പന്തലിലും നടവഴിയിലും തൊടിയിലും പുരുഷാരം ശ്വാസമടക്കിപ്പിടിച്ചു് കാത്തിരുന്നു. നിരത്തിൽ ജനസമുദ്രം. പുറമ്പോക്കിൽ കാറുകൾ നിറഞ്ഞുകവിഞ്ഞു.
മൗനവ്രതമവസാനിപ്പിച്ച യോഗീശ്വരന്റെ ശബ്ദം കേൾക്കാൻ എല്ലാവർക്കും അക്ഷമയായിരുന്നു.
നാലുപാടും വിദ്യുച്ഛക്തി വിളക്കുകൾ പ്രകാശം ചൊരിഞ്ഞപ്പോൾ അമാവാസി രാവിന്റെ കൂരിരുട്ടു് പേടിച്ചു പിൻവാങ്ങി, ജ്ഞാനോദയത്തിൽ വിവേകശൂന്യതപോലെ. പക്ഷേ, വാസുമുതലാളിയുടെ മനസ്സിൽമാത്രം ഇരുട്ടു് തങ്ങിനിന്നു.
ഒരു ചെറിയ ശബ്ദം കേട്ടാൽ, ചലനം കണ്ടാൽ മുതലാളി ഞെട്ടും. ആസന്നമായ ഏതോ വിപത്തിനെച്ചൊല്ലി മുതലാളിയുടെ ഹൃദയം പിടഞ്ഞു. മുഖത്തു് തികഞ്ഞ അസ്വസ്ഥത നിഴലാടി.
അപാരഭക്തിയുടെ ലക്ഷണമായേ ജനങ്ങളതിനെ കണക്കാക്കിയുള്ളു. ഭാഗ്യം!
സത്യം ജനങ്ങളറിഞ്ഞില്ലെങ്കിൽ എന്തൊക്കെ സംഭവിക്കാം! പലതും!…
തലേന്നു് രാത്രി ഭജന തുടങ്ങിയപ്പോൾ വാസുമുതലാളി ആരുമറിയാതെ പുറത്തുകടന്നു. ചിലപ്പോഴങ്ങിനെ പതിവുണ്ടു്. പിൻപുറത്തെ ഗെയിറ്റിൽ കാറുണ്ടാവും. നേരെ ഗോഡൗണിലേക്കു പോകും. അങ്ങിനെ പുറപ്പെട്ടതാണു്. കള്ളക്കടത്തിന്നു് ലോറിയും കൊണ്ടുപോകുന്നവർക്കു് നിർദ്ദേശങ്ങൾ കൊടുത്തു് വേഗം മടങ്ങാമെന്നാണു് വിചാരിച്ചതു്.
ഗോഡൗണിലെത്തിയപ്പോൾ വർക്കിച്ചേട്ടനും ഹാജിയും കാത്തുനില്പുണ്ടു്. രണ്ടു് വലിയ വ്യാപാരികൾ. കണ്ടപ്പോൾ തന്നെ ഹാജി പറഞ്ഞു.
“ങ്ങക്കിപ്പം ബെച്ചടി ബെച്ചടി കേറ്റാണു് മൊതലാളീ. പടച്ചോൻ ബിജാരിച്ചാലും ങ്ങളോടിപ്പം ആവതില്ല.”
വാസുമുതലാളി ഉത്തരം പറഞ്ഞില്ല. ഒന്നു് വെളുക്കെ ചിരിച്ചു. ഹാജി അടങ്ങാൻ ഭാവമില്ലായിരുന്നു. “ആപ്പീസറന്മാരൊക്കെ ങ്ങളെ കൈബസാണു്. കൊലക്കുറ്റം ചെയ്താലും ങ്ങളോടിന്നൊരുത്തൻ ചോയിക്കൂലാ, ബല്ലാത്ത നിസ്സീബു്.”
മുതലാളി പിന്നേയും ചിരിച്ചു. ഉദ്യോഗസ്ഥന്മാരുടെ തണലിൽ തനിക്കു എന്തും ചെയ്യാമെന്നാണു് ഹാജിയുടെ സൂചന. അതു് പരമാർത്ഥമാണു്. എല്ലാവരും തനിയ്ക്കധീനമാണെന്നു് ഉറക്കെ വിളിച്ചുപറയാൻ തോന്നി. പക്ഷേ, പറഞ്ഞതു് മറ്റൊന്നാണു്.
“ഹാജിക്കെന്താ വേണ്ടതു്?”
“ഞമ്മക്കു് മേണ്ടതോ? പെരുത്തൊക്കെ മേണം മൊതലാളീ. അതു പിന്നെ പറയാം, ആദ്യം മേണ്ടതു് ങ്ങളെ കൃഫ.”
നഗരത്തിലെ വ്യാപാരികൾ ഓരോരുത്തരും വാസുമുതലാളിയുടെ കൃപയ്ക്കു കുമ്പിളുംകാട്ടി നടക്കുകയായിരുന്നു. മനസ്സമാധാനത്തോടെ നിർബ്ബാധം കള്ളക്കച്ചവടം നടത്താൻ വാസുമുതലാളിയുടെ സഹായം വേണമെന്ന നിലയിലാണു് കാര്യത്തിന്റെ കിടപ്പു്. വലിയ പ്രതിഫലം കൊടുത്തും ആ സഹായം നേടിയെടുക്കാൻ ദിവസമെന്നോണം പലരും വരുന്നു. വർക്കിച്ചേട്ടനും സഹായം ആവശ്യമുണ്ടു്.
യോഗീശ്വരന്റെ മഹത്വം!
ഹാജിയും വർക്കിച്ചേട്ടനുമായി ബിസിനസ്സു്. സംസാരിച്ചുറപ്പിച്ചു് തന്റെ ജോലിക്കാർക്കു് വേണ്ട നിർദ്ദേശങ്ങൾ നൽകി വാസുമുതലാളി ബങ്ക്ളാവിലെത്തുമ്പോൾ ഭജന അവസാനഘട്ടത്തിലേക്കു നീങ്ങുകയായിരുന്നു.
പിറ്റേന്നു പുലരുന്നതു് ഒരു പുണ്യദിനമാണു് യോഗിവര്യന്റെ മൗനവ്രതം സമാപിക്കുന്നു. സമാപനച്ചടങ്ങിനെപ്പറ്റി ഭക്തജനങ്ങൾക്കു പലതും ചോദിയ്ക്കാനുണ്ടാവും. അതിനൊക്കെ മറുപടി കൊടുക്കണം.
ഭജന തീർന്നു പിരിഞ്ഞുപോകാൻ തുടങ്ങുന്നവരുടെ നടുവിലേക്കു വാസുമുതലാളി ചെന്നു. ചോദ്യങ്ങൾക്കു തൃപ്തികരമായ മറുപടി നൽകി. ഗെയിറ്റുവരെ നടന്നു എല്ലാവരേയും യാത്രയാക്കി.
അവസാനത്തെ ഭക്തൻ യാത്ര പറഞ്ഞു പിരിഞ്ഞപ്പോൾ വിളക്കുകൾ ഓരോന്നായണയാൻ തുടങ്ങി. ഗെയിറ്റ് പൂട്ടി ഇരുണ്ട നടവഴിയിലൂടെ മുതലാളി പൂമുഖത്തെത്തി. അകത്തു കാലെടുത്തു വെച്ചപ്പോൾ ഭാര്യയുടെ അസുഖകരമായ ശബ്ദമാണു് കേട്ടതു്. അതുവരെ ഭജനഗാനത്തിന്റെ അലകൾ ഒഴുകി നടന്ന അന്തരീക്ഷത്തിൽ പരിഭവത്തിന്റെ കുത്തുവാക്കുകൾ ചീറിപ്പാഞ്ഞു.
“എന്നെക്കൊണ്ടിതു വയ്യ.”
“എന്തു വയ്യെന്നു്?”
മുതലാളിയ്ക്കു ശുണ്ഠിവന്നു.
“ഓ! ഇങ്ങിനെയുണ്ടോ ഒരു ദുരിതം!”
“ഇതൊക്കെ നിന്റെയും എന്റെയും ദുരിതം നീക്കാനല്ലേ? മറ്റെന്തിനാണു്?”
“അതതെ, ദുരിതം തീർക്കുന്നു! ഇതെന്തൊരു ശല്യം! കണ്ട പെണ്ണുങ്ങളൊക്കെ വലിഞ്ഞുകേറി വരും. അകത്തൊക്കെ മേഞ്ഞു നടക്കും. ഇവരെയൊക്കെ സ്വീകരിക്കാനും ആദരിക്കാനും എന്നെക്കൊണ്ടുവയ്യ.”
മുതലാളി കനപ്പിച്ചു പറഞ്ഞു.
“പിന്നെ നീയെന്തിനാ ഇവിടെ? ഞാൻ ക്ഷണിച്ചുവരുത്തുന്നതുവരെ സ്വീകരിക്കാനും ആദരിക്കാനുമല്ലേ?”
“എന്നെക്കൊണ്ടു വയ്യെന്നു പറഞ്ഞില്ലേ? ഇങ്ങിനെയാണെങ്കിൽ ആളെ വേറെ നോക്കേണ്ടിവരും.”
“വേണ്ടിവന്നാൽ അങ്ങിനെയും ചെയ്യും.”
അതൊരു താക്കീതായിരുന്നു.
“മനസ്സിലായോ?”
മറുപടിക്കു കാത്തുനിൽക്കാതെ, കോണിപ്പടവുകൾ ചവുട്ടിത്തകർത്തു മുതലാളി മുകളിലേക്കു പോയി.
മുറിയിൽ കടന്നു ലൈറ്റിട്ടു് കൂറ്റൻ കണക്കുപുസ്തകങ്ങൾ തുറന്നുവെച്ചു് ജോലിയാരംഭിച്ചു. ഒന്നിനും നേരം കിട്ടാറില്ല. പല ദിവസങ്ങളായി സ്വകാര്യക്കണക്കുകൾ എഴുതാനോ കൂട്ടാനോ കഴിഞ്ഞിട്ടില്ല. വീട്ടിലായാലും വ്യാപാരസ്ഥലത്തായാലും ജനങ്ങളോടു് മറുപടി പറയാനേ നേരമുള്ളു. ടെലിഫോണിന്റെ റിസീവർ താഴെ വെക്കാനിടയില്ല.
കണ്ണും മനസ്സും കണക്കിലൂടെ നീങ്ങുമ്പോൾ കാൽപ്പെരുമാറ്റം കേട്ടു.
“ആരതു്?”
ഉത്തരമില്ല.
“ആരെന്നല്ലേ ചോദിച്ചതു്?”
എന്നിട്ടും ഉത്തരമില്ല. ശുണ്ഠിയോടെ തിരിഞ്ഞു നോക്കി.
യോഗിവര്യൻ!
താടിയും തലമുടിയും പോയതുകൊണ്ടു് മുഖത്തെ വികാരം എളുപ്പത്തിൽ പെറുക്കിയെടുക്കാം. യോഗിവര്യന്റെ കണ്ണുകളിൽ ഏതോ അപേക്ഷ വന്നു മുട്ടിത്തിരിയുന്നു.
“എന്താ വേണ്ടതു്?”
“ഇതു് വേണ്ടായിരുന്നു മുതലാളീ.”
യോഗിവര്യൻ അടക്കിപ്പിടിച്ചു് സംസാരിച്ചു.
“ഈ കൊടുംചതി എന്നോടു വേണ്ടായിരുന്നു.”
ആപത്തു്! എന്തൊക്കെയാണു് പറഞ്ഞുകൂട്ടുന്നതു്? മുതലാളിയുടെ ശുണ്ഠിയ്ക്കു വേലിയേറ്റമുണ്ടായി.
“എന്താ വേണ്ടതെന്നു് പറയൂ. ”
“ഈ ചതി എന്നോടു് വേണ്ടായിരുന്നു!”
ഒരേ പല്ലവി!
“ചതിയോ?”
കസേര പിറകോട്ടു തള്ളിമാറ്റി മുതലാളി എഴുന്നേറ്റു.
യോഗിവര്യൻ അറിയാതെ ഞെട്ടി.
“എന്തു് ചതിയെപ്പറ്റിയാണു് താനീ പറയുന്നതു്? ഞാൻ തന്നെ ചതിച്ചെന്നോ? കഴിഞ്ഞതൊക്കെ കണക്കിലെടുത്തുകൊണ്ടുതന്നെയാണോ ഈ പറയുന്നതു്?”
യോഗിവര്യന്റെ അടുത്തു ചെന്നു് ശബ്ദമൊതുക്കി പല്ലു ഞെരിച്ചുകൊണ്ടു് മുതലാളി ചോദിച്ചു:
“ആണോ? പട്ടിണി കിടന്നു് നാടുതെണ്ടുന്ന തന്നെ ആദരിച്ചിവിടെ പാർപ്പിച്ചതാണോ ചതി? പാലും പഴവും മതിയാവോളം തന്നു് തന്നെ പോറ്റിയതാണോ ചതി? കിടക്കാൻ പട്ടുകിടക്ക തന്നതാണോ ചതി? ആണോന്നു്?”
യോഗിവര്യൻ മിണ്ടിയില്ല. മുതലാളി ചോദ്യം ആവർത്തിച്ചു.
“എന്താ മിണ്ടാത്തതു്? തന്നെ കാണാനും കാല്ക്കൽ നമസ്കരിക്കാനും ഇവിടെ വരുന്ന ജനങ്ങൾ ആരൊക്കെയാണെന്നു് മനസ്സിലാക്കീട്ടുണ്ടോ? കണ്ടമാനം പണം സമ്പാദിച്ചിട്ടും ഈ നിലയിലൊക്കെയെത്തിയിട്ടും ഇന്നുവരെ ഒരുത്തനെന്റെ കാൽക്കൽ കുമ്പിട്ടിട്ടില്ല. അതിനുള്ള ഭാഗ്യമെനിയ്ക്കുണ്ടായിട്ടില്ല. അതു് തനിയ്ക്കു വേണ്ടുവോളം നേടിത്തന്നതാണോ ചതി?”
“എനിയ്ക്കാ ഭാഗ്യം വേണ്ട മുതലാളീ.”
“അട്ടയ്ക്കു പൊട്ടക്കുളം. പണ്ടുള്ളവർ പറഞ്ഞതു് ശരിയാണു്. ഒരു നാടു മുഴുവൻ കൊടുത്താലും കാല്ക്കൽ കുമ്പിടാനൊരുത്തനെ കിട്ടില്ല. തന്റെ കാലു കഴുകി വെള്ളം കൊടുത്താൽ അതു് കുടിയ്ക്കാനും ഇന്നിവിടെ ആളുകളുണ്ടു്. കാണണോ തനിയ്ക്കു്? നാളെ മുതൽ ഇക്കണ്ട എല്ലാ വമ്പന്മാരെക്കൊണ്ടും തന്റെ കാലു കഴികിയ വെള്ളം ഞാൻ കുടിപ്പിയ്ക്കും.”
“വേണ്ട മുതലാളീ.”
യോഗിവര്യൻ ദയനീയമായപേക്ഷിച്ചു.
“തനിയ്ക്കു പിന്നെന്താ വേണ്ടതു?”
മുതലാളിയുടെ ക്ഷമ നശിയ്ക്കുകയായിരുന്നു.
“എനിയ്ക്കു പോണം.”
“എങ്ങട്ടു്? പഴയപോലെ ഊരുതെണ്ടാൻ പോണമെന്നാണോ പറയുന്നതു്? മണ്ടേലെഴുത്തു് മാന്താൻ കഴിയില്ല. ഒന്നാന്തരമൊരു ബങ്ക്ളാവിൽ അല്ലലുമലട്ടലുമില്ലാതെ കഴിയുന്നു. പരിചരിയ്ക്കാനാളുണ്ടു്. ആഗ്രഹിച്ചതെന്തും മുമ്പിലെത്തും. കാലിന്നടിയിലെ ഒരു നുള്ളു പൊടിയ്ക്കുവേണ്ടി ലക്ഷപ്രഭുക്കളും ഉദ്യോഗസ്ഥപ്രമുഖരും കാത്തുകെട്ടി നിൽക്കുന്നു. ഇതിലപ്പുറം തനിയ്ക്കെന്താണു് വേണ്ടതു്. ഇതുപോലൊരു സുഖവും പദവിയും തനിയ്ക്കെവിടെ ചെന്നാൻ കിട്ടും?”
“എനിയ്ക്കൊരു ഭാര്യേം മൂന്നാലു് കുട്ട്യോളൂണ്ടു് മുതലാളീ.”
“ആഹാ? ഭാര്യേം കുട്ട്യോളൂണ്ടോ? അവരുള്ളപ്പം കാഷായം ധരിയ്ക്കാൻ നിന്നോടാരു പറഞ്ഞു?”
“വയറ്റുപിഴപ്പിനു് ചെയ്തതാണു് മുതലാളീ.”
“വയറ്റുപ്പിഴപ്പിനു് ജോലി വല്ലതും ചെയ്യായിരുന്നില്ലേ?”
“പലതും അന്വേഷിച്ചു. ഒന്നും കിട്ടിയില്ല.”
“എന്നാൽ കക്കാനോ പിടിച്ചുപറിക്കാനോ പോകാമായിരുന്നില്ലേ?”
“എല്ലാവർക്കും അതിനു ധൈര്യമുണ്ടാവോ മുതലാളീ.”
മുതലാളി അറിയാതൊന്നു ഞെട്ടി. ഒന്നും അറിഞ്ഞുകൊണ്ടങ്ങിനെ പറഞ്ഞതാവില്ലെന്നു് ഉടനെ സമാധാനിച്ചു.
“വയറ്റുപ്പിഴപ്പിനു് സന്ന്യാസം സ്വീകരിയ്ക്കാൻ തന്നോടാരു പറഞ്ഞു? നിനക്കു കളിയ്ക്കാനുള്ളതാണോ സന്ന്യാസം?”
യോഗിവര്യൻ ആ ചോദ്യത്തിന്നു മുമ്പിൽ അല്പമൊന്നു വിരണ്ടു. അതു കണ്ടു മുതലാളി ഒരടികൂടി മുമ്പോട്ടുവെച്ചു.
“ആരു പറഞ്ഞു നിന്നോടു് സന്ന്യാസം ദുഷിപ്പിയ്ക്കാൻ?”
“ഞാനൊന്നും ദുഷിപ്പിച്ചിട്ടില്ല മുതലാളീ. കാഷായം ധരിച്ചു് കൈ നീട്ടി. കിട്ടിയതിൽനിന്നു് ആഹാരത്തിന്റെ വക കഴിച്ചു് മിച്ചമുള്ളതു് കുട്ടികൾക്കയച്ചു കൊടുത്തു. അവർക്കും സുഖം എനിയ്ക്കും സുഖം. ഞാനാ ജോലിയ്ക്കു തന്നെ പോയ്ക്കൊള്ളാം.”
“പോയ്ക്കോളു. പക്ഷേ, ഒരു കാര്യം. തനിയ്ക്കങ്ങിനെ എളുപ്പത്തിൽ പോകാനൊന്നും പറ്റില്ല. ഞാൻ വിട്ടയച്ചാലും ജനങ്ങൾ നിന്നെ ഒഴിവാക്കില്ല. അവർ ഓടിച്ചിട്ടു പിടിയ്ക്കും. ഏതെങ്കിലുമൊരിടത്തു് കുടിവെയ്ക്കും. മതിയാവോളം പാലും പഴവും തരും. കല്ക്കൽ നമസ്കരിയ്ക്കും. പൂജിയ്ക്കും.
യോഗിവര്യൻ നെടുവീർപ്പിട്ടു. പരാജയത്തിന്റെ നെടുവീർപ്പു്!
“തനിയ്ക്കു് ജനങ്ങളെ മനസ്സിലായിട്ടില്ല. അവരുടെ സ്നേഹവും വെറുപ്പും ആരാധനയും എല്ലാം അപകടകരമാണു്. അതുകൊണ്ടു് മിണ്ടാതെ ഇവിടെ ഒരിടത്തിരുന്നോളു. സുഖമാണു്.”
“മുതലാളീ.”
അതൊരു നിലവിളിയായിരുന്നു.
“ഒന്നും പേടിയ്ക്കാനില്ല. ഉദ്യോഗസ്ഥന്മാരും പ്രഭുക്കന്മാരും വന്നു് കാലിൽ വീഴുമ്പോൾ മൂർദ്ധാവിൽ തൊട്ടനുഗ്രഹിച്ചാൽ മതി. അറിഞ്ഞും അറിയാതേയും ചെയ്ത പാപത്തിൽനിന്നു മോചനം കിട്ടാൻ അവർക്കതു ധാരാളമാണു്. പിന്നെ വല്ല വിഷമവും തോന്നിയാൽ ഉടനെ സമാധിയിൽ ലയിച്ചോളൂ.”
“മുതലാളീ… അതല്ല കാര്യം.”
“എന്താണു്?”
“നാളെ… ”
“നാളെ?”
“സമ്മേളനവും… ”
“ഓ! പേടിക്കേണ്ട. ‘സ്വസ്തി’ പറഞ്ഞുകൊണ്ടു് മൗനവ്രതം സമാപിച്ചാൽ മതി. അതു പറയാനറിയില്ലേ?”
“അറിയാം.”
“അതു പറഞ്ഞു സമാധിയായിക്കോളൂ.”
“എന്റെ കുട്ട്യോളുടെ കാര്യം?”
“അതൊക്കെ ഞാനേറ്റു. ഈ തിരക്കൊന്നു കഴിയട്ടെ.”
“എന്നെ ചതിയ്ക്കരുതു് മുതലാളീ.”
മുതലാളിയ്ക്കു വീണ്ടും ശുണ്ഠി വന്നു. ഉഗ്രസ്വരത്തിൽ വേലക്കാരനെ വിളിച്ചു.
“എടാ, പരമൂ.”
പരമു ഓടിയെത്തി.
“ഉം! പിടിച്ചകത്തു കൊണ്ടുപോയി പൂട്ടിയിടൂ. ഒരു ജോലി ചെയ്യാൻ സമ്മതിക്കില്ല, നാശം!”
അങ്ങിനെ ആ കുഴപ്പത്തിൽനിന്നു സാവകാശം തലയൂരി മുതലാളി വീണ്ടും കണക്കുപുസ്തകത്തിന്നടുത്തെത്തി…
നേരം പുലർന്നപ്പോൾ ഭക്തജനപ്രവാഹമായി. മഹാ പണ്ഡിതന്മാരും വാഗ്മികളും വൈദ്യകലാനിധികളും വരവായി. പെൺകുട്ടികൾ താലപ്പൊലിയുമായി യോഗീശ്വരനെ സ്വീകരിച്ചു് പന്തലിലേയ്ക്കാനയിച്ചു.
“സ്വസ്തി!”
യോഗീശ്വരൻ പതുക്കെ സംസാരിച്ചു.
മൗനവ്രതത്തിന്റെ അവസാനം!
പണ്ഡിതന്മാർക്കും വാഗ്മികൾക്കും എല്ലാം രോമാഞ്ചമുണ്ടായി. ആ രോമാഞ്ചം മായുന്നതിന്നു മുൻപു് യോഗിവര്യൻ സമാധിയിൽ ലയിച്ചു!
വൈദ്യസമ്മേളനത്തിലും യോഗിവര്യൻ അതുതന്നെ പറഞ്ഞു.
“സ്വസ്തി”
ഔഷധ വീര്യത്തേയും ചികിത്സാ ക്രമത്തേയുംപറ്റി നെടുനെടുങ്കൻ പ്രസംഗങ്ങൾ നടക്കുമ്പോൾ യോഗീശ്വരൻ സമാധിയിലായിരുന്നു.
സമ്മേളനച്ചടങ്ങവസാനിച്ചപ്പോൾ അഗതികൾക്കന്നദാനമുണ്ടായി. അനന്തഭട്ടും സുവർണ്ണപ്രഭുവും ഭീംജിയും അതിന്റെ ചിലവു പങ്കിട്ടെടുത്തു.
സന്ധ്യയ്ക്കു് ഗുരു ശങ്കരദാസിന്റെ ശിഷ്യകൾ ഒരു വഴിവാടെന്ന നിലയിൽ നൃത്തപരിപാടികൾ നടത്തി അഷ്ടപതിയാട്ടം നടക്കുമ്പോൾ യോഗിവര്യൻ പലതവണ കണ്ണു തുറക്കുകയും മധുരമായി പുഞ്ചിരിയ്ക്കുകയും ചെയ്തു.
“നിങ്ങളുടെ പുണ്യമാണു് മക്കളെ.”
ഗുരു ശിഷ്യകളോടു പറഞ്ഞു.
“നിങ്ങൾക്കു് യോഗീശ്വരന്റെ അനുഗ്രഹം കിട്ടി.”
ഗുരുവിന്നുത്സാഹമായി. ശിഷ്യകൾക്കു സന്തോഷമായി.
നൃത്തപരിപാടി കഴിഞ്ഞപ്പോൾ ഗുരു വിശ്രമിക്കാൻ പോയി. ഭക്തജനങ്ങൾ എങ്ങും പോയില്ല. അവർ കാത്തിരുന്നു.
മണി ഏഴു കഴിഞ്ഞു എട്ടായി യോഗിവര്യൻ തിരിച്ചു വന്നില്ല. മുതലാളി പരിഭ്രമിച്ചു. എന്തും സംഭവിക്കും. തലേന്നു രാത്രി നടന്നതെല്ലാം പല തവണ മുതലാളിയുടെ മനസ്സിലൂടെ കടന്നുപോയി.
എന്തും സംഭവിക്കാം. യോഗിവര്യൻ വരാതിരിക്കാം. ഭക്തജനങ്ങളോടു് സംഗതികൾ തുറന്നു പറയാം. ഓടിപ്പോവാം. അങ്ങിനെ വല്ലതും സംഭവിച്ചെങ്കിൽ തടിതപ്പാനുള്ള ഉപായം ആലോചിച്ചു കണ്ടുപിടിക്കാൻ മുതലാളി ശ്രമിച്ചു.
അവധൂതനല്ലേ? പലതും പറയും പലതും ചെയ്യും. ഉന്മാദലക്ഷണങ്ങൾ കാണിയ്ക്കും. ഭക്തജനങ്ങളെ പരീക്ഷിക്കും. ആലോചന അത്രത്തോളമെത്തിയപ്പോൾ ചുട്ടുപൊള്ളുന്ന ഹൃദയത്തിൽ ആശ്വാസത്തിന്റെ തണുപ്പു കാറ്റടിച്ചു.
ഗെയിറ്റിൽ ബഹളം, പത്രപ്രതിനിധികൾ വന്നതാണു്. സമാധനപരിപാലനക്കാരുമായി ബഹളം. വാസുമുതലാളി ഇടപെട്ടു. പത്രപ്രതിനിധികൾക്കും അവരോടൊപ്പം വന്ന നിരൂപകന്മാർക്കും കവികൾക്കും മുൻപന്തിയിൽ സ്ഥനമുണ്ടാക്കിക്കൊടുക്കാൻ വളരെ പണിപെട്ടു. വനിതാസംഘത്തിലെ നൂറ്റൊന്നംഗങ്ങൾ ഭജനഗാനം പാടാൻ തെയ്യാറെടുത്തിരിക്കുന്നതിന്റെ മുമ്പിൽ അവർക്കൊരു സ്ഥാനം നൽകി. മുതലാളി ആശ്വാസപൂർവ്വം പിൻതിരിഞ്ഞു പുരുഷാരത്തെയൊന്നു നോക്കി. കോക്കനട്ട് നഴ്സറിയിൽ വിത്തുതേങ്ങ പാവിയതുപോലെ ആയിരമായിരം തലകൾ ആലക്തിക ദീപത്തിൽ കുളിച്ചു നിശ്ചലമായി നിലകൊള്ളുന്നു. നിരൂപകന്മാർ എല്ലാമൊന്നു വ്യക്തമായി വിലയിരുത്തിക്കളയാമെന്ന ഹുങ്കോടെ ഇരിക്കുന്നു. ഭാവനാസമ്പന്നരായ കവികൾ മനസ്സിൽ ഈരടികൾ സൃഷ്ടിച്ചു രസിക്കുന്നു.
അകലത്തു മെതിയടിയുടെ ശബ്ദം. തുടർന്നു ശംഖനാദം. വിത്തുത്തേങ്ങകളിളകി.
മഞ്ഞപ്പട്ടുടുത്തു, പച്ചസ്സാൽവ പുതച്ചു്, നെറ്റിയിലും മൂർദ്ധാവിലും ഭസ്മരേഖകൾ വരച്ചു് അപാരതയിൽ നോട്ടമുറപ്പിച്ചു യോഗിവര്യൻ മന്ദം മന്ദം നടന്നടുക്കുന്നു. പിറകിൽ പരമുവും!
ഭക്തജനങ്ങളുട്രെ കൂപ്പുകൈ തലയ്ക്കു മുകളിലുയർന്നു. വിത്തുതേങ്ങയ്ക്കു മുളപൊട്ടുന്നു.
നിശ്ശബ്ദത!
ശംഖനാദം!
പുഷ്പാർച്ചന!
പൂജാമണിയൂടെ കിലുക്കം! പ്രസാദവിതരണം, വനിതാസംഘത്തിന്റെ ഭജനഗാനം.
ഉദയപ്പൂർ, ജയപ്പൂർ, ബീജാപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ വാസംചെയ്തു പരിചയം നേടിയെടുത്ത ഗുരുശങ്കരദാസിന്റെ മേൽനോട്ടത്തിൽ ചിട്ടപ്പെടുത്തിയ ഭജനഗാനത്തിന്റെ രീതി തികച്ചും ഔത്തരാഹമായിരുന്നു.
ഹരിഹരിഹരിഹരി ജേ,ജേ,ജേ.
ഹരി ഹരി ജേ ജേ
ജേ ജേ ഹരി ഹരി
വലിയ ജാലറകൾ തമ്മിലടിച്ചുണ്ടാക്കുന്ന മുഴക്കത്തിന്റെ അകമ്പടിയോടുകൂടി നൂറ്റൊന്നു കളകണ്ഠത്തിലൂടെ ആ ഗാനം പുറത്തേക്കു തിളച്ചു മറിഞ്ഞപ്പോൾ ഭക്തജനങ്ങൾക്കു ലഹരി കയറി. വിത്തുതേങ്ങകൾ വെള്ളത്തിലിട്ടപോലെ അങ്ങോട്ടുമിങ്ങോട്ടുമിളകാൻ തുടങ്ങി.
ഗാനത്തിന്റെ ടെമ്പോ മുറുകുകയാണു്.
ഹരി ഹരി ഹരി ഹരി ജേ ജേ ജേ ജേ
ജേ ജേ ഹരി ഹരി
ഹരി ഹരി ജേ ജേ
ആദ്യം നിരൂപകരെഴുന്നേറ്റു ഒറ്റക്കാലിൽ നൃത്തം തുടങ്ങി. ജാലറയുടെ താളത്തിനൊപ്പിച്ചു്. അതുകണ്ടു കവികളും പത്രപ്രവർത്തകരുമെഴുന്നേറ്റു ഇളകിയാടി. ഉദ്യോഗസ്ഥ പ്രമുഖരും ലക്ഷപ്രഭുക്കളുമെഴുന്നേറ്റു.
ഒറ്റക്കാലിൽ നൃത്തം.
ജനങ്ങളെ നിയന്ത്രിക്കാൻ നിന്ന പോലീസ്സുകാർ ലാത്തിയും കക്ഷത്തിറുക്കി നൃത്തസംഘത്തിൽ ചേർന്നു. നിരത്തിലുള്ളവരും വെറുതേ നിന്നില്ല. ലഹരി, എങ്ങും ലഹരി.
കൂട്ടനൃത്തം!
ജേ ജേ ഹരി ഹരി
ഗാനത്തിന്റെ ടെമ്പോ മുറുകുന്നു. ക്ഷിണിച്ച സദസ്സു് കാലു് മാറ്റി നൃത്തം തുടരുന്നു. ഗുരു ഒറ്റപ്പെട്ടൊരിടത്തു നിന്നു. ശാസ്ത്രീയ നൃത്തം തകർക്കുന്നു. സമാധിസ്ഥനായ യോഗിവര്യന്റെ ഹൃദയം തബലവായിയ്ക്കുന്നു!