images/tkn-arangukanatha-cover.jpg
Archangel, an oil on canvas painting by Paul Klee (1879–1940).
കലാകാരനും അവശതയും

അറിയാതെ പറ്റിയ ഒരു കൈക്കുറ്റപ്പാടിനു് മാപ്പപേക്ഷിച്ചുകൊണ്ടു് ഞാനൊരു നാടകപ്രതിഭയെ ആദരവോടെ ഇവിടെ അവതരിപ്പിക്കുകയാണു്: ‘ഡോക്ടർ അയ്യത്താൻ ഗോപാലൻ!’ മലബാർ പ്രദേശത്തെ നാടകപരിശ്രമങ്ങളെക്കുറിച്ചു് വിവരിക്കുന്നതിനിടയിൽ ആ വലിയ മനുഷ്യൻ എന്റെ ഓർമ്മയിൽനിന്നു വഴുതിപ്പോയി. 1903-ൽ ഒന്നാം പതിപ്പായി പ്രസിദ്ധപ്പെടുത്തിയ ‘സുശീലാദുഃഖം’ എന്ന തന്റെ സംഗീതനാടകത്തിനു ഡോക്ടർ ഗോപാലൻ എഴുതിച്ചേർത്ത പ്രസ്താവനയിൽ നിന്നു്, ഒരു വാചകം: ‘സാരഞ്ജിനീ പരിണയം’ എന്ന എന്റെ ഒന്നാമത്തെ സംഗീതനാടകം പൊതുജനങ്ങൾ സന്തോഷപുരസ്സരം കൊണ്ടാടുക കാരണമാണു് ചില മലയാള സമുദായസമ്പ്രദായങ്ങളെ വിശദീകരിക്കുന്നതായ ഈ ‘സുശീലാദുഃഖം’ എഴുതുവാൻ എനിക്കു ധൈര്യം വന്നതു്. ഇതിൽനിന്നു് ഒരു കാര്യം വ്യക്തമാവുന്നു. ഡോക്ടരുടെ ആദ്യത്തെ നാടകം ‘സാരഞ്ജിനീ പരിണയം’ 1903-നു മുമ്പു് എഴുതിയതാണു് മാത്രവുമല്ല, അതു ജനങ്ങൾ സഹർഷം സ്വാഗതം ചെയ്തെന്നു പറയുമ്പോൾ, ആ നാടകം പല വേദികളിൽ അവതരിപ്പിച്ചിട്ടുണ്ടാവുന്ന കാര്യത്തിൽ സംശയത്തിന്നു് അവകാശമില്ല. ഒരു നാടകം പഠിക്കാനും അവതരിപ്പിക്കാനും പ്രചരിപ്പിക്കാനും കാലം കുറെ ആവശ്യമായി വരുമല്ലോ. അങ്ങനെ വരുമ്പോൾ സാരഞ്ജിനീപരിണയത്തിന്റെ ആവിർഭാവം പത്തൊൻപതാം, നൂറ്റാണ്ടിന്റെ അന്ത്യദശകത്തിലാണെന്നു തീർച്ച. മലയാള നാടകവേദിയുടെ ശതാബ്ദിയാഘോഷം തീരുമാനിക്കാൻ ആധാരശിലയായി സ്വീകരിച്ചതും അതേ ദശകം തന്നെ. എന്നിട്ടും നാടകപ്രസ്ഥാനത്തിന്റെ വയസ്സെണ്ണുമ്പോൾ, കേരളീയ ഭാഷാശാകുന്തളമെങ്ങനെ ഒന്നാം സ്ഥാനത്തു വന്നു? കേരള കാളിദാസനോടുള്ള ആദരവിനു് ഊനമൊട്ടും തട്ടാതെ തന്നെ ചോദിക്കട്ടെ. അന്നു സ്വതന്ത്ര നാടകങ്ങളൊന്നുമുണ്ടായിരുന്നില്ലേ? ഡോക്ടർ ഗോപാലനെപ്പോലെ തെക്കും വടക്കുമുള്ള പലരും അക്കാലത്തു സ്വതന്ത്ര നാടകങ്ങൾ എഴുതീട്ടുണ്ടാവില്ലേ? എന്തുകൊണ്ട് അന്വേഷണം ആ ഭാഗങ്ങളിലോട്ടൊന്നും ചെന്നില്ലാ? തിരുവിതാംകൂറും കൊച്ചിയും മലബാറുമൊക്കെ, വളരെ അകന്നുകിടക്കുന്ന കാലമായതുകൊണ്ടു പരസ്പരം പലതും അറിയാതെ പോയെന്നു പറയുന്നതു ശുദ്ധഭോഷ്കല്ലേ? ആണെന്നതിനു നല്ലൊരു തെളിവിതാ. ‘സുശീലാദുഃഖം’ എന്ന തന്റെ രണ്ടാമത്തെ നാടകം ഡോക്ടർ സമർപ്പിച്ചതു് അന്നത്തെ തിരുവിതാംകൂർ മഹാരാജാവിനാണു്. ഇങ്ങനെയാണു സമർപ്പണം: “മലയാളഭാഷാപോഷണ തല്പരനും പ്രജാക്ഷേമ നിരതനും സർവ്വഗുണ സമ്പന്നനും കേരളീയ ജനസമുദായത്തിന്റെ ഉറ്റ ബന്ധുവും ആയ മഹാരാജാ ബഹദൂർ സാർ രാമവർമ്മ ജി. സി. എസ്. ഐ. തിരുവിതാംകൂർ മഹാരാജാവു തിരുമനസ്സിലെക്കുറിച്ചു് എനിക്കുള്ള അവാഗോചരമായ ഭക്തിയേയും കൃതജ്ഞതയേയും സൂചിപ്പിച്ചുകൊണ്ടു കല്പിച്ചു തന്ന അനുവാദപ്രകാരം ഈ പുസ്തകത്തെ പൊന്നുതമ്പുരാൻ തൃപ്പാദത്തിങ്കൽ, സമർപ്പണം ചെയ്യുന്നു.”

ഇവിടംകൊണ്ടു കാര്യം അവസാനിക്കുന്നില്ല. സാക്ഷാൽ കേരള വർമ്മ വലിയ കോയിത്തമ്പുരാൻ സുശീലാദുഃഖം വായിച്ചു സന്തോഷിച്ചു് ഒരു അഭിനന്ദന പദ്യം ഡോക്ടർക്കു് അയച്ചുകൊടുത്തു:

ഗോപാലൻ കുശലൻ ചമച്ചൊരു
സുശീലാദുഃഖമായ നാടകം
ഭൂപാലപ്രവാസ ഭൂരിതരമാം
ഭക്ത്യാദരേണാർപ്പിതം
വ്യാപാരാന്തരതാന്തനെങ്കിലുമലം
പാർത്തീടിനേൻ സമ്മദാ-
കൂപാരത്തിനകത്തു പേർത്തുമധുനാ
കൂത്താടിനേൻ കിഞ്ച ഞാൻ.

ശ്രീ എ. ആർ. രാജരാജവർമ്മ, പുന്നശ്ശേരി നീലകണ്ഠശർമ്മ, കടത്തനാടു് പോർളാതിരി ഉദയവർമ്മരാജാ തുടങ്ങിയ പ്രഗത്ഭമതികളുടെ അഭിപ്രായങ്ങളും കൂട്ടത്തിലുണ്ടു്. ശ്രീ എ. ആർ. രാജരാജ വർമ്മ എഴുതുന്നു: “ഇയ്യിടെയുണ്ടായ നാടകങ്ങളിൽ ഇതു ചരമമെങ്കിലും പ്രാഥമ്യത്തെ അർഹിക്കുന്നു. സ്വകപോലകല്പിതങ്ങളായ ഭാഷാനാടകങ്ങളിൽ ഇദംപ്രഥമമായ ഒരു ദുരിതനാടകം ഇതുതന്നെയാണെന്നു തോന്നുന്നു.” ഇതിൽനിന്നെല്ലാം ഒരു കാര്യം വ്യക്തമാവുന്നുണ്ടല്ലോ: തമ്മിൽത്തമ്മിലറിയാത്തതുകൊണ്ടോ സ്വതന്ത്ര സാമൂഹ്യനാടകങ്ങളില്ലാത്തതുകൊണ്ടോ വന്നു ചേർന്ന ഒരു പിഴവല്ലാ നാടകശതാബ്ദിക്കു കേരളീയ ഭാഷാശാകുന്തളം തിരഞ്ഞെടുത്തതെന്നു്. അതിനു പ്രേരകശക്തിയായി നിന്നതു മറ്റെന്തോ കാരണമായിരിക്കണം.

അന്നു് കോഴിക്കോട്ടെ ഹജൂർ കച്ചേരിക്കടുത്തുള്ള ഒരു ഇരുനിലക്കെട്ടിടത്തിന്നു മുകളിൽ ഒരു നാടകസംഘം പ്രവർത്തിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ടു് കൊയിലാണ്ടിയിൽനിന്നുള്ള ഒരു വക്കീൽ കൃഷ്ണൻനായരായിരുന്നത്രെ അതിനു നേതൃത്വം കൊടുത്തതു്. സാരഞ്ജിനീ പരിണയം, സുശീലാദുഃഖം തുടങ്ങിയ നാടകങ്ങൾ ആ മാളികപ്പുറത്തുവെച്ചു പരിശീലിപ്പിക്കുകയും നാട്ടിന്റെ പല ഭാഗങ്ങളിലായി പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. അതിൽ പങ്കെടുത്ത പലരും അടുത്തകാലംവരെ ജീവിച്ചിരിപ്പുണ്ടായിരുന്നു. ഒന്നു രണ്ടുപേരെ എനിക്കു തന്നെ നേരിൽ കാണാൻ കഴിഞ്ഞിരുന്നു. വളരെ അവശമായ നിലയിലാണു് കണ്ടതു്. അവശ കലാകാരന്മാർക്കു സഹായധനം നല്കുന്നുണ്ടെന്നറിഞ്ഞു് എന്നെ വന്നു കണ്ടതാണു്. ചില സർട്ടിഫിക്കറ്റുകളും പൂരിപ്പിച്ചു കൈയൊപ്പുവെച്ച ഫോറവുമായി വന്നു് ഒരു ശിപാർശക്കത്തു വേണമെന്നു് ആവശ്യപ്പെട്ടു. ശിപാർശയും കത്തുമൊന്നും വേണ്ടാ, അർഹതയുണ്ടെങ്കിൽ കിട്ടുമെന്നു് ഞാൻ പറഞ്ഞു. അവർ അർഹതയുടെ കാര്യം വിവരിക്കാൻ തുടങ്ങിയപ്പോഴാണു് പഴയകാലത്തിന്റെ മഹിമ ഞാൻ മനസ്സിലാക്കിയതു്. കലാസപര്യ നടത്തി, അവസാനകാലത്തു് ഒരു നേരത്തെ ആഹാരത്തിനുപോലും വിഷമിക്കുന്ന ആ നല്ലവരായ കലാകാരന്മാരുടെ പേരിൽ സഹതപിക്കയല്ലാതെ എനിക്കെന്തുചെയ്യാൻ കഴിയും? ഫലിക്കില്ലെന്നു പൂർണ്ണബോദ്ധ്യമുണ്ടായിട്ടും ഞാനൊരു കാര്യം ചെയ്തു. അവർ പറഞ്ഞതെല്ലാം അതേപടി എഴുതി ചുവടെ എന്റെ പേരെഴുതി ഒപ്പിട്ടു്, ഹരജിയോടൊപ്പം അയയ്ക്കാൻ അവരെ ഏല്പിച്ചു. എന്തൊരു സന്തോഷമായിരുന്നു ആ മുഖത്തു്! കാര്യം സാധിച്ചപോലുള്ള സന്തോഷം. പക്ഷേ, ഒന്നും സാധിക്കാതെ, ഒരു സഹായവും കിട്ടാതെ അവശരായിട്ടുതന്നെ അവർക്കു കണ്ണടയ്ക്കുണ്ടിവന്നു.

ഇവിടെ ഒരു സംഭവം ഓർത്തുപോവുകയാണു്. അവശകലാകാരനെന്ന പേരു വിളിച്ചു സഹായധനം കൊടുക്കുന്ന സമ്പ്രദായത്തോട്ടു് അതാരംഭിച്ച കാലം തൊട്ടു് എനിക്കു് എതിർപ്പാണു്. ജോലിയിൽ നിന്നു വിരമിക്കുന്ന, മറ്റാരേയും ഇന്നാട്ടിൽ അവശരെന്നു വിളിച്ചുകേട്ടിട്ടില്ല. ചുമട്ടു തൊഴിലാളികളും കർഷകത്തൊഴിലാളികളും കലക്ടർമാരുമെല്ലാം ഇവിടെ ജോലിയിൽനിന്നു വിരമിക്കുന്നു. അതുപോലെ ഇൻസ്പെക്ടർ ജനറൽമാരും ജഡ്മിമാരും വിരമിക്കുന്നു. അവരിലാരെയെങ്കിലും അവശകലക്ടറെന്നോ, അവശ ജസ്റ്റിസ്സെന്നോ വിളിച്ചുകേൾക്കാറില്ല. പിന്നെ, കലാകാരനു മാത്രം എന്തിനീ ഓമനപ്പേരു്? ധർമ്മം കൊടുക്കാൻ പറ്റില്ലെങ്കിൽ വേണ്ട നായെക്കൊണ്ടു കടിപ്പിക്കാതിരുന്നാൽ മതി. എന്റെ ഈ എതിർപ്പു് ഞാനൊരിക്കൽ മുഖ്യമന്ത്രിയെ അറിയിക്കുകയുണ്ടായി. അന്നദ്ദേഹം മുഖ്യമന്ത്രിയായിരുന്നില്ല. സ്ഥലം ഒരു പ്രസംഗവേദി. അദ്ദേഹത്തിന്റെ പ്രസംഗം കഴിഞ്ഞു മറ്റുള്ളവർ എന്തു പറയുന്നു എന്നു കേൾക്കാൻ അദ്ദേഹം ക്ഷമയോടെ ഇരിക്കുന്നു. എന്റെ ഊഴം വന്നു. ഞാൻ പ്രസംഗിക്കുന്നതിനിടയിൽ ഒരു സന്ദർഭം. കിട്ടിയപ്പോൾ അവശ കലാകാരൻ പ്രശ്നം പൊക്കിയെടുത്തു. ഞാൻ അദ്ദേഹത്തിന്റെ മുഖത്തു നോക്കി വിനയപൂർവ്വം ചോദിച്ചു:

“സാർ, അങ്ങു് ഒരു കാലത്തു് ഇവിടെ മുഖ്യമന്ത്രിയായിരുന്നല്ലോ?”

“അതെ.” അദ്ദേഹം സന്തോഷത്തോടെ മറുപടി തന്നു. ഞാൻ തുടർന്നു:

“അങ്ങിനിയും മുഖ്യമന്ത്രിയാവുമെന്നാണു് എന്റെ വിശ്വാസം.” അദ്ദേഹം ചിരിച്ചു.

“മുഖ്യമന്ത്രിയായാൽ സാർ, അങ്ങീ അവശപദം എടുത്തുകളയണം. സഹായം എന്തായാലും അതു മാന്യമായി സ്വീകരിക്കാൻ കലാകാരന്മാർക്കു് അവസരമുണ്ടാക്കിക്കൊടുക്കണം.”

അദ്ദേഹം ചിരിച്ചുകൊണ്ടു തന്നെ തലകുലുക്കി. പക്ഷേ, ഇന്നും പത്രങ്ങളിൽ ഔദ്യോഗിക അറിയിപ്പുകൾ വരുമ്പോഴൊക്കെ കലാകാരൻ അവശൻതന്നെ.

പോട്ടെ, അതല്ലല്ലോ പറഞ്ഞു വന്നതു്. കോഴിക്കോട്ടെ നാടക പ്രവർത്തനങ്ങളുടെ കാര്യമാണല്ലോ. അതു പൂർണ്ണമാവണമെങ്കിൽ ഇനിയും പല പ്രസ്ഥാനങ്ങളേയും വ്യക്തികളേയും കുറിച്ചു പറയേണ്ടി വരും. ഇതിൽ വ്യക്തികളുടെ കാര്യമാകുമ്പോൾ അടുത്തൊന്നുമവസാനിക്കാത്തവിധം അതു നീണ്ടുപോകും. അതുകൊണ്ടു് തൽക്കാലം സ്ഥാപനത്തിലൊതുക്കി നിർത്തിക്കളയാം. മലബാർ ക്രിസ്ത്യൻ കോളേജ് ഒരു കാലത്തു്. കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ വളരെയേറെ മുമ്പോട്ടു പോയിരുന്നു. അതു സഞ്ജയന്റെ കാലമായിരുന്നു. ആ കാലത്തെക്കുറിച്ചു് സഞ്ജയന്റെ ശിഷ്യരിലൊരാളായ പ്രൊഫ. എം. പി. ശ്രീധരന്നു് എന്തൊക്കെ, എത്രയൊക്കെ പറഞ്ഞാലും മതിയാവില്ല.

“ഷേക്സ്പിയറോ? സഞ്ജയൻ മാഷെപ്പോലെ മറ്റൊരാൾക്കും അത്ര മനോഹരമായി ഷേക്സ്പിയർ നാടകങ്ങൾ പഠിപ്പിക്കാൻ പറ്റില്ല.”

പ്രൊഫസർ പറഞ്ഞാണു് ആ കാലത്തെപ്പറ്റി പലതും ഞാൻ മനസ്സിലാക്കിയതു്. വിദ്യാർത്ഥികളുടെ ഇടയിൽനിന്നു പ്രതിഭാശാലികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ സഞ്ജയൻ അന്നു് പലതും ചെയ്തിരുന്നു. കോളേജ് മാഗസിനിൽ വിഭവങ്ങൾ സമാഹരിക്കുന്നതു് പ്രത്യേക രീതിയിലായിരുന്നു. ശിഷ്യഗണങ്ങൾക്കു നല്ല നല്ല വിഷയങ്ങൾ തിരഞ്ഞെടുത്തു കൊടുക്കും. അവരെക്കൊണ്ടു് സ്വന്തമായെഴുതിക്കും. പിഴവുകൾ ചൂണ്ടിക്കാട്ടും. പരിഹരിക്കും.

ഒഥല്ലോ പരിഭാഷയുടെ ചില ഭാഗങ്ങൾ കോളേജിൽ അവതരിപ്പിച്ചതും എനിക്കു കാണാൻ കഴിഞ്ഞിട്ടുണ്ടു്; അതുപോലെ ‘സഖാവിന്റെ ബ്ലീച്ചും’. അക്കാലത്തു് അതികലശലായ എതിർപ്പും ആക്ഷേപവുമെല്ലാം ആ നാടകത്തിനു സഹിക്കേണ്ടിവന്നിട്ടുണ്ടു്. പക്ഷേ, ആസ്വാദകർക്കു ഹരമായിരുന്നു. സഞ്ജയനോടൊപ്പം ഇതിലെല്ലാം സജീവമായി പങ്കെടുത്ത ഒരാളായിരുന്നു ശ്രീ സൂര്യനെഴുത്തച്ഛൻ. സൂര്യൻമുൻഷിയെന്ന പേരിൽ പരക്കെ അറിയപ്പെട്ടു; സാഹിത്യാസ്വാദകരുടെ ഇടയിൽ ‘സൂർജി’യെന്നും. ‘സഞ്ജയൻ’, ’വിശ്വരൂപം’ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ സൂർജിയെന്ന തൂലികാനാമത്തിൽ ഒട്ടേറെ നർമ്മലേഖനങ്ങൾ അദ്ദേഹം എഴുതിയിരുന്നു. ഒരു മികച്ച സ്റ്റേജ് നടൻ കൂടിയായിരുന്നു സൂര്യൻ മുൻഷി. സഞ്ജയനുശേഷം മുൻഷിയോടൊപ്പം കോളേജിലെ പരിപാടികളിൽ സജീവതാൽപര്യം പ്രകടിപ്പിച്ചതു് പ്രൊഫ. ശ്രീധരനായിരുന്നു. പ്രൊഫസർക്കു നാടക കലയോടു കൂടുതൽ അടുപ്പവും ആഭിമുഖ്യവുമുണ്ടു്. ആ വഴിക്കു കുറേയേറെ ചിന്തിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ടെന്നു് അടുത്തറിയുന്നവർക്കു മാത്രം മനസ്സിലാവും. പ്രദർശനപരത തീണ്ടാത്ത മനുഷ്യനാണു്.

ക്രിസ്ത്യൻ കോളേജിനെക്കുറിച്ചോർക്കുമ്പോൾ എന്റെ മനസ്സിൽ നിറഞ്ഞു നില്ക്കുന്ന മറ്റൊരു വ്യക്തിയുണ്ടു് നല്ല കവിയാണു്. കണ്ടാലതു തോന്നില്ല. തികഞ്ഞ പണ്ഡിതനാണു്. പുറത്തറിയില്ല. ഖദർ ജുബ്ബയുടെ ഭാരം താങ്ങാൻ വയ്യാത്ത വിധം കൃശമായ ശരീരം. പട്ടണത്തിലെ തിരക്കു കൂടിയ വീഥികളിലൂടെ ഓരം ചേർന്നു് തല ഒരുവശത്തേക്കു ചരിച്ചു്, തന്റെ കാൽക്കീഴിൽപ്പെട്ടു് ഒരുറുമ്പുപോലും ചതഞ്ഞരഞ്ഞുപോകരുതെന്ന മട്ടിൽ സാവകാശം നടന്നുപോകുന്ന, ശ്രീ ആർ. രാമചന്ദ്രൻ മാസ്റ്റരെ പലരും കണ്ടിട്ടുണ്ടാവും. പക്ഷേ, അതു ‘സ്വർണ്ണ’മാണെന്നു മനസ്സിലാക്കിയവർ ചുരുക്കം. ഞാൻ കോഴിക്കോട്ടു താമസമാക്കുമ്പോൾ അദ്ദേഹം ക്രിസ്ത്യൻ കോളേജിലുണ്ടു്. അന്നോ ഇന്നോ ആരും അദ്ദേഹത്തെ പ്രൊഫസ്സറെന്നു വിളിച്ചു് ഞാൻ, കേട്ടിട്ടില്ല. എല്ലാവർക്കും അദ്ദേഹം രാമചന്ദ്രൻ മാസ്റ്ററാണു്. പഠിക്കാൻ കഴിവില്ലാത്ത പലരേയും സ്വന്തം സമയവും ധനവും ചെലവഴിച്ചു പഠിപ്പിച്ചു് അദ്ദേഹം ബിരുദധാരികളാക്കീട്ടുണ്ട്; സ്വന്തം വീടു് കോളേജാക്കിട്ടും. അദ്ദേഹത്തിന്റെ ദാനശീലം മുതലെടുത്തു അവിടെവെച്ചു പഠിച്ചു് പദവികൾ നേടിയവർ പോലും അദ്ദേഹത്തെ പ്രൊഫസ്സർ എന്നു വിളിച്ചിട്ടില്ല. വിളിക്കാനാർക്കും ധൈര്യമുണ്ടാവില്ല; അതാണു സ്വർണ്ണം; കറകളഞ്ഞ സ്വർണ്ണം. പഴയ ഗുരുകുലത്തെയും സാന്ദീപനിതൊട്ട മുനിമാരേയും ഓർമ്മിപ്പിക്കുന്ന അദ്ദേഹത്തിനു് ഒട്ടേറെ ശിഷ്യന്മാരുണ്ടു്. അക്കൂട്ടത്തിൽ അദ്ദേഹമറിയാതെ ഞാനും ഒരു ശിഷ്യനായിട്ടുണ്ടു്. എങ്ങനെയെന്നു ചോദിച്ചാൽ, അദ്ദേഹം ക്ഷമിക്കട്ടെ. മനസ്സിന്റെ പീഠത്തിൽ ആദരിച്ചിരുത്തി. അദ്ദേഹത്തെ ഞാൻ ആചാര്യനാക്കിയതാണു്.

Colophon

Title: Arangu kāṇātta naṭan (ml: അരങ്ങു കാണാത്ത നടൻ).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Memoir, Thikkodiyan, തിക്കോടിയൻ, അരങ്ങു കാണാത്ത നടൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 11, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Archangel, an oil on canvas painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.