“ബൈ രാജാ ബൈ—ഒന്നുവെച്ചാൽ പത്തു്, പത്തുവെച്ചാൽ നൂറു്. ബൈ രാജാ ബൈ”
ഉൾനാടൻ കാവുകളിൽ തിറയുത്സവം നടക്കുമ്പോൾ, വാദ്യഘോഷങ്ങളുടേയും ആർപ്പുവിളികളുടേയും പഴുതിൽക്കൂടി പതിവായി ഒരു കിളിനാദം ഉയർന്നുവരാറുണ്ടു്. ‘കുലുക്കിക്കുത്തു’ കളിയ്ക്കുടമയായ കലാകാരന്റെ നാദമാണതു്. മുനിഞ്ഞു കത്തുന്ന ഒരു മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തിൽ തറയിൽ ഏതാനും കള്ളികളുള്ള ഒരു തുണി വിരിച്ചിട്ടുണ്ടാവും. കലാകാരന്റെ കൈയിലെ തകരപ്പാട്ടയിൽ ഒരു ’കരു’വുണ്ടാവും. അതു കുലുക്കിക്കുലുക്കി, തനിക്കു ചുറ്റും കൂടിനില്ക്കുന്നവരെ അയാൾ പ്രലോഭിപ്പിക്കുന്നു:
“ബൈ രാജാ ബൈ—ഒന്നുവെച്ചാൽ പത്തു്, പത്തുവെച്ചാൽ നൂറു്.”
‘ലോട്ടറി’ നടത്തുന്ന നമ്മുടെ ഗവണ്മെന്റുകളുടെ അടവുതന്നെ ഇയ്യാളും പ്രയോഗിക്കുന്നു. ഒന്നുവെച്ചാൽ പത്തു വാരിക്കോരി കൊടുക്കുന്നു. പാട്ടയിലെ ‘കരു’വിലും മുമ്പിലെ കള്ളിത്തുണിയിലും നമ്പറുകളുണ്ടാവും. പാട്ട കുലുക്കിക്കുത്തുമ്പോൾ വീഴുന്ന നമ്പറേതോ, ആ നമ്പറിൽ കാശു മുടക്കിയവനു് ഒന്നു പത്താവുന്നു. ഞാനിപ്പോൾ ഒരു ‘കുലുക്കിക്കുത്തു’ കളിക്കാരനാണ്, മനസ്സിന്റെ തകരപ്പാട്ടയിലിട്ടു് ഓർമ്മകൾ കുലുക്കിക്കുത്തുന്നു. “ബൈ രാജാ ബൈ” അറിയാതെ പറഞ്ഞു പോകുന്നു.
ഇന്നെന്റെ പാട്ടയിൽനിന്നു പുറത്തു ചാടിയതു് ചിരകാല സുഹൃത്തായ ‘കവി’ ബി. മുഹമ്മദ് മാഷാണു് എനിക്കൊരിക്കൽ എം. എസ്. എ. ഡ്രാമാറ്റിക് അസോസിയേഷന്റെ ചരിത്രം വിവരിച്ചുതന്നതു മാഷാണു്. കോഴിക്കോടിന്റെ കലാ-സാംസ്കാരിക ചരിത്രവുമായി അസോസിയേഷനു് അഭേദ്യമായ ബന്ധമുണ്ടു്. സുപ്രസിദ്ധ നാടകകൃത്തും സംവിധായകനും നടനും ചലച്ചിത്ര കഥാസൃഷ്ടിയിൽ അദ്വിതീയനുമായ ശ്രീ. കെ. ടി. മുഹമ്മദിന്റെ നാടകപ്രസ്ഥാനവും എം. എസ്. എ. ഡ്രാമാറ്റിക്കു് അസോസിയേഷനും ഉദയം കൊള്ളുന്നതു് ഏതാണ്ടൊരേകാലത്താണെന്നു പറയാം. രണ്ടിന്റെയും ലക്ഷ്യം ഒന്നുതന്നെ. മുസ്ലിം സമുദായത്തിൽ വേരുറച്ചു പോയ അനാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും ദൂരീകരിച്ചു സമുദായത്തെ കെട്ടുറപ്പുള്ള ഒരടിത്തറയിൽ ഉറപ്പിച്ചുനിർത്തുകയെന്ന ആശയമായിരുന്നു ഇവരെ തളർച്ചപറ്റാതെ മുമ്പോട്ടു നയിച്ചതു്. അസോസിയേഷന്റെ ചരിത്രം കവിയുടെ വാക്കുകളിൽത്തന്നെ ഇവിടെ പകർത്തട്ടെ:
“എം. എം. ഹൈസ്കൂളിലെ പൂർവിദ്യാത്ഥികൾ, ഒരു സംഘടന രൂപീകരിക്കുന്നു. അവർക്കു നല്ല ഉദ്ദേശമാണുണ്ടായിരുന്നതു്. പിൽക്കാലത്തു വളരെയേറെ പ്രശസ്തരായിത്തീർന്ന പലരും അന്നു് അതിലെ പ്രവർത്തകരായിരുന്നു. ഇന്നും സമൂഹനന്മയ്ക്കും രാജ്യപുരോഗതിക്കും വേണ്ടി അക്ഷീണം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ശ്രീ. പി. പി. ഉമ്മർകോയ അന്നത്തെ ചുണയും ചുറുചുറുക്കുമുള്ള യുവാക്കളിൽ ഒരാളായിരുന്നെന്നു പറഞ്ഞാൽ സംഘടനയുടെ ലക്ഷ്യവും മാർഗ്ഗവും പരിശുദ്ധമായിരുന്നെന്ന കാര്യത്തിൽ ആർക്കും സംശയിക്കേണ്ട കാര്യമില്ലല്ലോ? യുവാക്കളുടെ ആദ്യത്തെ ശ്രമം ഒരു നാടകം രചിച്ചു, നല്ല പോലെ പഠിച്ചു് രംഗത്തവതരിപ്പിക്കാനായിരുന്നു. നാടകരചന നടന്നു. ‘ആരാണപരാധി’ എന്നു പേരിട്ടു. മൂന്നുനാലു മാസം കഠിനാധ്വാനംചെയ്തു നാടകം പഠിച്ചു. അതു് അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളും നടന്നു. അപ്പോളൊരു വിഘാതം—നാടകം പ്രദർശിപ്പിക്കാൻ സ്കൂളിൽ സ്ഥലമനുവദിക്കില്ല. നാടകം ഹറാമാണെന്നു യാഥാസ്ഥിതികരുടെ അഭിപ്രായം. പക്ഷേ, പരാജയം ഏറ്റുവാങ്ങാൻ യുവാക്കൾ തയ്യാറായില്ല. എങ്ങനേയും നാടകം രംഗത്തു് അവതരിപ്പിച്ചേ അടങ്ങൂവെന്ന വാശിയായി. തുടർന്നുള്ള പരിശ്രമത്തിൽ രാധാ തിയേറ്റർ വാടകയ്ക്കെടുത്തു, വലിയൊരു സദസ്സിനു മുമ്പിൽ ‘ആരാണപരാധി’ വിജയപൂർവ്വം അവതരിപ്പിച്ചു. നാടകം ഒന്നാന്തരമായി എന്ന അഭിപ്രായമായിരുന്നു എല്ലാവർക്കും. ഒരു തമാശയുള്ള കാര്യം ഇവിടെ പറയേണ്ടിയിരിക്കുന്നു. നാടകരംഗത്തും സിനിമാരംഗത്തും ഒരുപോലെ വിജയം കൊയ്തുകൂട്ടിയ ശ്രീ കെ. പി. ഉമ്മർ, ആരാണപരാധിയിൽ ഒരു സ്ത്രീവേഷമെടുത്തുകൊണ്ടാണു് ആദ്യമായി രംഗത്തു വന്നതു്.
“എന്താ, കൈനേട്ടം മോശമാണോ?”
“അല്ലാ, ഒരിക്കലും മോശമല്ല.” കവി മാഷ് പറഞ്ഞുനിർത്തിയതിനിടയിൽ കയറി. ഞാൻ പറഞ്ഞു: എന്നല്ല. കൈ നേട്ടം ഉഗ്രമായിരിക്കുന്നു. അപ്പോൾ, ആരാണപരാധി അവതരിപ്പിച്ചതു്? എം. എസ്. എ. ഡ്രാമാറ്റിക്കു് അസോസിയേഷനായിരുന്നോ?”
“അല്ല.” കവിമാഷ് പറയുന്നു: “അതു വരുന്നേയുളളു. അന്നു് ആ വിജയാഘോഷത്തിനിടയിൽ ഉരുത്തിരിഞ്ഞുണ്ടായ അഭിപ്രായത്തിൽ നിന്നാണു് എം. എസ്. എ. യുടെ ഉദ്ഭവം. സംഘടന വേണമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. സംഘടനയുടെ പേരിൽ തുടർന്നും നാടകം നടത്തണം. എതിർപ്പുകളെ ശക്തിയായി നേരിടണം. നാടകം പ്രദർശിപ്പിക്കുന്നതിൽനിന്നു വല്ല വരുമാനവും കിട്ടിയെങ്കിൽ അതു മുസ്ലിം സമുദായത്തിലെ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ചെലവിടണം. അഭിപ്രായം, ഏകകണ്ഠമായി അംഗീകരിച്ചുകഴിഞ്ഞപ്പോൾ സംഘടനയ്ക്കൊരു പേരു വേണമെന്നായി. പേരിലും ആദർശശുദ്ധി പുലർത്താൻ പ്രവർത്തകർക്കു കഴിഞ്ഞു. സഹൃദയനും പുരോഗമനവാദിയും കലാസ്നേഹിയും കർമ്മകുശലനും മറ്റുമായിരുന്ന, ജിഫ്രി മാളിയക്കൽ, മർഹൂം എം. സെയ്ത് അഹമ്മദ് ശിഹാബുദ്ദീൻ ചെറുകുഞ്ഞിക്കോയത്തങ്ങളുടെ പവിത്ര നാമധേയത്തിൽ അദ്ദേഹത്തിന്റെ പാവനസ്മരണയെ മുൻനിർത്തിയാണു് എം. എസ്. എ. എന്ന ചുരുക്കപ്പേരു് സംഘടനയ്ക്കുണ്ടായതു്.
എം. എസ്. എ. യുടെ രണ്ടാമത്തെ നാടകം ‘എളാമ’യായിരുന്നു. സമുദായപരിഷ്കരണം തന്നെയായിരുന്നു ഈ നാടകത്തിന്റെയും ലക്ഷ്യം. എം. ടി. അഹമ്മദ് കോയ, കുഞ്ഞാവ, കെ. പി. ഉമ്മർ, എ. എം. കോയ, എം. സി. അബ്ദുള്ളക്കോയ, സി. ആലിക്കോയ, പിന്നെ കവിമാഷായ ഈ ഞാനും എളാമയിൽ അഭിനയിച്ചിരുന്നു. സമുദായം നിസ്സീമമായ സന്തോഷത്തോടുകൂടിയാണു് ഈ നാടകത്തെ സ്വാഗതം ചെയ്തതു്. അന്നു് ആ നാടകവുമായി ബന്ധപ്പെട്ട പലരും ഇന്നു നമ്മോടൊപ്പമില്ല. എല്ലാവരും മികച്ച നടന്മാരായിരുന്നുവെന്നു പറയാൻ എനിക്കു് ഒരു മടിയുമില്ല.
തുടർന്നു പല നാടകങ്ങളും എം. എസ്. എ. വിജയപൂർവ്വം അവതരിപ്പിക്കുകയുണ്ടായി. കേന്ദ്ര കലാസമിതിയുടെ നാടകോത്സവത്തിൽ പങ്കെടുത്തു ബഹുമതി നേടിയ ‘തറവാടും മടിശ്ശീല’യും അതിൽ എടുത്തുപറയേണ്ടുന്ന നാടകമാണു്. പി. എൻ. എം. ആലിക്കോയ ആ നാടകത്തിന്റെ കർത്താവായിരുന്നു. മിസ്റ്റർ ആലിക്കോയയുടെ മകൻ ‘ഹൂദ്’ അക്കാലത്തെ മികച്ചൊരു ബാലനടനായിരുന്നു.”
കവി പറഞ്ഞുതീർന്നപ്പോൾ ‘കണ്ടംബെച്ച കോട്ടിന്റെ കർത്താവായ മിസ്റ്റർ മുഹമ്മദ് യൂസഫ് ചിരിച്ചുകൊണ്ടു് എന്റെ ഓർമ്മയിലേക്കു കടന്നുവന്നു ചോദിക്കുന്നു:
“താനെന്റെ നാടകം കണ്ടോ, ‘വിടരാത്ത പൂമൊട്ടു്’, എം. എസ്. എം അവതരിപ്പിച്ചതു്?”
അങ്ങനെ തള്ളിക്കേറി വന്നു് ആരേയും കൂസാതെ ആധികാരികമായി എന്തിനെക്കുറിച്ചും സംസാരിക്കുന്ന ശീലമായിരുന്നു അദ്ദേഹത്തിനു്, ഒരുകാലത്തു കോഴിക്കോട്ടെ കലാ-സാംസ്കാരിക ജീവിതത്തിൽ നിറഞ്ഞു നിന്ന വലിയൊരു വ്യക്തിയായിരുന്നു മിസ്റ്റർ മുഹമ്മദ് യൂസഫ്. കഴിവുള്ള കലാകാരൻ. രചനയിലും അഭിനയത്തിലും സംവിധാനത്തിലും ഒരുപോലെ പ്രവീണൻ. മുന്നറിയിപ്പില്ലാതെ, ആരേയും മാടിവിളിച്ചു, ചേർത്തുപിടിച്ചുകൊണ്ടു പോകുന്ന കാലം ആ സുഹൃത്തിനേയും കോഴിക്കോട്ടുനിന്നു വിളിച്ചുകൊണ്ടുപോയി; അവശേഷിപ്പിച്ച സ്മരണയെ താലോലിച്ചുകൊണ്ടു കഴിയാൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ വിട്ടുകൊണ്ടു്.
കാലം വ്യക്തികളെ മാത്രമല്ല, പ്രസ്ഥാനങ്ങളേയും വിളിച്ചു കൂട്ടിക്കൊണ്ടുപോകുന്നെന്നു വേണം കരുതാൻ. എം. എസ്. എ. ഇന്നു പേരിൽ മാത്രം ഒതുങ്ങിക്കൂടുന്നു. പ്രവർത്തന രംഗത്തുനിന്നു പിന്മാറീട്ടു കാലം കുറച്ചായി. എന്നാൽ ഒപ്പം പുറപ്പെട്ട. ‘കെ. ടി.’യുടെ പ്രസ്ഥാനമോ? അതു വിജയത്തിൽനിന്നു വിജയത്തിലേക്കു കടന്നു കയറി സഞ്ചരിക്കുകയാണു് മുസ്ലിം സമുദായോന്നമനം ലക്ഷ്യം വെച്ചു തുടങ്ങി. ലക്ഷ്യം വികസിപ്പിച്ചു, മാർഗ്ഗം തെളിയിച്ചു്, മാനവസമൂഹത്തെ ഒന്നായി കണ്ടു കെ. ടി. കലാസൃഷ്ടി നടത്തിക്കൊണ്ടിരിക്കുകയാണു്. അവശർക്കൊരു മതമേയുള്ള, കഷ്ടപ്പാടിന്റെ, നിത്യദുരിതത്തിന്റെ മതം. അവരുടെ ചേരിയിൽ നിന്നുകൊണ്ടു്, തൂലിക ആയുധമാക്കി പൊരുതുമ്പോൾ ശാരീരികമായി ഇടയ്ക്കിടെ തന്നെ അലട്ടിക്കൊണ്ടിരിക്കുന്ന അവശതപോലും കെ. ടി. മറക്കുന്നു.
കോഴിക്കോട്ടെ ഒരു പ്രസ്ഥാനത്തിനും മറന്നുകൂടാത്ത ഒരു വ്യക്തിയുണ്ടു്: ശ്രീ അപ്പുക്കുട്ടൻവൈദ്യർ. തന്നിലേക്കു് ഉൾവലിഞ്ഞു്, എങ്ങും പോകാതെ, ആരേയും കാണാതെ, കോട്ടൂളിയിലെ വീട്ടിൽ ഒതുങ്ങിക്കഴിയുകയാണിന്നു് വൈദ്യർ. ഒരുപക്ഷേ, നിരന്തരമായ, വിശ്രമമില്ലാത്ത പ്രവർത്തനങ്ങൾക്കു പ്രകൃതി നല്ക്കുന്ന ശിക്ഷ ഇങ്ങനെയുള്ളതായിരിക്കുമോ? തികഞ്ഞ പണ്ഡിതൻ, ഫലസിദ്ധികൊണ്ടനുഗൃഹീതനായ ഭിഷഗ്വരൻ, ഒരുകാലത്തു് കോഴിക്കോട്ടെ പുരോഗമന പ്രസ്ഥാനങ്ങളോടും. കലാ സാംസ്കാരിക സ്ഥാപനങ്ങളോടും ഒട്ടിച്ചേർന്നുനിന്ന കരുത്തനായ പ്രവർത്തകൻ, സ്വാതന്ത്ര്യസമരഭടൻ എന്നീ നിലകളിലെല്ലാം പ്രശസ്തി നേടിയ ആളായിരുന്നു അപ്പുക്കുട്ടൻവൈദ്യർ. എവിടെയാണദ്ദേഹമില്ലാതിരുന്നതു്? ഏതു രംഗത്താണദ്ദേഹം പ്രവർത്തിക്കാതിരുന്നതു്? അഷ്ടഗ്രഹയോഗസഫലീകരണയജ്ഞം തൊട്ടു മുമ്പോട്ടും പിമ്പോട്ടും തിരിഞ്ഞു നോക്കിയാൽ എവിടെയും അപ്പുക്കുട്ടൻവൈദ്യരുണ്ടു്. സംസ്കൃത കാവ്യങ്ങളിലോ അലങ്കാരങ്ങളിലോ അതുപോലുള്ള മറ്റു വിഷയങ്ങളിലോ നിങ്ങൾക്കുണ്ടാവുന്ന ഏതു സംശയവും തീർത്തുതരാനുള്ള കഴിവു് ഇന്നും വൈദ്യർക്കുണ്ടു്. സ്ഥാനമാനങ്ങളിൽ കൊതിയില്ലാത്തവരുടെ ജീവിതത്തിൽ സ്വാഭാവികമായും വന്നുചേരാനിടയുള്ള പരിണാമമെന്നല്ലാതെ അദ്ദേഹത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചു് മറ്റെന്തു പറയാൻ!
ആദ്യത്തെ കാഴ്ചയിലും പെരുമാറ്റത്തിലും ഒരഹങ്കാരിയാണെന്നു മറ്റുള്ളവരെ, തെറ്റിദ്ധരിപ്പിക്കാൻ അതീവ നിപുണനായ ശ്രീ. കെ. പി. ഉമ്മർ എന്റെ അടുത്ത സുഹൃത്തായിരുന്നു ഒരുകാലത്ത്. ബ്രദേഴ്സ് മ്യൂസിക്ക് ക്ലബ്ബിലെ നാടകങ്ങളിൽ, വിശേഷിച്ചു്, ‘ഇതു ഭൂമിയാണു്’ എന്ന പ്രസിദ്ധ നാടകത്തിൽ, തന്റെ മികവുറ്റ പ്രകടനത്തിലൂടെ ജനശ്രദ്ധ പിടിച്ചെടുത്ത മിസ്റ്റർ ഉമ്മർ, കുറച്ചു കാലം രാജാ തിയേറ്ററിൽ പ്രവർത്തിച്ചിരുന്നു. രാജാ തിയേറ്റർ, മീഞ്ചന്തയിലെ മിസ്റ്റർ കൃഷ്ണരാജുവിന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ച ഒരു സംഘടനയായിരുന്നു. ആ സംഘടന ആദ്യകാലത്തു പ്രദർശിപ്പിച്ച മിക്ക നാടകങ്ങളും എഴുതിക്കൊടുത്തതു് ഞാനായിരുന്നു. ആരാണു് സംവിധാനം ചെയ്തതെന്നു് എനിക്കറിഞ്ഞുകൂടാ. അതെന്റെ തൊഴിലല്ലാത്തതുകൊണ്ടു ഞാനതിന്നു മിനക്കെടാറില്ല. എന്റെ അനുഭവം വെച്ചു പറഞ്ഞാൽ അന്നു് സംവിധായകനെന്ന പദവിയിൽ ഒരാൾ ഒരു സംഘടനയിലും ഉണ്ടായിരുന്നില്ല. എല്ലാവരും ഒത്തൊരുമിച്ചു്, അഭിപ്രായം പറഞ്ഞു, പരസ്പരം തെറ്റുകൾ കണ്ടറിഞ്ഞു തിരുത്തിയും തിരുത്തിച്ചും നാടകം രൂപപ്പെടുത്തിയടുക്കുകയായിരുന്നു പതിവ്. രാജാ തിയേറ്ററിൽ മുഖ്യകഥാപാത്രമെടുക്കുന്ന ഏതോ നടൻ പെട്ടെന്നു് ഒഴിഞ്ഞുപോവുകയുണ്ടായി. മി. കൃഷ്ണരാജു ആകെ വിഷമിച്ചു. നാടകം ആരോ ബുക്ക് ചെയ്തിട്ടുണ്ട്, പകരക്കാരനെ കണ്ടെത്തണം. പഠിപ്പിക്കണം. അങ്ങനെയിങ്ങനെയുള്ളവരൊന്നും പോരാ. കഴിവുള്ള നടനായിരിക്കണം. കണ്ടാൽ കുറച്ചൊക്കെ ഭംഗിയും വേണം. അങ്ങനെയൊരാളെ തരപ്പെടുത്തിക്കൊടുക്കാൻ മിസ്റ്റർ കൃഷ്ണരാജു എന്നെ നിർബ്ബന്ധിക്കുന്നു. ഞാനെന്തു ചെയ്യും? അന്നും ഇന്നും പ്രമുഖനടന്മാരുമായി പരിചയമുണ്ടെന്നല്ലാതെ, അവരിൽ സ്വാധീനശക്തി ചെലുത്താനുള്ള കഴിവെനിക്കില്ലെന്നതാണു സത്യം. പക്ഷേ, കൃഷ്ണരാജു വിടാൻ ഭാവമില്ല. എങ്ങനെയെങ്കിലും ശ്രീ കെ. പി. ഉമ്മറെ സ്വാധീനിച്ചു കൊടുക്കണം. ലക്ഷണങ്ങൾ മുഴുവനും ശരിയാണു്. ഉമ്മർ സുന്ദരനാണു്. നന്നായഭിനയിക്കും. എല്ലാം സമ്മതിച്ചുകൊണ്ടുതന്നെ ഞാൻ ചോദിച്ചു:
“സായ്പിന്റെ കുതിര, ആറായിരം പവൻ വില. ഓടിയില്ലെങ്കിലോ? നിങ്ങൾ പറഞ്ഞ എല്ലാ ഗുണവും മിസ്റ്റർ ഉമ്മറിന്നുണ്ടു്. ഞാൻ വിളിച്ചിട്ടു വന്നില്ലെങ്കിലോ?”
ഉത്തരമില്ല. വീണ്ടും വീണ്ടും നിർബ്ബന്ധം. സത്യത്തിൽ ഒരു വിഷമസന്ധിയായിരുന്നു അത്. നാടകം ബുക്ക് ചെയ്തു് അഡ്വാൻസ് കൊടുത്തു് കാത്തിരിക്കുന്നവരോടെന്തു പറയും? ഒടുവിൽ മി. ഉമ്മറിനെ കാണാൻ തന്നെ തീരുമാനിച്ചു. ചെന്നു കണ്ടു. മനമില്ലാമനസ്സോടെ കാര്യം വിവരിച്ചു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ മിസ്റ്റർ ഉമ്മറിന്റെ തനതുശൈലിയിലുള്ള ഡയലോഗുണ്ടല്ലോ, അതിലൂടെ മറുപടി പുറത്തു വരുന്നു:
“ഓ! ഇതാണോ സംഗതി. വിഷമിക്കണ്ട. ഞാൻ വരാം, കണിശമായും വരാം.”
ആശ്വാസമായി. മി. കൃഷ്ണരാജു ആദ്യം ഉമ്മറിന്നു സ്തുതി പറയുന്നു. പിന്നെ ദൈവത്തിനു സ്തുതി പറയുന്നു. ഇതിവിടെ ഓർമ്മിക്കാനും പറയാനും ഒരു പ്രത്യേക കാരണമുണ്ടു്. ഒരു വിഷമസന്ധിയിലകപ്പെടുമ്പോഴാണല്ലോ നാം സുഹൃത്തുക്കളുടെ മാറ്റുരച്ചുനോക്കുന്നതു്. അവിടെ മാറ്റു് തെളിഞ്ഞു കിട്ടിയാൽ പിന്നീടൊരിക്കലും ആ സംഭവം നമ്മുടെ മനസ്സിൽനിന്നു പോവില്ല.