നഗരവാസികളെച്ചൊല്ലി ദൈവം ലജ്ജിച്ചു.
ഒരു നിമിഷം മാത്രം.
പിന്നെ ദൈവത്തിനമ്പരപ്പുണ്ടായി.
സ്തുതിഗീതങ്ങളും സാഷ്ടാംഗപ്രണാമങ്ങളും വഴിവാടും നിവേദ്യവുമൊക്കെ യോഗിവര്യനു്! ദൈവത്തിനൊന്നുമില്ല.
എല്ലാവരും ദൈവത്തെ മറന്നു.
ദൈവം അമ്പരന്നതിൽ തെറ്റു പറയാമോ? വിവരമില്ലാത്ത പാമരന്മാരാണിതൊക്കെ ചെയ്യുനതെങ്കിൽ ദൈവം അമ്പരക്കുമായിരുന്നില്ല.
ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്മാരും, പണ്ഡിതന്മാരും കവികളും കാഥികന്മാരുമൊക്കെ അന്ധമായ ഈ പ്രകടനത്തിൽ ഭാഗഭാക്കുകളായിരുന്നു.
മഹാനഗരത്തിലെ തെരുവുകൾ തോറും വാർഡുകൾ തോറും പരമാനന്ദ ഭജനസംഘങ്ങളുണ്ടായി. പരമാനന്ദ ശിഷ്യരുണ്ടായി. അവർക്കടയാളം മുണ്ഡനം ചെയ്ത ശിരസ്സും നെറ്റിയിൽ വിഭൂതിയും.
വക്കീലന്മാരുടെ ചേമ്പറിലും കോളേജ് സ്റ്റാഫ് റൂമുകളിലും ക്ലാസ്സുകളിലും വ്യവസായശാലകളിലും വ്യാപാര കേന്ദ്രങ്ങളിലും തെരുവീഥികളിലും അവിടവിടെ മൊട്ടത്തല പ്രത്യക്ഷപ്പെട്ടു.
“ആനന്ദം.”
“പരമാനന്ദം.”
യോഗീശ്വരശിഷ്യന്മാർ തമ്മിൽ കാണുമ്പോൾ പുതിയ രീതിയിൽ അഭിവാദ്യം കൈമാറി.
അവർക്കു് ആനന്ദവും പരമാനന്ദവും സിദ്ധിച്ചു.
യോഗിവര്യന്റെ കൃപാകടാക്ഷം!
ഇതെല്ലാം കണ്ടും കേട്ടും ദൈവം വീണ്ടും വീണ്ടുമമ്പരന്നു.
പരമാനന്ദയോഗിവര്യൻ രോഗികളെ അനുഗ്രഹിക്കാൻ തുടങ്ങിയപ്പോൾ ഡോക്ടർമാരുടെ കൺസൾട്ടിങ്ങ് റൂമിൽ ശബ്ദവും ചലനവും നിലച്ചു. വിസിറ്റേർസ് റൂമുകൾ ചത്തുമലച്ചുകിടന്നു. ‘ഫീസ്സ് ഇരുപത്തിയഞ്ചു് രൂപ’യെന്നെഴുതിവെച്ച ബോർഡ് മേശയ്ക്കുള്ളിൽ പോയൊളിച്ചു. രക്തസമ്മർദ്ദമളക്കുന്ന യന്ത്രം മേശമേലുറങ്ങിക്കിടക്കുന്നതു് കണ്ടു് ഡോക്ടർമാർ നെടുവീർപ്പിട്ടു. നേഴ്സിങ്ങ് ഹോമുകൾ ബോർഡിങ്ങ് ഹോമുകളാക്കി മാറ്റാനുള്ള തിരക്കുപിടിച്ച പരിപാടികളാരംഭിച്ചു. ‘അലോപ്പതി ആയുർവ്വേദ യൂനാനി ഹോമിയോ’ മരുന്നുകൾ വിൽക്കുന്ന കടകളിൽ ഈച്ചപോലും പറന്നുവീണില്ല. അലമാറകൾ മുഴുവൻ പൂട്ടിക്കിടന്നു.
എല്ലാ രോഗികളും വാസുമുതലാളിയുടെ ബംഗ്ലാവിൽ. എല്ലാറ്റിനുമവിടെ ചികിത്സയുണ്ടു്. സനാതനികളുടെ ഭാഷയിൽ ‘അനുഗ്രഹ’മെന്നാണു് പറയേണ്ടതു്. മരുന്നു വേണ്ട, പത്ഥ്യം വേണ്ട, പണവും വേണ്ട.
ജന്മജന്മാന്തരങ്ങളിലൂടെ ഒഴുകിവന്നൂറുക്കൂടുന്ന ചെറുതും വലുതുമായ പാപങ്ങൾ വാതമായും പിത്തമായും കഫമായും മനുഷ്യശരീരത്തെ പീഡിപ്പിയ്ക്കുന്നു. ത്രിദോഷങ്ങൾ പല പല കഥകളി വേഷങ്ങളണിഞ്ഞു് മനുഷ്യ ശരീരമാകുന്ന വേദിയിൽ ആടിത്തകർക്കുന്നു. അതാണു് രോഗം. രോഗത്തിന്റെ അടിസ്ഥാനകാരണം പാപമാണു്. പാപത്തെ ജയിക്കാനുള്ള മരുന്നു് ഇന്നോളം ഒരു ശാസ്ത്രജ്ഞനും കണ്ടുപിടിച്ചിട്ടില്ല. ഒരു ലാബറട്ടറിയിലും നിർമ്മിച്ചിട്ടില്ല.
“പാപം, മഹാപാപം!”
രോഗികളെ കാണുമ്പോൾ, അവരുടെ ശബ്ദം കേൾക്കുമ്പോൾ, പരമാനന്ദയോഗി വര്യൻ പല്ലുകടിച്ചുകൊണ്ടു് പിറുപിറുക്കും. അപ്പോൾ ആ മുഖം ഭീകരഭാവം കൈക്കൊള്ളും. യോഗിവര്യന്റെ അമർഷം നിറഞ്ഞ ശബ്ദം കേട്ടു് മനുഷ്യ ശരീരത്തിൽനിന്നു് പാപം കയറുപൊട്ടിച്ചോടാൻ തുടങ്ങും. നഗരവാസികളുടെ മഹാഭാഗ്യമെന്നല്ലാതെന്തു പറയട്ടെ.
നവരാത്രി കാലത്തെ ഇളംതണുപ്പാർന്ന ഓരോ പ്രഭാതവും യോഗിവര്യന്റെ അത്ഭുതസിദ്ധികളെ സംബന്ധിക്കുന്ന ചൂടുള്ള ഓരോ കഥയുമായി മഹാനഗരത്തിൽ പ്രത്യക്ഷപ്പെട്ടു.
കഥകൾ പെരുകിയപ്പോൾ മഹാനഗരത്തിനതുൾക്കൊള്ളാൻ വയ്യാതായി. അതിർത്തികൾ തകർത്തുകൊണ്ടതു് അയൽനാട്ടിലേക്കു കടന്നു.
സഹ്യനിൽ വിടവുകളുണ്ടാക്കിയും കരിമ്പനക്കാറ്റിൽ അലകളുണ്ടാക്കിയും അതു പരന്നു.
അയ്യങ്കാർമാരും റെഡ്ഡിമാരുമറിഞ്ഞു.
പിള്ളമാരും നാടാരുമാരുമറിഞ്ഞു.
ഭട്ടുമാരും പ്രഭുമാരുമറിഞ്ഞു.
അറിഞ്ഞറിഞ്ഞെല്ലാരുമറിഞ്ഞപ്പോൾ പതിവുപോലെ അല്പം വൈകീട്ടാണെങ്കിലും സിനിമാ താരങ്ങളുമറിഞ്ഞു. സിനിമാ താരങ്ങളറിഞ്ഞപ്പോൾ നിർമ്മാതാക്കളും സംവിധായകരുമറിഞ്ഞു. അവരറിഞ്ഞപ്പോൾ ഗാനരചയിതാക്കളും സംഗീതജ്ഞരുമറിഞ്ഞു.
സംഗതിയ്ക്കു അന്തസ്സും സൗകര്യവും വർദ്ധിച്ചു. ടാറിട്ട റോഡുകളിലൂടെ പുത്തൻ കാറുകളൊഴുകി. പുത്തൻ കാറുകളൊഴുകിയ റോഡുകൾ വാസുമുതലാളിയുടെ പടിക്കലോളം നീണ്ടുകിടന്നു.
എല്ലാ റോഡുകളും യോഗീശ്വരസന്നിധിയിലേയ്ക്കു്. കഥയറിഞ്ഞു് ഭക്തിവിവശനായൊരു ഉഗ്രതാരം തന്റെ ഇല്യൂഷൻ വിമാനം പൊക്കി ആകാശത്തിലേയ്ക്കുയർന്നു.
കീഴെ കാറുകളൊഴുകി!
മേലെ ഇല്യൂഷൻ പറന്നു!
എല്ലാ വഴികളും യോഗീശ്വരസന്നിധിയിലേയ്ക്കു്!
ശരല്ക്കാലമേഘങ്ങളിലൂളിയിട്ടു്, പൊന്നിളംവെയിലിൽ മുങ്ങിക്കുളിച്ചു് നിമിഷാർദ്ധംകൊണ്ടു് ഇല്യൂഷൻ മഹാനഗരത്തിന്റെ തലയ്ക്കു മുകളിലെത്തി, ഇര തേടുന്ന പരുന്തിനെപ്പോലെ അവൻ ഉഗ്രതാരത്തോടൊപ്പം ആകാശത്തിൽ പല വട്ടം കറങ്ങി. കറങ്ങിക്കറങ്ങി പരവശപ്പെട്ടപ്പോൾ സത്യം കണ്ടെത്തി.
മഹാനഗരത്തിൽ വിമാനത്താവളമില്ല.
ഉഗ്രതാരത്തിന്നു അരിശം വന്നു. ഭക്തിയും അരിശവും ഹൃദയത്തിൽവെച്ചു് ഗുസ്തി നടത്തി. ഭക്തി മലർന്നടിച്ചു ഗോദയിൽ വീണപ്പോൾ ഉഗ്രതാരം അരിശത്തോടെ മടങ്ങിപ്പറന്നു. അരിശത്തോടെ പറന്നതുകൊണ്ടു് ഭൂമി തൊടാൻ നിമിഷാർദ്ധവും വേണ്ടിവന്നില്ല.
ഭൂമി തൊട്ടപാടെ താരം വീണുടയുന്നു. ഇടംവലം തിരിയാതെ രോഷാകുലനായ വില്ലനെപ്പോലെ കാർഷെഡ്ഡിലേക്കു കടക്കുന്നു. അവിടെ സുഖനിദ്ര കൊള്ളൂന്ന ‘കാഡിലാക്കി’നെ തൊട്ടു വിളിച്ചുണർത്തുന്നു. കാറുകളുടെ കൂട്ടത്തിൽ നളമഹാരാജാവാണു് ‘കാഡിലാക്’ മഹാരാജാവു് മുരശൊലിയിട്ടു് പുറപ്പെടുന്നു.
പുറപ്പെട്ടപ്പോൾ ഉഗ്രതാരത്തിന്റെ മനസ്സിൽ നിന്നു് അമർഷം പിൻവാങ്ങി അവിടെ ഭക്തി വീണ്ടും സിംഹാസനമുറപ്പിച്ചു.
മുൻപേ പോയ നിർമ്മാതാവും സംവിധായകനും ഗനരചയിതാവും സംഹീതജ്ഞനും ഓരോന്നായി പിൻതള്ളപ്പെടുന്നു; നളമഹാരാജാവു് അന്തസ്സോടെ മുന്നേറുന്നു.
വാസുമുതലാളിയുടെ വീട്ടിൽ അഖണ്ഡ ഭജന യജ്ഞം പൊടിപൊടിയ്ക്കുന്നു. എല്ലാ ഉച്ചഭാഷിണികളിലും വനിതാസംഘത്തിലെ ഗായികമാർ കൂടുകൂട്ടിയിരിയ്ക്കുയാണു്.
ബംഗ്ലാവിലും മുറ്റത്തും തൊടിയിലും മതിലിനുപ്പുറത്തുള്ള റോഡിലും ജനപ്രളയം.
ഭക്തജനങ്ങൾ വിശപ്പറിയുന്നില്ല. വെയിലിന്റെ ചുടറിയുന്നില്ല. ഭൗതികമായ സുഖദുഃഖങ്ങളിലവർക്കു ശ്രദ്ധയില്ല. ഒരേ മനസ്സു്, ഒരേ വിചാരം.
അപ്പോൾ ജനസമൂഹത്തിന്റെനിന്നാരോ ഉഗ്രതാരത്തിന്റെ പേരുച്ചരിയ്ക്കുന്നു. വേർക്കടല വിൽക്കുന്നു. വേർക്കടല വിൽക്കാൻ വന്നതായിരുന്നു. യോഗിവരനെപ്പറ്റി അവനൊന്നുമറിഞ്ഞുകുടാ. എന്താണു് ഭക്തയെന്നും നിശ്ചയമില്ല നാലാൾ കൂടന്നേടുത്തു് കടലവിൽക്കലാണവന്റെ ജോലി. അങ്ങിനെ വിറ്റു വിറ്റു നടക്കുമ്പോൾ ജനസഞ്ചയത്തിലൂടെ ‘കാഡിലാക്കു തളച്ചുകയറിവരുന്നതവൻ കാണുന്നു.
“കൊള്ളാവുന്നവൻ.”
ചെറുക്കൻ രസിച്ചുകൊണ്ടു് നോക്കി. കൊക്കുംചിറകുമൊക്കെ ചന്തമുളളതുതന്നെ. വാതിൽപുറക്കാഴ്ചകൾ നോക്കി നോക്കി, ചെറുക്കൻ അകത്തും നോക്കി.
അതാ കിടക്കുന്നു ഉഗ്രതാരം!
പല കാലമായി, വാൾപ്പയറ്റിലൂടെ മല്ലയുദ്ധത്തിലൂടെ ചെറുക്കന്റെ മനസ്സു് പിടിച്ചടക്കുകയും ചെറുക്കനെക്കൊണ്ടു് ആരാധിപ്പിയ്ക്കുകയും ചെയ്ത ഉഗ്രതാരമാണു് മുമ്പിൽ. കൈ നീട്ടിയാൽ തൊടാം.
ആവേശം കൊണ്ടു മതിമറന്ന ചെറുക്കൻ ഉഗ്രതാത്തിന്റെ പേരുവിളിച്ചു കൂവി.
ഉഗ്രതാരത്തിന്റെ പേരുകേട്ടു് പുരുഷാരം ഞെട്ടി. പ്രേമം കൊണ്ടു് ശ്വാസംമുട്ടിയ പുരുഷാരം കാഡി വളഞ്ഞു. താരത്തിന്റെ കയ്യിൽ വാളില്ല. റിവോൾവറില്ല.
സ്ഥിതി കഷ്ടം!
പരമോഗ്രന്മാരായ എതിരാളികളെ കോറസ്സായും സോളോ ആയും കൊന്നൊടുക്കി വെള്ളിത്തിരയിൽ കൊടി നാട്ടിയ ഉഗ്രതാരം നിസ്സഹായൻ.
പൊതുജനം സ്നേഹിയ്ക്കാനടുക്കുന്നു.
പട്ടുജൂബ്ബയിൽ ചുളി വീഴുന്നു.
കാഡിലാക്കിന്റെ പെയിന്റിളകുന്നു.
കഴുത്തിലെ കാഞ്ചനമാല പൊട്ടിച്ചിതറുന്നു.
ആരാധകരുടെ സ്നേഹപ്രകടനം മർദ്ദനസ്വഭാവം കൈക്കൊള്ളുന്നു!
പോലീസ്സു്!
ഉഗ്രതാരത്തിന്റെ ആരോഗ്യവും പ്രാണനും ആരാധകരുടെ കയ്യിൽനിന്നു് പോലീസ്സു് രക്ഷിച്ചെടുക്കുന്നു. കാഡിലാക് വാസുമുതലാളിയുടെ ഗേറ്റു് കടക്കുന്നു. പിൻതുടർന്നു് ബംഗ്ലാവിൽ കടക്കാനൊരുങ്ങിയ ആരാധകരെ മൈൽഡായൊരു ലാത്തിച്ചാർജ്ജുകൊണ്ടു് സമാധാനിപ്പിക്കേണ്ടി വരുന്നു.
കാഡിലാക്കു് പന്തലിന്നടുത്തു് ചെന്നു നില്ക്കുന്നു.
ഉഗ്രതാരം പട്ടുജൂബ്ബയിലെ ചുളിവുകൾ ഉഴിഞ്ഞു മാറ്റി, തലമുടി കൈകൊണ്ടാതുക്കി മെയ്യഴകിനു പറ്റിയ ഉലച്ചിൽ നേരെയാക്കി കാഡിലാക്കിന്റെ വാതിൽ തുറന്നു് പുറത്തു കടക്കുന്നു.
ഭക്തജനം വിരണ്ടു.
അഖണ്ഡ ഭജന യജ്ഞത്തിൽ സ്തംഭനം. ഭജനക്കാരികളായ പെണ്ണുങ്ങൾക്കു് ബോധക്ഷയം.
പരിപൂർണ്ണ നിശ്ശബ്ദത.
ഉഗ്രതാരം മന്ദംമന്ദം അടിവെച്ചു് മുന്നോട്ടു നീങ്ങിയപ്പോൾ ആദരവോടെ ജനം വഴിയുണ്ടാക്കി യോഗിശ്വര സന്നിധിയിലെത്തിയ ഉഗ്രതാരം ഒരു വലിയ പണക്കിഴി തൃപ്പാദങ്ങളിൽ വെച്ചു് വടിപോലെ നിലത്തു വീണു് സാഷ്ടാംഗം പ്രണമിച്ചു.
പ്രണാമം അഭിനയം പോലെതന്നെ ഉഗ്രമായിരുന്നു പ്രണമിച്ചു കിടക്കുന്ന താരം മനസ്സിൽ പ്രാർത്ഥിച്ചു.
“ഉടയോനെ, നീതന്നെ രക്ഷ. കണ്ട അവനോടുമിവനോടും അഭിനയത്തിന്റെ പേരിൽ തട്ടിയെടുത്തു പെട്ടിയിലാക്കിയ ഇരുപത്തിയഞ്ചുലക്ഷം മുതലിറക്കി ഒരു പടം പിടുത്തത്തിൽ ഏർപ്പെട്ടിരിക്കുകയാണു് തിരുവുള്ളമുണ്ടായിട്ടു് അതൊരു ബോക്സോഫീസ്സ് പടമാക്കിത്തരണം ഇല്ലെങ്കിൽ, പൊന്നുടയോനെ, തെണ്ടിയതുതന്നെ.”
“സ്വസ്തി.” യോഗിശ്വരൻ ആശീർവ്വദിച്ചു.
പ്രണാമം കഴിഞ്ഞെഴുന്നേറ്റു നിന്നപ്പോൾ വായു മണ്ഡലത്തിൽ സുഗന്ധം അടിച്ചുയരുന്നു; വില കൂടിയ അത്തറിന്റെയും ഫേസ് പൗഡറിന്റെയും സുഗന്ധം. ചന്ദനത്തിരിയുടെ മണം വാലൊതുക്കി പിൻമാറിനിന്നു. സാമ്പ്രാണിയുടെ ഗന്ധം നാണിച്ചു് തലകുനിച്ചു.
അപ്പോൾ നിരത്തിലും ഗേറ്റിലും ബഹളം സംവിധായകരും നിർമ്മാതാക്കളും ഗാനരചയിതാക്കളും സംഗീതജ്ഞരും വരുന്നു. അവരോടൊപ്പം ആരാധകരും അകത്തു കയറാൻ ശ്രമിയ്ക്കുന്നു. പോലീസു് മൈൽഡായൊരു ലാത്തിച്ചാർജ്ജുകൊണ്ടു് വീണ്ടും ആരാധകരെ തൃപ്തിപ്പെടുത്തുന്നു.
തിരക്കും ബഹളവും കണ്ടു് യോഗീശ്വരന്നു് സമാധിയിൽ ലയിച്ചാൽ വേണ്ടില്ലെന്നായി. പക്ഷേ, എത്ര ശ്രമിച്ചിട്ടും കൺപോളകൾ അടയുന്നില്ല. സിനിമാ താരങ്ങളാണു വരുന്നതു്.
സാഷ്ടാംഗപ്രണാമത്തിന്റെ തിരക്കു തുടങ്ങി. വില കൂടിയ ഫോറിൻ ടർളിനും ടെറീക്കോട്ടനും തട്ടി, ബംഗ്ലാവിന്റെ മുറ്റത്തെ പൂഴിത്തരികൾക്കു് പുളകമുണ്ടായി.
അമ്പരന്നു നിൽക്കുന്ന വാസുമുതലാളി സ്വയം പരിചയപ്പെടുത്താൻ മുമ്പോട്ടു് ചെന്നു.
“നിങ്ങൾ മഹാ ഭാഗ്യവാനാണു്.” നിർമ്മാതാവു് പറഞ്ഞു.
“അതെ!” സംവിധായകൻ അനുകൂലിച്ചു.
“ഭാഗ്യവാനെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, ഈ യുഗപുരുഷനെ ഇത്രയും ഇടുങ്ങിയൊരു സ്ഥലത്തു് പാർപ്പിച്ചു് ശ്വാസം മുട്ടിയ്ക്കുന്നതു് ശരിയല്ല.”
വാസുമുതലാളി അന്ധാളിച്ചു. മഹാനഗരത്തിലെ ഏറ്റവും വലിയ ബംഗ്ലാവുകളിലൊന്നാണു് വാസുമുതലാളിയുടേതു്. അതിനെയാണു് ‘ഇടുങ്ങിയ’തെന്നു വിശേഷിപ്പിച്ചതു്. അന്ധാളിച്ചതിൽ തെറ്റുണ്ടോ?
“യുഗപുരുഷന്മാർ പൊത്തുസ്വത്താണു്. അവരെ സ്വകാര്യസ്വത്താക്കാൻ ശ്രമിയ്ക്കരുതു്.”
സംവിധായകൻ തുടർന്നു് പറയുന്നു. വാസുമുതലാളിയുടെ അന്ധാളിപ്പിരട്ടിയ്ക്കുന്നു.
“ഇപ്പോൾതന്നെ യോഗിവര്യന്റെ പ്രശസ്തി ഭാരതവർഷത്തിലെത്താൻ ഇനി താമസമില്ല. ഈ മഹാത്മാവു് ഒരു വ്യക്തിയുടേയോ സമുദായത്തിന്റെയോ. നഗരത്തിന്റേയോ സ്വകാര്യസ്വത്തല്ല.”
“അല്ല.”
നിർമ്മാതാവു് സംവിധായകന്റെ അഭിപ്രായത്തോടു് യോജിച്ചു. അന്ധാളിച്ചുനിൽക്കുന്ന വാസുമുതലാളി നെടുവീർപ്പിട്ടു.
“ഇതൊരു കൊലച്ചതിയുടെ ആരംഭമാണല്ലോ.” വാസുമുതലാളി ആലോചിച്ചു.
“യോഗിവര്യനെ തട്ടിയെടുക്കാനുള്ള പുറപ്പാടാണെങ്കിൽ മഹാനഗരം മാത്രമല്ലാ ഒരു സ്റ്റേറ്റു് മുഴുവൻ എന്റെ ഭാഗത്തുണ്ടാവും. അതു വേണ്ട, അത്ര വലിയ മോഹം വേണ്ട.”
“നിങ്ങൾക്കറിയാമോ?”
മിണ്ടാതെ നില്ക്കുന്ന വാസുമുതലാളിയോടു് സംവിധായകൻ ചോദിച്ചു. ഭക്തജനങ്ങൾ ചെവി കൂർപ്പിച്ചു നിന്നു. യോഗിവര്യന്റെ കണ്ണുകളിൽ ഭീതി നിഴലിച്ചു.
“ഈ മഹാപുരുഷന്റെ പ്രശസ്തി വിദേശങ്ങളിലെത്തിയാൽ എന്താണുണ്ടാവുകയെന്നു് നിങ്ങളാലോചിച്ചിട്ടുണ്ടോ? നിരന്തരമായ പ്രവാഹം! ആ പ്രവാഹം താങ്ങാനുള്ള കരുത്തു് ഈ നഗരത്തിനുണ്ടോ?”
“ഇവിടെ ഒരു വിമാനത്താവളം പോലുമില്ല.”
ഉഗ്രതാരം മടുപ്പോടെ സംവിധായകനോടു് പറഞ്ഞു.
“അതെ, ഒരു വിമാനത്താവളം പോലുമില്ലാത്ത ഈ നഗരത്തിൽ ഇത്രയും വലിയൊരു യുഗപുരുഷനെ തടഞ്ഞുവെക്കുന്നതു് ശരിയല്ല.”
“അദ്ദേഹത്തെ ആരും തടഞ്ഞുവെച്ചിട്ടില്ല.”
വാസുമുതലാളി ശക്തി സംഭരിച്ചു് പറഞ്ഞു.
“അദ്ദേഹം ഈ നഗരത്തേയും നഗരവാസികളേയും അനുഗ്രഹിക്കാൻ ദയ വിചാരിച്ചു് ഞങ്ങൾക്കതു നിഷേധിക്കാൻ പറ്റുമോ?”
“നിഷേധിക്കണമെന്നല്ല പറഞ്ഞതു്.”
നിർമ്മാതാവു് വാസുമുതലാളിയുടെ തോളിൽ കയ്യിട്ടു.
“അദ്ദേഹത്തെ ഉൾക്കൊള്ളാനുള്ള വലുപ്പവും അന്തസ്സും ഈ നഗരത്തിനുണ്ടാക്കണം. ഇവിടെ അടുത്ത ഭാവിയിലെങ്ങാനും വിമാനത്താവളം ഉണ്ടാവാനുള്ള സാദ്ധ്യതയുണ്ടോ?”
“ഇല്ല.”
വാസുമുതലാളി അപകർഷബോധം കൊണ്ടിടറിയ ശബ്ദത്തിൽ പറഞ്ഞു.
“ശരി, വ്യസനിയ്ക്കേണ്ട, വിമാനത്താവളം എന്റെ വക.”
ഭക്തജനങ്ങളുടെ മുഖത്തു മുഴുവൻ സന്തോഷം “ഒരു സ്വകാര്യവ്യക്തിയുടെ വീട്ടിൽ ഈ മഹാപുരുഷനെ പാർപ്പിക്കുന്നതു് ശരിയല്ല.”
സംവിധായകൻ പറഞ്ഞു. നയകോവിദനായ വാസുമുതലാളി, ഈർഷ്യയുടെ ലക്ഷണം മുഖത്തു പ്രവേശിപ്പിക്കാതെ കഴിയ്ക്കാൻ വളരെ പാടുപെട്ടു. സംവിധായകൻ തുടർന്നു.
“എട്ടോ പത്തോ ഏക്കർ സ്ഥലം വിലക്കെടുക്കണം. അവിടെയൊരാശ്രമം പണിയണം. അതാണു് വേണ്ടതു്. സ്ഥലം തരാനാളുണ്ടെങ്കിൽ എന്തു് വില നല്ക്കാനും തയ്യാറുണ്ടു്.”
ഭക്തജനങ്ങളുടെ മുഖത്തു് സന്തോഷത്തോടൊപ്പം സംതൃപ്തിയും നൃത്തം വെച്ചു.
താൻ അറിയാതെ കീഴടങ്ങുന്നുണ്ടോ എന്നു് വാസു മുതലാളിയ്ക്കു സംശയമായി. ഇനി വയ്യ.
വാസുമുതലാളി ഉറപ്പിച്ചു പറഞ്ഞു.
“ഇപ്പറഞ്ഞതൊക്കെ ഞങ്ങളുടെയും അഭിപ്രായമാണു്. യോഗീശ്വരനു് ആശ്രമം വേണമെന്നു് നഗരവാസികൾ മുഴുവനും ആഗ്രഹിക്കുന്നു. ഇവിടത്തെ വ്യാപാരിസംഘടന അതിലേക്കു പത്തോ നൂറോ ഏക്കർ സ്ഥലം വിലയ്ക്കെടുത്തു തരാനൊരുക്കമുണ്ടു്. ലക്ഷക്കണക്കിനു് രൂപ ചിലവാക്കി വലിയ വലിയ കെട്ടിടങ്ങൾ ഉണ്ടാക്കിത്തരാമെന്നു് പലരും വാഗ്ദാനം ചെയ്തിണ്ടു്. പക്ഷേ, കാര്യത്തിന്റെ കിടപ്പവിടെയല്ലല്ലോ. യോഗീശ്വരൻ തികച്ചും അവധൂതനാണു്. ഇന്നിവിടെ. നാളെ വനാന്തരത്തിൽ മറ്റന്നാൾ ഹിമാലയത്തലത്തിൽ! അദ്ദേഹത്തിന്റെ ഇംഗതമറിയാതെ വല്ലതിനും പുറപ്പെടുന്നതു് വങ്കത്തമല്ലേ?”
ചോദ്യത്തിനു മുമ്പിൽ സംവിധായകൻ നിശ്ശബ്ദം. നിർമ്മതാവു് നിശ്ശബ്ദം. ഉഗ്രതാരവും നിശ്ശബ്ദം.
അനിശ്ചിതത്വമവസാനിപ്പിയ്ക്കാനെന്നപോലെ ഗാനരചയിതാവു് മുമ്പോട്ടു വന്നു. അല്പം മുമ്പു് യോഗീശ്വരനെ പ്രണമിച്ചെഴുന്നേറ്റ ഗാനരചയിതാവു് ഒരു ലളിതഗാനം രചിച്ചു. യോഗീശ്വരന്റെ അപദാനങ്ങളെ പ്രകീർത്തിച്ചുകൊണ്ടു്. ഉടനടി അതു സംഗീത സംവിധായകന്റെ കയ്യിലെത്തി. സംവിധാനകർമ്മം നടന്നു. സംഗീതജ്ഞരതു് മൂളി സ്വാധീനിച്ചു. ഇതെല്ലാം ഞൊടിയിടകൊണ്ടാണു് നടന്നതു്.
“ഒരു ചെറിയ ഭജനഗാനം പാടണമെന്നുണ്ടു്.” ഗാനരചയിതാവു് പറഞ്ഞു.
എല്ലാവർക്കും അപ്പറഞ്ഞതിഷ്ടമായി. ഗാനരചയിതാവും സംഗീതസംവിധായകനും സംഗീതജ്ഞരും വഴിക്കുവഴി പരമാനന്ദയോഗിവര്യന്റെ പാദപാംസുകളെടുത്തു ശിരസ്സിലണിഞ്ഞു്, ആശീർവ്വാദം വാങ്ങി മെക്രോഫോണിന്നു് മുമ്പിലിരുന്നു. പതുക്കെ ഭജനഗാനമുയർന്നു.
അനുരാഗകൂല്യകളെ.
നിങ്ങൾ വരൂ, നിങ്ങൾ വരൂ
നിത്യസൗഭഗസന്ധ്യകളെ… ” ഓ… ഓ… ഓ…
ആനന്ദഗംഗയിതാ, പര-
മാനന്ദയോഗിയിതാ പാപകർമ്മശതങ്ങളേ
പായൂ… പായൂ…
ഓ… ഓ… ഓ… ശരൽക്കാല…
ഗാനം ഉച്ചഭാഷണിയിലൂടെ തിളച്ചു മറിഞ്ഞപ്പോൾ നിരത്തിലെ പുരുഷാരത്തിനു് ആവേശമുണ്ടായി. വനിതാസംഘത്തിലെ ഗായികമാരിൽ ചിലർക്കു് അപമൃത്യു സംഭവിച്ചു.
മതിലിടിയുന്നു, ഗയിറ്റു് തകരുന്നു, പോലീസുകാർ തടിതപ്പുന്നു!!
അകവും പുറവുമില്ല.
ഭക്തജനങ്ങൾ ഒന്നു്.
എല്ലാവരും സിനിമതരങ്ങളെ വളഞ്ഞാരാധിക്കാൻ തുടങ്ങിയപ്പോൾ യോഗീശ്വരൻ കണ്ണടച്ചു് സമാധിയിൽ ലയിച്ചു.