കൃഷ്ണദാസ് നാരായണദാസ്സ് ഭീംജിയുടെ രണ്ടു പെൺമക്കളിൽ മൂത്തതിനു സ്വയംവരത്തിന്റെ പിറ്റേന്നാൾ ഒരു തലവേദന തുടങ്ങി. വളരെ പഴക്കമുള്ള സംഭവം. രണ്ടു പ്രസവിച്ചു് മൂന്നാമതു ഗർഭം ധരിച്ചു് മൂന്നു മാസം കഴിഞ്ഞിട്ടും ആ തലവേദന ഉഗ്രതയോടെ തുടർന്നു.
രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വമ്പൻ ബിരുദങ്ങളൊരുപാടു വാരിക്കൂട്ടിയ ഉഗ്രകേസരികളായ ഡോക്ടർമാർ പലരും പരിശ്രമിച്ചു; ഒറ്റയായും കൂട്ടായും.
രക്തം പരിശോധിച്ചു. നട്ടെല്ലു് തുരന്നു സുഷുമ്നയ്ക്കുള്ളിൽനിന്നു മജ്ജ വലിച്ചെടുത്തു പരിശോധിച്ചു. തലയോടിന്റെ എക്സ്റെയെടുത്തു തിരിച്ചും മറിച്ചും പലവട്ടം നോക്കി. കണ്ണിലും മൂക്കിലും ചെവിട്ടിലും തൊണ്ടയിലും പല പല സ്പെഷലിസ്റ്റുകൾ പന്തംകൊളുത്തി പരതിനോക്കി.
നിഷ്ഫലം.
പല്ലുതേപ്പു്, കുളി, ഭക്ഷണം, നിദ്ര, ഗർഭധാരണം, പ്രസവമെന്നിവ മുറയ്ക്കു നടന്നു. പക്ഷേ ശേട്ടുപുത്രിയ്ക്കു തലവേദന കുറഞ്ഞില്ല. അങ്ങിനെ സ്പെഷലിസ്റ്റുകളും അവരുടെ വൈദഗ്ദ്ധ്യവും ശേട്ടുവിന്റെ പണവും തോറ്റു് രോഗം ജയിച്ചു വിളയാടുമ്പോഴാണു് പരമാനന്ദയോഗിയുടെ ആഗമനം.
ശേട്ടുപുത്രി ഒന്നേ നമസ്കരിച്ചുള്ളു.
യോഗിവര്യൻ ഒന്നു മുഴുവനും കടാക്ഷിച്ചില്ല.
തലവേദന അപ്രത്യക്ഷം. അതു ശരീരത്തിന്റെ അതിർത്തി കടന്നു, മഹാനഗരത്തിന്റെ പ്രാന്തപ്രദേശവും കടന്നു പ്രാണനുംകൊണ്ടോടി.
അപാരം!
ആനന്തഭട്ടിന്റെ മകനു വയസ്സു് മൂന്നായിട്ടും മിണ്ടാട്ടമില്ല. വിശക്കുമ്പോൾ കരയും, വയറു നിറയുമ്പോൾ ചിരിയ്ക്കും. അത്രമാത്രം.
ലോകത്തെമ്പാടുമുള്ള പ്രശ്നക്കാർ കവിടിനിരത്തി നവഗ്രഹങ്ങളെ പ്രതിക്കൂട്ടിൽ കയറ്റി നിർത്തി വിചാരണചെയ്തു.
മന്ത്രവാദികളായ മന്ത്രവാദികളൊക്കെ തിരിയുഴിഞ്ഞു, ഗുരുസി കുറുക്കി, തർപ്പണം നടത്തി. ഹോമകുണ്ഡങ്ങൾ പലതും എരിഞ്ഞടങ്ങി. അനേകമനേകം സ്വർണ്ണത്തകിടുകളിലും ചെമ്പുതകിടുകളിലും മന്ത്രാക്ഷരങ്ങൾ നിരന്നു.
എന്നിട്ടും മിണ്ടാട്ടമില്ല. അമ്മ മാറത്തടിച്ചു. അച്ഛൻ കരഞ്ഞു. ചെക്കന്റെ നാവനങ്ങിയില്ല.
എന്നിട്ടോ? പരമാനന്ദയോഗിവര്യൻ അവനെയൊന്നു കടാക്ഷിച്ചു. അവനോടൊന്നു ചിരിച്ചു.
അടുത്തനിമിഷം ചെക്കൻ മണ്ണട്ടപോലെ അലറി.
“അച്ചോ.”
പിന്നെ ചെക്കൻ രാഷ്ട്രീയനേതാക്കന്മാരെപ്പോലും വെല്ലുവിളിച്ചുകൊണ്ടു് പ്രസംഗിച്ചു.
ഉപക്രമവും, ഉപസംഹാരവും, സംഹാരവും.
അത്ഭുതം!
ആനന്ദഭട്ട് ആയിരത്തൊന്നുറുപ്പികയുടെ ഒരു കിഴിവെച്ചു യോഗിവര്യന്റെ കാല്ക്കൽ കുമ്പിട്ടു. പണക്കിഴിയുടെ കാറ്റേറ്റപ്പോൾ അസഹ്യമായ വേദനകൊണ്ടെന്നപോലെ യോഗിവര്യൻ പുളഞ്ഞു. കണ്ടുനിന്നവർ അന്തംവിട്ടു. വാസുമുതലാളിയുടെ ദൃഷ്ടികൾ ഭൂമദ്ധ്യത്തിൽ തറച്ചുനിന്നു.
ഭീംജിയും പണക്കിഴി സമർപ്പിച്ചു.
യോഗിവര്യൻ ഭയപ്പെട്ടപോലെ കണ്ണുകൾ പൂട്ടി മുദ്രവെച്ചു. ദൃക്സാക്ഷികൾ ഉച്ചത്തിൽ നാമസങ്കീർത്തനം മുഴക്കി.
മഹാനഗരത്തിലെ വീടുകളിൽനിന്നു വീടുകളിലേയ്ക്കും, തെരുവുകളിൽനിന്നു തെരുവുകളിലേയ്ക്കും യോഗിവര്യന്റെ അത്ഭുതസിദ്ധികളുടെ കഥ ഒഴുകിച്ചേർന്നു. എങ്ങോട്ടടിക്കുന്ന കാറ്റിലായാലും അതുണ്ടു്. ചിലപ്പോൾ അതു മാത്രമേയുള്ളൂ.
സന്താനദുഃഖമനുഭവിയ്ക്കുന്നവർക്കു് തുരുതുരെ സന്താനങ്ങൾ പിറക്കുന്നു.
(കുടുംബാസൂത്രണക്കാരെ ജാഗ്രത!)
പാമരൻ പണ്ഡിതനാവുന്നു.
മൂകൻ വാചാലനാവുന്നു!
ക്ഷയരോഗി ഗുസ്തിക്കാരനെ വെല്ലുവിളിയ്ക്കുന്നു!
കാചം കാഞ്ചനമാവുന്നു.
നിസ്വൻ കോടീശ്വരനാവുന്നു!
(സെൻട്രൽ എക്സൈസുകാരെ, കസ്റ്റംസ്കാരെ, ഇൻകംടാക്സുകാരെ തീവ്രജാഗ്രത!)
കാലൻകോഴി പൈങ്കിളിക്കുഞ്ഞായി പാട്ടുപാടുന്നു.
ഗർദ്ദഭം ചലച്ചിത്രഗായകനായുയരുന്നു!!
യോഗിവര്യന്റെ അത്ഭുതസിദ്ധികളുടെ പട്ടിക വളരെ നീണ്ടതാണു്. അതുകേട്ടു രാവും പകലും വാസുമുതലാളിയുടെ ബംഗ്ലാവന്വേഷിച്ചു് നഗരവാസികൾ തീർത്ഥയാത്ര പുറപ്പെട്ടു. ബംഗ്ലാവിന്റെ മുമ്പിലുള്ള റോഡ് ജനനിബിഡമായി.
ഹര, ഹരോ ഹര!
ഭക്തജനങ്ങളെ നിയന്ത്രിക്കാൻ വാസുമുതലാളി എപ്പോഴും ഗെയിറ്റടച്ചു പൂട്ടിയിട്ടു. പുറമതിലിൽ കുപ്പിച്ചില്ലുകൾ പാവി. അതു കണ്ടു് ഭക്തജനങ്ങൾ ക്ഷോഭിച്ചിളകി ബഹളം കൂട്ടി. ബഹളം യോഗിവര്യന്റെ ഏകാഗ്രധ്യാനത്തിന്നു ഭംഗമുണ്ടാക്കുന്ന വിവരം വാസുമുതലാളി ഫോണിലൂടെ പോലീസ്സുദ്യോഗസ്ഥന്മാരെയറിയിച്ചു.
മുതലാളിയുടെ പടിക്കൽ പോലീസ്സു കാവൽ!
ഭൗതികശക്തിയും ആത്മീയശക്തിയും മുഖത്തോടു മുഖം നോക്കി നിന്നു.
കണ്ണീർവാതക ഷെൽ പൊട്ടിയ്ക്കണോ? ലാത്തിച്ചാർജ്ജു് തുടങ്ങണോ?
ആത്മീയശക്തി ഭക്തിപാരവശ്യത്തോടെ ഗെയിറ്റുവിട്ടു പത്തടി പുറകോട്ടു മാറിനിന്നു.
സായാഹ്നസന്ധ്യകളെ, മഹാനഗരത്തിന്റെ പാപപങ്കം കഴുകിക്കളയാനെത്തുന്ന നിങ്ങൾക്കു് വന്ദനം, സ്വാഗതം!
കാക്കകൾ പറന്നു ചേക്കേറാൻ പോവുമ്പോൾ നമ്രശിരസ്കരായ ഭക്തമുതലാളിമാരേയും വഹിച്ചു് പല വലുപ്പത്തിലും നിറത്തിലുമുള്ള കാറുകൾ എന്നും വാസുമുതലാളിയുടെ ബംഗ്ലാവിലേയ്ക്കൊഴുകി വന്നു. ഉദ്യോഗസ്ഥപ്രമുഖർ, രാഷ്ട്രീയ നേതാക്കന്മാർ, തൊഴിലുടമകൾ, വ്യാപാരിശിങ്കങ്ങൾ, സാഹിത്യകോടാലികൾ, കലാലോകസാമ്രാട്ടുകൾ, അവരുടെയൊക്കെ ഭാര്യമാർ! കുഞ്ഞുങ്ങൾ!
കാറിൽ വരുന്നവരെ ബഹുമാനാദരങ്ങളോടെ പോലീസ്സുകാർ അകത്തു കടത്തിവിട്ടു.
നടവഴിയും മുറ്റവും കാറുകളാൽ നിറയുമ്പോൾ പിന്നാലെ വരുന്നവർ റോഡിൽ പാർക്കു ചെയ്യും. അവയിലെ ള്ളടക്കങ്ങൾ മണ്ണും പൊടിയും ചവുട്ടി സാവകാശം ഗെയിറ്റു കടക്കും. ഭക്തജനങ്ങളെക്കൊണ്ടു ബംഗ്ലാവിന്റെ രണ്ടാമത്തെ നിലയിലെ ഹാൾ നിറയുമ്പോൾ പ്രവേശനം പിന്നെ കലശലായി നിയന്ത്രിക്കും. ആരേയും കടത്തിവിടില്ല. ഏതു വലിയവൻ വന്നാലും തിരിച്ചു പോവണം.
ഭക്തജനങ്ങൾ ഉച്ചനീചത്വം പരിഗണിയ്ക്കാതെ എല്ലാവരും തറയിൽ ചമ്രംപടിഞ്ഞിരിക്കും. എല്ലാം കഴിഞ്ഞു് പരമുവിന്റെ ശംഖനാദമുയരും. ശംഖനാദം കേട്ടു ഭക്തജങ്ങൾ ആത്മവിസ്മൃതിപൂണ്ടു കണ്ണടയ്ക്കും. ആദ്യത്തെ ശംഖനാദം ഹാളിന്റെ പിറകിലെ മുറിയിൽനിന്നാണു്. അവിടമാണു് യോഗിവര്യന്റെ ആശ്രമം. ഹിമാലയത്തിലെ തണുപ്പനുഭവപ്പെടാൻ ആശ്രമം എയർകണ്ടീഷൻ ചെയ്തുവച്ചിരിക്കുന്നു.
ശംഖനാദത്തിനുശേഷം പരമു പതുക്കെപ്പതുക്കെ നടന്നു ഹാളിൽ പ്രവേശിയ്ക്കും. അതു ഭക്തജനങ്ങൾ കാണില്ല. അവർ കണ്ണടച്ചു് പരമാനന്ദാമൃതം നുകരുകയാവും. പിന്നെ പൂജാമണിയുടെ ശബ്ദം കേട്ടു് കണ്ണൂ തുഇറക്കുന്നു. അപ്പോൾ യോഗിവര്യൻ രാധാകൃഷ്ണപ്രതിമയിൽ അർച്ചന നടത്തുകയാവും.
അർച്ചന, മണിനാദം, സാഷ്ടാംഗപ്രണാമം, പഞ്ചാമൃതദാനം.
ചടങ്ങുകൾ എന്നും ക്രമംതെറ്റാതെ തുടർന്നു.
എല്ലാം കഴിഞ്ഞു്, റോഡിൽ തടിച്ചുകൂടിയവർക്കു് യോഗിവര്യൻ ദർശനം നല്കും.
ആദ്യം പരമു ബാൽക്കണിയിൽ പ്രത്യക്ഷപ്പെടും. ബാൽക്കണിയിലെ നീലവെളിച്ചംപരത്തുന്ന നിയോൺ ദീപത്തിന്നു ചുവട്ടിൽ വടിപോലെ നിന്നു സർവ്വാണിക്കു വേണ്ടി പരമു ശംഖനാദം മുഴക്കും. അതുകേട്ടു സർവ്വാണിയുടെ കഴുത്തുകൾ നീളംവെയ്ക്കും. കണ്ണുകൾ വികസിക്കും.
മൂന്നാമത്തെ ശംഖനാദത്തിന്റെ അലകൾ തെന്നിത്തെന്നി ചക്രവാളത്തിലേയ്ക്കു നീങ്ങി വിലയം പ്രാപിക്കുമ്പോൾ യോഗിവര്യൻ പ്രത്യക്ഷപ്പെടും. റോഡിൽ ഭക്തജനങ്ങൾ തലയ്ക്കു മുകളിൽ കൂപ്പുകയ്യുയർത്തി കാലുകൾ പൊക്കി നില്ക്കും. യോഗിവര്യൻ ആകാശത്തിലേക്കു് പുഷ്പദളങ്ങൾ വാരിയെറിയും. മന്ദസ്മിതം പൊഴിയ്ക്കും. എന്നിട്ടു് വേഗത്തിൽ തിരിച്ചുപോവും.
ചടങ്ങിന്റെ അവസാനം നിരത്തു ശൂന്യം! രണ്ടാംനിലയിലെ വലിയ ഹാൾ ശൂന്യം.
അങ്ങിനെ ആത്മീയ കാര്യങ്ങൾക്കു പ്രാധാന്യമുള്ള ദിവസങ്ങളോരോന്നും മഹാനഗരത്തിലെരിഞ്ഞടങ്ങുമ്പോൾ കുഞ്ചുണ്ണിയുടെ മുമ്പിൽ അനേകമനേകം ചോദ്യചിഹ്നങ്ങൾ എടുത്തെറിയുന്നു. അതൊക്കെ വലിയ അണക്കെട്ടുകളായി കുഞ്ചുണ്ണിയുടെ ശ്വാസനാളത്തിൽ കൊളുത്തിപ്പിടിച്ചു് വീർപ്പുമുട്ടലുണ്ടാക്കുന്നു.
വീർപ്പുമുട്ടലിൽനിന്നു രക്ഷപ്പെടാനുള്ള ആദ്യത്തെ ശ്രമം ‘തീപ്പന്ത’ത്തിന്റെ ഒന്നാംപേജിന്റെ ഘടനയിൽ മാറ്റംവരുത്തുകയായിരുന്നു.
വലിയ മാറ്റം വരുത്തി.
ആദ്യം യുക്തിവാദം ഒരു കൈ നോക്കാമെന്നു വെച്ചു. ഈശ്വരനെ വെല്ലുവിളിച്ചു.
ഈശ്വരൻ മിണ്ടിയില്ല. കുഞ്ചുണ്ണിയ്ക്കതാവശ്യവുമില്ലായിരുന്നു. അന്ധവിശ്വാസത്തിന്റെ നേർക്കടുത്തു. അന്ധവിശ്വാസം കണ്ട ഭാവം നടിച്ചില്ല.
പോട്ടെ പുല്ലു്!
ഒടുവിൽ പരമാനന്ദയോഗിവര്യനെ പിടികൂടി. യോഗിവര്യനതു കണ്ടില്ലെങ്കിലും അറിഞ്ഞില്ലെങ്കിലും ഭക്തജനങ്ങൾ കണ്ടു. അറിഞ്ഞു.
നഗരവാസികൾ മുഴുവനും കണ്ടു.
ബഹുജനം ചേരി തിരിഞ്ഞു.
കുഞ്ചുണ്ണിപ്പാർട്ടിയും യോഗീശ്വരപ്പാർട്ടിയുമായവർ മാറിനിന്നു. വീറോടെ വാദിച്ചു.
കുഞ്ചുണ്ണി വിട്ടില്ല. വിടുന്ന സ്വഭാവക്കാരനല്ല കുഞ്ചുണ്ണി. വാസുമുതലാളിയുടെ വീട്ടിൽ ഭക്തജനങ്ങളുടെ എണ്ണം വർദ്ധിക്കുമ്പോൾ തീപ്പന്തത്തിന്റെ ഒന്നാംപേജിൽ യോഗിവര്യനെക്കുറിച്ചുള്ള ആക്ഷേപം പെരുകി.
യോഗിവര്യന്റെ അത്ഭുതസിദ്ധിയ്ക്കു് കൺകെട്ടെന്നു് കുഞ്ചുണ്ണി പേരിട്ടു.
പല തെരുവുകളിൽവെച്ചും അന്നു് കുഞ്ചുണ്ണിപ്പാർട്ടിയോടു് യോഗീശ്വരപ്പാർട്ടി ഏറ്റുമുട്ടി.
കുഞ്ചുണ്ണി ഒരടി മുന്നോട്ടുനീങ്ങി.
യോഗീശ്വരന്റെ അമാനുഷശക്തിയ്ക്കു് മഹേന്ദ്രജാലമെന്നു പേരിട്ടു.
ഒരു വശത്തു് ഭക്തിപാരവശ്യം! മറുവശത്തു് യുക്തിവാദം! എതിർപ്പും ആക്ഷേപവും.
നേരിട്ടുള്ള സമരം!
ആനന്തഭട്ടിന്റെ മകൻ സംസാരിച്ചപ്പോൾ കുഞ്ചുണ്ണിപ്പാർട്ടിയിൽനിന്നു് ഒരു പറ്റം ആളുകൾ കൂറുമാറി.
ശേട്ടുപുത്രിയുടെ തലവേദന മാറിയപ്പോൾ പത്രമുടമയായ വക്കച്ചന്റെ മനസ്സു് ആശങ്കയുടെ തുലാസ്സിൽ കിടന്നാടി. അവിടെ ആസ്തികത്വത്തിന്റെ അണപൊട്ടി ജലപ്രളയമുണ്ടായി.
“എന്തോന്നിനി കുന്തമിങ്ങനെ നടത്തി രൂപ തൊലയ്ക്കണം?”
കുന്തമെന്നു് പറഞ്ഞതു് ‘തീപ്പന്തം’. വക്കച്ചൻ അല്പം ക്ഷോഭിച്ചാണു ചോദിച്ചതു്.
“ദൈവദോഷം അച്ചടിച്ചു വിട്ടാൽ കുടുംബദോഷമാ ഫലം.”
“സന്ന്യാസിയ്ക്കു കുടുംബമില്ല.”
കുഞ്ചുണ്ണി തിരിച്ചടിച്ചു.
“അങ്ങേര്ടെകാര്യം വിട്. അതല്ലാ പറഞ്ഞതു്. തന്റേയും എന്റേയും കാര്യമാ. നമ്മുടെ പത്രത്തിലങ്ങനെ മതവിരോധമൊന്നും പ്രചരിപ്പിയ്ക്കാനൊക്കത്തില്ല.”
അതൊരു താക്കീതായിരുന്നു.
കുഞ്ചുണ്ണിയ്ക്കരിശം പിടിച്ചു. അനങ്ങാൻ നിവൃത്തിയില്ല. ആപ്പീസ്സു് വക്കച്ചന്റെ കെട്ടിടത്തിലാണു്. മേശയും കസേരയും വക്കച്ചന്റേതാണു്. പത്രത്തിന്റെ പ്രിന്ററും പബ്ലിഷറും വക്കച്ചനാണു്. അനങ്ങിയാൽ ആപ്പീസ്സു് പൂട്ടും. ആപ്പീസു് പൂട്ടിയാലും വേണ്ടില്ലെന്നു് വെച്ചു് കുഞ്ചുണ്ണി വാദിച്ചു. ഈശ്വരനെതിരെ, മതങ്ങൾക്കെതിരെ, അന്ധവിശ്വാസങ്ങൾക്കെതിരെ.
“താനൊരെമ്പോക്കിയാണെടൊ.”
വക്കച്ചൻ തീർത്തു പറഞ്ഞു.
“തന്നെ കൂട്ടിനു പിടിച്ചു് പത്രം തുടങ്ങിയതേ പിശകു്. തനിയ്ക്കറിയാമ്മേലാ. ഞാനൊരു സത്യവിശ്വാസിയായ കത്തോലിക്കനാ. മതത്തിനെതിരെ, ദൈവത്തിനെതിരെ ഇനി വല്ലതുമെഴുതിപ്പിടിപ്പിച്ചാൽ അന്നു പത്രത്തിന്റെ പ്രസിദ്ധീകരണം മുടക്കും.”
കുഞ്ചുണ്ണിയെ ദഹിപ്പിക്കുമാറു് തിരിഞ്ഞുനോക്കി തിരിഞ്ഞുനോക്കിയാണു് വക്കച്ചൻ കാറിനടുത്തേക്കു നടന്നതു്.
“ഇനി വരുമ്പോഴല്ലേ, സാരമില്ല.”
കുഞ്ചുണ്ണി ആശ്വസിച്ചു.
വക്കച്ചൻ എസ്റ്റേറ്റിലായപ്പോൾ കുഞ്ചുണ്ണി പിന്നേയും യോഗിവര്യനെ പിടികൂടി. പലതും എഴുതിവിട്ടു.
എഴുതിയെഴുതി എത്തേണ്ടതിലുമപ്പുറമെത്തി.
വേഷംമാറി വന്ന സി.ഐ.ഡി.യാണു് യോഗിവര്യനെന്നെഴുതിപ്പിടിപ്പിച്ച ദിവസം മഹാനഗരത്തിന്റെ പല കോണുകളിൽവെച്ചും ക്ഷുഭിതരായ ഭക്തജനങ്ങൾ ‘തീപ്പന്ത’ത്തിന്റെ പ്രതികൾ പരസ്യമായി കത്തിച്ചു.
കുഞ്ചുണ്ണി കുലുങ്ങിയില്ല. കുലുങ്ങുന്ന സ്വഭാവക്കാരനല്ല കുഞ്ചുണ്ണി.
യോഗിവര്യൻ പോലീസ്സിനെ കബളിപ്പിച്ചു് നടക്കുന്ന ക്രിമിനൽപുള്ളിയാണെന്നു് തെളിവുകൾ ഹാജരാക്കി സമർത്ഥിച്ചു.
അതു് വായിച്ചരിശം പിടിച്ച ഭക്തജനങ്ങൾ കുഞ്ചുണ്ണിയുടെ ആപ്പീസ്സിനു് കല്ലുകൊണ്ടഭിഷേകം നടത്തി.
ജനലിന്റെ കണ്ണാടിച്ചില്ലുകളും ഓടുകളും തകർത്തു. അകത്തു വന്നു വീണ മുട്ടൻകല്ലുകളിൽനിന്നു ശരീരവും പ്രാണനും രക്ഷിച്ചെടുക്കാൻ കുഞ്ചുണ്ണി രാത്രിയാവുന്നതുവരെ ഒരലമാറയ്ക്കു പിന്നിൽ ഒളിച്ചുകൂടേണ്ടിവന്നു.
രാത്രി നല്ലപോലെ ഇരുട്ടിയപ്പോൾ ജുബ്ബയഴിച്ചു തലയിൽ കെട്ടി, വേഷപ്പകർച്ച വരുത്തി, നിശ്ശബ്ദമായി ആപ്പീസ്സു പൂട്ടി, വെളിച്ചംകുറഞ്ഞ തെരുവീഥികളിലൂടെ അരിച്ചരിച്ചു കുഞ്ചുണ്ണി അശ്വഹൃദയത്തിലേയ്ക്കു നീങ്ങി.
അശ്വഹൃദയം ശബ്ദായമാനമായിരുന്നു. തകർപ്പൻ വാദപ്രതിവാദത്തിന്റെ ബഹളം. കുഞ്ചുണ്ണി ഇരുട്ടിൽ നിന്നു ശ്രദ്ധിച്ചു.
“ഏതു രോഗവും മാറും.”
ഗുരുവിന്റെ ശബ്ദമാണു്.
“മരുന്നില്ല, മന്ത്രമില്ല, തട്ടിപ്പോ വെട്ടിപ്പോ ഇല്ല. ഒരു നോട്ടം, ഒരു ചിരി, കഴിഞ്ഞു.”
“ഓ! തട്ടിപ്പാവും ന്നേ.”
പീറ്റർ അലസമായി പറഞ്ഞു. അതു കേട്ടു ഗുരുവിനു് ശുണ്ഠിവന്നു.
“അനാവശ്യം പറയരുതു്. അതും നമുക്കറിയാത്ത കാര്യത്തെക്കുറിച്ചു്, തന്റെ മതത്തിലെ ഒരു പുണ്യാളനാണെങ്കിൽ താനിങ്ങനെ പറയ്യോ?”
“ശരിയാണു്.”
ആത്മീയകാര്യങ്ങളിൽ അതീവ ശ്രദ്ധാലുവായ കണ്ണൻകുട്ടി മേനോൻ ഗുരുവിന്റെ ഭാഗം ചേർന്നു. ഗുരുവിനുത്സാഹമായി.
“അല്ല പിന്നെ, എത്ര എളുപ്പം കഴിഞ്ഞു തട്ടിപ്പെന്നു പറയാൻ. ഞാൻ നേരിൽ കണ്ടവനാ.”
“എന്താ കണ്ടതു്?”
ജിജ്ഞാസുവായ മുകുന്ദൻ ചോദിച്ചു. രോഗം മാറ്റാൻ ഒരു നോട്ടമോ ചിരിയോ മതിയെങ്കിൽ എത്ര എളുപ്പം. എന്താദായം! ആസവാരിഷ്ടങ്ങൾക്കു ചിലവാക്കുന്ന കാശു പലിശയ്ക്കു കൊടുക്കാം. ഇല്ലെങ്കിൽ സേവിങ്ങ്സ് ബാങ്കിലിടാം. മുകുന്ദന്റെ വിചാരമതാണു്.
“എന്താ കണ്ടതെന്നോ?”
ഗുരുവിന്നുത്സാഹം കൂടി. വിവരണമാരംഭിച്ചു.
“നമ്മളീ പത്രങ്ങളൊന്നും വായിക്കാത്തതാണു് കുഴപ്പം. യോഗീശ്വരന്റെ അപദാനങ്ങൾ ദിവസവും പത്രങ്ങളിൽ വരുന്നു. ഇന്നു ഡപ്യൂട്ടി കലക്ടരുടെ വീട്ടിൽനിന്നു പത്രം വായിച്ചപ്പോഴാണു് സകലതും പിടികിട്ടുന്നതു്.”
“എന്തൊക്കെയാ കേൾക്കട്ടെ.” ’
കണ്ണൻകുട്ടി മേനോൻ കയറ്റുകട്ടിലിൽ ചെന്നിരുന്നു. ഗുരുവിനെ തൊട്ടുരുമ്മിക്കൊണ്ടു്.
“പത്രത്തിൽ നൂറിലൊരംശം വരുന്നില്ല. ഡപ്യൂട്ടി കലക്ടരദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു കേട്ടപ്പോൾ ഞാനന്തംവിട്ടുപോയി.”
പിന്നെ അത്ഭുതകഥകളുടെ പ്രക്ഷേപണമാണു്. പ്രക്ഷേപണം കഴിഞ്ഞു്, യോഗിവര്യന്റെ ദർശനമാഹാത്മ്യം കൈവന്ന കഥ ഗുരു ആവേശത്തോടെ വിവരിച്ചു.
“ഇന്നു് സന്ധ്യയ്ക്കെനിയ്ക്കതിനുള്ള ഭാഗ്യമുണ്ടായി. മഹാപുരുഷൻ! മുഖത്തു് നേരിട്ടു് നോക്കാൻ വയ്യ. എന്തൊരു തേജസ്സു്! കണ്ണൂകൾ നക്ഷത്രങ്ങളെപ്പോലെ ജ്വലിക്കുന്നു.”
“ശരിയായിരിക്കാം.” പീറ്റർ പറഞ്ഞു.
“എന്നിട്ടും ശങ്ക. എടോ, താനേതായാലും നസ്രാണിയല്ലേ. നസ്രാണിയെ വിശ്വസിപ്പിയ്ക്കണമെന്നു് ഞങ്ങൾക്കു നിർബ്ബന്ധമില്ല.”
ഞങ്ങളെന്നു ഗുരു മനഃപ്പൂർവ്വം പറഞ്ഞതാണു്. അശ്വഹൃദയത്തിലെ എല്ലാ ഹിന്ദുക്കളേയും പ്രതിനിധീകരിച്ചുകൊണ്ടു് ഇതു ഹിന്ദുക്കളുടെ മാത്രം പ്രശ്നമാണു്. നസ്രാണിക്കു് വിമർശിക്കാനോ പരിഹസിക്കാനോ അവകാശമില്ല.
“മറിച്ചുള്ള അഭിപ്രായവുമുണ്ടു്.” പീറ്റർ വിട്ടില്ല.
“എവിടെ?”
“പത്രത്തിൽ”
“ഏതു പത്രത്തിൽ.”
“തീപ്പന്തത്തിൽ.”
“ഹൊ! എനിയ്ക്കു കേൾക്കണ്ട. അതൊരു പത്രമാണോ?”
കുഞ്ചുണ്ണി ഇരുട്ടിൽനിന്നു് പല്ലു ഞെരിച്ചു. ഗുരു ആവേശത്തോടെ തുടർന്നു.
“എല്ലാം ഈ കണ്ണുകൊണ്ടു് വിസ്തരിച്ചു് കണ്ടു മനസ്സിലാക്കിയാണു് ഞാനിപ്പോൾ വരുന്നതു്.”
“കേൾക്കട്ടെ, കേൾക്കട്ടെ.”
കണ്ണൻകുട്ടിമേനോനു് ധൃതിയായി.
“വാസുമുതലാളിയുടെ ബംഗ്ലാവിന്റെ രണ്ടാമത്തെ നിലയിൽവെച്ചാണു് കണ്ടതു്. ആരൊക്കെയാണു് യോഗീശ്വരനെ സാഷ്ടാംഗം നമസ്കരിച്ചു് അവിടത്തെ കാൽപൊടിയെടുത്തു് മൂർദ്ധാവിൽ ചൂടുന്നതു്! കലക്ടരും, ഡി.എസ്സ്.പി.യും നേതാക്കന്മാരും, വ്യാപാരികളും! ശിവ! ശിവ!
“ശിവ! ശിവ!”
കണ്ണൻകുട്ടിമേനോൻ ഏറ്റു ജപിച്ചു.
“ബങ്ക്ളാവിന്റെ ചുറ്റിലും നിരത്തിലും ആയിരക്കണക്കിനല്ലേ ആളുകൾ തമ്പടിച്ചു നില്ക്കുന്നതു്. യോഗീശ്വരനെ ഒരു നോക്കു കാണാൻ. എന്നിട്ടു് തീപ്പന്തത്തിന്റെ കാര്യം പറയുന്നു! അതൊരു പത്രമാണോ?”
“മിണ്ടരുതു്.”
കുഞ്ചുണ്ണി അലറിക്കൊണ്ടു ചാടിവീണു.
“എഡിറ്ററേ.”
പെട്ടെന്നുണ്ടായ ഞെട്ടലോടെ ബദ്ധപ്പെട്ടെഴുന്നേറ്റു ഗുരു ഗദ്ഗദ സ്വരത്തിൽ വിളിച്ചു. കുഞ്ചുണ്ണി ശ്രദ്ധിച്ചില്ല.
“നിങ്ങളെല്ലാവരും എനിയ്ക്കെതിരാണു്.”
കുഞ്ചുണ്ണി തുടർന്നലറി.
“പക്ഷെ, ഒരു കാര്യമുണ്ടു്. ആരെതിരായാലും കുഞ്ചുണ്ണി തോൽക്കില്ല. തോല്ക്കാൻ പിറന്നവനല്ല കുഞ്ചുണ്ണി.”
“ക്ഷമിയ്ക്കണം എഡിറ്ററേ.”
ഗുരുവിന്റെ ശബ്ദം നേർത്തുനേർത്തു വന്നു.
“ഒരുദിവസം നിങ്ങളെല്ലാവരും എന്റെ കാലു് വന്നു പിടിയ്ക്കും.”
കുഞ്ചുണ്ണി വീരവാദം മുഴക്കി.
“ഇല്ലെങ്കിൽ ഞാൻ പിടിപ്പിയ്ക്കും. ഓർത്തോളു!”
“എഡിറ്ററേ, ഇത്തവണ മാപ്പു്.”
അതു് ഗുരുവിന്റെ അവസാന വാക്കായിരുന്നു. കുഞ്ചുണ്ണി സോപ്പും തോർത്തുമെടുത്തു് ടാപ്പിനടുത്തേയ്ക്കു പോകുമ്പോൾ ഇത്രയുംകൂടി പറഞ്ഞു.
“കുഞ്ചുണ്ണി തോല്ക്കാൻ പിറന്നവനല്ല.”
അശ്വഹൃദയം ശോകമൂകം.