ഗോശ്രീകാലത്തു് കതിനവെടി മുഴങ്ങിയപ്പോൾ വിജയദശമിയുടെ പിറവി പ്രഖ്യാപിയ്ക്കപ്പെട്ടു. ഭൂമി ഞെട്ടിയുണരുകയും കിളികൾ കലമ്പൽകൂട്ടി കൂടുവിട്ടുയരുകയും ചെയ്തു.
കുഞ്ചുണ്ണി കതിനവെടി കേട്ടില്ല. പ്രഭാതം വന്നതും പുലർച്ചക്കോഴി വിളിച്ചതുമറിഞ്ഞില്ല. കുഞ്ചുണ്ണിയുടെ തലച്ചോറിൽ വികൃതസ്വപ്നങ്ങളുടെ സിനിമാപ്രദർശനം നടക്കുകയായിരുന്നു.
കറുത്തിരുണ്ട താഴ്‌വരകളിലൂടെ ഒഴുകിപ്പോകുന്നു. കരിമ്പാറക്കെട്ടുകളിൽ തടഞ്ഞു വീഴുന്നു. പിന്നേയും ഒഴുകുന്നു. വീഴുന്നു. വീഴുമ്പോൾ വേദനകൊണ്ടു് പുളയുന്നു. പരിചിതങ്ങളും അപരിചിതങ്ങളുമായ ഒട്ടനേകം മുഖങ്ങൾ ചുറ്റും അടിഞ്ഞുകൂടുന്നു. പരിഹസിച്ചു ചിരിയ്ക്കുന്നു. അതുകണ്ടു് കുഞ്ചുണ്ണി പിച്ചും പേയും പുലമ്പുന്നു.
“ഓ! പകവീട്ടലാവും. പണ്ടെന്നോ കുറഞ്ഞൊരുപവാദം പറഞ്ഞതിനുള്ള പകവീട്ടൽ.”
നെഞ്ചിൽ കയറിനിന്നു് ചവുട്ടിത്തകർത്തുകൊണ്ടാണല്ലോ ചിരിയ്ക്കുന്നതു്. ഇങ്ങനെ ചവുട്ടിയാൽ നെഞ്ചിന്റെ കൂടു പൊളിയും.
പെങ്ങന്മാരേ, പതുക്കെ, പതുക്കെ. നിങ്ങളുടെ സാന്നിദ്ധ്യവും സ്പർശനവും സുഖമുള്ള കാര്യമാണു്. പക്ഷേ, അങ്ങനെ മതിമറന്നു് നൃത്തം വെക്കാൻ പറ്റില്ല. കുഞ്ചുണ്ണി അവശനം പരാജിതനുമാണു്. ബാലിയെപ്പോലെ വീണു കിടക്കുകയാണു്. വാസുമുതാലാളിയെന്ന സുഗ്രീവനോടെതിരിട്ടപ്പോൾ പിറകിൽ ഈശ്വരനൊളിച്ചു നില്ക്കുന്നു.
ഈശ്വരൻ!
ഒളിയമ്പാണു് കൊണ്ടതു്. വീണതിലത്ഭുതമുണ്ടോ? ഞാൻ ചോദിയ്ക്കട്ട. നെഞ്ചിലമ്പേറ്റു വീണവനെ ചവിട്ടുന്നതു്. ന്യായമാണോ? സുന്ദരിമാർക്കു് ചേർന്നതാണോ?
എന്തു്? നിങ്ങളിത്ര ദയയുള്ളവരോ? നിങ്ങൾ മാറി നിന്നപ്പോൾ നെഞ്ചിന്റെ ഭാരവും വേദനയും ചുരുങ്ങി. നിങ്ങൾ അകന്നകന്നു് പോവുകയാണോ? നല്ലതു്…
ആരു്? നീ പോയില്ലേ? നിയൊരുത്തിമാത്രം ഇങ്ങിനെ അഹങ്കരിച്ചു നിൽക്കുന്നതെന്തു്?
നിന്റെ പേരു്?
ശാരി?
അതെ, നീ ശാരി തന്നെ.
പണ്ടു് പണ്ടു് അനുരാഗത്തിന്റെ ആദ്യത്തെ പൂമൊട്ടു് ഹൃദയത്തിൽ വിടരാൻ തുടങ്ങിയപ്പോൾ നീയെന്നെ നിന്ദിച്ചു. എന്റെ പ്രേമത്തെ നീ ചവുട്ടിത്തേച്ചു. ഇന്നോളം പിന്നെ ഞാൻ ജീവിച്ചതും സ്ത്രീസമുദായത്തെ ഒട്ടാകെ വെറുത്തതും അവരെ കരിതേയ്ക്കാൻ പുറപ്പെട്ടതും നിന്നോടുള്ള ഒടുങ്ങാത്ത പകകൊണ്ടു മാത്രമായിരുന്നു. വലുതാവാനാഗ്രഹിച്ചതും അതിനു വേണ്ടിയുള്ള പ്രയത്നത്തിൽ വീഴ്ച പറ്റിയതും എല്ലാമെല്ലാം നിന്നെച്ചൊല്ലിയായിരുന്നു.
കഷ്ടം!
മുഴുവനും തകർന്നു.
പകയും വിദ്വേഷവുമില്ലാത്ത ഒരവസ്ഥയിലാണു് ഞാനിപ്പോൾ. അകത്തും പുറത്തും വേദന. വേദനമാത്രമേ എനിക്കിപ്പഴറിഞ്ഞുകൂടൂ.
ഇതു് വേണ്ടായിരുന്നു ശാരീ. ഈ അവശനിലയിൽ എന്നെ വന്നു കാണാനും എന്നെ പരിഹസിയ്ക്കാനും നീ മുതിരരുതായിരുന്നു. നിനക്കിത്രമാത്രം പകതോന്നത്തക്കവിധം ഞാനൊന്നും ചെയ്തിട്ടില്ല. എല്ലാം ചെയ്തതു് നീയാണു്…
ശാരിയും പോയോ?
എല്ലാവരും വന്നു കണ്ടു് പക വീട്ടിപ്പിരിഞ്ഞു. ആരും സഹതപിച്ചില്ല. നന്ദി. സഹതപിച്ചെങ്കിൽ കുഞ്ചുണ്ണിയുടെ മട്ടും മാതിരിയും മാറുമായിരുന്നു…
നെഞ്ചുവേദന കുറയുന്നു. കൈകാലുകൾ ഇളക്കാൻ കഴിയുന്നു. മഞ്ഞും കുളിരുമനുഭവപ്പെടുന്നു.
കണ്ണു മിഴിച്ചു.
കണ്ണു മിഴിച്ചപ്പോൾ പരിസരബോധം കൈവന്നു. തലേരാത്രിയിലെ സംഭവങ്ങൾ ഓരോന്നായി ഓർമ്മയിലണിനിരന്നു.
എല്ലാം പെട്ടെന്നാണു് സംഭവിച്ചതു്. ആലോചിയ്ക്കാൻ സമയം കിട്ടിയില്ല. സംഘട്ടനം നടന്നതു് മുഴുവൻ കൂരിരുട്ടിൽ വെച്ചായിരുന്നു. പൊതിരെ തല്ലുകിട്ടി. തടുക്കാനും കൊടുക്കാനും കഴിഞ്ഞില്ല. അവസാനത്തെ ഓർമ്മ പിൻകഴുത്തിൽ വീണ തല്ലിനെക്കുറിച്ചായിരുന്നു. അവൻ നല്ല തറവാടിയായിരുന്നു. തല മണ്ണിൽ പൂണ്ടുപോയി. അതോടെ എല്ലാം അവസാനിച്ചു.
“മരിച്ചെന്നു കരുതി കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞതാവും.”
പിറുപിറുത്തുകൊണ്ടെഴുനേറ്റു് കുഞ്ചുണ്ണി പിൻകഴുത്തിൽ തടവി നോക്കി. ചതവും വീക്കവുമുണ്ടു്.
“ഇരുമ്പുവടികൊണ്ടാവും തല്ലിയതു്?”
വെളിച്ചം പരക്കുന്നതിനുമുമ്പു് സ്ഥലം വിടാനാഗ്രഹിച്ചുകൊണ്ടു് നടന്നു. നടക്കുമ്പോൾ യോഗീശ്വരനെപ്പറ്റി ആലോചിച്ചു. തല്ലിക്കൊന്നിരിയ്ക്കുമോ? ഇല്ല, പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലാൻ മാത്രം വങ്കത്തം വാസുമുതലാളിയ്ക്കില്ല. പാലും പഴവും കൊടുത്തു പോറ്റി മുതലെടുക്കും എടുക്കട്ടെ. ഗൗരവുമുള്ള കാര്യങ്ങളൊന്നും ആലോചിയ്ക്കാൻ വയ്യ. ക്ഷീണമുണ്ടു്.
അഭയസ്ഥാനം ‘അശ്വഹൃദയ’മാണു്. ആരും കാണാതെ അകത്തു കയറി മൂടിപ്പുതച്ചു കിടക്കണം.
വിജയദശമിയാഘോഷത്തിന്നു് വെള്ളവീശി നിറം പിടിപ്പിച്ച മതിലുകൾ പലതും പിന്നിട്ടു് തോരണങ്ങളും കുലവാഴകളും കമാനങ്ങളുമുള്ള തെരുവീഥികൾ പിന്നിടു് പതുക്കെ പതുക്കെ നടക്കുമ്പോൾ ആകാശം തെളിയുകയും തലക്കു മുകളിൽ കാക്കകൾ കരഞ്ഞു പറക്കുകയും ചെയ്തു. അകലത്തു് അശ്വഹൃദയം പ്രത്യക്ഷപ്പെട്ടപ്പോൾ എന്നുമില്ലാത്ത ആശ്വാസം അനുഭവപ്പെട്ടു. അതുവരെയുള്ള യാത്ര അത്രയധികം ക്ലേശകമായിരുന്നു. മഹാനഗരത്തെ മുന്നുരു പ്രദക്ഷിണം വെക്കേണ്ട സമയമാണെടുത്തതു്.
ആരെയും കാണാതെ, ആരോടും സംസാരിക്കാതെ വേഗത്തിൽ ചെന്നു കിടക്കണം. അതായിരുന്നു വിചാരം. ശരീരം മുഴുവൻ പരുക്കുകളുണ്ടു്. അന്തേവാസികളിൽ വല്ലവരും കണ്ടാൽ ചോദ്യങ്ങളുണ്ടാവും സഹതാപവും. ആരുടെ സഹതാപവും ആവശ്യമില്ല.
അകലത്തുനിന്നു കുഞ്ചുണ്ണി നടന്നു വരുന്നതു കണ്ടപ്പോൾ ഗുരു തമിഴു് ഭാഷക്കു പരിക്കേല്പിച്ചുകൊണ്ടു ദ്രാവിഡമങ്കയോടു് പറഞ്ഞു.
“റൊമ്പം ജാഗ്രതൈ.”
തുടർന്നു നിർദ്ദേശങ്ങളായിരുന്നു. തികഞ്ഞ പുള്ളിയാണു്. അത്ര വേഗത്തിലൊന്നും പിന്മടങ്ങില്ല. വിശ്വരൂപം കാട്ടി വിരട്ടിയോടിക്കണം.
ദ്രവിഡമങ്ക മുത്തുലക്ഷ്മി ജാഗ്രതപാലിച്ചു വിശ്വരൂപം കാട്ടാൻ തയ്യാറെടുത്തു് വാതിൽപ്പടിയിൽ നിറഞ്ഞുനിന്നു, ലങ്കയുടെ ഗോപുരദ്വാരത്തു പണ്ടു സുരഭിയെന്നപോലെ.
ഇവിടെ ശകലം പൂർവ്വചരിത്രം:
ദുർഗ്ഗാഷ്ടമി രാവിൽ യോഗീശ്വരപാദതിർത്ഥം കിട്ടിയപ്പോൾ കണ്ണൻകുട്ടിമേനോൻ തുടങ്ങിയ അന്തേവാസികൾ വീട്ടിൽ പോവാൻ ധൃതിവെച്ചു. അതുകൊണ്ടു വാശിപിടിച്ചു തീർത്ഥജലമില്ലെങ്കിലും പീറ്ററും പുറപ്പെട്ടു. എല്ലാവരും പോയപ്പോൾ അശ്വഹൃദയത്തിൽ ഏകാന്തത മുറ്റിനിന്നു. ഏകാന്തതയിൽ ഗുരു അല്പനേരം കണ്ണടച്ചിരുന്നു. പിന്നെ വിളക്കണച്ചു് കയറ്റുകട്ടിലിൽ കയറി ഉറങ്ങാൻ കിടന്നു.
എങ്ങും ഇരുട്ടു്. അപ്പോൾ ദ്രാവിഡമങ്ക മുത്തുലക്ഷ്മിയെ ഓർത്തു. അവൾ ഏരിവക്കിലെ പുളിമരച്ചോട്ടിലിരുന്നു് താക്കീതും ഭീഷണിയും മുഴക്കുന്നു. ഇൻലന്റിലെ ഓരോ വാക്കും ശക്തിമത്തായി കാതിൽ വന്നു മുഴങ്ങുന്നു. ഹൃദയത്തിൽ നടുക്കമുണ്ടാക്കുന്നു. വല്ലവഴിക്കും അവളെ സമാധാനിപ്പിച്ചില്ലെങ്കിൽ ജന്മം തുലഞ്ഞതുതന്നെ. അവളുടെ അന്ത്യശാസനം കിട്ടിയതിൽ പിന്നെ പലപ്പോഴും നൃത്തത്തിന്റെ ചുവടു പിഴച്ചിട്ടുണ്ടു്. താളം തെറ്റീട്ടുണ്ടു്.
ഉറക്കം വരാതെ ആലോചിച്ചാലോചിച്ചു കിടന്നു. അപ്പോൾ ഗുരുവിനൊരാശയം പിടികിട്ടി. അശ്വഹൃദയം ഒഴിഞ്ഞുകിടക്കുകയാണു്. അന്തേവാസികൾ തിരിച്ചെത്താൻ ഇനിയും രണ്ടുമൂന്നു ദിവസം കഴിയണം. വേഗത്തിലവളെ വിളിച്ചുകൊണ്ടുവന്നു് കുടിവെച്ചാലെന്തു്? അന്തേവാസികൾ തിരിച്ചുവന്നു നോക്കുമ്പോൾ അശ്വഹൃദയത്തിൽ മുത്തുലക്ഷമിയും കുളന്തകളും വിലസുന്നതു കാണട്ടെ. അന്യായമാണു്, അധർമ്മമാണെന്നൊക്കെ പറയും. അധർമ്മഭീരുവിന്നു മഹാനഗരത്തിൽ വീടില്ലെന്നാണു് പ്രമാണം. കുഴപ്പമൊന്നുമുണ്ടാവില്ല. മുത്തുലക്ഷമിയെക്കണ്ടാൽ എല്ലാവരും ഒഴിഞ്ഞുപോകും. കണ്ണൻകുട്ടിമേനോൻ പാവമാണു് ജയകൃഷ്ണനും മുകുന്ദനും വഴക്കിനു് നിൽക്കില്ല.
കുഞ്ചുണ്ണി!
വിഷപ്പല്ലുപോയാലും കുഞ്ചുണ്ണി പാമ്പാണെന്നകാര്യത്തിൽ ഗുരുവിന്നു സംശയമില്ല. കുഴപ്പമുണ്ടാകും.
സാരമില്ല.
കുഞ്ചുണ്ണി കയർത്തുവരുമ്പോൾ മുത്തുലക്ഷ്മിയെ വിടാം ആഗ്നേയാസ്ത്രത്തിന്നു വരുണാസ്ത്രം!
പിന്നെ ഒരു നിമിഷംപോലും ആലോചിച്ചു പരുങ്ങിയില്ല. ചാടിയെഴുന്നേറ്റു്, കോയമ്പത്തൂരിനെ ലക്ഷ്യം വെച്ചു് പുളിമരത്തണലിനെ ലക്ഷ്യം വെച്ചു് പുറപ്പെട്ടു. പോക്കും വരവും വളരെ ധൃതിയിലായിരുന്നു.
അശ്വഹൃദയത്തിൽ വന്നു കയറിയപ്പോൾ മുത്തുലക്ഷ്മി അലറി.
“ഇതെന്നാ കുതിരലായമാ?”
ഗുരു ആശ്വസിപ്പിച്ചു.
“കോപപ്പെടാതെ കണ്ണേ.”
കണ്ണു് കോപപ്പെടുകയും ഇളകിയാടുകയും ചെയ്തു. തമിഴുനാട്ടിന്നരുമയാന ശകാരപദങ്ങൾ മുഴുവനെടുത്തു പ്രയോഗിച്ചു.
അശ്വഹൃദയത്തിൽ സ്ത്രീ സ്വരം! അതും ശുദ്ധമാന തമിഴിലുള്ള സ്ത്രീസ്വരം. ജഗദീശ്വരയ്യരുടെ വീട്ടിൽ അത്ഭുതമുണ്ടായി. പ്രജകൾ കുട്ടത്തോടെ ഇളകി അശ്വഹൃദയം വളഞ്ഞു.
മുത്തുലക്ഷ്മിയും ജഗദീശ്വരയ്യരുടെ പ്രജകളും തമ്മിൽ ഡയലോഗുകളുണ്ടായി, ചെന്തമിഴിലും കരിന്തമിഴിലും. അപ്പോൾ മുത്തുലക്ഷ്മിയുടെ കോപം ശമിച്ചു. തെരുവിനാശ്വാസം സിദ്ധിച്ചു.
പരിചയപ്പെടലും വേഴ്ചയുറപ്പിക്കലും കഴിഞ്ഞു് തിരിച്ചുപോകുമ്പോൾ ജഗദീശ്വരയ്യരോടു് പൊണ്ടാട്ടി പറഞ്ഞു.
“റൊമ്പം നല്ല അയൽപക്കം താനേ.”
“ആമാം.”
അയ്യർ പ്രതിവചിച്ചു.
മുത്തുലക്ഷ്മിയുടെ കുളന്തകൾ പരിസരമാകെ ഓടിനടന്നു ബഹളമുണ്ടാക്കി. മുത്തുലക്ഷമി അന്തേവാസികളുടെ കിടക്കയും പെട്ടിയും കൂട്ടിക്കെട്ടി വാതിലിന്നടുത്തു വച്ചു. ആർക്കെപ്പോൾ വേണമെങ്കിലും എടുത്തുകൊണ്ടുപോകാൻ സൗകര്യപ്പെടുന്ന മട്ടിൽ…
കുഞ്ചുണ്ണി വേച്ചുവേച്ചു് നടന്നടുക്കുമ്പോൾ ഗുരു, ദ്രാവിഡമങ്കയെ പ്രോത്സാഹിപ്പിച്ചു.
“കണ്ണേ, റൊമ്പം ജാഗ്രതെ.”
കുഞ്ചുണ്ണി നടന്നടുത്തു.
മുത്തുലക്ഷ്മി ഭദ്രകാളി ചമഞ്ഞു് എന്തിന്നും തയ്യാറടുത്തു വാതിൽപ്പടിയിൽ നിന്നു.
ആരോ വാതിൽപ്പടിയിലുണ്ടെന്നു കുഞ്ചണ്ണി മനസ്സിലാക്കി. പിൻകഴുത്തിലെ വേദനനിമിത്തം തലയർത്തിനോക്കാൻ വിഷമമുണ്ടു്. ആരെങ്കിലുമാവട്ടെ. എന്നും നേർത്തെയുണരുന്നതു് കണ്ണൻകുട്ടിമേനോനാണു്. നാശം! എന്തിനീ വാതിൽപ്പടിയിൽ വന്നു നിൽക്കുന്നു!
നൂറു ചോദ്യങ്ങളുണ്ടാവും, മിണ്ടില്ല.
മുഖത്തു നോക്കാതെ കണ്ടഭാവം നടിക്കാതെ തിക്കിത്തിരക്കി അകത്തു കടക്കാൻ ശ്രമിയ്ക്കുന്ന കുഞ്ചുണ്ണി അലർച്ച കേട്ടു.
“എന്നെടാ ഇതു്? പൈത്യമോ?”
അലർച്ച കേട്ടു ഞെട്ടിയ കുഞ്ചുണ്ണി പിൻകഴുത്തിൽ വേദനയുണ്ടായിട്ടും തലയുയർത്തി നോക്കി.
വസൂരിക്കല നിറഞ്ഞ മുഖം, ചിൽപ്പുറ്റുപോലെ മുക്കു്. മൂക്കിനറ്റത്തു് ചുകപ്പു് കല്ലുവെച്ച മുക്കുത്തി. കറുത്തു തടിച്ച ശരീരം. സ്ത്രീസമുദായത്തിന്റെ പക മുഴുവനും വിശ്വരൂപം പൂണ്ടു് വാതിൽപടിയിൽ നിൽക്കുന്നു. അതും അശ്വഹൃദയത്തിന്റെ വാതിൽപ്പടിയിൽ!
സ്വപ്നമാണോ? പിൻകഴുത്തിൽ തല്ലുകൊണ്ടാൽ പുരുഷനെ സ്ത്രീയായി കാണുമോ? മലയാളം തമിഴ് മണക്കുമോ? കണ്ണൻകുട്ടിമേനോൻ മൂക്കുത്തി ധരിക്കുമോ?
സൂക്ഷിച്ചു നോക്കി.
കടും ചുകപ്പിൽ നീല ബോർഡറുള്ള സാരി. കണ്ണൻകുട്ടിമേനോൻ ഒരിയ്ക്കലും സാരി ചുറ്റില്ല. തീർച്ച.
“ഉനക്കെന്നെടാ, പൈത്യമാ?”
അലർച്ച പിന്നേയും കേൾക്കുന്നു. ശങ്കിച്ചനിന്നാൽ പറ്റില്ല. തമിഴിനോടു സാമ്യമുള്ള മലയാളപദങ്ങൾ തിരഞ്ഞെടുത്തു് കുഞ്ചുണ്ണി പ്രയോഗിച്ചു.
“നീയാർ? നിനക്കെന്നവേണം?”
ചോദ്യം കേട്ടു മുത്തുലക്ഷ്മിയുടെ തോക്കിൽനിന്നു് തുരുതുരെ തമിഴുണ്ടകൾ ഉതിർന്നു. കുഞ്ചുണ്ണി മലയാൺമയിലെ അശ്ലീലപദങ്ങളെടുത്തു്. തൊടുത്തു.
ഉഗ്രസമരം.
രണ്ടു ഭാഷകൾ, രണ്ടു സംസ്ക്കാരങ്ങൾ തമ്മിൽ. മലയാൺമ തളർന്നുപോയി. പൊരുതിത്തന്നെ പിന്മാറേണ്ടിവന്നു. ദ്രാവിഡമങ്ക ജയക്കൊടിയുയർത്തി.
കുഞ്ചുണ്ണി മടങ്ങി നടന്നു് നിരത്തിലെത്തിയപ്പോൾ ഗുരു അടക്കിപ്പിടിച്ച സ്വരത്തിൽ മുത്തുലക്ഷ്മിയെ അഭിനന്ദിച്ചു.
“കണ്ണേ, നീതാനല്ലവാ, ആയിരം തലൈവാങ്കിന അപൂർവ്വകല്യാണി.”
“പേശാമയിരി.”
മുത്തുലക്ഷമി താക്കീതു നൽകി. ഉറച്ചുനിന്നു. ശത്രു തിരിച്ചുവന്നാൽ വിരട്ടിയോടിക്കാൻ തയ്യാറെടുത്തുകൊണ്ടു്.
ഏതോ നാടകത്തിലെ സംഘട്ടനാത്മകമായൊരു രംഗം അഭിനയിച്ചൂ തളർന്ന നടനെപ്പോലെ കുഞ്ചുണ്ണി നിരത്തിൽ നിന്നു.
ഒരു ലക്ഷ്യവുമില്ല. എവിടെ പോകണമെന്നോ എന്തു ചെയ്യണമെന്നോ അറിഞ്ഞുകൂട. അവസാനത്തെ പുൽത്തുമ്പാണു് പിടിവിട്ടു പോയതു്. മുങ്ങിച്ചാവുകയാണോ? മനസ്സിനും ശരീരത്തിനും വിശ്രമം വേണ്ട സമയത്തു് അഭയകേന്ദ്രത്തിൽ നിന്നും പുറംതള്ളപ്പെട്ടിരിക്കുന്നു.
ടാപ്പിന്നടുത്തുചെന്നു് തണുത്ത വെള്ളംകൊണ്ടു് മുഖം കഴുകി. കുറച്ചു കുടിയ്ക്കകയും ചെയ്തു. വെള്ളം കുടിച്ചപ്പോൾ ക്ഷീണം വർദ്ധിച്ചു. വിശ്രമിയ്ക്കാനുള്ള കൊതിയും.
എവിടെ പോകും?
ആരൊരഭയം നൽകും?
അങ്ങിനെ അഭയത്തിനുവേണ്ടി യാചിക്കാനൊന്നുമൊരുക്കമില്ല. കാലുകൾ തളരുന്നതുവരെ
നടക്കം.
എന്നിട്ടോ?
തളരുമ്പോൾ വീഴട്ടെ. വീണേടത്തു കിടക്കും.
പിന്നെ…
തല ചുറ്റുന്നുണ്ടോ? ഇനി നടന്നാൽ വീഴുമോ? വീഴും! അവസാനത്തെ വീഴ്ച!
നിരത്തുവക്കിലെ നാഴികക്കല്ലിൽ ചാരിനിന്നു.
കഴിഞ്ഞ കാലത്തെ ജയാപജയങ്ങൾ നിരത്തി വെച്ചാലോചിച്ചു് ജീവിതത്തിലെ വരവുചിലവൊപ്പിച്ചു് ആകത്തുക കണക്കാക്കാനുള്ളാരു ശ്രമം നടത്തി. ഒന്നും ക്രമത്തിലാവുന്നില്ല. കണക്കുകൾ പിഴക്കുന്നു. മനസ്സിന്റെ അടിത്തറയിൽത്തന്നെ ഇളക്കം സംഭവിച്ചിരിയ്ക്കുന്നു. ആലോചിച്ചാൽ ഒരെത്തും പിടിയും കിട്ടില്ല.
ഇത് അവസാനത്തെ നാഴികക്കല്ലാവുമോ?
മരച്ചില്ലകൾക്കിടയിലൂടെ ഇളവെയിലൊഴുകി വന്നു തഴുകിയപ്പോൾ കുഞ്ചുണ്ണിയുടെ കൺപോളകൾ കനം കൂടി. ഉറക്കവും തളർച്ചയും ഒത്തുചേർന്നു കീഴടക്കാനെത്തി.
മോട്ടോർ കാറുകളുടെ ഇരമ്പം കേട്ടു ഞെട്ടി. താഴെ വീഴാതെ കഴിയ്ക്കാൻ നാഴികക്കല്ലിൽ ബലമായി പിടി ച്ചു. പ്രയാസപ്പെട്ട് തല കുറഞ്ഞൊന്നുയർത്തി നോക്കി.
അവഭൃതസ്നാനത്തിനു മുമ്പുള്ള ഘോഷയാത്രയാണു്. നൂറ്റൊന്നു മോട്ടോർ കാറുകൾ പങ്കെടുക്കുന്ന ഘോഷയാത്ര. അതു കടന്നു പോവുന്ന തെരുവുകളിലെല്ലാം കമാനങ്ങൾ കെട്ടിയുയർത്തിയിട്ടുണ്ടു്. ‘വസിഷ്ഠ കമാനം’, ‘വിശ്വാമിത്ര കമാനം’, ‘പുലസ്ത്യ കമാനം’ അങ്ങിനെ പല പല കമാനങ്ങൾ.
വഴിനീളെ താലപ്പൊലിയേന്തിക്കൊണ്ടുള്ള വരവേല്പു്, പുഷ്പവൃഷ്ടി, കതിനവെടി, ഭക്തജനങ്ങളുടെ സങ്കീർത്തനം—
ഘോഷയാത്ര അരിച്ചരിച്ച് മുന്നേറുകയാണ്. കുഞ്ചുണ്ണി സൂക്ഷിച്ചുനോക്കി.
മുമ്പിൽ വാസുമുതലാളിയുടെ മേഴ്സിഡസ് ബെൻസ് പൂമാലകൊണ്ടലങ്കരിച്ചിരിയ്ക്കുന്നു. സാരഥിയുടെ സ്ഥാനത്തു മുതലാളിതന്നെ ഇരിയ്ക്കുന്നു. യോഗീശ്വരൻ പിറകിലെ സീറ്റിൽ ചാരിക്കിടക്കുന്നു. യോഗീശ്വരന്റെ ചുണ്ടിൽ മധുരോദാരമായ പുഞ്ചിരി വിടർന്നു നിൽക്കുന്നു.
“പാവം.” കുഞ്ചുണ്ണി പിറുപിറുത്തു.
’പൊൻമുട്ടയിടുന്ന താറാവു്! ആ പുഞ്ചിരി കൃത്രിമമാണ്. അതിന്റെ പിന്നിൽ മുതലാളിയുടെ ഭീഷണിയും നിർബ്ബന്ധവുമുണ്ട്.
കുഞ്ചുണ്ണിയ്ക്ക് ഉറക്കെ വിളിച്ചുപറയണമെന്നുണ്ട്, നാവു പൊങ്ങുന്നില്ല. “ആ പാവത്തിന്റെ പൂമാലക്കുള്ളിൽ പട്ടുകുപ്പായത്തിനടിയിൽ പേടിച്ചു വിറയ്ക്കുകയും പൊട്ടിക്കരയുകയും ചെയ്യുന്ന ഒരു ഹൃദയമാണുള്ളതു്. അതാരും കാണുന്നില്ലേ. ഇല്ലേ?”
അതാരും കണ്ടില്ല. കാണുകയുമില്ല!
മേഴ്സിഡസ് ബെൻസിനു പിറകിൽ ഇമ്പാല. ഇമ്പാലയ്ക്കു പിറകിൽ കാഡിലാക്കു്. അങ്ങിനെ വിലപിടിപ്പുള്ള അനേകം കാറുകൾ കഞ്ചുണ്ണിയുടെ മുമ്പിലൂടെ നീങ്ങി. മഹാനഗരത്തിലെ എല്ലാ മുതലാളിമാരും പണക്കാരുമുണ്ടു്.
വക്കച്ചൻ?
കുഞ്ചുണ്ണിയ്ക്കു തന്റെ കണ്ണുകളെ വിശ്വസിയ്ക്കാൻ കഴിഞ്ഞില്ല.
വക്കച്ചനു പിറകിൽ ഹാജിയാർ!
ഹാജിയാരുടെ പിറകിൽ വർക്കിച്ചേട്ടൻ!
ഇവിടെ എല്ലാ മതവും സമ്മേളിയ്ക്കുന്നു. എല്ലാ ജാതിയും ഒന്നാവുന്നു! എല്ലാ രാഷ്ട്രീയകക്ഷിയും ഒരുമിയ്ക്കുന്നു.
പാമ്പും കീരിയും പോലെ പടവെട്ടിയവരാണു് വാസുമുതലാളിയും വക്കച്ചനും ആ വക്കച്ചൻ ഘോഷയാത്രയിലകമ്പടിസേവിയ്ക്കുന്നു. വാസുമുതലാളിയുടെ നേതൃത്വം സ്വീകരിച്ചു് വഴിയെ പോകുന്നു.
ഇതാണൈക്യം ഇവിടെയാണൈക്യം!
മഹാപ്രവാഹമേ, നിനക്കു സ്തുതി!
ഒരേ ലക്ഷ്യത്തിലേക്കു നീ ഇവരെ നയിയ്ക്കുന്നു. എല്ലാ മതക്കാരേയും ജാതിക്കാരേയും രാഷ്ട്രീയക്കാരേയും. ഒരേ ലക്ഷ്യത്തിലേയ്ക്കു നീ തെളിയ്ക്കുന്നു. തെളിച്ചടുപ്പിയ്ക്കുന്നു.
നിന്റെ പേർ മുക്തിയെന്നാണോ?
“അല്ല.”
ആലോചന അത്രത്തോളമെത്തിയപ്പോൾ കുഞ്ചുണ്ണിയുടെ ക്ഷമ നശിച്ചു.
“നിന്റെ പേർ മുക്തിയെന്നല്ല. നിന്നെയെനിയ്ക്കു നല്ലപോലെ അറിയാം. നിന്നെ ഞാൻ സ്നേഹിച്ചിട്ടുണ്ടു്. നിന്റെ പിറകെ ഞാൻ നടന്നിട്ടുണ്ടു്. നിനക്കെന്നേയും നല്ലപോലെയറിയാം. നിന്റെ പേർ മുക്തിയെന്നല്ല.”
പണം!
അതാണു് നിന്റെ പേർ. വിവിധ വിശ്വാസികൾ, വിവിധാഭിപ്രായക്കാർ കൈകോർത്തു പിടിച്ചു മുമ്പിലോട്ടു നീങ്ങുന്നു—നിന്നിലെത്താൻ, നിന്നെ സ്വാധീനിയ്ക്കാൻ.
അവസാനത്തെ മോട്ടോർകാർ കടന്നു പോയപ്പോൾ സർവ്വശക്തിയുമുപയോഗിച്ചു കുഞ്ചുണ്ണി എഴുന്നേറ്റു് നിന്നു.
“കുഞ്ചുണ്ണിയുടെ ജീവിതം ഇവിടെ അവസാനിയ്ക്കുന്നില്ല. ഈ മഹാപ്രവാഹം കുഞ്ചുണ്ണിയുടെ കണ്ണിനു് കാഴ്ച നൽകി. ഈ കാലഘട്ടത്തിന്റെ ഹൃദയസ്പന്ദനം ഘോഷയാത്രയിൽ പങ്കെടുത്ത മോട്ടോർകാറുകളുടെ ഇരമ്പത്തിലൂടെ കുഞ്ചുണ്ണി കേട്ടു.”
ഇളംവെയിലിൽ പൊടിപടലം തങ്ങിനില്ക്കുന്ന നിരത്തിൽ കയറിനിന്നു് കുഞ്ചുണ്ണി ഉറക്കെ പറഞ്ഞു.
“മുതലാളീ, നമ്മൾ തമ്മിൽ ഈ നിമിഷം മുതൽ സന്ധിയായിരിയ്ക്കുന്നു—ഇനി നമ്മൾക്കു് വഴക്കില്ല. അടുത്തഘോഷയാത്രയ്ക്കു നൂറ്റിരണ്ടു് കാറുകളുണ്ടാകും. അതിലൊന്നു് കുഞ്ചുണ്ണിയുടേതായിരിയ്ക്കും. കുഞ്ചുണ്ണിതന്നെ ഡ്രൈവു് ചെയ്യും. ഇതു് കഞ്ചുണ്ണിയുടെ പരാജയമായെണ്ണരുതു്.”
പണക്കാരന്നു് ജയവും തോൽവിയുമില്ല. നിങ്ങളെപ്പോലെ ഞാനും എന്റെ ലക്ഷ്യം കണ്ടെത്തിയിരിയ്ക്കുന്നു.
നെറ്റിയിലല്പം ഭസ്മം. ചുണ്ടത്തിത്തിരി നാമ സങ്കീർത്തനം. കുഞ്ചുണ്ണി അതന്വേഷിയ്ക്കുകയാണു്.
മഹാപ്രവാഹമേ നിനക്കു സ്തുതി.
ഈ കാലഘട്ടത്തിന്റെ മുഖമുദ്രവേണ്ടുവോളം നിന്നിൽ പതിഞ്ഞിട്ടുണ്ടു്. കുഞ്ചുണ്ണിയുടെ ജീവിതത്തിലെ നാലാമങ്കത്തിന്റെ വിജയം നീയാണു് കുറിയ്ക്കേണ്ടതു്.