എന്റെ ഗ്രാമത്തിൽ ഒരു കവി വിരുന്നു വന്ന കഥ കേൾക്കുന്നു. നഗരച്ചൂടിലുരുകി വേവുന്ന എന്റെ ഹൃദയത്തിലതു കുളിർ കോരിയിടുന്നു. ‘വോൾഗ’യിലെ താമരപ്പൂവിന്റെ പരിമളം ചാർത്തി വടക്കൻ പാട്ടിന്റെ മാധുര്യം ചുണ്ടുകളിലാവാഹിച്ചു്, കടത്തനാടിന്റെ മണ്ണിൽനിന്നു വരുന്ന കവി തൃക്കോട്ടൂർ ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്കു് അക്ഷരവിദ്യ പകർന്നു കൊടുക്കാനെത്തിയതാണെന്ന വാർത്തയും കൂടി അറിഞ്ഞു കഴിഞ്ഞപ്പോൾ എന്റെ സന്തോഷം ഇരട്ടിച്ചു. നന്നാവട്ടെ, അവിടെയുള്ള കുട്ടികൾ കവിഭാഷ പഠിക്കട്ടെ, സർഗ്ഗവാസനാവൈഭവംകൊണ്ടു കവി അവരെ അനുഗ്രഹിക്കട്ടെ. അവരിൽനിന്നു പുത്തൻ കവികളുദയംകൊള്ളട്ടെ. നല്ലതു്, നല്ലതെന്നെൻ മനസ്സ് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു.
തടിച്ച കണ്ണടച്ചില്ലുകൾക്കു പിറകിൽ മേധാശക്തിയുടെ തിളക്കമാർന്ന മിഴികളും ഹൃദയം നിറയെ ഓടക്കുഴൽ നാദവുമായി വന്നുചേർന്ന കവിയെ ഗ്രാമം വളരെ വേഗത്തിൽ തിരിച്ചറിഞ്ഞു. കവിക്കാവട്ടെ ഗ്രാമ ഹൃദയത്തിൽ കൂടൊരുക്കാൻ ഒട്ടും താമസം വേണ്ടിവന്നില്ല. അങ്ങനെ കവിയും കവിഹൃദയമുള്ള യുവജനങ്ങളും ഒത്തു വന്നപ്പോൾ ‘സഹൃദയവേദി’യെന്നൊരു സാംസ്കാരിക സംഘടന അവിടെ രൂപം പൂണ്ടു. വി. ടി. കുമാരൻ മാഷെന്ന കവി വേദിയുടെ രക്ഷാധികാരിയും ഉപദേഷ്ടാവും എല്ലാമായിരുന്നു. സൗമ്യമായ പെരുമാറ്റത്തിലൂടെ, വശ്യമായ പുഞ്ചിരിയിലൂടെ, ഒതുക്കവും ചിട്ടയുമുള്ള പ്രവർത്തനശൈലിയിലൂടെ, കുമാരൻ മാഷ് വളരെ വേഗത്തിൽ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിത്തീർന്നു. നാടകകൃത്തും നോവലിസ്റ്റും രാഷ്ട്രീയപ്രവർത്തകനുമെല്ലാമായ മി. വി. പി. മുഹമ്മദും. പി. എൻ. കെ. നായരും, തിക്കോടി രാമചന്ദ്രനും പിന്നെ ഒട്ടേറെ ചെറുപ്പക്കാരും വളർന്നവരും വളർന്നുവരുന്നവരുമായ എഴുത്തുകാരുമെല്ലാം കുമാരൻ മാഷു്ക്കൊപ്പം ചേർന്നപ്പോൾ കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കും ഒരു നവചൈതന്യം കൈവന്നു. ചിലപ്പോൾ സഹൃദയവേദിയുടെ ചില ചടങ്ങുകളിൽ പങ്കെടുക്കാൻ എന്നെയും വിളിക്കാറുണ്ടായിരുന്നു. മുഖ്യമായും വേദിയുടെ പ്രവർത്തനം സാഹിത്യ ചർച്ചകളിൽ ഒതുങ്ങിനിന്നിരുന്നു. ചർച്ചയിൽ എനിക്കു വലിയ താൽപര്യമില്ലെങ്കിലും കുമാരൻ മാഷെ കാണുക, അദ്ദേഹവുമായി അല്പനേരം സംസാരിച്ചിരിക്കുകയെന്നതു വലിയൊരു നേട്ടമായി ഞാൻ കണക്കാക്കിയിരുന്നു. എങ്ങനെ കണക്കാക്കാതിരിക്കും?
കൊണ്ടു ഞാൻ തെളിയിച്ചിടും
അക്ഷരപൊൻ ദീപമെന്റെ
നാട്ടിന്നിരുളകറ്റിടും.
ഞാനെൻ ഭാവിപ്രതീക്ഷതൻ
ചക്ഷുസ്സുന്മീലനം ചെയ്യും
തിമിരാന്ധത നീക്കിടും!
ഈ തീരുമാനം, ആദർശപ്രഖ്യാപനം ഒഴുക്കിത്തന്ന തൂലികയുടെ ഉടമയെ കാണാനും സംസാരിക്കാനും പരിചയം പുതുക്കാനും കിട്ടുന്ന ഏതവസരവും അതിധന്യമെന്നല്ലാതെ മറ്റെന്തു പറഞ്ഞു വിശേഷിപ്പിക്കും? എന്റെ ഗ്രാമത്തിനെന്നല്ല, ഈ നാട്ടിനു മുഴുവനായും കുമാരൻ മാഷുടെ വിശിഷ്ടസേവനം പൂർണ്ണമായും അനുഭവിക്കാനുള്ള ഭാഗ്യമുണ്ടായില്ല. ആരും ക്ഷണിക്കാതെ അനവസരത്തിൽ കേറിവന്നു് എല്ലാം തട്ടിമറിച്ചു് നശിപ്പിച്ചു ശീലിച്ച കാലം, അദ്ദേഹത്തെയും വാരിയെടുത്തു് അനന്തതയിലേക്കു മറഞ്ഞു.
പുലർമാരുതനെന്നപോൽ
ഓടിയോടി നടക്കും ഞാൻ
നാടിൻ കരളുണർത്തിടും.
സുഹൃത്തെ, അടുത്തും അകലത്തും വീശുന്ന പൂങ്കാറ്റിൽ താങ്കളുടെ പുല്ലാങ്കുഴലിന്റെ നാദം ഇന്നും ഞങ്ങൾ കേൾക്കുന്നു. അതൊന്നുമാത്രം ഞങ്ങൾക്കിന്നാശ്വാസം നല്ക്കുന്നു.
ഇവിടെയിരുന്നു ഞാനിതെഴുതുമ്പോൾ മി. വി. പി. മുഹമ്മദിന്റെ ശബ്ദം കേൾക്കുന്നു. സഹൃദയ സംഭാഷണത്തിന്റെ ശബ്ദമല്ലാ, ഒരു വലിയ സമ്മേളനത്തിൽ ഉച്ചഭാഷിണിക്കു മുന്നിൽ നിന്നുകൊണ്ടുള്ള പ്രസംഗത്തിന്റെ ശബ്ദം. ആ ശബ്ദം കേട്ടതു നന്നായി. കുമാരൻ മാഷുടെ അകാലവിയോഗത്തെക്കുറിച്ചുണ്ടായ ഓമ്മയിൽനിന്നു മനസ്സിനേറ്റ കഠിനമായ ആഘാതം ഒട്ടൊന്നു ലഘൂകരിക്കാൻ അതു വേണം.
ഉടനീളം ഫലിതമയമായ കഥകൾകൊണ്ടു് സദസ്യരെ ആർത്തട്ടഹസിച്ചു ചിരിപ്പിക്കുന്ന വി. പി. യുടെ പ്രസംഗം നൊമ്പരം കൊള്ളുന്ന ഹൃദയത്തിനെപ്പോഴും ലേപനൗഷധമായിത്തീരാറുണ്ടു്. കാറ്റുപോലെ വീശിയടിച്ചു സഞ്ചരിക്കുന്ന സ്വഭാവമാണു വി. പി. ക്കു്. ഏതു ദുർഘടം പിടിച്ച ചുമതലയും ഏറ്റെടുക്കും. ഏറ്റെടുത്തുകഴിഞ്ഞാൽ വിശ്രമമില്ല. എന്തു ചെയ്തും എന്തു ത്യാഗം സഹിച്ചും ഏറ്റെടുത്ത ചുമതല ഭംഗിയായി നിർവ്വഹിക്കുകതന്നെ ചെയ്യും. ഒന്നിലും വി. പി. യെ ഒതുക്കി നിർത്താൻ കഴിയില്ല; ആർക്കും തളച്ചിടാൻ സാധ്യമല്ല. ചെറുകഥയിലൊതുങ്ങാതെ നോവലിലേക്കും അവിടെ നിൽക്കാതെ ചലച്ചിത്രരംഗത്തേക്കുമെല്ലാം കാലു മാറ്റിച്ചവിട്ടുന്ന വി. പി. രാഷ്ട്രീയ രംഗവും തന്റെ പ്രവർത്തന പരിധിയിലേക്കു പിടിച്ചടുപ്പിച്ചിരിക്കുന്നു. പ്രവർത്തനം സാദാപ്രവർത്തനം. അതാണു വി. പി. യുടെ സ്ഥിരമുദ്രാവാക്യം.
ഏറ്റവും അടുത്തകാലത്തു വി. പി. ഏറ്റെടുത്തൊരു പരിപാടി, ‘മീനാക്ഷി’ നോവലിന്റെ ശതാബ്ദി ആഘോഷമായിരുന്നു. പള്ളിക്കര ഗ്രാമത്തിനും അതൊരു മഹോത്സവത്തിന്റെ മിഴിവുതന്നെ നൽകയിരുന്നു. മിക്കവാറും വിസ്മൃതിയിലാണ്ടുപോയൊരു ഒരു കൃതിയും അതിന്റെ കർത്താവായ ചെറുവലത്തു ചാത്തുനായരും അന്നാ ഗ്രാമത്തിൽ പുനർജ്ജനിക്കുകയായിരുന്നു. ‘മീനാക്ഷി’യുടെ കർത്താവിന്റെ തറവാട്ടിൽ, പഴയ നാലുകെട്ടിന്റെ മുറ്റത്തൊരു മഹാസമ്മേളനമൊരുക്കി. നാട്ടുകാർ ആവേശത്തോടെ സമ്മേളനത്തിൽ പങ്കെടുത്തു. രണ്ടു ദിവസത്തെ ആവേശം പകർന്ന ഉത്സവമായതു് പരിണമിച്ചു. ഞാനോർക്കുകയാണു് കഴിഞ്ഞ രണ്ടു വർഷമായി ഈ ആഘോഷം വി. പി. മനസ്സിൽ സൂക്ഷിക്കുകയായിരുന്നു. കാണുമ്പോഴൊക്കെ പറയും “മറക്കണ്ടാ, മീനാക്ഷിയുടെ ശതാബ്ദിവരുന്നു; പൊടി പൊടിക്കണം.” അക്ഷരാർത്ഥത്തിൽ അതു പൊടിപൊടിക്കുകതന്നെചെയ്തു. വി. പി. യോടൊപ്പം പ്രവർത്തിച്ച നല്ലവരായ ജനങ്ങളെ ഞാൻ ഓർക്കായ്കയല്ല. ഈ ആശയം പലകാലം മനസ്സിൽ വെച്ചു കൊണ്ടു നടക്കുകയും പലരോടും സഹായാഭ്യർത്ഥന നടത്തുകയും ചെയ്ത വി. പിയെ പ്രത്യേകം ഞാനോർത്തതിൽ അപാകം അശേഷവുമുണ്ടാവാനിടയില്ല.
ഇതിന്റെ തുടക്കത്തിൽ വി. ടി. കുമാരൻ മാഷെക്കുറിച്ചെഴുതാൻ തുടങ്ങിയപ്പോൾ ഞാൻ ബദ്ധപ്പെടുകയായിരുന്നു. ഓർമ്മയിലേക്കു തിളച്ചുമറിഞ്ഞു വന്ന മറ്റൊരു വിശിഷ്ടനാമധേയം; അതും രണ്ടക്ഷരം തന്നെ—വലിയ രണ്ടക്ഷരം. ആ പേരു് രണ്ടക്ഷരത്തിൽ ഒതുക്കിനിർത്താനെനിക്കു ധൈര്യമില്ല. ഒരു കാലഘട്ടത്തിന്റെ ഉജ്ജ്വല വിപ്ലവജ്വാലയെ ഞാൻ ഈ നിസ്സാരവിവരണത്തീപ്പെട്ടിയിലെങ്ങനെ ഒതുക്കിനിർത്തും? ഭവാന്മാരെനിക്കു മാപ്പു നൽകിയാലും. വി. ടി. ഭട്ടതിരിപ്പാടിനെ ഏതോ കാലം മുതൽ ആരാധിക്കാൻ തുടങ്ങിയ ഒരു നിസ്സാരവ്യക്തിയാണു് ഞാൻ. അദ്ദേഹത്തെ ആർക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഞാനതിനു മുതിരുന്നുമില്ല. എന്റെ ഓർമ്മയുടെ തുളസീദളം പെറുക്കിക്കൂട്ടി ഞാനദ്ദേഹത്തെ അർച്ചിക്കുകയാണെന്നു മാത്രം കരുതിയാൽ മതി.
മറ്റു വിശിഷ്ട വ്യക്തികൾ പലരേയുമെന്നപോലെ വി. ടി. ഭട്ടതിരിപ്പാടിനെ കാണാനും എനിക്കു സൗകര്യമുണ്ടാക്കിത്തന്നതും ആകാശവാണിയാണു്. ഒരിക്കൽ, ആരെല്ലാമോ ഒത്തുകൂടിയിരുന്നു സംസാരിക്കുന്ന സന്ദർശകമുറിയിലൂടെ ഞാൻ കടന്നു പോവുകയാണു്. പരിചയക്കാരാരെങ്കിലുമുണ്ടോ എന്നു നോക്കിക്കൊണ്ടാണു നടത്തം. ആരുമില്ല. ആരെങ്കിലുമുണ്ടെങ്കിൽ ശ്രദ്ധിക്കാതെ കടന്നു പോയെന്ന ആക്ഷേപമുണ്ടാവും. അതു പാടില്ലല്ലൊ. നേരെ ചെന്നു് സീറ്റിലിരുന്നു. പി. സി. എന്തോ ധൃതിപിടിച്ചെഴുതുകയാണു്. അല്പനിമിഷങ്ങൾക്കു ശേഷം പി. സി. തലയുയർത്തി ഒരു ചോദ്യം:
“താൻ വി. ടി. യെ കണ്ടോ?”
“എവിടെ?” എന്റെ ചോദ്യം.
“സന്ദർശക മുറിയിലുണ്ടു്. താനങ്ങോട്ടു പോയില്ലേ?”
“ഇല്ല.”
”അവിടെ ഇരിപ്പുണ്ടു്.”
കേട്ടപാതി കേൾക്കാത്തപാതി, ഞാൻ ധൃതിവെച്ചു നടന്നു. സന്ദർശകമുറിയിലെത്തി. എല്ലാവരെയും മാറി മാറി സൂക്ഷിച്ചുനോക്കി. മുമ്പെവിടെയോ പടം കണ്ടിട്ടുണ്ടു്. അതിലൂടെ മനസ്സിൽ പതിഞ്ഞ രൂപത്തിന്റെ അടയാളം തേടുകയായിരുന്നൂ ഞാൻ. ഒരു മൂലയിൽ ആരേയും ശ്രദ്ധിക്കാതെ ആരാലും ശ്രദ്ധിക്കപ്പെടാതെ, ഒരു ഒചറിയ മനുഷ്യനിരിക്കുന്നു. അതായിരിക്കുമോ? അംഗീകരിക്കാൻ മനസ്സു് കൂട്ടാക്കുന്നില്ല. ആണെങ്കിൽ തന്നെ എങ്ങനെ ചെന്നു പരിചയപ്പെടും? സംസാരിക്കും? വല്ലാത്ത വിഷമസന്ധി. അതിനു വിരാമമിട്ടുകൊണ്ടു പി. സി. യുടെ ശബ്ദം:
“ഓ! താനിനിയും കണ്ടില്ലേ?” അങ്ങനെ ചോദിച്ചുകൊണ്ടു് പി. സി. മുമ്പോട്ടു നടക്കുന്നു; ഒപ്പും ഞാനും.
“ഇതാ—ഇതാണു് വി. ടി.”
ഞാൻ ഒതുങ്ങിനിന്നു. അപ്പോൾ പി. സി. എന്നെ പരിചയപ്പെടുത്തുന്നു. ഉടനെ ആ പഴയ കണ്ണട മൂക്കത്തൊന്നുറപ്പിച്ചുവെച്ചു് അദ്ദേഹം എഴുന്നേൽക്കുന്നു; ഞാൻ തലകുനിച്ചു, അദ്ദേഹം എന്റെ മൂർദ്ധാവിൽ കൈവെച്ചനുഗ്രഹിക്കണേ എന്ന പ്രാർത്ഥനയോടെ. പക്ഷേ, അതുണ്ടായില്ല. അതിനുള്ള ഭാഗ്യം എനിക്കില്ലെന്നർത്ഥം. അദ്ദേഹം എന്നെ ചേർന്നു നിന്നുകൊണ്ടു് എന്റെ പുറം വാത്സല്യത്തോടെ തലോടി. ഏറെ പുണ്യം ചെയ്തു തഴമ്പിച്ച ആ കൈകൾകൊണ്ടുള്ള സ്പർശം, എന്നിലുളവാക്കിയ അനുഭൂതി എന്തെന്നു വിവരിക്കുക പ്രയാസം. എന്തെല്ലാം കാണുകയും കേൾക്കുകയും ചെയ്ത മനുഷ്യൻ. ഒരു സമുദായത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി, അതിലള്ളിപ്പിടിച്ചുനിന്ന ദുഷിച്ച ആചാരങ്ങൾക്കും സമ്പ്രദായങ്ങൾക്കുമെതിരെ, മുരടിച്ച യാഥാസ്ഥിതികത്വത്തോടു പടവെട്ടി, പല്ലക്കും ആശ്വാസവും അഭയവും നേടിക്കൊടുത്ത ത്യാഗമൂർത്തിയായ ഒരു വലിയ മനുഷ്യൻ. അദ്ദേഹമാണു് വാമനരൂപത്തിൽ ഒരു കൊച്ചുരൂപനായി എന്റെ മുമ്പിൽ നില്ക്കുന്നതെന്നു ഞാനെന്നോടു തന്നെ പലവട്ടം പറയുകയായിരുന്നു. ദൈവമേ, ആയിരമായിരം ശാഖകളാകാശത്തിൽ പരത്തി, അനേകർക്കു തണലും തണുപ്പും നല്ക്കുന്ന മഹാ ബോധിവൃക്ഷത്തിന്റെ ചെറിയൊരു വിത്തു്, അതെ, അതുതന്നെ; അല്ലെങ്കിൽ അതു പോലെതന്നെ. വി. ടി. ഭട്ടതിരിപ്പാടിനെ ആദ്യമായി കണ്ടു ഞാൻ നിർവൃതികൊണ്ടു. എം. ഗോവിന്ദനും കേളപ്പജിയും എൻ. പി. ദാമോദരനും മറ്റും പലവട്ടം പറഞ്ഞു് അദ്ദേഹത്തിന്റെ അപദാനങ്ങൾ ഞാൻ മനസ്സിലാക്കിയിരുന്നു. നേരിൽ കണ്ടപ്പോൾ, അതിവിനയത്തിന്റെ ചിരിയേറ്റപ്പോൾ, അകൃത്രിമവാത്സല്യത്തിന്റെ സ്പർശനമേറ്റപ്പോൾ എന്റെ മനസ്സ് ആദരവുകൊണ്ടും ആരാധനകൊണ്ടും നിറഞ്ഞു വഴിയുക തന്നെ ചെയ്തു. പിന്നെയും പലവട്ടം, എനിക്കാ സൗഭാഗ്യം അനുഭവിക്കാൻ അവസരമുണ്ടായിട്ടുണ്ടു്.
വി. ടി. യോടൊപ്പം മനസ്സിലെത്തുന്ന രണ്ടു വിശിഷ്ടവ്യക്തികളാണു് എം. ആർ. ബി. യും പ്രേംജിയും. പ്രേംജിയെ മുമ്പും ഞാനോർത്തിട്ടുണ്ടിവിടെ. ഇനിയും ഓർക്കും, എന്നും ഓർക്കും. ഓർക്കുന്തോറും മനസ്സിനു കുളുർമ്മ നല്കുന്ന പേരുകളാണിതെല്ലാം. എന്നു് എവിടെവച്ചു കണ്ടു, മനസ്സിൽ പ്രതിഷ്ഠിച്ചു എന്നൊന്നും പറയാൻവയ്യ. എന്നും ഇവരെന്റെ മനസ്സിലുണ്ടു്. ഞാനെന്റെ ആദരവിന്റെ വീരാളിപ്പട്ടു വിരിച്ചവരെ അകത്തളത്തിലിരുത്തി സ്നേഹത്തിന്റെ പനിനീർ തളിക്കൽ തുടങ്ങീട്ടു് ‘ശ്ശി’ കാലായി. കരുതലോടെ തിരഞ്ഞെടുത്ത കമനീയ പദങ്ങളെക്കൊണ്ടു് ഗദ്യം പദ്യമാക്കുന്ന ഇന്ദ്രജാലക്കാരനാണു് എം. ആർ. ബി. പ്രകൃതിചിത്രമാവട്ടെ, വ്യക്തികളുടെ തൂലികാചിത്രമാവട്ടെ; സംഭവ വിവരണമാവട്ടെ; എം. ആർ. ബി. കൈവെക്കുന്നതെന്തും കവിതയാവുന്നു. സംഭാഷണവും കവിതതന്നെ. ആ നോട്ടത്തിലും ചിരിയിലും ഭാവപ്രകടനങ്ങളിലുമുണ്ട് കവിത. അതുകൊണ്ടാവണം എന്നും ആരോടും ഒരേരീതിയിലുള്ള സൗഹൃദം സൂക്ഷിച്ചുപോരാനദ്ദേഹത്തിനു കഴിയുന്നതു്. നല്ലതെന്തിനും വേണമല്ലോ ഒരു കവിഹൃദയം.
എം. ആർ. ബി. യോടാപ്പം മഹാകവി ഒളപ്പമണ്ണയെ ഞാനോർത്തു പോയാൽ ആരും തെറ്റുപറയില്ലെന്നാണെന്റെ വിശ്വാസം. കാരണം, രണ്ടുപേരേയുമൊരുമിച്ചു പലവട്ടം ഞാൻ കണ്ടിട്ടുണ്ടു്. ഇവിടെയൊരു ചോദ്യം വരാം. മഹാകവി ജി. യുടെയൊപ്പം, പി. സി. യുടെ ഒപ്പം; ഡോക്ടർ എം. സി. വാസുദേവനൊപ്പം എം. ആർ. ബി. യെ കണ്ടിട്ടില്ലേ എന്ന്. ശരിയാണു്, കണ്ടിട്ടുണ്ടു്. മുണ്ടശ്ശേരി മാഷോടൊപ്പവും കണ്ടിട്ടുണ്ടു്. ഇപ്പോൾ എനിക്കൊരു സംശയം. ഇപ്പറഞ്ഞർവക്കൊപ്പം എം. ആർ. ബി. യെ കണ്ടതോ, അതോ എം. ആർ. ബി. ക്കൊപ്പം അവരെ കണ്ടതോ എന്നു്. രണ്ടായാലും ആരും എം. ആർ. ബി. യുടെ സാന്നിധ്യം, കൊതിക്കുമെന്നു സ്പഷ്ടം. പാലപ്പൂവിന്റെ നറുമണവും പനിനീർപ്പൂവിന്റെ സൗന്ദര്യവും ഉൾക്കൊള്ളുന്ന ഒട്ടേറെ ശ്രേഷ്ഠകവിതകളുടെ സ്രഷ്ടാവെന്ന നിലയിൽ സഹൃദയലോകത്തിന്റെ ആദരവും സ്നേഹവും നേടിയ ഒളപ്പമണ്ണയെ മഹാകവിയെന്നു ചേർത്തു വിളിക്കുമ്പോൾ എനിക്കെന്തോ ഒരു വിമ്മിട്ടം. അദ്ദേഹവുമായി എനിക്കെന്തോ ഒരകൽച്ച വന്നുപോകുന്നുണ്ടോ എന്നു സംശയം. ഒളപ്പമണ്ണ—അനായാസമായി സംബോധനചെയ്യാവുന്ന, ഭംഗിയുള്ള, കവിതയുടെ ചെറിയൊരു മണിമുഴക്കമുള്ള ആ പേരു് മനസ്സിൽ വേരുറപ്പിച്ചുപോയതാണു് അതുകൊണ്ടുണ്ടാവുന്ന വിമ്മിട്ടമാവണം.
ഒരു വീഴ്ച. കവിതയിൽ നിന്നല്ല. നടക്കുമ്പോളൊരു വീഴ്ച. കാലിനു പരുക്ക്. കോഴിക്കോടു് മെഡിക്കൽ കോളേജിൽ കിടപ്പ്. ആ കാലത്താണു് മഹാകവി ഒളപ്പമണ്ണയുമായി ഞാൻ ഏറെ അടുപ്പത്തിലാവുന്നതു്. അതിനു മുമ്പെ അറിയാം. കണ്ടിട്ടുണ്ടു്. കവിതവഴി ധാരാളം പരിചയിച്ചിട്ടുമുണ്ടു്. കുടുംബസമേതം മെഡിക്കൽ കോളേജിൽ കഴിയുന്ന കാലത്തു് ചില ദിവസങ്ങളിൽ അദ്ദേഹത്തെ സന്ദർശിക്കാൻ ഞാൻ എത്തും. ചിലപ്പോൾ ആ യാത്ര ഡോക്ടർ വാസുദേവനോടൊപ്പമായിരിക്കും. ഏറെനേരം ഞങ്ങൾ സംസാരിക്കും. നേരമ്പോക്കു പറഞ്ഞു ചിരിക്കും. അദ്ദേഹത്തിന്റെ വേദനയ്ക്കാശ്വാസം കിട്ടി മനസ്സു തണുക്കട്ടെയെന്നു് കരുതി ഞാൻ വാതോരാതെ പലതും അന്നു സംസാരിച്ചിട്ടുണ്ടാവും. ഏറെയും വിഡ്ഡിത്തങ്ങളുമായിരിക്കണം. എങ്കിലും അതിലദ്ദേഹത്തിനിഷ്ടക്കേടില്ലെന്നും ഒരു കോമാളിയുടെ സാന്നിധ്യം തനിക്കേറ്റവും അത്യാവശ്യമായ സമയമാണെന്നും അദ്ദേഹം കരുതിയിരിക്കണം. വേണമെങ്കിൽ ഇത്രയും കൂടി എനിക്കിവിടെ എഴുതിച്ചേർക്കാം: ഞാനദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ടു്; സ്നേഹപൂർവ്വം അദ്ദേഹമെന്ന സ്വീകരിച്ചിരുത്തീട്ടുണ്ടു്; കുശലപ്രശ്നം നടത്തീട്ടുണ്ട്; ഭക്ഷണം തന്നിട്ടുണ്ടു്—എന്നെല്ലാം. എന്തായാലും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കൊപ്പം ഒരു പുല്പായ എനിക്കും അദ്ദേഹം വിരിപ്പിച്ചു തന്നിട്ടുണ്ടെന്നാണെന്റെ വിശ്വാസം.
ഒരു ഗദ്ഗദത്തോടുകൂടി മാത്രമേ എനിക്കു പൂമുള്ളി രാമൻനമ്പൂതിരിപ്പാടിനെ ഓർക്കാൻ കഴിയൂ. എന്തൊരു വിശാലഹൃദയനായിരുന്നു. അദ്ദേഹം. ആകാശവാണിയുടെ ആരംഭ കാലം തൊട്ടു്, പതിവായദ്ദേഹത്തിന്റെ സാന്നിധ്യം അവിടെ ഉണ്ടാകുമായിരുന്നു. കർണ്ണാടക സംഗീതത്തിലും ഉത്തരേന്ത്യൻ സംഗീതത്തിലും ഒരുപോലെ പ്രാവീണ്യം നേടിയ മനുഷ്യൻ. ആധികാരികമായി നാടൻകലകളെപ്പറ്റി എത്ര വേണമെങ്കിലും സംസാരിക്കും. നാടൻശീലുകൾ പാടും. നാടൻ വാദ്യങ്ങൾ സമർത്ഥമായി പ്രയോഗിക്കും. അന്നൊക്കെ ആകാശവാണിക്കുവേണ്ടി അദ്ദേഹം ഒരുക്കിത്തരുന്ന പരിപാടികൾ എത്രമേൽ ആസ്വാദ്യതരങ്ങളായിരുന്നുവെന്നും അതു കേൾക്കാനും ശ്രദ്ധിക്കാനും കഴിഞ്ഞവർക്കറിയാം. ഇന്നദ്ദേഹം ഒരു ഓർമ്മ മാത്രമാണു് എന്നും താലോലിക്കേണ്ടൊരോർമ്മ.