സംഭവത്തിന്റെ തുടക്കം അഷ്ടഗ്രഹയോഗത്തിൽ നിന്നായിരുന്നു. പൊതുയോഗം, ദുര്യോഗം, കരയോഗമെന്നെല്ലാം പറഞ്ഞാൽ സാമാന്യജനങ്ങൾക്കു മനസ്സിലാകും. എന്നാൽ ഈ അഷ്ടഗ്രഹയോഗം പിടികിട്ടാവസ്തു തന്നെ. പല പുരികങ്ങളും ഉയർന്നു. അന്വേഷണം പലവഴി നടന്നു. അപ്പോൾ ദൈവജ്ഞന്മാരുടെ അരുളപ്പാടുണ്ടാവുന്നു: “ലോകാവസാനം!” അതാണു് അഷ്ടഗ്രഹയോഗത്തിന്റെ ഫലം. സർവ്വചരാചരങ്ങളോടും കൂടി ലോകം നശിക്കാൻ പോകുന്നു. അഷ്ടഗ്രഹങ്ങളൊത്തുകൂടി നാശത്തിനു കളമൊരുക്കുന്നു. ആർക്കു തടുക്കാൻ കഴിയും? മാധ്യമങ്ങളിൽ വിദഗ്ദ്ധാഭിപ്രായങ്ങൾ കുമിഞ്ഞു കൂടുന്നു. വിശ്വാസികൾ പ്രാർത്ഥനയിൽ അഭയം തേടുന്നു, അവിശ്വാസികൾ അന്ധവിശ്വാസമെന്നു് ഉറക്കെയുറക്കെ പറഞ്ഞു്. വിശ്വാസികളെ പരിഹസിക്കുന്നു. എങ്ങും ബഹളം. നാലാൾ ചേരുന്നേടത്തു് ചർച്ച. ഏറെ പേരാവുമ്പോൾ സിമ്പോസിയം. പിന്നെ നിവാരണഹോമം. അഖണ്ഡ നാമജപയജ്ഞം, ലാകാവസാനത്തിന്റെ കൃത്യമായ തീയതിയും നാഴിക-വിനാഴികയും ദൈവജ്ഞന്മാർ പറഞ്ഞു വെച്ചിരിക്കുന്നു. അവസാനത്തിന്റെ ആരംഭം കുറിക്കുന്ന വിനാഴികയിൽ കണ്ണുംനട്ടു് ശാസമടക്കിപ്പിടിച്ചു് ജനം തളർന്നിരിക്കുമ്പോൾ കോഴിക്കോടു പട്ടണം ചരിത്രം സൃഷ്ടിക്കുന്നു.
ഇന്നും ഓർത്തു ചിരിക്കാൻ വകനല്കുന്ന സംഭവം. തളിയിൽ അഷ്ടഗ്രഹനിവാരണയജ്ഞം നടക്കുന്നു. അങ്ങനെയെങ്കിലും നിവാരണ യജ്ഞത്തിലൂടെ ലോകം രക്ഷപ്പെടട്ടേയെന്നു് ജനം പ്രാത്ഥിക്കുന്നു. അപ്പോൾ മി. സി. സി. ഗോപിയുടെ പ്രഖ്യാപനം വരുന്നു: “നമുക്കൊരു അഷ്ടഗ്രഹസഫലീകരണയജ്ഞം’ നടത്തണം.” അതായിരുന്നു പ്രഖ്യാപനം. മി. ഗോപി സ്വാതന്ത്ര്യസമരഭടനായിരുന്നു. സത്യാഗ്രഹമനുഷ്ഠിക്കുകയും ജയിൽവാസം വരിക്കുകയും ചെയ്തിട്ടുണ്ടു്. അറിയപ്പെടുന്ന രാഷ്ട്രീയ സാമൂഹ്യപ്രവർത്തകനായിരുന്നു. അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും എതിരിടാൻ ഒരിക്കലും മടികാണിച്ചിട്ടില്ല. അക്കാര്യത്തിൽ തനിക്കു് അനുയായികളെ കിട്ടുമോ എന്ന ശങ്ക ഒരിക്കലും അദ്ദേഹത്തിനുണ്ടായിരുന്നില്ല. തനിച്ചുനിന്നും എതിരിടും. എന്നാൽ അഷ്ടഗ്രഹയോഗത്തോടെതിരിടാൻ ഏറെപ്പേരെ കിട്ടുന്നു. പ്രഖ്യാപനം നടത്തുമ്പോൾ അദ്ദേഹം പോലും വിചാരിച്ചിരിക്കില്ല. ഉടനെ അനുകൂലമായി പ്രതികരിച്ചതു് ശ്രീ പുതുക്കുടി ബാലകൃഷ്ണനായിരുന്നു. സേവനപാരമ്പര്യം വേണ്ടുവോളമുള്ള മനുഷ്യൻ. മതേതരത്വമെന്ന സിദ്ധാന്തം പ്രാബല്യത്തിൽ വരുന്നതിനെത്രയോ മുമ്പു തന്നെ മതം ഒന്നേയുള്ളു അതു് മനുഷ്യമതമാണെന്നു് അദ്ദേഹം തന്റെ പ്രവർത്തിയിലൂടെ തെളിയിച്ചിരിക്കുന്നു. ഒരുദാഹരണമിതാ: മൂത്ത മകന്റെ പേർ റഹീം, രണ്ടാമത്തവൻ ഫ്രഡ്രിക്, മൂന്നാമത്തേതു് സീതാരാമയ്യ. ദേശീയ പ്രസ്ഥാനവുമായി അടുത്ത ബന്ധം പുലർത്തിയ ആളാണദ്ദേഹം. കേരള പ്രദേശ് കോൺഗ്രസ്സിന്റെ മുഖപത്രമായ ‘സ്വതന്ത്രഭാരതം’ പൊലീസ് കൈയേറി അച്ചുകൂടം പിടിച്ചെടുത്തപ്പോൾ, പത്രത്തിന്റെ പ്രസിദ്ധീകരണ ചുമതല ഏറ്റെടുത്തതു്. പി. ബാലകൃഷ്ണനായിരുന്നു. പലകാലം കല്ലച്ചിൽ അടിച്ചു് പത്രം വിതരണം ചെയ്യാനദ്ദേഹത്തിനു കഴിഞ്ഞു.
അന്ധവിശ്വാസത്തിനെതിരെ മുന്നിട്ടിറങ്ങിയ മി. ഗോപിക്കു് എല്ലാവിധ സഹായവും നല്കാൻ മി. ബാലകൃഷ്ണൻ സന്നദ്ധനായി. അറിയപ്പെടുന്നൊരു സാമൂഹ്യരാഷ്ട്രീയപ്രവർത്തകനായിരുന്ന ശ്രീ ഉണ്ണിമേനോന്റെ സഹായ വാഗ്ദാനം പിറകെ വന്നു. കോഴിക്കോട്ടു പട്ടണത്തിലെ മികച്ച ഫോട്ടോ സ്റ്റുഡിയോകളിൽ ഒന്നായ നാഷണൽ സ്റ്റഡിയോവിന്റെ ഉടമകൂടിയായിരുന്നു മി. മേനോൻ. ബഹുജനപ്രസ്ഥാനങ്ങൾക്കു് നിർലോഭമായി സാമ്പത്തികസഹായം ചെയ്യാൻ അദ്ദേഹം ഒരിക്കലും മടികാണിച്ചിട്ടില്ല. മി മേനോനോടൊപ്പം മറ്റൊരു സ്റ്റുഡിയോ ഉടമയായ ’നീനാ ബാലനും’ മി. ഗോപിയെ സഹായിക്കാനെത്തി. മി. ബാലനെ ഞാൻ ആദ്യമായി കാണുന്നതു് നൃത്ത വേദിയിലാണു്. അന്നു് നല്ലൊരു നർത്തകിയായിരുന്ന മഞ്ചേരി അന്നപൂർണ്ണയോടൊപ്പം രാധാകൃഷ്ണനൃത്തമാടിയ മി. ബാലന്റെ തിളക്കമാർന്ന വേഷ ഭംഗി ഇന്നും എന്റെ മനസ്സിലുണ്ടു്. അതിവിദഗ്ദ്ധനായ ഒരു ഫോട്ടോഗ്രാഫർ കൂടിയാണു് മി. ബാലൻ. എഴുപതു പിന്നിട്ട മി. ബാലനെ ഒരു ഗുസ്തിക്കാരന്റെ നിലയിലാണു് ഇന്നും ഇഷ്ടജനങ്ങൾ കാണുന്നത്. നാടക നടനും സിനിമാ നടനുമാണു് മി. ബാലൻ. സ്വന്തമായി ചില നല്ല നാടകങ്ങൾ അദ്ദേഹം സംവിധാനം ചെയ്ത് അവതരിപ്പിച്ചിട്ടുണ്ടു്. മി. ഗോപിയോടൊപ്പം ഈ ത്രിമൂർത്തികൾ ചേർന്നപ്പോൾ ‘അഷ്ടഗ്രഹയോഗ സഫലീകരണയജ്ഞ’ത്തിനു കൊഴുപ്പും മുഴുപ്പും.
യജ്ഞവേദി ടൗൺഹാൾ. യജ്വാവ് മി. നീനാ ബാലൻ. യാജയിതാവു്, അതായതു് യജ്ഞപുരോഹിതൻ മി. ഗോപി. യജ്ഞാംശം, എന്നുവെച്ചാൽ യജ്ഞത്തിനു് അവശ്യം വേണ്ടതു്. കുക്കുടഘൃതാന്നം. യജ്ഞമായതുകൊണ്ട്, അറിഞ്ഞു കൂടെങ്കിലും തെറ്റിച്ചായാലും സംസ്കൃതഭാഷ തന്നെ ഉപയോഗിക്കണമെന്നു എല്ലാവർക്കും നിർബ്ബന്ധമുണ്ടായിരുന്നു. ഇനി യജ്ഞത്തിന്റെ ചടങ്ങുകളാണു്. തളിയിൽ അഷ്ടഗ്രഹ നിവാരണ പൂജ നടക്കുന്ന കെട്ടിടത്തിനടുത്തുകൂടെ ഘോഷയാത്ര പുറപ്പെട്ടുവരണമെന്നു തീരുമാനിച്ചു. പക്ഷേ, പോലീസ് ഇടപെട്ടു് അതു് മുടക്കി. എങ്കിലും ഘോഷയാത്ര തളിയിൽ നിന്നു തന്നെയാണു പുറപ്പെട്ടതു്. യജ്ഞപുരോഹിതൻ–മി. ഗോപി—കാഷായ വസ്ത്രധാരിയാണു്. തുറന്ന ഒരു ബ്യൂക്ക് കാറിൽ യാത്ര പുറപ്പെടുന്നു. മാറി മാറി ഡ്രൈവ് ചെയ്യാൻ പുതുക്കുടി ബലകൃഷ്ണനും മി. അബ്ദുറഹിമാനും. ഇദ്ദേഹത്തെ മുമ്പു പലകുറി ഞാൻ പരിചയപ്പെടുത്തിയിട്ടുണ്ടു്—തയ്യാറുണ്ടു്. യജ്ഞ പുരോഹിതനെ, ചാമരം വീശാനും രണ്ടുപേർ പുറകിലുണ്ടു്. ബ്യൂക്ക് സാവകാശം മുന്നോട്ടു നീങ്ങുന്നു. റോഡിനിരുവശത്തുമുള്ളവർ, കാഴ്ചകണ്ടന്തംവിടുന്നു. എന്താണു ഭാവമെന്നറിയാതെ ചിലർ കൈകൂപ്പുന്നു. പുരോഹിതൻ, സമഭാവനയോടെ, ആർക്കു വേണമെങ്കിലും സ്വീകരിക്കാമെന്ന മട്ടിൽ; കൈയുയർത്തി എല്ലാവരെയും സമൃദ്ധമായി, ആശീർവദിക്കുന്നു. വഴിനീളെ ജനങ്ങളിൽ ജിജ്ഞാസ വളർത്തിയും അമ്പരപ്പു വരുത്തിയും വീഥികളിലൂടെ ഘോഷയാത്ര മന്ദം മന്ദം സഞ്ചരിച്ചു് ടൗൺ ഹാൾ പരിസരത്തുമ്പോൾ അവിടം ജനസമുദ്രമായിക്കഴിഞ്ഞിരുന്നു. സായംസന്ധ്യ ഹോമകുണ്ഡമൊരുക്കുകയായിരുന്നു. നക്ഷത്രങ്ങൾ കർപ്പൂരം കത്തിക്കുകയായിരുന്നു. മാനാഞ്ചിറയിലെ കൊച്ചോളങ്ങൾ പതുക്കെപ്പതുക്കെ ഏതോ മന്ത്രമുരുക്കഴിക്കുകയായിരുന്നു.
ടൗൺഹാളിനകത്തും പുറത്തും നിരത്തിലും ജനം. അവർക്കിതൊരു പുതിയ അനുഭവമായിരുന്നു. നാട്ടിന്റെ നാനാഭാഗത്തും അഷ്ടഗ്രഹ യോഗ നിവാരണ യജ്ഞങ്ങൾ നടക്കുമ്പോൾ, ഇവിടെയിതാ ഒരു സഫലീകരണ യജ്ഞം. യജ്ഞ പുരോഹിതൻ വേദിയിൽ ആസനസ്ഥനാവുന്നു. ഓ! ഒരു കാര്യം വിട്ടു പോയി. ഘോഷയാത്ര വന്നുചേരും മുമ്പുതന്നെ നിവേദ്യം സ്ഥലത്തെത്തിക്കഴിഞ്ഞിരുന്നു: കോഴിബിരിയാണി. തെറ്റ്, അങ്ങനെ പറയാൻ പാടില്ലെന്നു വിലക്കുണ്ടു്. കുക്കുട ഘൃതാന്നം. നിവേദ്യമെന്നാക്കെ പറയുമ്പോൾ അതിന്റെ ഗൗരവം നഷ്ടപ്പെടുന്നു. മി. പുതുക്കുടി ബാലകൃഷ്ണന്റെ വീട്ടിൽനിന്നു് ആയിരത്തഞ്ഞൂറു ഭക്ത ജനങ്ങൾക്കു കൊടുക്കാനുള്ള കുക്കുടഘൃതാന്നം പാകം ചെയ്തു പൊതിയാക്കി കൊണ്ടു വന്നു വേദിയിൽ വെച്ചിരുന്നു. അകത്തും പുറത്തുമുള്ള ജനം ശ്വാസമടക്കിപ്പിടിച്ചു ശ്രദ്ധിക്കുകയാണു് എന്താണു്, എങ്ങനെയാണു് യജ്ഞം? കളിതമാശയാണോ? അല്ല പരമഗൗരവം. തന്നെ. യജ്ഞപുരോഹിതന്റെ അനുവാദത്തോടെ യജ്ഞം ആരംഭിക്കുന്നു, അകലെ സദസ്യരുടെ ഇടയിൽ നിന്നുകൊണ്ടു് അവിടെ സംഭവിക്കുന്നതു മുഴുവനും കാണാനുള്ള സൗകര്യം എനിക്കുണ്ടായില്ല. അങ്ങനെ നില്ക്കുമ്പാൾ, യജ്വാവിന്റെ—മി. നീനാ ബാലന്റെ—മന്ത്രോച്ചാരണം കേൾക്കുന്നു:
യൽകൃതം തൽസർവം
ബ്രഹ്മാർപ്പണം ഭവതു സ്വാഹാ
അസ്മൽ സ്വാമീനേ, തുഭ്യം
കുക്കുട ഘൃതാന്നനിവേദ്യം
സമർപ്പയാമി.
ചടങ്ങിന്റെ അവസാനം പ്രസാദവിതരണം. ആയിരത്തിയഞ്ഞൂറു കോഴിബിരിയാണിപ്പൊതി സദസ്യരടെ കൈയിലെത്തി. തദനന്തരം സമ്മേളനമാണു നടന്നതു്. വാഗ്ഭടാനന്ദഗുരുദേവരുടെ ശിഷ്യനായ ശ്രീ എം. ടി. കുമാരന്റെ ഉജ്ജ്വല പ്രസംഗം ഇന്നും ഓർമ്മയിലുണ്ടു്. പരിഹാസത്തിന്റെ മൂർച്ചയുള്ള വാക്കുകൾകൊണ്ട് അന്ധവിശ്വാസത്തെ അരിഞ്ഞരിഞ്ഞു തള്ളിയ ആ വാഗ്ധോരണിയിൽ മുങ്ങിപ്പോയ സദസ്സ് ഹർഷാരവങ്ങൾകൊണ്ട് ഇടയ്ക്കിടെ അഭിനന്ദനം രേഖപ്പെടുത്തിയിരുന്നു. അഷ്ടഗ്രഹയോഗവും ലോകാവസാനത്തെക്കുറിച്ചുള്ള ചിന്തയും മറന്നുകൊണ്ടവർ, ഏതോ മാസ്മരലോകത്തിലകപ്പെട്ടപോലെ, ചടങ്ങുകളുടെ അവസാനംവരെ ടൗൺഹാളിൽ ഇരിക്കുകയായിരുന്നു. ആരും പ്രതീക്ഷിക്കാത്ത വിജയം. അഷ്ടഗ്രഹസഫലീകരണ യജ്ഞത്തിന്റെ അഭൂതപൂർവമായ വിജയം ഒരളവോളം അന്ധവിശ്വാസത്തെ ക്ഷതപ്പെടുത്തിയെന്നു പറഞ്ഞാൽ തെറ്റാവില്ല.
അന്യമായ, അർത്ഥശൂന്യമായ, അപഹാസ്യമായ ഒരാചാരത്തെ കണക്കറ്റു കളിയാക്കിയ മറ്റൊരു സംഭവം കൂടി ഇവിടെ ഓർത്തു പോകുന്നു. അതിന്റെ വേദിയും ടൗൺ ഹാൾ തന്നെയായിരുന്നു. ‘യജ്ഞം’. അറുപതുകളുടെ ആരംഭകാലത്തായിരുന്നുവെങ്കിൽ ഇതു് എഴുപതുകളുടെ തുടക്കത്തിലായിരുന്നു, വലിയവർക്കുവേണ്ടി ഒരുക്കുന്ന കലാവിരുന്നുകളിലും സമ്മേളനങ്ങളിലും പങ്കു പറ്റാനർഹതയില്ലാത്ത, വാദ്യോപകരണങ്ങളുടെയും ചിലങ്കകളുടെയും ശബ്ദ മാധുര്യം അകന്നു നിന്നാസ്വദിക്കാൻ പോലും അവകാശമില്ലാത്ത, തെണ്ടികളായി മുദ്രകുത്തി തെരുവിലലയാനും യാചിച്ചു ജീവിക്കാനും വിട്ട, ഒരു വിഭാഗത്തെ ടൗൺഹാളിന്റെ വേദിയിൽ അണിനിരത്തി ആയിരങ്ങളെ സാക്ഷിയാക്കി നടത്തിയ വിരൂപറാണി മത്സരത്തിന്റെ കാര്യമാണിവിടെ ഓർത്തുപോകുന്നതു്. കേരള കൾച്ചറൽ സൊസൈറ്റിയാണു മത്സരം സംഘടിപ്പിച്ചതു്. സൊസൈറ്റിയുടെ ജീവനാഡിയായിരുന്ന ശ്രീ കെ. സി. കെ. നമ്പ്യാരും സാമൂഹ്യ-സാംസ്കാരിക കാര്യങ്ങളിൽ അതീവ താൽപര്യം പ്രദർശിപ്പിച്ചുപോരുന്ന ശ്രീ കെ. എൻ. രാമദാസൻ വൈദ്യരുമായിരുന്നു മത്സരം സംഘടിപ്പിച്ചതും അതിന്നു വേണ്ടി പ്രയത്നിച്ചതും. മറ്റു സമ്മേളനങ്ങൾക്കുള്ള പോലെ വമ്പിച്ച പ്രസിദ്ധീകരണമോ പരിവേഷമോ ഒന്നും ഇല്ലാതിരുന്നിട്ടും മത്സരം കാണാനും അതു സംഘടിപ്പിച്ചവരെ അഭിനന്ദിക്കാനും ആയിരക്കണക്കിനാളുകളാണു വന്നചേർന്നത്. ടൗൺഹാളിലും പരിസരത്തും നിറയെ ജനങ്ങളായിരുന്നു. വിരൂപറാണി മത്സരം! എന്തൊരു പരിഹാസം! സാമൂഹ്യപരിഷ്കരണത്തിൽ പരിഹാസത്തിന്നു വഹിക്കാൻ കഴിയുന്ന പങ്കു് നിസ്സാരമല്ലെന്നു് ആ മത്സരമന്നു തെളിയിക്കുകയുണ്ടായി.
കെ. സി. കെ. നമ്പ്യാരും നാഷണൽ ഉണ്ണിമേനോനും സി. സി. ഗോപിയും ശ്രി എം. ടി. കുമാരനും ഇന്നു നമ്മുടെ ഇടയിലില്ല. എങ്കിലും സമൂഹം ഇടയ്ക്കാക്കെ അവരെ ഓർക്കേണ്ടതല്ലേ? അല്ലാഞ്ഞാൽ അതൊരു വലിയ കൃതഘ്നതയാവില്ലേ?