വെള്ളിമേഘങ്ങൾ ചിതറിക്കിടക്കുന്ന ശരൽക്കാലാകാശത്തിന്നു കീഴിൽ മഹാനഗരം പടകലികൊണ്ടു നിന്നു.
പ്രഭാതത്തിലടിച്ചു വരുന്ന കാറ്റിൽ മാമ്പൂമണമുണ്ടായിരുന്നു. സുഖകരമായ തണുപ്പും, പാലപ്പൂവിന്റെ മാദകഗന്ധവും, ലളിത വികാരത്തിന്റെ പൂമ്പൊടിപുരണ്ട നറുനിലാവും രാത്രിയ്ക്കലങ്കാരമിയറ്റിയിരുന്നു.
ഒന്നും നഗരവാസികളറിഞ്ഞില്ല.
അവർ പകിരി തിരിഞ്ഞു് കച്ച മുറുക്കുകയായിരുന്നു. ഉറുമിപലിശ തൊഴുതെടുക്കുകയായിരുന്നു. ഓരോരുത്തരും ആരോമച്ചേവകരായി മാറുകയായിരുന്നു.
സംഗതി ഭൗതികവും ആദ്ധ്യാത്മികവും തന്നെ.
ഭൗതിക വാദത്തിന്റെ ചേരിയിൽ അഭിമന്യുവിനെപ്പോലെ കുഞ്ചുണ്ണി അടിപതറാതെ നിന്നു പൊരുതി. ആദ്ധ്യാത്മികവാദത്തിന്റെ ചേരിയിൽ നഗരവാസികൾ ഭൂരിപക്ഷം തപ്പടിച്ചുനിന്നു പോർവിളി മുഴക്കി.
വലിയ വലിയ വാദകോലാഹലങ്ങളും ചെറിയചെറിയ സംഘട്ടനങ്ങളും തുടർന്നുകൊണ്ടേയിരുന്നു. ബസ്സിലും തീവണ്ടിയിലും മുറുക്കാൻ കടയിലും റസ്റ്റോറണ്ടിലും ആശുപത്രിയിലും അമ്പലനടയ്ക്കലും രണ്ടു ചേരി.
“ഈശ്വരൻ ഏതു ചേരിയിൽ?”
കുഞ്ചുണ്ണി റോക്കറ്റുപോലൊരു ചോദ്യം തൊടുത്തുവിട്ടു. ഭക്തജനങ്ങളുടെ തലയ്ക്കുമുകളിലതു് മൂളിക്കൊണ്ടു പറന്നു.
“ഈശ്വരൻ ഏതു ചേരിയിൽ?”
ഭക്തജനങ്ങൾ പരസ്പരം മിഴിച്ചു നോക്കി. തകൃതിയായി കൂടിയാലോചിച്ചു. ഒടുവിൽ ഏകകണ്ഠമായി പ്രഖ്യാപിച്ചു.
“ഈശരൻ ഭക്തജനങ്ങളുടെ ചേരിയിൽ.”
കുഞ്ചുണ്ണി വിട്ടുകൊടുത്തില്ല. വിട്ടുകൊടുക്കുന്ന സ്വഭാവം കുഞ്ചുണ്ണിയ്ക്കില്ല. ഉടനെ രണ്ടാമത്തെ റോക്കറ്റ് തൊടുത്തുവിട്ടു.
“ഭക്തജനങ്ങൾ ആരുടെ ചേരിയിൽ?”
കുഴഞ്ഞ പ്രശ്നം. മിഴിച്ചു നോക്കലും കൂടിയാലോചനയുമുണ്ടായി. പക്ഷേ, പ്രഖ്യാപനമുണ്ടായില്ല. ഭക്തജനങ്ങളുടെ ചേരിയിൽ കനത്ത നിശ്ശബ്ദത. രണ്ടാം നമ്പർ റോക്കറ്റ് പലതവണ ഭക്തജനങ്ങളുടെ തലയ്ക്കുമുകളിൽ മൂളിപ്പറന്നു്, മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്തു തിരിച്ചുവന്നപ്പോൾ കുഞ്ചുണ്ണിയുടെ ഉറച്ച പ്രഖ്യാപനമുണ്ടായി.
“ഭക്തജനങ്ങൾ കരിഞ്ചന്തക്കാരന്റെ ചേരിയിൽ”
മഹാനഗരത്തിൽ ഭൂകമ്പം!
ഭക്തജനങ്ങളെ അപമാനിച്ചിരിക്കുന്നു. അവരുടെ സത്യസന്ധത ചോദ്യംചെയ്യപ്പെട്ടിരിക്കുന്നു. മാപ്പില്ലാത്ത കുറ്റം.
തനിയ്ക്കു ചുറ്റും അലയടിച്ചുയരുന്ന പ്രതിഷേധ കോലാഹലങ്ങളൊന്നും ശ്രദ്ധിക്കാത്ത മട്ടിൽ കുഞ്ചുണ്ണി നടന്നു. ഭയമുണ്ടായിരുന്നു. അന്നോളം ആരുമങ്ങിനെ തുറന്നു പറഞ്ഞിട്ടില്ല. അതിന്നുള്ള ധൈര്യം ആർക്കുമുണ്ടായിരുന്നില്ല.
ഭക്തജനങ്ങളുടെ നേതാക്കന്മാർ മുമ്പോട്ടു വന്നു കുഞ്ചുണ്ണിയെ വെല്ലുവിളിച്ചു.
“ആരോപണം തെളിയിക്കാമോ?”
“ഓഹോ, തെളിയിക്കാം.”
“എങ്ങിനെ തെളിയിക്കാം?”
“എങ്ങിനെ വേണമെങ്കിലും തെളിയിക്കാം.”
“പൊതുയോഗം വിളിച്ചുകൂട്ടി, തെളിവുകളോരോന്നും നിരത്തി ജനങ്ങളെ വിശ്വസിപ്പിയ്ക്കണം.”
“സമ്മതം.”
“പരാജയപ്പെട്ടാൽ പരസ്യമായി ജനങ്ങളോടു മാപ്പു പറയണം.”
“റെഡി.”
“നിരീശ്വരവാദമുപേക്ഷിയ്ക്കണം.”
“‘ഉപേക്ഷിയ്ക്കാം.”
“യുക്തിവാദമുപേക്ഷിയ്ക്കണം.”
“തയ്യാർ.”
“യോഗീശ്വരന്റെ കാൽക്കൽ നമസ്ക്കരിച്ചു്, ആ മഹാപുരുഷന്റെ ശിഷ്യത്വം സ്വീകരിക്കണം.”
“സ്വീകരിക്കാം, പക്ഷേ… ”
“ഞാൻ വാസുമുതലാളിയുടെ വീട്ടിൽ കേറില്ല.”
“കേറണമെന്നു നിർബ്ബന്ധമില്ല.”
“വാസുമുതലാളിയുടെ വീട്ടിൽ കേറാതെ യോഗീശ്വരന്റെ കാലിൽ നമസ്കരിക്കാൻ പറ്റില്ലല്ലൊ.”
“അതു് നിർബ്ബന്ധം! യോഗീശ്വരന്റെ കാലിൽ നമസ്കരിക്കാതെ പറ്റില്ല.”
“എങ്കിൽ യോഗീശ്വരൻ ബങ്ക്ളാവിന്റെ പടിയ്ക്കൽ വന്നു് കാലു് പുറത്തേയ്ക്കു നീട്ടട്ടെ, ഞാൻ നമസ്ക്കരിച്ചോളാം, ശിഷ്യത്വം സ്വികരിച്ചോളാം.”
നേതാക്കന്മാർ സമ്മതിച്ചു.
കരാറൊപ്പിട്ടു് തിരിച്ചുപോയി പൊതുയോഗം വിളിച്ചുകൂട്ടി.
പ്രസംഗമണ്ഡപത്തിൽ കയറി നിന്നപ്പോൾ ഒരു കാര്യം കുഞ്ചുണ്ണിക്കു മനസ്സിലായി. തന്റെ അനുയായികളോ സഹായികളോ കണ്ണെത്തുന്ന ദൂരത്തെങ്ങുമില്ല. ഭക്തജങ്ങൾ മാത്രം! തല ചുറ്റി!
എന്നിട്ടും തന്റേടം വിടാതെ കുഞ്ചുണ്ണി കൂവി.
“പ്രിയമുള്ള നാട്ടുകാരേ,”
മുൻവരിയിൽനിന്നു് ഒരു ഭക്തനെഴുന്നേറ്റു് പ്രതിഷേധിച്ചു.
“ആ സംബോധന പിൻവലിയ്ക്കണം.”
ആദ്യത്തെ കത്തിയമ്പു് വന്നു മുതുകിൽ തറച്ചപ്പോൾ കുഞ്ചുണ്ണി സ്വല്പമൊന്നു വിളറി. വിനീതമായി ചോദിച്ചു.
“പിന്നെന്തു വിളിയ്ക്കണം, എങ്ങനെ വിളിയ്ക്കണം?”
“ഭക്തജനവും നാട്ടുകാരല്ലേ?”
കുഞ്ചുണ്ണി കൂടുതൽ വിനീതനായി.
“നാട്ടുകാരെല്ലാം ഭക്തജനങ്ങളായിക്കൊള്ളണമെന്നില്ല.”
സദസ്സിന്റെ മദ്ധ്യത്തിൽ നിന്നാണുത്തരം വന്നതു്.
“യുക്തിവാദികളും നാസ്തികന്മാരും നാട്ടുകാരാണു്. അവരോടൊപ്പം ഞങ്ങളെ സംബോധന ചെയ്യരുതു്. ഞങ്ങൾക്കതിഷ്ടമല്ല, ആ സംബോധന പിൻവലിക്കണം.”
“എങ്കിലും… ” കുഞ്ചുണ്ണി ആ സംബോധനയുടെ വാലിൽ പിടിച്ചു തൂങ്ങി നിൽക്കാൻ ചെറിയൊരു ശ്രമം നടത്തി.
“ഒരെങ്കിലുമില്ല. പിൻവലിയ്ക്കണം, പിൻവലിയ്ക്കണം, പിൻവലിയ്ക്കണം.”
മൂന്നുതവണ ആവശ്യപ്പെട്ടു. അതു് അന്ത്യശാസനമാണെന്നു് മനസ്സിലാക്കിയ കുഞ്ചുണ്ണി അടവൊന്നു മാറ്റി.
“നിങ്ങളെന്റെ നാട്ടുകാരല്ലേ?”
സ്നേഹവായ്പോടെ ചോദിച്ചു.
“അല്ലാ, അല്ലാ, ഒരിക്കലുമല്ലാ.”
സദസ്സിന്റെ പല ഭാഗത്തുനിന്നും കവണക്കല്ലുപോലെ മറുപടി വന്നു.
“നിങ്ങളുടെ നാട്ടുകാരനെന്നു പറയാൻ ഞങ്ങൾക്കു ലജ്ജയുണ്ടു്. ആ സംബോധന പിൻവലിയ്ക്കണം. പിൻവലിച്ചേ തീരൂ.”
സദസ്സു് ഒന്നായി ക്ഷോഭിച്ചെഴുന്നേറ്റു നിന്നു.
“സദസ്സു് നിശ്ശബ്ദമായിരിയ്ക്കണം.”
നേതാക്കന്മാരിൽ ഒരാളിടപെട്ടു് നിയന്ത്രണം പാലിക്കാനപേക്ഷിച്ചു.
“അയാൾ പറയട്ടെ, അയാളുടെ വാദമെന്തെന്നു് നമുക്കു കേൾക്കാം.”
സദസ്സു് നിശ്ശബ്ദമായപ്പോൾ കുഞ്ചുണ്ണി ഒരിക്കൽക്കൂടി സ്ഫുടമായും സംഗീതാത്മകമായും വിളിച്ചു.
“പ്രിയമുള്ള നാട്ടുകാരെ,”
ആ ധിക്കാരം സദസ്സു് പല്ലുകടിച്ചു സഹിച്ചു.
“ഞാനും നിങ്ങളും ഈശ്വരനെ കണ്ടിട്ടില്ല. കാണാൻ നമുക്കു കലശലായ ആഗ്രഹമുണ്ടു്. അതു ഞാൻ സമ്മതിക്കുന്നു. ആത്മാർത്ഥമായി നിങ്ങളതിന്നു ശ്രമിക്കുന്നവരാണെന്നെനിക്കറിയാം. നിങ്ങൾക്കു ഞാൻ വിജയം നേരുന്നു.
പ്രിയപ്പെട്ട നാട്ടുകാരേ, ഈശ്വരനെ കണ്ടില്ലെങ്കിലും ഈശ്വരന്റെ ജോലിയെന്തെന്നു് നമുക്കറിയാം. ദുഷ്ടനിഗ്രഹവും ശിഷ്ടപരിപാലനവുമാണു് ലോകാരംഭം മുതൽ ഇന്നുവരെ ഈശ്വരന്റെ ജോലി.
ഓ! എത്രയെത്ര ദുഷ്ടന്മാരെ ഈശ്വരൻ നിഗ്രഹിച്ചു. എത്രയെത്ര അസുരന്മാരെ ശിക്ഷിച്ചു. അതിനെന്തൊക്കെ വേഷമെടുക്കേണ്ടിവന്നു.
ആമയായിട്ടില്ലേ? മത്സ്യമായിട്ടില്ലേ? പന്നിയായിട്ടില്ലേ? നരസിംഹമായിട്ടില്ലേ? നിങ്ങളെന്താ മിണ്ടാത്തതു്? എതിരുണ്ടെങ്കിൽ പറയണം.”
സദസ്സു് മിണ്ടിയില്ല. ദശാവതാരകഥ വിവരിക്കാൻ തുടങ്ങുമ്പോൾ എതിരുണ്ടെന്നെങ്ങിനെപറയും.
“ഹിരണ്യനെ നിങ്ങൾ കേട്ടിട്ടില്ലേ? ഓ! ഭയങ്കരൻ! പരമദുഷ്ടൻ. മഹാപാപി! അവനെ ഭഗവാൻ നിഗ്രഹിച്ചപ്പോൾ ജനങ്ങൾ ആഹ്ലാദംകൊണ്ടു് മതിമറന്നു!
ഹിരണ്യൻ ചെയ്ത കുറ്റമെന്തായിരുന്നു? നമ്മളാരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? ഇല്ല. നമുക്കതിറിഞ്ഞിട്ടു പ്രയോജനമില്ല. ഒന്നു് നമുക്കൂഹിയ്ക്കാൻ കഴിയും. ഇന്നു നമ്മുടെ ഇടയിലെ ദുഷ്ടന്മാരുടെ പ്രവൃത്തിയുമായി തട്ടിച്ചുനോക്കുമ്പോൾ ഹിരണ്യന്റേതു് താരത്മ്യേന നിസ്സാരമായിരിയ്ക്കണം. ഹിരണ്യനേക്കാൾ ഭയങ്കരന്മാരായ മനുഷ്യർ ഇന്നു് നമ്മുടെ ഇടയിലില്ലേ? ഇല്ലെന്നു് പറയാനാവുമോ?”
ആവുമെങ്കിൽ പറയട്ടെ എന്ന മട്ടിൽ കുഞ്ചുണ്ണി തെല്ലിട മിണ്ടാതെ നിന്നു. മേശപ്പുറത്തടച്ചുവെച്ച വെള്ളമെടുത്തു് രണ്ടു കവിൾ അകത്താക്കി. ജുബ്ബയുടെ അറ്റംകൊണ്ടു് മുഖം തുടച്ചു് തന്റെ മുമ്പിലിരിയ്ക്കുന്നവരെ അമർത്തിയൊന്നു നോക്കി.
തുടക്കത്തിലുള്ള ആവേശം ആറിത്തണുത്തു് സദസ്സൊന്നു് പാകപ്പെട്ടിട്ടുണ്ടു്. വകവരുത്തിക്കളയാമെന്ന അഹങ്കാരത്തോടെ കുഞ്ചുണ്ണി തുടർന്നു.
“നിങ്ങൾ ഭക്തജനങ്ങളായതുകൊണ്ടു് ഭഗവാൻ ചരിത്രം വേണ്ടുവോളം മനസ്സിലാക്കീട്ടുണ്ടാവുമെന്നു് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടു് അതൊന്നും എടുത്തുപറയാൻ ഞാനിവിടെ ഉദ്ദേശിക്കുന്നില്ല. നമുക്കു ഹിരണ്യന്റെ കാര്യം തന്നെയെടുക്കാം.
ഹിരണ്യൻ ചെയ്ത കുറ്റമെന്തായിരുന്നു? ജനങ്ങൾ വിശന്നു പൊരിയുമ്പോൾ അരിയും നെല്ലും പൂഴ്ത്തിവെച്ചിട്ടുണ്ടായിരുന്നോ? തീപ്പിടിച്ച വിലയ്ക്കു അതൊക്കെ വില്പന നടത്തി പണം വാരിക്കൂട്ടിയിരുന്നോ? ഭക്ഷ്യവസ്തുക്കളിൽ മായംചേർത്തിരുന്നോ? മുലപ്പാലില്ലാത്ത പിഞ്ചോമനകൾക്കു ചുണ്ടുനനയ്ക്കാനുപയോഗിക്കുന്ന ‘ബേബിഫുഡ്’ കരിഞ്ചന്തയിൽ പൂഴ്ത്തിവെച്ചു് കൃത്രിമക്ഷാമം സൃഷ്ടിച്ചിരുന്നോ?
ഇല്ല. എന്റെ പരിമിതമായ പുരാണപരിചയം വെച്ചു് ഞാൻ തീർത്തു പറയുന്നു. ഇല്ല.
ഇന്നോ? ഇന്നു നമ്മുടെ ഇടയിലുള്ള അസുരന്മാർ എന്താണു് ചെയ്യുന്നതു്? ഹിരണ്യനെക്കാൾ നൂറുമടങ്ങു് പാപംചെയ്യുന്ന ദുഷ്ടന്മാരല്ലേ അവർ? അവരുടെ കൊടുംചതികൊണ്ടു് നമ്മളനുഭവിക്കുന്ന ദുരിതത്തിന്നു് വല കയ്യും കണക്കുമുണ്ടോ?”
ഇവിടെയെത്തിയപ്പോൾ കുഞ്ചുണ്ണിയുടെ നാക്കിൽ വൃത്തമില്ലാക്കവിതവന്നു നൃത്തം ചെയ്യാൻ തുടങ്ങി. എത്രയൊക്കെ പണിപ്പെട്ടിട്ടും നിയന്ത്രിച്ചിട്ടും അവനെ തടയാനൊത്തില്ല.
ചായപ്പൊടിയിൽ-
ഈർച്ചപ്പൊടിചേർക്കും പടി നമ്മൾ
കലക്കിക്കുടി,
വയറുകടീ!
പൂഴിത്തരി!
പഞ്ചാരയിലൊത്തിരി, വയറിൽ പൂത്തിരി-
കത്തീ!
കത്തിക്കാളീ, മാളീ, വിവശതയാളീ
രോഗം!
നമ്മുടെ രോഗം, നാടിൻ ദുര്യോഗം,
ദുഷ്ടനു് ഭോഗം.”
കവിതയ്ക്കു ശേഷം വിജയഭാവത്തിൽ തലയുയർത്തിപ്പിടിച്ചു് കുഞ്ചുണ്ണി നിന്നു. ജുബ്ബയുടെ പോക്കറ്റിൽ കൈ തിരുകിക്കയറ്റി, വയറും നെഞ്ചും മുന്നോട്ടു തള്ളി ഉദ്ധതഭാവത്തിൽ സദസ്സിനെ നോക്കി.
സദസ്സു് മൃതപ്രായം!
ഒരു ഡോസ്സുകൂടി കൊടുത്താൽ എല്ലാം അവസാനിക്കുമെന്നു തീരുമാനിച്ചു് ശബ്ദം കനപ്പിച്ചു.
“നമ്മെ നിത്യരോഗികളും പട്ടിണിക്കാരുമാക്കുന്ന ഇന്നാട്ടിൽ ഒരു പിടി അസുരന്മാർ ലക്ഷപ്രഭുക്കളാകുന്നു. അവർക്കു് തേരും കുതിരയും കാലാളുമുണ്ടു്. ഏതു സാമ്രാജ്യം എപ്പോൾ വേണമെങ്കിലും അവർക്കു് വെട്ടിപ്പിടിയ്ക്കാം. പിറന്നു വീണ നാടു് അവർക്കൊരു പ്രശ്നമല്ല. സഹജീവികളുടെ വേദനയിൽ അവരാനന്ദംകൊള്ളുന്നു. പാപപുണ്യങ്ങളെപ്പറ്റി അവർക്കു ചിന്തയില്ല. പണം പണം. അവർക്കു് ഈശ്വരൻപോലും പണത്തിന്നു താഴെയാണു്!
പ്രിയമുള്ള നാട്ടുകാരെ, ആരായിരുന്നു വാസു മുതലാളി? ഇന്നയാളുടെ നിലയെന്താണു്? ഇക്കാണുന്നതത്രയും നേരായ മാർഗ്ഗത്തിലൂടെ സമ്പാദിച്ചു കൂട്ടിയതാണെന്നു് നിങ്ങൾക്കഭിപ്രായമുണ്ടോ? വാസു മുതലാളി പൂഴ്ത്തിവെപ്പുകാരനല്ലെന്നു് പറയാനൊക്കുമോ? കരിഞ്ചന്തക്കാരനല്ലെന്നു് പറയാനൊക്കുമോ? എന്താ മിണ്ടാത്തതു്? നിങ്ങൾക്കങ്ങിനെ പറയാൻ കഴിയില്ലെന്നെനിക്കുറപ്പുണ്ടു്.
ഹിരണ്യനേക്കാൾ ദുഷ്ടനായ വാസുമുതലാളിയുടെ വീട്ടിൽ ഈശ്വരവിശ്വാസികൾ കാലുകുത്താനറയ്ക്കും. ഒരു സിദ്ധന്റെ പേരിൽ നിങ്ങളെല്ലാവരും അവിടെ പോകുന്നു. ഇതു് ഭക്തിയാണോ? ഇതുകൊണ്ടു് മുക്തി നേടാമെന്നു് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?”
സദസ്സിൽ മുറുമുറുപ്പു്. കുഞ്ചുണ്ണി ശ്രദ്ധിച്ചില്ല.
“ഭക്തജനങ്ങൾ കരിഞ്ചന്തക്കാരന്റെ ചേരിയിലെന്നു് ഞാനിപ്പോഴും പറയുന്നു. ഇനിയും പറയും. അതിലെന്താണു് തെറ്റു്? ഇന്നുവരെ തെളിവില്ലാത്ത കാര്യങ്ങളൊന്നും ഞാൻ പറഞ്ഞിട്ടില്ല.”
സദസ്സിൽ മുറുമുറുപ്പു് വർദ്ധിക്കുന്നു. ഭക്തജനങ്ങളുടെ കണ്ണു് ചുവക്കുന്നു.
“സിദ്ധനും അവധൂതനുമൊന്നും വാസുമുതലാളിയുടെ വീട്ടിൽ കയറില്ല. ആ പടിയ്ക്കലൂടെ വഴി പോവില്ല, ആ പടി കടക്കാൻ ചെകുത്താനും കുറഞ്ഞൊന്നാലോചിക്കും.”
സദസ്സിന്റെ പ്രതികരണം സൂക്ഷിച്ചു ശ്രദ്ധിക്കുന്ന നേതാക്കന്മാർക്കു് ആസന്നമായൊരു പൊട്ടിത്തെറിയുടെ വിങ്ങലനുഭവപ്പെടുന്നു. കുഞ്ചുണ്ണി രണ്ടും കല്പിച്ചു് അവസാനത്തെ തല്ലിനു് തയ്യാറെടുക്കുന്നു.
“അതുകൊണ്ടു്, എന്റെ നാട്ടുകാരെ, ഞാനുറപ്പിച്ചു പറയുന്നു പരമാനന്ദ യോഗീശ്വരൻ സിദ്ധനോ അവധൂതനോ അല്ല. വെറും കപടയോഗി. കരിഞ്ചന്തയ്ക്കരുനില്ക്കുന്ന കള്ളസ്സന്യാസി.”
ഹരഹരോ ഹര!
ക്ഷുഭിതരായ ഭക്തജനങ്ങൾ പ്രസംഗമണ്ഡപത്തിലേക്കു തള്ളിക്കയറി. കുഞ്ചുണ്ണി പിൻപുറത്തെ വാതിലിലൂടെ പുറത്തു ചാടി ഓടി. ഓട്ടത്തിൽ ഇന്നോളം കുഞ്ചുണ്ണിയെ ആരും ജയിച്ചിട്ടില്ല.
അങ്ങിനെ സംഭവങ്ങൾക്കു് പിരിമുറുക്കം കൂടിക്കൊണ്ടു വരുമ്പോൾ ഒരു വാർത്താ ജലപ്രവാഹം വാസുമുതലാളിയുടെ ബങ്ക്ളാവിൽനിന്നു് ഉഴറിപ്പാഞ്ഞു വന്നു് നഗരവാസികളെ മുക്കിക്കളഞ്ഞു. മുന്നറിയിപ്പു കൂടാതെ റിസർവോയർ തുറന്നുവിട്ടപോലെ.
നഗരവാസികൾക്കു വീർപ്പുമുട്ടി, കയത്തിൽ കാലുറക്കാതെയായി!
എല്ലാ പത്രങ്ങളും ആ വാർത്ത മുഖ്യസ്ഥാനത്തിൽ പകർത്തി.
“യോഗീശ്വരൻ സംസാരിയ്ക്കുന്നു!”
“പന്ത്രണ്ടു വർഷത്തെ നീണ്ട മൗനവ്രതം പരമാനന്ദയോഗീശ്വരൻ സമാപിയ്ക്കുന്നു.”
വാർത്ത പുറത്തു വിട്ടപ്പോൾ, വരാനിരിക്കുന്ന ക്രമാതീതമായ ജനത്തിരക്കു വാസുമുതലാളി കണക്കിലെടുത്തു. കൂടുതൽ ജനങ്ങളെ ഭജനയിൽ പങ്കെടുപ്പിക്കാനുള്ള സൗകര്യമുണ്ടാക്കലായിരുന്നു പിന്നത്തെ ജോലി. ബങ്ക്ളാവിന്റെ മുകളിലത്തെ നിലയിൽനിന്നു് ഭജന മുറ്റത്തേക്കു മാറ്റാൻ തീരുമാനിച്ചു. അതിന്നുവേണ്ടി മുറ്റത്തു് വലിയ പന്തലിട്ടു വിതാനിച്ചു. നടവഴിയിലും തൊടിയിലും ആളുകൾക്കിരിക്കാനുള്ള സൗകര്യമുണ്ടാക്കി. നിരത്തിന്റെ മറുവശത്തുള്ള പുറമ്പോക്കു സ്ഥലം കാടു ചെത്തി തെളിയിച്ചപ്പോൾ കാറുകൾ പാർക്കുചെയ്യാൻ വേണ്ടത്ര സ്ഥലം കിട്ടി.
ഒരു മഹോത്സവത്തിനെന്നപോലെ വിപുലമായ ഒരുക്കങ്ങൾ മുഴുവനും നടന്നുകഴിഞ്ഞപ്പോൾ ഒരിയ്ക്കൽകൂടി റിസർവോയർ തുറന്നുവിട്ടു.
“യോഗീശ്വരൻ രോഗികളെ അനുഗ്രഹിക്കാമെന്നു് സദയം സമ്മതിച്ചിരിയ്ക്കുന്നു.”
എങ്ങും ആഹ്ലാദപ്രകടനം! മഹാഭാഗ്യങ്ങൾ വഴിക്കുവഴി നഗരവാസികളെ അനുഗ്രഹിയ്ക്കാനെത്തുന്നു!
പക്ഷെ, മറ്റൊരു പിശകു് മറുഭാഗത്തു് തലയുയർത്താൻ തുടങ്ങി. യോഗീശ്വരൻ രോഗികളെ പരിശോധിച്ചു് ചികിത്സ നിർദ്ദേശിക്കാൻ തീരുമാനിച്ച വിവരമറിഞ്ഞപ്പോൾ നഗരവാസികൾക്കു് മുഴുവനും ഒന്നല്ലെങ്കിൽ മറ്റൊരു രോഗമുണ്ടു്. തലവേദന, നെഞ്ചുവേദന, കാസശ്വാസം, ഞരമ്പു തളർച്ച, വാതക്കടച്ചിൽ, വയറുവേദന.
എല്ലാവർക്കുമുണ്ടു് രോഗം! എല്ലാവർക്കും യോഗീശ്വരനെ സമീപിയ്ക്കണം.
അഡ്വാൻസ് ബുക്കിങ്ങിന്നു് ജനങ്ങൾ വാസുമുതലാളിയെ സമീപിച്ചു.
പാണ്ടികശാലയിലും ബങ്ക്ളാവിലും നീണ്ട ‘ക്യൂ’ പ്രത്യക്ഷപ്പെട്ടു. വാസുമുതലാളിയുടെ സൗകര്യവും കാത്തു നില്ക്കുന്നവരിൽ ലക്ഷപ്രഭുവും എരപ്പാളിയുമുണ്ടായിരുന്നു! മേലുദ്യോഗസ്ഥനും കീഴുദ്യോഗസ്ഥനുമുണ്ടായിരുന്നു!
വാസുമുതലാളി ഒട്ടും അസഹിഷ്ണത കാണിയ്ക്കാതെ ശാന്തമായി. ആത്മീയ തേജസു് മുഖത്തു പ്രദർശിപ്പിച്ചുകൊണ്ടു് എല്ലാവർക്കും ഒരേ മറുപടി നല്കി.
“എല്ലാം അവിടുത്തെ കാരുണ്യം! അനുഗ്രഹം! എനിക്കൊന്നും മുൻകൂട്ടി പറയാനോ നിശ്ചയിക്കാനോ വയ്യ! തൃപ്പാദങ്ങൾ അപ്പപ്പോൾ തോന്നുന്നതു് ചെയ്യുന്നു. ഞാൻ എളിയൊരു ദൃക്സാക്ഷി മാത്രം. വന്നോളു, കാൽക്കൽ നമസ്കരിച്ചോളു, അനുഗ്രഹം വാങ്ങിക്കോളു. ഇതിൽ കവിഞ്ഞൊന്നും എനിക്കു പറയാനില്ല.”
മൗനവ്രത സമാപനത്തിനുള്ള ദിവസം പ്രഖ്യാപിച്ചു. മഹാലയാമാവാസി നാളിൽ! അന്നാണല്ലൊ നവരാത്രിയുടെ തുടക്കം.
മഹാനഗരത്തിലെ പണ്ഡിതന്മാർ ചേർന്നു് അന്നൊരു മതമഹാസമ്മേളനം ചേരുമെന്നും സമ്മേളനത്തിൽ യോഗിവര്യന്റെ സാന്നിദ്ധ്യമുണ്ടാവുമെന്നും പ്രഖ്യാപനമുണ്ടായി!
“പ്രമാദം”
തുടർന്നു മറ്റൊരു പ്രഖ്യാപനം വരുന്നു.
നാട്ടുവൈദ്യസമ്മേളനം!
മതസമ്മേളനത്തെത്തുടർന്നു് അവിടെവെച്ചു തന്നെ നാട്ടുവൈദ്യസമ്മേളനം നടക്കുന്നു. സമ്മേളനം ഒരു വിളക്കു കൊളുത്തിക്കൊണ്ടു് യോഗീശ്വരൻ ഉദ്ഘാടനം ചെയുന്നു.
നാട്ടുമരുന്നുകളെക്കുറിച്ചും നാട്ടുചികിത്സാ സമ്പ്രദായത്തെക്കുറിച്ചും സമ്മേളനത്തിൽ വിപുലമാർന്ന ചർച്ച നടക്കും. ഉടനീളം യോഗീശ്വരൻ തന്റെ സാന്നിദ്ധ്യംകൊണ്ടു് സമ്മേളനത്തെ അനുഗ്രഹിക്കും! മഹാപ്രമാദം.
എങ്ങും ഉത്സാഹം എങ്ങും തിരക്കു്!
നവരാത്രി കാലത്തിന്റെ മൂടൽമഞ്ഞിനൊപ്പം ആദ്ധ്യാത്മിക തേജസ്സും മഹാനഗരത്തെ പൊതിഞ്ഞു നിന്നു.
എല്ലാ വീടുകളിലും ചന്ദനത്തിരിയെരിഞ്ഞു.
കർപ്പൂരം കത്തി.
കർപ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും ഗന്ധത്തിൽ മാമ്പൂമണം മുങ്ങിപ്പോയി.