ഏതോ ലക്ഷ്യത്തിലേക്കു് ഇഴഞ്ഞു നീങ്ങുന്ന ജീവിതം. അവിടവിടെ പ്രതിബന്ധങ്ങൾ. അവ തരണം ചെയ്യാനുള്ള തീവ്രശ്രമം. തളർച്ച. തരണം ചെയ്തു കഴിഞ്ഞാലുള്ള സംതൃപ്തി. പിന്നെയും മുമ്പോട്ടു്. ജീവിതത്തിൽ മടക്കയാത്രയെന്നൊന്നില്ലല്ലോ. അതുകൊണ്ടു്, വയ്യെങ്കിലും യാത്ര തുടരുകതന്നെ വേണം. അങ്ങനെ യാത്ര തുടരുമ്പോൾ എവിടെ നിന്നെന്നില്ലാതെ ഒരു തണുത്ത നീരുറവ, ജീവിതത്തിലേക്കു് ഒഴുകി വീഴുന്നു. തളർന്ന മനസ്സിനതു താരും തളിരുമർപ്പിക്കുന്നു. സത്യത്തിൽ പ്രൊഫ. അച്യുതന്റെ കത്തു് അങ്ങനെയുള്ളൊരു നീരുറവയായിരുന്നു. എന്നെപ്പോലൊരു അലസനല്ലായിരുന്നു ആ കത്തു കിട്ടിയതെങ്കിൽ, അതു വെച്ചുകൊണ്ടു തീവ്രപരിശ്രമം നടത്തി. ആരെങ്കിലുമൊക്കെ ആകുമായിരുന്നു. നേട്ടങ്ങൾ കൊയ്തെടുക്കുമായിരുന്നു. അതൊന്നും കഴിഞ്ഞില്ല. എന്റെ അലസത മാത്രമായിരുന്നോ അതിന്നു കാരണമെന്നു ഞാനിപ്പോൾ ആലോചിക്കുകയാണു്. അല്ല, തീർച്ചയായും അല്ല. വേണമെങ്കിൽ അതും ഒരു ചെറിയ കാരണമായിരുന്നെന്നേ പറഞ്ഞുകൂടൂ. ഏറ്റവും വലിയ കാരണം ആ കാലഘട്ടമായിരുന്നു. എന്തൊരു സമ്പന്നമായ കാലഘട്ടം. തകഴിച്ചേട്ടനും വർക്കിസ്സാറും കേശവദേവും തകർത്തെഴുതിക്കൊണ്ടിരിക്കുന്ന കാലം. അത്യാഗ്രഹത്തോടെ അതെല്ലാം വായിച്ചുകൂട്ടുന്ന കാലം. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകൾ പഞ്ചസാരപ്പായസം പോലെ ആസ്വദിച്ചു് രസിക്കുന്ന കാലം. എന്റെ അടുത്ത കസേരയിലിരിക്കുന്ന ഉറൂബിന്റെ സുന്ദരികളെയും സുന്ദരന്മാരെയും ആരാധിക്കുന്ന കാലം. അതോ പ്രേമിക്കുന്ന കാലമോ? സർവ്വോപരി പൊറ്റെക്കാടിന്റെ പൂത്തുലയുന്ന രാജമല്ലിയും നിശാഗന്ധിയും പ്രസരിപ്പിക്കുന്ന പരിമളം ആസ്വദിച്ചു സുഖിക്കുന്ന കാലം. ഈ കാലത്തു സൃഷ്ടിയുടെ ക്ലേശമനുഭവിക്കുന്നതെന്തിന്നു്? വേണ്ടുവോളം വിഭവങ്ങൾ മുമ്പിലുള്ളപ്പോൾ അതാസ്വദിച്ചു സുഖിക്കലല്ലേ നല്ലതെന്നു തോന്നിപ്പോയാൽ അതൊരു തെറ്റാണോ? ആ തോന്നൽ ഭീരുത്വത്തിന്റെ സന്തതിയല്ലേയെന്നു വല്ലവരുമിന്നു ചോദിച്ചാൽ ഞാനതു നിഷേധിക്കാൻ ഭാവമില്ല. ഭീരുത്വമെങ്കിൽ ഭീരുത്വം. ഞാൻ കിഴടങ്ങുന്നു.
ഇവിടന്നങ്ങോട്ടെനിക്കു് ഓർമ്മിക്കാനും പായാനുമുള്ളതു് കീഴടങ്ങലിന്റെ ചില കഥകളാണു്. അല്ലെങ്കിൽ എന്റെ കഥ മുഴുവനായും കീഴടങ്ങലിന്റെ കഥയല്ലേയെന്നു ഞാനിപ്പോൾ ശങ്കിക്കുകയാണു്. സ്നേഹത്തിന്റെ മുമ്പിലുള്ള കീഴടങ്ങൽ! ഇപ്പോൾ എന്റെ നേർക്കു ചീറ്റി വന്ന ദിവ്യായുധം ഒരു കത്താണു്. എഴിതയതു ശ്രീ നാഗവള്ളി. ആർ. എസ്. കുറുപ്പ്. ഉടനെ ഒരു നോവൽ വേണം. കൊല്ലത്തുനിന്നും ഒരു പ്രസിദ്ധീകരണശാലക്കാർ പത്തു നോവലുകൾ പുറത്തിറക്കുന്നു. അതിലൊരെണ്ണം എന്റേതാവണം. നിർബ്ബന്ധം. ദൈവമേ, ഇതെന്നോടു വേണോ? ഈ നോവലും താങ്കൾക്കുതന്നെ വേണമെങ്കിൽ എഴുതാൻ കഴിയുമല്ലോ? പിന്നെന്തിനെന്നെ വലയ്ക്കുന്നു? തുരുതുരെ നാഗവള്ളിയുടെ കല്പനകളാണു് തുടർന്നുണ്ടായതു്. ഞാൻ കീഴടങ്ങി. കത്തുകൾ പലതും വരുന്നു: ’നോവൽ. നോവൽ’. കൊല്ലത്തു നിന്നു ഫോൺ. പത്തു നോവലുകളുടെ ഉദ്ഘാടന മുഹൂർത്തം കുറിച്ചു കഴിഞ്ഞു. ഉടനെ വേണം. അല്ലെങ്കിൽ, സംഗതി വശക്കേടാവും. നോവൽ എനിക്കു വഴങ്ങില്ലെന്നു നന്നായറിഞ്ഞിട്ടും ഞാനെഴുതാൻ തുടങ്ങി. അല്ലാത പറ്റില്ലല്ലോ. നാഗവള്ളിയല്ലേ നിർബ്ബന്ധിക്കുന്നതു്! അങ്ങനെയിരിക്കുമ്പോൾ വരുന്നു നാഗവളളിയുടെ ഒരു സന്ദേശവാഹകൻ. അദ്ദേഹത്തിനു രാത്രിവണ്ടിക്കു തന്നെ തീരിച്ചുപോണം. നോവൽ കൈയോടെ കൊണ്ടുപോണം. ഞാൻ പറഞ്ഞു സംഗതി പാതിയേ തീർന്നിട്ടുള്ളു. അതെങ്കിലതു് ഉടനെ കൊണ്ടു പോയേ പറ്റൂ. സന്ദേശവാഹകൻ വിടുന്ന മട്ടില്ല. ഞാൻ കീഴടങ്ങി. പാതിയും വാരിക്കൂട്ടി അദ്ദേഹം റെയിൽവേ സ്റ്റേഷനിലേക്കു കുതിച്ചു. ശല്യമൊഴിവായെന്ന ആശ്വാസത്തോടെ, ഞാൻ ചെന്നു കിടന്നു. അന്നു സുഖമായി ഉറങ്ങുകയും ചെയ്തു.
പിറ്റേന്നത്തെ പ്രഭാതം പുതിയ സംഘർഷവുമായി പൊട്ടിവിടരുന്നു. മറ്റേ പാതിയെവിടെ? കാര്യം പരമ വഷളാണു്. എല്ലാവരും ഒരു പോലെ അപമാനിതരാവും. ആദ്യത്തെ പകുതി അടിച്ചുകഴിഞ്ഞു. അതു കേട്ടപ്പോൾ എനിക്കു ചിരി വന്നു. നേരിട്ടനുഭവമില്ലെങ്കിലും ‘രാമേശ്വരത്തെ ക്ഷൗര’മെന്നു ഞാൻ പറഞ്ഞു കേട്ടിട്ടുണ്ടു്. പാതി മാറ്റർ അച്ചടിച്ചു പുസ്തകരൂപത്തിലാക്കി, ‘പാതിക്ഷൗര’മെന്നോ രാമേശ്വരത്തെ ക്ഷൗരമെന്നോ പേരിട്ടു് പുറത്തിറക്കിയാലെന്തെന്നു വരെ എനിക്കു തോന്നി. പക്ഷേ, എന്തു തോന്നിയിട്ടും കാര്യമില്ല. മറുവശത്തു് നാഗവള്ളിയാണു്. വെറുതെ വിടില്ല. വളരെ ക്ലേശിച്ചാണെങ്കിലും ഞാൻ ധൃതിവെച്ചു് രണ്ടാമത്തെ പകുതിയും എഴുതിത്തീർത്തു. ‘താളപ്പിഴ’യെന്നു പേരുമിട്ടു് അപ്പോഴും അക്ഷമയോടെ കാത്തിരിക്കുന്ന സന്ദേശവാഹകന്റെ കൈയിലേല്പിച്ചു. നിശ്ചിത സമയത്തുതന്നെ പത്തു നോവലും പുറത്തിറങ്ങിയെന്നാണു പിന്നീടു ഞാനറിഞ്ഞതു്. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഒരു വിവരവും കൂടി അറിയാൻ കഴിഞ്ഞു. പ്രസിദ്ധീകരണശാല അടച്ചുപൂട്ടിയെന്നു്. തുടക്കവും ഒടുക്കവും താളപ്പിഴ തന്നെ. തീർന്നില്ല. പിന്നേയും കീഴടങ്ങൽ, പിന്നെയും താളപ്പിഴ. എന്റെ ഒരു സുഹൃത്തിനു താളപ്പിഴ സിനിമയാക്കാൻ മോഹം. സുഹൃത്തു് ആളും അകമ്പടിയുമായി വരുന്നു; കീഴടക്കുന്നു. പിന്നെ വർഷങ്ങൾതന്നെ നീണ്ടുനിന്ന സിനിമായുദ്ധം. ഞാനതിൽ കക്ഷിയല്ല. താളപ്പിഴ തന്നെ കക്ഷി. സമരാന്ത്യത്തിൽ പലരും പരാജയപ്പെട്ടു് പൊടിമണ്ണിൽ വീഴുന്നു. പുതിയവർ രംഗപ്രവേശം ചെയ്യുന്നു. ആയുധമെടുക്കുന്നു; അങ്കം വെട്ടുന്നു. അവരും തളർന്നുവീഴുന്നു. ഒടുവിൽ ‘താളപ്പിഴ’ ‘ഉദയം കിഴക്കു തന്നെ’ എന്ന പേരിൽ ഉദയംകൊള്ളുന്നു. പടം കുതിച്ചോടുക തന്നെ ചെയ്തെന്നു പലരും പറഞ്ഞു. ഞാൻ കണ്ടില്ല. അത്ര വേഗത്തിൽ ഓടുമ്പോൾ എങ്ങനെ കാണാൻ കഴിയും?
ഇങ്ങനെ പറഞ്ഞു പോയാൽ പിന്നെയുമുണ്ടു് കീഴടങ്ങലിന്റെ കഥ. കറന്റ് തോമസ്സെന്ന സുഹൃത്തിനുവേണ്ടിയും ഒരു നോവൽ എഴുതേണ്ടിവന്നു. പൂർണ്ണക്കാരനും അക്കാര്യത്തിൽ ഉപേക്ഷ കാണിച്ചില്ല. പ്രസിദ്ധീകരണ ശാലയുടെ ഉദ്ഘാടനം കുറിച്ചു. നോവൽ കിട്ടിയില്ല. പലരോടും ആവശ്യപ്പെട്ടെന്നു പറഞ്ഞു. ആരും സഹായിച്ചില്ല. നോവലില്ലാതെ പ്രസിദ്ധീകരണശാലയുടെ ഉദ്ഘാടനം നിർവഹിക്കുന്നതു മോശമല്ലേ? ഒരു നോവൽ വേണം; അതു് ഞാനെഴുതണം. ഇങ്ങനെ ധൃതി പിടിച്ചു പറഞ്ഞാൽ തന്റെ സൃഷ്ടികളോടു നീതി പുലർത്തുന്ന വല്ലവരും വഴങ്ങുമോ? അവിടെയും എന്റെ വിധി കീഴടങ്ങൽതന്നെ. വിധിയെന്നോ വിവരമില്ലായ്മയെന്നോ എന്തു വേണമെങ്കിൽ വിളിച്ചോളൂ; ’പൂർണ’യ്ക്കും ഞാൻ കീഴടങ്ങി. മതി; ഇവിടെ നിർത്താം. ഇതെല്ലാം കൂട്ടിവെച്ചു വായിക്കുമ്പോൾ ഒരു ദുർബ്ബലമനസ്സിന്റെ ഉടമ പൂർണ്ണമായും നിങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നില്ലേ? മതി; എനിക്കതു മതി. രഹസ്യമായി പറയട്ടെ, ഈ ദൗർബല്യം ഒരിക്കലും എന്നെ വിട്ടു മാറരുതേ എന്നാണു് പ്രാർത്ഥന. സ്നേഹത്തിന്റെ മുമ്പിൽ കീഴടങ്ങുന്ന ഓരോ നിമിഷവും എനിക്കു വില കൂടിയതാണു്; അതു മാത്രമാണെന്റെ സമ്പാദ്യവും.
ജീവിതയാത്രയിൽ പല വഴികളിലായി വന്നു ചേരുന്ന സ്നേഹത്തിന്റെ നീരുറവകളെപ്പറ്റിയാണല്ലോ പറഞ്ഞു വന്നത്. അത്ര പ്രധാനമല്ലെങ്കിലും ഒന്നുരണ്ടു സന്ദർഭങ്ങൾകൂടി ഇവിടെ വിവരിച്ചു കൊള്ളട്ടെ. എന്റെ മരുമകൻ ഭാസ്കരൻ കോളേജിൽ പഠിക്കുന്ന കാലം. ഇന്നയാൾ തിക്കോടി ഭാസ്കരനാണു്. നോവലും കഥകളും മറ്റും എഴുതുന്ന മരുമകൻ. വെറും ഭാസ്കരനെന്നു വിളിക്കാൻ അല്പം ശങ്കയുണ്ടു്; സാരമില്ല. ഒരു ദിവസം വൈകീട്ടു് ഭാസ്കരനെത്തടി ഒരു ഖദർധാരിയായ ചെറുപ്പക്കാരൻ വീട്ടിൽ വരുന്നു. ശോഷിച്ച ശരീരം. അതിവിനയംകൊണ്ടു കുനിഞ്ഞ തല. ഒതുക്കിപ്പിടിച്ചു സംസാരം. കുറഞ്ഞനേരമേ സംസാരിച്ചുള്ളുവെങ്കിലും അയാളെന്നെ ‘കുഞ്ഞമ്മാമൻ’ എന്നു വിളിച്ചു. കൊള്ളാമല്ലോ. എനിക്കൊരു മരുമകൻകൂടി ഉണ്ടായിരിക്കുന്നു; തല്ക്കാലം ഊരുംപേരും നിശ്ചയമില്ലാത്ത മരുമകൻ. ഭാസ്കരൻ എന്നെ കുഞ്ഞമ്മാമനെന്നു വിളിക്കുന്നു. അയാളുടെ സുഹൃത്തും അങ്ങനെത്തന്നെ വിളിക്കുന്നു, ഭാസ്കരനുമായുള്ള അടുപ്പം മൂലമുള്ള വിളിയാണോ, അതോ മാതുലസദൃശമായ സ്നേഹംമൂലമുള്ള വിളിയാണോ? എങ്ങനെ തീരുമാനിക്കാൻ കഴിയും? കോളേജ് വിദ്യാർത്ഥിയല്ലേ? തീരുമാനമെടുക്കാൻ ഏറെക്കാലം വേണ്ടിവന്നില്ല, എന്റെ മരുമകനാവാൻ അയാൾക്കു വളരെ സന്തോഷമാണെന്നു മനസ്സിലാക്കാൻ. ഈ മരുമകനുണ്ടല്ലോ, ഇതു് ശ്രീ സി. രാധാകൃഷ്ണനാണു്; സുപ്രസിദ്ധ നോവലിസ്റ്റും കവിയും നാടകകൃത്തും സിനിമാ സംവിധായകനും ശാസ്ത്രജ്ഞനുമെല്ലാമായ സാക്ഷാൽ ശ്രീ സി. രാധാകൃഷ്ണൻ. ഇന്നും എവിടെ വെച്ചെങ്കിലും കണ്ടാൽ ‘കുഞ്ഞമ്മാമ’നെന്നു വിളിച്ചുകൊണ്ടാണു് മി. രാധാകൃഷ്ണൻ എന്നെ സമീപിക്കുക. ഈ അമ്മാമനാവട്ടെ, ഇന്നു മരുമകനെ നോക്കുന്നതു് അകം നിറഞ്ഞ അഭിമാനത്തോടെ, സന്തോഷത്തോടെയാണു്. പക്ഷേ, കഴുത്തസാരം വേദനിക്കുന്നുണ്ടെന്നു പറയാതെ വയ്യ. അത്രയ്ക്കു വളർന്നുപോയിരിക്കുന്നു മരുമകൻ. ആയുസ്സു് നീട്ടിനീട്ടിക്കിട്ടിക്കൊണ്ടിരിക്കുമ്പോൾ മനുഷ്യർക്കു് ഇതു പോലെ സുഖകരങ്ങളം അദ്ഭുതകരങ്ങളുമായ അനുഭവങ്ങൾ പലതും നേരിടേണ്ടിവരും.
നമ്മൾ ചിലപ്പോൾ മലഞ്ചരുവിലെ പാറക്കെട്ടുകൾ പോലെയായിരിക്കും. ചില പാറക്കെട്ടുകളിൽ തെളിനീരുറവകളുണ്ടാവും. മല കയറാനിറങ്ങിപ്പുറപ്പെട്ടവർ അതുവഴി കടന്നുപോകുമ്പോൾ പാറക്കെട്ടുകളിലിരിക്കുന്നു. വിശ്രമിക്കുന്നു. തെളിനീരുറവയിൽനിന്നു് ഒരു കുടന്ന വെള്ളമെടുത്തു കണ്ണും മുഖവും കഴുകുന്നു. യാത്ര തുടരുന്നു. കൊടുമുടിയെ ലക്ഷ്യംവെച്ചുകൊണ്ടുള്ള യാത്ര. മലകയറ്റക്കാരൻ ഉയർന്നുയർന്നുപോകുന്നതു് പാറക്കെട്ടു് നിശ്ശബ്ദമായി നോക്കിയിരിക്കുന്നു. എന്റെ ജീവിതം ചില കാര്യങ്ങളിലെങ്കിലും ഇതുപോലൊരു പാറക്കെട്ടാണു്. മലകയറ്റക്കാർ പലരും ഇതു വഴി കടന്നുപോയിട്ടുണ്ടു്. ഇവിടെ ഇരുന്നു വിശ്രമിച്ചിട്ടുണ്ടു്. അവരുടെ ആരോഹണക്രമം കണ്ടു് അദ്ഭുതപ്പെടുകയും സന്തോഷിക്കുകയും ചെയ്തിട്ടുണ്ടു്. ആ കയറ്റത്തെപ്പറ്റി എന്തെങ്കിലും പറയാനുള്ള ഭാഷ കൈയിലില്ലാത്തതു കൊണ്ടു ദുഃഖിച്ചിട്ടുമുണ്ടു്.
എന്റെ ഓർമ്മക്കുറിപ്പിന്റെ തുടക്കത്തിൽ ഞാനല്പകാലം ഒരു പത്രപ്രവർത്തകനായിരുന്ന കാര്യം പറഞ്ഞിട്ടുണ്ടല്ലോ. മി. അഹമ്മദ് കുഞ്ഞി, എം. ടി. ബി. നായർ, ‘വിംസി’ തുടങ്ങിയവർ അന്നെന്റെ സഹപ്രവർത്തകരായിരുന്നു. ഞാൻ മാത്രമാണു് പത്രപ്രവർത്തനത്തിൽ അന്നൊരു കന്നിക്കാരൻ. മറ്റുള്ളവരൊക്കെ അതീവ പ്രഗല്ഭരായിരുന്നു. ഒരേ കുടുംബംപോലെ ഞങ്ങളന്നു കഴിഞ്ഞുകൂടി എം. ടി. ബി. നായർ [1] രസികനായിരുന്നു. ഞങ്ങൾ വളരെ വേഗത്തിൽ അടുത്ത സുഹൃത്തുക്കളായി. പ്രഭാതപത്രമായതുകൊണ്ടു് ഞങ്ങൾ എന്നും ഒത്തുചേരുന്നതു രാത്രിയായിരിക്കും. അങ്ങനെ ഒരുദിവസം സന്ധ്യയ്ക്കു് എം. ടി. ബി. വരുമ്പോൾ കൂടെ രണ്ടു പയ്യന്മാരുണ്ടായിരുന്നു. അദ്ദേഹം അവരെ ഞങ്ങൾക്കു പരിചയപ്പെടുത്തി. രണ്ടുപേരും എം. ടി. ബി. യുടെ സഹോദരന്മാർ. ഒരാൾ എം. ടി. എൻ. [2] മറ്റേതു് ’വാസു’, അതെ, അങ്ങനെത്തന്നെയാണു പറഞ്ഞതു്. കൂടല്ലൂരിൽനിന്നു വന്ന ആ വിദ്യാർത്ഥികൾക്കൊപ്പം ഞങ്ങളന്നു ചായ കഴിച്ചു. എന്തോക്കെയോ ഞാനും എം. ടി. ബി. യും വിംസിയുമൊക്കെയായി കഥ പറഞ്ഞു. വിദ്യാത്ഥികൾ രണ്ടുപേരും കേട്ടിരുന്നു. പിൽക്കാലത്തു റെയിൽവേയിലെ ഒരു ഉദ്യോഗസ്ഥനായി എം. ടി. എൻ. സാഹിത്യകാരനാണ്, കഥാകൃത്തും നല്ല പരിഭാഷകനുമാണു്. ‘വാസു’ എം. ടി. വാസുദേവൻ നായരായി. അന്നു ചായ കഴിച്ചു വർത്തമാനം പറയുമ്പോൾ ‘നന്നായി പഠിക്കണം കേട്ടോ’ എന്നു് ആ കുട്ടിക്കു് ഒരുപദേശം കൊടുത്തതായി ഞാനോർമ്മിക്കുന്നു.
ഈ പാറക്കെട്ടു് ഇന്നും മലഞ്ചരിവിലുണ്ടു്. അധിത്യകയിലെ യാത്രക്കാരാ, ഉയർച്ചയിൽ നിന്നു് ഉയർച്ചയിലേക്കു കൊടുമുടികൾ കീഴടക്കിക്കൊണ്ടുള്ള താങ്കളുടെ തളരാത്ത യാത്രയ്ക്കു മൗനഭാഷയിൽ ആശംസകളയച്ചുകൊണ്ടു്!
എം. ടി. ബാലൻ നായര്‍. കൂടല്ലൂരിൽ ജനനം. പത്ര പ്രവര്‍ത്തകന്‍, പക്ഷിനിരീക്ഷകന്‍, ഫോട്ടോഗ്രാഫര്‍ എന്നീ നിലകളിൽ പ്രശസ്തനായി. കേരളത്തിലെ വിവിധ പത്രങ്ങൾക്കു വേണ്ടി ലേഖനങ്ങൾ എഴുതി. പക്ഷികളെ കുറിച്ചും ജൈവ വൈവിദ്ധ്യങ്ങളെക്കുറിച്ചും സചിത്ര പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. 1944 മുതൽ 47 വരെ റെയിൽവേയിൽ ജോലി ചെയ്തിരുന്നു. 1950 മുതൽ ബ്രൂക്ക് ബോണ്ട് കമ്പനിയിലായിരുന്നു ജോലി. 1955-ൽ അന്തരിച്ചു. എം. ടി. വാസുദേവന്‍ നായരുടെ രണ്ടാമത്തെ ജ്യേഷ്ഠന്‍.
ചെറുകഥകളിലൂടെ സാഹിത്യരംഗത്ത് എത്തിയ എം. ടി. നാരായണൻ നായർ ഇംഗ്ലിഷ്, തമിഴ്, ചൈനീസ്, ജാപ്പനീസ് ഭാഷകളിലെ കൃതികൾ വിവർത്തനം ചെയ്തു. സാർത്രിന്റെ ‘എറോ സ്ട്രാറ്റസ്’, കാഫ്കയുടെ ‘മെറ്റമോർഫോസിസ്’, സരോജിനി നായിഡുവിന്റെ കവിതകൾ, ഡിഎച്ച് ലോറൻസിന്റെയും ജിദ്ദു കൃഷ്ണമൂർത്തിയുടെയും കൃതികൾ, ജിദ്ദു കൃഷ്ണമൂർത്തിയുടെ ജീവചരിത്രം എന്നിവയാണു പ്രധാനകൃതികൾ. കഥകളും നോവലുകളുമായി 37 കൃതികൾ രചിച്ചു. റെയിൽവേയിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം 1982-ൽ കൊമേഴ്സ്യൽ കൺട്രോളർ പദവിയിലിരിക്കെ സ്വയം വിരമിച്ചു.