images/tkn-ashwahridayam-cover.jpg
Conquest of the Mountain, an oil on cotton painting by Paul Klee (1879–1940).
പതിനേഴ്

ഇൻലന്റ് പൊട്ടിയ്ക്കുമ്പോൾ ഗുരുവിന്റെ കൈ വിറച്ചിരുന്നു. ഹൃദയം കലശലായി മിടിച്ചിരുന്നു.

മുത്തുലക്ഷ്മി എന്ന ദ്രാവിഡ മങ്കയുടെ കത്താണു്. കുടിയേറിപ്പാർത്ത ഭാഷാപ്രവിശ്യയിലൊക്കെ ഗുരു സംബന്ധം വെച്ചിരുനു. കാശ്മീരിൽനിന്നു് കന്യാകുമാരിയിലേയ്ക്കു് വിവാഹത്തിലൂടെ ദേശീയോദ്ഗ്രഥനം സാധിച്ചുകൊണ്ടാണു് ഗുരു മുന്നേറിയതു്. ഒടുവിലത്തെ ഉദ്ഗ്രഥനം തമിഴ്‌നാട്ടിൽ നടന്നു. അതിന്റെ ഫലമാണു് മുത്തുലക്ഷ്മിയെന്ന ദ്രാവിഡമങ്ക.

കത്തു പൊട്ടിച്ചപ്പോൾ അക്ഷരങ്ങൾക്കു പകരം മുത്തുലക്ഷ്മി തന്നെ പ്രത്യക്ഷപ്പെടുംപോലെ ഗുരുവിന്നു തോന്നി. ചിരട്ടക്കരിയുടെ നിറം, പച്ച ബോർഡറിൽ കടും ചുകപ്പാർന്ന സാരി ചുറ്റിയ തടിച്ച ശരീരം വസൂരിക്കല നിറഞ്ഞ മുഖം ചിതൽപ്പുറ്റുപോലെ തള്ളിനിൽക്കുന്ന മൂക്കിന്നറ്റത്തു് ചുകന്ന കല്ലുവെച്ചമൂക്കുത്തി, വെറ്റിലക്കറ പിടിച്ച പല്ലു്.

“കണ്ണേ, കാപ്പാത്തുങ്കോ.”

ഗുരു പേടിച്ചു വിറച്ചു് പതുക്കെ പറഞ്ഞു. മുത്തുലക്ഷ്മിയുടെ കോപം ശമിപ്പിയ്ക്കാൻ പണ്ടു് പലതവണ ഉച്ചരിച്ചു് തഴക്കം വന്ന മന്ത്രമാണതു്.

കത്തിൽ രൂക്ഷമായ അന്ത്യശാസനമായിരുന്നു. ഓരോ വാക്കും മുത്തുലക്ഷ്മിയുടെ അട്ടഹാസത്തിന്നു സമം. ഉടനെ വന്നു കൂട്ടുക്കൊണ്ടുപോകുന്നില്ലെങ്കിൽ കുളന്തകൾ സമേതം തിരക്കി പുറപ്പെടും കണ്ടുപിടിച്ചു പകരം ചോദിയ്ക്കും.

കണ്ടുപിടിച്ചെങ്കിൽ പകരം ചോദിയ്ക്കുമെന്ന കാര്യം തീർച്ചയാണു്. അവളതിനൊക്കെ പോന്നവളാണു്.

“കോപപ്പെടാതെ കണ്ണേ, കോപപ്പെടാതേ. എല്ലാം ഒരു വാരത്തുക്കുള്ളേ ബേഷായ് മുടിച്ചു വിടുവൻ.”

മനശ്ശാന്തിയ്ക്കുവേണ്ടി പതുക്കെ ഗുരുവങ്ങനെ പിറുപിറുത്തു. മുത്തുലക്ഷ്മി മനസ്സിൽ കടന്നു് നിവർന്നു നിന്നപ്പോൾ യോഗീശ്വരനോടുള്ള ഭക്തിയും സിനിമാ നിർമ്മാതാവിനോടുള്ള കമ്പവും ഒരുമിച്ചു പമ്പകടന്നു. ഭയമെന്ന ഒരേയൊരു വികാരം ഗുരുവിനെ കീഴടക്കി.

കത്തിൽ സുചിപ്പിച്ചപോലെ മുത്തുലക്ഷ്മിയും പ്രജകളും വന്നു ചേർന്നെങ്കിൽ ജന്മം തുലഞ്ഞു. അശ്വഹൃദയത്തിൽ തലചായ്ക്കാനൊരിടം നേടിയെടുത്തതു് വളരെ തന്ത്രപരമായിട്ടായിരുന്നു. ആരൊരു സഹായം ചെയ്യും. ചാടിപ്പുറപ്പെട്ടു വന്നാൽ എവിടെ കുടിയിരുത്തും. ഭാര്യയെന്നു പറഞ്ഞു് വല്ലവർക്കും പരിചയപ്പെടുത്തില്ലായിരുന്നു. ഇങ്ങിനെയൊരു മാറാപ്പു് കഴുത്തിൽ തൂങ്ങുമെന്നു് ഒരിയ്ക്കലും കരുതിയതല്ല. ഗുരു ഒരു ഞെട്ടലോടെ ആ സംഭവമോർത്തു.

കോയമ്പത്തൂരിൽ വണ്ടിയിറങ്ങുന്നു. ഹോട്ടലിൽ മുറിയെടുത്തു താമസമുറപ്പിയ്ക്കുന്നു. വലിയ വലിയ വീടുകളുമായി സമ്പർക്കം പുലർത്തുന്നു. ട്യുഷൻ സമ്പാദിയ്ക്കുന്നു. ശിഷ്യകളുടെ എണ്ണവും പ്രതിഫലത്തിന്റെ തുകയും ക്ഷണത്തിൽ വർദ്ധിയ്ക്കുന്നു.

ഭാരിച്ച ചെലവുള്ളതായിരുന്നു ഹോട്ടലിലെ താമസം. അതുകൊണ്ടു്, ചുരുങ്ങിയ ചെലവിൽ അന്തിയുറക്കിന്നുമാത്രം ഒരു സ്ഥലം കണ്ടുപിടിയ്ക്കാൻ ശ്രമിച്ചു. ഹോട്ടലിലെ മലയാളിയായ അരിവെപ്പുകാരൻ സഹയത്തിന്നെത്തി.

രണ്ടുപേരുംകൂടി ഒരു ദിവസം രാത്രി പുറപ്പെട്ടു പരിചയമില്ലാത്ത തെരുവുകളും റോഡുകളും കടന്നു് എരുമക്കാരുടെ സങ്കേതത്തിലൂടെ ഏരികളുടെ വക്കിലെ പുളിമരങ്ങൾക്കു കീഴിലൂടെ നടന്നു് ഒരു വീട്ടുമുറ്റത്തെത്തി.

അരിവെപ്പുകാരൻ അകത്തു പോയപ്പോൾ മുറ്റത്തെ വേപ്പുമരം ചാരിനിന്നു. അകത്തു് അമർത്തിപ്പിടിച്ച സംസാരവും ചിരിയും വളക്കിലുക്കവും കേട്ടു.

അമർത്തിപ്പിടിച്ച ചിരി കേട്ടു നിൽക്കുമ്പോൾ വേപ്പുമരത്തിന്റെ ചില്ലകൾക്കിടയിലൂടെ വെൺചന്ദ്രിക ഊർന്നു ശരീരത്തിൽ വീഴുന്നുണ്ടായിരുന്നു. ഏരിയിലെ കൊച്ചോളങ്ങളിൽ തട്ടിവരുന്ന തണുത്ത കാറ്റു് മുറുകെ പുണരുന്നുണ്ടായിരുന്നു. എല്ലാം ഒന്നിച്ചു ചേർന്നപ്പോൾ ഗുരുവിന്റെ ശരിരീത്തിൽ പുളകം മുളച്ചു.

അരിവെപ്പുകാരൻ മടങ്ങിവന്നു് ഒറ്റ വാക്കേപറഞ്ഞുള്ളു.

“സമ്മതം.”

അതു പോരല്ലോ വിശദവിവരങ്ങളറിയണ്ടേ?

“വാടക?” ഗുരു ചോദിച്ചു.

“ഇഷ്ടമുള്ളതു കൊടുത്താൽ മതി.”

അരിവെപ്പുകാരൻ സംശയിയ്ക്കാതെ പറഞ്ഞു.

അപ്പറഞ്ഞതു് വളരെ ഹൃദ്യമായി. വളക്കിലുക്കവും അമർത്തിപ്പിടിച്ച ചിരിയുമുള്ള വീട്ടിൽ ഇഷ്ടമുള്ളതു കൊടുക്കുക. ഉടനെ സമ്മതിച്ചു.

“ഓ!ഇഷ്ടമുള്ളതു കൊടുക്കാം.”

പിറ്റേന്നു താമസം തുടങ്ങി. പെട്ടിയും കിടക്കയുമെടുപ്പിച്ചു. വീട്ടുമുറ്റത്തു് ചെന്നു നിന്നപ്പോൾ അകത്തു് ആദ്യം വളകിലുക്കം കേട്ടു. പിന്നെ സ്ത്രീസ്വരമെന്നു സങ്കല്പിയ്ക്കാവുന്ന ഒരു ശബ്ദവും.

“അങ്കേ പടുക്കലാം.”

‘അങ്കെ’ എന്നുവെച്ചാൽ വീട്ടിന്റെ ഓരത്തുള്ളൊരു ചായ്പ്. മറ്റു മുറികളുമായി അതിന്നു ബന്ധമില്ല. ബാഹ്യലോകവുമായി ബന്ധപ്പെടാൻ ഒരു വാതിലുണ്ടു്. ചാണകം മെഴുകിയ തറയാണെങ്കിലും മുറിയ്ക്കു വൃത്തിയും വെടിപ്പുമുണ്ടു്. ഒരു കട്ടിൽ ചെറിയൊരു മേശ. ഇത്രയുമാണുപകരണങ്ങൾ. മതി. കൂടുതൽ ആവശ്യമില്ല. അടുത്തെങ്ങും മനുഷ്യവാസമില്ലാത്തതുകൊണ്ടു ഒച്ചയും ബഹളവും എത്തിനോക്കില്ല.

പകൽ മുഴുവൻ കുട്ടികൾക്കു ‘ധീംത്ത തരികിട’ പഠിപ്പിച്ചു ക്ഷീണിയ്ക്കും. മുറിയിൽ കടന്ന ഉടനെ കിടക്ക നിവർത്തി അതിലങ്ങു വീഴും. പിന്നെ മതികെട്ടുറങ്ങും.

പുതിയ പാർപ്പിടത്തിൽ ആദ്യത്തെ രാത്രികടന്നു വന്നപ്പോൾ കിടക്ക വിരിച്ചൊരുക്കിയതായി കണ്ടു. മേശപ്പുറത്തു് ഒരു കൂജയിൽ കുടിയ്ക്കാനുള്ള വെള്ളവും വെച്ചിട്ടുണ്ടു്, കൊള്ളാമല്ലോ.

രാവിലെ ഉണർന്നു പുറത്തു കടന്നപ്പോൾ പല്ലുതേപ്പിന്നുള്ള ഒരുക്കങ്ങളാണു കണ്ടതു്. പിന്നെ കളിയ്ക്കാൻ ചൂടുവെള്ളം കിട്ടി. സുഖം. കുളിമുറിയിലെ അഴിച്ചിട്ട അഴുക്കുവസ്ത്രങ്ങൾ അലക്കിത്തേച്ചു സുന്ദരമായി മുറിയിലെത്തി. സ്വന്തം കുടുംബത്തിലെന്ന പോലെ എല്ലാം കണിശമായി നടന്നു. ഇതിന്റെയെല്ലാം പിന്നിൽ വിദഗദ്ധമായി പ്രവർത്തിയ്ക്കുന്ന കൈകളേതു്? ആ കൈകൾക്കുടമയാരു്? അതു മാത്രം മനസ്സിലായില്ല. ക്ഷമയോടെ കാത്തിരിയ്ക്കാം. എന്നെങ്കിലും മനസ്സിലാവും.

ഏഴുസുന്ദര രാത്രികൾ കടന്നുപോയി പിറകെ പതിനാലു് ഏകാന്ത സുന്ദരരാത്രികളും കടന്നുപോയി. പിന്നെ വന്ന സ്വർഗ്ഗീയരാത്രിയിൽ ഒരു വിശിഷ്ടസംഭവമുണ്ടായി. വെള്ളം നിറച്ച കൂജയ്ക്കു പകരം പാലുനിറച്ച ഒരു കപ്പു് മേശപ്പുറത്തു പ്രത്യക്ഷപ്പെട്ടു. മനോരഥം അറിഞ്ഞു പ്രവർത്തിച്ചപോലെ ക്ഷീണത്തിനല്പം പാലു കുടിയ്ക്കണമെന്ന വിചാരം പല നാളായി ഉള്ളതാണു്. അതാരോ എങ്ങിനെയോ മണത്തറിഞ്ഞിരിയ്ക്കുന്നു.

“ബലേ, ബലേ.”

അഭിനന്ദിയ്ക്കാതിരിയ്ക്കാൻ കഴിഞ്ഞില്ല. ഈ മണത്തറിയലിൽ സ്നേഹമുണ്ടു്. തീർച്ച.

“നീ താൻ അപൂർവ്വകല്യാണി.”

ഗുരുവിന്റെ അഭിനന്ദനം ഒറ്റവാക്കിലൊതുങ്ങിയില്ല. അതു് വാചകമായി നീണ്ടു.

സംഭവത്തിന്നു ചമൽക്കാരഭംഗി പിന്നേയും കൂടിക്കൊണ്ടുവന്നു. ഒരുദിവസം മുറിയിൽ കടന്നപ്പോൾ പാലു് നിറച്ച കപ്പിയില്ല. എന്തു പറ്റിയെന്നു ചിന്തിച്ചിരിയ്ക്കുമ്പോൾ വളക്കിലുക്കം. അതു കഴിഞ്ഞു് വാതിലിന്നപ്പുറത്തുനിന്നു് കപ്പും പാലും വളയിട്ട കയ്യും മുമ്പോട്ടു നീങ്ങി. മുഖവും ശരീരവും ഭിത്തിയെന്ന യവനികയ്ക്കു പിന്നിൽ.

ആവേശത്തോടെ കപ്പു വാങ്ങി, ആവേശത്തോടെ പാലു് കുടിച്ചു.

അങ്ങിനെയങ്ങിനെ സംവിധാനഭംഗിയോടെ രംഗങ്ങൾ നീങ്ങിയപ്പോൾ ഓർക്കാപ്പുറത്തൊരു ദിവസം നായിക പ്രവേശിച്ചു.

ഞെട്ടിപ്പോയി!

മുത്തുലക്ഷ്മി!

ആദ്യമാദ്യം ഭയാശങ്കകളുണ്ടായിരുന്നു. വേപ്പിൻ ചില്ലകളിലൂടെ ഊർന്നുവീഴുന്ന ചന്ദ്രികയും ഏരിയിലെ ഓളങ്ങളിൽ തട്ടിവരുന്ന കാറ്റും, വളക്കിലുക്കവും ചേർന്നു പുളകം സമ്മാനിച്ചപ്പോൾ ഭയാശങ്കകളകുന്നു. പാലു് വെച്ചുനീട്ടുന്ന കൈ തൊടാമെന്നായി. പതുക്കെ പിടിയ്ക്കാമെന്നായി.

“നാശം! ഈ മാറാപ്പു് കഴുത്തിൽ തുങ്ങാനാണു് യോഗം.”

ആലോചന അത്രത്തോളമായപ്പോൾ ഗുരുവിന്നു് ഈർഷ്യയോടെ പിറുപിറുക്കാതിരിയ്ക്കാൻ കഴിഞ്ഞില്ല. കത്തു് തുണ്ടും തുണ്ടമായി കീറി കാറ്റിൽ പറപ്പിച്ചു നടന്നു. എന്തെങ്കിലും പറഞ്ഞു മുത്തുലക്ഷ്മിയെ അടക്കി നിർത്തണം. അല്ലെങ്കിൽ സംഗതി മുഴുവൻ പിശകാവും.

“മറ്റു പ്രവിശ്യകളിലൊക്കെ ഉദ്ഗ്രന്ഥനം നടത്തിയതും രക്ഷപ്പെട്ടതും എത്ര എളുപ്പത്തിലായിരുന്നു. ഇവളൊരുത്തി എല്ലാം കുഴപ്പത്തിലാകുന്ന മട്ടാണു്. മാരണം.”

നടക്കുമ്പോൾ ഗുരു വീണ്ടും പിറുപിറത്തു. പോസ്റ്റാഫീസിൽ ചെന്നു് ഇൻലണ്ടു് വാങ്ങി മുത്തുലക്ഷ്മിയ്ക്കു കത്തെഴുതി. ഒരാഴ്ച ക്ഷമിക്കൂ. വീട് അന്വേഷിക്കുന്നുണ്ടു്. വേഗം കിട്ടും. ഉടനെ വരാം, കൂട്ടിക്കൊണ്ടുപോരാം.

മതിപ്പുളവാക്കുന്ന ചെറിയ വാക്കുകളിൽ മറുപടിയെഴുതി. ഒടുവിൽ മെമ്പൊടിയ്ക്കൊരു പൊടിപ്പൻ വാചകവും ചേർത്തു.

“കണ്ണേ, കവലപ്പെടാതെ.”

കത്തു് പെട്ടിയിലിട്ടപ്പോഴാണു് മണ്ടത്തരം പറ്റിയെന്നു മനസ്സിലായതു്.

ഒരാഴ്ച! എന്തിനതെഴുതിച്ചേർത്തു. ഒരാഴ്ച കഴിയുമ്പോൾ മുത്തുലക്ഷ്മി പ്രജകളേയും കൂട്ടി അന്വേഷണത്തിനിറങ്ങില്ലേ? എവിടെ പാർപ്പിക്കാൻ, എങ്ങിനെ പാർപ്പിക്കാൻ? അതു വല്ലതും നടപ്പുള്ള കാര്യമാണോ? ഒരുമിച്ചു പാർപ്പിക്കുകയാണെങ്കിൽ അവളെ മാത്രം മതിയോ? കാശ്മീരിൽനിന്നും ഉത്തരപ്രദേശിൽനിന്നും മദ്ധ്യപ്രദേശത്തുനിന്നും ആന്ധ്രയിൽനിന്നും മഹരാഷ്ട്രയിൽനിന്നും ഉദ്ഗ്രഥനം പുറപ്പെടില്ലേ? ഇവറ്റകളെ മുഴുവൻ കുടിവെക്കാൻ ഒരു വലിയ കൊട്ടാരംതന്നെ വേണ്ടിവരില്ലേ? നാനാഭാഷകളിലൂടെ ശകാരവും ശാപവും ചൊരിഞ്ഞു് നാടു് കട്ടിച്ചോറാക്കില്ലേ?

ഒട്ടും ആലോചനയില്ലാതെ മണ്ടത്തരമെഴുതിവിട്ടു. രണ്ടോ മുന്നോ മാസത്തിനപ്പുറത്തൊരു ദിവസം പറയാമായിരുന്നു.

ഒരാഴ്ച! എത്ര വേഗത്തിലതു് കഴിയും? ആലോചന അത്രത്തോളമെത്തിയപ്പോൾ ഗുരുവിന്റെ തലകറങ്ങി. ഭയങ്കരമായ ക്ഷീണം അനുഭവപ്പെട്ടു.

“സൽഗുരുവേ ശരണം!”

വീർപ്പടക്കിപ്പിടിച്ചു് മുമ്പോട്ടു കുതിച്ചു. വാസുമുതലാളിയുടെ ബംഗ്ലാവിലേക്കു്. യോഗിവര്യന്റെ മുമ്പിൽ സാഷ്ടാംഗം വീണു് കാലിൽ കെട്ടിപ്പിടിയ്ക്കണം. മുത്തുലക്ഷ്മിയിൽനിന്നു് മോചനം നേടിത്തരാൻ പ്രാർത്ഥിക്കണം. അത്ഭുതസിദ്ധിയുള്ള യോഗിയല്ലേ? അനുഗ്രഹിക്കും; തീർച്ച

ബംഗ്ലാവിന്റെ മുമ്പിലെത്തിയപ്പോൾ അഭൂതപൂർവ്വമായ തിരക്കുണ്ടായിരുന്നു. ആൾക്കൂട്ടത്തിൽ കടന്നു് ആരേയും ശ്രദ്ധിക്കാതെ നടക്കുമ്പോൾ കുഞ്ചുണ്ണിയെ കണ്ടു. കുഞ്ചുണ്ണി ഗുരുവിനെക്കണ്ടില്ല.

ആകെ തളർന്നിരിയ്ക്കുകയായിരുന്നു കുഞ്ചുണ്ണി. തന്റെ പരാജയം ഏറെക്കുറെ സമ്മതിച്ച മട്ടാണു്. അടുത്തുടുത്തു് രണ്ടു കാരണങ്ങളതിനുണ്ടായി. ആദ്യത്തേതു് തന്റെ വരായുധം നഷ്ടപ്പെട്ടതു്. മെഗഫോൺ കയ്യിൽ കിട്ടിയപ്പോഴാണു് യഥാർത്ഥത്തിൽ കുഞ്ചുണ്ണി മുഖപ്രസംഗമെന്തെന്നു് മനസ്സിലാക്കിയതു്. “തീപ്പന്തം” നടത്തുമ്പോൾ മുഖപ്രസംഗമുണ്ടായിരുന്നു. പക്ഷേ, അതൊരു കള്ളപ്പേരു മാത്രം. അതിനെ ആ പേരിൽ വിളിയ്ക്കുന്നതിന്റെ യുക്തി എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. മെഗഫോൺ മുഖത്തോടടുപ്പിച്ചു് പിടിച്ചു് ശക്തിയായ ഭാഷയിൽ യോഗീശ്വരനേയും വാസുമുതലാളിയേയും ആക്ഷേപിച്ചപ്പോൾ കുഞ്ചുണ്ണിയ്ക്കു ബോധോദയമുണ്ടായി. ഉടനെ കുഞ്ചുണ്ണി മനസ്സിൽ പറഞ്ഞു:

“ഇതാ, ഇതാണു് സാക്ഷാൽ മുഖപ്രസംഗം ഈ കേൾക്കുന്നതാണു് സത്യത്തിലുള്ള മുഖപ്രസംഗം. പത്രക്കാർ പറയുന്നതു് പെരും കള്ളമാണു്. അവർക്കു് മുഖപ്രസംഗമില്ല, അവർ മുഖപ്രസംഗമെന്നു വിളിയ്ക്കുന്നതു് മറ്റെന്തിനേയോ ആണു്.”

തീപ്പന്തം നഷ്ടപ്പെട്ട ദുഃഖം മെഗഫോൺകൊണ്ടു് കുഞ്ചുണ്ണി നികത്തി. അതിലൂടെ പുറത്തുവന്നതെല്ലാം മുഖപ്രസംഗമായിരുന്നു. ആ വരായുധം നഷ്ടപ്പെട്ടപ്പോൾ കുഞ്ചുണ്ണിയ്ക്കു വല്ലാത്ത തകർച്ച പറ്റി.

പോലിസ്സിന്റെ വീര്യപ്രയോഗം നടന്നപ്പോഴാണതു് സംഭവിച്ചതു്. ഭക്തജനങ്ങൾ പേടിച്ചു പലവഴിയ്ക്കോടുകയായിരുന്നു. ഓട്ടത്തിൽ കുഞ്ചുണ്ണിയെ അവർ തള്ളിമറിച്ചിട്ടു. പിടിവിട്ടു തെറിച്ചുവീണു മെഗഫോണവർ ചവുട്ടിമെതിച്ച് പപ്പടപ്രായമാക്കി. പൊലീസ്സിനെ പേടിച്ചോടുന്ന ഭക്തജനങ്ങൾക്കു ഭ്രാന്തായിരുന്നു. മണ്ണിലമർന്നുകിടക്കുന്ന മെഗഫോൺ നോക്കി കുഞ്ചുണ്ണി നെടുവീർപ്പിട്ടു. വിങ്ങിക്കരയണമെന്നു തോന്നി. പക്ഷേ, കരഞ്ഞില്ല. വാസുമുതലാളിയുടെ വീടും പരിസരവും ശൂന്യമായി കിടക്കുന്നു. ഭക്തജനത്തിന്റെ പൊടിപോലുമില്ല.

“ഭേഷ്!”

കുഞ്ചുണ്ണി പോലീസ്സിനെ അഭിനന്ദിച്ചു. ബലയോഗത്തിനിടയാക്കിയ സിനിമാതാരങ്ങളെ അഭിനന്ദിച്ചു. ഒരു ഞൊടിയിടകൊണ്ടു് യോഗീശ്വരന്റെ മഹത്വം മുഴുവൻ തട്ടിത്തെറിപ്പിച്ചോടിപ്പോയ ജനങ്ങളെയും അഭിനന്ദിച്ചു.

ആ ശൂന്യയിൽ, ആ നിശ്ശബ്ദതയിൽ നിന്നുകൊണ്ടു് യോഗീശ്വരനേയും വാസുമുതലാളിയേയും വെല്ലുവിളിയ്ക്കാൻ അതികലശലായ ആഗ്രഹമുണ്ടായി. കുറിയ്ക്കുകൊള്ളും. പക്ഷേ, ആയുധമില്ല. ആയുധമില്ലാത്തതുകൊണ്ടു് അടങ്ങിയിരിയ്ക്കാൻ പറ്റുമോ?

പുതിയൊരു മെഗഫോൺ വാങ്ങാൻ തിരുമാനിച്ചുകൊണ്ടു് കുഞ്ചുണ്ണി സ്ഥലം വിട്ടു.

പുതിയ മെഗഫൊൺ പണിതീർത്തെടുക്കേണ്ടിയിരുന്നു. പണിതീരുമ്പോഴേയ്ക്കു ദിവസമൊന്നു പോയി. എങ്കിലും ഉത്സാഹത്തോടെ പിറ്റേന്നു് തിരിച്ചുവന്നു. വന്നപ്പോൾ തകർച്ചക്കുള്ള രണ്ടാമത്തെ കാരണം കാത്തിരിയ്ക്കുന്നു.

വാസുമുതലാളിയുടെ വീടും പരിസരവും ഭക്തജനങ്ങൾ പൊതിഞ്ഞു നിൽക്കുകയാണു്. ഉച്ചഭാഷിണിയിലൂടെ അഖണ്ഡ ഭജന ഗാനമൊഴുകുന്നു. ജനക്കൂട്ടത്തെ കണ്ടപ്പോൾ, ഭജനഗാനം കേട്ടപ്പോൾ ആകെ തളർന്നു പോയി.

ആർക്കുവേണ്ടി ഈ കഷ്ടപ്പാടൊക്കെ സഹിയ്ക്കണം? ജനങ്ങൾക്കു വേണ്ടിയോ? ഒരിയ്ക്കലും ഒരു തരത്തിലും വിശ്വസിയ്ക്കാൻ പാടില്ലാത്ത ജനങ്ങൾക്കു വേണ്ടിയോ? കുഞ്ചുണ്ണി തളർന്നൊരിടത്തിരുന്നു. ഇരുന്നേടത്തു വെച്ചൊരാത്മപരിശോധന നടത്തി.

എന്തുചെയ്തും ജീവിയ്ക്കണമെന്ന ഉദ്ദേശത്തോടെയാണു് മഹാനഗരത്തിൽ വന്നതു്. ഉദ്ദേശത്തിനനുസരിച്ചുതന്നെ ഏറെക്കുറെ പ്രവർത്തിക്കുകയും ചെയ്തു.

ഹസ്തരേഖാശാസ്ത്രജ്ഞനായി. ഊമക്കത്തെഴുതുന്ന, പ്രതിഫലം വാങ്ങി വ്യഭിചാരദോഷം നടപടി ദൂഷ്യവും അച്ചടിച്ചു വിറ്റു കാശുണ്ടാക്കി. പണവും പദവിയുമുള്ളേടത്താണധികം മുട്ടിയതു്. മുട്ടിമുട്ടി വന്നു മുതലാളിയെ മുട്ടി. നോട്ടുകെട്ടുകളുമായി ദൂതൻ വന്നു. അതായിരുന്നു ആവശ്യം. അല്ലാതെ വാസുമുതലാളിയുടെ കരിഞ്ചന്ത തടയാനും പൂഴ്ത്തിവെപ്പു് തടയാനും ഉദ്ദേശമുണ്ടായിരുന്നില്ല. നോട്ടുകെട്ടുകൾ വരണം. പണക്കാരനാവണം. അന്തസ്സിൽ നാട്ടിലേയ്ക്കു തിരിയ്ക്കണം. ആക്ഷേപിച്ചവരുടെ മുമ്പിലൂടെ തലയയുർത്തി നടക്കണം. അവഗണിച്ചവരെ വിലയ്ക്കു വാങ്ങണം. അക്കൂട്ടത്തിൽ ശാരിയും പെടും.

ഈ നല്ല ഉദ്ദേശത്തോടെ പ്രവർത്തിയ്ക്കുമ്പോൾ നോട്ടുകെട്ടുകളുമായി വന്ന ദൂതനെയെന്തിനു് വെറുപ്പിച്ചയച്ചു? അപ്പോൾ അല്പം തലക്കനമുണ്ടായിരുന്നു എന്തുചെയ്തും ജീവിക്കുമെന്നു് തീരുമാനിച്ചവന്നു്. പാടില്ല ദൂതന്റെ കൈവശം കൊടുത്തയച്ച വാങ്ങേണ്ടതായിരുന്നു.

കൂടുതൽ പണം നേടാൻ കൂടുതലപവാദം വാസുമുതലാളിയുടെ നേർക്കു തൊടുത്തു. അപ്പോൾ ഒന്നാലോചിയ്ക്കേണ്ടതായിരുന്നു. കീഴടക്കാനുള്ള പരിശ്രമം പോലെ കീഴടങ്ങാതെ കഴിയ്ക്കാനും പരിശ്രമമുണ്ടാവില്ലേ? അതുണ്ടായി. അതുണ്ടായപ്പോൾ വാശിയായി. വശി കൊള്ളാവുന്നതാണോ? എന്തു ചെയ്തും ജീവിക്കനൊരുങ്ങിയവനു്, പണം സമ്പാദിച്ചു വലിയവനാവൻ തീരുമാനിച്ചവനു്, വാശി പാടില്ല.

വാശി മുഴത്തപ്പോൾ അഭിമാനത്തിന്റെ പ്രശ്നം. അഭിമാനം ഒട്ടും പറ്റാത്തതാണു്. പക്ഷേ, അതുണ്ടായി. അതു കൂടിക്കൂടി വന്നു. അപ്പോൾ മറ്റൊക്കെ മറന്നു. പണമുണ്ടാക്കാനും വലിയവനായി നാട്ടിലേയ്ക്കു തിരിച്ചുപോകാനുമുള്ള ആഗ്രഹം അഭിമാനത്തിൽ മുങ്ങിപ്പോയി. അഭിമാനി സമരത്തിന്റെ മാർഗ്ഗം സ്വീകരിച്ചു. എതിരാളിയുടെ ശക്തി കണക്കിലെടുക്കാതെ സ്വന്തം കഴിവു മനസ്സിലാക്കാതെ സമരത്തിറങ്ങി. കയ്യിൽ കിട്ടിയ എല്ലാ ആയുധങ്ങളുമെടുത്തു പ്രയോഗിച്ചു. പതുക്കെപ്പതുക്കെ പരാജയത്തിലേയ്ക്കു നീങ്ങുന്നതറിഞ്ഞില്ല. സമരം അതിന്റെ രൂക്ഷഭാവത്തിലെത്തിയപ്പോഴാണു് വാസുമുതലാളി ഒരു പുലിവാലാണെന്നു മനസ്സിലായതു്. പിടിച്ചു നില്ക്കാനും വിടാനും വയ്യ.

കുഞ്ചുണ്ണി ആത്മപരിശോധനയിൽ മുങ്ങിയിരിയ്ക്കുമ്പോൾ ഗുരു സംശയിച്ചു നോക്കിനിന്നു. രണ്ടാൾക്കും രണ്ടുതരത്തിലുള്ള വിഷമമാണു് അടുത്തകാലത്തു് മാനസികമായി കുറച്ചകൽച്ചയിലുമാണു്, ശത്രു പാളയത്തിലാണു്. അതുകൊണ്ടുതന്നെ കുഞ്ചുണ്ണിക്കു ഗുരുവിനോടു് വെറുപ്പും പുച്ഛവുമാണു്.

വല്ലതും സംസാരിയ്ക്കാതെ കടന്നു പോവുന്നതു തെറ്റാവുമെന്നു കരുതി ഗുരു ശങ്കിച്ചുനിന്നു. കുഞ്ചുണ്ണി കണ്ടില്ല. പുലിവാലിനെക്കുറിച്ചുതന്നെ ചിന്തിക്കുയായിരുന്നു കുഞ്ചുണ്ണി. എത്ര നാളിതു് പിടിച്ചുനില്ക്കും. കൈ തളരാൻ തുടങ്ങിയിരിക്കുന്നു. വിട്ടുകളയാം. പുലി തിരിഞ്ഞെതിർക്കും കടിച്ചു കീറും. അതു വയ്യ. പിടിച്ചിളക്കി വലിച്ചുനോക്കാം. കയ്യിൽ പോന്നെങ്കിൽ ജയിച്ചു. മഹാനഗരം പിന്നെ തന്റെ ചൊല്പടിയിൽ.

കുഞ്ചുണ്ണി നിവർന്നുനിന്നു് ഉത്സാഹത്തോടെ പുതിയ മെഗഫോൺ ചുണ്ടോടടുപ്പിച്ചു് രണ്ടും കല്പിച്ചു ഉഗ്രസ്വരത്തിലൊരു മുഖപ്രസംഗം കാച്ചി.

“വഴിപിഴച്ച സന്തതികളേ...”

ഓർക്കാപ്പുറത്തുള്ള കുതിച്ചെഴുനേൽപ്പും മെഗഫോണുയർത്തലും കണ്ടു് ഗുരു പരിഭ്രമിച്ചു. എന്താണു് സംഭവിയ്ക്കുന്നതെന്നറിയാതെ ഓടി.

“പരമഗുരുവേ ശരണം.”

ശരണത്തിനുവേണ്ടി ഗുരു ബംഗ്ലാവിൽ കടന്നു. ശരണത്തിനുവേണ്ടി കുഞ്ചുണ്ണി മുഖപ്രസംഗമുതിർത്തു.

Colophon

Title: Ashwahridayam (ml: അശ്വഹൃദയം).

Author(s): Thikkodiyan.

First publication details: Navakerala Co-op. Publishing House; Kozhikode, Kerala; 1; 1969.

Deafult language: ml, Malayalam.

Keywords: Novel, Thikkodiyan, തിക്കോടിയൻ, അശ്വഹൃദയം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 31, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Conquest of the Mountain, an oil on cotton painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.