images/tkn-ashwahridayam-cover.jpg
Conquest of the Mountain, an oil on cotton painting by Paul Klee (1879–1940).
പതിനെട്ടു്

കറുത്തിരുണ്ട ദുർഗ്ഗാഷ്ടമിരാവിൽ, ആകാശം കർപ്പൂരത്തട്ടെരിയിച്ചു് നിൽക്കുമ്പോൾ മഹാനഗരത്തിൽ അത്ഭുതവാർത്തയുടെ ഉരുൾപൊട്ടലുണ്ടായി.

“യോഗിവര്യൻ ഒന്നായും രണ്ടായും മൂന്നായും വേഷം പിരിഞ്ഞു നാട്ടിൻപുറത്തു് സഞ്ചരിക്കുന്നു നഗരത്തിൽ സഞ്ചരിക്കുന്നു. ആയിരക്കണക്കിൽ ഭക്തജനങ്ങളുടെ നടുവിൽ സമാധിയിരിക്കുന്ന യോഗിവര്യനെ ഏണിത്തല പഞ്ചയാത്തതിർത്തിയിലെ കരിയാത്തൻ കുന്നിന്റെ അടിവാരത്തു് കാണുന്നു!”

മഹാനഗരമെവിടെ, ഏണിത്തല പഞ്ചായത്തെവിടെ? വിസ്മയം!

ജനം സ്തംഭിച്ചു. അത്ഭുതസിദ്ധി!

സിദ്ധി അവിടെയും അവസാനിക്കുന്നില്ല.

കടൽ മീൻപിടിക്കാൻ പോയവർ യോഗിവര്യനെ കാണുന്നു! നിറപാതിരക്കു തിരമാലകളിലൂടെ യോഗിവര്യൻ നടക്കുന്നു.

ജനത്തിന്റെ ശ്വാസഗതി നിലയ്ക്കുന്നു. ശ്വാസഗതി നിലച്ച ജനം ബോധംകെട്ടു നിലംപതിയ്ക്കുന്നു. ശീതോപചാരങ്ങൾക്കുശേഷം ബോധാവസ്ഥ തിരിച്ചു കിട്ടിയ ജനം വാസുമുതലാളിയുടെ ബംഗ്ലാവിന്നു ചുറ്റും ഓടിക്കൂടി സ്തുതിഗീതം മുഴക്കുന്നു.

“ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടൽ ബത ചൊല്ലാവതല്ല മമ-”

സ്തുതിഗീതം കേട്ടു് വാസുമുതലാളി മനസ്സിൽ ചിരിച്ചു.

“നിയൊക്കെ എവിടെ പോയാലും തിരിച്ചു വരുമെടോ. നിന്റെ ഒക്കെ പാപം കഴുകിക്കളയാൻ മറ്റെവിടെയുണ്ടു് സ്ഥലം?”

മനസ്സു് ചിരിക്കുമ്പോൾ ആത്മീയതേജസ്സുകൊണ്ടു് വാസുമുതലാളിയുടെ മുഖം തുടുത്തു. കണ്ണുകൾ പാതിയടഞ്ഞു.

അത്ഭുതസിദ്ധികൾ പുതിയ ഭക്തന്മാരെ ആകർഷിച്ചു. ഭരണാധികാരികളും പൗരമുഖ്യന്മാരും രാഷ്ട്രീയനേതാക്കന്മാരും എണ്ണത്തിൽ പെരുകി. അവർ അവിടവിടെ സംഘംചേർന്നു നിന്നു അത്ഭുതസിദ്ധിയെ വാഴ്ത്തി.

“സയൻസ് വളരുന്നുപോലും!”

ഒരു (ഭക്ത) സബ്ബ്കലക്ടർ ശബ്ദമൊതുക്കി പുച്ഛിച്ചു.

“യുക്തിവാദികളുടെ ഒരു പൊടിപോലും ഇവിടെയെങ്ങും കാണാനില്ല. കണ്ടെങ്കിൽ നന്നായിരുന്നു.”

“അട്ടർ നോൺസൻസ്”

ഒരു (ഭക്ത) ന്യായാധിപനു് അരിശം വന്നു. നിരീശ്വരവാദത്തോടു് വിട്ടുവീഴ്ചയില്ലാത്ത സമരം പ്രഖ്യാപിച്ചു് ജീവിതമൊരു ഭക്തിഗീതമാക്കി മാറ്റിയ ന്യായാധിപൻ ഉറച്ചസ്വരത്തിൽ തുടർന്നു:

“സയൻസിന്റെ പിറകെ പോകുന്ന ഇവറ്റക്കു ഹൃദയമില്ല, ബുദ്ധിമാത്രം! പിന്നെങ്ങിനെ ആത്മീയാനുഭൂതിയുണ്ടാവും? ഐഹിക ജീവിതത്തിന്റെ തടവിൽ നിന്നുള്ള മോചനം—മുക്തി—ഹൃദയംകൊണ്ടാണു് സാധിക്കേണ്ടതു്, ബുദ്ധികൊണ്ടല്ല.”

ന്യായാധിപന്റെ വേദാന്തം ദഹിച്ചില്ലെങ്കിലും ഒരു (ഭക്ത)ഡെപ്യൂട്ടി സൂപ്രണ്ടിന്നു് ആ ചർച്ചായോഗത്തിൽ പങ്കുകൊള്ളണമെന്നു മോഹം.

“സയൻസിന്റെ സഹായത്തോടെ സ്പെയ്സ് യാത്ര സൗകര്യപ്പെട്ടപ്പോൾ യുക്തിവാദികൾക്കു പുതിയൊരായുധം കിട്ടി.”

ആസ്തികവാദത്തിലേക്കു് ഡെപ്യൂട്ടി സുപ്രണ്ടിന്റെ സംഭാവന അതായിരുന്നു.

“ശരിയാണു്.”

സബ്ബ്കളക്ടർ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ഭാഗം ചേർന്നു.

“ചന്ദ്രമണ്ഡലത്തെ ചുറ്റിക്കറങ്ങി മനുഷ്യൻ മണ്ണിലേക്കു തിരിച്ചെത്തിയപ്പോൾ യുക്തിവാദികൾ ഒത്തുചേർന്നു് മണ്ണട്ടകളെപോലെ ആർപ്പുവിളിക്കാൻ തുടങ്ങിയിരിക്കുന്നു. അവരുടെ ഒരാചാര്യൻ ഇയ്യിടെ ഒരു വെല്ലുവിളി നടത്തി.”

“എന്താണു്?”

ന്യായാധിപൻ ചോദച്ചു.

“കേൾക്കട്ടെ.”

“ഒന്നിൽ ചന്ദ്രൻ, രണ്ടിൽ ശനി, മൂന്നിൽ വ്യാഴം! കവിടി നിരത്തുമ്പോൾ ഇനിയങ്ങിനെ പറയില്ല. ചന്ദ്രനെ ഞങ്ങൾ രാശിചക്രത്തിൽനിന്നു പിടിച്ചു പുറത്താക്കി. ഇതുപോലെ ചൊവ്വയേയും വ്യാഴത്തേയും ഞങ്ങൾ ചെവിപിടിച്ചു പുറത്താക്കും.”

“വെല്ലുവിളി കൊള്ളാമല്ലോ.” ഡെപ്യൂട്ടി സുപ്രണ്ടു് പറഞ്ഞു.

“ഞാൻ പറഞ്ഞില്ലേ?” ന്യായാധിപൻ സനാതന തത്വങ്ങളുടെ ഗ്രന്ഥക്കെട്ടഴിച്ചു.

“അവർ ബുദ്ധികൊണ്ടു് പകിട കളിയ്ക്കുന്നവരാണു്. ഹൃദയമില്ലാത്ത വക. ഏതു റോക്കറ്റിന്റെ ശക്തികൊണ്ടായിരുന്നു നാരദമുനി പണ്ടു് മേഘമാലകൾക്കിടയിലൂടെ നടന്നതു്? ഞൊടിയിടകൊണ്ടു് കൈലാസത്തിൽനിന്നു് സത്യലോകത്തിലും, സത്യലോകത്തിൽനിന്നു് സ്വർഗ്ഗത്തിലും സ്വർഗ്ഗത്തിൽനിന്നു് വൈകുണ്ഠത്തിലുമെത്തിയതു്?”

ഡെപ്യൂട്ടി സൂപ്രണ്ടും സബ്ബ്കളക്ടരും സന്തുഷ്ടരായി. യുക്തിവാദികളെ കാച്ചാനുള്ള ഒരു വരായുധമാണു് ന്യായാധിപൻ സമ്മാനിച്ചതു്. ന്യായാധിപൻ തുടർന്നു.

“സൂര്യനേയും ചന്ദ്രനേയും, ചന്ദ്രനെ ചുറ്റിത്തിരിഞ്ഞ മനുഷ്യരേയും ഈ ബ്രഹ്മാണ്ഡകടാഹത്തേയും സൃഷ്ടിച്ചു് സംരക്ഷിച്ചുപോരുന്ന ഒരു മഹാശക്തിയുള്ള കാര്യം ആരും മറന്നുകളയരുതു്. ആ ശക്തീയുടെ പരമാണുപ്രായത്തിലുള്ള സ്ഫുരണമാണു് യോഗീശ്വരന്മാർക്കു് അത്ഭുതസിദ്ധിയുണ്ടാക്കുന്നതു്. യുക്തിക്കും വാക്കിനും അതീതമാണാ ശക്തി.”

“എന്തു് സംശ്യം?”

വേദാന്തത്തിൽ തനിയ്ക്കുള്ള പാണ്ഡിത്യം അല്പമെങ്കിലും പ്രകടിപ്പിയ്ക്കാൻ കൊതിച്ചുകൊണ്ടു് ഇടയിൽ കടന്നു സബ്ബ് കലക്ടർ പറഞ്ഞു.

“ആ ശക്തിയുടെ ചെറിയൊരൂത്തു് കൊടുങ്കാറ്റാണു്. ഒരു തുമ്മൽ ഭൂകമ്പമാണു്.”

“അതെ. ഈ പ്രപഞ്ചത്തിൽ അഹങ്കരിയ്ക്കുന്നവൻ ശിക്ഷിയ്ക്കപ്പെടും.”

ന്യായാധിപന്നു ചേർന്ന വാദം! ഡെപ്യൂട്ടി സുപ്രണ്ടിന്നു്, പോലീസ്സു് വകുപ്പിനും ഉപരിയായി മറ്റൊരു ശക്തി നിലനില്ക്കുന്നതു സമ്മതിച്ചുകൊടുക്കാൻ വിഷമമുണ്ടായിരുന്നു. അതു നാട്ടിന്റെ സമാധാനനില അപകടപ്പെടുത്താനിടയാവും അരക്ഷിതാവസ്ഥ സൃഷ്ടിയ്ക്കും ന്യായാധിപനല്ലേ പറയുന്നതു്? സഹിക്കാതെന്തു ചെയ്യും.

“വിനയമാണു് മഹത്വത്തിന്റെ ലക്ഷണം. പരമാനന്ദയോഗീശ്വരന്റെ കാര്യമെടുക്കൂ! എന്തൊരു വിനയം! എന്തൊരാർഷതേജ്ജസ്സു്! അദ്ദേഹം നമ്മുടെയിടയിലേയ്ക്കിറങ്ങിവന്നതു നമ്മുടെ മഹാഭാഗ്യം.”

“അതെ, തീർച്ചയായും! അടുത്ത രണ്ടോ മുന്നോ തലമുറവരെ ഈ ഭാഗ്യം നിലനില്ക്കും.”

സബ് കലക്ടർ ഒരു ചുവടു് മുമ്പിലേയ്ക്കു കയറിനിന്നു!

“ആ മഹാത്മാവിന്റെ സാന്നിദ്ധ്യമിവിടെയുണ്ടെന്നു് മൂഢരായ നമ്മൾ വിശ്വസിയ്ക്കുന്നു. അദ്ദേഹമൊരു പക്ഷേ, ഹിമാലയസാനുവിലോ സമുദ്രജലപ്പരിപ്പിലോ ഇപ്പോൾ വിഹരിയ്ക്കുകയാവും.”

“ആനന്ദം.” സബ് കലക്ടർ പറഞ്ഞു.

“പരമാനന്ദം.”

ന്യാധിപൻ പകരം പറഞ്ഞു. ആ പറഞ്ഞതു് ഭക്തജനങ്ങളുടെ ബഹളത്തിൽ മുങ്ങിപ്പോയി. തൃപ്പാദതീർത്ഥം വിതരണം ചെയ്യാൻ തുടങ്ങിയപ്പോഴാണു് ബഹളമുണ്ടായതു്. യോഗീശ്വരന്റെ കാൽ കഴുകിയ വെള്ളം ഒരു പീപ്പയിൽ നിറച്ചുവെച്ചിരിക്കുന്നു. പരമുവാണു് വിതരണകർമ്മം നടത്തുന്നതു്. ഭക്തജനങ്ങൾ കുപ്പിയും കൂജയും കിണ്ടിയും മുരുടയുമായി പരമുവിനെ വളഞ്ഞു. യോഗീശ്വരന്റെ പാദതീർത്ഥം ഭക്തജനങ്ങൾക്കു ഗംഗാജലത്തേക്കാൾ പ്രിയതരമായിത്തീർന്നിരിയ്ക്കുന്നു.

കഴുത്തിലെ സ്വർണ്ണച്ചെയിനും കാതിലെ വൈരക്കമ്മലും നഷ്ടപ്പെടാതെ തിക്കിലും തിരക്കിലും പെട്ടു് ഗുസ്തി നടത്തി എട്ടൗൺസു് കുപ്പിയൊന്നിൽ പാദതീർത്ഥം സമ്പാദിക്കുമ്പോഴേയ്ക്കു ഗുരു ശങ്കരദാസ്സ് തളർന്നു പോയി. അല്പം വിശ്രമിച്ചു് കിതപ്പാറ്റി. ഹനുമാൻ പണ്ടു് പച്ചമരുന്നുള്ള മലയും പുഴക്കി ലങ്കയിലേയ്ക്കുന്ന പോലെ ഗുരു ‘അശ്വഹൃദയ’ത്തിലേയ്ക്കു നടന്നു.

അപ്പോൾ യോഗിവര്യന്റെ പടത്തിനു മുമ്പിള്ള കർപ്പൂരത്തട്ടിൽ ഒരു ലോട്ടറി ടിക്കറ്റു വെച്ചു് ജയകൃഷ്ണൻ പ്രാർത്ഥിയ്ക്കുകയായിരുന്നു.

“മഹാത്മാവേ, ഞാനൊരു പാവം! അച്ഛൻ മരിക്കുമ്പോൾ വിട്ടേച്ചുപോയ കടംകൊണ്ടു് വലയുന്നവൻ. കടം വീട്ടണോ? വീട്ടുകാരെ പോറ്റണോ? ഞാനെന്തു വേണമെന്നു അങ്ങുതന്നെ പറയൂ. രണ്ടിനുംകൂടി എന്റെ ശമ്പളം തികയില്ല.”

കടം വീട്ടാനും കുടുംബത്തെ പോറ്റാനും നിരുപദ്രവമായൊരു മാർഗ്ഗം ഞാൻ കണ്ടുപിടിച്ചിരിക്കുന്നു. ഇതാണു് ലോട്ടറി ടിക്കറ്റു്. ഒന്നാം സമ്മാനം ഒരു ലക്ഷം മുഴുവനും വേണ്ട. ഒന്നാം സമ്മാനം എനിയ്ക്കു കിട്ടിയാൽ പകുതി ഞാനവിടുത്തേയ്ക്കു തരാം. അങ്ങു് ദയ വിചാരിച്ചാൽ കാര്യം എളുപ്പമാണു്. എനിയ്ക്കെന്റെ കടം വീട്ടാം, മുതൽമുടക്കില്ലാതെ അമ്പതിനായിരം അങ്ങനെ നേടുകയും ചെയ്യാം. ഇതിൽ കളിപ്പിക്കലൊന്നുമില്ല. ഗവർമ്മേണ്ടു് ലോട്ടറിയാണു്. അങ്ങൊരു കരുണ കാണിയ്ക്കില്ലേ. മഹാത്മാവേ? എന്നെ അനുഗ്രഹിയ്ക്കില്ലേ?”

ജയകൃഷ്ണൻ നിവേദനം നടത്തി കണ്ണടച്ചു മൗനപ്രാര്‍ത്ഥനയിൽ മുഴുകി. കൃഷ്ണൻകുട്ടിയും മുകുന്ദനും കാത്തു നിന്നു.

നവരാത്രിയുടെ ആരംഭത്തിൽ ഗുരുവാണു് യോഗിവര്യന്റെ പടം കൊണ്ടുവന്നതു്. കണ്ണൻകുട്ടിമേനോൻ ആദരവോടെ അതേറ്റുവാങ്ങി ഭിത്തിയിലൊരിടത്തു് തൂക്കി. അന്നുമുതൽ മുടങ്ങാതെ രണ്ടു നേരവും പൂജ നടക്കുന്നു. കണ്ണൻകുട്ടിമേനോനാണു് പൂജാരി.

ഫോട്ടോതൂക്കിയ ദിവസം കണ്ണൻ കുട്ടിമേനോന്റെ പ്രഖ്യപനമുണ്ടായി—

“ഇനി നവരാത്രി കഴിയുന്നതുവരെ ഇവിടെയാരും മത്സ്യമാംസം കഴിയ്ക്കരുതു്.”

പ്രഖ്യാപനം ഹിന്ദുകളോടു മാത്രയിരിയ്ക്കുമെന്നു കരുതി പീറ്റർ കേട്ട ഭാവം നടിച്ചില്ല.

“ആർക്കെങ്കിലും അഭിപ്രായവ്യത്യാസമുണ്ടോ?”

പ്രഖ്യാപനത്തെ തുടർന്നു ചോദ്യവും അത്രത്തോളമായപ്പോൾ പീറ്റർക്കു മിണ്ടാതിരിയ്ക്കാൻ കഴിഞ്ഞില്ല.

“ഉണ്ടു്”

“എന്നാലതു് മനസ്സിലിരിയ്ക്കട്ടെ.”

പിരടിയ്ക്കടിച്ച മാതിരിയായിരുന്നു കണ്ണൻകുട്ടിമേനോന്റെ ഉത്തരം.

“ഇവിടെ ഭൂരിപക്ഷം എന്റെ അഭിപ്രായത്തോടു് യോജിയ്ക്കുന്നു.”

ഭൂരിപക്ഷമെന്നു പറഞ്ഞതു് ഗുരുവിനേയും ജയകൃഷ്ണനേയും മുകുന്ദനേയും കൃഷ്ണന്‍കുട്ടിയേയും ഉദ്ദേശിച്ചാണു്. കുഞ്ചുണ്ണിയെ എല്ലാവരും മറന്നിരിയ്ക്കുന്നു. അപൂർവ്വമായേ കുഞ്ചുണ്ണി ‘അശ്വഹൃദയ’ത്തിൽ വരാറുള്ളു. ആരോടും വേഴ്ചയില്ല.

ഭൂരിപക്ഷപ്രയോഗം പീറ്ററുടെ മതവികാരത്തെ ഇളക്കി.

“അതെനിയ്ക്കു മുമ്പേയറിയാം.”

“ഏതു്?”

വഴക്കെങ്കിൽ വഴക്കു്, പിന്മാറാനൊരുക്കമില്ലന്ന മട്ടിൽ കണ്ണൻകുട്ടിമേനോൻ ചോദിച്ചു.

“ഹിന്ദു ഭൂരിപക്ഷം എന്നും അങ്ങിനെതന്നെയാണു്.”

പീറ്ററും വിടാൻ ഭാവമില്ല. പിറകെ വിശദീകരണം വന്നു.

“ഈ നാടു് സ്വന്തമാണെന്നൊരുഭാവം.”

“നാട്ടിന്റെ കാര്യം ഇവിടെയാരും പറഞ്ഞിട്ടില്ല.”

മുകുന്ദൻ വാദപ്രതിവാദത്തിലിടപെട്ടു.

“കുറേ വീടുകൾ ചേർന്നാണു് നാടുണ്ടാവുന്നതു് മറ്റുള്ളവരൊക്കെ എവിടെനിന്നോ തെണ്ടിത്തിരിഞ്ഞു വന്നവരാണെന്നു ഭൂരിപക്ഷം കരുതുന്നു.”

“അതല്ലേ സത്യം?” കണ്ണൻകുട്ടിമേനോൻ അട്ടഹസിച്ചു.

“പൂച്ച പുറത്തു ചാടുന്നു നാവിൽ മതേതരത്വം, മനസ്സിൽ മൂരാച്ചിത്തം.”

പീറ്ററും അട്ടഹസിച്ചു.

“കഴകക്കാരൻ ഊരായ്മ ചമയരുതു്. ഞങ്ങളാരും ഇവിടെ ന്യൂനപക്ഷത്തെ മർദ്ദിക്കുന്നില്ല. അവർക്കിവിടെ എല്ലാറ്റിനും സ്വാതന്ത്ര്യമുണ്ടു്. എന്നു വെച്ചു് തലയിൽ കേറാൻ വരരുതു്.”

വാദപ്രതിവാദം സഭ്യേതരമാകാൻ തുടങ്ങുകയായിരുന്നു.

“തലയിൽ കേറാനൊന്നും ആരും വരുന്നില്ല. ഞങ്ങളും മനുഷ്യരാണു് അതു വകവെച്ചു തന്നാൽ മതി.” പീറ്റർ പരിഭവിച്ചു.

“മത്സ്യമാംസം കഴിച്ചാലേ മനുഷ്യരാവുവെന്നുണ്ടോ?”

“അതു കഴിച്ചാൽ മനുഷ്യരല്ലാതാവുമോ?”

“ഞങ്ങൾക്കു് ഞങ്ങളുടെ മതാചാരങ്ങളനുഷ്ഠിയ്ക്കാൻ പാടില്ലേ?”

“പാടില്ലെന്നു് ഞാൻ പറഞ്ഞിട്ടില്ല.”

“പറഞ്ഞാലും ഞങ്ങളനുഷ്ഠിയ്ക്കും.”

“മത്സ്യമാംസം കഴിയ്ക്കാതിരിയ്ക്കലാണോ നിങ്ങളുടെ മതാചാരം?”

“അതെ.”

“എന്നാൽ ഞങ്ങളുടെ മതാചരം മത്സ്യമാംസം കഴിയ്ക്കലാണു്.”

“അതിവിടെ നവരാത്രി കഴിയുന്നവരെ നടപ്പില്ല.”

“എന്റെ മതകാര്യങ്ങളിൽ കയ്യിടാൻ നിങ്ങൾക്കവകാശമില്ല.”

“ഇവിടെ താമസിയ്ക്കുന്ന കാലത്തോളം അവകാശമുണ്ടു്.”

“അതെ, അതു് മൃഗീയഭൂരിപക്ഷത്തിന്റെ ശബ്ദമാണു്.”

“എന്തു് ഭൂരിപക്ഷമായാലും ഇവിടെ താമസിയ്ക്കണമെങ്കിൽ ഞങ്ങളെ അനുസരിയ്ക്കണം… ”

“ഇല്ലെങ്കിൽ?”

പീറ്റർ ചാടിയെഴുനേറ്റു കുപ്പായത്തിന്റെ കൈതെറുത്തു കയറ്റി. കണ്ണൻകുട്ടിമേനോൻ എഴുന്നേറ്റു മുണ്ടു മടക്കിക്കുത്തി. കാര്യം കുഴപ്പത്തിലേയ്ക്കു നീങ്ങുകയാണെന്നു മനസ്സിലാക്കിയ മുകുന്ദൻ സന്ധി സംസാരിച്ചു.

“ഇതിവിടെ വെച്ചവസാനിപ്പിയ്ക്കാം.”

കണ്ണൻകുട്ടിമേനോൻ നന്നെ ക്ഷോഭിച്ചിരുന്നു. കനപ്പിച്ചെന്തോ പറയാൻ തുടങ്ങിയപ്പോൾ മുകുന്ദൻ വിലക്കി. പീറ്റർ മിണ്ടാതെ നിന്നു.

“നിർബ്ബന്ധമാണെങ്കിൽ പീറ്റർ മത്സ്യമാംസം കഴിച്ചോളൂ.”

മുകുന്ദൻ സന്ധിനിർദ്ദേശം മുമ്പോട്ടുവെച്ചു.

“ഇവിടെ വഴക്കില്ലാതിരുന്നാൽ മതി. കണ്ണൻ കുട്ടിമേനോൻ വെറുതെ പറഞ്ഞതാണു്, സാരമില്ല.”

“സാരമുണ്ടെങ്കിലും ഞാൻ കഴിയ്ക്കും.” പീറ്റർ വാശിപിടിച്ചു.

“ആഹാ? നീ കഴിയ്ക്ക്യോ?” കണ്ണൻകുട്ടിമേനോൻ അലറിക്കൊണ്ടു് മുമ്പോട്ടു വന്നു.

“മേന്നേ, മിണ്ടരുതു്.” മുകുന്ദൻ കണ്ണൻകുട്ടിമേമോനെ പിടിച്ചു പിറകോട്ടു തള്ളി.

“ദയവുചെയ്തു ക്ഷമിയ്ക്കു പീറ്ററേ.” മുകുന്ദൻ അപേക്ഷിച്ചു.

“ഈ വാദപ്രതിവാദത്തിൽ മതം കടന്നുകൂടിയപ്പോൾ വിവേകം നഷ്ടപ്പെട്ടു. അതുകൊണ്ടു് ഇനി ആരും ഒന്നും മിണ്ടരുതു്. കഴിഞ്ഞതൊക്കെ മറന്നുകളയൂ. ഇവിടെ ആർക്കും എന്തും കഴിയ്ക്കാം. മനസ്സിലായോ?

മനസ്സിലായപോലെ കണ്ണൻകുട്ടിമേനോൻ അടങ്ങിയിരുന്നു. പീറ്റർ പിന്മാറി.

വഴക്കവസാനിച്ചു കുറച്ചു കഴിഞ്ഞപ്പോൾ പീറ്റർ കുരിശു വരച്ചു പ്രാർത്ഥിച്ചു. കണ്ണൻകുട്ടിമേനോൻ യോഗീശ്വരന്റെ പടത്തിനുമുമ്പിൽ ചെന്നു കണ്ണടച്ചു നിന്നു.

പിന്നീടൊരിയ്ക്കലും അശ്വഹൃദയത്തിൽ വാദപ്രതിവാദമുണ്ടായില്ല. പീറ്റർ മത്സ്യമാംസം കഴിച്ചതിനു തെളിവുമില്ല. തെളിവുണ്ടാക്കാൻ കണ്ണൻകുട്ടിമേനോൻ ശ്രമിച്ചതുമില്ല. അന്നുതൊട്ടു മൂന്നു നേരവും യോഗീശ്വരന്റെ പടത്തിനു മുടങ്ങാതെ പൂജ നടന്നു.

തൃപ്പാദതീർത്ഥവുംകൊണ്ടു് ഗുരു അകത്തു കടക്കുമ്പോൾ കൃഷ്ണൻകുട്ടിയായിരുന്നു പടത്തിനു മുമ്പിൽ. അവനും നിവേദനം സമർപ്പിയ്ക്കാനുണ്ടു്. അവന്റെ കയ്യിലും ലോട്ടറി ടിക്കറ്റുണ്ടു്. കൃഷ്ണൻകുട്ടി പ്രാർത്ഥിയ്ക്കുമ്പോൾ ഗുരുവിന്റെ ശബ്ദം കേട്ടു.

“പുണ്യം! പരമപുണ്യം!!”

തൃപ്പാദതീർത്ഥം നിറച്ച കുപ്പി പൊക്കിപ്പിടിച്ചു് ആർത്തട്ടഹസിച്ചുകൊണ്ടാണു് ഗുരു അകത്തു കടന്നതു്. കാര്യമറിയാതെ അന്തേവാസികൾ വിഷമിച്ചു. അവർ പലതും ചോദിച്ചു ഉത്തരമില്ല. പിന്നേയും ഗുരുവിന്റെ അരുളപ്പാടുണ്ടായി.

“മൃതസഞ്ജീവിനി, സാക്ഷാൽ മൃതസഞ്ജീവിനി.”

ജിജ്ഞാസകൊണ്ടു്, പീറ്ററൊഴിച്ചു മറ്റെല്ലാവർക്കും ശ്വാസം മുട്ടി. ഹിന്ദുക്കളുടെ കാര്യത്തിൽ തനിയ്ക്കെന്തെന്ന മട്ടിൽ പീററ്റിരുന്നു. ഗുരു തുറന്നു പറയുന്നില്ല. എല്ലാവരും വെവ്വേറെ തിരക്കി; കൂട്ടായും തിരക്കി.

“എല്ലാ രോഗത്തിനും സിദ്ധൗഷധം.”

ചോദ്യത്തിനുത്തരമില്ല അരുളപ്പാടുതന്നെ. ആർക്കും ഒന്നു മനസ്സിലായില്ല.

“എല്ലാ പാപങ്ങൾക്കും ശാശ്വതമോചനം.”

കണ്ണൻകുട്ടിമേനോന്റെ ക്ഷമ നശിച്ചു.

ജയകൃഷ്ണനും മുകുന്ദനും ഗുരുവിനോടസുഖം തോന്നി. ഇങ്ങിനെയുണ്ടോ ഒരു കളിപ്പിയ്ക്കൽ! എന്തും കുറച്ചൊക്കെയാവാം. ഏറിയാൽ ഒന്നിനും രസമില്ല. മുകുന്ദന്റെ മുഖത്തു് അസുഖം നിഴലിച്ചു. ജയകൃഷ്ണൻ വിമ്മിഷ്ടപ്പെട്ടു. കണ്ണൻകുട്ടിമേനോൻ പരുങ്ങി.

ഗുരു ആരേയും ശ്രദ്ധിച്ചില്ല. ആരുടെ ചോദ്യവും കേട്ടില്ല. വാളുയർത്തിപ്പിടിച്ചു വെളിച്ചപ്പെടുന്ന ഒരു കോമരത്തിന്റെ മട്ടിൽ ഗുരു പറഞ്ഞു:

“എല്ലാ പാപങ്ങൾക്കും മോചനം.” ഗുരു എല്ലാവരേയും മാറിമാറി നോക്കി എന്നിട്ടു ഗുരു രഹസ്യം വെളിവാക്കി: “തൃപ്പാദതീർത്ഥം! സാക്ഷാൽ മൃതസഞ്ജീവിനി.”

അന്തേവാസികൾ തളർന്നുപോയി. ബംഗ്ലാവിന്റെ മുറ്റത്തെ പന്തലിലിരിയ്ക്കുമ്പോൾ ഏണിത്തലപ്പഞ്ചായത്തിലെ കരിയാത്തൻകുന്നു് കയറുകയം സമുദ്രജലത്തിലൂടെ നടക്കുകയും ചെയ്യുന്ന സിദ്ധിയിൽ സിദ്ധനായ യോഗിവര്യന്റെ തൃപ്പാദതീർത്ഥമാണു് ഗുരുവിന്റെ കയ്യിൽ. പിന്നെ തളർന്നതിലെന്തു കുറ്റം? കണ്ണൻകുട്ടി മേനോൻ കുപ്പി തൊട്ടു മൂർദ്ധാവിൽ വെച്ചു പറഞ്ഞു” “എന്റെ അമ്മ തളർവാതം പിടിച്ചു കിടപ്പിലാണു് തൃപ്പാദതീർത്ഥം കുറച്ചെനിയ്ക്കു വേണം.”

ജയകൃഷ്ണന്റെ അമ്മയ്ക്കു കാസശ്വാസം, കൃഷ്ണൻകുട്ടിയുടെ മൂത്ത പെങ്ങൾക്കു് ഒടുങ്ങാത്ത വയറുവേദന, മുകുന്ദനു സ്വന്തം പേരിൽതന്നെ ചെലവെഴുതിത്തള്ളാൻ ഒന്നിലേറെ രോഗങ്ങൾ!

എല്ലാവർക്കും തൃപ്പാദതീർത്ഥം വേണം.

ചെറിയ കുപ്പികൾ വന്നു. ഒരൗൺസു് വീതം എല്ലാവരുടെ കുപ്പിയിലും ഒഴിച്ചുകൊടുത്തു. കുപ്പിയിലൊഴിയ്ക്കുമ്പോൾ തഴെ വീഴാനിടയുള്ള തൃപ്പാദതീർത്ഥത്തിനുവേണ്ടി അന്തേവാസികൾ ഭക്തിപൂർവ്വം കൈകാട്ടി നിന്നു.

തൃപ്പാദതീർത്ഥം കിട്ടിയപ്പോൾ കണ്ണൻകുട്ടിമേനോനു് നാട്ടിലൊന്നു പോയാൽ കൊള്ളാമെന്നായി. മഹാനവമിയും വിജയദശമിയും മുടക്കമാണു്. തുടർന്നു വരുന്നതു ഞായറാഴ്ചയാണു്. മൂന്നുദിവസം ഒരുമിച്ചു കിട്ടുന്നു. പോയാൽ അമ്മയ്ക്കു തീർത്ഥജലമെത്തിച്ചു കൊടുക്കാം.

പേഴ്സ് തുറന്നു നോക്കി. രണ്ടു വായുഗുളിക, സൂട്ട് കേസിന്റെ താക്കോൽ, ഒരു ലോട്ടറി ടിക്കറ്റു്, ഒന്നു രണ്ടു ബില്ലുകൾ; തീർന്നു. പൈസയുടെ വംശത്തിൽ പിറന്ന ഒരു കഴുവേറിയുമില്ല. മാസാവസാനമാണു്. ആരോടു ചോദിയ്ക്കും, ആരു തരും?

“വണ്ടിക്കൂലിയ്ക്കു കാശുകിട്ടിയാൽ നാട്ടിലൊന്നു പോവായിരുന്നു.”

എല്ലാവരും കേൾക്കാൻ വേണ്ടിയുള്ള ഒരാത്മഗതമായിരുന്നു അതു്. അതു കേട്ടു് ഗുരു ചിന്താധീനനായി; അല്പസമയത്തേയ്ക്കു മാത്രം. പിന്നെ ഗുരു പറഞ്ഞു:

“വണ്ടിക്കൂലിയ്ക്കുള്ള കാശു് ഞാൻ തരാം.”

കണ്ണൻകുട്ടിമേനോനു സന്തോഷമായി. ജയകൃഷ്ണനും മുകുന്ദനും കൃഷ്ണൻകുട്ടിക്കും ദുഃഖം. നാട്ടിൽ പോകാൻ കലശലായ മോഹമുണ്ടു് അവിടേയും പ്രശ്നം വണ്ടിക്കൂലി. എല്ലാവരും ഉറക്കെ ആത്മഗതം ചെയ്തു. ഓരോ ആത്മഗതവും കേട്ടു ഗുരു ചിരിച്ചു. ചിരിച്ചുകൊണ്ടുതന്നെ ഗുരു എല്ലാവർക്കും വണ്ടിക്കൂലി കൊടുത്തു.

ദുഃഖമുണ്ടെങ്കിലും പീറ്ററതു പുറത്ത കാണിച്ചില്ല. ഉറക്കെ ആത്മഗതം ചെയ്തതുമില്ല. എന്തുവന്നാലും ഹിന്ദുഭൂരിപക്ഷത്തോടു് കടം ചോദിയ്ക്കില്ലെന്നു് പീറ്റർ തിരുമാനിച്ചു.

പിന്നെ യാത്രക്കുള്ള ഒരുക്കങ്ങളായിരുന്നു. തൃപ്പാദതീർത്ഥം എല്ലാവരും ഭദ്രമായി പൊതിഞ്ഞെടുത്തു. കണ്ണൻകുട്ടിമേനോന്റെ സഞ്ചിയിൽ പിന്നേയും അനവധി കുപ്പികളുണ്ടായിരുന്നു. ഒരു ചെറിയ ഔഷധശാലയും കൊണ്ടല്ലാതെ കണ്ണൻകുട്ടിമേനോൻ എങ്ങും സഞ്ചരിക്കില്ല. വയറിന്റെ അസ്വാസ്ഥ്യത്തിനു പിപ്പല്യാസവവും കുടജാരിഷ്ടവും ചേർത്തു ഒരു രണ്ടൗൺസു് കരുതും. കളി കഴിഞ്ഞു് മൂർദ്ധാവിൽ തിരുമ്മാൻ രാസ്നാദിയും അല്പം കുഴമ്പും കുറച്ചു ബലാകുളുച്യാദിയും എപ്പോഴും സഞ്ചിയിലുണ്ടാവും.

എല്ലാ ഒരുക്കങ്ങളും കഴിഞ്ഞു പുറപ്പെട്ടപ്പോൾ കണ്ണൻകുട്ടിമേനോൻ പൂജയുടെ കാര്യമോർത്തു. എന്തുവന്നാലും അതു് മുടങ്ങാൻ പാടില്ല. നവരാത്രി കഴിയുന്നവരേയെങ്കിലും.

മുകുന്ദനും കൃഷ്ണൻകുട്ടിയും ജയകൃഷ്ണനും പടി കടന്നു് നിരത്തിലെത്തി. പീറ്റർക്കാവേശം കയറി. ബാഗെടുത്തു് കക്ഷത്തിറുക്കി പീറ്ററും പുറത്തിറങ്ങി. എങ്ങോട്ടും പോകണമെന്നൊന്നും നിശ്ചയിച്ചിട്ടില്ല. വെറും വാശികൊണ്ടിറങ്ങിയതാണു്.

“അപ്പോൾ പൂജയുടെ കാര്യം?”

കണ്ണൻകുട്ടിമേനോൻ വാതിൽപ്പടിയിൽ നിന്നുകൊണ്ടു് ഗുരുവിനോടു ചോദിച്ചു.

“പരിഭ്രമിയ്ക്കാതെ പൊയ്ക്കോളു.” ഗുരു ആശ്വസിപ്പിച്ചു.

“പൂജ മുടങ്ങരുതു്.”

“ഇല്ല.”

“വിജയദശമിവരെ കെടാവിളക്കുണ്ടാവണം”

“ശ്രദ്ധിയ്ക്കും. ആട്ടെ എന്നു തിരിച്ചുവരും?”

“തിങ്കളാഴ്ച രാവിലെ.”

“അപ്പോൾ വിജയദശമിദിവസം വരില്ലേ? അന്നാണു് അവഭൃതസ്നാനം കാറുകളുടെ ഘോഷയാത്ര. കാണാഞ്ഞാൽ വലിയ നഷ്ടമായിരിയ്ക്കും.”

“വരാൻ പറ്റില്ല. പോകുന്നതിൽ കലശലായ വ്യസനമുണ്ടു്.”

“വ്യസനിയ്ക്കുന്നതിൽ തെറ്റില്ല. വലിയ നഷ്ടമാണു് സംഭവിയ്ക്കുന്നതു്.”

നഷ്ടത്തെപ്പറ്റി കൂടുതൽ വിവരിച്ചു കേൾക്കുന്നതു വിഷമമുണ്ടാക്കും. വിഷമം വർദ്ധിയ്ക്കുമ്പോൾ യാത്രമുടങ്ങും അതുപറ്റില്ല. അമ്മയ്ക്കു തൃപ്പാദതീർത്ഥമെത്തിയ്ക്കണം… കണ്ണൻകുട്ടിമേനോൻ ധൃതിയിലിറങ്ങി നടന്നു.

Colophon

Title: Ashwahridayam (ml: അശ്വഹൃദയം).

Author(s): Thikkodiyan.

First publication details: Navakerala Co-op. Publishing House; Kozhikode, Kerala; 1; 1969.

Deafult language: ml, Malayalam.

Keywords: Novel, Thikkodiyan, തിക്കോടിയൻ, അശ്വഹൃദയം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 31, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Conquest of the Mountain, an oil on cotton painting by Paul Klee (1879–1940). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.