മഹാനവമി!
എന്തും സംഭവിയ്ക്കാം. അത്ഭുതങ്ങളുടെ ഘോഷയാത്രതന്നെയുണ്ടാവും. പുരുഷാരം ക്ഷമയോടെ കാത്തു നിന്നു ഒച്ചയില്ല. ബഹളമില്ല.
രാവിലെ അറബിക്കടലായിരുന്നു പുരുഷാരമെങ്കിൽ ഉച്ചയ്ക്കതു ഹിന്ദുമഹാസമുദ്രമായി മിനുട്ടുവെച്ചു് പെരുകുകയായിരുന്നു.
ബംഗ്ലാവിൽ നിന്നുനോക്കിയാൽ കണ്ണെത്താത്ത ദൂരത്തോളം മനുഷ്യശിരസ്സു പരന്നുനിന്നു.
പേടിപ്പെടുത്തുന്നൊരു മുഴക്കം. എങ്ങോ എവിടെയോ ഒരു കൊടുങ്കാറ്റടിച്ചുയരുമ്പോലെ. അത്ഭുതങ്ങൾക്കുവേണ്ടി കാത്തുനിൽക്കുന്ന പുരുഷാരത്തിന്റെ നെടുവീർപ്പാണു്.
മുഴക്കം കേട്ടു യോഗീശ്വരന്നു തലചുറ്റി. തലചുറ്റിയ യോഗീശ്വരൻ ഭിത്തിയിൽ പിടിച്ചു് പതുക്കെപതുക്കെ നടന്നു് ജാലകത്തിന്നടുത്തെത്തി. ശബ്ദമുണ്ടാക്കാതെ ജാലകപ്പൊളിയുടെ കൊളുത്തു നീക്കി സംശയിച്ചുനിന്നു. പിന്നെ ജാലകപ്പൊളി പതുക്കെ തള്ളിചെറിയൊരു പഴുതുണ്ടാക്കി പുറത്തേയ്ക്കു നോക്കി.
ചുറ്റും നിന്നു പല്ലിളിച്ചലറുന്ന സിംഹങ്ങളുടെ നടുവിൽ താനൊരു മാൻകുട്ടിയായി നിൽക്കുംപോലെ യോഗീശ്വരന്നു തോന്നി.
രക്ഷയില്ല!
മോചനമില്ല!
യോഗീശ്വരനാലോചിച്ചു.
വീടും കുടുംബവും തൊഴിലുമുള്ള ജനങ്ങൾ എല്ലാം മറന്നിങ്ങിനെ പാടുപെടുന്നതെന്തിനാണു്? ഇവർക്കെന്തു പറ്റി?
ഇതു ഭക്തിയാണോ?
ഈശ്വരവിശ്വാസമാണോ?
സമൂഹത്തിന്റെ അന്ധമായ ഈ വികാരത്തിനു് എന്തു പേരു കൊടുക്കണം? തിരഞ്ഞെടുപ്പുയോഗങ്ങളിലും സർക്കസ്സ് ടെന്റിലും വർഗ്ഗീയകലാപങ്ങളിലും പ്രതിഷേധപ്രകടനങ്ങളിലും പ്രത്യക്ഷപ്പെടുന്ന മുഖങ്ങൾ ഇതുതന്നെയല്ലേ? എന്തുണ്ടു് വ്യത്യാസം?
ഈശ്വരന്റെ പേരിലായാലും മതത്തിന്റെ പേരിലായാലും സർക്കസ്സിന്റെ പേരിലായാലും തിരഞ്ഞെടുപ്പിന്റെ പേരിലായാലും ഇവർക്കാവശ്യം സാഹസികതയാണു്. അതിനുവേണ്ടി ഊണും ഉറക്കവുമവരുപേക്ഷിയ്ക്കും. കുടുംബത്തെ മറക്കും എന്തും ചെയ്യും!
വാസുമുതലാളി, നിങ്ങൾ ജയിച്ചിരിയ്ക്കുന്നു. പാവപ്പെട്ട ഈ കാഷായ വസ്ത്രക്കാരന്റെ കാര്യമല്ല പറയുന്നതു്. സമൂഹത്തെ നിങ്ങൾ ജയിച്ചു കീഴടക്കിയിരിയ്ക്കുന്നു. അവരുടെ അന്ധമായ വികാരത്തിന്റെ കടിഞ്ഞാൺ ഇപ്പോൾ നിങ്ങളുടെ കയ്യിലാണു്.
ഒന്നോർമ്മയിരിയ്ക്കട്ടെ മുതലാളീ, സമൂഹത്തിന്റെ ഈ വികാരപ്രകടനം വെള്ളംപോലെ താണ സ്ഥലം നോക്കി മാത്രം ഒഴുകുന്നതല്ല. അതു് മേലോട്ടും ഒഴുകും. ചൂണ്ടുന്നതിനു നേർക്കോടുകയും ചെയ്യും. അങ്ങിനെ വരുമ്പോൾ ഈ വലിയ ബംഗ്ലാവും മതിലും മുള്ളുവേലിയും ഒരു പ്രശ്നമല്ല; വാസുമുതാലാളിയെന്ന ഊതിവീർപ്പിച്ച നീർപ്പോളയും!
പുരുഷാരത്തെയൊന്നു നല്ലപോലെ കണ്ടാലെന്തെന്നു് യോഗീശ്വരന്നു തോന്നി. ജാലകപ്പൊളി മുഴുവനുമായി തള്ളിത്തുറന്നു. അപ്പോൾ നിരത്തുവക്കിലെ ചോലമരങ്ങളിൽ കയറി സ്ഥലം പിടിച്ച ഭക്തജനങ്ങൾ യോഗീശ്വരനെ കാണുകയും അവർ സ്തുതിഗീതം മുഴക്കുകയും ചെയ്തു.
“ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടൽ മമ മിണ്ടാവതല്ല ബത...”
മരത്തലപ്പിലെ സ്തുതിഗീതം മണ്ണിൽ നിന്നവരേറ്റുപാടി. എല്ലാ കണ്ണുകളും ഒന്നിച്ചു ജാലകത്തിനു നേർക്കു തിരിഞ്ഞു. ആർത്തിപൂണ്ട ആ നോട്ടത്തിൽ ഭക്തിയുണ്ടായിരുന്നില്ല. ഇന്ദ്രജലാത്തിനും മഹേന്ദ്രജാലത്തിനും മഹാത്ഭുതത്തിനും വേണ്ടി ദാഹിക്കുന്ന ആ കണ്ണുകൾക്കു മുമ്പിൽ അധികനേരം നിൽക്കാൻ യോഗീശ്വരനു കഴിഞ്ഞില്ല. യോഗീശ്വരൻ തിരിഞ്ഞു നടന്നു. കാലിടറുകയും കണ്ണിൽ ഇരുട്ട കയറുകയും ഹൃദയം തുരുതുരെ മിടിയ്ക്കുകയും ചെയ്തപ്പോൾ യോഗീശ്വരൻ തളർന്നു കിടക്കയിലിരുന്നു.
പുരുഷാരത്തിൽ പ്രത്യക്ഷപ്പെട്ട ചലനം യോഗീശ്വരൻ ജാലകത്തിന്നടത്തുനിന്നു് പിന്മാറിയപ്പോൾ നിലച്ചു. വീണ്ടും പേടിപ്പെടുത്തുന്ന മുഴുക്കം.
അപ്പോൾ ഒരപശബ്ദം!
അതു് കുഞ്ചുണ്ണിയുടേതായിരുന്നു. കുഞ്ചുണ്ണിയുടെ മെഗഫോൺവിളി പേടിപ്പെടുത്തുന്ന നിശ്ശബ്ദതയ്ക്കു മേലെ ചിറകടിച്ചു പറന്നു.
“ഭക്തിമാർഗ്ഗത്തിൽ ഇന്ദ്രജാലവും മഹേന്ദ്രജാലവുമില്ല. മുമുക്ഷുക്കളായ സന്യാസിമാർ അത്ഭുതസിദ്ധി പ്രദർശിപ്പിച്ചു. നടക്കില്ല.”
അപശബ്ദം തുടർന്നില്ല. അതു് തടയപ്പെട്ടു. ഭക്തജനങ്ങൾ കുഞ്ചുണ്ണിയെ വളഞ്ഞു മർദ്ദിയ്ക്കുകയും മെഗഫോണിന്റെ ദ്വാരം മണ്ണു കുഴിച്ചടയ്ക്കുകയൂം ചെയ്തൂ.
വീണ്ടും കുഞ്ചുണ്ണിയ്ക്കു പരാജയം. പരാജിതനായ കുഞ്ചുണ്ണി ഉറക്കെ പിറുപിറുത്തു.
“സത്യവാദി നായാടപ്പെടുന്നു. നീതിമാന്റെ രക്തം പാപികൾ വീഞ്ഞാക്കി പാനം ചെയ്യുന്നു.”
പിറുപിറുപ്പിന്റെ അവസാനം നിശ്ശബ്ദത. പിന്നേയും പേടിപ്പെടുത്തുന്ന മുഴക്കം. മഹാത്ഭുതങ്ങൾക്കു വേണ്ടി കാത്തുനിൽക്കുന്ന പുരുഷാരത്തിന്റെ നെടുവീർപ്പു്!
ആശീർവ്വാദവും അനുഗ്രഹവും പുരുഷാരത്തിനിപ്പോൾ ആവശ്യമില്ല. അവരുടെ നോട്ടം അത്ഭുതസിദ്ധികളുടെ നേർക്കാണു്.
ബംഗ്ലാവിലും സമുദ്രപരപ്പിലും കുന്നിൻപുറത്തും ഒരേ സമയത്തു കാണുക. ദൈവദൂതന്മാരിൽ മാത്രം കാണുന്ന സിദ്ധി. സമുദ്രപരപ്പിൽ നടക്കുന്നവൻ ആകാശത്തിൽ പറക്കുകയും ചെയ്യും. കാക്കയായും പൂച്ചയായും വേഷം മാറിയെന്നും വരും. തിരിച്ചറിയാൻ കഴിയില്ല.
ഭക്തജനങ്ങൾ പൂച്ചയെക്കാണുമ്പോൾ ആദരവു ഭവിച്ചു. കാക്കയെ കല്ലെടുത്താട്ടാൻ മടിച്ചു. ഏതു് പൂച്ചയിലാണു്, കാക്കയിലാണു് യോഗീശ്വരനുള്ളതെന്നു് തിട്ടപ്പെടുത്താൻ വിഷം.
പരമു പാലും പഴവുമായി മുറിയിൽ കടന്നപ്പോൾ യോഗീശ്വരൻ തളർന്നു കണ്ണടച്ചു കിടക്കുകയായിരുന്നു.
“സാമീ.”
പരമൂ വിളിച്ചു. യോഗീശ്വരൻ കണ്ണുമിഴിച്ചില്ല, മിണ്ടിയില്ല.
“പാലും പഴവുമിതാ സാമീ.” പരമു പറഞ്ഞു.
“കൊണ്ടു പോടാ, നിന്റെ പാലും പഴവും.” യോഗീശ്വരൻ ഗർജ്ജിച്ചു. പരമു അന്തംവിട്ടു നോക്കി നിന്നു. യോഗീശ്വരനെ ഒരിയ്ക്കലും ഇത്ര ക്ഷുബ്ധനായി കണ്ടിട്ടില്ല.
“പാലും പഴവും! കുറച്ചു വിഷംതന്നു് എന്നെ കൊല്ലരുതോ നിനക്കു്.”
അന്തക്കേട് നീങ്ങിയപ്പോൾ പരമു ചിരിച്ചു. ചിരി കേട്ടു യോഗീശ്വരന്റെ ഷോഭം ഇരട്ടിച്ചു.
“നീ ചിരിച്ചൊ. നിന്റെ അവസാനത്തെ ചിരിയാണിതു്. നിന്റെ മുതലാളി ചിരിയ്ക്കുന്നില്ലേ? ആ ചിരിയും ഇന്നോടെ അവസാനിയ്ക്കുക്കും.”
“എന്താ സാമീ, ഈ പറേണതു്?” പരമു ചിരിനിർത്തി ചോദിച്ചു.
“ഇങ്ങൈനെയോരോന്നു് പറഞ്ഞു കേട്ടാൽ ചിരിവരില്ലേ?”
“എടാ, ആ ജാലകത്തിനടുത്തു് ചെന്നു നോക്കു്. എന്നിട്ടു് ചിരിച്ചൊ. നിന്നെയും നിന്റെ മുതലാളിയേയും ഞാനിന്നു് ജനങ്ങളെകൊണ്ടു് കൊല്ലിയ്ക്കും.”
പരമു ജാലകത്തിനടുത്തു ചെന്നു നോക്കി. പുരുഷാരത്തിന്റെ വിശ്വരൂപം അവിടെ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നു. കെട്ടിടങ്ങളോ മതിലുകളോ കല്ലട്ടികളോ നിരത്തുവക്കിലെ ധർമ്മക്കിണറോ കാണാനില്ല. മരത്തിന്റെ കൊമ്പും ചില്ലയും കാണാനില്ല. എവിടേയും ജനം.
പരമുവിനെ ജാലകത്തിനടുത്തു് കണ്ടപ്പോൾ മരത്തലപ്പിൽനിന്നു സ്തൂതിഗീതം മുഴങ്ങി.
“ഒന്നായ നിന്നെയിഹ… ”
അങ്ങോളമിങ്ങോളം പരന്നു നിൽക്കുന്ന പുരുഷാരമതേറ്റുപാടി.
ജാലകത്തിനടുത്തുനിന്നു മടങ്ങുമ്പോൾ പരമുവിന്റെ മുഖം വിളറിയിരുന്നു.
“എങ്ങിനെയുണ്ടു്” യോഗീശ്വരൻ ചോദിച്ചു.
“ഈ പുരുഷാരത്തെ നീയും നിന്റെ മുതലാളിയും കൂടി എന്തു പറഞ്ഞു സമാധാനിപ്പിയ്ക്കും? കണക്കിലേറെ നുണപറഞ്ഞു പിടിപ്പിച്ചിട്ടില്ലേ? ഇനിയെങ്ങിനെ രക്ഷപ്പെടും?”
യോഗീശ്വരന്റെ ചോദ്യങ്ങൾക്കു മുമ്പിൽ പരമു കുടുതൽ വിളറി, വിഷമം മാറ്റാനൊരു ശ്രമം നടത്തി.
“വേഗം പാലും പഴവും കഴിച്ചു് ഭജനയ്ക്കു ചെല്ലാൻ പറഞ്ഞു.”
“ആരു് പറഞ്ഞു?”
“മുതലാളി”
“മനസ്സില്ലെന്നു പറ. പോയി തുങ്ങിച്ചാവട്ടെ. ഞാൻ നേരെ പുരുഷാരത്തിന്റെ നടുവിലേയ്ക്കാണു് പുറപ്പെടുന്നതു്. അവിടെച്ചെന്നു് സത്യം തുറന്നു പറഞ്ഞു് എന്നെ രക്ഷിയ്ക്കാനപേക്ഷിയ്ക്കും.”
“പൊന്നു സാമീ, ജീവനിൽ കൊതിയുണ്ടെങ്കിൽ ചെയ്യല്ലേ. സാമീടെ കാലുകഴുകിയ വെള്ളം പീപ്പക്കണക്കിലാണു് ഞാനിന്നലെ മുക്കിക്കൊടുത്തതു്. എല്ലാത്തിന്റെ വയറ്റിലും അതു കുറേശ്ശ കാണും. അവരോടു് സത്യം പറഞ്ഞാൽ സാമിയെ വറുത്തു പൊടിച്ചു് മൂക്കു പൊടിയായി അവർ വലിച്ചുകളയും.”
യോഗീശ്വരൻ വീണ്ടും തളർന്നു. മോചനത്തിന്റെ മർഗ്ഗം കല്ലിട്ടടച്ചതുകണ്ടു് കണ്ണു നനഞ്ഞു. ശബ്ദമിടറി.
“ഓ! പെട്ടുപോയി!!”
“അതെ, പെട്ടുപോയി!!”
പരമു അനുകൂലിച്ചു.
“ഇനി കരഞ്ഞിട്ടു കാര്യമില്ല സാമീ.”
പരമു സമാധാനിപ്പിച്ചു.
“പെട്ടുപോയില്ലേ, ഇനി സമാധാനമായിരിയ്ക്കാൻ നോക്കു്.”
“ഇല്ല, ഞാനിവിടെ ഒരു നിമിഷം ഇനി ഇരിയ്ക്കില്ല. എനിയ്ക്കു കലശലായ പേടിയുണ്ടു്. അതുകൊണ്ടാണു് ജനങ്ങളോടു് സത്യം പറയാമെന്നു വിചാരിച്ചതു്.”
“അതിന്റെ സമയം കഴിഞ്ഞുപോയി സാമീ. എങ്ങിനെയെങ്കിലും ഇന്നും നാളേയും ക്ഷമിച്ചു കഴിയ്ക്കു. നവരാത്രി കഴിഞ്ഞാൽ ഈ തിരക്കൊന്നവസാനിയ്ക്കും. അപ്പഴാലോചിയ്ക്കാം.”
യോഗീശ്വരൻ ആലോചിച്ചു; വരാനിരിയ്ക്കുന്ന വിപത്തിനെക്കുറിച്ചും അതിൽനിന്നു് രക്ഷപ്പെടാനുള്ള മാർഗ്ഗത്തെക്കുറിച്ചും. അതു മനസ്സിലാക്കിയ പരമു ചെറിയൊരു ഭീഷണി തൊടുത്തു.
“സാമി ഭജനയ്ക്കു ചെല്ലാത്തതുകൊണ്ടു് ഭക്തജനങ്ങൾക്കസുഖമുണ്ടു്. മുതലാളി ഇങ്ങട്ടന്വേഷിച്ചു വരുന്നതിനുമുമ്പെ പുറപ്പെട്ടോളു. അതാണു് നല്ലതു്.”
മറുപടിയ്ക്കു കാത്തുനിൽക്കാതെ പരമു സ്ഥലം വിട്ടു. കോണിപ്പടവുകളിറങ്ങുന്ന പരമു ഉച്ചഭാഷിണിയിലുടെ പുതിയ അറിയിപ്പു പ്രഖ്യപിയ്ക്കുന്നതു കേട്ടു. പുരുഷാരവും അതു കേട്ടു.
“മഹാരോഗികളേ, നിങ്ങൾക്കു തുഷ്ടി! എന്തെന്നാൽ, നിങ്ങളുടെ രക്ഷാമാർഗ്ഗം തുറക്കപ്പെട്ടിരിയ്ക്കുന്നു.”
“യോഗീശ്വരകടാക്ഷം തളർവാതക്കാരനെ ഓട്ടപ്പന്തയത്തിനു് ശക്തനാക്കുന്നു!”
“നാവും ചെവിടുമില്ലാത്ത—ഊമയെക്കൊണ്ടു് ഇങ്കിലാബു് വിളിപ്പിയ്ക്കുന്നു!”
“കാസശ്വാസക്കാരൻ മനോധർമ്മസ്വരത്തോടുകൂടി ദീക്ഷിതർകൃതി പാടുന്നു!”
അറിയിപ്പുകേട്ടു് പുരുഷാരം ദൈവികമായ അസ്വസ്ഥതയിൽ പെടുന്നു. അസ്വാസ്ഥ്യം ചില്ലറച്ചില അത്യാഹിതങ്ങൾക്കു വഴിവെയ്ക്കുന്നു.
മരക്കൊമ്പു പൊട്ടി ഏതാനും ഭക്തജനങ്ങൾ ഭൂമിയുടെ ആകർഷണശക്തി തെളിയിച്ചു നട്ടെല്ലിന്റെ ഘടനയിൽ മാറ്റം വരുത്തി. ധർമ്മക്കിണറിന്റെ ആൾമറയിൽനിന്നു് ഭൂമിയുടെ അഗാധതയളക്കാൻ നാലഞ്ചു ഭക്തജനങ്ങൾ കീഴോട്ടു് കുതിച്ചു.
സമയം ചിറകുവെച്ചു് പറക്കുകയായിരുന്നു. ഉച്ചതിരിഞ്ഞപ്പോൾ വലിയൊരു കിംവദന്തി പരന്നു.
സന്ധ്യയ്ക്കുള്ള ഭജനയ്ക്കു രണ്ടു മന്ത്രിമാർ പങ്കെടുക്കുന്നു. ബഹുജനവികാരത്തെ മാനിയ്ക്കാൻ മടിയ്ക്കാത്ത മന്ത്രിസഭ യോജിച്ച തീരുമാനമെടുക്കുകയാണുണ്ടായതു്.
കിംവദന്തി കേട്ടു് യോഗീശ്വരൻ ഒന്നുകൂടി തളർന്നു. അപ്പുറം പോലീസ്സ്! ഇപ്പുറം മന്ത്രിമാർ! എന്തും സംഭവിയ്ക്കാം.
യോഗീശ്വരൻ രണ്ടും കല്പിച്ചു് ഭജനയിൽ പങ്കെടുത്തു.
“ഓ മുഖത്തെന്തൊരു തേജസ്സു്!”
“കണ്ണുകൾക്കെന്തു തിളക്കം.”
“ചൈതന്യം വാർന്നെഴുകുന്നു.”
“അപാരം.”
“അഗാധം.”
ഭക്തജനങ്ങൾ ശബ്ദമൊതുക്കി തമ്മിൽ തമ്മിൽ പറഞ്ഞു. യോഗീശ്വരന്റെ ഭാവത്തിലും നോട്ടത്തിലും പ്രകടമായ മാറ്റം ശ്രദ്ധിച്ചു വാസുമുതലാളി ഉള്ളിൽ ചിരിച്ചു യോഗീശ്വരനെ അഭിനന്ദിച്ചു.
“അങ്ങിനെ തെളിച്ച വഴിയ്ക്കു വരൂ. മഹാനവമിക്കനുകൂലമായഭാവം! അങ്ങിനെത്തന്നെ വേണം. ഇതു പോലെ അല്പസ്വല്പം അഭിനയം കൂടിയുണ്ടായാൽ ജനം തറപറ്റിയതുതന്നെ.”
യോഗീശ്വരൻ സമാധിയായപ്പോൾ കണ്ണുകളടഞ്ഞില്ല.
വിചിത്രം!
ഭക്തജനങ്ങൾ അതുതന്നെ ശ്രദ്ധിയ്ക്കുകയും അതിനെപ്പറ്റിത്തന്നെ പറയുകയും ചെയ്തു. പക്ഷേ, യോഗീശ്വരനതൊന്നുമറിഞ്ഞില്ല. ദൃഷ്ടി അപാരതിയിൽ തറച്ചു നിൽക്കുകയായിരുന്നു. ചിലപ്പോൾ ചുണ്ടുകളിൽ മന്ദസ്മിതം വിടരും. മറ്റുചിലർ കണ്ണിൽനിന്നു് ജലകണം അടർന്നുവിഴും.
“ഭേഷ്.”
വാസുമുതലാളി അറിയാതെ പറഞ്ഞുപോയി.
വേദാന്തികൾക്കു് ഒരേ നാണയത്തിന്റെ രണ്ടുപുറമാണല്ലോ ചിരിയും കരച്ചിലും.
മന്ത്രിമാർ അഞ്ചുമണിയ്ക്കെത്തി.
പോലീസ്സു് മേധാവികൾ മുൻകൂട്ടി ആസൂത്രണം ചെയ്ത വഴിയ്ക്കാണു് മന്ത്രിമാർ വന്നതു്. അതുകൊണ്ടു് പുരുഷാരത്തിന്റെ ശ്രദ്ധയിൽ പെട്ടില്ല. പിൻവശത്തെ ഗയിറ്റിൽവെച്ചു വാസുമുതലാളി മന്ത്രിമാരെ സ്വീകരിച്ചു. രഹസ്യ സന്ദർശനമായതുകൊണ്ടു് പെൺകുട്ടികളുടെ താലപ്പൊലിയോടുകൂടിയ വരവേല്പുണ്ടായില്ല. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുമുണ്ടായില്ല.
മന്ത്രിമാർ യോഗീശ്വരന്റെ അടുത്തുവന്നു് ആദരവോടെ നിന്നു സാഷ്ടാംഗപ്രണാമമുണ്ടായില്ല. മന്ത്രിമാരല്ലേ?
യോഗീശ്വരൻ രണ്ടുപേർക്കും ‘സ്വസ്തി’ നല്കി. അപ്പോൾ മരത്തലപ്പിലിരിയ്ക്കുന്ന ഭക്തജനങ്ങൾ സംഗതി കണ്ടുപിടിച്ചു. അവർ മന്ത്രിമാരുടെ ഓരോ ചലനവും കമന്ററിയ്ക്കു വിധേയമാക്കി. മണ്ണിൽ നില്ക്കുന്ന ഭക്തജനങ്ങളതു കേട്ടു. അവരിൽ രാഷ്ട്രീയമായ അസ്വാസ്ഥ്യമുണ്ടായി.
മന്ത്രിമാരുടെ തിരിച്ചുപോക്കും പ്രദോഷസന്ധ്യയുടെ വരവും ശംഖനാദത്തിലൂടെ, പുജാമണിയിലൂടെ, മുഴങ്ങി. രാത്രിയിലെ ഭജനയ്ക്കു മഹാനഗരത്തിലെ സാംസ്ക്കാരിക സംഘടനകൾ മുഴുവനും കാത്തിരിയ്ക്കുന്നുണ്ടായിരുന്നു. ഭജന കാലംകൂടുന്ന ദിവസമായതുകൊണ്ടു് പരസ്പരം മത്സരിയ്ക്കാൻതന്നെ തിരുമാനിച്ചു കൊണ്ടാണവർ വന്നതു്.
മത്സരം തുടങ്ങി.
വിവിധഭാഷകളിലുള്ള ഭജനഗാനങ്ങൾ ഉച്ചഭാഷിണിയിലൂടെ മുഴങ്ങി ഭാഷകളും പരസ്പരം മത്സരിയ്ക്കുകയായിരുന്നു—തമിഴ്, തെലുങ്കു്, ഹിന്ദുസ്ഥാനി, മലയാളം.
ഭജന മുറുകിയപ്പോൾ വാസുമുതലാളി അപ്രത്യക്ഷനായി. കണ്ണടയ്ക്കാതെ സമാധികൊള്ളുന്ന യോഗീശ്വരനതു മനസ്സിലാക്കി. ഒരു സംഘടനയുടെ ഭജന കഴിഞ്ഞു് മറ്റൊരു സംഘടന ഭജനയാരംഭിയ്ക്കുന്നതിനിടയിൽ അല്പനിമിഷങ്ങളിലെ നിശ്ശബ്ദതയുണ്ടാവും. ആ നിശ്ശബ്ദതയിൽ പിൻപുറത്തെ ഗെയിറ്റിൽ കാറിന്റെ ശബ്ദം കേട്ടു. ഉടനെ യോഗീശ്വരൻ കണ്ണടച്ചു.
ഭജനഗാനത്തിന്റെ ചിറകുകളിലൂടെ വിനാഴികകൾ പറന്നകന്നു!
യോഗീശ്വരനെഴുന്നേറ്റു. അതു് പതിവിനു് വിപരീതമായിരുന്നു. പരമു ഞെട്ടി.
യോഗീശ്വരൻ, പാവക്കൂത്തിലെ പാവയപ്പോലെ മുമ്പോട്ടു നീങ്ങി. കണ്ണു തുറക്കാതെ കൈകാലുകൾ മടക്കാതെ, ഏതോ ചരടുവലികൊണ്ടെന്നപോലെ.
ഭക്തജനം സ്തംഭിച്ചിരുന്നു.
പരമു പിന്നാലെ നടന്നു.
കോണിപ്പടവുകൾ കയറി രണ്ടാംനിലയിലെത്തിയപ്പോൾ പരമു ചോദിച്ചു:
“എന്താണിക്കാണിച്ചതു്?”
“പോവാൻ തീർച്ചപ്പെടുത്തി.”
“എങ്ങട്ടു്?”
“എങ്ങട്ടെങ്കിലും മുതലാളി വരുന്നതിനുമുമ്പെ രക്ഷപ്പെടണം.”
“ജനത്തോടെന്തു പറയും?”
“ഒന്നും പറയില്ല. കണ്ണു തുറക്കില്ല ഇതുപോലെ നടക്കും. ചരടുവലികൊണ്ടെന്നപോലെ.”
“അവർ തടഞ്ഞാലോ?”
“അനങ്ങില്ല. നീയെന്നെ സഹായിച്ചാൽ എല്ലാം ഭംഗിയാവും.”
“എങ്ങിനെ?”
“എന്റെ ചുകന്ന ബ്ലാങ്കറ്റെടുത്തു് പുതച്ചു് നീ കിടക്കയിൽ കിടക്കണം. മുറിയിൽ ലൈറ്റിട്ടു് ഞാൻ പുറത്തു കടക്കും. നേരെ നടക്കും.”
“മുതലാളി എന്നെ കൊല്ലും.”
“മുതലാളി വരുന്നതിനു മുമ്പെ എല്ലാം കഴിയും. അവിടെ കള്ളക്കടത്തും കരിഞ്ചന്തയുമൊക്കെ നടത്തി തിരിച്ചുവരുമ്പോൾ പാതിരയാവും. എന്നും അതല്ലേ പതിവു്? അതിനുമുമ്പെ ഞാൻ രക്ഷപ്പെടും. പിന്നെ അതിന്റെ സാമർത്ഥ്യംപോലെ നീ പറഞ്ഞു നിന്നൊ.”
യോഗീശ്വരന്റെ ദീനമായ അഭ്യർത്ഥനയ്ക്കു മുമ്പിൽ പരമു വഴങ്ങി.
ഭജനഗാനങ്ങൾക്കുപരി മരത്തലപ്പുകളിലുള്ള ഭക്ത ജനങ്ങളുടെ നിരന്തരമായ കമൻറ്റിയാണു് പിന്നെ.
യോഗീശ്വരൻ നടന്നു. കണ്ണു് മുറുക്കിയടച്ചു. അപസ്മാരരോഗിയെപ്പോലെ, കൈകാലുകൾ വിറങ്ങലിപ്പിച്ചു്, ചരടുവലിയ്ക്കു വിധേയനായ പാവയെപ്പോലെ നടന്നു.
പന്തലിലൂടെ.
നടവഴിയിലൂടെ.
നിരത്തിലെ പുരുഷാരത്തിനിടയിലൂടെ.
ബംഗ്ലാവിന്റെ രണ്ടാമത്തെ നിലയിൽ സ്വന്തം മുറിയിൽ പട്ടുകിടക്ക വിരിച്ച കട്ടിലിൽ യോഗിവര്യൻ കിടക്കുന്നു! പുരുഷാരത്തിനിടയിലൂടെ യോഗിവര്യൻ നടക്കുന്നു!
അത്ഭുതം!
മഹാത്ഭുതം!!
രണ്ടും ഒരുമിച്ചുകണ്ടു് കമന്ററി നടത്തുന്ന മരത്തലപ്പിലെ ഭക്തന്മാർക്കു് തല ചുറ്റി വീഴാതെ കഴിക്കാൻ കൊമ്പുകളിലവർ മുറുക്കി പ്പിടിച്ചു.
“ഒന്നായനിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടാൽ മമ മിണ്ടാവതല്ല ബത… ”
പുരുഷാരം ഒന്നിച്ചു സ്തൂതിഗീതം മുഴക്കി. മഹാനവമിരാവിൽ തുടർന്നു വരാനിരിയ്ക്കുന്ന മഹാത്ഭുതങ്ങൾക്കുവേണ്ടി കാത്തിരുന്നു.
പുരുഷാരത്തെ പിന്നിട്ടു്, വെളിച്ചത്തെ പിന്നിടു് കൂരിരുട്ടിന്റെ സുരക്ഷിതസ്ഥാനത്തെത്തിയപ്പോൾ യോഗീശ്വരൻ കണ്ണു തുറന്നു. പിന്നെ ശക്തിമുഴുവനുപയോഗിച്ചു് ഓടാനുള്ള തയ്യാറെടുപ്പാണു്.
“സാമീ.”
അപ്പോൾ പിറകിൽനിന്നു് വിളി. വിളി കേട്ടു് യോഗീശ്വരന്റെ പ്രാണൻ കൂടുവിട്ടു പറന്നു. പിറകെ യോഗീശ്വരന്റെ ജഡവും പറന്നു. പിറകിൽനിന്നു് വിളിച്ച ആളും വിട്ടുകൊടുത്തില്ല.
മത്സരപ്പാച്ചിൽ.
അതിലിന്നോളമാരും കുഞ്ചുണ്ണിയെ തോല്പിച്ചിട്ടില്ല. കുഞ്ചുണ്ണി മുൻകടന്നുനിന്നു് യോഗീശ്വരനെ തടഞ്ഞുനിർത്തി ചോദിച്ചു.
“സാമി എവിടെ പോവുന്നു?”
കിതപ്പുകൊണ്ടു് യോഗീശ്വരനു് മിണ്ടാൻ വയ്യായിരുന്നു. എങ്കിലും നിർത്തിനിർത്തി പറഞ്ഞു.
“എന്നെ… രക്ഷി… ക്കണം.”
ബംഗ്ലാവിൽനിന്നു് ഒളിച്ചോടി പോന്നതാണോ?”
“എന്നെ രക്ഷിക്കണം.”
യോഗീശ്വരൻ അഭ്യർത്ഥന ആവർത്തിച്ചുകൊണ്ടിരുന്നു.
“സത്യം പറയൂ. രക്ഷിയ്ക്കലിന്റെ കാര്യം എന്നിട്ടാവാം.”
“ഞാൻ നിങ്ങക്കൊരുപദ്രവവും ചെയ്തിട്ടില്ലല്ലോ. എനിയ്ക്കു പോണം. എന്നെ വിട്ടയയ്ക്കു.”
യോഗീശ്വരൻ വിലപിച്ചു.
“വിട്ടയയ്ക്കാം.”
കുഞ്ചുണ്ണി ഉറപ്പിച്ചു പറഞ്ഞൂ.
“എല്ലാം തുറന്നു പറഞ്ഞിട്ടു് ആദ്യം മുതൽക്കു് തുടങ്ങാം. എവിടെയാണു് നാടു്?”
“കുറച്ചു വടക്കാണു്.”
യോഗീശ്വരൻ ധൃതിയിൽ നടന്നുകൊണ്ടാണുത്തരം പറഞ്ഞതു്. കുഞ്ചുണ്ണിയും ഒപ്പം നടന്നു.
“കൊലപാതകം നടത്തി നാടുവിട്ടതാണോ?”
“അല്ല.”
“കളവുകേസ്സിൽ പ്രതിയാണോ?”
“അല്ല.”
“പിന്നെ, ഈ വേഷമെടുക്കാൻ കാരാണം?”
“വയറ്റുപ്പിഴപ്പിനു്.”
മുമ്പെന്തായിരുന്നു ജോലി?”
ഉത്തരമില്ല.
“സത്യം പറഞ്ഞോളു സാമീ. അതാണു് നല്ലതു്. ഇല്ലെങ്കിൽ—”
കുഞ്ചുണ്ണി ഭീഷണി മുഴക്കി യോഗീശ്വരൻ കീഴടങ്ങി.
“അയ്യോ. അരുതു്. ഞാൻ പറയാം.”
“അങ്ങനെ നേർവഴിക്കു വരൂ.”
“ഞാൻ… ഞാൻ… ഒരു സഹകരണബാങ്കിന്റെ സിക്രട്ടരിയായിരുന്നു.” യോഗീശ്വരന്റെ ശബ്ദം ഇടറിയിരുന്നു.
“എന്നിട്ടു്?”
കുഞ്ചുണ്ണി ചോദിച്ചു.
“കണക്കിൽ കുറഞ്ഞൊരു തിരിമറി വന്നു.”
“എന്നുവെച്ചാൽ പണം അപഹരിച്ചെന്നു്; അല്ലേ?”
“അല്ല പ്രാരബ്ധംകൊണ്ടു് കുറച്ചു് സംഖ്യ വകമാറിച്ചിലവുചെയ്തുപോയി. കണ്ടുപിടിച്ചപ്പോൾ പേടിച്ചു സ്ഥലം വിട്ടു.”
“സന്യാസിച്ചതെപ്പോൾ?”
“സന്യസിച്ചിട്ടില്ല. കാവി മുക്കി ഭിക്ഷ യാചിക്കുകയായിരുന്നു.”
കുഞ്ചുണ്ണി ചിരിച്ചു. വാസുമുതലാളിയുടെ പ്രതിഭയ്ക്കു സ്തുതി ചൊല്ലി.
“ശരി, നിങ്ങൾക്കൊരു വിഷമവും വരില്ല. ഞാൻ രക്ഷിച്ചോളം. വാസുമുതലാളിയുടെ ശത്രുവാണു് ഞാൻ. ഇപ്പോൾ അതു് മനസ്സിലാക്കിയിയാൽ മതി.”
യോഗീശ്വരനും കുഞ്ചുണ്ണിയും രക്ഷാസങ്കേതമന്വേഷിച്ചു് വലിഞ്ഞു നടന്നു. കുഞ്ചുണ്ണിയുടെ ഹൃദയം സന്തോഷംകൊണ്ടു് തുടിക്കുകയായിരുന്നു. വാസുമുതലാളിയെ അവസാനമായി കീഴടക്കാൻ കഴിഞ്ഞിരിയ്ക്കുന്നു. ജനങ്ങളുടെ മുമ്പിൽ പിടിച്ചുനിർത്തി കഴിഞ്ഞതോരോന്നും എണ്ണിപ്പറഞ്ഞാക്ഷേപിയ്ക്കണം. സാക്ഷിക്കൂട്ടിൽ സാമിയെ നിർത്തണം. അവസാനവിധി ജനകീയക്കോടതിയോടു് മേടിയ്ക്കണം. ഭക്തജനങ്ങളെ വെല്ലുവിളിയ്ക്കണം.
“ഇല്ല. കുഞ്ചുണ്ണി പരാജയപ്പെടില്ല.”
ഉച്ചത്തിലുള്ള ആത്മഗതമായിരുന്നു. ആത്മഗതം കഴിഞ്ഞു് കുഞ്ചുണ്ണി പിന്നേയും ചിരിച്ചു. വിജയോന്മാദത്തിന്റെ ചിരി. ആ ചിരിയുടെ പ്രതിദ്ധ്വനി വറ്റുംമുമ്പു് ഇരമ്പിപ്പാഞ്ഞു വരുന്ന ഒരു കാറിന്റെ വെളിച്ചത്തിൽ കുഞ്ചുണ്ണിയും യോഗീശ്വരനും പരസ്പരം കണ്ടു. കണ്ടു കൊതിതീരുന്നതിനുമുമ്പു് വെളിച്ചമണഞ്ഞു.
ബ്രെയ്ക്കിന്റെ ഭീകരശബ്ദം കാറിന്റെ വാതിൽ തുറക്കുന്നതും ആരൊക്കെയോ ചാടിയിറങ്ങുന്നതും കുഞ്ചുണ്ണി മനസ്സിലാക്കി. എന്താണു് സംഭവിക്കുന്നതു്?
യോഗീശ്വരന്റെ ദയനീയമായ നിലവിളി. അതു് പകുതിയിൽവെച്ചു് തടയപ്പെട്ടു. നിലവിളികേട്ട ഭാഗത്തേക്കു് ഓടിച്ചെല്ലാൻ തുടങ്ങുന്ന കുഞ്ചുണ്ണിയുടെ പിരടിയ്ക്കു ഏതോ കരുത്തുള്ള കൈ വീണു. വേദനയോ? തരിപ്പോ?
ഉദാരശീലരായിരുന്നു കാറിൽനിന്നിറങ്ങിയവർ. അവർ പോർത്തും കുഞ്ചുണ്ണിയെ തല്ലുകതന്നെ ചെയ്തു. നിലതെറ്റി വീഴുന്നവരെ, പ്രജ്ഞ നശിയ്ക്കുന്നവരെ.