‘ഋഷിപ്രസാദം’—ശ്രീ കുട്ടികൃഷ്ണ മാരാരുടെ ഭവനം. ശങ്കിച്ചു ശങ്കിച്ചാണു് പടികയറിയതു്. ധർമ്മപത്നിയുടെ ദേഹവിയോഗത്തിൽ മനം നൊന്തു കഴിയുന്ന ശ്രീ മാരാരെ എങ്ങനെ സമീപിക്കണം; എന്തു പറയണമെന്ന വിചാരമായിരുന്നു എനിക്കു്, കാലൊച്ച കേൾപ്പിക്കാതെ വരാന്തയിൽ കയറി. ഉമ്മറവാതിലിനു നേർക്കു് അപ്പുറത്തുള്ള മുറിയിൽ, തുറന്നിട്ട ജാലകത്തിലൂടെ തെക്കോട്ടു നോക്കി നില്ക്കുകയാണദ്ദേഹം. മുറിയിൽ എന്റെ നിഴൽ വീണതു കണ്ടിട്ടോ എന്തോ അദ്ദേഹം തിരിഞ്ഞു നോക്കി. സാവകാശം എന്റെ സമീപത്തേക്കു വന്നു. വേദനയും ക്ഷീണവും. കരിവാളിപ്പുകയറിയ കൺതടം. നനവാർന്ന കൺപീലി. നിമിഷങ്ങളോളം ഒന്നും മിണ്ടാതെ എന്റെ മുഖത്തു തറപ്പിച്ചു നോക്കി അദ്ദേഹം നിന്നു. പിന്നെ, ആരോടെന്നില്ലാതെ തളർന്ന സ്വരത്തിൽ പറഞ്ഞു:
“വിശക്കുമ്പോൾ ഇവിടെ എല്ലാവരും ഭക്ഷണം കഴിക്കുക, ഒരാൾ മാത്രം ഒരു തുള്ളി വെള്ളം പോലും കഴിക്കാൻ വയ്യാതെ കിടക്കുക.”
അവസാനനാളുകളിൽ തന്റെ ജീവിതസർവ്വസ്വം അനുഭവിച്ച യാതനകളെക്കുറിച്ചു് ഓർക്കുകയായിരുന്നു അദ്ദേഹം. ആരേയും ഉദ്ദേശിച്ചല്ലാതെ, ആർക്കും കേൾക്കാൻവേണ്ടിയല്ലാതെ, അപ്പോൾ ചില വാക്കുകൾ രൂപംകൊള്ളുന്നുവെന്നു മാത്രം. ദീനതയുടെ മുഴുപ്പുള്ള ആ വാക്കുകൾ കേട്ടുകൊണ്ടു ഞാൻ മിണ്ടാതെ നിന്നു. എല്ലാം അറിയുന്ന, അറിഞ്ഞ കാര്യങ്ങൾ മറ്റുള്ളവരെ ശക്തിയായ ഭാഷയിൽ പഠിപ്പിക്കുന്ന, അദ്ദേഹത്തെ ആശ്വസിപ്പിക്കാനും ഉപദേശിക്കാനും ഞാനാരു്? ആ രംഗം കഴിഞ്ഞിട്ടു കാലം കുറെയായെങ്കിലും അദ്ദേഹത്തെ കണ്ടതും പരിചയപ്പെട്ടതുമായ കാര്യങ്ങൾ ഞാനിപ്പോൾ ഓർത്തുപോവുകയാണു്. ഒരു അതൃപ്തിയോടെയാണു് തുടക്കം. മാതൃഭൂമി വിശേഷാൽ പ്രതിയിൽ ഒരു ലേഖനം പ്രത്യക്ഷപ്പെടുന്നു: ‘രാമന്റെ ഏകപത്നീവ്രതം.’ മാരാരുടെ പടം ആദ്യമായി കാണുന്നതു് ആ ലേഖനത്തോടൊപ്പമാണു് ലേഖനം എനിക്കിഷ്ടമായില്ല. അതു വായിച്ചതോടെ ആൾ അല്പം പിശകാണെന്ന തോന്നലുണ്ടായി. ചിലരോടൊക്കെ ഞാനതു പറയുകയും ചെയ്തു. കുറേ കഴിഞ്ഞു്, ഒരുദിവസം കുഞ്ഞപ്പേട്ടന്റെ വീട്ടിലിരുന്നു സംസാരിക്കുകയാണു്. ആരൊക്കെയോ വേറെയും ചിലരുണ്ടായിരുന്നു. അപ്പോൾ അവിടെ എങ്ങനെയെന്നോർക്കുന്നില്ലാ, മാരാർ സംസാരവിഷയമായി. ഇതുതന്നെ അവസരമെന്നു കരുതി ഞാനെന്റെ അഭിപ്രായം ഒരു വലിയ കണ്ടുപിടുത്തമെന്ന നിലയിൽ അവതരിപ്പിച്ചു. അല്പജ്ഞതയ്ക്കു് അങ്ങനെ ചില എടുത്തുചാട്ടമുണ്ടല്ലോ. ഉടനെ കുഞ്ഞപ്പേട്ടൻ എന്നെ വിലക്കി, മാരാരെപ്പറ്റി ഒരു ലഘുപ്രഭാഷണം നടത്തി. അത്ര ആവേശത്തോടുകൂടി ഒരു കാര്യവും കുഞ്ഞപ്പേട്ടൻ അതിനു മുമ്പോ പിമ്പോ പറഞ്ഞു ഞാൻ കേട്ടിട്ടില്ല. ഞാൻ കീഴടങ്ങി. അഭിപ്രായം മുഴുവനും മാറ്റി. പറഞ്ഞതു കുഞ്ഞപ്പേട്ടനാണല്ലോ, മാറ്റാതെ നിവൃത്തിയില്ല. ആരെയും കുറ്റപ്പെടുത്തി സംസാരിക്കുന്ന ആളല്ല കുഞ്ഞപ്പേട്ടൻ; അതുപോലെ അതിസ്തുതിയും അദ്ദേഹത്തിനു വശമല്ല.
അന്നുമുതൽ മാരാരെ കാണണം, പരിചയപ്പെടണമെന്ന മോഹം കലശലായി. അദ്ദേഹത്തിനു മാതൃഭൂമിയിലാണു ജോലിയെന്നറിയാം എങ്കിലും താമസസ്ഥലത്തു ചെന്നു കാണുന്നതാണു ഭംഗിയെന്നു കരുതി. അന്നു കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ കോഴിക്കോടു ബ്രാഞ്ചിലാണു് അദ്ദേഹം താമസിക്കുന്നതു്. ഒരുദിവസം വൈകീട്ടു് വൈദ്യശാലയിൽ ചെന്നു. അന്വേഷിച്ചു് കണ്ടെത്തി. സംസാരിച്ചുതുടങ്ങിയപ്പോൾ എന്റെ കാര്യങ്ങൾ പലതും അദ്ദേഹത്തിനറിയാമെന്നു മനസ്സിലായി.
“മകളെങ്ങനെയിരിക്കുന്നു; സുഖമല്ലേ?”
ഇടയിൽ അങ്ങനെയൊരു ചോദ്യം. ചോദ്യത്തിൽ സഹതാപത്തിന്റെ കലർപ്പുണ്ടായിരുന്നു. അന്നുമുതൽ ഞാനെത്ര പ്രാവശ്യം അദ്ദേഹത്തെ കണ്ടോ, അപ്പോഴൊക്ക ആ ചോദ്യം ആവർത്തിച്ചിരുന്നു. ഏറെയും നാട്ടുകാര്യങ്ങളാണെന്നോടു സംസാരിക്കുക. സാഹിത്യത്തെക്കുറിച്ചും നിരൂപണത്തെക്കുറിച്ചും മറ്റും എന്നെപ്പോലൊരുത്തനോടു സംസാരിക്കുന്നതു നിഷ്ഫലമാണെന്നദ്ദേഹം കരുതിയിരിക്കണം. അദ്ദേഹവുമായുള്ള പരിചയത്തിൽ സംഭവിച്ച ചില തമാശകളോർത്തു് ഞാനിപ്പഴും ചിരിക്കാറുണ്ടു്.
ഒരിക്കൽ ആര്യവൈദ്യശാലയിൽ ചെന്നപ്പോൾ അദ്ദേഹം നടക്കാനിറങ്ങിയിരിക്കുന്നു. ഒപ്പം ഞാനും കൂടി. വർത്തമാനം പറഞ്ഞു കൊണ്ടു കടപ്പുറത്തുകൂടി നടന്നു. സന്ധ്യയോടെ തിരിച്ചു മാനാഞ്ചിറ മൈതാനത്തിനടുത്തെത്തിയപ്പോൾ ചെറിയ തോതിലൊരു മഴ. ഒരു കുടയേയുള്ളു. രണ്ടുപേരും അതിന്റെ കീഴിൽ ഒട്ടിച്ചേർന്നു നടന്നു. അങ്ങനെ നടക്കുമ്പോൾ ഒരാഗ്രഹം ജനിച്ചു. അക്കാലത്തു ഞാൻ കുറെ കവിതകളെഴുതിയിരുന്നു. എല്ലാം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നതാണ്, അതെല്ലാം സമാഹരിച്ചു് ഒരു പുസ്തകരൂപത്തിലാക്കണമെന്ന മോഹം. ആ പ്രായത്തിൽ അങ്ങനെയൊരു മോഹം ജനിക്കുന്നതു വലിയൊരബദ്ധമൊന്നുമല്ലല്ലോ. അതുകൊണ്ടു് അതെല്ലാമൊന്നു വായിച്ചു തെറ്റു കുറ്റങ്ങളുണ്ടെങ്കിൽ തിരുത്തിത്തരാൻ അദ്ദേഹത്തോടപേക്ഷിച്ചാലെന്തെന്നു തോന്നി. തോന്നലിനൊപ്പം അതു വേണോ എന്നൊരു ശങ്കയും. ഏതായാലും അദ്ദേഹത്തോട് അപേക്ഷിക്കാമെന്നുതന്നെ തീരുമാനിച്ചു. ഞാൻ സംഗതി സാവകാശം വിവരിക്കാൻ തുടങ്ങി, മുഴുവൻ പറഞ്ഞു കേൾക്കാനുള്ള ക്ഷമ അദ്ദേഹത്തിനുണ്ടായില്ല. ഇടയിൽ കടന്നദ്ദേഹം പറയുന്നു:
“ഇല്ല; ഞാനാർക്കും അങ്ങനെ അവതാരികയൊന്നും എഴുതിക്കൊടുക്കാറില്ല.”
ഞാൻ തളർന്നോ? ഇല്ല. എനിക്കദ്ദേഹത്തോടു വൈരാഗ്യം തോന്നിയോ? ഇല്ല. അവതാരികയ്ക്കാവശ്യപ്പെട്ടെങ്കിൽ ഞാൻ തളരുകയും എനിക്കദ്ദേഹത്തോടു വൈരാഗ്യം തോന്നുകയും ചെയ്യുമായിരുന്നു. ഞാനും മനുഷ്യനല്ലേ? ഏതായാലും എന്റെ ആവശ്യം ഇന്നതായിരുന്നെന്നു് അവിടെ വെച്ചു തന്നെ ഞാൻ ധരിപ്പിക്കുകയുണ്ടായി. അതിനദ്ദേഹം വൈമനസ്യമൊന്നും പറഞ്ഞില്ല. പക്ഷേ, അതിനു വേണ്ടി എനിക്കദ്ദേഹത്തെ സമീപിക്കേണ്ടിവന്നില്ല. കാരണം, ഞാനാ കവിതകൾ സമാഹരിക്കുകയോ പുസ്തകരൂപത്തിൽ പ്രകാശനം ചെയ്യുകയോ ഉണ്ടായില്ല. ഞങ്ങൾ പിന്നെയും പഴയപടി പലവട്ടം കാണുകയും ഞാനെന്റെ സ്നേഹവും ആദരവും പ്രകടിപ്പിക്കുകയും അദ്ദേഹം എന്റെ പേരിലുള്ള സഹതാപം തേമാനം പറ്റാതെ സൂക്ഷിച്ചുപോരുന്നതായി സൂചിപ്പിക്കുകയും ചെയ്തുകൊണ്ടേയിരുന്നു.
ഒരു തമാശകൂടി പറയട്ടെ. ഇന്നു ‘മാലി’യെന്ന പേരിൽ അതിപ്രസിദ്ധനായ. ശ്രീ വി. മാധവൻനായർ, മദിരാശിയിൽ നിന്നു് ‘കേരളോദയം’ മാസിക പ്രസിദ്ധപ്പെടുത്തുന്ന കാലം. മാസികയിൽ കുട്ടികൃഷ്ണമാരാരും കുഞ്ഞപ്പേട്ടനും നിഷ്പക്ഷനിരൂപണത്തിന്റെ പേരിൽ ചെറിയൊരു ഉരസൽ നടന്നു. ഞാനതു വായിച്ചു് പത്രാധിപർക്കൊരു കുറിപ്പെഴുതി. എന്റെ പേരു വെച്ചില്ല. ‘പി. കെ. എൻ.’ എന്നു് കുറിപ്പിന്റെ ചുവടെ എഴുതിച്ചേർത്തു. അയയ്ക്കും മുമ്പു് ഞാനതു കുഞ്ഞപ്പേട്ടനെ കാണിച്ചിരുന്നു. മാരാർക്കു് അനുകൂലമാവാത്ത കുറിപ്പായതു കൊണ്ടു ഞാനദ്ദേഹത്തെ കാണിച്ചിരുന്നില്ല. അതു് അച്ചടിച്ചുവന്നു. ഏറെ നാൾ കഴിയും മുമ്പെ, മാതൃഭൂമിയിൽ ചെന്നു പലരേയും കാണുന്ന കൂട്ടത്തിൽ മാരാരേയും ചെന്നു കണ്ടു. ഒരു ഭാവഭേദവുമില്ല.
“മകളെങ്ങനെയിരിക്കുന്നു; സുഖല്ലേ?”
പതിവുചോദ്യം. പിന്നെ എന്നുമില്ലാത്ത വിധം ഒരു കവിതാശകലം, അതു ഞാൻ വ്യക്തമായി കേൾക്കണമെന്ന ഉദ്ദേശത്തോടു കൂടിത്തന്നെ ചൊല്ലുകയായിരുന്നു:
ക്കൊണ്ടാരു കഴുതയുണ്ടങ്ങാടിത്തെരുവിൽ.
ഉടനെ എനിക്കു സംഗതി പിടികിട്ടി. കേരളോദയത്തിലെ കുറിപ്പിനുള്ള മറുപടി. അദ്ദേഹത്തിന്റെ പദവിയിലുള്ളൊരാൾ എന്നെപ്പോലൊരുത്തനു് മറുപടി എഴുതുന്നതും പറയുന്നതും എത്ര മോശം! എന്നാലും തമ്മിൽ കണ്ടുമുട്ടിയ നിലയിൽ ഇതിരിക്കട്ടെ, കഴിവുണ്ടെങ്കിൽ മനസ്സിലാക്കു് എന്ന മട്ടിലാണു പ്രയോഗം. ദൈവാധീനമെന്നു പറയട്ടെ എനിക്കാ ഫലിതം മനസ്സിലായി. ഉറക്കെ ചിരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, പതുക്കെയും ചിരിച്ചില്ല. അദ്ദേഹത്തോട്ടു് അനാദരവു കാട്ടരുതല്ലോ. ഒരു കാര്യത്തിൽ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഈ പദ്യശകലത്തിന്റെ സംഗതി കുഞ്ഞപ്പേട്ടനോടു പറഞ്ഞില്ല; ഞാൻ കഴുതയായാലും കുഞ്ഞപ്പേട്ടൻ രജകനാവരുതല്ലോ.
ജീവിതം കോഴിക്കോട്ടേക്കു പറിച്ചുനട്ടതുകൊണ്ടു് ലാഭനഷ്ടങ്ങൾ പലതും നേരിട്ടു. രണ്ടും ഒരുമിച്ചു കൂട്ടി തട്ടിക്കിഴിച്ചുനോക്കുമ്പോൾ ലാഭം കൂടുതലാണെന്നു മനസ്സിലാക്കി ഞാനിപ്പോൾ സന്തോഷിക്കുകയാണു്. നല്ലവരായ പല മനുഷ്യരേയും കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം. ഈ സന്തോഷത്തിന്റെ തെളിച്ചത്തിൽ എന്റെ മുമ്പിലിപ്പോൾ പ്രത്യക്ഷപ്പെടുന്നതു് ‘പരശുരാമ’നാണു്. “ജനകന്റെ പങ്കിനൊരു പൂണുനൂലുമജ്ജനനിക്കു ചേർന്ന പടവില്ലുമായ്” വിന്ധ്യനപ്പുറത്തു നിന്നു് തെക്കോട്ടു നടന്നു്, സഹ്യാദ്രിയിൽ, പ്രവേശിച്ചു്, കേരളം വീണ്ടെടുത്ത പരശുരാമനല്ല. ഈ പരശുരാമനു് ജനകന്റെ പങ്കിൽ കൈവന്നതു് ഒരു തൂലികയാണു് അതുമായി, ‘വിന്ധ്യപ്രഭേദ മുനി’ തപിപ്പാനിറങ്ങിയ പോലെ, കേന്ദ്ര ഗവണ്മെന്റിലെ ഉന്നത പദിവിയിൽ നിന്നു വിരമിച്ച സാഹിത്യത്തിലെ ഒരു മുഴുവൻ സമയ തപസ്വിയാവാൻവേണ്ടി കോഴിക്കോട്ടു വന്ന തലശ്ശേരിക്കാരനാണു് ഈ പരശുരാമൻ. നർമ്മകഥകൾകൊണ്ടും നർമ്മലേഖനങ്ങൾ കൊണ്ടും ശാസ്ത്രവിഷയങ്ങളെ പ്രതിപാദിക്കുന്ന ഉപന്യാസങ്ങൾ കൊണ്ടും, വിനയമധുരമായ പെരുമാറ്റം കൊണ്ടും ജനഹൃദയം കവർന്നെടുത്ത ശ്രീ മൂർക്കോത്തു കുഞ്ഞപ്പയാണു് ഈ പരശുരാമനെന്നു് ഇനി ഞാൻ പറയേണ്ടതുണ്ടോ? ദൽഹിയിലെ ആകാശവാണി ഭവന്റെ വരാന്തയിൽ വെച്ചാണു് ഞാൻ ആദ്യമായി അദ്ദേഹത്തെ കാണുന്നതു്. ഭിത്തിയിലെ ചിത്രങ്ങൾ നോക്കിക്കൊണ്ടു് ഒരു ചെറിയ മനുഷ്യൻ നില്ക്കുന്നു. അപ്പോൾ എന്റെ കൂട്ടത്തിലുള്ള ആരോ ഒരാൾ പറഞ്ഞു: “അതാ കുഞ്ഞപ്പസ്സാർ, പരശുരാമൻ.” ഒന്നേ നോക്കിയുള്ളു. ഞാനെന്നോടു ചോദിച്ചു: “ഇതോ പരശുരാമൻ?” വിശ്വാസം വന്നില്ല. എന്റെ മനസ്സിലുള്ള പരശുരാമൻ മറ്റൊരാളായിരുന്നു. ഏതായാലും അന്നു് അവിടെവെച്ചു് എന്നെ ആരും അദ്ദേഹത്തിനു പരിചയപ്പെടുത്തിയതായി ഞാൻ ഓർക്കുന്നില്ല. കോഴിക്കോട്ടുവെച്ചാണു് ഞങ്ങൾ പരിചയപ്പെടുന്നതും അടുക്കുന്നതും. നമുക്കു വിയോജിക്കേണ്ടതായ ഒരംശവും അദ്ദേഹത്തിലില്ല. പല പല വേദികളിൽ ഞങ്ങളൊരുമിച്ചു് ജനദ്രോഹം നടത്തീട്ടുണ്ടു്. പ്രസംഗത്തിനു് അങ്ങനേയും ഒരു പര്യായമുണ്ടല്ലോ. അദ്ദേഹത്തോടൊപ്പമുള്ള യാത്രയാണു് ഏറെ രസകരം. എടുത്താലൊഴിയാത്ത നർമ്മകഥകളുടെ ഒരു മഹാഭണ്ഡാഗാരമാണു് കഞ്ഞപ്പസ്സാർ. കഥ പറച്ചിലിൽ മാത്രമല്ല, പ്രവൃത്തിയിലും ചിലപ്പോൾ അദ്ദേഹം നർമ്മം കലർത്താറുണ്ടു്.
ഒരു ദിവസം രാവിലെ എന്റെ വീട്ടുമുറ്റത്തൊരു കാറു വന്നു നില്ക്കുന്നു. ഞാൻ പരിഭ്രമിച്ചു. എവിടെയെങ്കിലും പ്രസംഗമേറ്റിട്ടുണ്ടോ? ഒന്നു് ഒളിക്കാൻ കൂടി അവസരം തന്നില്ല. ഡ്രൈവർ എന്നെ കണ്ടു കഴിഞ്ഞു. ആരായിരിക്കുമെന്ന ഉൽക്കണ്ഠയോടെ ഞാൻ നോക്കി നില്ക്കുന്നു. വാതിൽ തുറന്നു പുറത്തിറങ്ങിയതു കുഞ്ഞപ്പസ്സാറാണു്. ആശ്വാസമായി. അദ്ദേഹത്തെ സ്വീകരിക്കാൻ ഞാൻ മുന്നോട്ടു ചെന്നു.
“എന്താ സാർ?” ഉത്തരമില്ല.
”എന്താ വിശേഷം? ഒന്നു ഫോൺ ചെയ്താൽ മതിയായിരുന്നല്ലോ. ഞാനങ്ങോട്ടു വന്നു കാണില്ലേ?” അതിനും ഉത്തരമില്ല. മുഖത്തു വികാരമില്ല.
“എന്താവശ്യമായാലും എന്നെക്കൊണ്ടു സാധിക്കുന്നതാണങ്കിൽ ഞാൻ സാധിപ്പിക്കുമായിരുന്നല്ലോ. ഒന്നു വിളിച്ചു പാഞ്ഞാൽ പോരേ?”
“ഉം, നടക്കൂ” മറുപടി വരുന്നു. “അകത്തേക്കു നടക്കൂ.”
എനിക്കൊന്നും മനസ്സിലായില്ല. അദ്ദേഹം തുടർന്നു പറയുന്നു:
“അകത്തു ചെന്നു കട്ടിലിൽ കേറി കിടക്കൂ. അവിടെ വെച്ചു പറയാം.”
ഒന്നും മനസ്സിലാവാതെ ഞാൻ അകത്തേക്കു നടന്നു. പിറകെ അദ്ദേഹവും. അകത്തു കടന്നപ്പോൾ ചിരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു:
”ഞാൻ രോഗിയെ കാണാൻ വന്നതാണു് പുതച്ചു കിടന്നശേഷമല്ലേ കാര്യം പറയാൻ പറ്റൂ.”
ഒപ്പം ഞാനും ചിരിച്ചു. ഒരു ചെറിയ നുണ ഇത്രയും വലിയൊരു അമളിയിൽ എന്നെ കൊണ്ടു ചാടിക്കുമെന്നു ഞാൻ അതു പറയുമ്പോൾ ധരിച്ചില്ല. ഏതോ സമ്മേളനക്കാരോടു് എനിക്കു സുഖമില്ലെന്നു ഞാൻ പറഞ്ഞിട്ടുണ്ടാവും. പകരക്കാരെ തേടിനടക്കുന്ന കൂട്ടത്തിൽ അവരതെവിടെയെങ്കിലും വെച്ചു പൊട്ടിച്ചതാവും.
“ക്ഷമിക്കണം സാർ.”
“എന്തിനു്?”
“പ്രസംഗബോറിൽനിന്നു രക്ഷപ്പെടാൻ പറഞ്ഞാരു ചെറിയ നുണ.”
“സാരമില്ല.” അദ്ദേഹമിരുന്നു. കുറെ നേരമ്പോക്കു പറഞ്ഞു. ഇന്നും എൺപതു പിന്നിട്ട പ്രായത്തിലും ഒരു സ്കൂൾക്കുട്ടിയുടെ പ്രസരിപ്പോടെ അദ്ദേഹം കഴിയുന്നു; താനുമായി ബന്ധപ്പെടുന്നവരെ നർമ്മം കൊണ്ടു രസിപ്പിക്കുന്നു.
കുഞ്ഞപ്പസ്സാറിന്റെ വിനയമധുരമായ പെരുമാറ്റവും ഉത്സാഹവും മറ്റൊരു നല്ല മനുഷ്യനെ എന്റെ ഓർമ്മയിൽ കൊണ്ടുവരുന്നു: ശ്രീ എ. സി. ഗോവിന്ദൻ! റവന്യൂ ഡിപ്പാർട്ടുമെന്റിൽ താസിൽദാരായിരുന്നു പെൻഷൻപറ്റിയ അദ്ദേഹം എന്നും പുതിയറ റോഡിലൂടെ വൈകീട്ടു് നടക്കാനിറങ്ങും. വഴിയിൽ വെച്ചു കണ്ടുമുട്ടിയാൽ സന്തോഷിച്ചു ചിരിക്കും. മാനാഞ്ചിറ മൈതാനത്തിലെ മതിലിനരികിൽ എന്നും വൈകീട്ടു സമ്മേളിക്കുന്ന ഏതാനും പെൻഷൻകാരുണ്ടു്. അവരോടൊപ്പം ചേരാനുള്ള യാത്രയാണു്. ഇടയ്ക്ക് ആ യാത്രയിൽ എന്റെ വീട്ടിലും കയറും. കുറച്ചിരുന്നു വത്തമാനം പറയും. റവന്യൂ ഡിപ്പാർട്ട്മെന്റിലെ ജോലിഭാരവും, അതിനിടയിൽ സാഹിത്യപ്രവർത്തനങ്ങൾക്കു വേണ്ടി സമയം കണ്ടെത്താൻ പാട്ടുപാടുന്നതുമൊക്കെ സംഭാഷണത്തിൽ ഉൾപ്പെടും. ജോലിയിൽ പരമാവധി സത്യസന്ധത പുലർത്തിപ്പോന്ന ആളായിരുന്ന അദ്ദേഹം കുറച്ചേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടു്. വളരുംതലമുറയെ ലക്ഷ്യം വെച്ചുള്ള സൃഷ്ടികളായിരുന്നു അധികവും. ‘ജീവിത വിജയം’, ‘വിചാരവീഥി’, ‘സമ്പൽസമൃദ്ധി’, ‘വിദ്യാർത്ഥി’ തുടങ്ങിയവ അന്നു് വളരെയേറെ പ്രചാരത്തിലുള്ളവയായിരുന്നു. തന്റെ ജീവിതത്തിൽ അദ്ദേഹം പുലർത്തിപ്പോന്ന സ്ഥിരോത്സാഹം, കൃത്യനിഷ്ഠ, ധർമ്മബോധം, സത്യസന്ധത തുടങ്ങിയ സദ്ഭാവങ്ങൾ അദ്ദേഹത്തിന്റെ കൃതികളിലും കാണാമായിരുന്നു. വിശിഷ്ട വ്യക്തികളുടെ തൂലികാ ചിത്രമുൾക്കൊള്ളുന്ന ഒരു ഗ്രന്ഥവും കാണാനിടയായിട്ടുണ്ടു്. റവന്യൂവകുപ്പിലെ ഒരു മാതൃകാ ഉദ്യോഗസ്ഥനും കൂടിയായിരുന്നു ശ്രീ ഗോവിന്ദൻ.