images/tkn-arangukanatha-cover.jpg
Archangel, an oil on canvas painting by Paul Klee (1879–1940).
ഉത്തരായണത്തിന്റെ ഒരുക്കം

പഴഞ്ചൊല്ലിൽ പറഞ്ഞപോലെ. ‘ഉണ്ടിരിക്കും നായർക്കൊരു വിളി’. തിളക്കമുള്ള വിളി. വിളിച്ചതും നായർ തന്നെ; ശോഭനാ പരമേശ്വരൻ നായർ. ഏതോ ആവശ്യത്തിനു മദിരാശിയിൽച്ചെന്നു പെട്ടതായിരുന്നു ഞാൻ. കേട്ടറിഞ്ഞാവും വിളിവന്നതു്.

“ഏയ്, ഇങ്ങട്ടു് വന്നാട്ടെ; നമുക്കിവിടെ കഴിയാം. ചുമ്മാ ഹോട്ടൽ മുറിയിലൊന്നും ചുരുണ്ടുകൂടേണ്ടാ. നമുക്കല്പം സൊള്ളാം.”

കൊള്ളാവുന്ന പരിപാടി. പിന്നെ താമസിച്ചില്ല. പരമേശ്വരൻ നായരുടെ പാർപ്പിടത്തിലെത്തി. അവിടെ കൊടും ബഹളം. താരങ്ങൾ പലരും വരുന്നു. സംവിധായകരിൽ ചിലർ വരുന്നു. വരുന്നവരുടെ മുറയ്ക്കു പരമേശ്വരൻനായർ എന്നെ പരിചയപ്പെടുത്തുന്നു, ചിലർ ചിരിച്ചുകൊണ്ടെനിക്കു കൈതരുന്നു. മറ്റു ചിലർ ‘ഓ! ഇതാണോ’ എന്നമട്ടിൽ നോക്കുന്നു. വന്നവർ വന്നവർ പോകുന്നു; മറ്റു ചിലർ വരുന്നു. ഒടുവിലത്തെ ഊഴം അദ്ദേഹത്തിന്റേതായിരുന്നു. പ്രസിദ്ധ നിർമ്മാതാവിന്റെ. വന്ന ഉടനെ അദ്ദേഹം എന്റെ മുമ്പിൽ കിടക്കുന്ന മേശയുടെ പുറത്തു നാടകീയമായി ചാടിക്കയറി ഇരിക്കുന്നു. പരമേശ്വരൻ നായർ പതിവു പരിപാടി ആരംഭിക്കുന്നു. എന്നെ പരിചയപ്പെടുത്തൽ. നിർമ്മാതാവു് ശരീരം ചലിപ്പിക്കാതെ, കഴുത്തു വെട്ടിച്ചു് എന്നെ തിരിഞ്ഞുനോക്കി. താനൊക്കെ സിനിമാക്കഥ എഴുതാൻ വലിഞ്ഞുകേറി വന്നതാണല്ലേ എന്ന പുച്ഛം ആ നോട്ടത്തിൽ തെളിഞ്ഞു നിന്നിരുന്നു. ‘രക്ഷിക്കണേ, അടിയനപരാധിയല്ലേ’ന്നു പറയാനുള്ള അവസരം പോലും എനിക്കു തരാതെ അദ്ദേഹം അനുകമ്പയുടെ പനിനീരിൽ ഉപദേശത്തിന്റെ ഗുളിക ചാലിച്ചു് എനിക്കു തരുന്നു:

“കേട്ടോ സാറേ, അറിയില്ലെങ്കിൽ പറഞ്ഞു തരാം. നാട്ടിലാർക്കെങ്കിലും ഉടനെ വിവരം കൊടുത്തു് ഒരു കമ്പി വരുത്തണം. ഭാര്യയ്ക്കു പ്രസവവേദനയാണ്, ആശുപത്രിയിൽ ചേർത്തിരിക്കുന്നു. ഉടനെ കുറച്ചു പണം കമ്പിമണിയോർഡറായി അയയ്ക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ നാലുചക്രം ഇവിടെനിന്നു കിട്ടില്ല. കറങ്ങിപ്പോകും.”

ഭാര്യയില്ലാത്തതുകൊണ്ട് അദ്ദേഹത്തിനു നന്ദി പറയേണ്ടിവന്നില്ല. ഇപ്പോൾ അദ്ദേഹം എവിടെയാണെന്നോ എന്തുചെയ്യുന്നെന്നോ അറിഞ്ഞു കൂടാ. അറിയാവുന്നതൊന്നുമാത്രം: പ്രമുഖ നിർമ്മാതാക്കളുടെ പട്ടികയിലൊന്നും ഇന്നദ്ദേഹത്തിന്റെ പേരില്ല.

സന്ദർശകരുടെ ബഹളം ശമിക്കുമ്പോൾ രാത്രിയായിരുന്നു. ഞങ്ങൾ ആഹാരം കഴിച്ചു കിടന്നു. ദീർഘനേരം ഞങ്ങൾ സംസാരിച്ചു. പരിസരമൊക്കെ മതികെട്ടുറങ്ങുമ്പോഴും ഞങ്ങൾ സംസാരം നിർത്തിയില്ല. സിനിമയെ സംബന്ധിച്ചു് ഗൗരവമുള്ള കാര്യങ്ങളായിരുന്നു പരമേശ്വരൻനായർക്കു പറയാനുള്ളതു്. എല്ലാം കേൾക്കാനും മൂളാനും ഞാൻ സന്നദ്ധനായിരുന്നു. ഉദ്ദേശിച്ചപോലെ സൊള്ളാനും മതിമറന്നു ചിരിക്കാനും കഴിഞ്ഞില്ല. സിനിമയിലുള്ള തന്റെ അനുഭവം വിവരിക്കുമ്പോൾ ചില നേരത്തു പരമേശ്വരൻ നായരുടെ ശബ്ദം ഇടറിയോ എന്നു ഞാൻ ശങ്കിച്ചു. ഇരുട്ടല്ലേ, മുഖം കാണാൻ വയ്യ. പറഞ്ഞു പറഞ്ഞു് ഒടുവിൽ എന്നുമെന്നപോലെ സിനിമയ്ക്കു പറ്റിയ ഒരു വിഷയം തേടിപ്പിടിക്കാൻ എന്നെ നിർബ്ബന്ധിച്ചു.

പിറ്റേന്നു, രാത്രിവണ്ടിക്കു തിരിച്ചുപോരാൻ തുടങ്ങുമ്പോൾ എന്നെ യാത്രയയയ്ക്കാൻ പരമേശ്വരൻ നായർ സ്റ്റേഷനിൽ എത്തിയിരുന്നു. ഞങ്ങൾ കൈവീശി പിരിഞ്ഞു. മനസ്സു നിറയെ പരമേശ്വരൻ നായരുടെ പ്രശ്നങ്ങളായിരുന്നു. ഓർത്തോർത്തു് ഉറക്കം വരാതെ കിടക്കുമ്പോൾ എന്റെ മനസ്സു് സിനിമയുടെ മേച്ചിൽപ്പുറം തേടുകയായി. പരമേശ്വരൻ നായർക്കു സിനിമയ്ക്കു പറ്റിയ നല്ല വിഷയം വേണം. സ്വാതന്ത്ര്യസമരകാലത്തു് ഏതെങ്കിലും സംഭവം എന്തുകൊണ്ടു സിനിമയ്ക്കു വിഷയമാക്കിക്കൂടാ? പ്രേക്ഷകർ അതു സ്വീകരിക്കില്ലേ? ഒരു വലിയ സാമ്രാജ്യത്തെ വെല്ലുവിളിക്കാൻ ആയുധമെന്ന പേരിൽ ഒരു പുൽനാമ്പുപോലും കൈയിലില്ലാത്ത ഒരു ജനത അടർക്കളത്തിലിറങ്ങി മർദ്ദനമേറ്റതും മരണം വരിച്ചതും എന്തുകൊണ്ടു വെള്ളിത്തിരയിലൂടെ പകർത്തിക്കാണിച്ചുകൂടാ? അങ്ങനെ ആലോചിച്ചാലോചിച്ചു കിടക്കുമ്പോൾ ചില രംഗങ്ങൾ എന്റെ മനസ്സിൽ തെളിഞ്ഞു വന്നു. നാടകീയ മുഹൂർത്തങ്ങൾ, കരളലിയിപ്പിക്കുന്ന കാഴ്ചകൾ, ആവേശത്തള്ളിച്ചയിൽ ഇളകിമറിയുന്ന സമരരംഗങ്ങൾ, അങ്ങനെ അനുഭവസ്ഥന്മാർ പറഞ്ഞു കേട്ടതും പത്രവാർത്തകളിലൂടെ മനസ്സിൽ പതിഞ്ഞതുമായ സംഭവങ്ങൾ പലതും അന്നു രാത്രി നേരിൽ കാണുമ്പോലുള്ള അനുഭവം എന്നിലുളവാക്കി. ഇവനെ വെറുതെ വിട്ടുകൂടാ. എവിടെയെങ്കിലും രേഖപ്പെടുത്തിവെക്കണം. വെക്കാതെ പറ്റില്ല. സിനിമാക്കഥയായില്ലെങ്കിലും വേണ്ടില്ല. ഒരു ചരിത്രമായെങ്കിലും ഇതെവിടെയെങ്കിലും രേഖപ്പെടുത്തിവെക്കണം.

പരമേശ്വരൻ നായരുടെ സ്നേഹപൂർവ്വമായ നിർബ്ബന്ധം മനസ്സിലുള്ളതുകൊണ്ടു രേഖപ്പെടുത്താൻ തുടങ്ങിയപ്പോൾ, അതിനേതാണ്ടൊരു സിനിമാ സ്വഭാവം അറിയാതെ കൈവന്നു. തുടർന്നു ദിവസങ്ങളോളം ഒഴിവുകിട്ടുമ്പോഴൊക്കെ ആലോചനയും എഴുത്തുമായി കഴിഞ്ഞു. എത്ര ദിവസം അല്ലെങ്കിൽ മാസം എടുത്തെന്നു വ്യക്തമായി പറയാൻ വയ്യ. ‘ശുഭം’ വരെ എഴുതി മുഴുമിച്ചു. വീണ്ടും വീണ്ടും വായിച്ചു. ഞാൻ പൂനയിൽ ചെന്നു പഠിച്ചിട്ടില്ല. അവിടെ പഠിച്ചു ബിരുദമെടുത്തവരാരും എന്നെ പഠിപ്പിച്ചിട്ടില്ല. ഇടയ്ക്കും തലയ്ക്കും ചില സിനിമ കണ്ട പരിചയം മാത്രം. ആ പരിചയം വെച്ചു കൊണ്ടു് ഒരു സൃഷ്ടി നടത്തുന്നതു് അല്പം കടന്ന കൈയാണെന്നു തോന്നിയതുകൊണ്ടു സംഗതി ഞാൻ പരമേശ്വരൻനായരെ അറിയിച്ചില്ല. സൃഷ്ടി ആരെയും കാണിച്ചില്ല. ഇങ്ങനെയൊരപകടം ചെയ്തതായി ആരോടും പറഞ്ഞില്ല. അങ്ങനെ ആ സൃഷ്ടിയും വെച്ചു് അടയിരിക്കുമ്പോൾ, കാലം ഞാനറിയാതെ എന്നെ കടന്നുപോവുകയായിരുന്നു. ദേവൻ മാതൃഭൂമിയോടു വിടപറഞ്ഞു; കൃഷ്ണ വാരിയർ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ടിലെത്തി. വി. കെ. എൻ. ദില്ലി മഹാനഗരത്തിൽ സ്ഥിരവാസം. എ. എസ്. നായരും വാസുദേവൻ നമ്പൂതിരിയും മാതൃഭൂമിയിലുണ്ടു്. പഴയപടി സംഘം ചേരാൻ അവരെ കിട്ടാറില്ല. അങ്ങനെയിരിക്കുമ്പോഴാണു് ‘ചെറിയ മനുഷ്യരും വലിയ ലോകവും’ കോഴിക്കോട്ടു വന്നുചേരുന്നതു്. റബ്ബർ ബോർഡിന്റെ കോഴിക്കോട്ടുള്ള കേന്ദ്രത്തിൽ, മി. അരവിന്ദൻ വന്നു ചേരുന്നു. നേരത്തെ കേട്ടുകൾവിയിലൂടെ പരിചയമുണ്ടു്. ഒന്നുരണ്ടു തവണ കണ്ടിട്ടുണ്ടു്. അരവിന്ദന്റെ വരവോടെ സംഗതികൾക്കാകെ മാറ്റം വരുന്നു. പുതിയ സംഘം ഉണ്ടാവുന്നു. റെഡ്ക്രോസ് റോഡിലെ ലോഡ്ജിൽ അരവിന്ദന്റെ മുറിയിൽ പുതിയ സംഘം ഉദ്ഘാടനം ചെയ്യപ്പെടുന്നു. സ്റ്റേറ്റ് ബാങ്കിൽനിന്നു മി. രവി, സെൻട്രൽ എക്സൈസിൽനിന്നു മി. വിജയൻ, മാതൃഭൂമിയിൽനിന്നു മി. നമ്പൂതിരി, ഇടയ്ക്കിടെ എം. ടി., ഗവണ്മെന്റ് ആർട്സ് കോളേജിൽനിന്നു മറ്റൊരു മി. രവി, പട്ടത്തുവിള, പിന്നെ ഞാനും. മെഡിക്കൽകോളേജിൽനിന്നു് ഇടയ്ക്കൊക്കെ ഡോക്ടർ ഗോപിയും വരും. ഈ പറഞ്ഞ കക്ഷികളിൽനിന്നും അരവിന്ദന്റെ മുറിയിൽ രണ്ടുനേരം കയറിയിരുന്നതു ഞാനായിരുന്നു. ആപ്പീസിലേക്കു പോകുന്ന വഴിയിലാണു ലോഡ്ജ്, വളരെ സൗകര്യം. പോകുമ്പോഴും വരുമ്പോഴും ഞാനങ്ങു കേറും. സ്വസ്ഥമായി ഒരിടത്തിരുന്നു വല്ലതും ചിന്തിക്കാനോ വരയ്ക്കാനോ സൗകര്യം കൊടുക്കാത്തവിധം അരവിന്ദനു് അത്രമേൽ ശല്യം ഞാൻ ചെയ്തിട്ടുണ്ടു്. ഇന്നാണെങ്കിൽ ഞാനതു ചെയ്യില്ല. കാരണം, എനിക്കു് അല്പം കൂടി വകതിരിവു കൈവന്നിട്ടുണ്ടെന്നൊരു തോന്നൽ.

ആകാശത്തിനു ചോട്ടിലുള്ള എന്തും സംഘത്തിനു ചർച്ചാവിഷയമാണു്. ഒച്ചയും ബഹളവുമുണ്ടാവും. പക്ഷേ, അരവിന്ദന്റെ ശബ്ദം ആരും കേട്ടെന്നു വരില്ല. വളരെ അത്യാവശ്യത്തിനല്ലാതെ വാക്കുകൾ ചെലവഴിക്കുന്ന ശീലം അരവിന്ദനില്ല. അക്കാര്യത്തിൽ പട്ടത്തു വിളയും അരവിന്ദന്റെ പക്ഷത്താണു്. എല്ലാം ശ്രദ്ധിച്ചുകേൾക്കും. ഹൃദ്യമാണോ എന്നു മുഖത്തു നോക്കി തീരുമാനിക്കാൻ പറ്റില്ല. അരവിന്ദനു വേണ്ടുവോളം താടിയുണ്ടു്; പട്ടത്തു വിളയ്ക്കുമുണ്ടു് കുറച്ചൊക്കെ. ഒരു നാളൊരു ചർച്ചയിൽ, ഒരു സിനിമ നിർമ്മിച്ചാലെന്തെന്നൊരഭിപ്രായം ആരോ പുറത്തിട്ടു. ആരാണെന്നു വ്യക്തമായി പറയാൻ വയ്യ. ഞാനല്ലെന്നു നിഷേധിക്കാനും പാടില്ല. അസാധ്യ കാര്യങ്ങൾ പറഞ്ഞു സുഖിക്കുന്നൊരു സ്വഭാവം എനിക്കുള്ളതുകൊണ്ടു് ഒരുപക്ഷേ, ഞാൻ തന്നെയായിരിക്കണം. ഏതായാലും അന്നതു് ഒരു ഉണ്ടയില്ലാ വെടിയായിരുന്നു. പക്ഷേ, പതുക്കെപ്പതുക്കെ, ആ അഭിപ്രായത്തിനു ജീവൻ കൈവരാൻതുടങ്ങി. ഒരു ദിവസം ജോലി കഴിഞ്ഞു ബാങ്കിൽ നിന്നു, തിരിച്ചെത്തിയ മി. രവി ഉറക്കെ പ്രഖ്യാപിക്കുന്നു:

“സിനിമാനിർമ്മാണത്തിനു ബാങ്ക് ലോൺ കിട്ടും.”

അദ്ഭുതം. ആവേശം. പ്രത്യാശ. എല്ലാവരും കൂട്ടായും പ്രത്യകമായും രവിയുടെ നേർക്കു ചോദ്യങ്ങളെറിഞ്ഞു. ഒടുവിൽ രവിയുടെ ബാങ്കിൽത്തന്നെ ലോണിനപേക്ഷിക്കാമെന്നു തീരുമാനിച്ചു. ലോണപേക്ഷയ്ക്കുള്ള ഫോറങ്ങൾ സമ്പാദിച്ചു. അതെല്ലാം വഴിയാംവണ്ണം പൂരിപ്പിച്ചു ഞാനും മി. അരവിന്ദനും പട്ടത്തു വിളയും ബാങ്ക് മാനേജരെ കണ്ടു; അപേക്ഷ സമർപ്പിച്ചു. മാനേജർക്കു വലിയ സന്തോഷം. അപേക്ഷ സ്വീകരിക്കാനും ലോൺ പാസ്സാക്കാനും അദ്ദേഹത്തിനു് അധികാരമില്ലാത്തതുകൊണ്ടു് എത്ര വേണമെങ്കിലും സന്തോഷിക്കാമല്ലോ. അപേക്ഷ ബാംഗ്ലൂർക്കു പോകണം. അവിടെയാണു് തീരുമാനമെടുക്കേണ്ടതു്. ഉടനെ അപേക്ഷ ബാംഗ്ലൂർക്കയയ്ക്കാമെന്ന വാക്കു കേട്ടു് ഞങ്ങൾ തിരിച്ചുപോന്നു. ബാംഗ്ലൂരിന്റെ വിളിയും കാത്തിരുന്നു. അപ്പോഴേക്കും കോഴിക്കോട്ടെ മാനേജർക്കു മാറ്റമായി. കാത്തിരുന്നു കാത്തിരുന്നു മടുത്തപ്പോൾ ബാംഗ്ലൂരിൽ വിവരം തിരക്കി. അപ്പോൾ മറുപടി വരുന്നു, അപേക്ഷ ബോംബെയിലാണു്. അതിപ്പോഴും അവിടെത്തന്നെ കാണുമെന്നാണെന്റെ വിശ്വാസം. സംഗതി എന്തായെന്നന്വേഷിക്കാൻ പിന്നെയാരും മുതിർന്നതായറിവില്ല.

അങ്ങനെ കാലം കഴിയവേ, ഒരുനാൾ പട്ടത്തുവിളയുടെ ചോദ്യം:

“എന്തെടേ തന്റെ സിനിമ?”

“അതു ബോംബെയിൽ കിടക്കുന്നു. ഉടനെ ബാങ്ക് പണം തരും.” ഞാൻ പറഞ്ഞു. പട്ടത്തുവിളയുടെ മുഖത്തു പുച്ഛം.

“ഡേ, സിനിമ പിടിക്കാൻ പൂതിയുണ്ടെങ്കിൽ അവനേയുമിവനേയും കാത്തിട്ടു കാര്യമില്ല.”

“പിന്നെ? പണത്തിനെന്തു ചെയ്യും?”

“ശരിയായ മോഹമാണെങ്കിൽ പറ. പണമുണ്ടാക്കാം, സിനിമ പിടിക്കാൻ ഉദ്ദേശിക്കുന്നൊരാൾ എന്റെ സ്വാധീനത്തിലുണ്ടു്.”

ഞാൻ ആവേശം കൊണ്ടു തുള്ളി.

“താൻ അടങ്ങു്. പണമുണ്ടാക്കാം. പക്ഷേ, കണ്ട അവനേയും ഇവനേയും വിളിച്ചു തല്ലിപ്പൊളി പടമുണ്ടാക്കരുത്. നല്ല പടമായിരിക്കണം. തയ്യാറാണോ?”

പട്ടത്തുവിള നല്ല പടമെന്നു പറഞ്ഞാൽ അതു നല്ല പടം തന്നെയായിരിക്കണം. സിനിമയുടെ നാനാവശങ്ങളും പഠിച്ചറിഞ്ഞ പട്ടത്തുവിളയാണു്. നല്ല സിനിമയെടുക്കാമെന്നു് എങ്ങനെ ധൈര്യമായി വാക്കുകൊടുക്കും? അന്നു വൈകീട്ടു് അരവിന്ദന്റെ മുറിയിൽ ഒത്തുചേർന്ന സംഘത്തിൽവെച്ചു് മുതൽ മുടക്കിന്റെ കാര്യം പ്രഖ്യാപിച്ചു. എല്ലാവരും സന്തോഷം. ഞാൻ ഒരപരാധിയെപ്പോലെ പട്ടത്തുവിളയോടു പറഞ്ഞു. എന്റെ കയ്യിൽ ഒരു വൻതുരുപ്പുണ്ടെന്നു്; സിനിമയ്ക്കു പറ്റിയവൻ. അതു പരിശോധിക്കാമെന്നായി. അപ്പോഴേക്കും ഞാനവനു് ഒരു പേരിട്ടുകഴിഞ്ഞിരുന്നു: ‘ദീപസ്തംഭം’. അരവിന്ദനതു പരിശോധിച്ചു. സംഗതി അപ്പോഴാണു പിടികിട്ടിയതു്. അതൊരു കമേഴ്സ്യൽ സിനിമയ്ക്കു പാകത്തിലുള്ള സൃഷ്ടിയാണു്. സമസ്ത മസാലകളുമുണ്ടു്—പോലീസ് മർദ്ദനം, വെടിവെപ്പു് അങ്ങനെ പലതും. പട്ടത്തുവിളയതു വായിച്ചെങ്കിൽ അന്നുതന്നെ എന്നെ വധിക്കുമായിരുന്നു. സംഗതി അരവിന്ദന്റെ തീരുമാനത്തിനു വിട്ടു. അരവിന്ദൻ ഒരു പുതിയ സ്ക്രിപ്റ്റ് തയ്യാറാക്കി. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ യുവാക്കളുടെ മോഹഭംഗങ്ങളും തൊഴിലില്ലായ്മയുടെ, വിഷമതകളുമെല്ലാം അതിലുണ്ടായിരുന്നു. കൂട്ടത്തിൽ സ്വാതന്ത്ര്യസമരത്തിലെ ചില രംഗങ്ങളും. അതു് ഫ്ലാഷ്ബാക്കിലൂടെ പകർത്തിക്കാട്ടുകയാണുണ്ടായതു്. ഫ്ലാഷ് ബാക്കിൽ വരുന്ന ഭാഗങ്ങൾ എന്റെ സ്ക്രിപ്റ്റിൽ നിന്നെടുത്തു. അങ്ങനെ ശ്രമങ്ങളാരംഭിച്ചു.

ക്യാമറ മങ്കട രവിവർമ്മ. മോഹഭംഗമേറ്റ യുവാവു് മി. മോഹൻ ദാസ്. പറ്റിയൊരു യുവാവിനെ തേടി പലപല അന്വഷണങ്ങൾ നടത്തി; ഒടുവിൽ മെഡിക്കൽ കോളെജിൽവെച്ചാണു് മോഹൻ ദാസിനെ കിട്ടിയത്. സംവിധാനചുമതല അരവിന്ദൻ ഏറ്റെടുത്തു. കലാസംവിധാനം വാസുദേവൻ നമ്പൂതിരി. വിപ്ലവകാരിയായ അദ്ധ്യാപകന്റെ റോളിൽ കുഞ്ഞാണ്ടി. ഒളിപ്രവർത്തകനായി ബാലൻ കെ. നായരേയും പോലീസിന്റെ ഒറ്റുകാരനായി നെല്ലിക്കോടു ഭാസ്കരനെയും പോലീസ് ഇൻസ്പെക്ടറായി യൂണിയൻ ബാങ്ക് മാനേജർ എം. ബി. കെ. നായരേയും തെരഞ്ഞെടുത്തു. ഒരു അധികാരിയുടെ റോളാണു് പിന്നെ മുഖ്യമായിട്ടുള്ളതു്. അതിനൊരാളെ അന്വേഷിച്ചുകൊണ്ടിരിക്കുമ്പോൾ പട്ടത്തുവിളയുടെ ചോദ്യം വരുന്നു:

“നമ്മുടെ ഭാസിയായാലെന്താ? അടൂർ ഭാസി?”

“കൊള്ളാം.”

എനിക്കഭിപ്രായവ്യത്യാസമുണ്ടായില്ല. പക്ഷേ, സംഘത്തിൽ പലർക്കും ആ അഭിപ്രായം രുചിച്ചില്ല. പട്ടത്തുവിള ഭാസിക്കെഴുതി. ഉടനെ അനുകൂലമായ മറുപടി വന്നു.

എല്ലാവരും ഒത്തു ചേർന്നു. ഒരു വീടു് സംഘടിപ്പിച്ചു. മുന്തിയ ഹോട്ടലോ നിരന്തരം ഓടിക്കൊണ്ടിരിക്കുന്ന കാറുകളോ ഒന്നുമില്ല. എല്ലാവരും വീട്ടിൽ താമസം. ഭക്ഷണം പാകംചെയ്യാൻ ഒരു ബ്രാഹ്മണൻ. തീൻമേശയില്ല. കസേരയില്ല. തഴപ്പായ മാത്രം. ഉണ്ണാനിരിക്കുന്നതും കിടക്കുന്നതുമെല്ലാം തഴപ്പായിൽ. ആർക്കും പരാതിയില്ല. ഏക മനസ്സോടെ എല്ലാവരും ഉത്സാഹിക്കുന്നു. സിനിമ നന്നാവണം. അനാവശ്യച്ചെലവുകളുണ്ടാവരുതു്. താരനിരയില്ല. ലൈറ്റ് ബോയിയും അഭിനേതാവും ഛായാഗ്രഹണം നടത്തുന്ന ആളും എല്ലാവരും സമന്മാർ. പൊട്ടപ്പൂഴിയിലോ പാറപ്പുറത്തോ എവിടെ ഇരിക്കാനും വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും എല്ലാവരും തയ്യാർ. മങ്കട രവിവർമ്മ പ്രത്യേകിച്ചും ഇത്തരം കാര്യങ്ങളിലൊരു മാതൃക തന്നെയായിരുന്നു. അങ്ങനെ ആർഭാടവും ബഹളവുമില്ലാതെ ഉത്തരായണമെന്ന സിനിമ എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പരിശ്രമത്തിന്റെ വിജയമായി പുറത്തുവന്നു. കൊള്ളാം. ഇതാണ്, ഇങ്ങനെയാണു് സിനിമയെങ്കിൽ എന്നും അതിനുവേണ്ടി പ്രയത്നിക്കാൻ ആർക്കും ഒരു വിഷമവുമുണ്ടാവില്ലെന്നെനിക്കു തോന്നി. എനിക്കു മാത്രമല്ല പലർക്കും...

Colophon

Title: Arangu kāṇātta naṭan (ml: അരങ്ങു കാണാത്ത നടൻ).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Memoir, Thikkodiyan, തിക്കോടിയൻ, അരങ്ങു കാണാത്ത നടൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 11, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Archangel, an oil on canvas painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.