ശരൽക്കാലസന്ധ്യ ആകാശത്തിൽ ചന്ദനത്തിരി കൊളുത്തി നിൽക്കുമ്പോൾ, അറബിക്കടൽ അലമാലകളൊതുക്കി ചെവിടോർത്തു കിടക്കുമ്പോൾ മഹാനഗരത്തിലെ ജൂബിലി മെമ്മോറിയൽ ഹാളിൽ കരഘോഷം മുഴങ്ങി.
വക്കച്ചൻ സന്ദേശങ്ങൾ വായിക്കുകയാണു്.
“സോഷ്യലിസത്തിലേക്കുള്ള മഹത്തായ പ്രയാണത്തിൽ നമ്മുടെ രാഷ്ട്രത്തിനു് ഉത്തേജനവും പ്രചോദനവും നൽകാൻ ‘തീപ്പന്ത’ത്തിന്നു് പരമാവധി കഴിവുണ്ടാവട്ടെ.”
തീപ്പന്തം!
കുഞ്ചുണ്ണിയുടെ പത്രാധിപത്യത്തിൽ, വക്കച്ചന്റെ ഉടമസ്ഥതയിൽ പ്രസിദ്ധീകരണമാരംഭിച്ച സായാഹ്നപ്പത്രം! അതിന്റെ പ്രസിദ്ധീകരണോൽഘാടനമാണു് നടക്കുന്നതു്.
ഗുരു ശങ്കരദാസിന്റെ രണ്ടു ശിഷ്യകളുടെ പ്രാർത്ഥനാഗാനത്തോടുകൂടിയാണു് പരിപാടികളാരംഭിച്ചതു്.
അദ്ധ്യക്ഷപീഠമലങ്കരിച്ച വയോവൃദ്ധനായ നഗര പിതാവു് വൃത്താന്തപത്ര പ്രവർത്തനത്തെപ്പറ്റിയും അഭിപ്രായ സ്വാതന്ത്ര്യത്തെപ്പറ്റിയും അതിദീർഘമായി പ്രതിപാദിച്ചു് ആമുഖഭാഷണമവസാനിപ്പിച്ചപ്പോൾ സന്ദേശങ്ങളുടെ പെരുംഭാണ്ഡവുമായി വക്കച്ചൻ മുമ്പോട്ടു വന്നു.
നാട്ടിന്റെ നാനാഭാഗത്തുനിന്നും സന്ദേശങ്ങളെത്തിയിരുന്നു. ഭരണസാരത്ഥ്യം വഹിക്കുന്നവർ, സമുദായത്തിന്റെ മുകൾത്തട്ടിലിരിക്കുന്നവർ, അഭിഭാഷകർ, ഭിഷഗ്വരർ, വ്യവസായപ്രമുഖർ എന്നിങ്ങനെ പലരും സന്ദേശമയച്ചിരുന്നു. വക്കച്ചനതു മുഴുവനും വായിച്ചുതീർന്നപ്പോൾ, ‘തീപ്പന്ത’ത്തിന്റെ ഒരു പ്രതി ആദരവോടെ നഗരപിതാവിനു് നൽകിക്കൊണ്ടു് കുഞ്ചുണ്ണി പ്രസിദ്ധീകരണോൽഘാടനം നിർവ്വഹിച്ചു. കണ്ണൻകുട്ടിമേനോന്റെ നേതൃത്വത്തിൽ അശ്വഹൃദയത്തിലെ അന്തേവാസികൾ വായ്ക്കുരവയിട്ടുകൊണ്ടു് ആ മംഗളകർമ്മത്തിന്നു മിഴിവിയറ്റി.
തുടർന്നു് മഹാനഗരത്തിലെ പ്രമുഖ വ്യക്തികൾ പലരുമടങ്ങുന്ന സദസ്സിൽ തീപ്പന്തത്തിന്റെ ഒന്നാം ലക്കം സൗജന്യമായി വിതരണം ചെയ്തു.
“മഹാജനങ്ങളേ,”
കുഞ്ചുണ്ണി മൈക്രോഫോണിന്റെ കഴുത്തിൽ കേറി പിടിച്ചുകൊണ്ടു് കൂവി.
“മാലിന്യങ്ങളെ തൂത്തുവാരുകയാണു് ഞങ്ങളുടെ ലക്ഷ്യം. പണവും പ്രതാപവും അധികാരവുമുള്ളവർക്കു് ഇവിടെ എന്തും ചെയ്യാമെന്നൊരു നിലയുണ്ടു്. അതു് ഞങ്ങളനുവദിയ്ക്കില്ല. ഈ മഹാനഗരത്തിൽ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും നടമാടുന്നു. പണക്കാർ കൂടുതൽ പണക്കാരായി തടിയ്ക്കുകയും പാവപ്പെട്ടവർ കൂടുതൽ പാവപ്പെട്ടവരായി മെലിയുകയും ചെയ്യുന്നു. ഞങ്ങളവരുടെ അക്രമങ്ങളൊക്കെ വെളിച്ചത്തു കൊണ്ടുവരും. സ്ത്രീത്വം വില്പനച്ചരക്കാവുന്നേടത്തു് ‘തീപ്പന്തം’ കാട്ടുതീയാവും. അനീതിയെ, അക്രമത്തെ, ധിക്കാരത്തെ, അസാന്മാർഗ്ഗികതയെ ഞങ്ങൾ ചുട്ടുകരിയ്ക്കും. അതിനുവേണ്ടിയാണു് ഈ തീപ്പന്തമിന്നിവിടെ കൊളുത്തിയതു്. ഈ പന്തം എന്നെന്നും ജ്വലിച്ചുകൊണ്ടിരിക്കും. ഇതിന്റെ ചൂടിൽ മര്യാദക്കാർ ചിറകുകളുണക്കും. അക്രമികളും ധിക്കാരികളും കരിഞ്ഞു് വെണ്ണീറാവും. ജയ് ഹിന്ദ്!”
“ജയ് ഹിന്ദ്!”
സദസ്സു് മുഴുവനും ഏറ്റുപറഞ്ഞു…
അപ്പോൾ വാസുമുതലാളിയുടെ ബങ്കളാവിൽനിന്നു് മൂന്നു തവണ ശംഖനാദത്തിലൂടെ പ്രണവം മുഴങ്ങി.
ബങ്കളാവിന്റെ രണ്ടാമത്തെ നിലയിൽ വിശാലമായ ഹാളിൽ, ദന്തനിർമ്മിതമായ രാധാകൃഷ്ണപ്രതിമയുടെ മുമ്പിൽ, പരമാനന്ദയോഗി കണ്ണടച്ചു് ധ്യാനനിമഗ്നനായി പത്മാസനത്തിലിരിക്കുന്നു. യോഗിയ്ക്കും പ്രതിയോഗിയ്ക്കുമിടയിൽ വലിയൊരു പൂക്കൂമ്പാരമുണ്ടു്. വാഴയിലയിൽ ശർക്കരയും അവിലും മലരും കദളിപ്പഴവും കരിമ്പും മുന്തിരിങ്ങയുമുണ്ടു്. വെള്ളിത്തളികയിൽ പഞ്ചാമൃതമുണ്ടു്.
വാസുമുതലാളിയും ഭാര്യയും ക്ഷണിയ്ക്കപ്പെട്ട ചെറിയൊരു സദസ്സും തറയിൽ ശ്വാസമടക്കിപ്പിടിച്ചിരിയ്ക്കുന്നു. അരിക്കച്ചവടക്കാരനായ അനന്തഭട്ടും ഭാര്യയും മക്കളും, നേഴ്സിങ്ങ് ഹോം ഉടമയും ഔഷധവ്യാപാരിയുമായ സുവർണ്ണപ്രഭുവും കുടുംബവും, വസ്ത്രവ്യാപാരിയായ കൃഷ്ണദാസ് നാരായണദാസ് ഭീംജിയും രണ്ടു പെൺമക്കളും ഭർത്താക്കന്മാരും അവരുടെ കുട്ടികളുമാണു് ക്ഷണിയ്ക്കപ്പെട്ട ചെറുസദസ്സു്! ഉടുമുണ്ടിനുമേലെ രണ്ടാംമുണ്ടു് ചുറ്റി, മേലാസകലം ഭസ്മം പൂശി, ചെവിക്കുറ്റിയിലും തലമുടികൾക്കിടയിലും ചെത്തിപ്പൂ തിരുകി കയ്യിലൊരു ശംഖുംപിടിച്ചു് പരമു ചലനരഹിതനായി യോഗിയുടെ പിന്നിൽ നിൽക്കുന്നു.
അഷ്ടഗന്ധത്തിന്റെയും കർപ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും പരിമളം ജാലകപ്പഴുതിലൂടെ, വാതില്പഴുതിലൂടെ ഊർന്നിറങ്ങി, ബാൽക്കണിയും കടന്നു് മുറ്റത്തെത്തി. പൂന്തോട്ടത്തിലൂടെ, നടവഴിയിലൂടെയൊഴുകി നിരത്തിലേക്കു പരക്കാൻ തുടങ്ങി.
പരമാനന്ദയോഗിയോടൊപ്പം എല്ലാവരും കണ്ണടച്ചു് ആത്മാവിലേക്കു് നോക്കുകയായിരുന്നു. അവിടെയാണല്ലോ പരാൽപരതത്വമൊളിച്ചിരിയ്ക്കുന്നതു്. ആ ദൈവിക മുഹൂർത്തത്തെ പൊതിഞ്ഞു നിൽക്കുന്ന നിശ്ശബ്ദതയുടെ പരിശുദ്ധി ശ്വാസോച്ഛോസംകൊണ്ടു പോലും മുറിപ്പെടുത്താൻ ആരും ധൈര്യപ്പെട്ടില്ല.
പൂജാമണിയുടെ ശബ്ദം കേട്ടു് പരമു കണ്ണുതുറന്നു. തുടർന്നു് വാസുമുതലാളിയും ഒപ്പം മറ്റുള്ളവരും കണ്ണു തുറന്നു.
പരമാനന്ദയോഗി പൂജാമണി കുലുക്കിക്കൊണ്ടു് രാധാകൃഷ്ണവിഗ്രഹത്തിൽ പുഷ്പാർച്ചന നടത്തുകയാണു്. യോഗീശ്വരന്റെ കണ്ണുകൾ പഴുക്കടയ്ക്കപോലെ ചുവന്നിരിക്കുന്നു. കുണ്ഡലിനീ ശക്തിയെ വിളിച്ചുണർത്തി ഈശ്വരസാക്ഷാല്ക്കാര പിയ്യൂഷം നുകർന്നു മത്തുപിടിയ്ക്കുമ്പോൾ യോഗീന്ദ്രന്മാരുടെ കണ്ണുകൾ ചുവക്കുമെന്നു കേട്ടിട്ടുണ്ടു്. വാസുമുതലാളിയും ശിഷ്ടം ഭക്തജനങ്ങളും യോഗീശ്വരന്റെ കണ്ണുകളിലേക്കുറ്റുനോക്കി പാരവശ്യംകൊണ്ടു.
നിമിഷങ്ങൾക്കകം രാധാകൃഷ്ണപ്രതിമ പൂക്കുമ്പാരത്തിൽ മൂടി. ഭസ്മത്തട്ടിൽ കർപ്പൂരക്കട്ടകളെരിഞ്ഞു. മണമുള്ള കറുത്ത പുക അന്തരീക്ഷത്തിൽ പൊതിഞ്ഞു. വെള്ളിത്തളികയിൽനിന്നു് പഞ്ചാമൃതം കോരിയെടുത്തു് രാധയുടെയും കൃഷ്ണന്റെയും ചുണ്ടുകൾക്കടുപ്പിച്ചു് യോഗീവര്യൻ കണ്ണൂകൾകൊണ്ടു് കെഞ്ചി.
“കഴിയ്ക്കൂ, എന്റെ കൃഷ്ണനല്ലേ? കൃഷ്ണന്റെ രാധയല്ലേ? ഈ നിവേദ്യം കഴിയ്ക്കൂ.”
യോഗിവര്യന്റെ കണ്ണൂകൾ ജലാർദ്രങ്ങളാവുന്നു. ക്രമേണ നിറഞ്ഞൊഴുകുന്നു. കവിളിലൂടെ കുത്തിയൊലിച്ചു മാറിടം നനച്ച കണ്ണുനീർ യോഗിവര്യന്റെ നഗ്നത മറച്ച മഞ്ഞപ്പട്ടിൽ വീണു വിലയം പ്രാപിക്കുന്നു.
വാസുമുതലാളിയ്ക്കു സഹിച്ചില്ല. തേങ്ങിപ്പോയി. ക്ഷണിയ്ക്കപ്പെട്ട ചെറുസദസ്സു് കണ്ണീരൊപ്പി. കൃഷ്ണദാസ് നാരായണദാസ് ഭീംജി ഗദ്ഗദംകൊണ്ടപ്പോൾ ജുബ്ബകൊണ്ടാവരണമിട്ട കുടവയർ ഫുട്ബോൾ പോലെ ഇളകി.
പരമാനന്ദയോഗി രാധാകൃഷ്ണന്റെ പ്രതിമയ്ക്കു മുമ്പിൽ സാഷ്ടാംഗം നമസ്കരിച്ചു് കമിഴ്‌ന്നടിച്ചു കിടന്നു. അതു കണ്ടു പരമു മൂന്നുരു ശംഖനാദം മുഴക്കി. എല്ലാവരും സാഷ്ടാംഗം പ്രണമിച്ചു് തറയിൽ പറ്റിക്കിടന്നു. കൂട്ടത്തിൽ തടി കൂടിയ ഭീംജിയ്ക്കും അനന്തഭട്ടിനും ഭാര്യയ്ക്കും അപ്പോൾ കലശലായ ശ്വാസംമുട്ടലനുഭവപ്പെട്ടു.
യോഗിവര്യൻ നിവർന്നിരിയ്ക്കുന്ന ശബ്ദം കേട്ടു് മറ്റുള്ളവരും നിവർന്നിരുന്നു. പത്മാസനത്തിലിരുന്ന യോഗിവര്യൻ അപാരതയിൽ നോട്ടമുറപ്പിച്ചു ചിരിച്ചു. പ്രേമാമൃതം വഴിഞ്ഞൊഴുകുന്ന ചിരി. പക്ഷെ, ശബ്ദമില്ല, പ്രകാശം മാത്രം.
നിശ്ശബ്ദമായി ചിരിയ്ക്കുന്ന യോഗിയുടെ കയ്യിൽ വാസുമുതലാളി പഞ്ചാമൃതം വാരിയൊഴിച്ചു കൊടുത്തു. ഭീംജിയുടെ പേരക്കിടാങ്ങൾ അതു നോക്കി കുടിനീരിറക്കി. യാതൊരു ഭാവഭേദവും കൂടാതെ യോഗിവര്യൻ, തന്റെ കയ്യിലുള്ള പഞ്ചാമൃതം ആദ്യം പ്രതിമയെ ഊട്ടുകയും പിന്നെ ഉച്ഛിഷ്ടം താൻ കഴിയ്ക്കുകയും ചെയ്തു.
പഞ്ചാമൃതം കഴിച്ചപ്പോൾ കയ്യും മുഖവും ശുചിയാക്കാൻ പരമു തീർത്ഥകിണ്ടിയിൽനിന്നു ജലമൊഴിച്ചുകൊടുത്തു. കൈ വായ് മുഖം ശുചിവരുത്തിയ യോഗിവര്യൻ മുന്നറിയിപ്പുകൂടാതെ കണ്ണടച്ചു സമാധിയിൽ ലയിക്കുന്നു.
അവിലും മലരും പഴവും പഞ്ചാമൃതവും പരമുവാണു് ക്ഷണിക്കപ്പെട്ട സദസ്സിൽ വിതരണം ചെയ്തതു്. യോഗിയുടെ സമാധിക്കു വിഘ്നം വരുമെന്നു് പേടിച്ചു് വിഭവങ്ങളെല്ലാം അതിഥികൾ ശബ്ദമില്ലാതെ വിഴുങ്ങേണ്ടിവന്നു. കുട്ടികൾ വാരിവലിച്ചു ചവയ്ക്കുമ്പോൾ അമ്മമാർ അവരുടെ വായ പൊത്തിപ്പിടിച്ചു. പിന്നെ പതുക്കെപ്പതുക്കെ ഓരോരുത്തരായി കോണിപ്പടവുകളിറങ്ങി താഴത്തെ നിലയിലെത്തി.
ഗെയ്റ്റിൽവെച്ചു യാത്ര പറയുമ്പോൾ വാസുമുതലാളി മനുഷ്യമഹത്വത്തെക്കുറിച്ചു് അതിഥികളോടു് സൂചിപ്പിച്ചു.
“മഹത്വം ഏതു വേഷത്തിലാണൊളിഞ്ഞുനില്ക്കുന്നതെന്നു് കണ്ടുപിടിക്കാൻ വിഷമം.”
“പരമാനന്ദയോഗി ബളറെ ബലിയ ഒരു അൽബുദം തന്നെ.”
ആനന്ദഭട്ട് പറഞ്ഞു.
“നമ്മൾ രോമാഞ്ചപുളകതന്നെ ആയി. ഹറേ കൃസ്ണ, ഗോബിന്ത, സൗറേ, മുറാറേ”
“സേട്ട്ജിക്കു് കേൾക്കണോ?”
വാസുമുതലാളി ചോദിച്ചു.
“ബേണം”
ഭീംജിക്കു് ഉത്സാഹം കൂടി. പേരക്കിടാങ്ങൾ കുരങ്ങന്മാരെപ്പോലെ വാസുമുതലാളിയുടെ തോട്ടത്തിൽ പ്രവേശിച്ചതു് ആരും ശ്രദ്ധിച്ചില്ല.
“എന്റെ ഭാഗ്യമെന്നു പറയട്ടെ.”
വാസുമുതലാളി തുടർന്നു.
“ഒരു ദിവസം രാവിലെ, കണ്ടാൽ മഹാപ്രാകൃതനായിട്ടു് ഒരാൾ പടി കടന്നു വരുന്നു. ഭിക്ഷക്കാർ വല്ലവരുമാവുമെന്നുവെച്ചു ഞാനൊരഞ്ചു പൈസയെടുത്തു എറിഞ്ഞു കൊടുത്തു. കണ്ടതായി ഭാവിച്ചില്ല. മിണ്ടാതെ മുറ്റത്തു നില്ക്കുന്നു. എനിക്കല്പം ശുണ്ഠിയാണു വന്നതു്. ആരെടാ ഇവൻ കാശു വേണ്ടാത്തൊരു ഭിക്ഷക്കാരൻ? നല്ല കണക്കിൽ ശകാരിക്കണമെന്നു വെച്ചു് ഞാൻ മുറ്റത്തിറങ്ങിച്ചെന്നു.”
ക്ഷണിക്കപ്പെട്ട സദസ്സു് ശ്രദ്ധാപൂർവ്വം വാസുമുതലാളിയുടെ കഥ കേൾക്കുകയാണു്. ഭീംജിയുടെ പേരക്കിടാങ്ങൾ തോട്ടത്തിലെ സപ്പോട്ടമരത്തിലും പേരമരത്തിലും കയറിക്കൂടിയിരിക്കയാണു്. വാസുമുതലാളി അതു കണ്ടെങ്കിലും ഒന്നും പറയാൻ വയ്യാത്തതുകൊണ്ടു് ക്ഷമാശീലത്തോടെ നിന്നു കഥ തുടർന്നു:
“അടുത്തു ചെന്നു നോക്കിയപ്പോൾ കാൽക്കൽ വീണു നമസ്കരിക്കാനാണു് തോന്നിയതു്. കണ്ടാൽ വെറും പ്രാകൃതൻ. പക്ഷേ, ആ കണ്ണുണ്ടല്ലൊ അതു് കിടന്നു കത്തുകയായിരുന്നു. മുഖത്തൊരു പ്രത്യേക തേജസ്സു കളിയാടിയിരുന്നു. ഞാനതു് ഒറ്റനോട്ടത്തിൽ കണ്ടറിഞ്ഞു. ഈശ്വരാധീനം! പലതും ഞാൻ ചോദിച്ചു. ഉത്തരമില്ല. അകത്തു കയറിയിരിക്കാൻ അപേക്ഷിച്ചു. അനക്കമില്ല. നിർബ്ബന്ധം മൂത്തപ്പോൾ മുറ്റത്തെ പൂഴിയിൽ കൈവിരലുകൊണ്ടെഴുതിക്കാണിച്ചു.
“പന്ത്രണ്ടു കൊല്ലമായി മൗനവ്രതമാണു്.”
അത്ഭുതം!
“ആഹാരംപോലും എടുത്തു കഴിക്കില്ല. കയ്യിൽ വെച്ചുകൊടുക്കണം. ദാഹിച്ച വെള്ളം ചോദിക്കില്ല. അറിഞ്ഞു കൊണ്ടുചെന്നു കൊടുക്കണം. അവധൂതന്റെ സർവ്വലക്ഷണങ്ങളും ഒത്തിരിക്കുന്നു.”
ആനന്തപ്രഭുവും സ്വർണ്ണഭട്ടും ഭാര്യമാരും ഭീംജിയും പെൺമക്കളും ഭർത്താക്കന്മാരും അന്തംവിട്ടു് മിഴിച്ചുനിന്നു. വാസുമുതലാളി യോഗിവര്യന്റെ അത്ഭുതസിദ്ധികൾ അനാവരണംചെയ്തുകൊണ്ടു തുടർന്നു.
“വളരെ നിർബ്ബന്ധിച്ചപ്പോൾ കുറച്ചു ദിവസം ഇവിടെ താമസിക്കാമെന്നു സമ്മതിച്ചു. അന്നുമുതലിന്നോളംഈ വീടു് അത്ഭുതങ്ങൾകൊണ്ടു് വീർപ്പുമുട്ടുകയാണു്.”
“അൽബുദം എന്തെന്നു തന്നെ പറ. നമ്മൾ കേൾക്കട്ടെ.”
സ്വർണ്ണപ്രഭു തിരക്കു കൂട്ടി.
“ആദ്യത്തെ അത്ഭുതം സുഗന്ധമായിരുന്നു.”
“അതു് പിന്നെ എന്തു്? നമ്മൾക്കു പിടികിട്ടിയില്ല.”
ആനന്തഭട്ട് ഒരു വിശദീകരണമാവശ്യപ്പെട്ടു. വാസുമുതലാളി സന്തോഷത്തോടെ വിശദീകരണം തുടങ്ങി.
“പുത്തനായി വിടർന്ന താമരപ്പൂവിന്റെ മണം.”
“എന്നുവെച്ചാൽ?”
സേട്ട്ജിക്കും പിടി കിട്ടിയില്ല.
“യോഗിവര്യൻ ഇവിടെ വന്ന ദിവസം സന്ധ്യയ്ക്കു എങ്ങുനിന്നെന്നില്ലാത്ത താമരപ്പൂവിന്റെ മണം കാറ്റിലൂടെ ഒഴുകിവന്നു. ഇന്നും അതിവിടെ തങ്ങിനില്ക്കുന്നു. ഇപ്പോഴും അന്തരീക്ഷത്തിലാ മണമുണ്ടു്.”
വാസുമുതലാളി മൂക്കിന്റെ തുള വലുതാക്കി മണം പിടിച്ചു നിന്നു. സ്വർണ്ണപ്രഭുവും, ഭീംജിയും, ആനന്തഭട്ടും അതുതന്നെ ചെയ്തു. പെണ്ണുങ്ങളും. എല്ലാവരും മൂക്കിന്റെ തുളയും വലുതായി. അപ്പോൾ വാസുമുതലാളി ചോദിച്ചു.
“മണക്കുന്നില്ലേ?”
“ഉണ്ടു് ഉണ്ടു്. താമരപ്പൂമണം തന്നെ.”
ആനന്തഭട്ടു്.
“നല്ല മണം.”
സേട്ട്ജി.
“ഇതു പിന്നെ നല്ല താമരപ്പൂ സുഗന്ധം തന്നെ.”
സ്വർണ്ണപ്രഭു.
“ഈ മണം എപ്പോഴും ഇവിടുത്തെ അന്തരീക്ഷത്തിലുണ്ടു്.”
വാസുമുതലാളി തന്റെ അഭിപ്രായം ഒന്നുകൂടി ഉറപ്പിച്ചു.
“അദ്ദേഹം കുളിക്കില്ല, പല്ലുതേക്കില്ല, കാലും മുഖവും കഴുകില്ല, തികച്ചും അവധൂതനായി ജീവിക്കുന്നു. എന്നിട്ടും പുത്തനായി വിടർന്ന താമരപ്പൂവിന്റെ മണം. ഇതു് ഈശ്വര സാക്ഷാല്ക്കാരത്തിന്റെ ലക്ഷണമല്ലാതെ മറ്റെന്താണു്?”
“ഹറേ കൃസ്ണ ഗോബിന്ത സൗറേ, മുറാറേ.”
ആനന്ദഭട്ട് കണ്ണടച്ചു് പ്രാർത്ഥിച്ചു.
എല്ലാവരും യാത്രപറഞ്ഞു പിരിഞ്ഞപ്പോൾ സേട്ട്ജിയുടെ പേരക്കിടാങ്ങൾ വാസുമുതലാളിയുടെ തോട്ടത്തിൽനിന്നു് ധാരാളം സപ്പോട്ടയും പേരക്കയും പറിച്ചു് ട്രൗസറിന്റെ പോക്കറ്റിൽ കുത്തിനിറച്ചതു് ആരും കണ്ടില്ല.
ഗെയിറ്റടച്ചുപൂട്ടി മടങ്ങുമ്പോൾ വാസുമുതലാളിയുടെ മുഖം കലശലായ അസ്വാസ്ഥ്യംകൊണ്ടു് കരുവാളിച്ചിരുന്നു. നടയിൽനിന്നു തന്നെ മുതലാളി ഉച്ചത്തിൽ വിളിച്ചു.
“എടാ പരമു”
പരമു വിളികേട്ടുകൊണ്ടോടിയെത്തി.
“എടാ ഏതെങ്കിലും കടയിൽ ചെന്നു ‘തീപ്പന്ത’ത്തിന്റെ ഒരു കോപ്പി വാങ്ങിക്കൊണ്ടു വാ.”
സാധനമെന്തെന്നു മനസ്സിലാവാത്ത പരമു മുമ്പിൽ നിന്നു പരുങ്ങുന്നതു കണ്ടപ്പോൾ അല്പം കനപ്പിച്ചുകൊണ്ടു പറഞ്ഞു.
“ഇന്നു് പുതിയൊരു പത്രം പുറത്തിറങ്ങീട്ടുണ്ടു് അതിന്റെ പേരാണു് തീപ്പന്തം. കടയിലെവിടെയെങ്കിലും കിട്ടും. ഇല്ലെങ്കിൽ ബസ്സ്സ്റ്റാണ്ടിൽ ചെല്ലൂ. അവിടെ തീർച്ചയായും കിട്ടും. വേഗം വരണം. ഇതാ താക്കോൽ. ഗയിറ്റ് പൂട്ടി പൊയ്ക്കൊളൂ.”
അകത്തു കടക്കുമ്പോഴും സോഫയിൽ ചെന്നിരിക്കുമ്പോഴും പല്ലു കടിച്ചുകൊണ്ടു് വാസുമുതലാളി പിറുപിറുത്തു.
“തീപ്പന്തം! തീപ്പന്തം!”
പരമു നിരത്തിൽ കയറിയപ്പോൾ വക്കച്ചന്റെ കാർ ഇരമ്പിത്തകർത്തു കടന്നുപോയി.
അശ്വഹൃദയത്തിന്റെ മുമ്പിൽ കുഞ്ചുണ്ണി കാറിൽ നിന്നിറങ്ങുമ്പോൾ സമയം പത്തുമണി. മാലയും ബൊക്കെയും മാറോടടക്കിപ്പിടിച്ചു് വാതിൽപ്പടിയിൽ ചെന്നു നിന്നപ്പോൾ അകത്തു പത്രപാരായണത്തിന്റെ തിരക്കാണു്. കണ്ണൻകുട്ടിമേനോൻ ചാരുകസേരയിലിരുന്നു് മറ്റുള്ളവർക്കുവേണ്ടി തീപ്പന്തം ഉച്ചത്തിൽ പാരായണം ചെയ്യുന്നു.
“തീപ്പന്തം. പുസ്തകം ഒന്നു്, ലക്കം ഒന്നു്.”
ആദ്യം മുതല്ക്കാണു് പാരായണം.
“ആത്മഹത്യയോ കൊലപാതകമോ?”
എല്ലാവർക്കും താല്പര്യമായി. ഗുരു ശങ്കരദാസും പീറ്ററും മുകുന്ദനും കയറ്റുകട്ടിലിൽ ഇരുന്നുകൊണ്ടും ജയകൃഷ്ണനും കൃഷ്ണൻകുട്ടിയും ‘പറ’ത്തിന്മേൽ കിടന്നുകൊണ്ടും ശ്രദ്ധിക്കുകയാണു്. കണ്ണൻകുട്ടിമേനോൻ ഉച്ചത്തിൽ വായന തുടരുന്നു.
“സ്ഥലത്തെ പ്രമുഖവ്യാപാരിയും ലക്ഷപ്രഭുവും അരഡസൻ കാറുകൾക്കുടമയുമായ വാസുമുതലാളിയുടെ ബംഗ്ലാവിലെ വേലക്കാരി മാതുക്കുട്ടിയെ ഇരുട്ടിന്റെ മറവിൽവെച്ചു് ഞെക്കിക്കൊന്നു. ശവം അജ്ഞാതമായ ഏതോ സ്ഥലത്തു മറവു ചെയ്ത വാർത്ത ആദ്യമായി പൊതുജനദൃഷ്ടിയിൽ കൊണ്ടൂവരാൻ കഴിഞ്ഞതിൽ ഞങ്ങൾക്കഭിമാനവും ചാരിതാർത്ഥ്യവുമുണ്ടു്. പണമുണ്ടെങ്കിൽ നിയമത്തെ കയ്യിലെടുക്കാം. കൊല നടത്താം. എന്തും ചെയ്യാം. എന്നിട്ടു് സത്യസന്ധത ഭാവിച്ചു് ഞെളിയാം.”
ഇവിടെ നിയമപാലകന്മാർ പണച്ചാക്കുകളുടെ അടിമകളാണോ? ഞങ്ങൾക്കതറിയണം. അറിഞ്ഞേ കഴിയൂ.
“ഇതു് നല്ല കൊലപാതകം തന്നെയാണല്ലൊ.”
ഇടയിൽ കടന്നു പീറ്റർ അഭിപ്രായം പറഞ്ഞു.
“അവനതു് കിട്ടണം. ആ വാസുമുതലാളിക്കു്. അവന്റെ കാറും പത്രാസ്സും!”
“കിട്ടും.”
കുഞ്ചുണ്ണിയുടെ കനത്ത ശബ്ദം.
“ഇനിയും കിട്ടും. ദിവസമെന്നോണം കിട്ടും.”
കുഞ്ചുണ്ണിയെ കണ്ടു് എല്ലാവരും എഴുന്നേറ്റാദരിച്ചു. കണ്ണൻകുട്ടിമേനോൻ പുമാലയും ബൊക്കയും ആദരവോടെ ഏറ്റുവാങ്ങി കയറ്റുകട്ടിലിൽ വെച്ചു.
“എഡിറ്ററേ.”
ഗുരുദാസ് വിളിച്ചു.
“ഇരിയ്ക്കണം, ആ ചാരുകസേരയിൽതന്നെ ഇരിക്കണം.”
കുഞ്ചുണ്ണി ചാരുകസേരയിലിരുന്നു് ജുബ്ബയുടെ അറ്റംകൊണ്ടു് നെറ്റിയിലെ വിയർപ്പു് തുടയ്ക്കുമ്പോൾ ഗുരുശങ്കരദാസ് അടിവെച്ചടിവെച്ചു് മുമ്പോട്ടുവന്നു് പറഞ്ഞു.
“തളർന്നുപോയെഡിറ്ററേ, സത്യത്തിൽ തളർന്നുപോയി. ഇത്രത്തോളം ഞാൻ വിചാരിച്ചില്ല”.
“എത്രത്തോളം?”
കുഞ്ചുണ്ണി നിസ്സാരഭാവത്തിൽ ചോദിച്ചു.
“ഉദ്ഘാടനയോഗത്തിൽ ആരൊക്കെയാണിന്നു് സംബന്ധിച്ചതു്.”
ഗുരു ശങ്കരദാസ്സിന്റെ മുഖത്തു് വെള്ളം കൂട്ടാത്ത അത്ഭുതരസം തളംകെട്ടിനിന്നു.
“ആനയ്ക്കു് ആനയുടെ വലിപ്പം അറിയില്ലെഡിറ്ററേ.”
“ശരിയാണു് പറഞ്ഞതു്.”
കണ്ണൻകുട്ടിമേനോൻ ഗുരുശങ്കരദാസ്സിന്റെ അഭിപ്രായത്തോടു് യോജിച്ചു. കുഞ്ചുണ്ണിയുടെ വലുപ്പം അന്നു് സായാഹ്നത്തിലാണെല്ലാവരും പൂർണ്ണമായി മനസ്സിലാക്കിയതു്.
“വീവിങ്ങ് ഫാക്ടറിയുടെ പ്രൊപ്രൈറ്റർ മുൻവരിയിൽ തന്നെ ഉണ്ടായിരുന്നു.”
മുകുന്ദൻ അല്പം അഭിമാനത്തോടെ പറഞ്ഞു.
“ഡിസ്ത്രിക്ട് മജിസ്ത്രേട്ടും ഡി.എസ്സ്.പി.യും എന്റെ രണ്ടുവശത്തായിട്ടാണിരുന്നതു്.”
അതു പറയുമ്പോൾ പീറ്റർക്കും അഭിമാനമുണ്ടായിരുന്നു.
“വാസുമുതലാളിയെ ക്ഷണിച്ചിട്ടുണ്ടായിരുന്നില്ലേ?”
“അവനെ ക്ഷണിക്കുകയോ?”
കുഞ്ചുണ്ണിയുടെ മുഖത്തു് ഈർഷ്യയും പുച്ഛവും നിഴലിച്ചു.
“ഒരാഴ്ചയ്ക്കകം അവനെ ഞാൻ നീതിന്യായകോടതിയുടെ മുമ്പിലേക്കു് ക്ഷണിക്കും. ക്ഷണപത്രം ഇന്നത്തെ ‘തീപ്പന്ത’ത്തിലുണ്ടു്. അതൊരു മൈനർ ഡോസ്സാണു്. നാളെ മുതൽ ഡോസ്സ് വർദ്ധിപ്പിച്ചോളാം. എന്റെ കയ്യിൽ ഒരു പത്രമുള്ള കാര്യം ഇനിയും പലരേയുമെനിക്കറിയിക്കാനുണ്ടു്.”
“ജഗദീശ്വരയ്യരെ ക്ഷണിച്ചിരുന്നില്ലേ?” കൃഷ്ണൻകുട്ടി ചോദിച്ചു.
“നമ്മുടെ ഹൗസ്സോണറല്ലെ? ഞാനാണു് കത്തു കൊടുത്തതു്.”
ജയകൃഷ്ണൻ പറഞ്ഞു.
“എന്നിട്ടയാൾ വന്നില്ലെന്നോ?”
“ഞാനതു് പ്രത്യേകം നോട്ടുചെയ്തിട്ടുണ്ടു്. വരാത്തവരുടെ മുഴുവൻ പേരും എന്റെ ഡയറിയിലുണ്ടു്. പതുക്കെ പക വീട്ടിക്കോളാം.”
കുഞ്ചുണ്ണി ഉറച്ച തീരുമാനമെടുത്തു.
“മേഴ്സിഡസ്സ് ബെൻസും ഇംപാലയുമൊക്കേ ഈ പടിയ്ക്കൽ കാവൽ കിടക്കുന്നതു് ഞാൻ കാണിച്ചുതരാം. നിങ്ങളൊക്കെ ഈ കുഞ്ചുണ്ണിയുടെ ആയുസ്സിനുവേണ്ടി പ്രാർത്ഥിയ്ക്കൂ.”
വെളിച്ചമണച്ചു് എല്ലാവരും ഉറങ്ങാൻ കിടന്നപ്പോൾ കുഞ്ചുണ്ണിയുടെ ആയുസ്സിനുവേണ്ടി പീറ്റർ ആത്മാർത്ഥമായി പ്രാർത്ഥിച്ചു. കാരണം, അവൻ ഇംപാല തുടങ്ങി എല്ലാത്തരം കാറുകളുടെയും ശത്രുവായിരുന്നു.