ഇപ്പോൾ ഓർമ്മ, നീർക്കോലിയെപ്പോലെ, ചിലപ്പോൾ, തല പൊക്കി ഉപരിതലത്തിലൂടെ ഇഴയുന്നു. പിന്നെ കൂപ്പുകുത്തി ആഴങ്ങളിലേക്കു കുതിക്കുന്നു. അങ്ങനെ കുതിക്കുമ്പോൾ പിളർന്നു പിടിച്ച വായിൽ ചില മത്സ്യക്കുഞ്ഞുങ്ങൾ വന്നുപെടുന്നു: സുഖം. അതുപോലൊരു സുഖം ഇവിടെ വിവരിക്കട്ടെ. എന്റെ ഗ്രാമം തൃക്കോട്ടുർ. അവിടെയൊരു ഹൈസ്കൂൾ വേണം, പൗരപ്രമാണികൾ മോഹിച്ചു. ദുർമ്മോഹമല്ല. അന്നു തൃക്കോട്ടൂർ ഉൾപ്പെടുന്ന പഴയ കുറുമ്പ്രനാട് താലൂക്കിൽ മൂന്നു ഹൈസ്കൂളുകളും നാലു് മുൻസിഫ് കോടതികളുമാണുണ്ടായിരുന്നതു്. ഞങ്ങൾക്കു വിദ്യാഭ്യാസത്തെക്കാൾ ആവശ്യമായിരുന്നതു് അന്നു ദുർവ്യവഹാരമായിരുന്നു. അതിന്റെ തെളിവാണല്ലോ മൂന്നും നാലും. തൃക്കോട്ടൂരിനു തെക്കും വടക്കുമായി നിലകൊള്ളുന്ന കൊയിലാണ്ടിയിലും വടകരയിലും ഓരോ സ്കൂൾ ഉണ്ടു്. വിദ്യാർത്ഥികൾ നടന്നു തന്നെ പോണം. കൊയിലാണ്ടിക്കു് ആറുനാഴികയും വടകരയ്ക്കു് ഒമ്പതു നാഴികയും. ദുർമ്മോഹമല്ലെന്നു പറയാൻ കാരണമതാണു്.
പൗരപ്രധാനികൾ പലവട്ടം യോഗം ചേർന്നു് ഒടുവിൽ ഒരു തീരുമാനത്തിലെത്തി. സ്കൂൾ സ്ഥാപിക്കാൻ നായർ സർവീസ് സൊസൈറ്റിയെ ക്ഷണിക്കാമെന്ന്. സൊസൈറ്റി, തിരുവിതാംകൂർ ഭാഗത്തു ധാരാളം സ്കൂളുകളും കോളേജുകളും സ്ഥാപിച്ചു പ്രശസ്തമായ നിലയിൽ നടത്തിവരുന്നതായി അവർക്കറിയാമായിരുന്നു. അങ്ങനെ, സൊസൈറ്റിക്കു് ക്ഷണമാണോ അപേക്ഷയാണോ പോയതെന്നറിഞ്ഞു കൂടാ. രണ്ടിലൊന്നു പോയിട്ടുണ്ടാവണം. സൊസൈറ്റിയുടെ നേതാക്കന്മാർ, അപേക്ഷതന്നെയാവട്ടെ, സ്വീകരിച്ചു. ഉടനെ ഒരു പൊതുയോഗം വിളിച്ചുകൂട്ടി. അതിൽ സംബന്ധിക്കാൻ ശ്രീ മന്നത്തു പത്മനാഭനും പുത്തേഴത്തു രാമൻ മേനോനും എത്തിച്ചേർന്നു. ഇന്നു പയ്യോളി ഹൈസ്ക്കൂൾ നില്ക്കുന്ന സ്ഥലം അന്നു് ഒഴിഞ്ഞു കിടക്കുന്ന ഒരു മൈതാനമായിരുന്നു. എന്നോ എങ്ങനെയോ മുടിയുകയോ മുടിക്കുകയോ ചെയ്ത ക്ഷേത്രത്തിന്റെ നഷ്ടാവശിഷ്ടങ്ങളായി മുക്കാലും തൂർന്നുകിടക്കുന്ന ഒരു കുളവും ഇടിഞ്ഞു തൂർന്നു കിടക്കുന്ന മതിലുകളുടെയും ക്ഷേത്രഭിത്തികളുടെയും അവശിഷ്ടങ്ങളും അവിടെ കാണാമായിരുന്നു. അവിടെയാണു് യോഗം ചേർന്നതു്.
യോഗത്തിൽ സംബന്ധിക്കാൻ എന്നെയും വിളിച്ചിരുന്നു. ഞാനെത്തിച്ചേരുമ്പോൾ മാന്യാതിഥികൾ വേദിയിൽ ഇരിക്കുന്നു. സ്വാഗത പ്രസംഗമെന്ന ‘തിരിയുഴിച്ചിൽ’ ആരംഭിച്ചിരിക്കുന്നു. നാട്ടുകാർക്കിടയിൽ ഒരിടത്തു ഞാനും ചെന്നു പരുങ്ങി. യോഗനടപടികൾ ആരംഭിച്ചു. മന്നത്തിന്റെ പ്രസംഗം കഴിഞ്ഞു. അതു പ്രൗഢഗംഭീരമായിരുന്നെന്നു പറയേണ്ടതില്ലല്ലോ. പുത്തേഴത്തിന്റെ ഊഴം കഴിഞ്ഞപ്പോഴാണു് എന്റെ പേർ മുഴങ്ങിയതു്. ഞാൻ എഴുന്നേറ്റു മുണ്ടിലെ മണ്ണും പൊടിയും തട്ടി പതുക്കെ ചെന്നു വേദിയിൽ കയറി. കലശലായ പരിഭ്രമമുണ്ടായിരുന്നു. കേരളം മുഴക്കെ വിളികേട്ട രണ്ടു പ്രമുഖ വ്യക്തികളുടെ മുന്നിൽ ഞാനെന്തു പറയും? എങ്ങനെ പറയും? പേരു വിളിച്ച നിലയിൽ പറയാതിരിക്കാനും വയ്യ. അല്പം സങ്കോചത്തോടെയാണെങ്കിലും ഞാൻ പറഞ്ഞു, ഇവിടെ നായന്മാരുടെ പേരിൽ ഒരു സ്കൂൾ വേണമെന്നു തോന്നുന്നില്ല. മുസ്ലീങ്ങളും തിയ്യരും പാണരും മുക്കുവരുമെല്ലാം ചേർന്നതാണു് ഈ പ്രദേശം. ഇതു നായന്മാരുടേതു മാത്രമല്ല. എന്റെ വാദം സ്ഥാപിക്കാൻ പരിഭ്രമിച്ചുകൊണ്ടാണെങ്കിലും പിന്നേയും ചില ന്യായങ്ങൾ ഞാൻ നിരത്തി. യോഗം പിരിയുമ്പോൾ നേരം രാത്രിയായിരുന്നു, എന്നെ ആരും ശ്രദ്ധിച്ചില്ല. ഞാൻ എല്ലാവരേയും ശ്രദ്ധിച്ചു. പലവഴി പിരിഞ്ഞു പോകുന്നവർക്കൊപ്പം ഞാനും നിരത്തിലിറങ്ങി നടന്നു. അടുത്തുതന്നെ എന്റെ ജ്യേഷ്ഠത്തിയുടെ വീടുണ്ടായിരുന്നു. ഞാനവിടെ ചെന്നു രാത്രി ഭക്ഷണം കഴിച്ചു്, കോഴിക്കോട്ടേക്കു മടങ്ങാൻ വേണ്ടി പയ്യോളി റെയിൽവേ സ്റ്റേഷനിലെത്തി. അപ്പോൾ പ്ലാറ്റ്ഫോമിൽ അങ്ങു വടക്കു ഭാഗത്തു് ഒരു പെട്രോമാക്സ് ഒളിഞ്ഞു കത്തുന്നതായിക്കണ്ടു. അവിടെ വിശിഷ്ടാതിഥികളും പൗരപ്രധാനികളിൽ ചിലരും നില്പുണ്ടായിരുന്നു. അല്പ നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു അപരിചിതൻ എന്നെ സമീപിച്ചു് ‘നിങ്ങളെ വിളിക്കു’ന്നെന്നു പറഞ്ഞു. ആരെന്നു ചോദിച്ചപ്പോൾ ‘ശ്രീ മന്നത്തു പത്മനാഭ’നെന്നു മറുപടി. സംഗതി പിശകുതന്നെ. നല്ല ‘പൂശ’ കിട്ടുമെന്നുറപ്പായി. ചുമ്മാ കേറി പുരോഗമനം പറഞ്ഞതിന്റെ കൂലി കൈയോടെ വാങ്ങാം, മനുഷ്യരെല്ലാം ഒന്നാണെന്നും, ജാതിമത വ്യത്യാസങ്ങളൊന്നും പാടില്ലെന്നും പറയാൻ എത്ര എളുപ്പം. ശരി, ചെന്നുകളയാം. പറയുന്നതു കേട്ടുകളയാം. ഭംഗികേടാവാത്തവിധം വല്ലതും മറുപടി പറഞ്ഞു രക്ഷപ്പെടാം.
ചെന്നു മുമ്പിൽ നിന്നു. അദ്ദേഹം തെളിനോട്ടം കൊണ്ടെന്നെ ഉഴിഞ്ഞു. പിന്നെ സൗമ്യമായ സ്വരത്തിൽ പറഞ്ഞു:
“ചൊവ്വെയുള്ള പേരില്ലാത്തവന്മാരൊക്കെ കമ്മ്യൂണിസ്റ്റെന്നാ എന്റെ വിശ്വാസം.”
എനിക്കു ചിരിക്കണമെന്നുണ്ടായിരുന്നു; ചിരിച്ചില്ല. പറഞ്ഞതിന്റെ പൊരുൾ ഉടനെയെനിക്കു പിടി കിട്ടി. ചൊവ്വെയുള്ള പേരില്ലാത്തവനെന്നു പറഞ്ഞാൽ അച്ഛനമ്മമാരിൽനിന്നു സിദ്ധിച്ച പേരില്ലാത്തവനെന്നർത്ഥം. എനിക്കതില്ലല്ലോ; ഞാൻ തിക്കോടിയനല്ലേ. ‘ഭാരതീയൻ’ ‘കേരളീയൻ’ എന്നൊക്കെ പറയുന്ന പേരുകൾ കമ്മ്യൂണിസ്റ്റ്കാരുടേതാണെന്നദ്ദേഹത്തിനറിയാമല്ലോ. അന്വേഷണത്തിൽ അതുപോലൊരു പേരല്ല എന്റേതെന്നു മനസ്സിലാക്കിയപ്പോൾ അദ്ദേഹത്തിനു സന്തോഷമായിരിക്കണം. വേദിയിൽ വെച്ചു് എന്നെ ശ്രദ്ധിക്കാതിരിക്കാനുള്ള കാരണം ആ പ്രയോഗത്തിലൂടെ ഭംഗ്യന്തരേണ സൂചിപ്പിച്ചതുമായിരിക്കണം. ഏതായാലും നായന്മാരുടെ ഒരു സ്കൂൾ വേണ്ടെന്നു പറഞ്ഞതിനെക്കുറിച്ചോ അങ്ങനെ ഹൃദ്യമല്ലാത്ത ഒരഭിപ്രായം അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ വെച്ചു പ്രകടിപ്പിച്ചതിനെക്കുറിച്ചോ ഒന്നും അദ്ദേഹം സംസാരിച്ചില്ല. പയ്യോളിനിന്നു കോഴിക്കോട്ടുവരെ അന്നു അദ്ദേഹത്തിനൊപ്പമാണു ഞാൻ സഞ്ചരിച്ചതു്. വഴിനീളെ. പലതുദ്ദേഹം സംസാരിക്കുകയുണ്ടായി. വാത്സല്യപൂർണ്ണമായ പെരുമാറ്റവും ഹൃദ്യമായ സംഭാഷണവും കൊണ്ട്, എന്റെ മനസ്സിൽ, വലിയവർക്കു വേണ്ടി ഞാൻ ഒരുക്കിവെച്ച ആസനങ്ങളിൽ ഒന്നിൽ അദ്ദേഹം ക്ഷണത്തിൽ ഇരുപ്പുറപ്പിച്ചു. ഇന്നും അദ്ദേഹമവിടെയുണ്ടു്.
ഇനി ഹൈസ്കൂളിന്റെ കാര്യം പറയട്ടെ. നായർ സവ്വീസ് സൊസൈറ്റി അവിടെ സ്കൂൾ ആരംഭിച്ചില്ല. പൗരപ്രമാണിമാർ പരിശ്രമം തുടർന്നും നടത്തുകയുണ്ടായി. ഞാൻ കോഴിക്കോട്ടായതു കൊണ്ടു തുടർന്നുള്ള പരിശ്രമങ്ങൾ നേരിട്ടറിയാൻ എനിക്കു കഴിഞ്ഞിരുന്നില്ല. എവിടെവെച്ചാണു സൊസൈറ്റിയുമായുള്ള ബന്ധം മുറിഞ്ഞു പോയതെന്നു വ്യക്തമായി പറയാൻ അതുകൊണ്ടെനിക്കു വിഷമമുണ്ടു്. അന്നു കോഴിക്കോട് ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ട് ശ്ര പി. ടി. ഭാസ്കരപ്പണിക്കരായിരുന്നു. എല്ലാ അർത്ഥത്തിലും സുന്ദരനായിരുന്നു മി. പണിക്കർ; കാഴ്ചയിൽ, പെരുമാറ്റത്തിൽ, സംഭാഷണത്തിൽ. പ്രസിഡണ്ട് സ്ഥാനം അദ്ദേഹത്തിനൊരലങ്കാരമായിരുന്നില്ല; ജനസേവനത്തിനുള്ള ഉപാധിയായിരുന്നു. എന്തെങ്കിലും കാരണമുണ്ടാക്കി അദ്ദേഹത്തെ ചെന്നു കാണുക എനിക്കൊരു രസമായിരുന്നു. ഇടയ്ക്കിടെ ഞാൻ ചെല്ലും. എന്റെ മുൻഗാമിയായ സന്ദർശകനെ സ്വാഗതം ചെയ്ത ചിരി, അപ്പോഴും ആ മുഖത്തു തങ്ങിനില്പുണ്ടാവും. ആത്മാർത്ഥമായ സൗഹൃദത്തിന്റെ തിളക്കം എപ്പോഴും ആ ചിരിക്കുണ്ടാവും. എന്റെ സാഹിത്യപ്രവർത്തനങ്ങളെ പല വഴിക്കും അദ്ദേഹം പ്രോത്സാഹിപ്പിച്ചിട്ടുണ്ടു്. ഉപദേശ നിർദ്ദേശങ്ങൾ നല്കുന്ന കാര്യത്തിൽ ഒരിക്കലും ലുബ്ധു കാണിച്ചിട്ടില്ല. ഒരിക്കൽ സംഭാഷണത്തിനിടയിൽ തൃക്കോട്ടൂരിലെ ഹൈസ്കൂളിന്റെ കാര്യം ഞാനദ്ദേഹത്തെ ധരിപ്പിച്ചു. അന്നോളമുണ്ടായ പരിശ്രമങ്ങളുടെ കഥ മുഴുവനും കേട്ടുകഴിഞ്ഞപ്പോൾ ഡിസ്ട്രിക്ട് ബോർഡ് മുൻകൈയെടുത്തു് അവിടെയൊരു ഹൈസ്കൂൾ സ്ഥാപിക്കുമെന്നദ്ദേഹം പറഞ്ഞു. വിസ്തരിക്കുന്നില്ല. തുടർന്നു നാട്ടുകാരുടെ സഹകരണവും പണിക്കരുടെ നേതൃത്വവും ഒത്തുചേർന്നപ്പോൾ പഠിക്കാനാഗ്രഹിക്കുന്ന കുട്ടികൾക്കു പരമാനുഗ്രഹമായി ഒരു ഹൈസ്കൂൾ അവിടെ രൂപം പൂണ്ടു. അതാണു്, പയ്യോളി ഗവണ്മെന്റ് ഹൈസ്കൂൾ അതു നിലനില്ക്കുന്ന കാലത്തോളം മി. പണിക്കരുടെ പേരും അദ്ദേഹത്തോടുള്ള നന്ദിയും ഒപ്പമുണ്ടാവും, തീർച്ച.
സാന്ദർഭികമാണെങ്കിലും ശ്രീ ഭാരതീയന്റെയും കേരളീയന്റെയും പേരിവിടെ പരാമർശിച്ചുവല്ലോ. ഉത്തര കേരളത്തിലെ ത്യാഗമൂർത്തികളായ രണ്ടു വിശിഷ്ട വ്യക്തികൾ. അവരുടെ നാനാമുഖമായ പ്രവർത്തനങ്ങൾക്കു മുമ്പിൽ സ്മരണയുടെ പൂവിതളർപ്പിക്കാതെ കടന്നുപോകാൻ ആർക്കു കഴിയും? രാഷ്ട്രീയവിശ്വാസം എന്തുമാവട്ടെ, ആധുനിക കേരളത്തിനവരെ മറക്കാനാവുമോ? തങ്ങൾ ഉൾക്കൊണ്ട ആദർശത്തിൽ അടിയുറച്ചുനിന്നു് ജനനന്മയ്ക്കുവേണ്ടി എത്രയെത്ര ത്യാഗങ്ങളനുഷ്ഠിച്ചവരാണവർ. എത്ര കടുത്ത അഗ്നിപരീക്ഷണങ്ങളെ നേരിട്ടവർ! കാഴ്ചയിൽ ശമദമങ്ങൾക്കു് വിളനിലമായൊരു യതിവര്യന്റെ ഭാവവും ഒരു പെരുമാറ്റവുമായിരുന്നു ശ്രീ ഭാരതീയനു്. എന്തു സൗമ്യമായ പെരുമാറ്റം. പ്രശ്നങ്ങളുടെ നേർക്കു് എത്രമേൽ ശാന്തമായ സമീപനം. പലപല വേദികളിൽ അദ്ദേഹം കൃഷിക്കാരുടെ, തൊഴിലാളികളുടെ ഉന്നമനത്ത ലക്ഷ്യം വെച്ചു പ്രസംഗിക്കുന്നതു കേട്ടിരിക്കാൻ കഴിഞ്ഞിട്ടുണ്ടു്. ഓരോ തവണയും തന്റെ വിശിഷ്ട വ്യക്തിത്വത്തിന്റെ മാറ്റുരപ്പിക്കും വിധമായിരുന്നു ആ പ്രഭാഷണങ്ങളെല്ലാം. ഒടുവിൽ അദ്ദേഹത്തെ കണ്ടതു് തിരുവനന്തപുരത്തെ കെ. എസ്. ആർ. ടി. സി. ആപ്പീസിൽ വെച്ചാണു് ആയുർവേദാശുപ്രത്രിയിൽ നിന്നു ചികിത്സ കഴിഞ്ഞു പുറത്തിറങ്ങി നാട്ടിലേക്കു പോകാൻ വേണ്ടി ടിക്കറ്റെടുക്കാൻ വന്നതാണു്. ഒപ്പം ഒരു സഹായിയുമുണ്ടു്. ആപ്പീസിലെ തിരക്കിനിടയിൽ എത്രപേർ അദ്ദേഹത്തെ കണ്ടു മനസ്സിലാക്കിയെന്നറിഞ്ഞുകൂടാ. ഏറെ ക്ഷീണിച്ചിട്ടുണ്ടു്. അകലെനിന്നേ എനിക്കാളെ തിരിച്ചറിയാൻ കഴിഞ്ഞു. നന്നേ ക്ഷീണിച്ചിട്ടുണ്ടു്. നീണ്ട ‘ക്യൂ’വിൽ നില്ക്കുകയാണു്. ഞാൻ അടുത്തുചെന്നു തൊഴുതു. അദ്ദേഹം കൈകൂപ്പിക്കൊണ്ട് ചിരിച്ചു; ഏറെ ക്ഷീണിച്ച ചിരി. എന്റെകൂടെ അന്നു് ‘കൗമുദി’യിലെ ഫോട്ടോഗ്രാഫറായിരുന്ന മി. ബാലകൃഷ്ണനുണ്ടായിരുന്നു. ആളെ പറഞ്ഞറിയണ്ട താമസം മി. ബാലകൃഷ്ണൻ അവിടെ മുഴുവനും ഓടിനടന്നു ബഹളംവെച്ചു്, ടിക്കറ്റ് വാങ്ങിച്ചുകൊണ്ടുവരികയും അദ്ദേഹത്തിനു സഞ്ചരിക്കേണ്ട ബസ്സിൽ എല്ലാ വിവരങ്ങളും കൃത്യമായി ശേഖരിച്ചറിയിക്കുകയും ചെയ്തു. അതു് ഒടുവിലത്തെ കാഴ്ചയാണെന്നു കരുതിയില്ല. ത്യാഗഭൂയിഷ്ഠമായ ആ ജീവിതം ഏറെക്കാലം പിന്നെ നീണ്ടുനിന്നില്ല.
കേരളീയൻ ഇന്നു കോഴിക്കോട്ടുണ്ടു്. വാർദ്ധക്യസഹജമായ ചില്ലറ അസുഖങ്ങളുടെ ശല്യമൊഴിച്ചാൽ ജീവിതം സ്വസ്ഥമാണെന്നു പറയാം. പൊതുപ്രവർത്തനങ്ങളിൽ ഇടപെടാനുള്ള ആരോഗ്യമില്ല. ആയ കാലത്തു് ആരോഗ്യമെല്ലാം നാട്ടിനുവേണ്ടി ചെലവഴിച്ചു. ഒളിവിലും തെളിവിലും ഏറെനാൾ അതികഠിനമായി പ്രയത്നിച്ചു; എല്ലാം രാജ്യത്തിനുവേണ്ടി; അശരണരും ആലംബഹീനരുമായ ജനങ്ങൾക്കുവേണ്ടി. അവർക്കുവേണ്ടി അദ്ദേഹം പാടി. കവിത രചിച്ചു. ഊണും ഉറക്കവും ഉപേക്ഷിച്ചു. രാവും പകലും വ്യത്യാസമില്ലാതെ കല്ലും മുള്ളും കുന്നും മേടും തോടും പുഴയും കീഴടക്കി പ്രവർത്തിച്ചു. ഏറെ ദുരിതങ്ങളനുഭവിച്ചു. ഏറെ വേദനകൾ സഹിച്ചു. ഒന്നിലും ഒരിക്കലും സമചിത്തത കൈവെടിയാതെ, എവിടെയും എപ്പോഴും അടിയുറപ്പിച്ചു നിന്നു. വിശ്രമമറിയാതെ കടന്നുപോയ കാലം, ഇന്നൊരപരാധിയെപ്പോലെ അദ്ദേഹത്തെ അടുത്തുനിന്നു് ശുശ്രൂഷിക്കുന്നു. സ്നേഹധനനായ ആ വലിയ മനുഷ്യനു് ഇന്നത്തെ ഏറ്റവും വലിയ ആഹ്ലാദം പഴയകാല സുഹൃത്തുക്കളെ കാണുന്നതാണു്; പിന്നെ നിരന്തരമായ വായനയും.
മറ്റൊരു കേരളീയനുണ്ടായിരുന്നു കോഴിക്കോടിനു്: ശ്രീ വി. എസ്. കേരളീയൻ. ഒരുകാലത്തു് കോഴിക്കോട്ടെ കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ നിറഞ്ഞുനിന്ന മനുഷ്യൻ. നായനാർ ബാലികാസദനത്തിന്റെ ആദ്യകാല പ്രവർത്തനങ്ങളിൽ–അതിന്റെ ബാലാരിഷ്ട ദശയിൽ–മിസ്സിസ് നായനാരോടൊപ്പം പ്രവർത്തിക്കാൻ വി. എസ്സും ഉണ്ടായിരുന്നു. അദ്ദേഹം തന്നെപ്പറ്റി എപ്പോഴും പറയുക വി. എസ്. എന്നാണു്. വി. എസ്. പുതിയ പത്രം തുടങ്ങുന്നു; വി. എസ്. ഇന്നലെ ഉറങ്ങിയിട്ടില്ല; വി. എസ്സിന്റെ മനസ്സിൽ നിറച്ചും സദനത്തിലെ കുട്ടികളായിരുന്നു; അവർ പട്ടിണി കിടക്കാൻ പാടില്ല; വി. എസ്. അതിനനുവദിക്കില്ല. അങ്ങനെ പോകുന്നു ആ സംഭാഷണം. പുതിയ പദ്ധതികൾക്കു രൂപം നല്കുക അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. അതീവ ശോഷിച്ച ശരീരത്തിനു താങ്ങാൻ വയ്യാത്തവിധം ജോലിചെയ്യുമായിരുന്നു അദ്ദേഹം. ഞാൻ കാണുന്ന കാലത്തൊക്കെ ആരോഗ്യം വളരെ കഷ്ടിയായിരുന്നു. അന്നു ഞാൻ താമസിക്കുന്നതു പുതിയറയിലെ ’കസ്തൂർബാ’ സദനത്തിനടുത്തായിരുന്നു. ഹരിജൻ പെൺകുട്ടികളുടെ ഹോസ്റ്റലായിരുന്നു. കസ്തൂർബാ സദൻ. അവിടത്തെ അന്തേവാസികളുടെ സുഖവിവരങ്ങൾ അറിയാനും അവർക്കു വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കാനും എല്ലാ ആഴ്ചയും അദ്ദേഹം വരും, വരുമ്പാഴൊക്കെ എന്റെ വീട്ടിൽ കയറും. കയറിയ ഉടനെ പുതിയൊരു പദ്ധതിയെപ്പറ്റി പറയാൻ തുടങ്ങും. ചിലപ്പോൾ പറയുന്നതു് സിലോൺ മലയാളികളെക്കുറിച്ചായിരിക്കും, സദനത്തിലെ കുട്ടികളെന്നപോലെ, സിലോൺ മലയാളികളും അദ്ദേഹത്തിന്റെ ദൗർബ്ബല്യമായിരുന്നു. “തിക്കോടിയരേ”, അദ്ദേഹം അങ്ങനെയാണന്നെ വിളിക്കുക. “‘മണപ്പുറം ടൈംസ്’ ഉഗ്രമാക്കണം. തിക്കോടിയരതിൽ പതിവായി എഴുതണം. പാവപ്പെട്ടവർക്കുവേണ്ടി പൊരുതാൻ തൂലിക ചലിപ്പിക്കണം. ഇത്രയും പറഞ്ഞു തീർക്കുമ്പോഴേക്കു് അദ്ദേഹം ആവേശഭരിതനാവും. ആ ശോഷിച്ച ശരീരത്തിനു് ഉൾക്കൊള്ളാൻ കഴിയാത്തവിധം വികാരാധീനനാവുക അദ്ദേഹത്തിനു് ശീലമായിക്കഴിഞ്ഞിരുന്നു. എന്തൊരാത്മാർത്ഥത! എന്തൊരു മനുഷ്യസ്നേഹം! അതിധന്യയായ ആ സ്മരണയ്ക്കു മുമ്പിൽ അഞ്ജലി!