images/tkn-arangukanatha-cover.jpg
Archangel, an oil on canvas painting by Paul Klee (1879–1940).
അതികായന്മാരുടെ വേർപാടു്

സ്ഥലം, എറണാകുളം. വേദി, അവിടത്തെ പ്രമുഖ ഹോട്ടലുകളിലൊന്നിലെ വിശാലമായ മുറി. ഒരു ചർച്ച നടക്കുന്നു; വളരെ ഗൗരവമുള്ള ചർച്ച. മദിരാശിയിൽ നിന്നു് എം. ഗോവിന്ദനും കൊച്ചിൻ യൂനിവേഴ്സിറ്റിയിൽ നിന്നു് ഡോ. പരമേശ്വരൻ നായരും തിരുവനന്തപുരത്തു നിന്നു് സർവ്വീസ് കമ്മീഷൻ മെമ്പർ. മി. രാമചന്ദ്രനും എറണാകുളത്തുനിന്നു പ്രൊഫസർ സാനുവും കോഴിക്കോട്ടു നിന്നു് മി. പട്ടത്തുവിള കരുണാകരനും എത്തിച്ചേർന്നു ചർച്ചയിൽ പങ്കെടുക്കുന്നു. മി. കരുണാകരനോടൊപ്പം ഞാനും അവിടെ എത്തിയിട്ടുണ്ടെന്നു പറയാതെ കഥ പൂണ്ണമാവില്ലല്ലോ. ഞാൻ വെറും ശ്രോതാവായിരുന്നെന്നു കൂടി പറയട്ടെ. ഒരു പ്രസിദ്ധീകരണത്തെ ചുറ്റിപ്പറ്റിയാണു് ചർച്ച. എന്നുവെച്ചാൽ കെട്ടിലും മട്ടിലും മേന്മയും പുതുമയും പുലർത്തിക്കൊണ്ടുള്ള ഒരു വാരികയുടെ പ്രസിദ്ധീകരണം ആരംഭിക്കണം: അതെങ്ങനൊക്കെയാവണം, അതിനെന്തൊക്കെ വേണമെന്ന ആലോചനയാണു്. ഞാനൊഴിച്ചു് മറ്റെല്ലാവരും പ്രസിദ്ധീകരണ വിഷയത്തിൽ പ്രവീണർതന്നെ. മി. കരുണാകരൻ അമേരിക്കയിൽ നിന്നു് പത്രപ്രവർത്തനത്തിൽ ബിരുദം നേടിയിട്ടുണ്ടു്. ഡോക്ടർ പരമേശ്വരൻ നായരാണെങ്കിൽ അമേരിക്കയിൽ നിന്നുതന്നെ ബിരുദങ്ങൾ പലതും കൈക്കലാക്കിയിട്ടുണ്ടു്. ‘ഗോപുര’ത്തിന്റെയും ‘സമീക്ഷ’യുടെയും ശില്പിയായ ഗോവിന്ദന്റെ കഴിവിനെ സംബന്ധിച്ചു് വേറെ തെളിവുകളൊന്നും ആവശ്യമില്ല. മി. രാമചന്ദ്രനാവട്ടെ, ‘കേരളകൗമുദി’യിൽ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ച പാരമ്പര്യവുമുണ്ടു്. ഈവക വിഷയങ്ങളിൽ പ്രൊഫ. സാനു മറ്റാരുടേയും പിന്നിലല്ലെന്നു പറയേണ്ടതില്ലല്ലോ. വാരികയുടെ വലുപ്പം, പുറംചട്ടയുടെ ആകൃതി, ഉള്ളടക്കത്തിലെ വൈവിധ്യം, അച്ചടി, വില്പന തുടങ്ങിയ എല്ലാറ്റിനെക്കുറിച്ചും ചർച്ചനടന്നു. വാരിക എപ്പോൾ തുടങ്ങണമെന്ന കാര്യത്തിൽ തീരുമാനമുണ്ടായോ? ഓർമ്മയില്ല. ബിരുദമോ പ്രവർത്തനപാരമ്പര്യമോ ആവശ്യമില്ലാത്തൊരു പദവിയാണല്ലോ ശ്രോതാവിനുളളതു്. ആ പദവിക്കു് അല്പം പോലും ക്ഷതം പറ്റാതെ കഴിക്കാൻ ഞാൻ പരമാവധി ശ്രദ്ധിച്ചിരുന്നു. ചർച്ചയിൽ ഉരുത്തിരിഞ്ഞുവന്ന എല്ലാ കാര്യങ്ങളും അതീവ താൽപര്യത്തോടെ കേട്ടിരിക്കുകയായിരുന്നു ഞാൻ. കേട്ടേടം കൊണ്ടു എന്റെ മനസ്സിൽ രൂപം കൊണ്ട ഒരു ചോദ്യം—അന്നു പുറത്തു വിടാത്തതു്—ഞാനിവിടെ രേഖപ്പെടുത്തട്ടെ: ഇതുപോലൊരു വാരിക എന്നെങ്കിലും ഈ മലയാളനാടിൽ രൂപംകൊള്ളുമോ? അനുവാചകർക്കു് അതിനുള്ള ഭാഗ്യമുണ്ടാവുമോ?

എറണാകുളത്തെ ചർച്ചായോഗത്തിൽ പങ്കെടുത്തവരിൽ രണ്ടു പേരിന്നു് നമ്മോടൊപ്പമില്ല. മി. കരുണാകരനും മി. ഗോവിന്ദനും. രണ്ടുപേരെക്കുറിച്ചും പറയാനേറെയുണ്ടു്; ഓർക്കാനും. ഏതാനും നാലു പതിറ്റാണ്ടുകൾക്കുമുമ്പാണു് മി. ഗോവിന്ദനെ കാണുന്നതും പരിചയപ്പെടുന്നതും. അതാവട്ടെ അത്യസാധാരണമട്ടിലുള്ള ഒരു പരിചയപ്പെടലായിരുന്നു. വ്യക്തിപരമായ ഒരാവശ്യത്തിനുവേണ്ടി, മദിരാശിയിൽ പോകേണ്ടിവന്നു. രണ്ടു ദിവസം അവിടെ താമസിച്ചു് മടക്കയാത്രയ്ക്കു റെയിൽവേ സ്റ്റേഷനിൽ എത്തിയതാണു്. വണ്ടി പുറപ്പെടാൻ താമസമുണ്ടു്. ഒരു കാപ്പി കുടിക്കാമെന്നുവെച്ചു് ‘സ്പെൻസറിൽ’ കേറി. ഒഴിഞ്ഞ ഒരു മൂലയിൽ ചെന്നിരുന്നു. സമയം ധാരാളമുള്ളതുകൊണ്ട് സ്വൈരമായി ഒരിടത്തു ഇരിക്കാമെന്ന വിചാരത്തോടെ വളരെ സാവകാശമായാണു് കാപ്പി കുടിക്കാൻ തുടങ്ങിയതു്. കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾ വന്നു എനിക്കഭിമുഖമായി അവിടെ കിടപ്പുള്ള കസേരയിലിരുന്നു. ഞാൻ ശ്രദ്ധിച്ചില്ല. മദിരാശിയിൽ എനിക്കു പരിചയക്കാരാരുമില്ലാത്തതുകൊണ്ട് ശ്രദ്ധിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. അല്പനിമിഷങ്ങൾക്കുശേഷം എന്റെ മുമ്പിലിരിക്കുന്ന ആളിൽനിന്നു് ഒരു ചോദ്യമുയരുന്നു:

“തിക്കോടിയനല്ലേ?” ഞാൻ അമ്പരന്നു. എന്റെ മറുപടിക്കു കാത്തുനില്ക്കാതെ അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നു: “ഗോവിന്ദൻ.”

നേരിട്ടന്നോളം കാണാൻ കഴിഞ്ഞിട്ടില്ലെങ്കിലും സുഹൃത്തുക്കൾ പറഞ്ഞും ‘ജയകേരളം’ മുഖേനയും ഗോവിന്ദനെ എനിക്കറിയാമായിരുന്നു. അമ്പരപ്പവിടെയല്ല. അദ്ദേഹം എങ്ങനെ എന്നെ മനസ്സിലാക്കി എന്ന കാര്യത്തിലായിരുന്നു. ഞാൻ വീടുവിട്ടു പുറത്തങ്ങനെ സഞ്ചരിക്കാത്തവനാണു്. ‘മാതൃഭൂമി’യിലോ മറ്റോ വല്ലതും എഴുതുകയല്ലാതെ വേറിട്ടൊരിടത്തും എഴുതാറില്ല. പിന്നെങ്ങനെ അദ്ദേഹമെന്നെ മനസ്സിലാക്കി? അതായിരുന്നു എന്റെ അമ്പരപ്പ്. എന്റെ ഫോട്ടോ അന്നു് പത്രത്തിലെവിടേയും വന്നിട്ടില്ല. ഗോവിന്ദനെപ്പോലൊരാളുടെ ശ്രദ്ധയിൽ പെടാൻ മാത്രം ഞാൻ പ്രസിദ്ധനുമല്ല. എല്ലാം ചോദിച്ചറിയണമെന്നുണ്ടായിരുന്നു. പക്ഷേ, ഞാൻ ചോദിച്ചില്ല. വണ്ടി വരുവോളം അദ്ദേഹമെന്നോടൊപ്പമുണ്ടായിരുന്നു. നിരന്തരമായി എഴുതണം, ധാരാളം വായിക്കണം എന്നൊക്കെ അന്നത്തെ കൂടിക്കാഴ്ചയിൽ അദ്ദേഹം എന്നെ ഉപദേശിക്കുകയുണ്ടായി. പിന്നെ വളരെ കഴിഞ്ഞാണു് മി. ഗോവിന്ദന്റെ ഒരു സവിശേഷ സ്വഭാവമെനിക്കു മനസ്സിലായതു്. വല്ലതും ചുരുങ്ങിയമട്ടിൽ എഴുതുന്നവരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും അദ്ദേഹത്തിനു ഉത്സാഹമുണ്ടു്. ആരുടെ സഹായവും കൂടാതെ അത്തരക്കാരുമായി അദ്ദേഹം ബന്ധപ്പെടും. നിരന്തരമായി കത്തുകളെഴുതി ആ ബന്ധം നിലനിർത്തും. വളർച്ചയിൽ അവർക്കു വേണ്ട സഹായം നല്കും. കവിതയിലാണോ കഥയിലാണോ നാടകത്തിലാണോ താൽപര്യമെന്നു മനസ്സിലാക്കി, അതിനു വേണ്ട നിർദ്ദേശങ്ങൾ നല്കും. വായിച്ചു മനസ്സിലാക്കേണ്ട പുസ്തകങ്ങളുടെ പേരുവിവരങ്ങൾ കുറിച്ചയയ്ക്കും. ചിലപ്പോൾ പുസ്തകങ്ങൾ തന്നെ വാങ്ങി അയച്ചുകൊടുക്കുകയും ചെയ്യും. ഒരപൂർവ്വ വ്യക്തിത്വത്തിനുടമയായിരുന്നു മി. ഗോവിന്ദൻ, വലിയ യോഗങ്ങളും സമ്മേളനങ്ങളും ബഹളങ്ങളും ഇഷ്ടമല്ല. അതിൽനിന്നെല്ലാം ഒഴിഞ്ഞു മാറി നില്ക്കും. ചെറിയ ചെറിയ സംഘങ്ങളോടൊത്തു ചേരാനാണിഷ്ടം. പലപ്പോഴും അത്തരം കൂടിച്ചേരലുകളിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ടു്. അതിനു കളമൊരുക്കുന്ന രീതിക്കും ഒരു പ്രത്യേകതയുണ്ടു് ഒരു കാർഡ് വരും, അതിൽ വെറും രണ്ടുവരി കുറിച്ചിട്ടുണ്ടാവും. ഇന്ന തീയതിക്കു് കോഴിക്കോട്ടെത്തുന്നു. ഇന്ന സ്ഥലത്തു് ഒരു മുറി വേണം. അതൊരിക്കലും പ്രസിദ്ധപ്പെട്ട ഹോട്ടലുകളിലാവരുതു്. ബസ്സ്സ്റ്റാൻറിന്നടുത്തുള്ള ചെറിയ ലോഡ്ജിൽ ഏതെങ്കിലുമാവാം. റെയിൽവെ റിട്ടയറിങ് റൂമാണെങ്കിൽ വളരെ സന്തോഷം. ഗവണ്മെന്റ് റസ്റ്റ് ഹൗസും കൊള്ളാം. വന്നുകഴിഞ്ഞാൽ മുഖ്യമായ പ്രവൃത്തി വർത്തമാനം പറച്ചിലാണു്. വർത്തമാനത്തിന്നിടയിൽ നിർത്താതെ പുകവലിച്ചുകൊണ്ടിരിക്കും; സിഗരറ്റും ബീഡിയും മാറി മാറി. പുകവലിക്കൊപ്പം കലശലായ ചുമയുമുണ്ടാവും. വർത്തമാനം പറയുമ്പോൾ ശ്രോതാക്കൾ എത്ര കുറയുന്നോ അത്രയും സന്തോഷമാണു്. ഏതു വിഷയവും സംസാരിക്കും. അടിസ്ഥാനധാര മനുഷ്യസ്നേഹമായിരിക്കും. ഹ്യൂമനിസ്റ്റുകൾ എപ്പോഴും അങ്ങനെയാണല്ലോ. മറിച്ചാവാൻ തരമില്ലല്ലോ. കൂത്താട്ടുകുളത്തുവെച്ച് ഇങ്ങനെയൊരു സുഹൃദ് സമ്മേളനത്തിൽ വെച്ചാണല്ലോ ‘തനതു് നാടകവേദി’ എന്ന ആശയം അദ്ദേഹം തൊടുത്തുവിട്ടതു്. അതു സൃഷ്ടിച്ചുവിട്ട വാദകോലാഹലത്തിന്റെ അലകൾ ഇന്നും കെട്ടടങ്ങിയിട്ടില്ലെന്നു നമുക്കൊക്കെ അറിയാവുന്നതാണല്ലോ.

പിന്നെപ്പിന്നെ അദ്ദേഹത്തിന്റെ സന്ദർശനം സന്തോഷത്തേക്കാളേറെ വേദനയാണു നല്കിയിരുന്നതു്. ആരോഗ്യം മോശമാവുകയായിരുന്നു. അതറിയാഞ്ഞിട്ടോ, അറിഞ്ഞിട്ടും അറിയാത്ത മട്ടിൽ എല്ലാം ഉള്ളിൽ ഒതുക്കിയിട്ടോ അദ്ദേഹം പെരുമാറിയിരുന്നു. പക്ഷേ, ഉള്ളിൽ കിടന്നു ചുരത്തുന്ന രോഗം ശരിക്കും തളർത്തുക തന്നെയായിരുന്നു. ഒരു ദിവസം അർദ്ധരാത്രിയാവോളം സംസാരിച്ചിരുന്നു. ശ്വാസംമുട്ടലുള്ളതുകൊണ്ട് വാക്കുകൾ കുറച്ചേ പുറത്തുവന്നുള്ളു. തനിച്ചാക്കി യാത്ര പറയാനെനിക്കു വിഷമം. അദ്ദേഹമാണെങ്കിൽ നിർബ്ബന്ധിക്കുന്നു. അവിടെ നില്ക്കാനനുവദിക്കുന്നില്ല. ഒടുവിൽ ലോഡ്ജിന്റെ ഉടമയെക്കണ്ട് സംഗതികൾ ധരിപ്പിച്ചു വല്ലതും ആവശ്യമായിവന്നാൽ എന്നെ വിളിച്ചറിയിക്കണമെന്നേല്പിച്ചാണു ഞാൻ സ്ഥലം വിട്ടതു്. കാലത്തെ വന്നപ്പോൾ, കുറഞ്ഞാരുന്മേഷം വീണ്ടെടുത്ത പോലെ തോന്നി. അങ്ങനെ എത്രയെത്ര സന്ദർഭങ്ങൾ.

അവസാനമായി മി. ഗോവിന്ദൻ കോഴിക്കോട്ടു വന്നതു് ശ്രീ കെ. ബി. മേനോൻ അനുസ്മരണ പ്രഭാഷണത്തിനാണു്. ആരോഗ്യം കൂടുതൽ മോശമായിരിക്കുന്നു. ഇരുന്നുകൊണ്ടാണു് പ്രഭാഷണം നടത്തിയതു്. ശ്വാസംമുട്ടും ചുമയും വേണ്ടുവോളമുണ്ടായിരുന്നു. അന്നു രാത്രിയും ഒത്തുചേരലുണ്ടായി. ഭാവിയെക്കുറിച്ചു പലതും അദ്ദേഹത്തിനന്നു പറയാനുണ്ടായിരുന്നു. പ്രത്യേകിച്ചു മകൻ തുടങ്ങിവെച്ച നാടക സമിതിയെപ്പറ്റി. റിഹേഴ്സൽ കാണാൻ ചെല്ലണമെന്നു പറഞ്ഞു. അതിനൊരു തീയതിയും നിശ്ചയിച്ചു. കൂട്ടത്തിൽ ഒരു വലിയ കാര്യം എന്നെ ഏല്പിച്ചു—പുതിയൊരു നാടകം വേണം. അതിന്റെ ഇതിവൃത്തം വിസ്തരിച്ചു പറഞ്ഞു. അതു ഞാനെഴുതണം. മടിക്കരുതു്. ഉടനെ വേണം. എല്ലാം ഏല്പിച്ചു പിരിഞ്ഞു. അവിടം കൊണ്ടും നിർത്തിയില്ല. പോയിട്ടു രണ്ടുദിവസത്തിനകം കത്തു വരുന്നു, പറഞ്ഞ കാര്യങ്ങളെല്ലാം ഓർമ്മിപ്പിച്ചുകൊണ്ടു്.

ഒന്നും വേണ്ടിവന്നില്ല. കുറ്റിപ്പുറത്തുള്ള തറവാട്ടുപറമ്പിൽ, മുറ്റിത്തഴച്ചുനിൽക്കുന്ന വൃക്ഷനിരകളുടെ തണലിൽ വീട്ടിനകത്തു നിശ്ചലനായി കിടക്കുന്ന അദ്ദേഹത്തെ നിറമിഴികളോടെ കണ്ടുനില്ക്കുന്ന ധാരാളം സുഹൃത്തുക്കളുടെ കൂട്ടത്തിൽ ഞാനും ചെന്നുചേർന്നു. എഴുതി വളരുന്ന തലമുറയുടെ ആശാകേന്ദ്രമായ, നിരവധി സുഹൃത്തുക്കളുടെ ആദർശമൂർത്തിയായ, അദ്ദേഹത്തിന്റെ ചിതയിൽനിന്നുയർന്ന കറുത്ത പുക കാഴ്ചകൾ മറയ്ക്കുമ്പോൾ, കവിയും കാഥികനും നാടകകൃത്തും മാർഗ്ഗദർശിയും ഉപദേഷ്ടാവുമെല്ലാമായ, സർവ്വോപരി മനുഷ്യസ്നേഹിയായ, ഒരു വലിയ മനുഷ്യന്റെ സ്മരണ ഒരിക്കലും മായാത്തവിധം ഞാനെന്റെ മനസ്സിൽ കൊത്തിവെക്കുകയായിരുന്നു…

ഇന്നു് എന്റെ ഓർമ്മകൾ കോരിവിളമ്പുന്നതു് നൊമ്പരത്തിന്റെ കഥ മാത്രം. പട്ടത്തുവിള തറവാടിന്റെ തെക്കുവശത്തുള്ള പത്തായപ്പുര. അതാണോ അതിന്റെ പേരെന്നറിഞ്ഞുകൂടാ. അവിടെ അതിനകത്തു കുനിഞ്ഞിരിക്കുകയാണു്. ചുറ്റിലും പലരുണ്ടു്. ഡോക്ടർ പരമേശ്വരൻ നായർ, മി. രാമചന്ദ്രൻ, പിന്നേയും ആരൊക്കെയോ. കാൽമുട്ടുകളിൽ നെറ്റിയമർത്തി കണ്ണടച്ചിരിക്കുമ്പോൾ, പുറത്തുള്ള ശബ്ദത്തിനുവേണ്ടി കാതോർക്കുകയായിരുന്നു. എങ്ങും ഒരു ശബ്ദമില്ല. ഇടയ്ക്കെവിടെയോ ഒരു നെടുവീർപ്പു കേൾക്കാം. അങ്ങനെ ശബ്ദമില്ലാത്ത, ചലനമില്ലാത്ത മരവിച്ച അവസ്ഥയിൽ, എന്റെ ഉള്ളിലൊരു വിളി മുഴങ്ങുന്നു:

“ഡേയ്.”

അങ്ങനെ ഒരാളേ എന്നെ വിളിക്കാറുളളു. ആ വിളി ഇനിയൊരിക്കലും കേൾക്കില്ലെന്ന വിചാരത്തോടെ ഇരിക്കുന്നവനാണു ഞാൻ. എന്നിട്ടും വിളി കേൾക്കുന്നു. വിളിയോടൊപ്പം ആ കൊച്ചുരൂപം തെളിഞ്ഞുവരുന്നു: ‘പൊടിയ’ന്റെ രൂപം. തിളങ്ങുന്ന കണ്ണുകൾ. അല്പമായ താടി. കാവിനിറത്തിലുള്ള ജുബ്ബ. ഞാൻ പരുങ്ങി. വഴക്കു പറയുമെന്നു തീർച്ച. എന്റെ കൊള്ളരുതായ്മ ഒരിക്കലും പൊറുപ്പിച്ചിട്ടില്ല. വഴക്കു പറഞ്ഞുകൊണ്ടാണു സ്നേഹപ്രകടനം. അഭ്യുദയ കാംക്ഷികളിൽനിന്നു് അതേ നമുക്കു പ്രതീക്ഷിച്ചുകൂടൂ. കുറ്റങ്ങൾ കണ്ടില്ലെന്നു നടിക്കുന്നവർ ഒരിക്കലും അഭ്യുദയകാംക്ഷികളല്ല. സമയം അരിച്ചരിച്ചു നീങ്ങുന്നു. സ്ഥലകാലബോധം നഷ്ടപ്പെടുന്നു…

കോഴിക്കോട്ടെ പിയേഴ്സ് ലസ്ലിയിലെ മാനേജരുടെ കസേരയിൽ കരുണാകരൻ ഇരിക്കുന്നു. പറയുന്ന വാക്കുകൾക്കു കുഴപ്പമില്ല. പക്ഷേ, കനപ്പിച്ചാണു പറയുന്നതു്:

“താൻ നന്നാവില്ല; തനിക്കു ജീവിക്കാനറിയില്ല. ചുമ്മാ നടന്നു നേരം കളയുന്നതിനു പകരം വല്ലതും എഴുതരുതോ? പേരും പ്രസിദ്ധിയും വേണ്ടെങ്കിൽ വേണ്ട. നാലു കാശുകിട്ടില്ലേ… ആട്ടെ, താൻ വന്നതു നന്നായി. ഇതൊന്നു വായിച്ചുനോക്കു്.”

മേശവലിപ്പിൽനിന്നും ഒരു കൊച്ചുകഥ കുനുകുനെയുള്ള അക്ഷരങ്ങളിൽ എഴുതിത്തീർത്തതു കൈയിൽ തരുന്നു. ഞാനതു വായിക്കാൻ തുടങ്ങുന്നു. ഇടയ്ക്കു സ്റ്റെനോ വരുന്നു. ടൈപ്പു ചെയ്തുകൊണ്ടുവന്ന വസ്തു വായിച്ചുനോക്കുന്നു; തിരുത്തുന്നു. തുരുതുരെ ഫോണുകൾ വന്നുകൊണ്ടിരിക്കുന്നു. വലിയ വലിയ ബിസിനസ്സുകാര്യങ്ങൾ. എസ്റ്റേറ്റു കാര്യങ്ങൾ. കഥ വായിച്ചുകഴിഞ്ഞു തിരികെ കൊടുക്കുമ്പോൾ ഞാൻ പറയുന്നു:

“നന്നായിരിക്കുന്നു.”

“തന്റെ വളിച്ച മുഖസ്തുതി! ഞാനിതു വാസുവിനയച്ചുകൊടുക്കട്ടെ?”

“ഓ കൊടുക്കാം.” എനിക്കാവേശം.

”തന്നെ കാണിക്കേണ്ടിയിരുന്നില്ല.”

ശുണ്ഠിതന്നെ. വസ്തു മേശവലിപ്പിലിടുന്നു. എപ്പോഴും ഒരു കഥ എഴുതിത്തീർത്താൽ എന്നെക്കൊണ്ടതു വായിപ്പിക്കും. എന്തിനെന്നെനിക്കറിയില്ല. എന്റെ അഭിപ്രായം പുച്ഛിച്ചുതള്ളുകയും ചെയ്യും. കഥകളേറെയും നിലവിലുള്ള വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്ന മൂർച്ചയുള്ള ആക്ഷേപഹാസ്യമായിരിക്കും. വാചകങ്ങൾകൊണ്ടുള്ള കസർത്തോ, ആർഭാടപൂണ്ണമായ സ്ഥലകാലവിവരണങ്ങളോ ഒന്നും കാണില്ല. എന്നാലും ആ കഥകളെല്ലാംതന്നെ നമ്മുടെ ഉള്ളിലേക്കു ചാട്ടുളിപോലെ ഊർന്നിറങ്ങും…

കാറുകളുടെ നിലയ്ക്കാത്ത പ്രവാഹത്തിന്റെ ഇരമ്പം… ആളുകൾ അങ്ങോട്ടുമിങ്ങോട്ടും അമർത്തിച്ചവുട്ടി നടക്കുന്ന ശബ്ദം. തലയുയർത്തി നോക്കണോ? വേണ്ടാ, ഒന്നും കാണേണ്ടാ. കാണാതിരിക്കുകയാണു് നല്ലതു്. അമർത്തിച്ചവുട്ടി നടക്കുന്ന ശബ്ദം അകന്നകന്നു പോവുന്നു. അതെ; അതു സംഭവിക്കുന്നു; അവസാനയാത്ര… വേണ്ടാ, ഒന്നും കാണേണ്ട. നെറ്റി കാൽമുട്ടുകളിൽ കൂടുതൽ അമർത്തിവെച്ചു. എപ്പോഴാണിങ്ങനെ ഇരിക്കാൻ തുടങ്ങിയതു്? എവിടെയാണിരിക്കുന്നതു്? ഒന്നും വ്യക്തമായി ഓർക്കാൻ കഴിയുന്നില്ല. ഇപ്പോൾ എല്ലാ ശബ്ദവും നിലച്ചിരിക്കുന്നു. സമീപപ്രദേശത്തൊന്നും ആരുമില്ലാത്തതുപോലെ. ഈ ഭൂമിതന്ന ശൂന്യമായതുപോലെ. മനസ്സ് പതുക്കെ അബോധതലത്തിലേക്കു തെന്നിമാറുകയാണു്...

ആരോ കഴുത്തിൽ സ്പർശിക്കുന്നു. തണുത്ത വിരലുകൾ. ചൂടുള്ള കൈവെള്ള. ആ വിരലുകളിൽ അമർത്തിയപ്പോൾ ആരുടെയോ സാന്നിദ്ധ്യം അനുഭവപ്പെടുമ്പോലെ. ആരായിരിക്കും? വെറും തോന്നലാണോ? നോക്കണോ? തലയുയർത്തണോ? നോക്കി: അനുരാധ!

“മോളേ!”

അതു ഹൃദയം പൊട്ടിയുള്ള കരച്ചിലായിരുന്നു. നിയന്ത്രിക്കാൻ കഴിഞ്ഞില്ല. കണ്ണീരിന്റെ മങ്ങലിലൂടെ ഡോക്ടർ പരമേശ്വരൻ നായർ കണ്ണു തുടയ്ക്കുന്നതു കണ്ടു. അപ്പുറമുള്ളതൊന്നും വ്യക്തമല്ല…

ഒരു കളങ്കമറ്റ സൗഹൃദത്തിന്റെ ചരിത്രം അങ്ങനെ പട്ടത്തുവിള തറവാട്ടിന്റെ ശ്മശാനത്തിൽ ചാരമായി പരിണമിച്ചു.

Colophon

Title: Arangu kāṇātta naṭan (ml: അരങ്ങു കാണാത്ത നടൻ).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Memoir, Thikkodiyan, തിക്കോടിയൻ, അരങ്ങു കാണാത്ത നടൻ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 11, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Archangel, an oil on canvas painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.