പ്രാവർത്തികമാക്കാൻ തുടങ്ങിയ കാലഘട്ടംവരെ, കോഴിക്കോട്ടെ നാടക പ്രവർത്തനങ്ങൾ മങ്ങലേല്ക്കാതെ സൂക്ഷിച്ചുപോന്ന സ്ഥാപനങ്ങളിൽ ഒന്നു് സാമൂതിരി കോളെജാണെന്ന കാര്യം ഇവിടെ നന്ദിപൂർവ്വം സ്മരിച്ചുകൊള്ളട്ടെ. ശ്രീ ശിവദാസമേനോന്റെ ചുവടു പിടിച്ചു്, പിന്നേയും അവിടെ നാടകകലയ്ക്കു പ്രോത്സാഹനം നല്കാൻ പലരുമുണ്ടായിരുന്നു. അവിടെ മുഖ്യമായും എടുത്തു പറയേണ്ടൊരു പേരുണ്ടു്: ആർ. വി. ആർ. തമ്പുരാൻ. അദ്ദേഹം നാടകമെഴുതീട്ടുണ്ടോ എന്നെനിക്കറിഞ്ഞുകൂടാ. അദ്ദേഹം നല്ലൊരു നടനായിരുന്നു. അതുപോലെ കഴിവുറ്റൊരു സംവിധായകനും.

കോഴിക്കോട്ടെ ഫൈൻ ആർട്സ് ക്ലബ്ബിന്റെ സജീവ പ്രവർത്തകരിൽ ഒരാളായിരുന്നു തമ്പുരാൻ. ഞാൻ ജോലിയിൽനിന്നു പിരിഞ്ഞു വീട്ടിൽ വെറുതെയിരിക്കുമ്പോൾ, അദ്ദേഹമെന്നെ നിരന്തരമായി പ്രേരിപ്പിച്ചു് ഒരു നാടകം എഴുതിക്കുകയുണ്ടായി. ഒഴിഞ്ഞു മാറാനുള്ള എന്റെ ശ്രമങ്ങളൊന്നും അദ്ദേഹത്തിന്റെ മുമ്പിൽ ഫലവത്തായില്ല. സ്നേഹപൂർവ്വമുള്ള പ്രേരണ അതിശക്തമായിരുന്നു. മാത്രമല്ല, നാടകത്തിനുള്ള വിഷയം അദ്ദേഹം എനിക്കു പറഞ്ഞു തന്നു. തന്റെ മനസ്സിൽ ദീർഘകാലമായി കുടികൊള്ളുന്ന ഒരു ഇതിവൃത്തം. അതെങ്ങനെ രൂപപ്പെടുത്തിയെടുക്കണമെന്ന കാര്യവും അദ്ദേഹം വിവരിച്ചുതന്നു. പിന്നെ, വിഷമമുണ്ടായില്ല. ഞാൻ നാടകമെഴുതി. അതിനു പേരിട്ടതും തമ്പുരാൻ തന്നെ: ‘രാജയോഗം’. ക്ലബ്ബിലെ അംഗങ്ങൾക്കു് അവതരിപ്പിക്കാൻ വേണ്ടിയായിരുന്നു നാടകം. ‘രാജയോഗ’ത്തിലെ മുഖ്യ കഥാപാത്രമായി രംഗത്തു വന്നതും നാടകത്തിന്റെ സംവിധാന ചുമതല ഏറ്റെടുത്തതും അദ്ദേഹം തന്നെ. രണ്ടും ഭംഗിയായി നിർവ്വഹിച്ചു. നാടകവും ഭംഗിയായി. ഒരു ദുഃഖസത്യമിവിടെ കുറിച്ചുകൊള്ളട്ടെ തമ്പുരാൻ ജോലിയിൽനിന്നു വിരമിച്ചു. തൃപ്പൂണിത്തുറയിലേക്കു താമസം മാറ്റിയശേഷം അദ്ദേഹത്തെക്കുറിച്ചു് അധികമൊന്നും അറിയാൻ കഴിഞ്ഞിരുന്നില്ല. ഒടുവിലറിഞ്ഞതാവട്ടെ, അദ്ദേഹത്തിന്റെ ചരമവാർത്തയും. ആകസ്മികമായിരുന്നു അന്ത്യം. അന്നു് ആ വാർത്തയുടെ ആഘാതത്തിൽനിന്നു തികച്ചും മോചനം നേടുന്നതിനു മുമ്പു് ഞാനൊരു ശപഥം ചെയ്തു: ‘രാജയോഗം’ മുഴുവനായും അദ്ദേഹത്തിന്റെതാണു്. ഞാനൊരു പകർപ്പെഴുത്തുകാരൻ; കേവലം ഉപകരണം. അതുകൊണ്ടു് ആ നാടകം മുദ്രണം ചെയ്തു് തമ്പുരാന്റെ പാവന സ്മരണയ്ക്കു മുമ്പിൽ സമർപ്പിക്കണമെന്നായിരുന്നു എന്റെ ശപഥം. പക്ഷേ, ആ ശപഥം ഇന്നും ശപഥമായിത്തന്നെ നിലനില്ക്കുന്നു. എന്നെങ്കിലുമെനിക്കതു നിർവ്വഹിക്കാൻ കഴിയുമോ? കഴിയാത്ത കാലത്തോളം എന്റെ മനസ്സ് അസ്വസ്ഥമായിരിക്കും. ദുഃഖസത്യമെന്നു് ആദ്യമേ പറഞ്ഞു വെച്ചതിന്റെ കാര്യം ഇപ്പോൾ മനസ്സിലായല്ലോ?

പല സ്ഥാപനങ്ങളിനിയുമുണ്ടു്, കോഴിക്കോടിനകത്തും ചുറ്റുവട്ടത്തുമായി. ഫലാപേക്ഷ കൂടാതെ നാടകകലയ്ക്കു സേവനം ചെയ്ത വിശിഷ്ട വ്യക്തികൾ പലരുണ്ടു്. എല്ലാം എടുത്തുപറയാൻ മാത്രം സമ്പന്നമല്ല എന്റെ ഓർമ്മ. ചിലതു ശിലാരേഖപോലെ മനസ്സിൽ കിടപ്പുണ്ടു്; ചില പേരുകളും. അതിലൊന്നാണു സെൻഗുപ്ത ലൈബ്രറി ആന്റ് റീഡിങ് റൂമും ആ സ്ഥാപനത്തിന്റെ ദേഹവും ദേഹിയുമായി പ്രവർത്തിച്ച ‘ബേബ്യേട്ടനും! ശ്രീ എ. ബാലഗോപാലനെ ‘ബേബ്യേട്ട’നെന്നു പറഞ്ഞാലേ പരക്കെ അറിയുകയുളളു. രാഷ്ട്രീയനേതാവു്, ജനപ്രതിനിധി, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിലെല്ലാം പ്രശസ്തനായ, പ്രവർത്തനനിരതനായ ബേബ്യേട്ടൻ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്കും സമയം കണ്ടത്തിയിരുന്നു. ‘സെൻഗുപ്ത’ എല്ലാ കൊല്ലവും വാർഷികാഘോഷത്തിനു പണ്ടൊക്കെ ഒരു നാടകം അവതരിപ്പിക്കുമായിരുന്നു. കലാകാരന്മാരെ സംഘടിപ്പിക്കാനും നാടകം തിരഞ്ഞെടുക്കാനുമക്കെ മുൻനിന്നു പ്രവർത്തിക്കുന്നതു ബേബ്യേട്ടനായിരിക്കും. വർഷങ്ങൾക്കു മുമ്പു് ഒരവസരത്തിൽ ‘സെൻഗുപ്ത’ വാർഷികത്തിനു ‘ഇന്ദുലേഖ’ നാടകമായി അവതരിപ്പിക്കുകയുണ്ടായി. ഇവിടെ വഴിവിട്ടൊരു കാര്യം പറഞ്ഞു കൊള്ളട്ടെ. ഏതാനും ചിലർ കരുതും പോലെ കോഴിക്കോട്ടു് അന്നവതരിപ്പിച്ച ‘ഇന്ദുലേഖ’ നാടകം സരസ കവി കെ. സി. നാരായണൻ നമ്പ്യാരുടെ കൃതിയായിരുന്നില്ല. നമ്പ്യാരുടേതു പേരുകൊണ്ട് ഒരു നാടകമാണെങ്കിലും പൂണ്ണരൂപത്തിൽ അവതരിപ്പിക്കാൻ പറ്റിയൊരു നാടകമല്ല എന്നു പലരും മനസ്സിലാക്കീട്ടില്ല. ആ നാടകത്തെപ്പറ്റി പലരും അക്കാലത്തു പറഞ്ഞു കേട്ടൊരു കഥയുണ്ടു്. പതിവുപോലെ ഒരു ദിവസം സരസകവി നാരായണൻ നമ്പ്യാർ ഇന്ദുലേഖയുടെ കർത്താവായ ശ്രീ ചന്തുമേനോനെ കാണാൻ ചെല്ലുന്നു. കണ്ടപ്പോൾ, മേനോൻ ദുഃഖിതനാണെന്നു നമ്പ്യാർക്കു തോന്നി. അദ്ദേഹം കാരണം തിരക്കി. അപ്പോൾ മേനോന്റെ മറുപടി രസകരമായിരുന്നു: ഏതോ ഒരു ദ്രോഹി ഇന്ദുലേഖയെന്ന കഥാപുസ്തകം നാടകമാക്കാൻ പോകുന്നു. സംഗതി കഷ്ടമല്ലേ? എന്താണൊരു പരിഹാരം? കാരണമറിഞ്ഞപ്പോൾ നമ്പ്യാർ പറഞ്ഞത്രെ ഉടനെ പരിഹാരമുണ്ടാക്കാമെന്ന്. അങ്ങനെ ചന്തുമേനോന്റെ വിഷമം പരിഹരിക്കാൻവേണ്ടി എഴുതിയതാണു് ഇന്ദുലേഖ നാടകം. സൂത്രധാരനും നടിയും പ്രവേശിച്ചു പ്രാരംഭ ചടങ്ങുകൾ അവസാനിപ്പിക്കും മുമ്പുതന്നെ പ്രേക്ഷകരുടെ ഇടയിൽ ബഹളമുണ്ടായി. അതു നിയന്ത്രണാതീതമായപ്പോൾ തിരശ്ശീല താഴ്ത്തുകയാണുണ്ടായത്. അല്ലാതെ നമ്പ്യാർ ഇന്ദുലേഖ നാടകമാക്കീട്ടില്ല. ഇവിടെ പറഞ്ഞു വന്നതു സെൻ ഗുപ്തയിൽ അവതരിപ്പിച്ച നാടകത്തിന്റെ കഥയാണല്ലോ. അതൊരു പൂർണ്ണ നാടകമായിരുന്നു. ഇന്ദുലേഖയുടെ കഥയായിരുന്നു. നാടകം ഭംഗിയായിട്ടു തന്നെ അവതരിപ്പിച്ചു. ബേബ്യേട്ടൻ അതിൽ വേഷമിട്ടിരുന്നോ എന്നെനിക്കോർമ്മയില്ല. വേണ്ടിവന്നാൽ അതിനും തയ്യാറായിരുന്നു ബേബ്യട്ടൻ. അവസാനകാലംവരെ, സെൻ ഗുപ്തയ്ക്കുവേണ്ടിയും ലൈബ്രറി അതോറിറ്റിക്കുവേണ്ടിയും, അതുപോലെ ബഹുജനങ്ങൾക്കു് ഉപകാരപ്രദമായ മറ്റു പല സ്ഥാപനങ്ങൾക്കുവേണ്ടിയും തളരാതെ പ്രവർത്തിക്കാൻ കഴിഞ്ഞ മഹാഭാഗ്യവാനായിരുന്നു ബേബ്യേട്ടൻ.

എടുത്തു പറയേണ്ട മറ്റൊരു സ്ഥാപനം ആ കാലഘട്ടത്തിലുണ്ടായിരുന്നതു് കോഴിക്കോട്ടെ ബാർ അസോസിയേഷനായിരുന്നു. പല നല്ല നാടകങ്ങളും അവതരിപ്പിച്ചു പ്രേക്ഷകരുടെ പ്രശംസനേടാൻ അസോസിയേഷനു കഴിഞ്ഞിട്ടുണ്ടു്. കപ്പന കൃഷ്ണമേനോൻ, പാട്ടത്തിൽ രാധാകൃഷ്ണമേനോൻ, സി. ആർ. കേരളവർമ്മ ഇവരെല്ലാം അരങ്ങു തകർത്ത നടന്മാരായിരുന്നു. കപ്പന കൃഷ്ണമേനോനാവട്ടെ നാടകകൃത്തും നോവലിസ്റ്റുമെന്ന നിലയിൽ പരക്കെ അറിയപ്പെടുകയും ചെയ്തിരുന്നു. നല്ല തിരക്കുള്ള വക്കീലന്മാരായിരുന്നിട്ടും കലാസപര്യയ്ക്കു സമയം കണ്ടെത്തിയ സ്മര്യപുരുഷന്മാരെ നമ്മുടെ നാടകവേദിക്കു മറക്കാൻ കഴിയുമോ?

ഇത്രയും ഓർത്തപ്പോൾ, കേരള സാഹിത്യ സമിതിയുടെ പ്രവർത്തനങ്ങൾ എന്റെ മനസ്സിലേക്കു തള്ളിക്കയറിവരുന്നു. നാടക കലാപ്രവർത്തകർക്കു് ഉപകാരപ്രദമാംവിധം, പല സ്ഥലങ്ങളിൽ വെച്ചും സമിതി നാടക സെമിനാറുകളും നാടക ചർച്ചകളും സംഘടിപ്പിച്ചിരുന്നു. നാടക കലയിൽ വൈദഗ്ദ്ധ്യം നേടിയ ശ്രി ജി. ശങ്കരപിള്ളയെപ്പോലുള്ള പലരേയും ക്ഷണിച്ചുവരുത്തി നാടക പ്രവർത്തകർക്കുവേണ്ടി ക്ലാസ്സുകൾ നടത്തിയിരുന്നു. ശ്രീ എൻ. വി. കൃഷ്ണവാര്യരായിരുന്നല്ലോ സാഹിത്യ സമിതിയുടെ ഉപജ്ഞാതാവ്. അദ്ദേഹത്തോടൊപ്പം എസ്. കെ. പൊറ്റെക്കാട്ടു്, എം. ആർ. ചന്ദ്രശേഖരൻ, എ. പി. പി. നമ്പൂതിരി, എൻ. എൻ. കക്കാടു്, പ്രൊഫസർ എം. എസ്. മേനോൻ, തെരുവത്തു രാമൻ തുടങ്ങി ഒട്ടേറെ പ്രമുഖരായ പ്രവർത്തകർ സമിതിയുടെ മുൻനിരയിൽത്തന്നെയുണ്ടായിരുന്നു. അങ്ങു തെക്കു കൊല്ലങ്കോടു മുതൽ ഇങ്ങു വടക്കോളമുള്ള പല പ്രദേശങ്ങളിലും സമിതിയുടെ സന്ദേശമെത്തിക്കാൻ അന്നു കഴിഞ്ഞിരുന്നു. രണ്ടും മൂന്നും ദിവസങ്ങൾ നീണ്ടുനിൽക്കുന്ന സെമിനാറുകളും പഠനക്ലാസ്സുകളും സജീവ ചർച്ചകളുമായിരുന്നു മുഖ്യപരിപാടി. കേരളത്തിലങ്ങോളമിങ്ങോളമുള്ള സാഹിത്യകാരന്മാരെ ഇവയിലെല്ലാം പങ്കെടുപ്പിക്കാൻ സമിതിക്കു കഴിഞ്ഞിരുന്നു. മഹാകവി ജി. ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി, പ്രൊഫസർ മുണ്ടശ്ശേരി തുടങ്ങിയ പ്രഗല്ഭമതികളുടെ സഹകരണവും നിർലോഭമായ സഹായവും സമിതിക്കന്നു കിട്ടിയിരുന്നു.

സമിതിയുടെ വർഷാന്ത സമ്മേളനങ്ങളിൽ എടുത്തു പറയാവുന്ന ഒരു സവിശേഷത സാഹിത്യചർച്ചയായിരുന്നു. എ. പി. പി. യും കക്കാടും എം. ആർ. സി. യും ചേരിതിരിഞ്ഞു് ആശയസമരത്തിലേർപ്പെടുമ്പോൾ, കേട്ടിരിക്കുന്നവർ അമ്പരന്നു പോവും. എം. ആർ. സി. ചർച്ചയുടെ കാര്യത്തിൽ അധൃഷ്യനായിരുന്നു. ആർക്കും തല മടക്കില്ല. മുഖം നോക്കാത്ത ക്രൂരമായ വിമർശം എം. ആർ. സി. യുടെ പ്രത്യേകതയായിരുന്നു. പക്ഷേ, ചർച്ചയുടെ അഗ്നിജ്വാലകൾ ഒരിക്കലും സൗഹൃദത്തിലെ പനിനീർമലരിൽ വാട്ടമേല്പിക്കാറില്ല. സമിതിയുടെ വിജ്ഞാനപ്രദമായ പല ചർച്ചകളും എനിക്കു നഷ്ടപ്പെട്ടു പോയിട്ടുണ്ടു്. വീടുവീട്ടു് അകലങ്ങളിൽ ചെന്നു താമസിക്കാനുള്ള സൗകര്യമെനിക്കുണ്ടായിരുന്നില്ല. അതുകൊണ്ടു് ഏതെങ്കിലുമൊരു പകൽ ഓടിച്ചെന്നു അപ്പോൾ നടക്കുന്ന കാഴ്ചയെന്തോ, അതിൽ പങ്കെടുക്കാനേ എനിക്കു കഴിഞ്ഞിരുന്നുള്ളു. ആ നഷ്ടത്തെ ചൊല്ലിയുള്ള ദുഃഖം ഇന്നും എന്റെ മനസ്സിലുണ്ടു്.

എൻ. വി. കോഴിക്കോടു വിട്ടപ്പോൾ സമിതിയുടെ കാര്യം പരുങ്ങലാവുമെന്നു് പലരും ഭയപ്പെട്ടിരുന്നു. എന്നാൽ ഭാഗ്യം കൊണ്ടതുണ്ടായില്ല. എം. ആർ. സി. യും കോഴിക്കോട്ടുനിന്നകന്നു. അകന്നവരാരും സമിതിയെ മറന്നില്ല. എത്ര ദൂരെയായാലും സമിതിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ഉത്സാഹത്തോടെ എല്ലാവരും എത്തിച്ചേരുമായിരുന്നു. ആരംഭകാലത്തു് സമിതിയുടെ പേരിൽ പൊങ്ങിവന്ന ഒരാക്ഷേപം കൂടി പറഞ്ഞുകൊള്ളട്ടെ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോഷക സംഘടനയാണു് സമിതിയെന്നു് ഒരുവിഭാഗം ആളുകൾ പറഞ്ഞു നടന്നു. പക്ഷേ, കാലാന്തരത്തിൽ ആക്ഷേപിക്കാൻ മുതിർന്നവർതന്നെ അതു പിൻവലിക്കേണ്ടിയും വന്നു. കാരണം സമിതി ഒരു പ്രത്യേക വിഭാഗത്തിന്റേതു മാത്രമായിരുന്നില്ല. പല ആദർശങ്ങളിൽ വിശ്വസിക്കുന്നവരും, വിഭിന്ന രാഷ്ട്രീയ സംഘടനകളിൽ അംഗമായവരും സമിതിയുടെ പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്നു. അതുകൊണ്ടുതന്നെ, സാഹിത്യാദികലകളുടെ അഭ്യുന്നതി ലക്ഷ്യം വെച്ചു പ്രവർത്തിക്കുന്ന ഒരു സാംസ്കാരിക സംഘടനയായതുകൊണ്ടു തന്നെ, സമിതി ഇന്നും ജീവിക്കുന്നു. എ. പി. പി. യെപ്പോലെ, പ്രൊഫസർ എം. എസ്. മേനോനെപ്പോലെ, പ്രൊഫസ്സർ കെ. ഗോപാലകൃഷ്ണനെപ്പോലെയുള്ളവർ ഇന്നും അതിന്റെ മുൻപന്തിയിൽ നിന്നുകൊണ്ടു പ്രവർത്തിക്കുന്നു.

ഇപ്പോൾ ഒരു രസകരമായ അനുഭവം ഓർമ്മയിലെത്തുന്നു. ശ്രീ എൻ. വി. യുമായി ബന്ധപ്പെട്ട ഒരു ഓർമ്മ. അരനൂറ്റാണ്ടോളം പഴക്കമുള്ള ഓർമ്മ. മറ്റൊരാൾ ഇതിൽ ഭാഗഭാക്കാവുന്നതു ശ്രീ എൻ. പി. ദാമോദരനാണു്. പ്രസിദ്ധ വാഗ്മിയും സ്വാതന്ത്ര്യസമരസേനാനിയും മാതൃഭൂമി സഹപത്രാധിപരും സാഹിത്യകാരനുമെന്ന നിലയിൽ വളരെയേറെ പ്രശസ്തനായിരുന്നു അന്നു് എൻ. പി. മാത്രമല്ല, ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിലെ വളണ്ടിയർ ക്യാപ്റ്റനെന്ന നിലയിലും പ്രശസ്തൻ തന്നെ. ഞങ്ങൾ–ഞാനും എൻ. വി. യും എൻ. പി. യും–ഒരു യാത്രപുറപ്പെടുന്നു. പാവർട്ടി സംസ്കൃത കോളേജിൽ എൻ. വി. ക്കും എൻ. പി. ക്കും പ്രസംഗമുണ്ടു്. ഞാൻ ചുമ്മാ ഒരു രസത്തിനു് അവരോടൊപ്പം പുറപ്പെട്ടതാണു്. രാത്രിവണ്ടിക്കു ഞങ്ങൾ പട്ടാമ്പിയിലിറങ്ങുന്നു. അവിടെ വാഹനങ്ങളൊന്നുമില്ല. പുഴ കടന്നു നടന്നാൽ, കൂറ്റനാട്ടെത്തിയാൽ വല്ല വാഹനവും കിട്ടുമെന്ന പ്രതീക്ഷയോടെ ഞങ്ങൾ നടക്കുന്നു. സമയം പുലർച്ചെ നാലു മണി. തെളിഞ്ഞ ആകാശം. എണ്ണിപ്പെറുക്കിയെടുക്കാൻ പാകത്തിൽ നക്ഷത്രങ്ങൾ പ്രകാശം ചൊരിഞ്ഞു നില്ക്കുന്നു. അപ്പോൾ എൻ. വി. യുടെ ചോദ്യം:

“ത്രിശങ്കുവിനെ കണ്ടിട്ടുണ്ടോ?”

ഞാൻ വിചാരിച്ചു, എൻ. വി. എന്നെ പരിഹസിക്കുകയാണെന്നു്.

എങ്ങുമെത്താത്തവനാണല്ലോ ത്രിശങ്കു. എൻ. വി. ദക്ഷിണധ്രുവത്തിനുനേരെ വിരൽ ചൂണ്ടി പറയുന്നു:

“അതാ നോക്കൂ. കുരിശിന്റെ ആകൃതിയിൽ അവിടെയൊരു കൂട്ടം നക്ഷത്രങ്ങളെ കണ്ടില്ലേ? അതാണു ‘ത്രിശങ്കു’. ‘തെക്കൻ കുരിശെ’ന്നും പറയും. അതു ദക്ഷിണ ധ്രുവത്തിനു നേർക്കെത്തുമ്പോൾ ശരിയായ കുരിശിന്റെ രൂപം കൈക്കൊള്ളും. അല്ലാത്തപ്പോൾ ചെരിഞ്ഞിരിക്കും.”

എൻ. വി. നക്ഷത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടു നടക്കുമ്പോൾ ഞങ്ങളറിയാതെ ഞങ്ങളുടെ കൂട്ടത്തിൽ ഒരു സഞ്ചാരികൂടി എത്തിപ്പെടുന്നു. സംഭാഷണത്തിൽ അയാളും പങ്കെടുക്കുന്നു. കണ്ടാൽ ഒരു നാടൻ കൃഷിക്കാരന്റെ കെട്ടും മട്ടും. വർത്തമാനം പറഞ്ഞു പറഞ്ഞു നടക്കുന്നതിന്നിടയിൽ അയാൾ എന്നോടു കൂടുതൽ അടുക്കുന്നു. പരിചയക്കാരനെപ്പോലെ സംസാരിക്കാൻ തുടങ്ങുന്നു. അതു കേട്ടു എൻ. വി. യുടെ ചോദ്യം:

“ഇയാളെ അറിയാമോ?”

“ഓ! ധാരാളം, പല സ്ഥലത്തുവെച്ചും കണ്ടിട്ടുണ്ടു്.”

മറുപടി കേട്ടു ഞങ്ങൾ മൂന്നുപേരും അമ്പരന്നു. ഞാൻ കുറെ കൂടുതലും. ഞാനൊരിക്കലും അയാളെ കണ്ടിട്ടില്ല. പിന്നെ ഇപ്പറഞ്ഞതിനെന്തർത്ഥമെന്നായി എന്റെ വിചാരം. എൻ. വി. അയാളോട്ടു പിന്നെയും ചോദിക്കുന്നു:

“അറിയാമെങ്കിൽ പേരു പറയൂ.”

“പറയാം. മഹാകവി കേളപ്പൻ.” മറുപടി കേട്ടു് ആരും ചിരിച്ചില്ല. അമ്പരപ്പു് കൂടുകയാണു്.

ചങ്ങാതിക്കു കിറുക്കായിരിക്കുമോ? ഒന്നുകൂടി പരീക്ഷിച്ചുകളയാമെന്നുവെച്ചു് എൻ. വി. ചോദ്യം തുടരുന്നു:

“മഹാകവിയെന്നെങ്ങനെ മനസ്സിലാക്കി?”

“അതിനോ വിഷമം?” വെടിതീരുംപോലെ മറുപടി “ഈ ചന്തകളിലൊക്കെ പാടിക്കൊണ്ടു പാട്ടുപുസ്തകം വില്ക്കുന്നതു് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ടു്.”

അതു് പരമാവധിയായിരുന്നു. എൻ. വി. യും എൻ. പി. യും അട്ടഹസിച്ചു ചിരിക്കുന്നു. ചിരിക്കിടയിൽ എന്നെ നോക്കി എൻ. വി. ഒരു മന്ത്രം പോലെ ഉച്ചരിക്കുന്നു:

“മഹാകവി കേളപ്പൻ! മഹാകവി കേളപ്പൻ!” മറ്റു വഴിയില്ലാത്തതുകൊണ്ടു് അല്പമൊരു ജാള ്യത്തോടെ ഞാനും കൂടെ ചേർന്നു ചിരിച്ചു.

ഞങ്ങൾ പാവറട്ടിയിലെത്തി. മഹാകവി വള്ളത്തോളിന്റെ അദ്ധ്യക്ഷതയിലാണു് യോഗം നടന്നതെന്നു തോന്നുന്നു. ഏതായാലും മഹാകവിയുടെ സാന്നിദ്ധ്യമവിടെ ഉണ്ടായിരുന്നു. അവിടെ അദ്ധ്യക്ഷ വേദിയിൽവെച്ചു് എൻ. വി. ഒരു പ്രസംഗം ചെയ്തു. ഏതാണ്ടു് മുക്കാൽ മണിക്കൂറോളം നീണ്ടുനില്ക്കുന്നൊരു പ്രസംഗം, സംസ്കൃതത്തിൽ. ഒരക്ഷരം എനിക്കു മനസ്സിലായില്ലെങ്കിലും എൻ. വി. യുടെ ആ നില്പും നീരൊഴുക്കുപോലെ പുറത്തേക്കുവന്ന അമരവാണിയും എന്റെ മനസ്സിലിന്നുമുണ്ടു്.

Colophon

Title: Arangu kāṇātta naṭan (ml: അരങ്ങു കാണാത്ത നടൻ).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Memoir, Thikkodiyan, തിക്കോടിയൻ, അരങ്ങു കാണാത്ത നടൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 11, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Archangel, an oil on canvas painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.