പട്ടം പറപ്പിക്കുന്ന കുട്ടി. അവന്റെ കൈയിൽ ഉയരങ്ങളിലേക്കു നീണ്ടുപോകുന്ന ചരടിന്റെ അറ്റം. കുട്ടി തലങ്ങും വിലങ്ങും ധൃതി പിടിച്ചോടുന്നതു കണ്ടാൽ പട്ടത്തിന്റെ നിയന്ത്രണം മുഴുവനും അവന്റെ കൈയിലാണെന്നു തോന്നും. പാവം കുട്ടി! ഓടിയോടിത്തളരുന്ന അവന്റെ ഇച്ഛാശക്തിക്കു വഴങ്ങുന്നതല്ലാ പട്ടത്തിന്റെ ഗതിവിഗതികളെന്നു് അവനുണ്ടോ അറിയുന്നു! അതു നിയന്ത്രിക്കുന്നവൻ കാറ്റ്. തെക്കും വടക്കും കാറ്റോടുന്നു; ഒപ്പം പട്ടവും; പട്ടത്തിന്റെ വാലിൽ തൂങ്ങി കുട്ടിയും.
ഈ ഓർമ്മക്കുറിപ്പെഴുതുന്ന ഞാൻ പട്ടത്തിന്റെ വാലിൽ തൂങ്ങുന്ന കുട്ടി മാത്രമാണു് ഒരു ലക്ഷ്യവുമില്ലാതെ, പട്ടത്തെയും കുട്ടിയെയും ഓട്ടുന്നതു കാറ്റാണെങ്കിൽ എന്നെ ഓട്ടുന്നതു് ഓർമ്മയാണു്. അതിനുമില്ലൊരു ലക്ഷ്യം. ലക്കുംലഗാനുമില്ലാതെ മുമ്പോട്ടും പിറകോട്ടും അതോടുന്നു. എന്നെയും ഓടിക്കുന്നു…
”ഹല്ലോ, തിക്കൂ” ഫോണിലൊരു പരിചിത ശബ്ദം. “ഇന്നു വൈകീട്ടു് കണിശം ആറുമണിക്കു് പൊടിയന്റെ വീട്ടിലെത്തണം.” നിമിഷത്തിന്റെ നിശ്ശബ്ദതയ്ക്കു പിറകെ ആ സുപ്രസിദ്ധമായ ചിരി കേൾക്കുന്നു. “അ്ഹ, അ്ഹ, അ്ഹ. പൊടിയരിക്കഞ്ഞിയും പയറുപുഴങ്ങിയതും. പിന്നെ രസികൻ ചമ്മന്തിയും പപ്പടവും.”
എല്ലാം കേട്ടുകഴിയുമ്പോൾ ഞാൻ പറയും: “ഇല്ല. എന്നെ ക്ഷണിച്ചിട്ടില്ല. ഞാൻ വരില്ല.”
“ബ്ഭൂ! എന്തോന്നു ക്ഷണം! സാറയുടെ (മിസ്സിസ് കരുണാകരൻ) കൈപ്പുണ്യമാണു്. വന്നില്ലെങ്കിൽ തനിക്കു നഷ്ടം, ഭയങ്കര നഷ്ടം.”
പിന്നെയും ചിരി. നീണ്ട ചിരി. ചിരിയുടെ അവസാനം ഫോൺ നിശ്ശബ്ദമാവുന്നു. വൈകീട്ടു് ആറു മണിക്കു് അല്ലെങ്കിൽ ഏഴു മണിക്കു് അതുമല്ലെങ്കിൽ ഷൂട്ടിങ് കഴിഞ്ഞു്, നിറപാതിരയ്ക്കായാലും മുഖത്തുതേപ്പുപോലും തുടച്ചുമാറ്റാതെ അടൂർഭാസി എന്ന മഹാനടൻ മി. കരുണാകരന്റെ വീട്ടിലെത്തുന്നു. പിന്നെ ബഹളമാണു്, പരിസരം മുഴക്കെ കോളിളക്കമുണ്ടാക്കുന്ന ചിരി. ഒന്നിനു പുറകെ മറ്റൊന്നായി കഥകൾ. നേരം പോക്കു കുത്തിനിറച്ച കഥകൾ. വഴിപോക്കർ ഗയിറ്റിൽ തങ്ങി നിന്നു ശ്രദ്ധിക്കുന്നു. പരിസരത്തെ വീടുകളിലുള്ളവർ ജാലകപ്പഴുതിലൂടെ നോക്കുന്നു. ഏറെ ചിരിക്കുകയോ സംസാരിക്കുകയോ ചെയ്യാത്ത, വാചകമടിക്കാരെ പൊറുപ്പിക്കാത്ത മി. കരുണാകരൻ ഭാസിയുടെ സാന്നിധ്യം ഒരു മഹോത്സവമായി ആഘോഷിക്കുന്നു.
മി. ഭാസി ഉത്തരായണത്തിൽ അഭിനയിക്കാൻ വന്നതും അഭിനയിച്ചതുമൊക്കെ ഈ ഓർമ്മക്കുറിപ്പിന്റെ ആദ്യഭാഗത്തു ഞാൻ രേഖപ്പെടുത്തിയിട്ടുണ്ടാവണം. അതെല്ലാം ഒരു പ്രാവശ്യം കൂടി വായിച്ചു നോക്കി സംശയനിവാരണം വരുത്താൻ മാത്രം ഇപ്പോൾ ക്ഷമയില്ല. ഇപ്പോൾ ഭാസിയെപ്പറ്റി ഓർക്കാനുള്ള കാരണം മറ്റൊന്നാണു് ഈ സ്നേഹമെന്ന വിശിഷ്ടവസ്തു പതുക്കെപ്പതുക്കെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണല്ലോ ഇതു്.
“ആരു പറഞ്ഞെടോ കിഴവാ?”
ഇങ്ങനെയൊരു ചോദ്യം ഇതു കേൾക്കുമ്പോൾ പല ഭാഗത്തുനിന്നും ഉയരാനിടയുള്ളതായി ഞാൻ മനസ്സിലാക്കുന്നു. ദയവു ചെയ്ത് അപമാനിക്കരുതു്. വൃദ്ധസാഹിത്യകാരനെന്നും കിഴവൻ കവിയെന്നുമൊക്കെ പറഞ്ഞു പരിഹസിക്കുന്നൊരു സമ്പ്രദായം ഇവിടെയുള്ളതായി എനിക്കറിയാം.
വാർദ്ധക്യം ഒരു രോഗമാണു് സുഹൃത്തേ, ശരീരത്തെ ബാധിക്കുന്ന രോഗം. എന്നാൽ ആ രോഗം മനസ്സിനെ ബാധിക്കാനനുവദിക്കാതെ കഴിയുന്ന ചിലരും നമ്മുടെയിടയിലുണ്ടു്. എന്നും യുവത്വത്തിനു മങ്ങലേല്ക്കാതെ മനസ്സു് സൂക്ഷിക്കുന്നവർ. ഒന്നുകൂടി പറയട്ടെ: ഈ സംബോധനക്കാരനും പരിഹാസിയുമൊക്കെ അവരറിയാതെ, നടന്നു നീങ്ങുന്നതെങ്ങോട്ടേക്കാണു്? വാർദ്ധക്യത്തിലേക്കു്. അതുകൊണ്ടു സൂക്ഷിക്കുക. രോഗിയെ രോഗിയെന്നു വിളിച്ചു പരിഹസിക്കാതെ, ആക്ഷേപിക്കാതെ കഴിക്കാൻ ശ്രമിക്കുക. ഇത്രയും പറഞ്ഞപ്പോൾ അത്യന്താധുനികമായ ഒരു സംഭവം ഇവിടെ കുറിക്കാതെ കഴിക്കാൻ മനസ്സു വരുന്നില്ല.
കോളേജധ്യാപകരുടെ ഒരു സദസ്സ്. പുതുമയുള്ളൊരു വിഷയം കൈകാര്യം ചെയ്യാൻ കുറച്ചു പേരെ ക്ഷണിച്ചിരിക്കുന്നു. വേദിയിൽ ഒരു രക്ഷിതാവു്, ഒരു വിദ്യാർത്ഥി, ഒരു അദ്ധ്യാപിക. സഭാനടപടികൾ നിയന്ത്രിക്കുന്ന ഒരു അധ്യക്ഷൻ. പിന്നെ ഞാനും. കോളേജധ്യാപകരുടെ യോഗത്തിൽ തനിക്കെന്താ കാര്യം? അവിടെ പൊന്നുരുക്കുമ്പോൾ, ഒരു പൂച്ചയെന്തിനു നോക്കിയിരിക്കണം? അങ്ങത്തേ ക്ഷമിക്കണം. ഈ പൂച്ച ക്ഷണം കിട്ടിയതുകൊണ്ടാണവിടെ ചെന്നതും പ്രസംഗിച്ചതും. “അഃ പ്രസംഗിച്ചോ?” “ഉം! പ്രസംഗിച്ചു.” ക്ഷണിച്ചാൽ എവിടെയും ചെല്ലും, പ്രസംഗിക്കും. കാരണം പറയാം. പശുവിനെ തല്ലാൻ വടിയുമായി നമ്പൂതിരി പിറകെ ഓടുന്നു. അടുത്തു ചെന്നപ്പോൾ പശുവിന്റെ ദേഹം മുഴുവനും മർമ്മം. എങ്ങും തല്ലാൻ വയ്യ. തല്ലിയാൽ പശു ചാവും. ഉടനെ നമ്പൂരി കാര്യസ്ഥനെ വിളിച്ചു. വടിയേല്പിച്ചു. അവൻ ഓടിച്ചെന്നു തലങ്ങും വിലങ്ങും തല്ലി പശുവിനെ പടിക്കു പുറത്താക്കുന്നു. പ്രസംഗവേദിയിൽ അടിയൻ നമ്പൂരിയുടെ കാര്യസ്ഥനാണു് മർമ്മമറിയാത്തതുകൊണ്ടു തലങ്ങും വിലങ്ങും തല്ലും. ഇവിടേയും അതുതന്നെ സംഭവിക്കുന്നു. വിഷയം: ‘ഒരു കോളേജധ്യാപകനിൽനിന്നു നിങ്ങളെന്തു പ്രതീക്ഷിക്കുന്നു?’ എന്നതാണു്. ഞാൻ പ്രതീക്ഷിക്കുന്നതും പ്രതീക്ഷിക്കാത്തതുമൊക്കെ പറഞ്ഞു. മർമ്മം കാണാത്ത തല്ലാണല്ലൊ. വിഷയത്തിൽ എന്നെ കടത്തിവെട്ടാൻ കഴിവുള്ളവരാണു വേദി മുഴുക്കെ. അപ്പോൾ വിദ്യാത്ഥി പ്രതിനിധിയുടെ ഊഴമെത്തുന്നു. നല്ല പ്രതിഭാശാലിയായ കുട്ടി. സംസാരിക്കാൻ തുടങ്ങുമ്പോൾ അയാൾക്കല്പം ക്ഷോഭമുണ്ടോ എന്നൊരു സംശയം. പ്രസംഗം ആരംഭിക്കുന്നു:
“നിങ്ങളും ഞങ്ങളും തമ്മിൽ ഒരു കാലത്തും യോജിക്കില്ല. രണ്ടും രണ്ടു തട്ടിലാണു്. അധ്യാപകരെയും വിദ്യാർത്ഥികളെയും കുറിച്ചുള്ള പരാമർശം. സച്ചിദാനന്ദൻ പറഞ്ഞിരിക്കുന്നു, നാല്പത്തിയൊന്നു വയസ്സു കഴിഞ്ഞവരെ മുഴുവനും വെടിവെച്ചു കൊല്ലണമെന്നു്.”
ഞാൻ അറിയാതെ ഞെട്ടി. ശ്ശി കാലായി എനിക്കു നാല്പതു കഴിഞ്ഞിട്ടു്. നാല്പതു കഴിഞ്ഞവർ വേറെയുമുണ്ടു് സദസ്സിൽ. അവർ ഞെട്ടിയോ എന്നെനിക്കറിഞ്ഞുകൂടാ. ഞെട്ടലിന്നു ശേഷം ഞാനാ പ്രസംഗം കേട്ടില്ല. കാരണം, എന്റെ മനസ്സ് മറ്റൊരു വഴിക്കു സഞ്ചരിക്കുകയായിരുന്നു. ആരാണീ സച്ചിദാനന്ദൻ ? വരിഷ്ഠകവി സച്ചിദാനന്ദനായിരിക്കുമോ? ഏറെ പരിചയമില്ലെങ്കിലും ഒന്നുരണ്ടിടങ്ങളിൽവെച്ചു ഞാനദ്ദേഹത്തെ കണ്ടിട്ടുണ്ടു്. ഞങ്ങൾ പരിചയക്കാരുമാണു്. കുറഞ്ഞ സമയത്തെ പരിചയം വെച്ചുകൊണ്ടും അദ്ദേഹത്തിന്റെ കവിതകൾ താൽപര്യത്തോടെ വായിക്കുന്നതുകൊണ്ടും തീർച്ചയായും ഈ കൊലയ്ക്കു് ആഹ്വാനം നല്കിയതു് ഒരിക്കലും, അദ്ദേഹമായിരിക്കില്ലെന്നു് എന്റെ മനസ്സ് എന്നാടാവർത്തിച്ചു പറയുന്നു. മറ്റേതു യുക്തി മാറ്റിവെച്ചു ചിന്തിച്ചാലും അദ്ദേഹം ഇങ്ങനെയൊരു വിഡ്ഢിത്തം പറയില്ലെന്നു തീർച്ച. അതിന്നുള്ള പ്രത്യേക തെളിവു്, എന്റെ അനുമാനം ശരിയാണെങ്കിൽ, അദ്ദേഹത്തിനു നാല്പതു കഴിഞ്ഞിട്ടുണ്ടാവണം. ആരേയും പ്രതിക്കൂട്ടിൽ കയറ്റാനുള്ള ദുരുദ്ദേശം വെച്ചുകൊണ്ടല്ല ഞാനിതിവിടെ എടുത്തു പറഞ്ഞതു്. സച്ചിദാനന്ദനെന്ന പേരിന്റെ പിറകെ ഇങ്ങനെയൊരു പ്രസ്താവന വന്നാൽ അതിന്റെ ദോഷഫലം എന്റെ സുഹൃത്തായ സച്ചിദാനന്ദനിൽ ചെന്നു ചേരാനാണിട. അതു കൊണ്ടാണ്, അതുകൊണ്ടുമാത്രമാണിതിവിടെ രേഖപ്പെടുത്തെണ്ടിവന്നതു്.
പാതവിട്ടു സഞ്ചരിച്ചതിനു മാപ്പുചോദിച്ചുകൊണ്ടു് ഞാൻ അടൂർ ഭാസിയിലേ തന്നെ മടങ്ങട്ടെ. ഭാസിയും പട്ടത്തുവിളയുമായുള്ള അതിദൃഢമായ സ്നേഹബന്ധത്തിന്റെ ഒരു ചെറിയ കഥ പറയാനുണ്ടു്. ‘ഉത്തരായണ’ കാലത്തു് നാലഞ്ചു ദിവസം ഞങ്ങളൊരുമിച്ചുണ്ടായിരുന്നു. അഭിനയ ജോലി കഴിഞ്ഞാൽ ഞങ്ങളൊത്തുചേരും, കഥ കേൾക്കാനും ചിരി കാണാനും. അങ്ങനെ മഹോത്സവമായി കൊണ്ടാടിയ ദിവസങ്ങൾ കഴിഞ്ഞു. ഭാസി മദിരാശിക്കു പുറപ്പെടുന്നു. യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ചെയ്യുന്നതിന്നിടയിൽ കരുണാകരൻ എന്നെ വിളിച്ചുചോദിക്കുന്നു:
“നമ്മൾ ഭാസിക്കെന്തു കൊടുക്കണം?”
“എന്തു കൊടുക്കാൻ?”
“അതു പറ്റില്ല. എന്തെങ്കിലും കൊടുത്തേ പറ്റൂ. അതെന്താണെന്നു പറ.”
“വയ്യ. ഞാനെങ്ങനെ പറയും?”
“തന്നോടു, ചുമ്മാ ചോദിക്കുന്നതല്ല. നമ്മൾ വല്ലതും കൊടുക്കുമ്പോൾ കുറഞ്ഞുപോകരുതു്. അതാണെനിക്കു പേടി. നീയെന്തെങ്കിലുമൊന്നു പറ.”
ഞാൻ വിഷമിച്ചു. അറിയാത്ത കാര്യം എങ്ങനെ പറയും? സിനിമാനടന്മാരുടെ—വിശേഷിച്ചും ഭാസിയെപ്പോലുള്ള ഉന്നതനടന്മാരുടെ നിലവാരം എനിക്കെങ്ങനെയറിയും? എന്റെ മൗനം മിസ്റ്റർ കരുണാകരനെ ശുണ്ഠിപിടിപ്പിച്ചു. ഒടുവിൽ ഒരു തീരുമാനത്തിലെത്തി. ഒരു ചെക്കു് ലീഫ് സംഖ്യ ചേർക്കാതെ, തീയതി എഴുതാതെ ഒപ്പിട്ടു കൊടുക്കാം. ഭാസിക്കിഷ്ടമുള്ളതെടുക്കട്ടെ. അങ്ങനെതന്നെ ചെയ്ത് ഒരു കവറിലിട്ടു് അതു ഭാസിയെ ഏല്പിച്ചു. ആ സംഭവം കഴിഞ്ഞിട്ടു് പത്തുപതിനാറു വർഷമായി. ഇന്നും ആ ചെക്കു് ബാങ്കിലെത്തിയിട്ടില്ല. ഇനിയൊട്ടെത്തുകയുമില്ല. സ്നേഹമെന്ന വിശിഷ്ട വസ്തുവിനു് തേമാനം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇടയ്ക്കിടെ ഇത്തരം സ്മരണകൾ പൊടിതട്ടിയെടുത്തു താലോലിക്കുമ്പോൾ എന്തൊരു സുഖം!
ഭാസിയെപ്പറ്റിയുള്ള ഒട്ടേറെ സ്മരണകളിലൊന്നു് ഇവിടെ പറഞ്ഞു തീർക്കാൻ തുടങ്ങുമ്പോഴേക്കു് ചിരിച്ചുകൊണ്ടു നെടുമുടി വേണുവെന്ന സകലകലാവല്ലഭൻ വരുന്നു. ഇരിക്കാൻ ക്ഷണിച്ചിട്ടു കാര്യമില്ല. എവിടെ നേരം? പിറകെ, ആരാണു്? പ്രൊഡ്യൂസറോ? അതെ, പിടിയാലെ പിടിച്ചു ലൊക്കേഷനിലെത്തിക്കണം. അതിനുള്ള ഒരുക്കത്തോടെ വന്നതാണു് പിന്നെ എങ്ങനെ ഇരിക്കും? ഓ, ഒരു നിമിഷമൊന്നു സ്വൈരമായി ഒരിടത്തു്, ഇരുത്തിക്കിട്ടിയാൽ വേണ്ടില്ല. പാട്ടു വേണോ? നൃത്തം വേണോ? കഥാപ്രസംഗം വേണോ? മിമിക്രി വേണോ? എന്തു വേണമെങ്കിലും നെടുമുടിയുടെ ഭാണ്ഡത്തിലുണ്ടു് കാവാലത്തിന്റെ നാടകത്തിലാണാദ്യം കാണുന്നതു്. അന്നുതന്നെ മനം കവർന്നു. പിന്നെ ഒരുമിച്ചു് ഒന്നായി മേളിക്കാൻ കിട്ടിയ സന്ദർഭം പാലക്കാട്ടുവെച്ചായിരുന്നു. ശ്രീ സി. എൻ. ശ്രീകണ്ഠൻ നാടകത്രയം അവതരിപ്പിച്ച നാളുകളിൽ. മൂന്നു ദിവസവും ഒഴിവുനേരങ്ങളിൽ നെടുമുടിയുടെ കലാപരിപാടിയുണ്ടാവും. അവിടം തൊട്ടു പരിചയത്തിനും സൗഹൃദത്തിനും മൂപ്പു കൂടി. കാവാലത്തിന്റെ കളിയോഗത്തിൽനിന്നു പിരിഞ്ഞു് സിനിമയിൽ കേറിയെന്നു കേട്ടപ്പോൾ സത്യത്തിൽ കലശലായി ദുഃഖിച്ചു. നാടകകലയോടുള്ള എന്റെ അടുപ്പവും ബന്ധവും കൊണ്ടാവും അങ്ങനെ ദുഃഖിച്ചതു്; അതു വേറെ വിഷയം.
ഒരുനാളൊരു സന്ധ്യയ്ക്കു് ഞങ്ങൾ കുറെ സുഹൃത്തുക്കൾ ഒത്തുചേർന്നു സൊള്ളുന്ന സമയം. എൻ. ബി. കൃഷ്ണക്കുറുപ്പുണ്ടു്. എൻ. ബി. എസ്സിലെ മാനേജർ ശ്രീധരനുമുണ്ടു്. വി. കെ. എൻ. എന്ന പേരിലറിയപ്പെടുന്ന ശ്രീ വി. കെ. നാരായണനുണ്ടു് പിന്നെയുമുണ്ടു് പലരും. പേരൊന്നുമോർക്കുന്നില്ല. അപ്പോൾ കടന്നുവരുന്നു, ‘നെടുമുടി.’ അസാരം പരിഭ്രമിച്ച മട്ടുണ്ടു്. സിനിമയിലഭിനയിക്കാൻ വന്നതാണു്. എവിടെയാണു ഷൂട്ടിങ്ങെന്നറിഞ്ഞു കൂടാ. നിർമ്മാതാവിന്റെ ദൂതന്മാരാരെങ്കിലും അന്വേഷിച്ചു വരേണ്ടതാണു് ആരേയും കണ്ടില്ല. എവിടെ പോണമെന്നും അന്വേഷിക്കണമെന്നും അറിഞ്ഞു കൂടാ. ഇവിടെയാണല്ലോ സേവനത്തിന്റെ സുന്ദരമുഹൂർത്തം പിറന്നുവീഴേണ്ടതു്. മി. കൃഷ്ണക്കുറുപ്പിനാവേശം. ശ്രീധരനു് ആവേശം. എല്ലാവർക്കും ആവേശം. ഉടനെ പുറപ്പെടാമെന്നായി. എങ്ങോട്ടെന്നു ചോദ്യമായി. അപ്പോൾ വിഷയം കേട്ടുകേൾപ്പിച്ചു് ആരോ വന്നു പറയുന്നു, കൊയിലാണ്ടി ഭാഗത്താണു ഷൂട്ടിങ്ങ്. ഉടൻ ടാക്സി വരുത്തുന്നു. മി. കൃഷ്ണക്കുറുപ്പ് നേതൃത്വം ഏറ്റെടുക്കുന്നു. ‘ഉത്തരാശാമുഖം നോക്കി’ ടാക്സി കുതിക്കുന്നു. അതുപോലൊരുല്ലാസകരമായ യാത്രയ്ക്ക് ഉദാഹരണം വേറെ കണ്ടെത്താൻ വിഷമമുണ്ടു്. മറ്റാരേക്കാളും ആഹ്ലാദം മി. കൃഷ്ണക്കുറുപ്പിനായിരുന്നു. മൂക്കോളം നാടകഭ്രാന്തിൽ മുങ്ങിയ മനുഷ്യനാണു്. ഒരു കഴിവുറ്റ നടനെന്ന നിലയിൽ നാടകവേദിയിൽ പലപ്പോഴും കണ്ടിട്ടുണ്ടു്. സിനിമയിലും മി, കൃഷ്ണക്കുറുപ്പുണ്ടു്. കലയോടും കലാകാരന്മാരോടും സ്നേഹമാണു്. അങ്ങനെ ഞങ്ങളെല്ലാവരും ചേർന്നു് പാട്ടും കൂത്തും ബഹളവുമായി കൊയിലാണ്ടിയിലെത്തി. പാതിരയോടടുത്ത നേരത്തു് അനേഷണമായി. “മയിലേ കുയിലേ കല്ലരയാലേ മാധവനീ വഴി പോയോ പോയോ?” പോയതും വന്നതും ആരും കണ്ടതില്ല. ടാക്സി വിട്ടു കാൽനടയായി ഇടവഴിയും പാടവും താണ്ടി നടന്നപ്പോൾ അസമയത്തു് ഏതോ വീട്ടിൽ സമൃദ്ധമായ വെളിച്ചം. “അതെ, അതുതന്നെ.” എല്ലാവരും കൂടി പറഞ്ഞു. ചെന്നു നോക്കിയപ്പോൾ അതേ; അതുതന്നെ. നെടുമുടിയെ അവിടെ ഏല്പിച്ചു് രശീതി വാങ്ങി, പാതിരാപ്പുറം കഴിഞ്ഞപ്പോൾ ഞങ്ങൾ കോഴിക്കോട്ടേക്കു മടങ്ങി.
ഇത്രയും പറഞ്ഞപ്പോഴാണു് ഒരു കാലത്തു കോഴിക്കോടിനെ മതി മറന്നു ചിരിപ്പിച്ച മൂന്നുപേർ അതിശക്തിയായി എന്റെ ഓർമ്മയിലെത്തുന്നതു് പപ്പു, വേണു, കുഞ്ഞാവ. പപ്പു സിനിമയിലുണ്ട്, നാട്ടിലില്ല. വേണു വീട്ടിലുണ്ടു്, സിനിമയിലും നാടകത്തിലുമില്ല. കുഞ്ഞാവ ഭൂമിയിലില്ല, സ്വർഗ്ഗത്തിലുണ്ടു്. ഈ മൂന്നുപേരും മുമ്പു പലപ്പോഴായി എന്റെ ഓർമ്മയിൽ വന്നിട്ടുണ്ടാവണം. ഒന്നിച്ചല്ല. ഇപ്പോഴാണു് ഒന്നിച്ചുവരുന്നതു്. ഇവരൊന്നിച്ചു വരുമ്പോഴാണു രേഖപ്പെടുത്താവുന്ന പല സംഭവങ്ങളുമുണ്ടാവുന്നതു്. ഏതു സദസ്സിനേയും രണ്ടു രണ്ടര മണിക്കൂർ പിടിച്ചിരുത്തി രസിപ്പിക്കാനുള്ള കോപ്പുകൾ അന്നിവരുടെ കൈയിലുണ്ടായിരുന്നു. ഒരു മുഴുനീള നാടകം വേണോ? തയ്യാർ. ആരുടേതാണു നാടകം? ചോദിക്കരുതു്. എന്തു നാടകമാണു്? കണ്ടു മനസ്സിലാക്കിക്കോളണം. ചോദ്യങ്ങൾക്കു മുഴുവനും കനപ്പെട്ട ഉത്തരമാണു്. മറിച്ചു മറ്റൊന്നു ചോദിക്കാൻ ചോദ്യകർത്താവിനിടം കൊടുക്കില്ല. കാരണം, വളരെ രഹസ്യമാണു്. ആരും എഴുതിക്കൊടുത്ത നാടകമല്ല. നാടകത്തിനു പേരില്ല. സദസ്സു ചേർന്നു് അവതരണത്തിനു സമയമാകുമ്പോൾ ഒരു പേരുണ്ടാവും. നറുക്കിട്ടെടുക്കുന്നതാണോ എന്നറിയില്ല.. യവനിക നീങ്ങിത്തുടങ്ങുമ്പാൾ മൂവരിലാരെങ്കിലുമൊരാൾ രംഗത്തുണ്ടാവും. അവിടെനിന്നെന്തെങ്കിലുമൊന്നു പറയും. ഏറ്റു പറഞ്ഞു കൊണ്ടു രണ്ടാമൻ വരും. മൂന്നാമനു വന്നു ചരാനുള്ള സന്ദർഭം ഈ രണ്ടുപേരും ചേർന്നുണ്ടാക്കും. അങ്ങനെ മൂന്നുപേരും ഒത്തു വന്നു കഴിഞ്ഞാൽ ഒരു ഹാസ്യനാടകം പുറന്തോടു പൊളിച്ചു് പതുക്കെ വെളിച്ചത്തിലേക്കു കഴുത്തു നീട്ടി, ഉടൽ കുടഞ്ഞു്, ഇടറുന്ന അടികളോടെ നടന്നു് പിന്നെ ചിറകിട്ടടിച്ച്, കൂവാൻ തുടങ്ങും. സദസ്സു ചിരിച്ചു ചിരിച്ചു തളരും. നാടകകൃത്തു വേണ്ട, സ്ക്രിപ്റ്റ് വേണ്ട, സംവിധായകൻ വേണ്ട, നടികൾ വേണ്ടാ, നടന്മാരും. നിങ്ങളെ രസിപ്പിക്കാൻ ഈ ത്രിമൂർത്തികൾ മതി. ആണായും പെണ്ണായുമൊക്കെ, വേഷം മാറാതെ, ഭാവാഭിനയങ്ങളിലൂടെ സംഗതി രസകരമായി ഒപ്പിച്ചെടുക്കും. ആസ്വാദകനു വിഭവസമൃദ്ധമായ സദ്യകൊടുക്കും. ഞാനാദ്യം പറഞ്ഞപോലെ കുഞ്ഞാവയിന്നു സ്വർഗ്ഗത്തിലാണു്; പപ്പു സിനിമയിലും. അല്പകാലത്തെ ഇടവേളയ്ക്കു ശേഷം ആരോഗ്യം വീണ്ടെടുത്ത വേണു തൊഴിലില്ലാതെ, നാടക വേദിയോ വെള്ളിത്തിരയോ വിളിക്കുമെന്ന പ്രതീക്ഷയോടെ ദിവസം കഴിക്കുന്നു.