പൂജാമലരിന്നും ചന്ദനത്തിരിയ്ക്കും കർപ്പൂരത്തിനും സാമ്പ്രാണിയ്ക്കും വില കൂടിയപ്പോൾ കുഞ്ചുണ്ണിയെന്ന പത്രപ്രവർത്തകനു് കണ്ടമാനം വിലയിടിഞ്ഞു.
വൈപരീത്യം! പൊതുജനസേവയ്ക്കുവേണ്ടി ജീവിതമുഴിഞ്ഞിട്ട, ബുദ്ധിയും വിവേകവുമുള്ള ഒരു പൂജാമലരിന്റെ അനുഭവം.
നന്ദികെട്ട പൊതുജനങ്ങളെയാണു് പഴിക്കേണ്ടതു്. അവരാണു് കുഞ്ചുണ്ണിയെ ചതിച്ചതു്. അവരെ വിശ്വസിച്ചു രംഗത്തിറങ്ങി. അവർക്കുവേണ്ടി ജീവിച്ചു. അവർക്കുവേണ്ടി അദ്ധ്വാനിച്ചു. പ്രാണൻ പണയംവെച്ചു പോലും നല്ല നല്ല അപവാദങ്ങൾ തേടിപ്പിടിച്ചു് അവർക്കു് ഭക്ഷിയ്ക്കാൻ കൊടുത്തു. നിസ്സാരമായ പ്രതിഫലത്തിനു് അതെല്ലാം വാങ്ങി സ്വാദോടെ അവർ ഭക്ഷിച്ചു. ഒടുവിൽ ഒരു പരീക്ഷണഘട്ടം വന്നപ്പോൾ കുഞ്ചുണ്ണിയെ അവർ കൈവെടിയുകയും ചെയ്തു.
അവരെയാണു് പഴിക്കേണ്ടതു്. അവരെയാണു് ശപിയ്ക്കേണ്ടതു്. നന്ദികെട്ട പൊതുജനം!
പത്രക്കെട്ടുകൾ പൊട്ടിയ്ക്കാതെ തിരിച്ചുവന്നപ്പോൾ കുഞ്ചുണ്ണി ഹൃദയംനൊന്തു കരഞ്ഞുപോയി.
ഇത്രയും പാടുപെട്ടു് ‘തീപ്പന്തം’ കൊളുത്തിപ്പിടിച്ചതു് നിങ്ങൾക്കുവേണ്ടിയോ പൊതുജനങ്ങളേ?
പത്രം വിൽക്കുന്ന പിള്ളർ പണിമുടക്കി ആപീസ്സിന്നു മുമ്പിൽ പ്രകടനം നടത്തിയപ്പോൾ ഉഗ്രമായ ശുണ്ഠി വന്നു. പ്രപഞ്ചത്തിന്നു തീക്കൊളുത്തണമെന്നുവരെ തോന്നി. ഉണ്ടചോറിന്നു കൂറില്ലാത്ത പിള്ളർ വാസുമുതലാളിയുടെ പക്ഷത്താണു്. യോഗിവര്യന്റെ പക്ഷത്താണു്.
പിളളർ കൂവിയാർക്കുന്നു. ചെന്നു പിരടിയ്ക്കീരണ്ടു പൊട്ടിച്ചുകൊടുത്താലോ എന്നു കുഞ്ചുണ്ണിയ്ക്കു തോന്നി.
വയ്യ.
പൊതുജനം പത്രം വിൽക്കുന്ന പിള്ളരുടെ ഭാഗത്താണു്. പ്രകടനം കാണാൻ അവരടിഞ്ഞുകൂടീട്ടുണ്ടു്.
പിള്ളർ ചെവിടടപ്പിയ്ക്കുമാറു് കൂവി.
പൊതുജനം അവരെ പ്രോത്സാഹിപ്പിച്ചു.
നന്ദികെട്ട വക!
കുഞ്ചുണ്ണിയുടെ കണ്ണു് വീണ്ടും നനഞ്ഞു. എലിവാണംപോലെ നെടുവീർപ്പുകൾ വഴിയ്ക്കുവഴി പുറത്തുചാടി.
വെല്ലുവിളിയ്ക്കു ശക്തി കൂടുന്നു!
“ഇറങ്ങി വാടാ, കുഞ്ചുണ്ണീ.”
പിള്ളരല്ല, പൊതുജനമാണു്. പിള്ളർക്കങ്ങനെ വെല്ലുവിളിയ്ക്കാൻ മാത്രം ഉശിരില്ല.
“ആണാണെങ്കിൽ വാടാ, ആക്ഷേപം കുഞ്ചുണ്ണി.”
പുതിയ സ്ഥാനപ്പേരു നൽകിയിരിയ്ക്കുന്നു!
“ആക്ഷേപം കുഞ്ചുണ്ണി!”
കവിളിലൂടെ കണ്ണീരൊഴുകിവീണു ജുബ്ബ നനഞ്ഞപ്പോൾ പല്ലു കടിച്ചുകൊണ്ടു് കുഞ്ചുണ്ണി ഒരാത്മഗതം പറഞ്ഞു:
“എനിയ്ക്കിതു കിട്ടണം. തീർച്ചയായും കിട്ടണം. ഈ നന്ദിയില്ലാത്ത കഴുതകൾക്കു് ആസ്വദിയ്ക്കാൻവേണ്ടി എന്തൊക്കെ വിഭവങ്ങൾ ഞാനൊരുക്കിക്കൊടുത്തു. എത്ര പെൺകുട്ടികളുടെ അച്ഛന്മാരെ ഞാൻ കണ്ണീരു കുടിപ്പിച്ചു! എത്ര വിവാഹങ്ങൾ ഞാൻ മുടക്കി! എത്രയെത്ര രാഷ്ട്രീയനേതാക്കന്മാരെ ഞാൻ നിലംപരിശാക്കി. എത്ര വിവാഹമോചനം, എത്ര ആത്മഹത്യ! ഇതൊക്കെ ചൂടോടെ വാങ്ങി ഭക്ഷിച്ചു് രസിച്ചുകഴിഞ്ഞവർ ഇന്നെന്നെ ബിരുദം നൽകി അപമാനിയ്ക്കുന്നു! ആക്ഷേപം കുഞ്ചുണ്ണി! ഈ ആക്ഷേപങ്ങളൊക്കെ ക്ലേശിച്ചു പ്രസിദ്ധീകരിച്ചതു് എനിയ്ക്കു മാത്രം വേണ്ടിയായിരുന്നോ? കഷ്ടം! ഇന്നവർ പിള്ളരോടൊപ്പം ചേർന്നു എന്നെ വെല്ലുവിളിയ്ക്കുന്നു! കണ്ണുനീരു കുടിപ്പിയ്ക്കുന്നു. അവരെ രസിപ്പിച്ചതിന്നും ചിരിപ്പിച്ചതിനുമുള്ള പ്രതിഫലം! എനിയ്ക്കിതു കിട്ടണം, തീർച്ചയായും കിട്ടണം!”
അശ്വഹൃദയത്തിലും അൺപോപ്പുലറാണു് കുഞ്ചുണ്ണി! ഗുരുവിന്നു ഭയമില്ല. വിനയാന്വിതനായി ‘എഡിറ്ററേ’ എന്നു വിളിയ്ക്കാറില്ല. ശുദ്ധാത്മാവായ കണ്ണൻകുട്ടിമേനോൻ പലപ്പോഴും ശുണ്ഠിയെടുക്കുന്നു. ദുർബ്ബലനായ മുകുന്ദൻ പുല്ലിന്നു കൂട്ടാക്കുന്നില്ല. എല്ലാവരും കുഞ്ചുണിയ്ക്കെതിരാണു്. പീറ്ററും തള്ളിപ്പറയുന്നു!
എല്ലാം ദൈവത്തിന്റെ പേരിൽ!
പത്രക്കെട്ടുകൾ പൊട്ടിയ്ക്കാതെ തിരിച്ചുവന്നതും, പത്രം വിൽക്കുന്ന പിള്ളർ പ്രകടനം നടത്തിയതും പൊതുജനം പിള്ളരെ സഹായിച്ചതും പീറ്റർ തള്ളിപ്പറഞ്ഞതും എല്ലാം ദൈവത്തിന്റെ പേരിൽ!
പീറ്റർ! അവനെങ്കിലും തന്റെ ഭാഗത്തുണ്ടാവുമെന്നു് കുഞ്ചുണ്ണി ഉറപ്പിച്ചതാണു്.
“ഹിന്ദുദൈവങ്ങളുടെ പേരിലും സന്ന്യാസിമാരുടെ പേരിലും നിനക്കു മമതയുണ്ടാവാനെന്താണു് കാരണം പീറ്ററേ? നീ നസ്രാണിയല്ലേ? നിനക്കെങ്ങിനെ ഇക്കാര്യത്തിൽ ശുണ്ഠി വരും?”
കുഞ്ചുണ്ണിയ്ക്കു മനസ്സിലായില്ല. പീറ്റർ ശത്രുപാളയത്തിൽ സ്ഥലം പിടിച്ചുകണ്ടപ്പോൾ കുഞ്ചുണ്ണി അന്തംവിട്ടുപോയി. എല്ലാ മതവും ഒന്നാണെന്നു് പറഞ്ഞവന്നു് സ്തുതി! അവന്റെ നാമം എപ്പോഴും വാഴ്ത്തപ്പെടട്ടെ!
ഇല്ലെങ്കിൽ പീറ്റർക്കതിലെന്തു കാര്യം. കണ്ണൻ കുട്ടിമേനോനും ഗുരുവും പറയുന്നതുകേട്ടു് ശൂണ്ഠിയെടുക്കുന്നതെന്തിന്നു്? യോഗിവര്യൻ അവന്റെ ആരാണു്? ഹിന്ദുസന്ന്യാസിയും അവനുമായുള്ള ബന്ധമെന്തു്?
എല്ലാ മതവും ഒന്നു്.
എല്ലാ മതത്തിലെ തത്ത്വവും ഒന്നു്.
അതെ, അതു തന്നെ!
ആ അടിസ്ഥാനത്തിൽ തന്നെയാവണം ക്ഷോഭിച്ചിളകിയ വക്കച്ചൻ ആപ്പീസ്സിൽ ചാടിക്കയറി വന്നു ബഹളം കൂട്ടിയതു്.
പുറത്തു് പത്രം വില്ക്കുന്ന പിള്ളരും പൊതുജനവും ചേർന്നു് പ്രകടനം നടത്തുന്നതിന്നിടയിൽ അതൊന്നും ശ്രദ്ധിയ്ക്കാതെ വക്കച്ചൻ ആപ്പീസിൽ കടന്നു. തന്റെ ഉടമസ്ഥതയിലുള്ള പത്രമാണു്. അതിന്നെതിരായിട്ടാണു് പ്രകടനം. അവരോടൊരു വാക്കു പറയാനൊ അവരെ തിരിച്ചയയ്ക്കാനൊ ശ്രമിയ്ക്കാതെ ആപ്പീസ്സിൽ കയറി വന്നു വക്കച്ചൻ വെളിച്ചപ്പെട്ടു തുള്ളി.
“ചുമ്മാതെ അതുമിതും പറഞ്ഞതുകൊണ്ടു് കാര്യമില്ല. പത്രം നിർത്തണം. ഇന്നു്, ഇപ്പോൾ നിർത്തണം.”
കുഞ്ചുണ്ണി മിണ്ടിയില്ല. ക്ഷോഭം അല്പമൊന്നു് തണുത്തിട്ടു് എല്ലാം വിവരിച്ചു പറയാമെന്നു തീർച്ചപ്പെടുത്തി. ക്ഷോഭം തണുക്കാനുള്ള മട്ടല്ല.
“സത്യകൃസ്ത്യാനി ദൈവദോഷം പ്രചരിപ്പിയ്ക്കാൻ കൂട്ടുനിൽക്കില്ല. മനസ്സിലായോ?”
കുഞ്ചുണ്ണിയ്ക്കു്, പറയുന്നതിന്നു മുമ്പുതന്നെ മനസ്സിലായിരുനു. പീറ്റർക്കുള്ള രോഗമാണു് വക്കച്ചനും കണ്ണൻകുട്ടിമേനോനും ഗുരുവിന്നും മുകുന്ദനുമെല്ലാം ഒരേ രോഗമാണു്. ഹിന്ദുവും കൃസ്ത്യാനിയും കൈകോർത്തു പിടിച്ചു് കുഞ്ചുണ്ണിയെ എതിർക്കുന്നു.
വക്കച്ചനുമായി മൂന്നാമത്തെ സംഘട്ടനമാണു് കുഞ്ചുണ്ണി നേരിടുന്നതു്. യോഗിവര്യന്റെ പ്രത്യക്ഷത്തോടെ ആദ്യത്തെ സംഘട്ടനം നടന്നു. തുടർന്നു പിന്നേയും സംഘട്ടനമുണ്ടായി. ഇതു് മൂന്നാമത്തെ സംഘട്ടനമാണു്; ഒരു പക്ഷെ അവസാനത്തേയും! മൂന്നാമത്തേതിനു വീഴുമെന്നാണു് പ്രമാണം. വീണു.
വക്കച്ചൻ ക്ഷോഭിച്ചു സംസാരിയ്ക്കുന്നതിനിടയിൽ ജാലകങ്ങളോരോന്നായി അടച്ചുകൊണ്ടിരുന്നു. ആപ്പീസുമുറിയിൽ ഇരുട്ടുകയറി. കുഞ്ചുണ്ണിയുടെ ഹൃദയത്തിലും.
അലമാറയും മേശകളും പുട്ടി.
പൂട്ടുമെന്ന ഭീഷണി സത്യമാവുന്നു!
മേശപ്പുറത്തു്, പ്രസ്സിലേയ്ക്കയക്കാൻ തിരുത്തിശ്ശരിപ്പെടുത്തി വെച്ച മാറ്റർ ഒന്നായിച്ചുരുട്ടിക്കൂട്ടിയെടുത്തു് വക്കച്ചൻ തീക്കൊളുത്തി.
വാസുമുതലാളിയെ സംബന്ധിയ്ക്കുന്ന മൂന്നു കരുത്തനാക്ഷേപം, യോഗിവര്യനെ പരിഹസിച്ചു തൊലിയുരിയ്ക്കുന്ന ഒരു വൃത്തമില്ലാക്കവിത, മൂന്നു കോളേജു കുമാരികളുടെ നടപടിദോഷം, ഒരു വാദ്ധ്യാരമ്മയുടെ പ്രണയനാടകം, രണ്ടു ഭർത്തൃമതികളുടെ കാമുകസങ്കല്പം എല്ലാം ഞൊടിയിടകൊണ്ടു് ചാമ്പലായി.
അവിടവിടെ തീപ്പൊരികൾ മിന്നുന്ന ചാമ്പലിലേയ്ക്കു നോക്കി നെടുവീർപ്പിട്ടുകൊണ്ടു് കുഞ്ചുണ്ണി തന്നത്താൻ പറഞ്ഞു.
“സമൂഹത്തിനു നന്നാവാൻ വിധിയില്ല. ഇവിടെ സദാചാരം പുലരില്ല.”
“ഉം! എഴുന്നേൽക്കു, മേശ പൂട്ടട്ടെ.”
പത്രാധിപരുടെ മേശ പൂട്ടാനുള്ള ഒരുക്കമാണു് വക്കച്ചൻ.
വഴങ്ങിക്കൊടുക്കണോ, വഴക്കുണ്ടാക്കണോ?
കേട്ടഭാവം നടിയ്ക്കാതെ തലയും താഴ്ത്തിയിരുന്നു.
“എടേയ്, താൻ മര്യാദയ്ക്കു വഴങ്ങാൻ ഭാവമുണ്ടോ? അതല്ല പോക്രിത്തത്തിനോ? രണ്ടിനും വക്കച്ചനൊരുക്കമാ.”
എന്തു ചെയ്യണം? കുഞ്ചുണ്ണി ആലോചിച്ചു. ആലോചിച്ചൊരു തീരുമാനമെടുക്കുന്നതിന്നു മുൻപു് വക്കച്ചന്റെ ഭീഷണി വന്നു.
“കഴുത്തേപ്പിടിച്ചു് വെളിയിൽ തള്ളണമോ തന്നെ?”
ചെറുത്തുനിൽക്കാനറിഞ്ഞുകൂടാഞ്ഞിട്ടല്ല. അതിനുള്ള കഴിവു് നഷ്ടപ്പെട്ടിരിയ്ക്കുന്നു. പ്രപഞ്ചം മുഴുവൻ തനിയ്ക്കെതിരാണു്.
യുക്തിവാദികളേ, നിരീശ്വരന്മാരെ, നിങ്ങളും കുഞ്ചുണ്ണിയെ കൈവെടിഞ്ഞോ? കുഞ്ചുണ്ണിയുടെ ഹൃദയം സംഗീതനൈഷധത്തിലെ ഒരു ശോകഗാനം മൂളി.
കാട്ടുജന്തുക്കൾക്കയ്യോ… ”
വക്കച്ചൻ ‘കഴുത്തേൽപ്പിടിയ്ക്കാൻ’ വരുന്നതിന്നു മുമ്പേ കുഞ്ചുണ്ണി എഴുന്നേറ്റു്, വേദനയും പരാജയബോധവും കുടഞ്ഞുതെറീപ്പിച്ചു് അല്പം തന്റേടത്തോടെ നോക്കി.
“മി. വക്കച്ചൻ.”
മുതലാളിയെന്ന ബഹുമതി മനഃപ്പൂർവ്വം ഒഴിവാക്കിക്കൊണ്ടു് കുഞ്ചുണ്ണി സംസാരിച്ചു.
“നിങ്ങൾ ചെയ്യുന്നതെന്തെന്നു് നിങ്ങളറിയുന്നില്ല.”
“താൻ പോടോ.”
“മഹത്തായൊരു സ്ഥാപനം മുളയിൽത്തന്നെ നുള്ളി നശിപ്പിക്കുകയാണു് നിങ്ങൾ.”
“ചുമ്മാതിരി. നിന്നു വാചകമടിയ്ക്കുന്നു! എടോ താനിങ്ങനെ ദൈവദോഷം പ്രചരിപ്പിച്ചാൽ കാര്യം പെശകാണെന്നു തന്നോടെത്ര തവണ പറഞ്ഞു. കാര്യം പറഞ്ഞാൽ തനിയ്ക്കു കേൾക്കാമ്മേലാ. ഉം പുറത്തിറങ്ങി നിന്നേരേ. വാതിലടച്ചു പൂട്ടട്ടേ.”
മൂന്നാമത്തെ തവണ വീഴുമെന്നു പറഞ്ഞ പ്രമാണം അക്ഷരംപ്രതി ശരി. വാദിച്ചിട്ടു കാര്യമില്ല. സമരം മതത്തിന്റെ പേരിലാവുമ്പോൾ ന്യായം പറയുന്നതു കേൾക്കാൻ ആരും ഒരുങ്ങില്ല. പറഞ്ഞവന്റെ കഴുത്തു കണ്ടിയ്ക്കാൻ എല്ലാവരും കത്തിയെടുക്കും!
പുറത്തു കടക്കണമെന്നു പറഞ്ഞതാണു് കുഴപ്പം. നന്ദികെട്ട പൊതുജനം പിള്ളരോടൊത്തു് സംഘം ചേർന്നു് പുറത്തു നിൽക്കുന്നു. അവർക്കു് കുഞ്ചുണ്ണിയുടെ രക്തം വേണം. സത്യവാന്റെ രക്തം. അവരുടെ നടുവിലേയ്ക്കിറങ്ങിപ്പോവാനാണു് പറയുന്നതു്.
“മി. വക്കച്ചൻ, ഇതിലും ഭേദം നിങ്ങളെന്നെ കൊല്ലുകയാണു്.”
“എന്റെ കൈകൊണ്ടു കൊല്ലാതെ കഴിയ്കണമെന്നുണ്ടു്. അതാണു് മര്യാദയ്ക്കു വെളിയിലോട്ടു പോകാൻ പറഞ്ഞതു്. ചുമ്മാ അതുമിതും പറഞ്ഞു് നേരം കളയാതെ ഇറങ്ങിയാട്ടെ.”
“പൊതുജനം ക്ഷോഭിച്ചിരിയ്ക്കുന്നു.”
“കൊള്ളാം.”
“ക്ഷോഭിയ്ക്കുമ്പോൾ പൊതുജനം വിവേകം കൈ വെടിയും. വിവേകം കൈവെടിഞ്ഞ പൊതുജനം അക്രമത്തിന്നു മുതിർന്നതായി ചരിത്രത്തിൽ എമ്പാടും തെളിവുകളുണ്ടു്.”
“എടോ ഏമ്പോക്കീ.”
വക്കച്ചൻ പത്രാധിപരുടെ കസേരയിൽ കേറിയിരുന്നു മീശമുറുക്കിക്കൊണ്ടു് പറഞ്ഞു.
“തന്റെ ചരിത്രവും പ്രസംഗവും കൊണ്ടുപോയി ചുടു്.”
“പൊതുജനം ക്ഷോഭിയ്ക്കുക, വിവേകം കൈവെടിയുക, അക്രമത്തിന്നു മുതിരുക ഇതു മൂന്നുംകൂടി ഒത്തുചേർന്ന സമയത്തു് പുറത്തു് കടക്കുന്നതു് ആപത്തിനെ ക്ഷണിച്ചുവരുത്തലാണു്.”
“ഇതെന്തോന്നു് പറച്ചിൽ, ദൈവനിന്ദയ്ക്കു പോകുമ്പം തന്റെ ബുദ്ധി എവിടാരുന്നെടോ, കണ്ട അവന്റേം ഇവന്റേം അപവാദം പറയുമ്പോലല്ല ദൈവനിന്ദ. മനസ്സിലായോ?”
“മനസ്സിലായി. നല്ലപോലെ മനസ്സിലായി.” ഗതിമുട്ടിയ കുഞ്ചുണ്ണി അവസാനമായി പിടിച്ചുനില്കാനൊരു പുൽക്കൊടി തേടി.
“വാതിൽ ഞാൻ പൂട്ടിക്കോളാം.”
“വേണ്ടാന്നേ.”
പിരടിയ്ക്കടിച്ചപോലെ മറുപടി. അതു സാരമാക്കാതെ കുഞ്ചുണ്ണി തുടർന്നു.
“വൈകീട്ടു് താക്കോൽ ഞാനങ്ങെത്തിയ്ക്കാം.”
“താൻ മര്യാദയ്ക്കു വെളിയിൽ കടക്കുന്നോ, അതോ പുറത്തുള്ളവന്മാരെ അകത്തോട്ടു വിളിയ്ക്കണോ?”
ജീവിതത്തിലൊരിയ്ക്കലും ആരോടും ഇത്രയധികം കെഞ്ചീട്ടില്ല. ആത്മാഭിമാനം മുഴുവനും ചോർത്തു കളഞ്ഞു. ഇനിയൊട്ടും വയ്യ. വിധിയ്ക്കു് കീഴടങ്ങാൻ കുഞ്ചുണ്ണീ തീരുമാനിച്ചു. തികഞ്ഞ ധീരതയോടെ.
തലയുയർത്തി നെഞ്ചല്പം മുമ്പോട്ടു തള്ളി ഉറച്ച അടിവെപ്പോടെ യാത്ര പുറപ്പെട്ട കുഞ്ചുണ്ണി വക്കച്ചനെ തിരിഞ്ഞുനോക്കി.
“ഗുഡ് ബൈ.”
കനത്ത സ്വരത്തിലായിരുന്നു വിടവാങ്ങൽ. വാതിൽപ്പടിയിൽ ചെന്നു നിന്നപ്പോൾ നന്ദികെട്ട പൊതുജനം കൂവി.
സാരമില്ല. നൈമിഷിക വികാരമാവാം.
പിള്ളർ ആർത്തുവിളിച്ചു.
ഓ! നിസ്സാരം!
ഒരു നേതാവിനെപ്പോലെ ജുബ്ബയുടെ പോക്കറ്റിൽ കൈ തിരുകി മന്ദഹസിച്ചുകൊണ്ടു് മുമ്പോട്ടുനീങ്ങി.
റോക്കറ്റുപോലെ ഒരു പഴയ ചെരിപ്പു് നെറ്റിയ്ക്കു വന്നിടിച്ചു കണ്ണിലും മുഖത്തും ചെമ്മണ്ണു വിതറി കാല്ക്കൽ വീണു.
ഉള്ളിൽ കുലുക്കമുണ്ടായെങ്കിലും പുറത്തു കാട്ടിയില്ല.
സ്റ്റെപ്പുകൾ ഓരോന്നായിറങ്ങുമ്പോൾ കെട്ട തക്കാളിയും കോഴിമുട്ടയും ആകാശത്തിലൂടെ ഒഴുകിവന്നു സർവ്വാംഗം ചുംബിയ്ക്കാൻ തുടങ്ങി. സാരമാക്കാതെ നടന്നു. നിരത്തിലെത്തിയപ്പോൾ പ്രകടനക്കാർ വളഞ്ഞു ആരോ തലയ്ക്കു കിഴുക്കി.
പരിഭ്രമിച്ചില്ല. പരിഭ്രമിച്ചാൽ പ്രാണൻ അപകടത്തിലാവുമെന്നു് കുഞ്ചുണ്ണിയ്ക്കറിയാം. പതറാതെ നടന്നു.
പ്രകടനക്കാർ ഒരുമിച്ചു നടക്കുന്നു! കൂട്ടത്തിലൊരാളെന്നെ നിലയിൽ ചിരിച്ചുകൊണ്ടു് വേഗം വേഗം നടന്നു.
പ്രകടനക്കാരും വേഗം വേഗം നടക്കുന്നു.
ഗതിയില്ല, പെട്ടുപോയതുതന്നെ. എങ്കിലും മനസ്സാന്നിദ്ധ്യം കൈവിടാതെ, ചേർന്നു് നടക്കുന്നവരോടു കുശലം പറഞ്ഞു. അകന്നു നടക്കുന്നവർക്കു് സലാം കൊടുത്തു.
നന്ദികെട്ടവരാണെങ്കിലും തൽക്കാലത്തെ രക്ഷയ്ക്കു പൊതുജനത്തെ പാട്ടിലാക്കിയേ പറ്റൂ.
കൂവൽ കുറഞ്ഞു കുറഞ്ഞു വരുന്നു!
ഭാഗ്യം!
രക്ഷപ്പെട്ടു!
അപ്പോഴാണു്, ആ വിചാരം മനസ്സിൽ ആശ്വാസത്തിന്റെ തണുപ്പുകോരിയിടുമ്പോഴാണു്, ആകസ്മികമായി ആ അത്യാഹിതം സംഭവിച്ചതു്.
ചെരിപ്പുമാല! കഴുത്തിലൊരു ചെരിപ്പുമാല വീണു!
തകർച്ച! എല്ലാറ്റിന്റേയും തകർച്ച. അന്നോളം നേടിവെച്ച മുഴുവനും പൊടിമണ്ണിൽ കിടന്നിഴഞ്ഞു. തല കുനിഞ്ഞു, ശരീരം മുമ്പോട്ടു വളഞ്ഞു് തികഞ്ഞ ഒരു പരാജിതനെപ്പോലെ നടന്നു.
ലക്ഷ്യമുണ്ടായിരുന്നില്ല. ബോധാവസ്ഥ മുക്കാലും നശിച്ചിരുന്നു! പ്രകടനക്കാർ തള്ളിക്കൊണ്ടു പോകുന്നു. യാത്ര നിയന്ത്രിക്കുന്നതവരാണു്.
പൊട്ടിച്ചിരിയും അട്ടഹാസവും കേൾക്കുന്നു.
ശ്രവണശക്തി നശിച്ചെങ്കിൽ!
ഏതൊക്കെ തെരുവിലൂടെ ഏതൊക്കെ വ്യാപാരശാലകളുടെ മുമ്പിലൂടെ, യാത്ര ചെയ്തെന്നറിഞ്ഞുകൂടാ. നീണ്ട യാത്രയായിരുന്നു. ആരൊക്കെ കണ്ടെന്നുമറിഞ്ഞുകൂടാ.
ആ നീണ്ട യാത്ര അശ്വഹൃദയത്തിന്റെ പടിയ്ക്കലവസാനിച്ചു. ജിവിതവും അവിടെ അവസാനിച്ചെന്നു കുഞ്ചുണ്ണിയ്ക്കു തോന്നി.
കിടക്ക വിരിച്ചു് നീണ്ടുനിവർന്നു കിടന്നപ്പോൾ ഇനിയൊരിയ്ക്കലും ആ കിടപ്പിൽനിന്നു് എഴുന്നേൽക്കാനിടവരരുതേയെന്നു് പ്രാർത്ഥിച്ചു.
മനസ്സു് കുറഞ്ഞൊന്നു സ്വസ്ഥമായപ്പോൾ പൊതുജനത്തെ തള്ളിപ്പറഞ്ഞതു് അബദ്ധമായെന്നു തോന്നി. കാരണം, തന്നെ അപമാനിച്ചതിൽ പൊതുജനങ്ങൾക്കു പങ്കുണ്ടാവാൻ വഴിയില്ല. വാസുമുതലാളിയുടെ കൂലിപ്പട്ടാളമാവും പ്രകടനം നടത്തിയതു് അല്ലാതെ വരില്ല. തീർച്ച.
വാസുമുതലാളി ഗുണ്ടകളെ വിലയ്ക്കു വാങ്ങുന്നു. തെരുവുപിള്ളരെ വിലയ്ക്കു വാങ്ങുന്നു. ഭക്തജനങ്ങളെ വിലയ്ക്കു വാങ്ങുന്നു!
ഇല്ല, പരാജയപ്പെട്ടുകൂടാ!
തേരും കുതിരയും വില്ലും ആവനാഴിയും നഷ്ടപ്പെട്ടു പൊടിമണ്ണിൽ വീണുകിടക്കുന്ന കുഞ്ചുണ്ണി ചാടിയെഴുന്നേറ്റു് ഗദയുമെടുത്തു് പോർക്കളത്തിലേയ്ക്കു കുതിച്ചു.
മെഗഫോണായിരുന്നു ഗദ.
ഘോഷയാത്രകളിലുപയോഗിയ്ക്കാൻ കരുതിവെച്ചതു്. അതുമെടുത്തു് വാസുമുതലാളിയുടെ ബംഗ്ലാവിന്നു നേർക്കു കുതിച്ചു. അവിടമാണു് പോർക്കളം!
രാവും പകലും ഉച്ചഭാഷിണിയിലൂടെ ഭജനഗാനം മുഴങ്ങുന്ന ബംഗ്ലാവിന്നു പുറത്തു് നിരത്തിലും പുറമ്പോക്കിലും ഭക്തജനങ്ങൾ തടിച്ചുകൂടി നില്പാണു്.
കുഞ്ചുണ്ണിയുട്രെ മെഗഫോൺ ശബ്ദിച്ചു.
“വഴി പിഴച്ച സന്തതികളേ, ഇതു ഭക്തിയല്ല, ഭ്രാന്താണു്. നാശത്തിലേയ്ക്കു വലിച്ചിഴയ്ക്കുന്ന ഭ്രാന്തു്.”
ഭജനഗാനത്തോടിടകലർന്നു് കുഞ്ചുണ്ണിയുടെ മെഗഫോൺ വിളി ഉച്ചത്തിലുച്ചത്തിൽ മുഴങ്ങിയപ്പോൾ ഭക്തജനങ്ങൾക്കിടയിൽ ഇളക്കമുണ്ടായി.