കറങ്ങുന്ന പങ്കയ്ക്കു കീഴിൽ, ഒന്നാന്തരം വിരിയിട്ടൊരുക്കിയ മേശയ്ക്കു പിറകിൽ രസികനൊരു സ്റ്റീൽ ചെയറിൽ കുഞ്ചുണ്ണിയിരിയ്ക്കുന്നു.
ആളാകെ മാറിയിട്ടുണ്ടു്. മുഖത്തു് അസാധാരണമായ ഗൗരവം. മീശയ്ക്കു കൂടുതൽ മുഴുപ്പു്. മേത്തരം തുണികൊണ്ടു് തൈപ്പിച്ച ജുബ്ബ അലക്കിത്തേച്ചെടുത്തപാടാണു്. ഒരു ചുളിപോലും വീണിട്ടില്ല. മുഖത്തും കഴുത്തിലും അവിടവിടെ പൗഡർ ഒട്ടിപ്പിടിച്ചു നില്പുണ്ടു്. വിലകൂടിയ തൈലം പുരട്ടിയാണു് തലമുടി ഒതുക്കിവെച്ചതു്. ചുണ്ടത്തു സിഗരറ്റ് പുകയുന്നു. കയ്യിൽ കത്രികയുമുണ്ടു്.
രാവിലത്തെ തപാലുരുപ്പടികൾ പരിശോധിക്കുകയാണു് കുഞ്ചുണ്ണി. കവറുകളോരോന്നും അറ്റം കത്രിച്ചു് ഉള്ളടക്കം വലിച്ചെടുത്തു് വായിക്കുന്നു. നാനാതരം ആക്ഷേപങ്ങളും അപവാദങ്ങളുമാണു് മുമ്പിൽ ഒഴുകി വന്നുവീണതു്. ഇടയ്ക്കു ഭീഷണിക്കത്തുകളുമുണ്ടാവും.
സാരമില്ല.
പല തവണ മുമ്പും അങ്ങിനെയുണ്ടായിട്ടുണ്ടു്. വാക്കുകളിലൊതുങ്ങാതെ കൈക്രിയയോളമെത്തുന്ന ഭീഷണികളെ നേരിട്ടിട്ടുണ്ടു്. വെറും പൂമെത്ത മാത്രമായിട്ടൊരു ജീവിതമില്ല.
വായിച്ചുകഴിഞ്ഞാൽ തള്ളേണ്ടവ ചവറ്റുകൊട്ടയിലേക്കെറിയുന്നു. മറ്റുള്ളവ ഫയലിലേക്കു മാറ്റി വെക്കുന്നു. ഇടയ്ക്കിടെ വർണ്ണപ്പൊലിമയാർന്ന തൂവാലയെടുത്തു് നെറ്റിയിലും കവിളിലുമുള്ള വിയർപ്പു് ഒപ്പിയെടുക്കുന്നു.
‘തീപ്പന്ത’ത്തിന്നു് വെച്ചടി വെച്ചടി കേറ്റമാണു്. ദിവസമെന്നോണം കോപ്പികൾ വർദ്ധിപ്പിക്കുന്നു. എന്നിട്ടും ആവശ്യക്കാരെ തൃപ്തിപ്പെടുത്താൻ കഴിയുന്നില്ല. നഗരവാസികളിൽ ബഹുഭൂരിപക്ഷത്തിനിഷ്ടമാണു് തീപ്പന്തം. അവർ ആഹ്ലാദത്തോടെ വയിച്ചു രസിക്കുന്നു. അല്പം ചില കോണുകളിൽ ധാർമ്മികരോഷത്തിന്റെ മുറുമുറുപ്പു് പൊങ്ങി വന്നെങ്കിലും ഭൂരിപക്ഷത്തിന്റെ ആഹ്ലാദപ്രകടനത്തിലതു് മുങ്ങിപോയി. അതു കണ്ടു് കുഞ്ചുണ്ണിയ്ക്കു ലഹരി പിടിച്ചു. ലഹരിയിലൂടെ അല്പം അഹന്തയുമുണ്ടായി.
എന്നും രാവിലെ സന്ദർശകരെക്കൊണ്ടുള്ള തിരക്കാണു് കുഞ്ചുണ്ണിയ്ക്കു്. അവർ പറ്റം പറ്റമായി വരുന്നു. അധികവും പാർട്ടി പ്രവർത്തകരാണു്. കുഞ്ചുണ്ണിയ്ക്കു് സ്വന്തമായൊരു പാർട്ടിയോ രാഷ്ട്രീയാഭിപ്രായമോ ഇല്ലാത്തതുകൊണ്ടു് എല്ലാ പാർട്ടികളിലുള്ളവരും ‘തീപ്പന്ത’ത്തിന്റെ സഹായമഭ്യർത്ഥിച്ചുകൊണ്ടുവരുന്നു.
മഹാനഗരം പണ്ടെന്നോ മനുഷ്യനെ മറന്നുപോയിരിക്കുന്നു. നഗരവാസികൾ ഒന്നടങ്കം പല പാർട്ടികളിലായി അംഗത്വം വരിച്ചപ്പോൾ മനുഷ്യരുടെ പ്രശ്നം ഇല്ലാതായി. മനുഷ്യസ്നേഹം, മനുഷ്യദുഃഖം, മനുഷ്യഹിതമെന്നൊക്കെ പറയുന്നതിനുപകരം, പാർട്ടി സ്നേഹം, പാർട്ടി ദുഃഖം, പാർട്ടി ഹിതമെന്നു് പറയാൻ തുടങ്ങിയിരിക്കുന്നു. അതുകൊണ്ടു് മനുഷ്യരുടെ കാര്യം പറഞ്ഞുകൊണ്ടു് കുഞ്ചുണ്ണിയെ ആരും സമീപിക്കുന്നില്ല. എല്ലാവർക്കും പാർട്ടിയുടെ കാര്യമാണു്. അതുമാത്രമാണു് പറയാനുള്ളതു്.
പാർട്ടികൾ തമ്മിൽ മത്സരവും കാലു വാരലും എപ്പോഴും നടക്കുന്നു. ഒരു പാർട്ടി നശിച്ചാൽ മറ്റൊരു പാർട്ടിക്കു് വളമാവുന്നു. വളത്തിനുവേണ്ടി പാർട്ടികൾ ഓടിനടക്കുന്നു.
പാർട്ടികളെ നശിപ്പിക്കാനുള്ള എളുപ്പവഴി നേതാക്കന്മാർക്കു അപവാദം പറയലാണു്. അവരെ തൊലിയുരിച്ചു കാണിക്കലാണു്. അവരുടെ സദാചാരബോധത്തെ ചോദ്യം ചെയ്യലാണു്, സത്യസന്ധതയെ വിലയിരുത്തലാണു്. അതിന്നുവേണ്ടി വിവിധ പാർട്ടികളിലെ പ്രവർത്തകർ കുഞ്ചുണ്ണിയെ സമീപിക്കുന്നു. എന്നിട്ടു് എല്ലാവരും പറയുന്നു.
“ഞങ്ങൾ ബഹുജനഹിതത്തിന്നും ക്ഷേമത്തിന്നും വേണ്ടിയാണു് നിലകൊള്ളുന്നതു്.”
“ശരിയാണു്.”
കുഞ്ചുണ്ണിയ്ക്കെതിരില്ല.
“സത്യത്തിന്റെ പന്ഥാവിൽനിന്നു് ഞങ്ങൾ എള്ളിട ചലിക്കില്ല.”
“ഇല്ല.”
“നീതിയും ധർമ്മവും എന്നും ഞങ്ങളുടെ കൂടെയുണ്ടാവും.”
“ഉണ്ടാവും.”
“മറ്റുള്ളവരാരും അങ്ങിനെയല്ല.”
“അല്ല.”
“അവർ പൊതുജനങ്ങളെ വഞ്ചിക്കുകയാണു്.”
“ആണു്.”
“അവരുടെ നേതാക്കന്മാർ ജനങ്ങളെ വഴിതെറ്റിക്കുന്നു.”
“തെറ്റിയ്ക്കുന്നു.”
“പ്രസംഗവേദിയിൽ കയറി വാചകമടിയ്ക്കുന്നു. യാതൊരു തത്വദീക്ഷയുമില്ലാതെ പ്രവർത്തിയ്ക്കുന്നു.”
“പ്രവർത്തിയ്ക്കുന്നു.”
“ഇങ്ങനെ പോയാൽ നാടു നശിയ്ക്കും.”
“തകരും”
“അവയെ തുറന്നടിച്ചാക്ഷേപിക്കണം. ആക്ഷേപിച്ചു നശിപ്പിയ്ക്കണം. ജനവഞ്ചന തുറന്നുകാട്ടണം.”
“കാട്ടണം.”
എല്ലാ പാർട്ടിക്കാർ പറയുന്നതും കുഞ്ചുണ്ണി സമ്മതിക്കും. എല്ലാവരുടെ അഭിപ്രായത്തോടും കുഞ്ചുണ്ണി യോജിക്കും. പക്ഷെ, അപകടസൂചന നൽകാൻ മറക്കില്ല.
“എന്റെ ജീവൻ അപകടത്തിലാവും.”
“ഞങ്ങളുണ്ടു്.”
“എന്റെ പത്രം ഒരു പാർട്ടിയിലുള്ളവരോ ഒരു പ്രത്യേക വിഭാഗത്തിൽ പെട്ടവരോ വായിച്ചാൽ പോരാ.”
“പോരാ,”
“നിങ്ങളുടെ നിർദ്ദേശം സ്വീകരിച്ചാൽ എന്റെ പത്രം നശിയ്ക്കും, ഞാനും നശിയ്ക്കും.”
“ഞങ്ങളുടെ പാർട്ടി നിലനില്ക്കുന്ന കാലത്തോളം അങ്ങിനെ വരില്ല. ഞങ്ങൾ ബഹുജനപ്പാർട്ടിയാണു്. നിങ്ങളുടെ കൂടെ എപ്പോഴും ഞങ്ങളുണ്ടാവും.”
പറഞ്ഞുപറഞ്ഞു് എല്ലാവരെക്കൊണ്ടും കുഞ്ചുണ്ണി പ്രതിജ്ഞയെടുപ്പിക്കും. ഒരു വേശ്യയെപ്പോലെ എല്ലാവരോടും ചേർന്നിനില്ക്കും, എല്ലാവരോടും ചിരിയ്ക്കും. എല്ലാവരേയും സ്നേഹിക്കുന്നതായി ഭാവിയ്ക്കും. എന്നിട്ടു് ആനുകൂല്യങ്ങൾ മുഴുവൻ നേടിയെടുക്കും.
അങ്ങിനെ തീപ്പന്തത്തിന്റെ യുദ്ധഭൂമിയിൽ പല പാർട്ടികളുടെ നേതാക്കന്മാരും തേരറ്റു്, കുതിരയറ്റു്, കഴുത്തറ്റു് നിലം പൊത്തി. ആരും പിന്നെ തല പൊക്കില്ല. കാരണം, കളവു്, വഞ്ചന, മദ്യപാനം, വ്യഭിചാരം തുടങ്ങിയ മൂർച്ചയേറിയ ആയുധങ്ങളാണു് കുഞ്ചുണ്ണി തൊടുത്തുവിട്ടതു്.
ഒരു പാർട്ടിയുടെ നേതാവു് വീഴുമ്പോൾ മറുപാർട്ടികളിലുള്ളവർ കൈകൊട്ടി ചിരിച്ചഹങ്കരിക്കും. ഒന്നായി ചേർന്നു കുഞ്ചുണ്ണിയെ അനുമോദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അതുകൊണ്ടു് കുഞ്ചുണ്ണിയ്ക്കു എന്തും ആരേപ്പറ്റിയും പേടികൂടാതെ പറയാമെന്നായി.
പാർട്ടിക്കാരുടെ സന്ദർശനത്തിരക്കു് കഴിഞ്ഞാൽ ടൈറ്റ് പാന്റും ടെറിളിൻ സ്ലാക്കും, തലയിൽ കുരുവിക്കൂടുമുള്ള സുന്ദരക്കുട്ടന്മാർ കുഞ്ചുണ്ണിയെത്തേടിയെത്തുകയായി. എല്ലാം പ്രേമനൈരാശ്യം ബാധിച്ചവരാണു്. അവർക്കു പ്രേമത്തെ തിരിഞ്ഞുചവുട്ടി പക വീട്ടണം. കുഞ്ചുണ്ണിയ്ക്കപ്രിയമില്ല.
പേരു കൊടുക്കുന്നു! വിലാസം കൊടുക്കുന്നു. നിറവും വലുപ്പവും കൊടുക്കുന്നു. അച്ഛനമ്മമാരെപ്പറ്റിയുള്ള വിവരങ്ങൾ കൊടുക്കുന്നു; പിറകെ അപവാദത്തിന്റെ ഒരു പൊതിയും. എല്ലാം കഴിഞ്ഞാൽ കുഞ്ചുണ്ണി ആലോചനാമഗ്നനായി തെല്ലിട മൗനംകൊള്ളുന്നു. പിന്നെ സംഭാഷണമാണു്.
“പറഞ്ഞതെല്ലാം സത്യമല്ലേ?”
“അതെ, പരമസത്യം.”
“എനിയ്ക്കൊരു നിർബ്ബന്ധമുണ്ടു്. ഒരു കടുകുമണിയോളം അസത്യം എന്റെ പത്രത്തിൽ അടിച്ചുവരാൻ പാടില്ല.”
“തീർച്ചയായും.”
“കടലാസ്സിന്നു തീപ്പിടിച്ച വിലയാണു്. ഇതു് വെറുതെ കിട്ടുന്നതല്ല.”
“അല്ല.”
“തീപ്പിടിച്ച വില കൊടുത്തു വാങ്ങുന്ന കടലാസ്സു് അസത്യം പ്രചരിപ്പിയ്ക്കാൻ ഉപയോഗിച്ചുകൂടെന്നു് തീരുമാനിച്ചിരിയ്ക്കുകയാണു് ഞാൻ.”
“നല്ലതു്.”
“മഷിയ്ക്കും വിലയുണ്ടു്.”
“ഉണ്ടു്.”
“കമ്പോസിറ്റർക്കു ശമ്പളം കൊടുക്കണം.”
“വേണം.”
“പത്രം വിൽക്കുന്ന പിള്ളർക്കു പ്രതിഫലം കൊടുക്കണം.”
“കൊടുക്കണം.”
“പത്രത്തിന്റെ വില വളരെ തുച്ഛമാണു്.”
“അല്പമൊന്നു കൂട്ടിക്കൂടെ?”
“നല്ല കാര്യം! ഈ വിലതന്നെ തരാൻ വായനക്കാർ വിഷമിയ്ക്കുന്നു.”
“അന്യായം.”
“അല്ല, ന്യായം. കാശുണ്ടെങ്കിൽ എന്തു വിലതന്നും അവരെന്റെ പത്രം വാങ്ങുമെന്നെനിയ്ക്കുറപ്പുണ്ടു്. അവരുടെ കയ്യിൽ കാശില്ല. തീപ്പന്തം മുടങ്ങാതെ വായിക്കുന്നവർ പാവങ്ങളാണെന്നറിയാമല്ലോ.”
“അറിയാം.”
“പരസ്യംകൊണ്ടാണു് പിന്നെ നഷ്ടം നികത്തേണ്ടതു്. ഇവിടെ പരസ്യം തരേണ്ടതാരാണു്? പൂഴ്ത്തി വെപ്പുകാരും കരിഞ്ചന്തക്കാരും പിടിച്ചുപറിക്കാരുമായ മുതലാളിമാർ. അവർ തീപ്പന്തത്തെ സഹായിയ്ക്കുമെന്നു് തോന്നുന്നുണ്ടോ?”
“ഇല്ല.”
“അവരുടെ നമ്പർ വൺ ശത്രുവാണു് തീപ്പന്തം. നമ്പർ ടൂ ഞാനും. എന്നെ കൂലികൊടുത്തു് കൊല്ലിയ്ക്കാനവർ തരം പാർത്തു നില്ക്കുന്നു.”
“അതു ഞങ്ങൾക്കറിയാം.”
“തല പണയംവെച്ചാണു് പത്രം നടത്തുന്നതു്. അതും നഷ്ടം സഹിച്ചു്. എന്തിനുവേണ്ടി? നാട്ടുകാരുടെ നന്മയ്കുവേണ്ടീ.”
“നിങ്ങളുടെ ഒരു രോമത്തിനുപോലും കേടുവരില്ല. ബഹുഭൂരിപക്ഷം നിങ്ങളുടെ ഭാഗത്തുണ്ടു്.”
‘അക്കൂട്ടത്തിൽ നിങ്ങളും പെടില്ലേ?”
“പെടും.”
“എങ്കിൽ എനിയ്ക്കു് വീരപ്രതിജ്ഞയല്ല വേണ്ടതു്.”
“എന്താ വേണ്ടതെന്നു് പറയൂ.”
കുഞ്ചുണ്ണി പറയുന്നു. സുന്ദരക്കുട്ടന്മാരുടെ പേഴ്സ് വായ തുറക്കുന്നു. കുഞ്ചുണ്ണിയുടെ ജുബ്ബ പാതാളംപോലെ അഗാധമായ പോക്കറ്റു കൊണ്ടനുഗ്രഹീതമാണു്. പേഴ്സ് ഛർദ്ദിച്ചതു് പോക്കറ്റു് വിഴുങ്ങുന്നു.
എല്ലാം ഭദ്രം.
കുഞ്ചുണ്ണിയുടെ ഓരോ പ്രഭാതവും അങ്ങിനെ വർണ്ണപ്പൊലിമയുള്ളതാവുന്നു. നല്ല ജുബ്ബയും വിലകൂടിയ പൗഡറും, സുഗന്ധതൈലവും കുഞ്ചുണ്ണിയ്ക്കു് മനോഹാരിത നേടിക്കൊടുക്കുന്നു!
തപ്പാലുരുപ്പടികൾ നോക്കിത്തീരുമ്പോൾ ഓഫീസ് ബോയ് ഒരു കപ്പ് ചായ മേശപ്പുറത്തെത്തിയ്ക്കുന്നു. എന്നുമുളള പതിവാണതു്.
ചായ അല്പാല്പം രുചിച്ചുകൊണ്ടു്, സിഗററ്റ് അമർത്തിവലിച്ചു് പുക വിട്ടുകൊണ്ടു് കുഞ്ചുണ്ണി കസേരയിൽ ചാരിയിരിക്കുന്നു.
അപ്പോൾ മേശപ്പുറത്തു് അട്ടിയ്ക്കുവെച്ച പ്രഭാതപത്രങ്ങൾ ശ്രദ്ധയിൽ പെടുന്നു. സന്ദർശകരുടെ തിരക്കു വർദ്ധിക്കുന്നതിനുമുമ്പു് പത്രങ്ങളെല്ലാം ഒരിമിച്ചു നോക്കിക്കളയാമെന്നുവെച്ചു.
ഒരെണ്ണമെടുത്തു് നിവർത്തിയപ്പോൾ ഒന്നാം പേജിൽതനെ ഒരു വലിയ ഫോട്ടോ പ്രത്യക്ഷപ്പെടുന്നു. കുഞ്ചുണ്ണി അതിനടിയിലെ പേരു വായിച്ചു.
“പരമാനന്ദയോഗിവര്യൻ.”
എന്തു്? പേരുവായിച്ചപ്പോൾ അല്പമൊരമ്പരപ്പുണ്ടായി. ആരായിരിക്കാമിതു്? കുഞ്ചുണ്ണി ആലോചിച്ചു. വാസുമുതലാളിയുടെ വീട്ടിൽ ഒരു സിദ്ധൻ വന്നുചേർന്ന കഥ പറഞ്ഞുകേട്ടിട്ടുണ്ടു്.
തുടർന്നു് വാർത്ത വരുന്നു.
“പന്ത്രണ്ടു് കൊല്ലം ഭക്ഷണമില്ലാതെ ഒരക്ഷരം സംസാരിക്കാതെ അവധൂതനായിട്ടു് തെണ്ടുന്ന മഹാസിദ്ധൻ!”
പന്ത്രണ്ടുകൊല്ലം നീണ്ടുനിന്ന നിരാഹാരവ്രതം. മൗനവ്രതം!
ഓ! ഇതു് വാസുമുതലാളിയുടെ വീട്ടിൽ വന്ന സിദ്ധനായിരിയ്ക്കില്ല. കുഞ്ചുണ്ണി ആശ്വാസപൂർവ്വം വായന തുടർന്നു.
“മഹാനഗരത്തെ അനുഗ്രഹിക്കാനെത്തിയ ഓ യോഗിവര്യൻ എന്നും വൈകീട്ടു് ഭക്തജനങ്ങൾക്കു് ദർശനം നല്കുന്നു. ഭജനയിൽ പങ്കെടുക്കാനും യോഗിവര്യന്റെ അനുഗ്രഹാശിസ്സുകൾ നേടാനും ആഗ്രഹിക്കുന്നവർ, ദാനശീലനും പരമഭക്തനുമായ വാസുമുതലാളിയുടെ ബംഗ്ലാവിന്നു മുമ്പിലെത്തിയാൽ മതി. എന്നും രാത്രി എട്ടിന്നും എട്ടരയ്ക്കുമിടയിൽ യോഗിവര്യൻ ബംഗ്ലാവിന്റെ ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ടു് ഭക്തജനങ്ങൾക്കു് ദർശനം നല്കുന്നു.”
“ഥൂ.”
കുഞ്ചുണ്ണീ കാറിത്തുപ്പി. പത്രം ചുരുട്ടി മടക്കി ചവറ്റുകൊട്ടയിലെറിഞ്ഞു.
“ദാനശീലൻ.”
കുഞ്ചുണ്ണി പല്ലു കടിച്ചു് പിറുപിറുത്തു.
“പരമഭക്തൻ.”
എന്തൊരു കൊലച്ചതി! ജനങ്ങളുടെ സ്നേഹാദരങ്ങൾ തട്ടിയെടുക്കാൻ ആ ദുഷ്ടൻ കണ്ടുപിടിച്ചൊരു മാർഗ്ഗം. ഇതനുവദിക്കരുതു്.
കുഞ്ചുണ്ണി അക്ഷമനായെഴുന്നേറ്റു് മുറിയിലങ്ങോട്ടുമിങ്ങോട്ടും നടന്നു. വല്ലാത്ത അസ്വാസ്ഥ്യം. ആകെ വിയർക്കുന്നു. എല്ലാ പരിപാടികളും അപ്പാടെ തകർന്നുപോയി. നടക്കുന്നതിനിടയിൽ മറ്റു പത്രങ്ങളും നിവർത്തിനോക്കി. എല്ലാറ്റിലും യോഗിവര്യന്റെ പടം. വാസുമുതലാളിയുടെ അപദാനങ്ങൾ!
പ്രതീക്ഷിക്കാത്ത വഴിക്കാണു് കാര്യങ്ങൾ നീങ്ങിയതു്. സമർത്ഥമായി ഇതിനെ നേരിടണം.
വക്കച്ചൻ വാതിൽ തള്ളിത്തുറന്നു് അകത്തുകടന്നു് രണ്ടുപേരും അല്പനേരം മിണ്ടാതെ മിഴിച്ചു നോക്കി നിന്നു. വക്കച്ചന്റെ മുഖത്തും അമ്പരപ്പിന്റെ അടയാളമുണ്ടു്.
“പത്രത്തിന്നു് മുടക്കിയ പണം വെള്ളത്തിലായി.”
വക്കച്ചനാണാദ്യം സംസാരിച്ചതു്. കുഞ്ചുണ്ണി ഒന്നും മനസ്സിലാവാത്ത പോലെ നിന്നു. വക്കച്ചന്റെ സ്വരം അല്പം പരുക്കനായിരുന്നു.
“വലിയ മഠത്തരം പറ്റി. ഇനി പറഞ്ഞിട്ടു് കാര്യമില്ല. ”
“അതെന്താ മുതലാളീ.”
കുഞ്ചുണ്ണി ചോദിച്ചു.
“എന്താണെന്നോ?”
വക്കച്ചന്റെ സ്വരം കൂടുതൽ കർക്കശമായിരുന്നു.
“നിങ്ങൾക്കറിയില്ലേ? ഇല്ലെങ്കിൽ പറഞ്ഞുതരാം. ഞാൻ പത്രം തുടങ്ങിയതു് ആദായത്തിന്നു വേണ്ടിയല്ല. ആദായത്തിന്നാണെങ്കിൽ എനിയ്ക്കെന്റെ ‘മാക്രി’ ബിസിനസ്സ് മാത്രം മതി. പത്രം തുടങ്ങുമ്പോൾ നിങ്ങളെന്താണെന്നോടു് പറഞ്ഞതു്?”
“എന്താ പറഞ്ഞതു്?”
“ഒരാഴ്ചകൊണ്ടു് വാസുമുതലാളിയെ കീഴടക്കാമെന്നു് പറഞ്ഞില്ലേ? എന്നിട്ടാഴ്ചകളെത്ര കഴിഞ്ഞു?”
“ഒന്നാംപേജ് മുതലാളി വായിക്കാറില്ലേ?”
“ഞാൻ രണ്ടാംപേജും വായിക്കാറില്ല. ഞാനെന്തിനിതൊക്കെ വായിക്കണം? ജനങ്ങളല്ലെ വായിക്കേണ്ടതു്? അവർ വായിച്ചിട്ടെന്തായി?”
കുഞ്ചുണ്ണി മിണ്ടിയില്ല. കുഞ്ചുണ്ണി മിണ്ടാത്തതുകൊണ്ടു് വക്കച്ചന്റെ ശുണ്ഠി ഇരട്ടിച്ചു.
“ഒന്നാംപേജിന്റെ മഹത്വം പറയുന്നു. ഒന്നാം പേജിലെഴുതിയെഴുതി വാസുമുതലാളിയ്ക്കു് മാന്യത കിട്ടി. അത്രതന്നെ. നിങ്ങളുടെ എഴുത്തിന്റെ മിടുക്കു്.”
“മുതലാളി അങ്ങിനെ എന്നെ കുറ്റപ്പെടുത്തരുതു്.”
കുഞ്ചുണ്ണിയുടെ ശബ്ദത്തിൽ വേദനയുണ്ടായിരുന്നു.
“എല്ലാവരും സമ്മതിച്ച കാര്യമാണതു്. എന്റെ എഴുത്തിന്നു് ഇന്നോളമാരും കുറ്റം പറഞ്ഞിട്ടില്ല.”
“ഇന്നത്തെ പത്രങ്ങളൊക്കെ നോക്കിയോ നിങ്ങൾ.”
“നോക്കി.”
“എന്തു തോന്നുന്നു?”
“എവിടെയോ പിശകുണ്ടു്.”
“അതും പറഞ്ഞിരുന്നോളൂ. നഗരം ആകെ ഇളകിമറിഞ്ഞിരിക്കുന്നു. വാസുമുതലാളി പരമഭക്തനും ദാനശീലനുമായിരിയ്ക്കുന്നു.”
“ഇല്ല, ജനങ്ങളെ അങ്ങിനെ വിഡ്ഢിയാക്കാൻ കഴിയില്ല.”
“നിങ്ങൾക്കു് ജനങ്ങളെ അറിയില്ല ഹേ, അവരെ എങ്ങിനെയും എളുപ്പത്തിൽ വിഡ്ഢിയാക്കാൻ കഴിയും. ഇല്ലെങ്കിൽ നിങ്ങളിന്നു് ഈ സ്ഥാനത്തിലിരിയ്ക്കുമോ? അതുപോട്ടെ ഇനിയെന്താണാലോചിക്കുന്നതു്.”
“വാസുമുതലാളിയുടെ വീട്ടിൽ വന്നതു് സിദ്ധനല്ലെന്നു് ഞാൻ തെളിയിക്കും.”
“തീർച്ച.”
“തീർച്ച.”
“എന്നാലേ രക്ഷയുള്ളു. ഇല്ലെങ്കിൽ ഈ തീപ്പന്തം ഞാനൂതിക്കെടുത്തും.”
വക്കച്ചൻ അമർത്തിച്ചവിട്ടി പുറത്തേയ്ക്കു് പോയപ്പോൾ കുഞ്ചുണ്ണി കസേരയിൽ തളർന്നു വീണു.