“വെള്ളം വേണോ?”
അബോധാവസ്ഥയിൽ കിടക്കുന്ന നിർമ്മാതാവിന്റെ നെറ്റി തടവിക്കൊണ്ടു് ഗുരു ശങ്കരദാസ്സ് ചോദിച്ചു. അങ്ങിനെ ചോദിക്കുമ്പോൾ ഗൂരുവിന്റെ മുഖത്തു കരുണരസമുണ്ടായിരുന്നു, കയ്യിൽ ഓറഞ്ചു് നിരും.
ചോദ്യം കേട്ടുകൊണ്ടു് വന്ന നേഴ്സു് ഗുരുവിനെ ശാസിച്ചു.
“പ്ലീസ്, ഡോൺട് ഡിസ്റ്റേർബ്, ലറ്റു് ഹിം ടേയ്ക്കു് കംപ്ലീറ്റ് റസ്റ്റ്.”
നേഴ്സിന്റെ ശബ്ദം കേട്ടു് ഗുരുവിന്റെ മുഖത്തു് ശൃംഗാരരസം കതിരിട്ടു. എപ്പോൾ എവിടെവെച്ചു് സ്ത്രീശബ്ദം കേട്ടാലും ശൃംഗാരം ഓടിവന്നു് ഗുരുവിന്റെ മുഖത്തു് നിലയുറപ്പിയ്ക്കും.
“ഇതു് റസ്റ്റാണോ?”
ഗുരു ചിരിച്ചുകൊണ്ടു ചോദിച്ചു.
വിവരമില്ലാത്തവനോടെന്തു പറയാനെന്ന മട്ടിൽ കഴുത്തു് വെട്ടിച്ചു് മുഖം തിരിച്ചു നേഴ്സ് ധൃതിയിൽ നടന്നുപോയി. ഗുരു കണ്ണിറുക്കി. പുരികക്കൊടി വളച്ചു് നേഴ്സിന്റെ നടത്തം ഉറ്റുനോക്കി.
നിർമ്മാതാവു് ഉറക്കമരുന്നിന്റെ വീര്യംകൊണ്ടു മയങ്ങിക്കിടക്കുകയായിരുന്നു. പരുക്കു് നട്ടെല്ലിന്നായിരുന്നു. അതിന്റെ വേദനയിൽനിന്നു് പൊറുതി കിട്ടാനാണു് ഉറക്കമരുന്നു് കൊടുത്തതു്.
“വെള്ളം വേണോ?”
നേഴ്സ് പോയപ്പോൾ ഗുരു ചോദ്യമാവർത്തിച്ചു. നിർമ്മാതാവു് നിർഗ്ഗുണബ്രഹ്മംപോലെ ചലനവും വികാരവുമറ്റുകിടന്നു.
ജനത്തിന്റെ സ്നേഹപ്രകടനം ഉഗ്രമായിരുന്നു. ബംഗ്ലാവിന്റെ മതിലുതകർത്തു അകത്തുകടന്ന ജനത്തിൽ കുറവായതുകൊണ്ടു് പോലീസ് തികച്ചും നിർവീര്യമായി നിന്നു. പോലിസിന്റെ നിർവീര്യാവസ്ഥ കണ്ടപ്പോൾ ജനത്തിനുത്സാഹം കൂടി. അവർ സിനിമാതാരങ്ങളെ വീതിച്ചെടുത്തു് സ്നേഹിച്ചു. വളരെനേരം സ്നേഹിച്ചു. അത്യാഹിതത്തിന്റെ വിവരം കേട്ടു് ഒരു വാൻ നിറയെ പോലീസ് കുതിച്ചെത്തി ലഘുവായ വീര്യപ്രകടത്താൽ ആരാധന നടത്തുന്നവരെ സ്നേഹിച്ചു.
ജനത്തിന്റെ സ്നേഹപ്രകടനവുമായി തട്ടിച്ചു നോക്കുമ്പോൾ പോലിസ്സിന്റെ വീര്യപ്രകടനം നിസ്സാരം എങ്കിലും വാസു മുതലാളിയുടെ തൊടിയും പരിസരവും ക്ഷണനേരംകൊണ്ടു് വിജനമായി. വിജനമായ ബംഗ്ലാവിന്റെ പടിക്കൽ താമസിയാതെ ആംബുലൻസെത്തി.
സിനിമാതാരങ്ങൾ ആശുപത്രിയിലേക്കു്!
ഉഗ്രതാരത്തിന്റെ മൂക്കിനാണു് സ്നേഹപ്രകടനമേറ്റതു്. മുഖകാന്തിയ്ക്കു വൈകല്യം സംഭവിച്ചാലുള്ള കഥയോർത്തു ഉഗ്രതാരം പൊട്ടിക്കരഞ്ഞു.
ഗാനരചയിതാവിന്റെ വലത്തുകൈക്കു പ്ലാസ്റ്ററിടേണ്ടിവന്നു. എക്സ്റേ എടുത്തപ്പോൾ കൈമുട്ടിനു് രണ്ടംഗുലം കീഴെ ഫ്രാക്ചറുണ്ടെന്നു് കണ്ടുപിടിച്ചു. കാര്യം മനസ്സിലാക്കിയ രചയിതാവു് താനെഴുതിയ അനേകമനേകം ശോകഗാനങ്ങളിൽനിന്നു് നല്ല നല്ല ഈരടികൾ തിരഞ്ഞെടുത്തുരുവിട്ടു ഗദ്ഗദം പൊഴിച്ചു.
സംഗീത സംവിധായകന്റെ ശരീരത്തിൽ ഒരീച്ചയ്ക്കുപോലും പറന്നു വീഴാൻ വയ്യ. ഭയങ്കര വേദന, ജനം ആ മനുഷ്യനെ സർവ്വാംഗം സ്നേഹിച്ചുകളഞ്ഞു. സ്പെഷൽ വാർഡിലെ ഒരു ബെഡിൽ കിടന്നു് സംഗീതസംവിധായകൻ മുഖാരി രാഗമാലപിച്ചു.
ഉഗ്രതാരം ആശുപത്രിയിലെത്തിയ വിവരമറിഞ്ഞു് രോഗികൾ ഇളകിവശായി, ഇഴഞ്ഞും നൊണ്ടിനൊണ്ടിയും ശുശ്രൂഷകരുടെ തോളിൽ പിടിച്ചും അവർ സ്പെഷൽ വാർഡിലേക്കു നീങ്ങി. മേട്രനും സൂപ്രണ്ടും ഓടിയെത്തി രോഗികളെ തടഞ്ഞു, ക്ഷുഭിതരായ രോഗികൾ പിൻമടങ്ങാൻ കൂട്ടാക്കാതെ ഉറച്ചുനിന്നു മുദ്രവാക്യം മുഴക്കി. അതുകേട്ടു ആശുപത്രിജീവനക്കാരും മുദ്രാവാക്യമിട്ടു.
എങ്ങും അരക്ഷിതാവസ്ഥ!
പോലീസിനെ വിളിയ്ക്കുമെന്നു് സുപ്രണ്ടു ഭീഷണിപ്പെടുത്തി.
“പുല്ലാണു്, പുല്ലാണു്… ”
രോഗികൾ സമരകാഹളമൂതി.
“പുല്ലാണു്, പുല്ലാണു്… ”
ആശുപത്രി ജീവനക്കാർ പല്ലവിയും അനുപല്ലവിയും മുഴക്കി.
പ്രതിഷേധ കോലാഹത്തിൽ ആശൂപത്രിയു പരിസരവും കുലുങ്ങിത്തെറിച്ചപ്പോൾ ഉറക്കമരുന്നിന്റെ പിടിയിൽ നിന്നു് നിർമ്മാതാവിനു് മോചനം കിട്ടി.
“വെള്ളം വേണോ?”
ഗുരു ചോദിച്ചു. നിർമ്മാതാവു് ചുണ്ടു വിടർത്തി. ഓറഞ്ചുനീർ ഔൺസ് ഗ്ലാസ്സിലൂടെ അല്പാല്പം ഒഴിച്ചുകൊടുത്തു് ചുണ്ടും മീശയും തുടപ്പിയ്ക്കുന്നതിനിടയിൽ ഗുരു ചോദിച്ചു.
“എന്നെ മനസ്സിലായോ?”
നിർമ്മാതാവിന്റെ മുഖത്തു് വികാരമൊന്നുമുണ്ടായില്ല.
“ഞാനാണു് ഗുരു ശങ്കരദാസ്സു്”
നിർമ്മാതാവു് മിണ്ടാതെ മിഴിച്ചുനോക്കി കിടന്നു. ഗുരു എഴുന്നേറ്റു് നടുവളച്ചു് നെഞ്ചു് മുമ്പിലോട്ടു തള്ളി കൈകൂപ്പി കട്ടിലിന്നു് ചേർന്നു നിന്നു്.
“അനന്തപ്പൂർ, ജബൽപൂർ, മണിപ്പൂർ… ”
നിർമ്മാതാവിന്റെ കണ്ണിൽ പരിഭ്രാന്തി. ഗുരുവിനുത്സാഹം.
“… തുടങ്ങിയ വിദേശരാജ്യങ്ങളിൽ കുടിയേറിപ്പാർത്തു്, വിവിധ ഭാഷക്കാരെ നൃത്തവിദ്യ പഠിപ്പിച്ചവനാണു് ഞാൻ.”
നട്ടെല്ലിന്റെ ചതവിൽനിന്നു അരിച്ചുകയറുന്ന അസഹ്യമായ വേദനയുടെ ലക്ഷണം നിർമ്മാതാവിന്റെ മുഖത്തു പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഗുരു ഗൗനിച്ചില്ല.
“സിനിമയിൽ നൃത്തരംഗങ്ങൾ സംവിധാനം ചെയ്യാൻ എന്നെപ്പോലെ മറ്റാർക്കും കഴിയില്ല.”
“ആവൂ!”
നിർമ്മാതാവു് വേദനകൊണ്ടു് ഞരങ്ങി. ഗുരു വിവരണം തുടർന്നു.
“ഒരവസരം കിട്ടിയാൽ ഞാനതു തെളിയിക്കും ഇന്നോളമെനിയ്ക്കവസരം കിട്ടീട്ടില്ല. കഴിവുള്ളവനു് അവസരം നിഷേധിയ്ക്കുന്ന പതിവാണെവിടെയും. അപ്സരനൃത്തവും അർദ്ധനഗ്നനൃത്തവും എന്റെ മാസ്റ്റർ പീസാണു്.”
“ഈശ്വരാ, വലയ്ക്കല്ലേ.”
നിർമ്മാതാവിന്റെ ഞരക്കം രോദനമായി. അതു കേൾക്കാത്ത മട്ടിൽ ഗുരു ആത്മകഥയും കൊണ്ടു് മുന്നേറി.
“എനിയ്ക്കു് ലോകത്തെമ്പാടും ശിഷ്യന്മാരുണ്ടു്. ശിഷ്യന്മാർക്കു് ശിഷ്യന്മാരുണ്ടു്. അവരെന്നെ ‘ഗുഗ്ഗുരോ’ എന്നു് വിളിയ്ക്കുന്നു.”
“അമ്മേ, സഹിയ്ക്കാൻ വയ്യേ!”
മുഴുത്ത രോദനത്തോടുകൂടി നിർമ്മാതാവു് കണ്ണടച്ചു്.
“കരുണചെയ്യാനെന്തു് താമസം കൃഷ്ണാ”
കണ്ണടച്ചു കിടക്കുന്ന നിർമ്മാതാവിനെ നോക്കി ഗുരുവിന്റെ ആത്മാവു് പാടി. അങ്ങനെ പാടാൻ കാരണമുണ്ടു്. ഏതെങ്കിലുമൊരു സിനിമാനിർമ്മാതാവിന്റെ കാരുണ്യത്തിനുവേണ്ടി ഗുരു കാത്തിരിയ്ക്കാൻ തുടങ്ങിട്ടു വർഷങ്ങളായി. തന്റെ ശിഷ്യരും ശിഷ്യരുടെ ശിഷ്യരും സിനിമയിൽ കയറി പേരും പണവും വാരിക്കൂട്ടി. തനിയ്ക്കതു കഴിഞ്ഞില്ല. മിടുക്കും മേന്മയുമില്ലാഞ്ഞട്ടാണോ? ബുദ്ധിയുള്ളവരതു പറയില്ല. തന്റെ കഴിവിൽ ആർക്കും ഇന്നോളമൊരു സംശയമുണ്ടായിട്ടില്ല. പിന്നെ ഈ പരാജയം എന്തുകൊണ്ടു്? അവസരം വരാഞ്ഞിട്ടു്. ഇപ്പോൾ അവസരം വന്നിരിയ്ക്കുന്നു! സുവർണ്ണാവസരം! ഒട്ടും പാഴാക്കിക്കൂടാ.
“വെള്ളം വേണോ?” ഗുരു ചോദിച്ചു. ഉത്തരമില്ല. കൺപീലികൾപോലും ഇളക്കുന്നില്ല.
ഉറങ്ങട്ടെ, മതിയാവോളം ഉറങ്ങട്ടെ. ക്ഷീണവും മനസ്സിന്റെ വിഷമവും തിരുന്നവരെ ഉറങ്ങട്ടെ. അല്പം കഴിഞ്ഞോ ഇല്ലെങ്കിൽ നാളെയോ മറ്റന്നാളോ ഉണരും. ഉണരാതിരിക്കില്ല. ഉണരുമ്പോൾ നിവേദനം സമർപ്പിക്കണം. കഴിവുകൾ ഒന്നൊന്നായി എടുത്തു പറഞ്ഞു വിശ്വസിപ്പിയ്ക്കണം.
ക്ഷമാപൂർവ്വം കാത്തിരിയ്ക്കാൻ തിരുമാനിച്ച ഗുരു നിർമ്മാതാവിനെ പതുക്കെ വീശാൻ തുടങ്ങി.
സംവിധായകനും ഉഗ്രതാരത്തിനും ഗാനരചയാതാവിനുമൊക്കെ ശുശ്രൂഷയ്ക്കു വേണ്ടുവോളം ആരാധകരുണ്ടായിരുന്നു. അവർക്കു നിർല്ലോഭം നിവേദനങ്ങൾ കിട്ടിയിരുന്നു.
ആശൂപത്രിയിൽ ദിനപത്രങ്ങളെത്തിയപ്പോൾ ബഹളം കൊടുമ്പിരിക്കൊണ്ടു. കാരണം, പത്രങ്ങളിൽ നിറച്ചും സിനിമാതാരങ്ങളെ സംബന്ധിച്ച ചിത്രകഥകളായിരുന്നു. ജനം മതിമറന്നു് സ്നേഹിക്കുന്നതിന്റെ വിവിധ ചിത്രങ്ങൾ! ചിത്രങ്ങൾക്കടിയിൽ വിചിത്രമായ കുറിപ്പുകൾ!
ആശുപത്രിയിലെ ഇരിപ്പും കിടപ്പും. പത്രസമ്മേളനങ്ങൾ, അഭിമുഖസംഭാഷണങ്ങൾ! ഡോക്ടർമാരുടെ പരിശോധന, നേഴ്സുമാരുടെ ശുശ്രൂഷ, ജനത്തിന്റെ ഉൽക്കണ്ഠ, പോലീസുകാരുടെ ജാഗ്രത!
അനേകം ചിത്രങ്ങൾ!
ചിത്രകഥയിൽ പ്രഥമസ്ഥാനം ഉഗ്രതാരത്തിനായിരുന്നു. പൊതുവിലൊരു തലക്കെട്ടോടുകൂടി ആ കഥ പ്രത്യക്ഷപ്പെട്ടു.
“വീണിതല്ലോ കിടക്കുന്നു ധരണിയിൽ.”
ധരണി സ്പെഷൽ വാർഡിലെ ബെഡ്ഡായിരുന്നു. ഉഗ്രതാരം അവിടെയാണു് വീണുകിടന്നതു്! ആ ചിത്രത്തിനു് അർത്ഥപൂർണ്ണമായ ഒരടിക്കുറിപ്പുണ്ടായിരുന്നു.
“സ്മൈൽ പ്ലീസ്സ്!”
പിറകെ ഫ്ലാഷ്ബാക്കിൽ അനേകം കഥകൾ!
ഉഗ്രതാരം ഈറ്റപ്പുലിയുമായി ഗുസ്തിപിടിക്കുന്നു. അടിക്കുറിപ്പു്.
“വന്യമൃഗങ്ങളെ കഴുത്തുഞെരിച്ചു കൊന്നു് രക്തം പീഴിഞ്ഞെടുത്തു് കഞ്ഞിപാർച്ച നടത്തിയ ധീരസാഹസികൻ.”
ചിത്രം കണ്ടും അടിക്കുറിപ്പു് വായിച്ചും ജനത്തിനു് രോമാഞ്ചമുണ്ടായി.
തുടർന്നു് മറ്റൊരു ചിത്രം വരുന്നു. ശത്രുരാജാവുമായി ഒരു വാൾപയറ്റു്. അവിടെയുമുണ്ടു് അടിക്കുറിപ്പു്.
“ദുഷടനിഗ്രഹ വ്യഗ്രനായ മന്നോരിൽ മന്നൻ.”
ആ മന്നോരിൽ മന്നനാണു് വീണുകിടക്കുന്നതു്.
ഉഗ്രതാരത്തെ കണ്ടു് കണ്ണു കുളിർപ്പിച്ചേ അടങ്ങുവെന്നു രോഗികൾ വാശി പിടിച്ചു. ആശുപത്രി ജിവനക്കാർ സത്യഗ്രഹത്തിനൊരുങ്ങി.
സ്ഥിതി നിയന്ത്രണാധീനമല്ലാതെവന്നപ്പോൾ അധികൃതർ കൂടിയാലോചിച്ചൊരു പൊടിക്കൈ പ്രയോഗിച്ചു. അടച്ചുമൂടിയ ആംബുലൻസിൽ പോലീസ്സു് അകമ്പടിയോടെ സിനിമാതാരങ്ങളെ അജ്ഞാതമായൊരു സ്ഥലത്തേക്കുമാറ്റി.
രോഗികൾ നിശ്ശബ്ദരായി കിടക്കകളിലേക്കു മടങ്ങി. ജീവനക്കാർ ഡ്യൂട്ടിയിൽ പ്രവേശിച്ചു.
എങ്ങും ശാന്തി!
സമനില തിരിച്ചു കിട്ടിയപ്പോൾ ജനം നെടുവീർപ്പിട്ടു. നെടുവീർപ്പിട്ടു് ഹൃദയഭാരം ചുരുങ്ങിയപ്പോൾ പരിസരബോധം കൈവന്നു. പരിസരബോധം കൈവന്ന ജനം യോഗീശ്വരനെ സ്മരിച്ചു. പിന്നെ തിരിഞ്ഞോട്ടമാണു്. ആശുപത്രിപ്പടിയ്ക്കൽ നിന്നു് ബങ്ക്ളാവിന്റെ പടിയ്ക്കലേയ്ക്ക്!
വാസുമുതലാളിയ്ക്കു എല്ലാം ഒരു ദുഃസ്വപ്നം പോലെ അനുഭവപ്പെട്ടു. ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല യോഗീശ്വരന്റെ കാൽപ്പൊടിയ്ക്കു വേണ്ടി യാചിച്ചു കഴിഞ്ഞുകുടിയ ജനം ഒരു നിമിഷം കൊണ്ടാണു് മാറുന്നതു്. തളർന്നുപോയി, ജനങ്ങൾ ഭക്തിമാർഗ്ഗത്തിൽ വ്യതിചലിയ്ക്കുന്നതു് കണ്ടുള്ള തളർച്ചയായിരുന്നില്ല. വളരെ സമർത്ഥമായി ആസൂത്രണം ചെയ്തെടുത്ത നല്ലൊരു പരിപാടിയാണു് ജനങ്ങളുടെ വിവരക്കേടുകൊണ്ടു് പരാജയപ്പെട്ടുപോയതു്. യോഗീശ്വരനെന്ന പ്രതിഭാസം മഹാനഗരത്തെ കീഴടക്കി നില്ക്കുകയിരുന്നു. ആരാലും ചോദ്യംചെയ്യാൻ കഴിയാത്തവിധം അതൊരു സത്യമായി കഴിഞ്ഞിരുന്നു. ആ സത്യമാണു് ചിന്നിച്ചിതറിപ്പോയതു്.
നാശംപിടിച്ച സിനിമാതാരങ്ങൾ വലിഞ്ഞുകയറി വന്നപ്പോൾ സന്തോഷിച്ചു. യോഗീശ്വരന്റെ പ്രശസ്തിയുടെ കിരീടത്തിൽ അതൊരു പുത്തൻ കോഹിനൂർ പതിക്കുമെന്നു് വിശ്വസിച്ചാണു് സന്തോഷിച്ചതു്. പക്ഷേ, കാറ്റു മാറി വീശീ. ഈ ജനങ്ങളെ വിശ്വസിച്ചവർ എന്നെങ്കിലും എവിടെയെങ്കിലും നേരെയായിട്ടുണ്ടോ? അവരെ വിശ്വസിച്ചു് വല്ല കാര്യത്തിന്നുമിറങ്ങി പുറപ്പെടാമോ? അവരുടെ ഭക്തിയും സ്നേഹവും സഹതാപവും ആരാധനയുമെല്ലാം നൈമിഷികമായ വികാരത്തിന്റെ ശക്തിമത്തായ പ്രകടനം മാത്രമല്ലെ. അതെന്നും എവിടേയും അല്പായുസ്സായിരുന്നില്ലേ?
തകർച്ചയുടെ ആഘാതത്തിൽനിന്നു മുക്തമാവാൻ വളരെ നേരമെടുത്തു. ഭജനസംഘത്തിലെ ഏതാനും പെണ്ണുങ്ങളും എന്തുചെയ്യണമെന്നറിയാതെ പരുങ്ങുന്ന യോഗീശ്വരനും മാത്രമുള്ള പന്തൽ വാസുമുതലാളിയ്ക്കു ശവപ്പറമ്പുപോലെ തോന്നി. തന്റെ അഭിലാഷമത്രയും ചിതയിലേറ്റിയ ശവപ്പറമ്പു്!
മഹിളമാരെ വിരട്ടി ഓടിക്കണമെന്നു തോന്നി. യോഗീശ്വരനെ കഴുത്തുപിടിച്ചു് പുറംതള്ളി ഗെയിറ്റടയ്ക്കണമെന്നു തോന്നി.
മതി! മുഴുവനും പോയി തുലയട്ടെ. ഒന്നും വേണ്ട. ആയുഷ്ക്കാലം മുഴുവൻ സുഖമായി കഴിഞ്ഞുകൂടാനുള്ള വക സമ്പാദിച്ചിട്ടുണ്ടു്.
കുഴപ്പമവിടെയല്ലല്ലോ. യോഗീശ്വരനെ എങ്ങിനെ കയ്യൊഴിയ്ക്കും. ജനങ്ങളുടെ ഇടയിൽ, സ്വർണ്ണപ്രഭുവിനേയും നന്തഭട്ടിനേയും ഭീംജിയേയുംപോലുള്ള യഥാർത്ഥ ഭക്തന്മാരില്ലേ? അവരോടെന്തു പറയും? ഈ മാറാപ്പു് തോളിൽ കേറ്റേണ്ടിയിരുന്നില്ല.
വാസുമുതലാളി അസ്വസ്ഥതയോടെ പന്തലിലങ്ങട്ടുമിങ്ങട്ടും നടന്നു. കാൽപെരുമാറ്റം കേട്ടു് യോഗീശ്വരൻ സമാധിയുണർന്നു് കണ്ണുമിഴിച്ചു നോക്കി. രോഷം കൊണ്ടു് തിയ്യാളുന്ന വാസുമുതലാളിയുടെ മുഖം കണ്ടപ്പോൾ സമാധിയാണു് നല്ലതെന്നു് കരുതി യോഗീശ്വരൻ വീണ്ടും കണ്ണടച്ചു.
ധർമ്മസങ്കടത്തിലായിരുന്നു വാസുമുതലാളി. യോഗീശ്വരനെന്ന പുലിവാൽ പിടിച്ചു നില്ക്കാനും വിടാനും പറ്റാത്ത നിലയിൽ തന്റെ ജീവിതവുമായി ഒട്ടിപ്പിടിച്ചു നിൽക്കുന്നു.
ചീത്തപ്പേരുണ്ടാവും. കലശലായ പരിഹാസം കേൾക്കേണ്ടി വരും. സമുദായത്തിൽ ഇന്നുള്ള പദവി നഷ്ടപ്പെടും.
വയ്യ! അതൊരിയ്ക്കലും വയ്യ. എത്രയധികം ക്ലേശിച്ചാണു് പദവിയുണ്ടാക്കിയതു്. ജനങ്ങളുടെ ഭ്രാന്തിനെ ച്ചൊല്ലി അതുപേക്ഷിക്കാനൊരിയ്ക്കലും വയ്യ. പദവി നൈമിഷികമാക്കാൻ പറ്റില്ല. ജനങ്ങളുടെ വികാരപ്രകടനമാണു് നൈമിഷികം.
കുറച്ചുകൂടി കരുതലോടെ മുമ്പോട്ടു നീങ്ങാനുറച്ചുകൊണ്ടു് മുതലാളി കാര്യസ്ഥനെ വിളിച്ചു. “എടാ, പരമൂ.”
പരമു ഓടിയെത്തി.
“എടാ ക്ഷണത്തിൽ മുള്ളു കമ്പി വരുത്തണം.”
നിർദ്ദേശങ്ങൾ വഴിവഴിയായി പുറപ്പെട്ടു. മതിലിടിഞ്ഞ സ്ഥലം ഇപ്പോൾ തന്നെ വേലി കെട്ടിപ്പിയ്ക്കണം.”
പിന്നെ ടെലിഫോണിന്നടുത്തേയ്ക്കു നീങ്ങി. ധൃതിയിൽ ഡയൽ ചെയ്തു.
“ഹലോ.” കാത്തുനിന്നു.
“അതെ, സാർ… ഒന്നും പറയേണ്ട. കനത്ത നാശനഷ്ടങ്ങൾ പറ്റി… ”
മറുപടി ശ്രദ്ധിച്ചു.
“അതൊന്നും സാരമില്ല സാർ. ആദ്ധ്യാത്മിക കാര്യങ്ങൾക്കു ജീവൻപോലും ബലികൊടുക്കാൻ ഞാനൊരുക്കമാണു്. ഈ നഷ്ടമെന്നും ഞാൻ കണക്കാന്നില്ല സാർ.”
പിന്നേയും മറുപടിക്കു കാത്തുനിന്നു.
“അതല്ല സാർ ഞാൻ പറയുന്നതു്. ജനങ്ങളിങ്ങനെ തുടങ്ങിയാൽ ജീവനും സ്വത്തിനും വല്ല രക്ഷയുണ്ടോ? ഇങ്ങനെ ഭ്രാന്തുകാണിക്കാൻ ജനങ്ങളെ വിടരുതു്.”
മറുഭാഗം ഇടയിൽകടന്നെന്തോ പറയാൻ തുടങ്ങിയതുകൊണ്ടു് വാസുമുതലാളിയ്ക്കു നിശ്ശബ്ദമായി ശ്രദ്ധയ്ക്കേണ്ടിവന്നു. പിന്നെ ഒരു പഴുതു കിട്ടിയപ്പോൾ തുടർന്നു.
“സാർ, തെറ്റിദ്ധരിക്കരുതു്. പോലീസ്സിന്റെ ശക്തിപ്രകടനം മതിയായില്ലെന്നാണു് പരക്കെ പറയുന്നതു്. നിക്കട്ടെ സാർ, ഞാൻ പറയട്ടെ. യോഗീശ്വരനിതൊന്നും ഒരു പ്രശ്നമല്ല. ഹിലാലയത്തിലെ വനാന്തരങ്ങളിൽ കഴിച്ചുകൂട്ടിയ അദ്ദേഹത്തിന്നു് എന്നെപ്പോലൊരു നിസ്സാരന്റെ സഹായമെന്നും ആവശ്യമില്ല. നഗരവാസികളുടെ മഹാഭാഗ്യത്തിന്നു് ആ മഹാത്മാവു് ഇവിടെ തങ്ങാമെന്നു് സമ്മതിച്ചു. ജനങ്ങളുടെ ഭ്രാന്തുകൊണ്ടു് ആ മഹാനുഗ്രഹം നഷ്ടപ്പെടുത്താൻ പാടുണ്ടൊ?”
മറുഭാഗത്തെ നീണ്ട പ്രസംഗം കേട്ടുകൊണ്ടു വാസുമുതലാളി നിന്നു. അതവസാനിച്ചപ്പോൾ ഒരപേക്ഷ സമർപ്പിച്ചു.
“ഇതുകൊണ്ടൊന്നും ഭജന നിർത്താൻ പോകുന്നില്ല സാർ, തുടർന്നുപോകും. മഹാനവമിയ്ക്കു് അഗതികൾക്കന്നദാനം. ദശമി ദിവസം അഖണ്ഡ ഭജന യജ്ഞത്തിന്റെ സമാപനവും അവഭൃതസ്നാനവും. നൂറ്റൊന്നു് കാറുകളുടെ ഒരു ഘോഷയാത്ര അന്നു് വേണമെന്നാണു് തിരുമാനിച്ചതു്. അതുകൊണ്ടു് സാർ കൂടുതൽ പോലിസുകാരെ അയച്ചുതരണം. വേണ്ടിവന്നാൽ അടിയന്തരഘട്ടത്തിൽ ബലപ്രയോഗം നടത്താനവർക്കു് അനുമതിയും കൊടുക്കണം… താങ്ക്സ് സാർ. താങ്ക്സ്.”
ഉറച്ച തീരുമാനമെടുത്തു് വീണ്ടും പന്തലിൽ പ്രവേശിച്ച വാസുമുതലാളി ഭജനഗാനം തുടരാൻ മഹിളമാർക്കനുമതി നൽകി.
മഹിളമാർ മൈക്രോഫോണിന്നടുത്തിരുന്നു് കണ്ഠശുദ്ധി വരുത്തി. ഇടവേളയ്ക്കുശേഷം അഖണ്ഡ ഭജന യജ്ഞത്തിന്റെ ശബ്ദം ഉച്ചഭാഷിണിയിലൂടെ നിരത്തിലെക്കൊഴുകി.
ആശുപത്രിപ്പരിസരത്തുനിന്നു് തിരിഞ്ഞോടിയ ജനം വാസുമുതലാളിയുടെ പടിയ്ക്കലെത്തിയപ്പോൾ ഭജനഗാനം കേട്ടു. മതിലിടിഞ്ഞ സ്ഥലം മുള്ളുകമ്പികൾ കൊണ്ടു് വേലികെട്ടിയുറപ്പിച്ചതു് കണ്ടു. യോഗീശ്വരനെ ഒരു നോക്കു കാണാൻ അവർ മുള്ളുകമ്പികൾക്കിടയിലൂടെ പാളിനോക്കി.