ഞാൻ എന്ന വിസ്തരിക്കുന്നു. അല്ലെങ്കിൽ, ഇവിടെ മഹാന്മാർ പരസ്പരം ചെയ്യുമ്പോലെ ഞാൻ എന്റെ നേർക്കു ചോദ്യശരങ്ങൾ തൊടുക്കാൻപോകുന്നു. ദൂരദർശൻ മോഡലിൽ ത്തന്നെ.
“നീ കവിത എഴുതീട്ടുണ്ടോ?”
“ആ വഴിക്കായിരുന്ന എന്റെ തുടക്കം”
“കഥയോ?”
“കഥയോ, കഥകേടോ എന്നു നിശ്ചയമില്ലാത്ത അപരാധം അല്പം ചെയ്തുപോയിട്ടുണ്ടേ.”
“നോവൽ?”
“ഇവിടെ അപരാധം കൊഴുക്കുന്നു.”
“ഇനി നാടകം. എത്ര നാടകമെഴുതി?”
“അപരാധം പനപോലെ വളരുന്നു; ദുഷ്ടന്റെ മട്ടിൽ”
“ശരി; ജീവപര്യന്തത്തിനു ഇനി ചോദ്യങ്ങളാവശ്യമില്ല. ഒരു ചോദ്യം കൂടി തൊടുത്തു് പഞ്ചശരത്തിൽ നിർത്തിക്കളയാം. താൻ സിനിമയിലഭിനയിച്ചിട്ടുണ്ടോ? സിനിമക്കഥ എഴുതീട്ടുണ്ടോ?”
“തളരുന്നേ, എന്നെ പിടിക്കണേ, ബോധക്കേടു വരുന്നേ.”
“വീശേണമോ ക്ലമമറും കുളിർകാറ്റു കിട്ടാൻ, നാളീകശീതളദള വ്യഞ്ജനങ്ങളാലേ?”
“നന്ദി! വളരെ നന്ദി! നാളീകശീതളദളവ്യഞ്ജനപ്രയോഗം അസ്സലായി. ബോധം തിരിച്ചുകിട്ടി. ഇനിയെല്ലാം വഴിപോലെ പറയാം.”
അദ്ദേഹം, എന്നുവെച്ചാൽ സംവിധായക മഹാപ്രതിഭ, ത്രീസ്റ്റാർ എന്നു വിളിച്ചാൽ അബദ്ധം പറ്റാത്തവിധം അന്തസ്സുള്ള ഒരു ഹോട്ടലിലെ വിശാലമനോഹരമായ മുറിയിൽ പട്ടുമെത്തയിൽ രണ്ടു തലയണകൾ അട്ടിക്കിട്ടതിൽ ചാരി കണ്ണടച്ചു കിടക്കുന്നു. ശയിക്കുന്നു എന്നു പറയേണ്ടതായിരുന്നു. സാരമില്ല. അല്പം മാറി ഒരു ചൂരൽക്കസേരയിൽ അതിക്രൂരനായ അദ്ധ്യാപകന്റെ മുമ്പിൽ ഒരു സ്കൂൾ കുട്ടിയെപ്പോലെ അടിയൻ പരിഭ്രമിച്ചിരിക്കുന്നു. കണ്ണു തുറന്നു് എന്താണാവോ കല്പിക്കാൻ പോകുന്നതെന്നറിയാനുള്ള ഉൽക്കണ്ഠയോടെ. അദ്ദേഹം ചിന്തിക്കുകയാവും. ചിന്തകനെ ഉണത്താൻ പാടില്ലല്ലോ. കാത്തിരുന്നു. നിമിഷങ്ങൾ കൊഴിഞ്ഞുവീഴുമ്പോൾ കൺപോളകൾക്കു പകരം ചുണ്ടുകൾ ചലിക്കുന്നു. മന്ദ്രധ്വനിപോലെ ഒരു വാക്കു പുറത്തേക്കൊഴുകുന്നു:
“വായിക്കൂ.”
ആരോടാണാവോ പറഞ്ഞതു്? എന്താണാവോ വായിക്കേണ്ടതു്? ഒരു പിടിയുമില്ല. ചോദിക്കാൻ ധൈര്യവുമില്ല. അപ്പോൾ പാർശ്വവർത്തിയായ ശിങ്കിടിയുടെ കല്പന വരുന്നു:
“ആ സ്ക്രിപ്റ്റ് ഒന്നു വായിക്കാൻ.”
“വയ്യ.”
ഞാൻ പറഞ്ഞു. “തൊണ്ടയ്ക്കു സുഖമില്ല; കോൾഡ്.”
അതു കേൾക്കേണ്ടതാമസം, ശിങ്കിടി സ്ക്രിപ്റ്റെടുത്തു വായിക്കാൻ തുടങ്ങി. തപ്പിയും തടഞ്ഞും, ഇടയ്ക്കിടെ നിർത്തിയും ചുമച്ചും, അബദ്ധങ്ങളനേകം കലർത്തിയും വായിക്കുന്നതു കേട്ടപ്പോൾ ഇതിയാനൊരു നിരക്ഷരനാണല്ലൊ എന്നു ശങ്കിക്കേണ്ടിവന്നു. മഹാപ്രതിഭയുടെ പ്രതികരണമറിയാൻ ഞാൻ പട്ടുമെത്തയിലേക്കു നോക്കി. അവിടെ നല്ല ഉറക്കം. കൂർക്കം വലി ചുണ്ടുകളിൽ നുരകുത്തുന്നു. നേരം നീളുന്നു. ‘വലഞ്ഞല്ലോ ദൈവമേ’ എന്ന വിചാരം എന്നെ അലട്ടുന്നു. തെറ്റിച്ചു വേദമുച്ചരിക്കുന്നതു കേട്ടു് ‘കാടു കാടെ’ന്നു പണ്ടു തുഞ്ചത്താചാര്യൻ പറഞ്ഞപോലെ എനിക്കും പറയണമെന്നു പലവട്ടം തോന്നി. പറഞ്ഞില്ല. അങ്ങനെ മനം മടുത്തിരിക്കുമ്പോൾ ശിങ്കിടി ഒരു സിഗരറ്റ് വലിക്കാൻ തുടങ്ങുന്നു. അപ്പോൾ താഴെ വച്ച സ്ക്രിപ്റ്റ് കൈയിലാക്കി ഞാനെഴുന്നേറ്റു. ശിങ്കിടി തടഞ്ഞു. അല്പം കഴിഞ്ഞു വരാമെന്നു പറഞ്ഞു് ഞാൻ പുറത്തുകടന്നു. വാതിലടച്ചു.
അദ്ദേഹം ഉണർന്നോ എന്നു് എനിക്കറിഞ്ഞുകൂടാ. ഞാൻ അന്വേഷിച്ചിട്ടുമില്ല. തിരിച്ചു കൊണ്ടുപോന്ന സ്ക്രിപ്റ്റ് കുറെനാൾ കഴിഞ്ഞപ്പോൾ ചാക്ക്, കുപ്പി, കടലാസുകാരനു വിറ്റു് ചില്ലിക്കാശു വാങ്ങി. അതു പിന്നെ അവനോടാരെങ്കിലും തട്ടിയെടുത്തു സിനിമയാക്കിയോ എന്നും എനിക്കറിഞ്ഞുകൂടാ, ആയെങ്കിൽ ഞാനൊട്ടു് അദ്ഭുതപ്പെടുകയുമില്ല. ആദ്യാനുരാഗമങ്ങനെ വിഘ്നം കൊണ്ടു് ഒഴുക്കുമുട്ടിപ്പോയെന്നു പറഞ്ഞാൽ മതിയല്ലോ.
സിനിമയുമായി ബന്ധപ്പെട്ടു കഴിയുന്ന ധാരാളം നല്ല സുഹൃത്തുക്കളെനിക്കുണ്ടു് അവരിൽ ചിലർ എന്റെ അഭ്യുദയം കാംക്ഷിക്കുന്നവരുമാണു് എന്നിട്ടും എന്നെ കൈപിടിച്ചു കയറ്റണേ എന്നു് ഇന്നോളം ആരോടും അപേക്ഷിക്കാനുള്ള കരുത്തെനിക്കുണ്ടായിട്ടില്ല. ഭീരുക്കൾക്കു് ജയമില്ലെന്ന ചൊല്ലിൽ പതിരില്ല. എന്നാൽ എന്റെ അപേക്ഷയും കാത്തുനില്ക്കാതെ എന്നെ കൈപിടിച്ചു കയറ്റാൻ മുമ്പോട്ടുവന്നവരെ ഞാനിവിടെ മറക്കുന്നതു ശരിയാണോ? നല്ല സിനിമകളെടുത്തു നഷ്ടം സഹിച്ചു കഴിയുന്ന ശോഭനാ പരമേശ്വരൻ നായർ എന്റെ നേർക്കു സഹായഹസ്തം നീട്ടുക മാത്രമല്ല, എന്നെ ബലംപ്രയോഗിച്ചു് പിടിച്ചുവലിച്ചു് സിനിമയിൽ കയറ്റാൻ പലതവണ ശ്രമിച്ചിട്ടുണ്ടു്. സ്കൂളിൽ പോകാൻ മടിച്ചുനില്ക്കുന്ന മരുമകനെ പണ്ടൊരമ്മാവൻ പിടിച്ചു തല്ലിയപ്പോൾ ആ മരുമകൻ പറഞ്ഞ വാക്കാണിവിടെ ഓർത്തു പോകുന്നതു് “എന്നെ തല്ലണ്ടമ്മാവാ, ഞാൻ നന്നാവില്ല.” ഫലിതമാസ്വദിക്കാനും നന്നായി ചിരിക്കാനും വേണ്ടിവന്നാൽ നല്ലൊരു പാട്ടുപാടാനും കഴിവുള്ള പരമേശ്വരൻനായർ, തിരുവനന്തപുരത്തായാലും മദിരാശിയിലായാലും ഇടയ്ക്കിടെ എന്നെ ഫോണിൽ വിളിക്കും, സുഖവിവരങ്ങൾ അന്വേഷിക്കും. സിനിമയ്ക്കുവേണ്ടി വല്ലതും എഴുതാൻ നിർബ്ബന്ധിക്കുകയും ചെയ്യും. ചിലപ്പോൾ മി. ഭാസ്കരനെയും. രാഘവൻ മാസ്റ്ററേയും കൂട്ടിക്കൊണ്ടു് പരമേശ്വരൻ നായർ കോഴിക്കാട്ടെത്തും. ഏതെങ്കിലും പുതിയൊരു സിനിമയ്ക്കു തുടക്കമിടുന്ന സന്ദർഭമായിരിക്കും. രാഘവൻമാഷ്ക്കും പരമേശ്വരൻനായർക്കും അപാരമായ ജുബ്ബയുണ്ടു് അതിന്റെ പോക്കറ്റിൽ നിറച്ചും നർമ്മകഥകളാണു്. ഭാസ്കരനു് ജുബ്ബയില്ലാത്തതുകൊണ്ടു് കഥയുടെ സ്റ്റോക്കു് കുറവാണെന്നു ധരിച്ചു കളയരുതു്. മൂന്നുപേരും ഒത്തു ചേരുമ്പോൾ മത്സരിച്ചുള്ള കഥ പറച്ചിൽ നടക്കും. ജീവിച്ചിരിക്കുന്നവരും പണ്ടെന്നോ മരിച്ചു മണ്ണായവരുമൊക്കെ കഥാപാത്രങ്ങളായി ആ കഥകളിൽ നിറഞ്ഞുനില്ക്കും. കേൾക്കുന്നവർ ചിരിച്ചു ചിരിച്ചു തളരും. ഒന്നു വീർപ്പഴിക്കാൻപോലും ഇടവേള തരാതെ, അന്നു പല നാളുകളിലായി നടന്ന കഥാകാലാക്ഷേപങ്ങളേ നന്ദി. മനസ്സിലെ മൗഢ്യം കഴുകിത്തുടച്ചു വൃത്തിയാക്കിത്തന്ന നിങ്ങൾ അരോഗതയ്ക്കു് ആക്കംകൂട്ടിയ ഏകമൂലികകളായിരുന്നു. ഇന്നതൊക്കെ വെറും ഓർമ്മകളായി മാറിയിരിക്കുന്നു. എങ്കിലും പരമേശ്വരൻനായരുടെ ‘വിളി’ ഇപ്പോഴും ഇടയ്ക്കു വന്നെത്താറുണ്ടു്. എനിക്കദ്ദേഹത്തെ ഒരു വഴിക്കും സഹായിക്കാൻ പറ്റില്ലെന്നു അനുഭവത്തിലൂടെ പലതവണ മനസ്സിലാക്കിയിട്ടും, സൗഹൃദത്തിന്റെ പേരിൽ മാത്രമുള്ള ആ വിളി, ആശിക്കാനൊന്നുമില്ലാതെ, നേടാനൊന്നുമില്ലാതെ കോഴിക്കോടിന്റെ ഒരു കോണിൽ ഭീകരബഹളത്തിന്റെ നടുവിൽ കഴിയുന്ന എനിക്കു്, സന്തോഷത്തിന്റെ നിമിഷങ്ങൾ വിതറിത്തരാറുണ്ടു്. അപ്പോൾ കൂട്ടിലെ കോഴി നെന്മണികൾ കൊത്തിയെടുക്കുമ്പോലെ ആർത്തിയോടെ, ഉത്സാഹത്തോടെ, ഞാനാ നിമിഷങ്ങൾ പെറുക്കിക്കൂട്ടുന്നു.
‘ക്രോസ് ബെൽറ്റ്’ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ മി. പൊന്നപ്പനാണു് ചിരിച്ചുകൊണ്ടെന്റെ ഓർമ്മയിലേക്കു കടന്നുവരുന്ന മറ്റൊരു നിർമ്മാതാവു്. ഒപ്പം പ്രസിദ്ധ ഛായാഗ്രാഹകനായ ശ്രീ. ഇ. എൻ. ബാലകൃഷ്ണനും. പുതിയ പടംപിടിപ്പിനുള്ള ഒരു കമാണ്ടു്. എസ്. കെ. പൊറ്റെക്കാടിന്റെ ‘പുള്ളിമാൻ’ എന്ന കഥയുടെ ചലച്ചിത്രാവകാശം വാങ്ങിക്കൊണ്ടാണു വരവു്. അതിന്റെ ചലച്ചിത്ര രൂപം ഞാനുണ്ടാക്കിക്കൊടുക്കണം.
“അയ്യോ, വയ്യ. എസ്. കെ. യുടെ കഥയ്ക്കു് എസ്. കെ. തന്നെ ചലച്ചിത്രരൂപം നൽകും.”
ഞാൻ പറഞ്ഞു: ”ഇല്ല.”
പൊന്നപ്പൻ നിഷേധിച്ചുകൊണ്ടു പറയുന്നു:
“അദ്ദേഹത്തിനു വയ്യെന്നു പറഞ്ഞു. നിങ്ങളെക്കൊണ്ടെഴുതിക്കാൻ കഴിഞ്ഞാൽ അദ്ദേഹത്തിനു തൃപ്തിയാണെന്നും.”
വലഞ്ഞല്ലോ. എസ്. കെ. യെപ്പോലെ സുപ്രസിദ്ധനായ ഒരു കാഥികന്റെ കഥ കൈകാര്യം ചെയ്യുന്നതു് അത്ര എളുപ്പമല്ല. അതെങ്ങാനും പരാജയപ്പെട്ടാൽ ആയിരക്കണക്കിലുള്ള എസ്. കെ. യുടെ ആരാധകർ എന്നെ വകവരുത്തും. ഒഴിഞ്ഞുമാറാനുള്ള പല അടവുകളും ഞാൻ പ്രയോഗിച്ചു. കക്ഷികൾ വിട്ടുമാറാനുള്ള ഭാവമില്ല. വിശേഷിച്ചു് മി. ബാലകൃഷ്ണന്റെ കഠിനമായ നിർബ്ബന്ധം. പുതുതായി പരിചയപ്പെടുന്ന സുഹൃത്തു്. അദ്ദേഹത്തിന്റെ നിഷ്കളങ്കമായ നിർബ്ബന്ധത്തിനുമുമ്പിൽ എനിക്കു തലമടക്കേണ്ടിവന്നു. ആലോചിച്ചു പറയാമെന്നു വാക്കുകൊടുത്തുകൊണ്ടു് അന്നു ഞാനവരെ മടക്കി. പിന്നെ എസ്. കെ. യെ ചെന്നു കണ്ടു് വിവരം പറഞ്ഞു. അവിടെ ഞാൻ പൂർണ്ണമായി കീഴടങ്ങേണ്ടിവന്നു.
“തിക്കോടിയനെഴുതൂ. സാരമില്ല. മടിച്ചുനിന്നാൽ മറ്റു വല്ലവരും കൊണ്ടുപോയി വധിക്കും. അതിലും ഭേദമല്ലേ തിക്കോടിയന്റെ കൈ കൊണ്ടാവുന്നതു്?”
“അപ്പോൾ എവിടെയായാലും വധമാണു് നടക്കാൻ പോകുന്നതെന്നു തീർച്ചപ്പെടുത്തിക്കഴിഞ്ഞാ?”
എസ്. കെ. ചിരിച്ചു:
“അങ്ങനെത്തന്നെയാണു് തിക്കോടിയൻ. ഒരു കഥ ചലച്ചിത്രമാവുമ്പോൾ അതിന്റെ ചാരുത മുക്കാലും നഷ്ടപ്പെടുമെന്നു തീർച്ചയാണു് ധൈര്യമായി എഴുതിക്കോളൂ.”
പിന്നെ തർക്കം പറഞ്ഞില്ല. കല്ലല്ലാത്തതുകൊണ്ടും ഇരുമ്പല്ലാത്തതു കൊണ്ടും. കഥ നടന്നതു്. കുടകിലാണല്ലോ. ഞങ്ങളവിടെ ചെന്നു. ഭൂസ്ഥിതി കണ്ടു കഥയ്ക്കു ചേർന്ന സ്ഥലങ്ങൾ തിരഞ്ഞെടുത്തു. അവയുടെ നിശ്ചലച്ഛായ പകർത്തിയെടുത്തു. പിന്നെ ധൃതിയിൽ ജോലിയാരംഭിച്ചു. ആർഭാടമില്ല. ബഹളമില്ല. സാത്വികശീലനായ മിസ്റ്റർ ബാലകൃഷ്ണൻ ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിക്കുന്നു. ഇതൊരു മഹാത്ഭുതമാണെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാൻ സംവിധായക പക്ഷത്തുനിന്നു് ഒരു നീക്കവുമുണ്ടായില്ല. ജോലി പുരോഗമിക്കും തോറും ഇതാണ്, ഇങ്ങനെയാണു സിനിമയെങ്കിൽ കൊള്ളാമല്ലോ എന്നൊരു ധാരണ എനിക്കുണ്ടായി. നിരവധി ഘട്ടങ്ങളിൽ എനിക്കു സംശയമുണ്ടാവുന്നു. സൗമ്യമായ സംഭാഷണങ്ങളിലൂടെ മിസ്റ്റർ ബാലകൃഷ്ണൻ ആ സംശയങ്ങളെല്ലാം ദൂരീകരിക്കുന്നു. അദ്ദേഹം സിനിമയെന്ന മാധ്യമത്തിൽ ധാരാളം പരിചയം സിദ്ധിച്ച ആളായതുകൊണ്ട് അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ സന്തോഷത്തോടെ സ്വീകരിക്കാൻ എനിക്കു കഴിഞ്ഞു. അങ്ങനെ ആദാനപ്രദാനന്യായേന, പുള്ളിമാനിന്റെ ജോലി സുഖകരമായ നിലയിൽ അവസാനിപ്പിക്കാൻ കഴിഞ്ഞു. പൂർത്തിയായി പുറത്തിറക്കിയ പുള്ളിമാൻ ഒരു വർണ്ണചിത്രമായിരുന്നു. അക്കാലത്തു പുറത്തുവരുന്ന ചിത്രങ്ങളത്രയും വർണ്ണഭംഗിയോടെ വേണമെന്ന നിർബ്ബന്ധം നിർമ്മാതാക്കളിലും പ്രേക്ഷകരിലും ഇന്നത്തെപ്പോലെ വേരൂന്നിക്കഴിഞ്ഞിരുന്നില്ല. പടം കണ്ടിരിക്കാൻ ബോറില്ലാത്തതാണെന്നു് അന്നു പല സുഹൃത്തുക്കളും എന്നോടു പറഞ്ഞിരുന്നു. ഭാഗ്യം. നിർമ്മാതാവായ മിസ്റ്റർ പൊന്നപ്പനു നല്ല പേരോടൊപ്പം നല്ല തോതിൽ സാമ്പത്തികനഷ്ടവും അതു് വരുത്തിക്കൂട്ടിയെന്നാണറിവും. പക്ഷേ, മിസ്റ്റർ പൊന്നപ്പൻ സംതൃപ്തനായിരുന്നു. ഒരു നല്ല പടം നിർമ്മിച്ചതിൽ അദ്ദേഹം അഭിമാനം കൊണ്ടിരുന്നു.
ഇന്നു ചലച്ചിത്രാസ്വാദകർക്കു പ്രിയംകരനായ പത്മരാജനെ അതിപ്രസിദ്ധനായ സംവിധായകനും നിർമ്മാതാവുമെന്ന നിലയിലല്ല. ഞാനിവിടെ ഓർക്കുന്നതു്. ഓർക്കുന്നതിലെനിക്കു വിരോധമുണ്ടായിട്ടല്ല. എന്റെ മനസ്സിന്റെ വാതിൽ മുട്ടിവിളിച്ചതു് ചലച്ചിത്രവുമായി പത്മരാജൻ ബന്ധപ്പെടുന്നതിനും വളരെ മുമ്പാണു്. അക്കാലത്തു മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരു കഥ പ്രത്യക്ഷപ്പെടുന്നു. നല്ല കഥ. നടാടെ കേൾക്കുന്ന പേരു്. ഈ പത്മരാജനാരാണു്? എവിടത്തുകാരൻ? ജോലിയെന്തു്? അന്വേഷണമായി പിന്നെ. അപ്പോൾ ആരോ പറയുന്നു ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തിലെ ഒരു അനൗൺസറാണ്. സംഗതി കൊള്ളാമല്ലോ. നമ്മുടെ സഹോദര സ്ഥാപനത്തിലെ ഒരു ജോലിക്കാരൻ. കുടുംബാംഗം. അന്നു തിരുവനന്തപുരം നിലയത്തിലെ പ്രോഗ്രാം എക്സിക്യൂട്ടിവായിരുന്ന മിസ്റ്റർ ശിവശങ്കരനു ഞാനൊരു കത്തെഴുതി. പത്മരാജൻ അവിടെ ജോലിയാണോ? ആണെന്നു കേട്ടു. കേട്ടതു ശരിയാണെങ്കിൽ എന്റെ അഭിനന്ദനം പത്മരാജനെ അറിയിക്കുക. കഥ ഉഗ്രമായിരിക്കുന്നു. ഇന്നാണെങ്കിൽ അങ്ങനെയൊരു കത്തു ഞാൻ മിസ്റ്റർ ശിവശങ്കരന്നു് അയയ്ക്കുമായിരുന്നില്ല. ഇന്നദ്ദേഹം സ്റ്റേഷൻ ഡയറക്ടറാണു്. പദവികൾ ദുരുപയോഗപ്പെടുത്താൻ പഠിച്ചവനല്ല ഞാൻ. അതെന്തുമാവട്ടെ. അടുത്ത പടി പത്മരാജന്റെ സ്നേഹം നിറഞ്ഞ കത്തെനിക്കു കിട്ടുന്നു, പിന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കളായിത്തീരുന്നു. ചലച്ചിത്രമെന്ന ബദ്ധപ്പാടിനിടയിൽ മിസ്റ്റർ പത്മരാജൻ എന്നെ ഓർക്കുന്നില്ലെങ്കിൽ അതൊരു കുറ്റമല്ല. തിരക്കൊഴിഞ്ഞ, ബദ്ധപ്പാടൊഴിഞ്ഞ, ഉൽക്കണ്ഠ നീങ്ങിയ സമയമുണ്ടാവില്ലല്ലോ സിനിമാസംവിധായകർക്കു്. എങ്കിലും മിസ്റ്റർ പത്മരാജന്റെ വളർച്ചയിൽ എനിക്കതിയായ ആനന്ദമുണ്ടു്.
ഞാൻ എത്ര ധൃതിവെച്ചു നടന്നിട്ടും എത്തേണ്ടിടത്തു് എത്തിയില്ല. ചലച്ചിത്രത്തെപ്പറ്റി പറയാൻ തുടങ്ങിയതുതന്നെ, ആ ലക്ഷ്യത്തിൽച്ചെന്നു ചിലതൊക്കെ പറയാനായിരുന്നു. അതിന്റെ ആമുഖമായി ഇത്രയും കുറിക്കട്ടെ. ശുഭകാലം പുണ്യകാലം. അതാണു് ഉത്തരായനകാലം. ആ കാലത്തെക്കുറിച്ചു് പറയാനായിരുന്നു ആരംഭിച്ചത്.