images/tkn-arangukanatha-cover.jpg
Archangel, an oil on canvas painting by Paul Klee (1879–1940).
തെയ്യന്റെ കുടിലിലെ കൂളികെട്ട്

അതൊരു കുംഭമാസത്തിലെ സായാഹ്നമായിരുന്നു. മകരക്കൊയ്ത്തു കഴിഞ്ഞ പാടം. നെൽത്തണ്ടുകൾ കുറ്റിത്താടിപോലെ പരന്നു കിടക്കുന്നു. ചവിട്ടുമ്പോൾ വിനയത്തോടെ ഒതുങ്ങിത്തരുന്ന ഭൂമിയിൽ അപ്പോഴും ഈർപ്പമുണ്ടായിരുന്നു. അകലാപ്പുഴയുടെ തീരത്തു്, പള്ളിക്കരഗ്രാമത്തിലെ ‘മടിയാരിത്താഴ’ വയലാണു് രംഗം. അവിടെ അനേകമാളുകൾ ഒരു ഉത്സവം കാണാനെന്നവിധം തടിച്ചുകൂടിയിരിക്കുന്നു. ‘നാലാംകണ്ട’ത്തിലെ ‘തെയ്യ’ന്റെ കുടിലിൽ കൂളികെട്ടു്. ഹരിജനങ്ങളുടെ കുടിലിൽ പതിവുള്ളൊരു ചടങ്ങാണു് കൂളികെട്ടു്. ആളുകളെ ആകർഷിക്കാനുള്ള മേന്മയൊന്നും അതിനില്ല. പക്ഷേ, ഇന്നു തെയ്യന്റെ കുടിലിലെ കൂളികെട്ടു പതിവില്ലാത്തവിധം ജനങ്ങളെ ആകർഷിച്ചിരിക്കുന്നു. കുടിലിനു ചുറ്റും വലിയ പന്തലുണ്ടു്. പന്തലിനകത്തു്, അടുത്തും അകലത്തുമുള്ള ഹരിജന കുടുംബങ്ങൾ എത്തിച്ചേർന്നിട്ടുണ്ടു്. എത്തിച്ചേർന്നവർക്കു വിഭവസമൃദ്ധമായ സദ്യ ഒരുങ്ങുകയാണു്. എരിശ്ശേരിയുടേയും പുളിശ്ശേരിയുടേയും പപ്പടം കാച്ചുന്നതിന്റേയും സുഖകരമായ ഗന്ധം കാറ്റിലൂടെ പരക്കാൻ തുടങ്ങുന്നു. ദേഹണ്ഡക്കാരുടെ വിളിയും തെളിയും മുഴങ്ങുന്നു. വിഭവങ്ങൾ പലതും പലവഴി വന്നു ചേരുന്നു.

സന്ധ്യ മയങ്ങിയപ്പോൾ നക്ഷത്രങ്ങൾക്കൊപ്പം തെയ്യന്റെ കുടിലിലും ചുറ്റിലും ഗ്യാസ് ലൈറ്റുകൾ കണ്മിഴിക്കുന്നു. ഡസൻ കണക്കിൽ രാവു പകലാവും വിധം വെളിച്ചം പരക്കുന്നു. പലവഴി കൈത്തോടുകൾപോലെ ജനം പാടത്തേക്കൊഴുകിവീഴുന്നു. മഹാത്ഭുതം കണ്ടു് ആൾക്കൂട്ടത്തിൽ വന്നുപെട്ട യാഥാസ്ഥിതികരുടെ നെറ്റി ചുളിയുന്നു.

“ഇതെല്ലാം ആ കേളപ്പൻനായരുടെ പണിയാ. തീണ്ടലും കുളിയുമില്ലാത്ത മനുഷ്യൻ.”

ഒരു കാർന്നോപ്പാടു കാർക്കിച്ചു തുപ്പി.

“തന്നെ—തന്നെ. അയാളീ നാടു മുടിക്കും.”

അടുത്തു നിന്ന ഒരു ‘നായരിൽശുദ്ധൻ’ ഏറ്റുപാടി. അതെ, പറഞ്ഞതു വിവരക്കേടാണെങ്കിലും അതിൽ സത്യമുണ്ടായിരുന്നു. പണി കേളപ്പൻനായരുടേതുതന്നെ. അദ്ദേഹത്തിന്റെ പേരിനു പിറകെയുണ്ടായിരുന്ന ’നായർവാൽ’ വെട്ടിക്കളഞ്ഞതു കാർണോപ്പാടന്മാർക്കറിയില്ലായിരുന്നു. കേളപ്പജിയുടെ മനുഷ്യസ്നേഹവും ആദർശുദ്ധിയും ജനസ്വാധീനവും കണ്ടറിയാനുള്ള ശേഷിയും അവർക്കില്ലായിരുന്നു. തെയ്യൻ കുടിലിലെ. കൂളികെട്ടു് ഒരു ചരിത്രസംഭവമാക്കിയതു കേളപ്പജിയുടെ കരുത്തും വാശിയുമായിരുന്നു. സംഭവത്തിന്റെ ചുരുക്കം ഇങ്ങനെയാണ്:

‘പുത്തലത്തും’, ‘മടിയാരി’യുമെന്ന രണ്ടു നായർതറവാടുകൾ. അന്നു ഹരിജനങ്ങളില്ല. ‘ചെറുമക്കളാ’ണു്. ‘ചെറുമക്കളെ’ തറവാട്ടുകാർ അടിമകളാക്കി വീതിച്ചെടുക്കുകയാണു പതിവ്. തറവാടിന്റെ കീഴിലുള്ള പാടത്തവർ എന്നും പണിയെടുത്തോളണം. എവിടെനിന്നെങ്കിലും ഒരു തുണ്ടം മുളയും നാലുമടൽ ഓലയും യാചിച്ചുവാങ്ങി പാടത്തുതന്നെ ഒരു കൂര കുത്തിമറച്ചുണ്ടാക്കി അവിടെ കഴിഞ്ഞോളണം. തറവാട്ടുവക ജോലിയില്ലെങ്കിൽ പട്ടിണി കിടന്നോളണം. മറ്റൊരാളുടെ ജോലിക്കു പോകാൻ പാടില്ല. അടിമയല്ലേ, സ്വന്തമായ താൽപര്യങ്ങൾ പാടുണ്ടോ? തല്ലിയാൽ കൊള്ളണം. കരയാൻ പാടില്ല. പാടത്തിന്റെ കരയ്ക്കു കയറി സഞ്ചരിച്ചുകൂടാ. തമ്പുരാക്കന്മാരെങ്ങാനും. അയിത്തമായാലോ! ‘തള്ള വാലാട്ടുമിടം പൂച്ചക്കുട്ടികൾക്കില്ലത്തിൻ പടിഞ്ഞാറ്റ നമ്പൂരിമടവാർക്കു’മെന്നു കേട്ടിട്ടില്ലേ? അതുപോലെ ചെറുമക്കളുടെ ലോകം ചളിപ്പാടം. അതിനപ്പുറം അവർക്കൊരു ലോകമില്ല. എന്തിനും തമ്പുരാന്റെ സമ്മതം വേണം. വിവാഹത്തിനായാലും പുളികുടിക്കായാലും ശവസംസ്കാരത്തിനായാലും കൂളികെട്ടിനായാലും തമ്പുരാനു വെറ്റിലയും പുകയിലയും വെച്ചു് അനുമതി വാങ്ങണം. ഈ വെറ്റില വെക്കലിന്റെ പേരിലാണു് ‘നാലാം കണ്ടത്തിലെ തെയ്യ’ന്റെ കാര്യത്തിലൊരു തർക്കമുണ്ടായതു്. വെറ്റില വെക്കേണ്ടതു് ‘മടിയാരി’യാണെന്നു് അവിടത്തെ തമ്പുരാൻ, അല്ലാ, ‘പുത്തലത്താണെ’ന്നു് അവിടത്തെ തമ്പുരാൻ. തെയ്യൻ വലഞ്ഞു. പുത്തലത്തെ കല്പനയ്ക്കാണു്, ശക്തി കൂടുതൽ. പക്ഷേ, മടിയാരി വിട്ടുകൊടുക്കാനൊരുക്കമില്ല. വാശി മൂത്തു. പാവപ്പെട്ട തെയ്യൻ നടുക്കു നിന്നാടി. ഒടുവിൽ മടിയാരിതമ്പുരാനുതന്നെ വെറ്റിലവെച്ചുകളയാമെന്നു തെയ്യൻ തീരുമാനമെടുക്കുന്നു. വെറ്റിലവെച്ചു കൂളികെട്ടിനു് അനുമതി വാങ്ങുന്നു. വാർത്ത കേട്ടു പുത്തലത്തെ തമ്പുരാനരിശം. നടക്കില്ലാ; എന്തുചെയ്തും കൂളികെട്ടു മുടക്കുമെന്നു തമ്പുരാൻ ശപഥം ചെയ്തു. പ്രാബല്യത്തിൽ അല്പം മുൻതൂക്കമുള്ളതു പുത്തലത്താണു്. അവിടത്തെ തമ്പുരാൻ വിചാരിച്ചാൽ എന്തും നടക്കും. തെയ്യന്റെ കുടിൽ കത്തിച്ചുകളയാനോ തെയ്യനെ തല്ലിക്കൊല്ലാനോ അദ്ദേഹം വിചാരിച്ചാൽ കഴിയും. ‘മടിയാരി’ മുട്ടുമടക്കാൻ തയ്യാറില്ല. സമാധാനരക്ഷയ്ക്കു വേണ്ടി തുക്ടിക്കും പോലീസിനുമൊക്കെ അപേക്ഷ കൊടുത്തു. അതെല്ലാം കൊടുത്തെങ്കിലും മാനം രക്ഷിക്കാൻ പറ്റുമെന്ന വിശ്വാസം തീരെ ഇല്ലാത്തതുകൊണ്ടു് അറ്റകൈയ്ക്കു കേളപ്പജിയുടെ സഹായം തേടാമെന്നുവെച്ചു. സഹായിക്കാൻ കേളപ്പജിക്കു വിരോധമില്ല. ഹരിജനങ്ങളുടെ കാര്യമല്ലേ, അതിന്റെ പേരിൽ യാഥാസ്ഥിതികരോടൊരു കൈനോക്കുന്നതും അവരെ തോല്പിക്കുന്നതും രസമുള്ള കാര്യമാണു്. അദ്ദേഹം ഒരു നിബന്ധന വെച്ചു. അയിത്തം ഉപേക്ഷിക്കണം. നിങ്ങളുടെ സ്കൂളിൽ ഹരിജൻ കുട്ടികളെ ചേർത്താൽ നിങ്ങൾ വഴക്കുണ്ടാക്കുകയും നിങ്ങളുടെ കുട്ടികളെ സ്കൂളിൽനിന്നും പിൻവലിക്കുകയും, അരുതു്. സമ്മതമാണെങ്കിൽ സഹായിക്കാം. അതായിരുന്നു കേളപ്പജിയുടെ നിബന്ധന. ഗത്യന്തരമില്ലാത്തതുകൊണ്ടു് അപേക്ഷകർ വഴങ്ങി.

ദ്രുതഗതിയിലാണു പിന്നെ കാര്യങ്ങൾ നീങ്ങിയതു്. ദേശത്തിനു പുറത്തുനിന്നു് ഹരിജനങ്ങളെ പലരേയും ക്ഷണിക്കാൻ തീരുമാനിച്ചു. അവരെ കൊണ്ടുവരാനും അവരുടെ ചെലവു വഹിക്കാനും തീരുമാനിച്ചു. അന്നു കേട്ടുകേൾവിപോലുമില്ലാത്ത സ്പോൺസർ സമ്പ്രദായമാണു് കേളപ്പജി അതിനു സീകരിച്ചതു്. ഇരിങ്ങൽനിന്നു കുറെയധികം ഹരിജനങ്ങളെ സംഘടിപ്പിച്ചയയ്ക്കാനുള്ള ഉത്തരവാദിത്വം അവിടത്തെ അധികാരിയെ ഏല്പിച്ചു. നല്ല ജനസ്വാധീനവും ഉൽപതിഷ്ണുത്വവുമുള്ള ആളായിരുന്നു അന്നത്തെ ഇരിങ്ങൽ അധികാരി. അതുപോല മേപ്പയ്യൂരിൽനിന്നു് ഹരിജനങ്ങളെ ഒരുക്കി അയയ്ക്കാനുള്ള ചുമതല കൂത്താളി അപ്പുക്കുട്ടി നമ്പ്യാരെ ഏല്പിച്ചു. പോലീസ് അധികാരികളെ കേളപ്പജിതന്നെ ചെന്നു നേരിൽക്കണ്ടു വിവരം ധരിപ്പിച്ചു. സംഗതി, ഗൗരവമുള്ളതാണെന്നും നിസ്സഹായരായ, ഹരിജനങ്ങളെ തല്ലാനും കൊല്ലാനും ഒരുങ്ങിയവരെ നിലയ്ക്കു നിർത്തേണ്ടതും പാവങ്ങളെ രക്ഷിക്കേണ്ടതും പോലീസിന്റെ ചുമതലയാണെന്നും ബോധ്യപ്പെടുത്തി.

ആഘോഷച്ചടങ്ങുകളെക്കുറിച്ചുള്ള ആലോചനയാണു പിന്നെ. പുറമെനിന്നു വരുന്ന ഹരിജനങ്ങൾക്കും അവരോടൊപ്പമുള്ള ‘തുടി’ക്കാർക്കും വിഭവസമൃദ്ധമായ സദ്യ കൊടുക്കണം. സദ്യവട്ടങ്ങളൊരുക്കാൻ ദേഹണ്ഡക്കാരായിട്ടു്, നായന്മാർതന്നെ വേണം. പരിപ്പു്, നെയ്യു്, വലിയ പപ്പടംതൊട്ടു് പാലടപ്രഥമൻവരെ ഒരിനവും ഒഴിച്ചു വിടാൻ പാടില്ല. സമ്പൂർണ്ണസദ്യയായിരിക്കണം. പിന്നെ കൂളികെട്ടു ദിവസം വൈകീട്ടു് ഒരു മഹാസമ്മേളനം ചേരണം. പ്രസംഗിക്കാൻ നേതാക്കന്മാരെ ക്ഷണിക്കണം. പന്തലിടണം, ഗ്യാസ് ലൈറ്റുകൾ വേണം. ‘മടിയാരി’ കാരണവർ ശ്രീ രൈരപ്പൻനായർ എന്തിനും തയ്യാർ. എന്തു ചെലവുചെയ്യാനും ഒരുക്കം. ഒരു ചാക്കു് അരിക്കു് നാലര രൂപ വിലയാണു് ഒരു തുലാം ശർക്കരയ്ക്ക് നാലു രൂപയും. അതു പോലെ മറ്റെല്ലാ വസ്തുക്കൾക്കും വിലക്കുറവു്. കൂളികെട്ടിനു ചെലവഴിച്ച സംഖ്യയുടെ വ്യക്തമായ കണക്കു്, കാരണവർ എഴുതി വെച്ചതു് ഇന്നും കേടുവരാതെ കിടപ്പുണ്ടു്, ഒരു ചരിത്ര രേഖയായി. കാര്യങ്ങളുടെ നടത്തിപ്പിനു മുൻനിന്നു പ്രവർത്തിക്കാൻ കേളപ്പജിയോടൊപ്പം ശ്രീ ഇ. സി. കുഞ്ഞിക്കണ്ണൻ നമ്പ്യാരും പി. ടി. കുഞ്ഞനന്തൻ നായരും ഉണ്ടായിരുന്നു. പിന്നെ ഒട്ടനേകം യുവജനങ്ങളും.

കൂളികെട്ടു ദിവസം പുലർന്നു. നാടുനീളെ കിംവദന്തികൾ പരന്നു. തെയ്യന്റെ കുടിൽ തീയെരിക്കും. തെയ്യനേയും കുടുംബത്തേയും തല്ലിക്കൊല്ലും. തടിമിടുക്കുള്ള പോക്കിരികൾ തയ്യാറെടുത്തു നില്പുണ്ടു്. ജനം അമ്പരന്നു. നേരം വൈകുന്തോറും അമ്പരപ്പിനു് ആക്കം കൂടി.

ഒരു വലിയ ലഹള നടക്കാൻ പോകുന്നു. കണ്ടാൽ വേണ്ടില്ലെന്നു എല്ലാവർക്കും മോഹം. പക്ഷേ, എങ്ങനെ പോകും? തല്ലു് കൂട്ടത്തല്ലായാലോ? സാരമില്ല. അകന്നു നില്ക്കാം. തല്ലു തുടങ്ങുമ്പോൾ ഓടി രക്ഷപ്പെടാം. സന്ധ്യയ്ക്കു മുമ്പു പോലീസുകാർ സ്ഥലത്തെത്തി, സമാധാന രക്ഷയുടെ പേരിൽ. സന്ധ്യയോടെ വിളക്കുകൾ തെളിഞ്ഞു. തെയ്യന്റെ ഭാഗ്യംപോലെ. കേളപ്പജിയുടെ നേതൃത്വത്തിൽ നേതാക്കന്മാർ വന്നു ചേർന്നു; ആശ്വാസത്തിന്റെ ഇളം കാറ്റുപോലെ. മന്നത്തു പദ്മനാഭൻ, സ്വാമി ആനന്ദതീർത്ഥൻ, ശ്രീ സി. കുട്ടൻനായർ, കേശവപുലയനാർ.

പന്തലിൽ സദ്യയുടെ ബഹളം. ബഹളം കഴിഞ്ഞു തുടികൾ ഗർജ്ജിച്ചു. ഒപ്പം യാഥാസ്ഥിതികരുടെ ഹൃദയമിടിപ്പും. സമ്മേളനത്തിന്റെ ആരംഭം. അനീതിക്കെതിരെ, അന്യായത്തിനെതിരെ, അസമത്വത്തിനെതിരെ, അയിത്തത്തിനെതിരെ. പുരാണേതിഹാസങ്ങളിൽ നിന്നും വേദോപനിഷത്തുകളിൽ നിന്നും ഉദ്ധരണികൾ നിരത്തിക്കൊണ്ട് വിസ്മയജനകമാം വിധം നേതാക്കന്മാർ പ്രസംഗിച്ചു. ആയിരക്കണക്കിനുള്ള ഗ്രാമീണർക്കു് അതൊരു പുതിയ അനുഭവമായിരുന്നു. രാത്രി വളരെ വൈകുവോളം ഈറൻപാടത്തു ചടഞ്ഞിരുന്നു ജനം പ്രസംഗങ്ങൾ ശ്രദ്ധിച്ചു. ഒന്നും സംഭവിച്ചില്ല. ലഹളയ്ക്കാരും വന്നില്ല, കൊല്ലും കൊലയും തീവെപ്പും നടന്നില്ല. എല്ലാം കഴിഞ്ഞു. ജനം ശാന്തരായി തിരിച്ചുപോകുമ്പോൾ അവരുടെ കാൽക്കീഴിൽ കിടന്നു് അയിത്തമെന്ന ദുരാചാരം പിടയുകയായിരുന്നു.

സാമി ആനന്ദതീർത്ഥൻ! ജീവിതകാലം മുഴുവനും അവശരും ആലംബഹീനരുമായ ജനങ്ങൾക്കുവേണ്ടി പ്രയത്നിച്ച മഹാനായ മനുഷ്യസ്നേഹി, കലാശാലയിൽ നിന്നു ഉന്നത ബിരുദം നേടി പുറത്തിറങ്ങി നേരെ നടന്നു ചെന്നതു് ജനമദ്ധ്യത്തിലേക്കാണു് എവിടെ ഗദ്ഗദമുയരുന്നോ അവിടെ ആശ്വസിപ്പിച്ചു തലോടാൻ സ്വാമിജിയുടെ കൈകളെത്തും. നഗ്നപാദനായി ഗ്രാമഗ്രാമാന്തരങ്ങളിൽ സഞ്ചരിച്ചു് അവശരുടെ കണ്ണീരൊപ്പിയും അവരുടെ കൈപിടിച്ചുയർത്തിയും കഴിയുന്ന കാലത്തൊരു ദിവസം അദ്ദേഹം ആ ഷോട്ടിൽ വന്നുചേരുന്നു. അയിത്തോച്ചാടന പ്രവർത്തനത്തോടൊപ്പം ഹിന്ദി പ്രചാരവും അദ്ദേഹത്തിന്റെ പരിപാടികളിലുൾപ്പെട്ടിരുന്നു. തൃക്കോട്ടൂർ ബോർഡ് സ്കൂളിൽ അദ്ദേഹം ഒരു ഹിന്ദി ക്ലാസ് ആരംഭിച്ചു. ഞങ്ങൾ കുറേപ്പേർ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. ഗാന്ധി-ഇർവിൻ സന്ധി കാലമായിരുന്നു അതു്. എവിടെനിന്നു വരുന്നെന്നറിയില്ല, എന്നും വൈകീട്ടു് കൃത്യമായി അദ്ദേഹം ക്ലാസ്സിലെത്തും. സൗമ്യമായ പെരുമാറ്റം. വളരെ പതിഞ്ഞ, മന്ത്രോച്ചാരണം പോലുള്ള സംസാരം. ശിഷ്യഗണത്തിൽ ഞാനൊരുത്തനേ കുട്ടിയായിരുന്നുള്ളു. മറ്റുള്ളവരൊക്കെ തികഞ്ഞ യുവാക്കൾ. അവർക്കിടയിൽ ആകാരം കൊണ്ട് സ്വാമിജി ഒരു എളിയ ശിഷ്യനെപ്പോലെ വർത്തിച്ചു. അങ്ങന ഹിന്ദിപഠനം മുറയ്ക്കു നടക്കുന്നതിനിടയിൽ ഒരു നാൾ സ്വാമിജി ക്ലാസ്സിലെത്തിയില്ല. ഏറെനേരം കാത്തിരുന്നു ഞങ്ങൾ പിരിഞ്ഞു. വരാൻ പറ്റില്ലെങ്കിൽ സ്വാമിജി മുൻകൂട്ടി വിവരമറിയിക്കുമായിരുന്നു. അത്രയ്ക്കുണ്ടു് കൃത്യനിഷ്ഠ. അന്നതുണ്ടായില്ല.

പിറ്റേന്നു രാവിലെയാണു വിവരമറിയുന്നതു്. അദ്ദേഹം കീഴുർ തെരുവിലുള്ള ഒരു ക്ഷേത്രത്തിൽ രണ്ടു ഹരിജൻ കുട്ടികളെയും കൂട്ടി ദർശനത്തിനു ചെന്നു. ക്ഷേത്രഭാരവാഹികൾക്കു സഹിച്ചില്ല. അവർ സാമിജിയെയും കുട്ടികളെയും പൊതിരെ തല്ലി. സ്വാമിജിയുടെ ജീവിതത്തിൽ അങ്ങനെ എത്രയെത്ര മർദ്ദനങ്ങൾ! എന്തൊക്കെ വിഷമങ്ങൾ അവസാനകാലംവരെ, സ്വാമിജി അനീതിക്കെതിരെ ശബ്ദമുയർത്തുകയും പടവെട്ടുകയും ചെയ്തു. മിക്കവാറും ഏകനായിത്തന്നെ. പിന്തുടരാനും സഹായിക്കാനും ആളുകളുണ്ടോ എന്നു് ഒരിക്കലും സ്വാമിജി തിരിഞ്ഞു നോക്കിയില്ല. “ത്യാഗമെന്നതേ നേട്ടം താഴ്മതാനഭ്യുന്നതി, യോഗവിത്തേവം ജയിക്കുന്നിതെൻ ഗുരുനാഥൻ.”

സ്വാമിജിയെ അവസാനമായി കാണുന്നതു് പയ്യന്നൂരിലെ ആശ്രമത്തിൽ വെച്ചാണു്. അസുഖം ബാധിച്ചു കിടപ്പാണെന്നറിഞ്ഞു കാണാൻ ചെന്നതായിരുന്നു. അദ്ദേഹം അകത്തു കിടക്കുകയായിരുന്നു. സന്ദർശകർ വന്ന വിവരമറിയിച്ചപ്പോൾ ഒട്ടും വയ്യെങ്കിലും അദ്ദേഹം പുറത്തേക്കു വന്നു. പരസഹായം കൂടാതെ നടക്കാൻ വളരെയധികം ക്ലേശിക്കുന്നതായി തോന്നി. ആളെ തിരിച്ചറിയാനുള്ള ശക്തിപോലും അദ്ദേഹത്തിനു നഷ്ടപ്പെട്ടിരുന്നു. ഞങ്ങൾ ഭക്തിപൂർവ്വം തൊഴുതു വിട വാങ്ങി. അതു് അവസാനക്കാഴ്ചയായിരുന്നു. തന്റെ സാന്നിദ്ധ്യമുള്ളേടത്തൊക്കെ ശാന്തിയുടെ, സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിച്ചു കൊണ്ടു്, താങ്ങും തണലുമില്ലാതെ കഷ്ടപ്പാടിന്റെ കൂരിരുളിൽ കഴിയുന്ന പാവങ്ങൾക്കു് ആശ്വാസത്തിന്റെ കൈത്തിരിവെളിച്ചം കാണിച്ചുകൊണ്ടു് ഈ മണ്ണിലൂടെ കടന്നുപോയ വലിയൊരു മനുഷ്യസ്നേഹി! എക്കാലത്തും ഓർക്കേണ്ടൊരു പേരു്: സ്വാമി ആനന്ദ തീർത്ഥൻ!

Colophon

Title: Arangu kāṇātta naṭan (ml: അരങ്ങു കാണാത്ത നടൻ).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Memoir, Thikkodiyan, തിക്കോടിയൻ, അരങ്ങു കാണാത്ത നടൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 11, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Archangel, an oil on canvas painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.