മംഗളോദയവുമായി ബന്ധപ്പെടുന്നതു് അറുപതുകളുടെ ആദ്യവർഷത്തിലാണു് അന്നു മംഗളോദയം മാനേജർ മി. എം. സി. വാസുദേവനായിരുന്നു. വാസുദേവന്റെ ഒരു കത്തിലൂടെയാണു് തുടക്കം. പ്രസിദ്ധീകരണത്തിനുള്ള സൃഷ്ടി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കത്തു്. മറുപടി അയയ്ക്കാൻ അമാന്തിച്ചു. ഏറെ ദിവസം കഴിഞ്ഞില്ല, വാസുദേവൻ ആകാശവാണിയിൽ പ്രത്യക്ഷപ്പെടുന്നു. നല്ല ചെറുപ്പക്കാരൻ. വശ്യമായ ചിരി. സൗമ്യമായ പെരുമാറ്റം. എന്നെപ്പറ്റി കിട്ടാവുന്ന വിവരങ്ങളൊക്കെ ശേഖരിച്ചു കൊണ്ടാണു് വന്നതെന്നു് സംഭാഷണ വേളയിൽ മനസ്സിലായി. അലസനാണു്, അമാന്തക്കാരനാണു്. വാഗ്ദാനങ്ങൾ പാലിക്കുന്ന കാര്യത്തിൽ ഒട്ടും നിർബ്ബന്ധബുദ്ധി കാണിക്കാത്ത പുള്ളിയാണു്. ഒന്നും മറച്ചു വെക്കാതെ എല്ലാം മയത്തിൽ പറഞ്ഞു തീർത്തു് മി. വാസുദേവൻ ഒടുവിൽ കാതലായ പ്രശ്നത്തിലേക്കു കടന്നു:
“കൈയിലുള്ളതെല്ലാം എനിക്കു തരണം. എനിക്കല്ല, മംഗളോദയത്തിനു്. ഉടനെ പ്രസിദ്ധപ്പെടുത്താം. അഡ്വാൻസ് വല്ലതും വേണമെങ്കിൽ അതും തരാം.”
“ഒരു നാടകം തരാം.” ഞാൻ പറഞ്ഞു.
“പോരാ.”
“എങ്കിൽ രണ്ടെണ്ണം.”
“അതും പോരാ.”
മി. വാസുദേവനു വേണ്ടതു് ഒരു നോവലാണു് മാതൃഭൂമിയിൽ ആയിടെ വന്ന തുടരനാണു് അദ്ദേഹത്തിന്റെ മനസ്സിൽ. ‘ചുവന്ന കടൽ’. അതിന്റെ പേരിൽ ഞങ്ങളന്യോന്യം അല്പനേരം ഒളിച്ചുകളി നടത്തി. മി. വാസുദേവൻ വിടാൻ ഭാവമില്ല. ‘ചുവന്ന കടലും’ കൊണ്ടല്ലാതെ തിരിച്ചുപോവാൻ ഭാവമില്ലെന്നു് തുറന്നടിച്ചു പറഞ്ഞു ഞാൻ കീഴടങ്ങി. ആ കഴടങ്ങലിൽ എനിക്കല്പം വിഷമമുണ്ടായിരുന്നു. കറന്റ് ബുക്സിന്റെ ഉടമ മി. തോമസ് മുണ്ടശ്ശേരി ആ നോവൽ വേണമെന്നാവശ്യപ്പെട്ടിരുന്നു. കൊടുക്കാമെന്നു വാക്കു പറഞ്ഞില്ലെങ്കിലും കൊടുക്കണമെന്നുണ്ടായിരുന്നു. അതു നടക്കാഞ്ഞതിലുള്ള വിഷമമായിരുന്നു.
‘മംഗളോദയ’ത്തിന്റെ വക ആയിരം രൂപയ്ക്കൊരു ചെക്കു വരുന്നു. ബഹുസന്തോഷം. പക്ഷേ, ഇനിയൊരിക്കൽ കാണുമ്പോൾ തോമസ്സിനോടെന്തു പറയുമെന്ന ചിന്തയായിരുന്നു എനിക്കു്. താമസിയാതെ. ഞങ്ങൾ കാണുന്നു. ഒരു ഭാവഭേദവുമില്ല. പഴയ ചിരി, പെരുമാറ്റം, ബഹളം അതായിരുന്നു മി. തോമസ്. ബിസിനസ്സിന്റെ കണ്ണുകണ്ട മനുഷ്യൻ. ബ്രഹ്മാണ്ഡമിടിഞ്ഞു തലയിൽ വീഴാൻ പോകുന്നെന്നറിഞ്ഞാലും കുലുക്കമില്ല. താൻ നിശ്ചയിച്ചുറപ്പിച്ച വഴിയിലൂടെ അടിപതറാതെ പോകും. കറന്റ് ബുക്സും മംഗളോദയവുമായുള്ള ബന്ധം ഇടയ്ക്കിടെയുള്ള തൃശ്ശൂർ യാത്രയ്ക്കു കളമൊരുക്കിത്തന്നു. തൃശ്ശൂർക്കാണു് യാത്രയെങ്കിൽ എനിക്കു് മടിയില്ല. മറ്റെവിടെയ്ക്കായാലും ഞാൻ യാത്ര നീട്ടിവെക്കും. തരമുണ്ടെങ്കിൽ മുടക്കും. അക്കാലത്തു് മംഗളോദയത്തിൽ ചെലവഴിച്ച സായാഹ്നങ്ങൾ എന്നെ സംബന്ധിച്ചു് വില കൂടിയവയായിരുന്നു. മി. തോമസുമായുള്ള ബന്ധത്തിലൂടെ എനിക്കു വിശിഷ്ട വ്യക്തികൾ പലരേയും കാണാനും പരിചയപ്പെടാനും കഴിഞ്ഞു. ഇടയ്ക്കിടയ്ക്കുള്ള ഒത്തുചേരൽ, കൊച്ചുകൊച്ചു സമ്മേളനങ്ങൾ. ചിലപ്പോഴതു് തേക്കിൻ കാടു മൈതാനത്തിലെ ഒഴിഞ്ഞ ഏതെങ്കിലും മൂലയിലാവും. അല്ലെങ്കിൽ ഹോട്ടൽമുറിയിൽ. എല്ലാറ്റിലും നേതൃത്വം വഹിക്കുന്നതു്. മി. തോമസ് തന്നെ. പ്രസിദ്ധീകരണ വിഷയത്തിൽ ഒരുപാടു പദ്ധതികൾ അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. അതൊക്കെ വിവരിച്ചു കേൾക്കാൻ ബഹുരസമാണു്. ശാസ്ത്രീയമായ നിലയിൽ വിവരിക്കുന്ന സമ്പ്രദായമേയില്ല. നാടൻശൈലിയിൽ ഒരു വെട്ടു് തുണ്ടം രണ്ടെന്ന മട്ടിലാണു് ഏതു കാര്യവും വിവരിക്കുക. ഇതെല്ലാം ഓർക്കുമ്പോൾ മി. തോമസിന്റെ അഭാവം; പ്രസിദ്ധീകരണ മേഖലയിലും അദ്ദേഹത്തിന്റെ എണ്ണമറ്റ സുഹൃത്തുക്കളിലുമുണ്ടാക്കിത്തീർത്ത ഭീമമായ നഷ്ടം മനസ്സിനെ മഥിക്കുകയാണു്.
ഒരു അഞ്ചരമണിയോടെ മംഗളോദയത്തിൽ കയറിച്ചെന്നാൽ മുണ്ടശ്ശേരി മാഷ് അവിടെയുണ്ടാവും. നോക്കണേ, ബഹുമാനപ്പെട്ട മന്ത്രിയായിട്ടും, മഹാനായ പ്രൊഫസ്സറായിട്ടും അദ്ദേഹത്തെ ജനം മുണ്ടശ്ശേരി മാഷെന്നു വിളിക്കുന്നു. ഏറ്റവും സ്നേഹിക്കുന്നവരേയും ബഹുമാനിക്കുന്നവരെയും മാഷെന്നു വിളിക്കുന്നതു് മലയാളിയുടെ ഒരു സ്വഭാവമായി മാറിയിട്ടുണ്ടെന്നാണന്റെ വിശ്വാസം. മാഷുടെ മുമ്പിലെ മേശപ്പുറത്തു് എപ്പോഴും വെള്ളിച്ചെല്ലമുണ്ടാവും. അതിൽ മുറുക്കിന്റെ വട്ടങ്ങളാണു്. കരയും കുറിയുമില്ലാത്ത മുണ്ടു്. പഴയ മട്ടിൽ തൈപ്പിച്ചൊരു ഷർട്ടു്, തോളിൽ രണ്ടാം മുണ്ടു്. മാഷു്ടെ ഇരിപ്പു കണ്ടിട്ടു് എന്റെ ഗ്രാമത്തിലെ പഴയ നായർ പ്രഭുകുടുംബത്തിലെ ഒരു കാരണവരാണോ അതു് എന്നെനിക്കു തോന്നിപ്പോയിട്ടുണ്ടു്. സംസാരിക്കുമ്പോഴുള്ള അംഗചേഷ്ട പോലും എന്റെ തോന്നലിനു ബലം കൂട്ടീട്ടുണ്ടു്. കണ്ടാൽ ഉടനെ ചോദിക്കും:
“താനെപ്പ വന്നു?”
മറുപടി പറഞ്ഞാൽ പിന്നേയും ചോദ്യം:
“തന്റെ പി. സി. യും മറ്റും അവിടെയില്ലേ?”
അതിനും എന്റെ മറുപടി കിട്ടിയാൽ പിന്നെ കല്പനയാണു്:
“ഇരിക്ക്യാ.”
ഇരുന്നു കഴിഞ്ഞാൽ അദ്ദേഹം ചെല്ലപ്പെട്ടി തുറന്നു് മുറുക്കിനുള്ള ചട്ടവട്ടം ആരംഭിക്കുകയായി. അപ്പോൾ വർത്തമാനം പറഞ്ഞു കൊണ്ടേയിരിക്കും. വ്യക്തികളെപ്പറ്റി, പ്രസ്ഥാനങ്ങളെപ്പറ്റി. ചിലപ്പോൾ അതിനിശിതമായ വിമർശങ്ങളുണ്ടാവും. പുതുതായി പുറത്തിറങ്ങിയ ഗ്രന്ഥങ്ങളെക്കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങളും. പ്രശംസയായാലും നിശിത വിമർശനമായാലും കേട്ടിരിക്കാൻ കൗതുകമാണു് ശ്രോതാവിന്റെ യോജിപ്പും വിയോജിപ്പും ഇഷ്ടാനിഷ്ടങ്ങളും അദ്ദേഹത്തിനു പ്രശ്നമല്ല. തന്റെ അഭിപ്രായം, ആരോടും എവിടെവെച്ചും വെട്ടിത്തുറന്നു പറയും. സ്വകാര്യ സംഭാഷണത്തിൽ മാത്രമല്ല, പ്രസംഗവേദിയിൽ വെച്ചും ആ വാക്കുകൾ കേട്ടിരിക്കുകയെന്നതു് ഉൽകൃഷ്ടമായൊരനുഭവം തന്നെയാണു്. ചിലപ്പോൾ മംഗളോദയത്തിന്റെ ലഘു സദസ്സിൽ പ്രൊഫ. അരവിന്ദാക്ഷനും പ്രേംജിയുമൊക്കെ ഉണ്ടായിരിക്കും. ആ നല്ല നാളുകൾ അസ്തമിച്ചുപോയെങ്കിലും ആരാധക ഹൃദയങ്ങളിൽ ഒളിവീശുന്ന ഭാസുരനക്ഷത്രമായി മുണ്ടശ്ശേരി മാഷ് ഇന്നും ജീവിക്കുന്നു.
പ്രേംജിയെപ്പറ്റി പറഞ്ഞപ്പോൾ വർഷങ്ങൾക്കു പിറകിലേക്കുള്ള എന്റെ ഓർമ്മ ഓടിപ്പോവുകയാണു്. നമ്മളൊന്നെന്ന നാടകം. എന്തൊരതിശയകരമായ അഭിനയമായിരുന്നു അന്നാ നാടകത്തിൽ. അദ്ദേഹം കാഴ്ചവെച്ചത്. ഒരിക്കലും മറക്കാനാവില്ല. ‘ഋതുമതി’ രംഗത്തവതരിപ്പിച്ചു കാണാനുള്ള ഭാഗ്യമെനിക്കുണ്ടായിട്ടില്ല. പല തവണ ഞാനാ നാടകം വായിച്ചിട്ടുണ്ടു്. അപ്പോഴൊക്കെ കരഞ്ഞിട്ടുമുണ്ടു്. അദ്ദേഹത്തെ കാണും മുമ്പേ—പരിചയപ്പെടും മുമ്പേ—അദ്ദേഹത്തിന്റെ അതീവ സുന്ദരങ്ങളായ കവിതകൾ വായിച്ചും പഠിച്ചും ഞാൻ അദ്ദേഹത്തിന്റെ ആരാധകനായിക്കഴിഞ്ഞിരുന്നു. അദ്ദേഹത്തെ കണ്ടതും പരിചയപ്പെട്ടതുമായ സമയവും സ്ഥലവും കൃത്യമായി ഓർക്കാൻ കഴിയുന്നില്ല. എത്ര പഴയ സംഭവമാണതു്. അദ്ദേഹത്തോടടുക്കാൻ കഴിഞ്ഞ കാലം കൃത്യമായി പറയാൻ കഴിയും. അന്നു തൃശൂരിൽ ആകാശവാണി നിലയമില്ല. പ്രക്ഷേപണത്തിനു് കോഴിക്കോടു നിലയമാണു് അദ്ദേഹത്തെ ക്ഷണിക്കുക. ഏറെയും നാടകാഭിനയത്തിനാണു ക്ഷണം. ക്ഷണം ഒരിക്കലും നിരസിക്കാറില്ല. കൃത്യസമയത്തു വന്നുചേരും. റിഹേഴ്സലിന്നു് ഒരു വിദ്യാർത്ഥിയുടെ മട്ടിലാണു് പങ്കെടുക്കുക. താൻ എല്ലാവരേക്കാളും കീഴെയാണെന്നു പെരുമാറ്റത്തിലൂടെ സൂചിപ്പിക്കും. എന്തൊരു വിനയം! എന്തൊരു താഴ്മ! “ഔദാര്യമെത്രയും ഭീരുവാണുത്തുംഗ സൗധമേറില്ലതു വീഴ്ച ശങ്കിക്കയാൽ.” കവിവാക്യത്തിലെ ഈ ശങ്കയുണ്ടല്ലോ, അതെപ്പോഴും കൈമുതലായി സൂക്ഷിച്ചു പോരുന്നിൽ പ്രംജി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അക്കാലത്തെ അനുഭവങ്ങൾ ഒട്ടേറെ പറയാനുണ്ടു്. എങ്കിലും ഞാനുമായി ബന്ധപ്പെട്ട ഒരു കാര്യം മാത്രമിവിടെ കുറിക്കട്ടെ.
ഒരു നവംബർ മുപ്പതു്. അന്നാണല്ലോ വീരകേരളവർമ്മ പഴശ്ശി രാജ വീരസ്വർഗ്ഗം പ്രാപിച്ചതു്. ചരിത്രപുരുഷന്മാരുടെ ചരമദിനങ്ങൾ ആചരിക്കുക എന്നതു് ആകാശവാണി ഒരിക്കലും മുടക്കാറില്ല. അന്നത്തെ മുപ്പതിനു ചരമദിനാചരണത്തിന്റെ ചുമതല ഞാനേൽക്കേണ്ടിവന്നു. അതിലേക്കു് ഞാനൊരു നാടകം തയ്യാറാക്കി. ചരിത്ര സത്യവുമായി പൊരുത്തപ്പെടുമോ എന്നു് അന്വേഷിക്കാനോ പഠിക്കാനോ നേരമില്ലാത്തതുകൊണ്ടു തെറ്റും ശരിയും ഗൗനിക്കാതെ, പറഞ്ഞുകേട്ടൊരു സംഭവം ഞാനതിൽ ഉൾക്കൊള്ളിച്ചു. സംഭവം ഇങ്ങനെയാണ്; വീരകേരള വർമ്മ രാജാവിനു അരിവെപ്പുകാരനായി ഒരു ബ്രാഹ്മണനുണ്ടായിരുന്നെന്നും, വിശ്വസ്തനായ ആ ബ്രാഹ്മണന്റെ കൈയിൽ താൻ അതീവ പവിത്രമായി കരുതി ആരാധിച്ചുപോന്ന സാളഗ്രാമവും ദേവീദത്തമെന്നു സങ്കല്പിച്ചിരുന്ന ഉടവാളും അവസാന നാളുകളിൽ ഏല്പിച്ചുകൊടുത്തു് കോട്ടയത്തേക്കു് അയച്ചുവെന്നും മറ്റുമാണു് പറഞ്ഞു കേട്ടതു്. ബ്രാഹ്മണനെ ഞാൻ കഥാപാത്രമായി സ്വീകരിച്ചു. അപ്പോളൊരു കുഴപ്പം. രാജാവു് നമ്പൂതിരിയെ ഏതു വിധത്തിൽ സംബോധന ചെയ്യണം? എനിക്കു നിശ്ചയമില്ല. ചിലരോടൊക്കെ അന്വഷിച്ചെങ്കിലും തൃപ്തികരമായ മറുപടി കിട്ടിയില്ല. പിന്നെ ഒരു പോംവഴിയേയുള്ളു. ഇല്ലപ്പേരു കൊടുക്കുക. കറുത്തേടം, വെളത്തേടം എന്നൊക്കെ വിളിക്കുമ്പോലെ വിളിക്കുക. അതുകൊണ്ടും കുഴപ്പമവസാനിച്ചില്ല. നമ്പൂതിരി രാജാവിനെ എങ്ങനെ സംബോധന ചെയ്യും? തിരുമേനി എന്നു വിളിക്കാമോ? അവിടേയും സംശയം തന്നെ. സാരമില്ല. രാജാവല്ലെ, തിരുമേനി എന്നുതന്നെ വിളിക്കട്ടെ എന്നു തീരുമാനിച്ചു ഞാനതുപോലെ എഴുതിവെച്ചു.
എന്റെ ഓർമ്മ ശരിയാണെങ്കിൽ പഴശ്ശിരാജാവിന്റെ ഭാഗമഭിനയിക്കാൻ പ്രസിദ്ധ നടനായ ശ്രീ- അരവിന്ദാക്ഷമേനോനെയാണു് നിലയത്തിൽനിന്നു ക്ഷണിച്ചുവരുത്തിയതു്. നമ്പൂതിരിയുടെ ഭാഗത്തിനായി പ്രംജിയേയും. റിഹേഴ്സൽ ദിവസം സ്ക്രിപ്റ്റുമായി സ്റ്റുഡിയോവിലേക്കു കടന്നുചെല്ലുമ്പോൾ എനിക്കു പരിഭ്രമമുണ്ടായിരുന്നു. നാടകം വായിച്ചുനോക്കി പ്രേംജിക്കു് എന്തു തോന്നുമോ ആവോ? ഏതായാലും റിഹേഴ്സൽ തുടങ്ങും മുമ്പേ ഞാൻ പ്രേംജിയെ സമീപിച്ചു് തെല്ലൊരപരാധബോധത്തോടെ കാര്യങ്ങൾ വിവരിച്ചു: വലിയവരുടെ ജീവിത ക്രമങ്ങളോ സംഭാഷണ രീതിയോ എനിക്കു നിശ്ചയമില്ല; വങ്കത്തം വല്ലതും കണ്ടെങ്കിൽ ക്ഷമിക്കണം തിരുത്തണം. പ്രേംജി ഒന്നും പറയാതെ സ്ക്രിപ്റ്റ് വായിക്കാൻ തുടങ്ങി. വായിക്കുമ്പോൾ ഇടയ്ക്കിടെ അദ്ദേഹം കണ്ണു തുടയ്ക്കുന്നതു കാണാമായിരുന്നു. വായനയോടൊപ്പംതന്നെ ചില വെട്ടലും തിരുത്തലും വരുത്തുന്നതു കണ്ടപ്പോൾ എനിക്കാശ്വാസമായി. നമ്പൂതിരിയും പഴശ്ശിരാജായും തമ്മിലുള്ള സംഭാഷണം, അവിടെയും ഇവിടെയുമായി ചില തിരുത്തലുകൾ വരുത്തി അദ്ദേഹം പറഞ്ഞു:
“ഇതേ വേണ്ടൂ; ഇത്രമതി. നമ്പൂതിരിമാർ രാജാക്കന്മാരെ തിരുമേനി എന്നു വിളിക്കില്ല. വളരെ അത്യാവശ്യമെന്നു തോന്നുന്നിടത്തു ‘തിരുമനസ്സേ’ എന്നാവാം. അങ്ങനെ മാറ്റീട്ടുണ്ടു്.”
റിഹേഴ്സൽ കഴിഞ്ഞു് റിക്കാർഡിങ്ങിന്റെ സമയത്തു സത്യത്തിൽ പ്രേംജി കരഞ്ഞു. കൂടെ അഭിനയിക്കുന്നവർക്കും വല്ലാത്ത വിമ്മിട്ടം. ഞാനെഴുതിവെച്ച സംഭാഷണം അത്ര മികച്ചതൊന്നുമായിരുന്നില്ലെങ്കിലും ആ മുഹൂർത്തത്തിനൊരു പ്രത്യേകതയുണ്ടായിരുന്നു. അന്നു രാത്രിയോ പിറ്റേന്നു രാവിലെയോ അവസാനത്തെ ഏറ്റുമുട്ടലുണ്ടാവും. എല്ലാം അവസാനിക്കും. അതിനുമുമ്പേ, നമ്പൂതിരിയെ പറഞ്ഞുവിടുകയാണു്. നമ്പൂതിരിക്കു പോകാൻ മനസ്സില്ല. രാജാവിന്റെ മാറിലൊരുണ്ട വീഴുമ്പോൾ അതു പോലൊരെണ്ണം ഏറ്റുവാങ്ങാനുള്ള കരുത്തു തനിക്കുണ്ടെന്നും താൻ അത്രയ്ക്കു ഭീരുവല്ലെന്നും തെളിയിക്കാൻ നമ്പൂതിരി പരിശ്രമിക്കുന്നതും, ശുദ്ധനായ ഒരു ബ്രാഹ്മണന്റെ തന്റേടം കണ്ടു് രാജാവു്, അമ്പരക്കുന്നതുമായ മുഹൂർത്തമായിരുന്നു അതു്. അവിടെ രാജാവിന്റെ കണ്ണും നനയുന്നു; നമ്പൂതിരി വിങ്ങിപ്പൊട്ടുന്നു! പ്രേംജി ആ മുഹൂർത്തം തനിത്തങ്കത്തിലുരുക്കി വാർക്കുകയായിരുന്നു. ആ ഒരു അനർഘനിമിഷം, എന്റെ മനസ്സിലും അന്നു പ്രേംജി തിരുത്തിയ സ്ക്രിപ്റ്റ് എന്റെ അലമാറയിലും ഞാൻ ഭദ്രമായി ഇന്നും സൂക്ഷിച്ചുപോരുന്നു. എനിക്കു പ്രേംജി അന്നും ഇന്നും ആചാര്യസ്ഥാനീയനാണു്.
പറഞ്ഞു വന്നതു്, മംഗളോദയവും ചുവന്ന കടലും ആയിരം ഉറുപ്പികയുടെ ചെക്കുമായിരുന്നല്ലോ. അന്നു മംഗളോദയത്തിൽ മുദ്രണം ചെയ്യുന്ന എല്ലാ ഗ്രന്ഥങ്ങളും പ്രേംജിയുടെ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാവാറുണ്ടായിരുന്നു. അങ്ങനെ ’ചുവന്ന കടൽ’ പുറത്തിറങ്ങി. രേഖപ്പെടുത്താവുന്ന ഒരു സംഭവവും അതുകൊണ്ടുണ്ടായില്ല. പത്രങ്ങളിൽ നിരൂപണം വന്നോ? അറിഞ്ഞു കൂടാ. അന്വേഷിച്ചതുമില്ല. അങ്ങനെയിരിക്കുമ്പോൾ ഒരു കത്തു വരുന്നു. എനിക്കു വളരെ അപൂർവ്വമായേ കത്തു വരാറുള്ളു. കുറ്റം എന്റേതുതന്നെ. ഞാനാർക്കും എഴുതാറില്ല. അവിടെയാണു കുഴപ്പം. പ്രതീക്ഷിക്കാതിരിക്കുമ്പോൾ വന്ന ആ കത്തു് ഏതെന്നു നോക്കി. എറണാകുളത്തുനിന്നാണു് പ്രൊഫസർ എം. അച്യുതനാണു് എഴുതിയതു്. ഞങ്ങൾ അടുപ്പമുള്ളവരല്ല. തീരെ ശത്രുക്കളല്ലെന്ന പ്രത്യകതയേയുള്ളു. ആകാശവാണിയിൽ വെച്ചു് ഒന്നോ രണ്ടോ തവണ പി. സി. യോടൊപ്പം കണ്ടിട്ടുണ്ടു്. അത്രമാത്രം. കത്തു വായിച്ചപ്പോൾ അദ്ഭുതമാണു തോന്നിയതു്. അഹങ്കരിച്ചില്ല. പ്രൊഫസർ ചുവന്ന കടലിനെപ്പറ്റിയാണെഴുതിയതു്. നല്ല വാക്കുകൾ മാത്രം. പിന്നെ കുറച്ചു പ്രോത്സാഹനവും. ആദ്യത്തെ നോവലെഴുതിയവന്നു് അഹങ്കരിക്കാനതൊക്കെ പോരേ? അഹങ്കാരത്തിനു പകരം അദ്ഭുതമുണ്ടായതു് വെറുതെയല്ല. അടുത്തു വേണ്ടുവോളം പരിചയമില്ലാത്ത, ഒരിക്കലും സേവപറഞ്ഞു പിറകെ നടക്കാത്ത, നല്ല നാലുവാക്കു് എന്റെ പുസ്തകത്തെപ്പറ്റി എഴുതണേയെന്നപേക്ഷിക്കാത്ത, പരിചിതനെന്നുതന്നെ പറഞ്ഞാലും തെറ്റില്ലാത്ത ഒരാളുടെ സാഹിത്യസൃഷ്ടി വായിച്ചു, അതിനെപ്പറ്റി നല്ല രണ്ടുവാക്കു ചെലവഴിക്കുമെന്നു തീരുമാനിച്ച ഒരാളെപ്പറ്റി അദ്ഭുതപ്പെടാതെ പറ്റുമോ? ഇങ്ങനെയുമുണ്ടോ നിരൂപകരെന്നോർത്തുപോവില്ലേ? ഏതായാലും കഥകളെപ്പറ്റി, നോവലിനെപ്പറ്റി ആധികാരികമായി പറയാനുള്ള പണ്ഡിത്യവും അർഹതയുമുള്ള പ്രൊഫസറുടെ വാക്കുകളിലെ ആത്മാർത്ഥത എനിക്കൊരുജ്ജീവനൗഷധമായിരുന്നു.