images/tkn-arangukanatha-cover.jpg
Archangel, an oil on canvas painting by Paul Klee (1879–1940).
പത്രാതുരത്വം

‘ഗൃഹാതുരത്വം’പോലെ ‘പത്രാതുരത്വ’മെന്നൊന്നുണ്ടോ? ഉണ്ടെന്നു വേണം വിചാരിക്കാൻ. ആദ്യമായി കണ്ടതും വായിച്ചതും ഏതു പത്രം?’ ഈ ചോദ്യത്തിനു മുമ്പിൽ ‘മാതൃഭൂമി’ പ്രത്യക്ഷപ്പെടുന്നു. എന്താണു വായിച്ചതു്, എങ്ങനെ വായിച്ചതെന്നു ചോദിച്ചാൽ അബദ്ധം! എന്തോ വായിച്ചു; എങ്ങനെയോ വായിച്ചു; അത്രതന്നെ. വരികളിലൂടെ കൈവിരൽ സഞ്ചരിക്കുന്നു. പിറകെ കണ്ണും! മുമ്പിൽ പത്രം നിവർന്നു കിടക്കുന്നു: ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ശനിയാഴ്ചയുമെന്ന ക്രമത്തിൽ ആഴ്ചയിൽ മൂന്നുതവണ പുറത്തുവരുന്ന ‘മാതൃഭൂമി പത്രം.’ വർഷങ്ങൾക്കുശേഷം ഇന്നു രാവിലെയും മാതൃഭൂമി വായിച്ചു. ഒരിക്കൽ പനിപിടിച്ചു്, ഡോ. സി. ബി. സി. വാരിയരുടെ ചികിത്സയിൽ ഏതാനും ദിവസം മെഡിക്കൽ കോളേജിൽ കിടക്കുകയുണ്ടായി. തലപൊക്കാൻ വയ്യാത്തവിധമുള്ള ആ കിടപ്പിലും ‘മാതൃഭൂമി’ വായിച്ചിട്ടുണ്ടു്. കേരളത്തിനു പുറത്തുള്ള ഏതെങ്കിലും പട്ടണത്തിൽ ചെന്നുപെട്ടാൽ ആദ്യത്തെ അന്വേഷണം ‘മാതൃഭൂമി’ എവിടെ കിട്ടുമെന്നാണു്. അന്വേഷിച്ചന്വേഷിച്ചു് കണ്ടെത്തി, സന്തോഷത്തോടെ വാങ്ങിക്കൊണ്ടുവന്നു വായിച്ചുകഴിയുമ്പോഴാണു് പത്രത്തിനു രണ്ടുദിവസത്തെ പഴക്കമുണ്ടെന്നു മനസ്സിലാവുക. എങ്കിലും ‘മാതൃഭൂമി’ കണ്ടല്ലോ, വായിച്ചല്ലോ എന്ന ആശ്വാസം. ഏതെങ്കിലും ഒരു പത്രത്തിന്റെ പേരിൽ ഇത്തരമൊരു ആതുരത്വം പലർക്കുമുണ്ടാവണമെന്നു ഞാനിപ്പോൾ വിശ്വസിക്കുകയാണു്.

കോഴിക്കോട്ടുനിന്നുതന്നെ പുറപ്പെട്ടിരുന്ന വേറെ രണ്ടു പത്രങ്ങളുടെ പേരും കുട്ടിക്കാലത്തു് ഞാൻ പറഞ്ഞു കേട്ടിരുന്നു: കേരളസഞ്ചാരിയും, കേരളപത്രികയും. പിൽക്കാലത്തു് കേരളപത്രികയുടെ എട്ടാം പേജ് സഞ്ജയന്റെ കേളീരംഗമായിരുന്നു. എട്ടാംപേജിലൂടെ, സാമൂഹ്യ-രാഷ്ട്രീയകാര്യങ്ങളിലെ വൈകല്യങ്ങളെ തുറന്നുകാട്ടി, അതിതീക്ഷ്ണമായ നിലയിൽ സഞ്ജയനന്നു പരിഹസിച്ചിരുന്നു. സഞ്ജയ ഹാസ്യത്തിന്റെ മാധുര്യവും ലഹരിയും ആസ്വദിക്കാനുള്ള ബദ്ധപ്പാടിൽ, പത്രികയുടെ ഒരു പ്രതി കൈമാറി കൈമാറിയാണു് പലരുമന്നു വായിച്ചുതു്. കോഴിക്കോട്ടുനിന്നു് പേരാമ്പ്രയ്ക്കു പോകുന്ന ബസ്സിലെ സഹൃദയനായ ഒരു കണ്ടക്ടർ—കൃഷ്ണൻനായരെന്നു പേരു്; ഇപ്പോഴില്ല—എനിക്കു പത്രികയുടെ ഒരു പ്രതി മുടങ്ങാതെ എത്തിച്ചുതരുമായിരുന്നു. പലരും പല രീതിയിൽ പെരുമാറി, പരുക്കും പഴക്കവുമേറ്റ പ്രതിയായിരിക്കും കൈയിൽ കിട്ടുക. എന്നാലും എന്തൊരാഹ്ലാദമായിരുന്നു. അതു് കൈയിൽ കിട്ടുമ്പോൾ. പത്രികയുടെ എട്ടാംപേജിന്റെ കാര്യം പറയുമ്പോൾ, അതുപോലെ മറ്റൊരെണ്ണം ഓർമ്മയിൽ എത്തുകയാണു്; മലയാള മനോരമ ചിത്രവാരിക, അതിലൊരു സ്ഥിരം പംക്തി: ‘നേത്രരോഗിയുടെ പംക്തി.’ പംക്തിയുടെ തലക്കുറിപ്പിനു തൊട്ടു്, ഒരു ജലാശയത്തിൽ തലകീഴായി പ്രത്യക്ഷപ്പെടുന്ന പ്രകൃതിയുടെ ദൃശ്യമുണ്ടായിരുന്നു. അതിനു കീഴെ നേത്രരോഗിയുടെ ഹാസ്യമാണു്. അതിൽ കമ്പം പിടിച്ചു്, കാശിനു ഗതിയില്ലാത്ത കാലത്തു ഞാൻ വളരെ ക്ലേശിച്ചു ചിത്രവാരികയുടെ വരിക്കാരനായി ചേർന്നിരുന്നു. പിന്നീടു് സാക്ഷാൽ ഇ. വി. കൃഷ്ണപിള്ളയാണു് ‘നേത്രരോഗി’യെന്നറിഞ്ഞപ്പോൾ, ലോട്ടറിയിൽ ഒരു ബമ്പർ പ്രൈസ് അടിച്ചെടുത്ത സന്തോഷമായിരുന്നു എനിക്കു്. ക്ഷമിക്കണം. അന്നു ലോട്ടറിയും ബമ്പർ പ്രൈസുമൊന്നും പ്രചാരത്തിലില്ലാത്ത കാലമാണെന്ന ബോധത്തിന്നു് ഊനം തട്ടാതെതന്നെ ’ബമ്പർ’ പ്രയോഗിച്ചതാണു്. ഇന്നാണല്ലോ ഈ ഓർമ്മക്കുറിപ്പെഴുതുന്നതു്.

‘കേരളസഞ്ചാരി’ കണ്ടില്ലെങ്കിലും വായിച്ചില്ലെങ്കിലും എനിക്കതിനോടു് വൈകാരികമായൊരു ബന്ധമുണ്ടു്. എന്റെ അച്ഛൻ കേരളസഞ്ചാരിയുടെ ഒരു ലേഖകനായിരുന്നു എന്നു പറഞ്ഞുകേട്ടിട്ടുണ്ടു്. ഉറ്റവരെപ്പറ്റിയുള്ള കഥകൾ പറഞ്ഞു കേൾക്കാനേ എനിക്കു ഭാഗ്യമുണ്ടായിട്ടുളളു. അങ്ങനെ പറഞ്ഞുകേട്ട കഥകളിൽ ഒരെണ്ണം മരിച്ചാലും മായാത്തവിധം എന്റെ മനസ്സിൽ കിടപ്പുണ്ടു്. കഥ ഇങ്ങനെയാണ്: എന്റെ അച്ഛൻ ഉദ്യോഗസംബന്ധമായി തൃശ്ശൂരിൽ താമസിക്കുന്നു. അവിടെ ഒരു കുടുംബവുമായി അടുപ്പത്തിലാവുന്നു. ക്രമേണ അതു വിവാഹബന്ധത്തിൽ കലാശിക്കുന്നു. ആ ബന്ധത്തിൽ അച്ഛനൊരു മകളുണ്ടായി. അച്ഛന്റെ സഹോദരിയാണു് ഈ കഥ എനിക്കു പറഞ്ഞു തന്നതു്. എന്താണു്, എവിടെയാണ്, പേരെന്താണെന്നൊന്നും അവർക്കറിഞ്ഞുകൂടായിരുന്നു. ആ കഥ വലിയ ആവേശത്തോടു കൂടിയാണു ഞാൻ കേട്ടത്. എന്റെ സ്വന്തമെന്നു പറയാൻ എനിക്കന്നൊരു ജ്യേഷ്ഠത്തി മാത്രമേ ഉണ്ടായിരുന്നുള്ളു. കൺമുമ്പിലില്ലെങ്കിലും മറ്റൊരു ജ്യേഷ്ഠത്തികൂടി ഉണ്ടെന്നറിഞ്ഞപ്പോൾ സഹോദരിമാരും അവരുടെ മക്കളുമായി എനിക്കു വലിയൊരു കുടുംബമുണ്ടായിത്തീരുമെന്നു് ഞാനാശിച്ചു. അച്ഛൻ പെങ്ങൾ കഥ പറഞ്ഞു തരുമ്പോൾ ആശ്വാസത്തിനു് ഒരേയൊരു അടയാളവാക്കാണു പറഞ്ഞു തന്നത്. തൃശ്ശൂരിലെ ബന്ധുവീട്ടുകാർ എന്റെ അച്ഛനെ ‘പയ്യോളി നായരെ’ന്നാണു് വിളിച്ചിരുന്നതു്. ഈ അടയാളവാക്കു വെച്ചുകൊണ്ടു ആരോടെങ്ങനെ അന്വേഷിച്ചു് എനിക്കെന്റെ സഹോദരിയെ കണ്ടെത്താൻ കഴിയും? സാധ്യമല്ലെന്നു വ്യക്തമായ ബോധമുണ്ടായിരുന്നു. എന്നിട്ടും ഞാൻ പലരോടും തിരക്കി.

‘എന്നെയും കാട്ടിലുറക്കിക്കിടത്തി നീ,യെന്നുടെ വസ്ത്രത്തിലർദ്ധം മുറിച്ചു കൊണ്ട് അന്തർധാനം ചെയ്ത’തായി വിവരിക്കുന്ന ഏതാനും വരികളുണ്ടല്ലോ നളചരിതത്തിൽ. ആ വരികൾ ഓർമ്മിക്കുമാറു് എന്റെ അന്വഷണം തുടർന്നുകൊണ്ടിരുന്നു. ഇതിനിടയിൽ എന്റെ ഏക സഹോദരി അന്വേഷിച്ചാൽ കണ്ടെത്താത്ത സ്ഥലത്തേക്കു യാത്രപറഞ്ഞു പിരിയുകയും ചെയ്തു. പതുക്കെപതുക്കെ ഏകാന്തതയിലേക്കുള്ള ചുവടുവെപ്പ്; അല്ലേ? സന്ന്യാസിമാർ പറയും പോലെ അതിലും കാണുമായിരിക്കും ഒരു സുഖം. ഒരിക്കലും ശുഭപ്രതീക്ഷ കൈമോശം വരരുതല്ലോ. എന്റെ വയസ്സെണ്ണി നോക്കുമ്പോൾ തൃശ്ശൂരിലെ ജ്യേഷ്ഠത്തിയുടെ വാർത്തയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പു് അർത്ഥശൂന്യമാവുന്നു.

‘പത്രാതുരത്വ’മാണല്ലോ പറഞ്ഞു വന്നത്. ഞാൻ മാതൃഭൂമിയിലേക്കു തന്നെ മടങ്ങട്ടെ. അന്നു് പത്രപ്രവർത്തനത്തിനു് മഹാത്യാഗമെന്നുകൂടി പേരുണ്ടായിരുന്നു. ‘മാതൃഭൂമി’യുടെ നടത്തിപ്പിന്റെ കാര്യത്തിൽ പ്രത്യേകിച്ചും. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടു പൊരുതണം. അയിത്തത്തിന്റെപേരിലും അസമത്വത്തിന്റെ പേരിലും വാശിപിടിക്കുന്ന യാഥാസ്ഥിതികത്വത്തോടു് തളരാതെ അങ്കംവെട്ടണം. എല്ലാറ്റിനും പുറമെ പത്രപാരായണം ഒരു ശീലമാക്കീട്ടില്ലാത്ത ജനതയ്ക്കിടയിൽ ശക്തിയായ പ്രചാരവേല നടത്തണം. അതിലൂടെ വരിക്കാരെ ഉണ്ടാക്കണം. പത്രത്തിനും സാമ്പത്തിക സ്ഥിരത കൈവരുത്തണം. സാമ്പത്തികസ്ഥിരതയെപ്പറ്റി പറയുമ്പോൾ, അക്കാലത്തു പറഞ്ഞു കേട്ടൊരു കഥ ഓർമ്മവരുന്നു:

ശ്രീ രാവുണ്ണി മേനോനും കേളപ്പജിയും ടി. പി. സി. കിടാവും ചേർന്നു് പത്രം നടത്തുന്ന കാലം. സാമ്പത്തികനില വളരെ മോശമാണു്. വല്ലപ്പോഴും ഉദാരമതികളിൽനിന്നു വരിപ്പണം മണിയോർഡറായി വരും. ചുരുങ്ങിയ സംഖ്യയാണു് കടലാസ്, മഷി, അച്ചുനിരത്തുന്നവർക്കും അടിക്കുന്നവർക്കും പ്രതിഫലം—അങ്ങനെ ചെലവുകളേറെ. വരുമാനം തുച്ഛവും. ഒരു ഓണക്കാലത്താണു് കഥ നടക്കുന്നതു്. പൂരാടത്തിൻനാളിൽ. പിറ്റേന്നു് ഉത്രാടമാണ്, ആരുടെ കൈയിലും കാശില്ല.” കിടാവിനു് വീട്ടിലെത്താനുള്ള വണ്ടിക്കൂലി അന്നു് 6 അണ 3 പൈസ ആണു്. അതുപോലും കൈയിലില്ല. വീടെത്തിയാൽ ഓണം പിന്നെ ഒരു പ്രശ്നമല്ല. കേളപ്പജിക്കാവട്ടെ ഇത്തരം കാര്യങ്ങളിൽ ഒരു നോട്ടവുമില്ല. ഓണവും തിരുവാതിരയുമൊക്ക സമം. രാജ്യസേവനമാണു് ആഘോഷം. അങ്ങനെയിരിക്കുമ്പോൾ, ഒരു മൂന്നു രൂപ മണിയോർഡർ വരുന്നു. ആയ്! ഓണംതന്നെ തിരുവോണം! മൂന്നുപേരും ചേർന്നു് അതു വീതിച്ചെടുക്കുന്നു. ഒരു രൂപ രാവുണ്ണി മേനോനു്, ഒരു രൂപ കിടാവിനു്, ഒരു രൂപ കേളപ്പജിക്കും. മി. കിടാവു് റെയിൽവേ സ്റ്റേഷനിലേക്കും ശ്രീ രാവുണ്ണി മേനോൻ വീട്ടിലേക്കും നടന്നു. അല്പം കഴിഞ്ഞു് കേളപ്പജി ഒരു രൂപയും കൈയിൽവെച്ചു് അതിസമ്പന്നനായി നിരത്തിലിറങ്ങുന്നു. അപ്പോൾ കാണാം അകലെനിന്നു് ‘എ. കെ. ജി.’ ബദ്ധപ്പെട്ടു വരുന്നു. അടുത്തെത്തുന്നതിനുമുമ്പുതന്നെ ‘എ. കെ. ജി.’ വിളിച്ചുപറയുന്നു:

”കേളപ്പേട്ടാ, വിശന്നിട്ടു വയ്യ. ഉച്ചയ്ക്കാഹാരം കഴിച്ചിട്ടില്ല.”

കേളപ്പജി അനിയന്റെ വാക്കിൽ ഒട്ടും പരിഭ്രമിച്ചില്ല. സമ്പന്നനാണല്ലോ. കൈയിൽ ഒരു രൂപയുണ്ടല്ലോ. അവിടെ, ആ വീഥിയിൽവെച്ച്: ഒരു രൂപ അദ്ദേഹം രണ്ടു പേർക്കായി വീതിച്ചു. സന്തോഷം. അന്നതൊക്കെ മതി; സംതൃപ്തിക്കു്. ഒരു പത്രസ്ഥാപനം അന്നത്തെ, ചുറ്റുപാടിൽ, പടുത്തുയർത്തിക്കൊണ്ടുവന്നു്, ജനങ്ങളിൽ ആതുരത്വം സൃഷ്ടിക്കാൻ ആരൊക്കെ ഏതൊക്കെ മട്ടിലുള്ള ത്യാഗം അനുഷ്ഠിച്ചിരിക്കണമെന്നു് ഈ കഥയിൽനിന്നു നമുക്കൂഹിക്കാൻ കഴിയും. ഇത്രയും ഓർക്കുമ്പോൾ മറ്റൊരു വിശിഷ്ട വ്യക്തിയാണെന്റെ മനസ്സിൽ വന്നു നിറയുന്നതു്. അന്നത്തെ മാനേജരായിരുന്ന ശ്രീ കൃഷ്ണൻ നായർ. ഉണ്ണാതെ, ഉറങ്ങാതെ ‘മാതൃഭൂമി’യുടെ ഉന്നതിക്കു വേണ്ടി പ്രയത്നിച്ച മഹാശയൻ. കാലത്തു് ഉച്ചഭക്ഷണവും സഞ്ചിയിലാക്കി, ഗോവിന്ദപുരത്തു നിന്നു നടന്നു് പുതിയ പാലം കടന്നു് റോബിൻസൺ റോഡിലുള്ള ആപ്പിസിലദ്ദേഹമെത്തുന്നു. മുക്കിലും മൂലയിലുമദ്ദേഹം ചെന്നെത്തുന്നു. ന്യൂനതകൾ കണ്ടെത്തുന്നു; പരിഹാരനടപടികൾ കൈക്കൊള്ളുന്നു.

മറ്റൊരു ചിന്തയില്ല. മറ്റൊരു പ്രവൃത്തിയില്ല. കുടുംബകാര്യങ്ങൾക്കു പോലും ദ്വിതീയ സ്ഥാനമേ അദ്ദേഹം നല്കിയിരുന്നുള്ളൂ. പരിചയക്കാർ ആരെ വഴിക്കുവെച്ചു കണ്ടാലും ചിരിക്കും. നല്ല ഒന്നാന്തരം നിറമുള്ള ചിരിയാണു്. പക്ഷേ, മാതൃഭൂമിയുടെ താല്പര്യത്തിനു വിരുദ്ധമായ ഒരു കാര്യവും അദ്ദേഹം പൊറുപ്പിക്കില്ല. അപ്പോൾ ആ ചിരിക്കു നിറമില്ല; കുറ്റത്തിനു മാപ്പില്ല. ഊണിലും ഉറക്കിലും ‘മാതൃഭൂമി’യെന്ന ഒരേ വിചാരം. സദാ മാതൃഭൂമിയുടെ ഉന്നതിക്കു വേണ്ടിയുള്ള പ്രവർത്തനം; അതായിരുന്നു ശ്രീ കൃഷ്ണൻനായർ. അദ്ദേഹത്തിന്റെ ചിരിക്കാണോ, അദ്ദേഹം ധരിക്കുന്ന തൂവെള്ള ഖദർവസ്ത്രത്തിനാണോ കൂടുതൽ വെണ്മയെന്നു് ഖണ്ഡിച്ചുപറയാൻ വയ്യ. അദ്ദേഹത്തോടൊപ്പം മാതൃഭൂമിക്കുവേണ്ടി മതിമറന്നു പ്രവത്തിക്കാൻ അതിപ്രഗല്ഭരായ ഏതാനും പ്രവർത്തകരുമന്നുണ്ടായിരുന്നു. ശ്രീ കെ. എ. ദാമോദര മേനോൻ, എം. കെ. രാജ, കുഞ്ഞപ്പേട്ടൻ, പി. കെ. രാമൻ, കെ. എം. ഉണ്ണികൃഷ്ണൻനായർ എന്നിങ്ങനെ പലരും.

ശ്രീ കെ. പി. കേശവനോനെ ഒഴിച്ചുനിർത്തി മാതൃഭൂമിയെപ്പറ്റി ചിന്തിക്കാൻ ആർക്കെങ്കിലും കഴിയുമോ? ശ്രീ കേശവമേനോനെ ഞാനറിയും, അദ്ദേഹത്തെ എനിക്കു പരിചയമുണ്ടു്, ഞാനദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ടു്, എനിക്കദ്ദേഹം കാപ്പി തന്നിട്ടുണ്ട് എന്നെല്ലാം പറയുന്നതും ഞാൻ എന്നെ വലുതാക്കലാണു്. ചുരുക്കത്തിൽ, ഞാനദ്ദേഹത്തെ നോക്കിക്കണ്ടതും അദ്ദേഹം എന്റെ പേരിൽ ചൊരിഞ്ഞ ദയാവാത്സല്യങ്ങളും ഒരു വല്യമ്മാവന്റെ നിലയിലായിരുന്നു. മാതൃഭൂമിയിൽവെച്ചു് ഞാനദ്ദേഹത്തെ പലവട്ടം കണ്ടിട്ടുണ്ടു്. പക്ഷേ, കാഴ്ചയില്ലാത്തതുകൊണ്ടു് ഒരിക്കലും അദ്ദേഹമെന്നെ കണ്ടിട്ടില്ല. ശബ്ദത്തിലൂടെ എന്നെ അദ്ദേഹത്തിനറിയാം. അങ്ങനെയിരിക്കുമ്പോഴാണു കണ്ണിനു ശസ്ത്രക്രിയ നടത്താൻ വേണ്ടി അദ്ദേഹം ലണ്ടനിലേക്കു പുറപ്പെട്ടതു്. മി. അബ്ദുള്ളയും അബ്ദുറഹിമാനും ചേർന്നു്, കേന്ദ്ര കലാസമിതിയുടെ ആഭിമുഖ്യത്തിൽ ഒരു യാത്രയയപ്പു നല്കണമെന്നഭിപ്രായപ്പെട്ടു. പിന്നെ താമസിച്ചില്ല. അദ്ദേഹത്തെ ചെന്നു കണ്ടു് അനുമതിക്കപേക്ഷിച്ചു. അദ്ദേഹം സന്തോഷത്തോടെ അനുമതി നല്കി. വിഭവ സമൃദ്ധമായ ഒരു യാത്രയയപ്പു സൽക്കാരത്തിനുശേഷം ഞങ്ങളദ്ദേഹത്തിനു് യാത്രാമംഗളം നേർന്നു.

കേവലം യാദൃച്ഛികമെന്നു പറയട്ടെ, ഒരു അത്യാവശ്യകാര്യം പ്രമാണിച്ചു് എനിക്കു മദിരാശിയിൽ പോകേണ്ടിവന്നു. സുഹൃത്തുക്കളുമൊത്തു് ഹോട്ടൽ മുറിയിൽ സംസാരിച്ചുകൊണ്ടിരിക്കെ ഒരാൾ പറഞ്ഞു, ശ്രീ കേശവമേനോൻ ശസ്ത്രക്രിയ കഴിഞ്ഞു. മദിരാശിയിൽ തിരിച്ചെത്തിയിട്ടുണ്ടെന്നു്. എവിടെയാണു് കാണാൻ സാധിക്കുകയെന്നന്വേഷിച്ചപ്പോൾ അമിഞ്ചിക്കരയിലുള്ള മാതൃഭൂമി ഓഫീസിലുണ്ടെന്നു മറുപടി കിട്ടി. ശസ്ത്രക്രിയയ്ക്കു ശേഷം കാഴ്ച തിരിച്ചുകിട്ടി ആരോഗ്യവാനായി മടങ്ങിയെത്തിയ അദ്ദേഹത്തെ കാണാനെനിക്കു തിടുക്കമായി. ഞാൻ മാതൃഭൂമി ആപ്പീസിലേക്കു ചെന്നു. അപ്പോൾ അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ കരുണാകരമേനോൻ അന്നത്തെ തപാലുരുപ്പടികൾ പൊട്ടിച്ചു് ആവശ്യമെന്നു തോന്നിയ കാര്യങ്ങൾ അദ്ദേഹത്തെ വായിച്ചു കേൾപ്പിക്കുകയായിരുന്നു. ഞാൻ ചെന്ന വിവരം ആരോ അദ്ദേഹത്തെ അറിയിച്ചു. ഉടനെ

അദ്ദേഹം സന്തോഷത്തോടെ വിളിക്കുന്നു:

“വരൂ, വരൂ, ഇങ്ങട്ടടുത്തു വരൂ; ശരിക്കൊന്നു കാണട്ടെ.”

ഞാൻ അടുത്തുചെന്നു. ദൈവമേ, അദ്ദേഹം ആദ്യമായി എന്നെ കാണുകയാണല്ലോ. എന്റെ ഹൃദയത്തുടിപ്പു വർദ്ധിച്ചു. അടുത്തു ചെന്ന എന്റെ തോളിൽ പിടിച്ചു് അദ്ദേഹം വാതിലിനു നേർക്കു മാറ്റിനിർത്തി. അവിടെ പടിഞ്ഞാറുനിന്നു് സൂര്യവെളിച്ചം ധാരാളമായി ഊർന്നുവീണിരുന്നു. ആ വെളിച്ചത്തിലദ്ദേഹം എന്നെ സൂക്ഷിച്ചു നോക്കി. അദ്ദേഹം എന്നെ കണ്ടോ? കാണാനിടയില്ല; രണ്ടേരണ്ടു കാരണം കൊണ്ടു്: ഒന്നു്, എനിക്കതിനു ഭാഗ്യമില്ല. മറ്റേതു്, ശസ്ത്രക്രിയകൊണ്ടു് ഗണ്യമായ ഗുണമൊന്നും അദ്ദേഹത്തിനു കിട്ടിയില്ലെന്നു പില്ക്കാലസംഭവങ്ങൾ തെളിയിച്ചതുകൊണ്ടു്. എന്തായാലും അന്നത്തെ ആ രംഗം എന്നിലുളവാക്കിയ അനുഭൂതി അവിസ്മരണീയം തന്നെ.

ഞാൻ നാടകവിഭാഗത്തിൽ പ്രൊഡ്യൂസറായിരുന്നപ്പോൾ ഒരു ദിവസം അദ്ദേഹമെന്നെ വിളിച്ചു് കാണണമെന്നാവശ്യപ്പെട്ടു. ഞാൻ ചെന്നു. അദ്ദേഹത്തിന്റെ മനസ്സിലപ്പോൾ പ്രക്ഷേപണത്തിനു വേണ്ടിയുള്ള ഒരു നാടകം രൂപപ്പെടുകയായിരുന്നു. ‘അസ്തമന’മെന്ന അദ്ദേഹത്തിന്റെ കഥാസമാഹാരത്തിൽനിന്നു് ഒരു കഥ തിരഞ്ഞടുത്തു വായിക്കാൻ പറഞ്ഞു. വായന കഴിഞ്ഞപ്പോൾ അതിന്റെ നാടകരൂപം വഴിക്കുവഴി അദ്ദേഹം വിവരിക്കുന്നു. അതൊക്കെ ഞാൻ പകർത്തുന്നു. പകർത്തിയതു വായിച്ചുകേൾപ്പിക്കുന്നു. ക്രമമായ തിരുത്തലുകൾ അപ്പപ്പോൾ നടക്കുന്നു. വീണ്ടും എഴുതുന്നു; വായിക്കുന്നു. അങ്ങനെ ആ വലിയ മനസ്സിൽനിന്നും ഒരു നാടകം ഉരുത്തിരിഞ്ഞു വരികയും എന്റെ തൂലികയതു കടലാസിൽ പകർത്തുകയും ചെയ്യുന്നു. എല്ലാം കഴിയുമ്പോൾ പ്രക്ഷേപണ കാര്യത്തിലും കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലുമുള്ള നിർദ്ദേശങ്ങൾകൂടി അദ്ദേഹം നല്കുന്നു. ആരൊക്കെ വേണമെന്ന കാര്യത്തിൽ അദ്ദേഹത്തിനു നിർബ്ബന്ധമുണ്ടു്. ആ പേരുകളൊക്കെ അദ്ദേഹം പറയും. പ്രക്ഷേപണത്തിനു് അവരെത്തന്നെ വിളിക്കണം. നിർബ്ബന്ധമാണു്. റിഹേഴ്സലിന്റെ ദിവസവും സമയവും മുൻകൂട്ടി അറിയിക്കണം. അറിയിച്ച ദിവസം കൃത്യസമയത്തു് അദ്ദേഹം സ്റ്റുഡിയോവിലെത്തും. റിഹേഴ്സൽ മുഴുവനും ക്ഷമയോടെ കേട്ടിരിക്കും, വേണ്ട നിർദ്ദേശങ്ങൾ തരും. അപ്പോഴൊക്കെ എന്തൊരാവേശമാണന്നോ അദ്ദേഹത്തിനു്! പ്രക്ഷേപണം കഴിഞ്ഞാൽ പിറ്റേദിവസം രാവിലെ വിളിക്കും. എന്നിട്ടു് ഒരു പ്രോത്സാഹനമെന്ന നിലയിൽ പറയും:

“നന്നായി കേട്ടോ. വളരെ നന്നായി.”

അപാരമായ സന്തോഷത്തോടെ ഞാനാ വാക്കുകൾ കേൾക്കും. അദ്ദേഹത്തോടുള്ള സ്നേഹവും ബഹുമാനവും കണക്കില്ലാതെ പെരുപ്പിക്കാനും ആ വലിയ മനസ്സിന്റെ ആഴമളക്കാനും ആ വാക്കുകളെന്നെ പ്രേരിപ്പിക്കും.

ഇതു പറഞ്ഞവസാനിപ്പിക്കാൻ തുടങ്ങുമ്പോൾ കട്ടയാട്ടു് കരുണാകരമേനോന്റെ സൈക്കിൾ ചക്രങ്ങൾ എന്റെ മനസ്സിൽ ഉരുളുകയാണു്. അന്നു മാതൃഭൂമിയുടെ പര്യായം പോലെയായിരുന്നു കരുണാകരമേനോൻ. ഏതാപ്പീസിലും എപ്പോഴും, കടന്നുചെല്ലാം. ഏതു വാർത്തയും ചോർത്തിയെടുക്കാം. കലക്ടർ സായ്പ് ഭരിക്കുന്ന ആപ്പീസിൽ ഖദർ ധാരികളെ കാണുന്നേടത്തുവെച്ചു തല്ലിച്ചതയ്ക്കുന്ന കാലത്തും സങ്കോചമെന്യേ കരുണാകരമേനോൻ കേറിച്ചെല്ലും. ആവശ്യമുള്ള കാര്യം അരിച്ചെടുക്കും. ഖദർവസ്ത്രം അദ്ദേഹത്തിന്റെ ജോലിക്കൊരിക്കലും തടസ്സമായിട്ടില്ല, ഏറെപ്പൊക്കമില്ലാത്ത കരുണാകരമേനോൻ സദാ പ്രസരിപ്പുകാരനായിരുന്നു. സൈക്കിളിൽ നിന്നു താഴത്തിറങ്ങിയാൽ ഇടവും വലവും തലവീശി, ധൃതിയിൽ സംസാരിച്ചു് ഏതു കുഴഞ്ഞ പ്രശ്നത്തിനും പരിഹാരം നിർദ്ദേശിച്ചു് ചിരിച്ചട്ടഹസിച്ചു കടന്നു പോകുന്ന സ്വഭാവമാണു്. മാതൃഭൂമി ആപ്പീസിനകത്തുള്ളവർക്കും പരിചയക്കാരായ ബഹുജനങ്ങൾക്കും എന്തൊക്കെ പ്രശ്നമുണ്ടോ അതൊക്കെ സന്തോഷത്തോടെ പരിഹരിക്കാൻ സദാ സന്നദ്ധനാണു്. അതുകൊണ്ടുതന്നെ വിശ്രമം അദ്ദേഹത്തെ വിട്ടുമാറിക്കഴിയുന്നു. കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട ദുഃഖമുണ്ടെങ്കിലും ആവേശത്തിനു് തളർച്ച ഒരിത്രപോലുമല്ലാത്ത ശ്രീ കരുണാകര മേനോൻ, എൺപതുകളെ പിന്നിട്ടെങ്കിലും പ്രായത്തെ അവഗണിച്ചു പരമസന്തോഷത്തോടെ ജീവിക്കുന്നു! ആയ കാലത്തു് എല്ലാം എന്തിനുവേണ്ടി സമർപ്പിച്ചുവോ? ആ സ്ഥാപനത്തിന്റെ, മാതൃഭൂമിയുടെ, പുരോഗതിക്കു കാതോർത്തു കഴിയുന്നു!

Colophon

Title: Arangu kāṇātta naṭan (ml: അരങ്ങു കാണാത്ത നടൻ).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Memoir, Thikkodiyan, തിക്കോടിയൻ, അരങ്ങു കാണാത്ത നടൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 11, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Archangel, an oil on canvas painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.