ജീവിതത്തിന്റെ നാലാമങ്കം തുടങ്ങുന്നു.
ചുവപ്പ് മുണ്ടും മഞ്ഞ ജുബ്ബയും പച്ചത്തലയിൽ കെട്ടും അപ്രത്യക്ഷമായി. ക്ലീൻ ഷേവ്, ക്ലോസ് ക്രോപ്പ്. വെള്ളമുണ്ട്, വെള്ള ജുബ്ബ, ഡയറി, ധാരാളം മഷികൊള്ളുന്ന ഫൗണ്ടൻപേന.
ചെറുകിട കവിയും, ഗാനരചയിതാവും നാടകകൃത്തും പത്രപ്രവർത്തകനും എല്ലാമായി മഹാനഗരത്തിന്റെ മറ്റൊരു ഭാഗത്ത് ജീവിതമാരംഭിക്കുന്നു.
“കയ്യേറ്റം നിർത്തുമോ? അധികൃതർ ശ്രദ്ധിക്കുമോ?”
മഹാനഗരത്തിലെ ദിനപ്പത്രങ്ങളിൽ അവിടെയുമിവിടെയും ചില ആക്ഷേപങ്ങളങ്ങിനെ പ്രത്യക്ഷപ്പെടുന്നു, കുഞ്ചുണ്ണിയുടെ പേരിൽ.
പോര, ജീവിയ്ക്കാനതൊന്നും പോരാ.
വല്ലതും സ്ഥിരമായ തൊഴിൽ കണ്ടു പിടിക്കണം
അന്വേഷിച്ചു. പല പത്രമാപ്പീസുകളിലും കയറിയിറങ്ങി.
ആർക്കും വേണ്ട. ജീവിക്കണമല്ലൊ. അന്വേഷണം തുടർന്നുകൊണ്ടിരുന്നു. അപ്പോഴാണു് സിംഹഗർജ്ജനത്തിന്റെ ഒരു പ്രതി കയ്യിലെത്തുന്നത്. സ്വാദോടെ വായിച്ചു.
ഡോക്ടർമാരെപ്പറ്റി, രോഗികളെപ്പറ്റി ആക്ഷേപം. കോളേജ് കുമാരികളെപ്പറ്റി അപവാദം. പൂരപ്പാട്ട്.
സബാഷ്!
ഇവനല്ലേ ശിങ്കം? ഈ ഗർജ്ജനമല്ലേ ഗർജ്ജനം!
സിംഹഗർജ്ജനത്തിന്റെ പത്രാധിപരെ തേടി നടക്കലായി പിന്നെ.
ഗന്ധംപോലുമില്ല.
ദിവസങ്ങൾ നീണ്ടുപോകുന്നു. പട്ടിണി പെരുകുന്നു. നടക്കാനുള്ള ശേഷി കുറയുന്നു!
എന്നിട്ടും നടന്നു. ‘സിംഹഗർജ്ജന’ത്തിന്റെ പത്രാധിപരായ മഹാശയനെവിടെ? അവധൂതൻ ഈശ്വരനെ തേടും പോലെ, പട്ടിണി കിടന്നും പ്രാഞ്ചിക്കിതച്ചു നടന്നും അന്വേഷിച്ചു.
പ്രധാനവീഥികൾ വിട്ട് ഇടവഴികളിലേക്കും കുറുക്കുനിരത്തുകളിലേക്കും ക്രമേണ അന്വേഷണം തിരിച്ചുവിട്ടു.
ഒരു ദിവസം, പരുന്തുകളും കാക്കകളും വട്ടമിട്ടു പറക്കുന്ന മത്സ്യമാർക്കറ്റിന്റെ പിറകിലെ കുണ്ടുംകുഴിയും നിറഞ്ഞ റോഡിലൂടെ നടക്കുമ്പോൾ ഭാഗ്യോദയംപോലെ ആ ബോർഡ് മുമ്പിൽ തുങ്ങുന്നു, ഒരു ചായപ്പീടികയുടെ മുകളിൽ!
“സിംഹഗർജ്ജനം—പ്രഭാത ദിനപ്പത്രം”
സന്തോഷമായി. മുകളിലേക്കു കയറാനുള്ള മാർഗ്ഗമന്വേഷിച്ച് പീടികയുടെ പിറകുവശത്താവും കോണിയെന്നു സങ്കല്പിച്ച് നടന്നു. കപ്പത്തൊട്ടിയുടെ ചീഞ്ഞളിഞ്ഞ നാറ്റം സഹിച്ചുകൊണ്ടതിനെ വലംവെച്ചു. അല്പംകൂടി നടന്നപ്പോൾ ഇടതൂർന്ന് നിൽക്കുന്ന മൈലാഞ്ചിക്കാട്. അതു് നൂണ്ടു കടന്നപ്പുറമെത്തിയപ്പോൾ സങ്കല്പം പിഴച്ചില്ലെന്നു മനസ്സിലായി.
കോണി കണ്ടു. വളരെ പഴയതാണു്. പല്ലുപോയ വായപോലെ നിൽക്കുന്നു. പടവുകൾ മുക്കാലും ദ്രവിച്ചു വീണുപോയിരിക്കുന്നു. ആ കോണിയിലൂടെ കയറി മുകളിലെത്തുകയെന്ന കാര്യം മനുഷ്യസാധ്യമല്ല.
കടുത്ത നിരാശ! നീണ്ട നാളുകളിലൂടെയുള്ള അന്വേഷണം പാഴായിപ്പോയല്ലോ എന്ന വിചാരം. പത്രാധിപർ മുകളിലുണ്ടെങ്കിൽ ഒന്നു വിളിച്ചുവരുത്തി കണ്ടു കളയാമെന്ന വിചാരത്തോടെ കോണിയുടെ അടുത്തേക്കു നീങ്ങി.
അപ്പോഴാണു് വലിയൊരു സത്യം കണ്ടെത്തുന്നത്. കോണിയ്ക്കു സമാന്തരമായി ഒരു കയർ തൂങ്ങിക്കിടക്കുന്നു. പിടിച്ചഭ്യാസം കാണിച്ച് മേലോട്ട് കയറാനാവും. ബലമുണ്ടോ എന്നറിയാൻ കയറു പിടിച്ചൊന്ന് വലിച്ചു നോക്കി. അപ്പോൾ അതിന്റെ മറ്റേ അറ്റത്തുനിന്നൊരു മണി കിലുങ്ങി. അർത്ഥം മനസ്സിലായില്ല. ബലമുണ്ട് തീർച്ച.
പിടിച്ചു പതുക്കെ മേലോട്ടുള്ള പ്രയാണമാരംഭിച്ചു.
കയറിന്റെ ചലനത്തിനനുസരിച്ചു് മണി കിലുങ്ങിക്കൊണ്ടിരിക്കുന്നു!
“ആരെടാ വലിഞ്ഞു കയറുന്നത്?”
സിംഹഗർജ്ജനം തന്നെ. തലപൊക്കി നോക്കി ഗർജ്ജനത്തിനു പിറകെ ചെല്ലിച്ച് നീണ്ടൊരു മനുഷ്യൻ പ്രത്യക്ഷപ്പെടുന്നു. കയ്യിൽ നിവർത്തിപ്പിടിച്ചൊരു കത്തിയുണ്ട്. വെയിൽനാളംപോലെ തിളങ്ങുന്ന അതിന്റെ അലക് കയറിൽ ചേർത്തുവെച്ച് ആ മനുഷ്യൻ പിന്നെയും ഗർജ്ജിച്ചു.
“ഉം! ഇറങ്ങിപ്പോകാൻ. ഇല്ലെങ്കിൽ ഈ കയററുത്തുകളയും”
വലഞ്ഞല്ലോ ഭഗവാനേ!
“എനിക്കു പത്രാധിപരെയൊന്നു കാണണം”
“വേണ്ട”
“ഞാനൊരു പാവമാണു്.”
“നല്ലത്! പോടാ.”
“അങ്ങോട്ടു കയറി വന്നിട്ട് വേണമെങ്കിൽ എന്റെ കഴുത്ത് കണ്ടിച്ചോളൂ. എനിക്കിങ്ങനെ അധികനേരം തൂങ്ങിനിൽക്കാൻ വയ്യ.” മറുപടി പറയാനിടകൊടുക്കാതെ കുതിച്ചു മേലോട്ടു് കയറാൻ തുടങ്ങി.
കയററ്റു വീണില്ല. ആപത്തൊന്നും സംഭവിച്ചില്ല. ചായപ്പീടികയിലെ പുകപിടിച്ച്, കരിമ്പടത്തിന്റെ നിറംപൂണ്ട ചുമരുകൾ. മണ്ണും പൊടിയും നിറഞ്ഞനിലം.
അവിടവിടെ കടലാസ്സ് കൂമ്പാരം. ഇരിപ്പിടമെന്ന നിലയിൽ ഒരു പീഞ്ഞപ്പെട്ടി മാത്രം. ഗർജ്ജനത്തിന്റെ ഉടമസ്ഥൻ ആ പീഞ്ഞപെട്ടിയിലിരിക്കുന്നു. നിവർത്തിയ കത്തി കയ്യിൽത്തന്നെയുണ്ടു്.
“പത്രാധിപരാണോ?”
മറുപടിയില്ല. തടിച്ച ചില്ലുള്ള കണ്ണടക്കടിയിൽ നിന്നു തുറിച്ചു നോക്കുന കണ്ണിനു വാത്തുമുട്ടയുടെ വലുപ്പമുണ്ടെന്നു തോന്നി. വീതി കൂടിയ നെറ്റിയും, സുമേരിയൻ താടിയെല്ലും, കുത്തനെ നിൽക്കുന്ന നരച്ച തലമുടിയും. ആകപ്പാടെ അസാധാരണത്വം ദ്യോതിപ്പിക്കുന്നൊരു മനുഷ്യൻ. എന്താണിങ്ങിനെ മിഴിച്ചു നോക്കുന്നത്? ചോദ്യത്തിനുത്തരം പറഞ്ഞില്ലല്ലോ. പറയാതെ ഇനിയുമെങ്ങിനെ വല്ലതും ചോദിക്കും?
അസഹനീയമായ നിശ്ശബ്ദത!
എത്രനേരമിങ്ങിനെ നിൽക്കും! വല്ലതും ചോദിച്ചാലോ? ആ കത്തി കാണുമ്പോൾ ശരീരമാകെ രോമം എണീറ്റ് നിൽക്കുന്നു. അല്പമെന്തെങ്കിലുമൊന്ന് പിഴച്ചാൽ കത്തികൊണ്ടുള്ള മരണമോ കീഴോട്ടു ചാടി ഊര തകർക്കലോ വേണ്ടിവരും. രക്ഷപ്പെടാനുള്ള മാർഗ്ഗമില്ല. പരുങ്ങി നിന്നു.
“എന്താ വേണ്ടതു് ?”
ഗർജ്ജനം.
“ഞാനൊരു പത്രപ്രവർത്തകനാണു്.”
ഒറ്റവീർപ്പിൽ ഒരുപാടു കാര്യങ്ങൾ പറയാൻ തുടങ്ങി.
“സിംഹഗർജ്ജനം വായിച്ച് ഞാൻ തളർന്നുപോയി. അച്ഛനാണേ, എന്നെ ഇത്രയും ആകർഷിച്ചൊരു പത്രമില്ല. ഇന്നാട്ടിലെ സ്ത്രീകളും പുരുഷന്മാരും ഉദ്യോഗസ്ഥന്മാരും ഗവർമ്മേണ്ടും ഇതുകൊണ്ടു നന്നായില്ലെങ്കിൽ അവർ പോയി ആത്മഹത്യ ചെയ്യേണ്ടിവരും തീർച്ച. സിംഹഗർജ്ജനത്തിന്റെ ഗുണങ്ങൾ വർണ്ണിക്കാനെനിക്കു വാക്കുകളില്ല. അസ്സലാണു്, ഒന്നാന്തരമാണ് പരമസുന്ദരമാണു്, വീരേതിഹാസ”…
“നിർത്തു്”
ഗർജ്ജനം! തുടർന്നു് സിംഹഗർജ്ജനത്തിന്റെ നാലഞ്ചു് ലക്കങ്ങളെടുത്ത് മുഖത്തേക്കു വലിച്ചെറിഞ്ഞു തരുന്നു.
ആർത്തിയോടെ വായിച്ചു.
പെണ്ണുങ്ങൾക്കപവാദം.
ആണുങ്ങൾക്കപവാദം!
ഗവർമ്മേണ്ടിനു ശകാരം!
പൊതുജനങ്ങൾക്കു ശകാരം!
പുലഭ്യം.
പൂരപ്പാട്ട്!!
വായിയ്ക്കുംതോറും വായിൽ വെള്ളമൂറി! നിലത്തെ വൃത്തികേടും പൊടിയും കണക്കാക്കാതെ, ചെല്ലിച്ച നീണ്ട ആ മനുഷ്യന്റെ മുമ്പിൽ സാഷ്ടാംഗം നമസ്ക്കരിച്ചു.
“മഹാത്മാവേ അങ്ങാണെന്റെ ആചാര്യൻ”
“വത്സാ, എഴുന്നേൽക്കൂ! മംഗളം ഭവിയ്ക്കട്ടെ.”
“മീനായതും കൂർമ്മമതായതും നീ, നൂനം വരാഹാകൃതി പൂണ്ടതും നീ!”
“ആശ്വസിയ്ക്കൂ വത്സാ”
“ഞാനൊരു പാവമാണാചാര്യാ! ആർക്കും ഒരുപദ്രവം ചെയ്യാതെ നടക്കുന്നവൻ! ആക്ഷേപത്തിലൂടെ, ശകാരത്തിലൂടെ ഈ നാടു നന്നാക്കാമെന്നു വിചാരിച്ച് വീടും കുടുംബവുമുപേക്ഷിച്ച് നാടു തെണ്ടാനിറങ്ങിയവൻ. അങ്ങെന്നെ ശിഷ്യനായി സ്വീകരിച്ചനുഗ്രഹിയ്ക്കണം”
ഡയറിയിൽനിന്നു് ആക്ഷേപത്തിന്റെയും ശകാരത്തിന്റെയും നാലഞ്ചു് മോഡലുകളെടുത്തു് ഗുരുദക്ഷിണനടത്തി.
തടിച്ച ചില്ലുകളുള്ള കണ്ണടയുണ്ടായിട്ടും കടലാസ്സിൽ മൂക്കു മുട്ടിച്ചാണു് വായന. വായിയ്ക്കുംതോറും ആചാര്യന്റെ മുഖത്തു് സംതൃപ്തി കൂടിക്കൂടി വരുന്നു.
“വത്സാ, നീ തന്നെ നമ്മുടെ ശിഷ്യൻ!”
രണ്ടുപേരും ഗാഢാശ്ലേഷത്തിൽ അലിഞ്ഞുചേർന്നു. ചായപ്പീടികയിൽ പപ്പടവട പൊരിയ്ക്കുന്നതിന്റെ രൂക്ഷഗന്ധം ആസ്വദിച്ചുകൊണ്ട് രണ്ടുപേരും വളരെനേരം കെട്ടിപ്പിടിച്ചു നിന്നു.
ജീവിതത്തിനുള്ള മാർഗ്ഗം കണ്ടെത്തി.
ഗുരു പത്രപ്രവർത്തനരഹസ്യം ഉപദേശിച്ചു കൊടുത്തു.
“വളരെ കരുതലോടെ പെരുമാറണം. ആൾമാറാട്ടം ശീലിയ്ക്കണം. പത്രം പുറത്തിറങ്ങിയാൽ അതിന്റെ പ്രതികരണമെന്തെന്നറിയുന്നതുവരെ എവിടെയെങ്കിലുമൊളിച്ചു കൂടണം. കോണിയുടെ രഹസ്യം മനസ്സിലായില്ലേ? പടവുകളത്രയും ഞാൻ പിഴുതുകളഞ്ഞതാണു്. കയറിന്നറ്റത്തുള്ള മണിയുടെ സൂത്രം മനസ്സിലായില്ലേ? ഈ കത്തിയുടെ ഉപയോഗം മനസ്സിലായില്ലേ? ഇനി ഒന്നുകൂടിയുണ്ടു്.”
ഗുരു ജാലകത്തിനടുത്തേക്കു നീങ്ങി. ഒപ്പം ചെന്നു.
‘സിംഹഗർജ്ജനം പ്രഭാത ദിനപത്ര’മെന്നെഴുതിയ ബോർഡിന്റെ പിറകുവശം ചൂണ്ടിക്കാട്ടി. അവിടെ എഴുതിവെച്ചതു വായിച്ചു.
“കാസശ്വാസം, കുഷ്ഠം, അർശസ്സ്, പ്രമേഹമെന്നീ മാറാവ്യാധികൾക്കു ഫലപ്രദമായ ചികിത്സ”
ആചാര്യൻ ചിരിച്ചു.
“കാലത്തഞ്ചരമണിയ്ക്കു സിംഹഗർജ്ജനം പുറത്തിറങ്ങും. ഉടനെ ബോർഡ് തിരിച്ചുവെക്കും. ഉച്ച തിരിയുന്നവരെ പിന്നെ ആരു വന്നുനോക്കിയാലും ഇത് ചികിത്സാലയമാണു്. വല്ല കുഴപ്പവുമുണ്ടെങ്കിൽ ഉച്ചയ്ക്കുമുമ്പറിയാം. ഇല്ലെന്നു മനസ്സിലായാൽ ഉച്ചതിരിഞ്ഞ് ബോർഡ് തിരിച്ചുതൂക്കും.
“സിംഹഗർജ്ജനം—പ്രഭാത ദിനപ്പത്രം.”
ആചാര്യനുമായി കരാറിലേർപ്പെട്ടു.
മഹാനഗരത്തിലെ ഗസ്റ്റപ്പോ! സ്ഥിരമായൊരു വരുമാനമുണ്ടാവുമെന്നു തീർച്ചയായപ്പോൾ ജീവിതത്തിനു് തിളക്കം കൂടി.
കാണിച്ചുകൊടുക്കാം!
മഹാനഗരത്തെ വിറപ്പിച്ചു കളയാം.
ശാരീ, ഞാൻ മരിച്ചിട്ടില്ല. മരിയ്ക്കുകയുമില്ല. എന്റെ തിരിച്ചുവരവുണ്ടാവും. സൂക്ഷിച്ചോ!…
ബൂട്ട്സിട്ട കാലുകൾ സിമന്റുതറയിൽക്കൂടി അമർത്തിവിട്ടി നടക്കുന്ന ശബ്ദം കേട്ടു് കുഞ്ചുണ്ണി ഞെട്ടി. മയക്കത്തിൽ നിന്നുണർന്നു. ലോക്കപ്പ് മുറി നിറച്ചുവെളിച്ചം വീണു കിടക്കുന്നു. ഇരുമ്പഴി വാതിലുകൾക്കപ്പുറം വരാന്തയിൽ ഒരു പെട്രോമാക്സ് കത്തിച്ചു വെച്ചിരിക്കുന്നു.
പോലീസ്സ് ലോക്കപ്പിൽ പെടുന്നതു് നടാടെയാണു്. അതിന്റെ ഭൂമിശാസ്ത്രമൊന്നും നിശ്ചയമില്ല. എഴുന്നേറ്റിരുന്നു് ചുറ്റുപുറവും കണ്ണോടിച്ചു. നല്ല വൃത്തിയുള്ള ഉയർന്ന ചുമരുകൾ. സിമന്റു തേച്ചു മിനുസമാക്കിയ വിശാലമായ മുറി. ‘അശ്വഹൃദയ’വുമായി തട്ടിച്ചു നോക്കുമ്പോൾ കുഞ്ചുണ്ണിയുടെ നാക്കിൽ കവിത നൃത്തംവെച്ചു.
“നീ താജ്മഹലല്ലോ സുന്ദരി.’
കുഞ്ചുണ്ണി ലോക്കപ്പ് മുറിയെ കലശലായി സ്നേഹിച്ചു. അനുരാഗം വന്നപോലെ.
“അടുക്കളയും കിടപ്പുമുറിയും സ്വീകരണമുറിയും എല്ലാം ഒരേയൊരു കേന്ദ്രബിന്ദുവിലൊതുക്കി നിർത്തുന്ന അശ്വഹൃദയമേ, നീ നരകമാകുന്നു.”
അവിടെ കിടന്നു് നരകിയ്ക്കുന്ന കൂട്ടുകാരെച്ചൊല്ലി കുഞ്ചുണ്ണി അതികഠിനമായി ദുഃഖിച്ചു.
“കണ്ണൻകുട്ടി മേന്നേ, അശ്വഹൃദയത്തിലെ അന്തേവാസികളായ നാം മനുഷ്യരല്ല. അവിടെ, ആ വൃത്തികേടിൽ, ദുർഗ്ഗന്ധത്തിൽ കനത്ത വാടകയും കൊടുത്തു താമസിയ്ക്കുന്ന നാം പുഴുക്കളാണു്. ഞാനീ ലോക്കപ്പ് മുറിയിൽ മനുഷ്യനെപ്പോലെ നീണ്ടു നിവർന്നു് കിടന്നു് സുഖമായൊന്നുറങ്ങി.
സഹോദരന്മാരേ, ഇവിടെ കടന്നു കൂടാൻ കഴിഞ്ഞാൽ പാർപ്പിടക്ഷാമം പിന്നെയൊരു പ്രശ്നമല്ല. കടന്നു കൂടാൻ കുറഞ്ഞൊരു വിഷമമുണ്ടെന്നു് സമ്മതിയ്ക്കുന്നു. ഒരടി, ഒരിടി, പിന്നെ കഴുത്തിൽ പിടിച്ചൊരു തള്ള്. ഇത്രയും സഹിയ്ക്കേണ്ടിവരും. സഹിച്ചാലോ? പിന്നെ, അദ്വൈതം, ശിവം, ശാന്തം!! ഏക ചാരുകസേരയ്ക്കുള്ള വഴക്കാവശ്യമില്ല. ആറോ എട്ടോ കിടയ്ക്കകൾ നിവർത്തി വിരിയ്ക്കാം, അതും വിട്ടുവിട്ടു്. നിങ്ങളെല്ലാവരോടും കൂടിയാണു് ഞാൻ പറയുന്നതു് ഒരു ന്യൂയിസ്സൻസ് കേസ്സെങ്കിലുമുണ്ടാക്കി ഒന്നിവിടെ കടന്നു കൂടാൻ ശ്രമിയ്ക്കൂ! ഒരു രാത്രിയങ്കിലും മനുഷ്യരെപ്പോലെകഴിയ്ക്കാം.”
ഇരുമ്പുവാതിൽ തുറക്കുന്ന ശബ്ദം.
ആരായിരിയ്ക്കും, എന്തിനായിരിയ്ക്കും?
അറസ്റ്റ് ചെയ്ത് ലോക്കപ്പിൽ തള്ളിയവരെ രാത്രിയുടെ നിശ്ശബ്ദയാമങ്ങളിൽ മർദ്ദിയ്ക്കുമെന്ന് കേട്ടിട്ടുണ്ട്. മർദ്ദിയ്കാനായിരിയ്ക്കുമോ? എന്തുകൊണ്ടായിക്കൂടാ?
കുഞ്ചുണ്ണി കാലുകൾ മടക്കി, മുട്ടുകൾക്കിടയിൽ തല തിരുകി ഒട്ടകപ്പക്ഷിയെപ്പോലെ കുനിഞ്ഞിരുന്നു. മർദ്ദിയ്ക്കുമ്പോൾ കണ്ണും മൂക്കും പല്ലുമൊന്ന് രക്ഷിച്ചെടുക്കണം. ഒഴിഞ്ഞു കിടക്കുന്ന പുറത്ത് തല്ലുകയോ ചവുട്ടുകയോ എന്തു വേണമെങ്കിൽ ചെയ്യട്ടെ.
കാൽപെരുമാറ്റം അടുത്തുവരുന്നു. ഹൃദയം കഠിനമായി മിടിയ്ക്കുന്നു.
“നമസ്ക്കാരം!”
ദുഷ്ടൻ! നമസ്ക്കാരം പറഞ്ഞിട്ടാവും മർദ്ദനം. തലപൊക്കില്ല. മിണ്ടില്ല.
“എന്താ തലവേദനയുണ്ടോ?”
ഉണ്ടെന്നു പറഞ്ഞിട്ടുവേണം തലയ്ക്കു തന്നെ ചാമ്പാൻ.
“എന്നെ അറിയില്ലേ?”
സ്വന്തം അളിയനാണ്! കേൾക്കണ്ട.
“വല്ലതും കഴിയ്ക്കണോ?” എന്തൊരു സ്നേഹപ്രകടനം!
“ഇനിയിന്നു ഊണൊന്നും കിട്ടില്ല. നേരം താമസിച്ചുപോയി. ചായ വേണമെങ്കിൽ വരുത്തിയ്ക്കാം.”
ചായ കുടിയ്ക്കാൻ തല പൊക്കുമ്പോൾ കണ്ണിന്റെ റാന്തൽ പൊളിയ്ക്കണമല്ലേ? ദുഷ്ടൻ! ചായയല്ല അമൃത് തന്നെ തന്നാലും തലപൊക്കില്ല. വേണമെങ്കിൽ പുറത്തു കുറെ തല്ലീട്ടു പോ.
“സാറെന്നോടു് വിരോധം ഭാവിയ്ക്കരുതു്. സേർച്ച് പാർട്ടിയിൽ ഞാനുണ്ടെങ്കിൽ ഇങ്ങനെയൊന്നും വരില്ലായിരുന്നു.”
സത്രത്തിന്റെ മുറ്റത്തുവെച്ചു തന്നെ കൊല്ലുമായിരുന്നു ഇല്ലേ?
“ഏതായാലും ഇങ്ങിനെയൊക്കെ വന്നില്ലേ? ഞാനൊരുപായം പറയാം. സാറൊന്നു തലപൊക്കിയാട്ടെ.”
അത്രത്തോളമായപ്പോൾ വിശ്വാസം തോന്നി മർദ്ദിക്കാനാവില്ല. തലപൊക്കിനോക്കി. ചിരിക്കുന്നു.
“ഇതൊക്കെ പരുഷന്മാർക്കു വെച്ചതാണു് സാറേ”.
“ഏതൊക്കെ?”
“സാറ് കളിവിടു്. ഇത്തിരി സൊബാവദൂഷ്യമൊക്കെ ആണായാൽ വേണം.”
കുഞ്ചുണ്ണിയുടെ ഉള്ളിൽനിന്നു് ഒരു കൊടുങ്കാറ്റ് വേലിപൊളിച്ചു പുറത്തുചാടി. വ്യഭിചാരക്കുറ്റം ചുമത്തിയാണില്ലേ പിടികൂടിയതു്.
“വാസു മുതലാളിയെ അറിയില്ലേ?” ശത്രുവിനെപ്പറ്റി ചോദിക്കുന്നു.
“അറിയും.”
“നല്ല മനുഷ്യനാണു്.”
ഇതവന്റെ വേലയാണോ?
“കടലാസ്സും പെന്നുമിതാ. മുതലാളിക്കു് ഒരു കത്തെഴുതി തന്നാൽ ഇന്നു രാത്രി തന്നെ ഞാനെത്തിച്ചുകൊടുക്കാം.”
“എന്തിന്നു്?”
“വന്നു ജാമ്യത്തിലെടുക്കാൻ പറഞ്ഞാൽ ആരുമറിയാതെ കാലത്തെ പുറത്തുകടക്കാം. അദ്ദേഹം സഹായിക്കും തീർച്ച. നല്ല മനുഷ്യനാണു്.”
മിണ്ടിയില്ല. കാര്യം തികച്ചും വ്യക്തമായി. വാസുമുതലാളി വീശിയ വലയിലാണു് വീണതു്. ശരി. കണ്ടോളം.
“എന്താ മിണ്ടാത്തതു്?”
“ഒന്നൂല്ല.”
ശബ്ദത്തിൽ അമർഷമുണ്ടായിരുന്നു. വാസുമുതലാളിയുടെ നഖചിത്രം പല തവണ സിംഹഗർജ്ജനത്തിൽ വരച്ചു കാട്ടീട്ടുണ്ടു്. ഇതാ, നമ്പർ വൺ ശത്രുവെന്നു് പൊതുജനങ്ങൾക്കു് ചൂണ്ടിക്കൊടുത്തിട്ടുണ്ടു്.
മുതലാളി ആദ്യം ഭീഷണിയുംകൊണ്ടു് പുറപ്പെട്ട് റൗഡികളെക്കൊണ്ടു് തല്ലിക്കും. കഴുത്തു ഞെക്കി കൊന്നു് കടലിലെറിയും. അങ്ങിനെ പലതും. ഭീഷണി ഭീരുക്കളുടെ ലക്ഷണമാണെന്നു മനസ്സിലാക്കി. ഒരു പുഞ്ചിരിയോടെ പറഞ്ഞു:
“അതു കയ്യിലിരിക്കട്ടെ മുതലാളി”.
പിന്നേയും രൂക്ഷമായെതിർത്തു. കൂടുതൽ കുടുപ്പമുള്ള വാക്കുകളും വാചകങ്ങളുമെടുത്തു പ്രയോഗിച്ചു. അപവാദത്തിന്റെ മണം പുരട്ടി. അപ്പോൾ മുതലാളി പ്രലോഭനവുംകൊണ്ടു പുറപ്പെട്ടു.
“ഗോഡൗൺ മനേജരാക്കാം.”
“പുല്ലു്.”
പിന്നെ നോട്ടുകെട്ടുമായി ദൂതൻ വന്നു. വാങ്ങി എണ്ണി നോക്കി. മനസ്സിൽ പിടിച്ചില്ല.
“സമയമായില്ലെന്നു പറയൂ.”
പണ്ടു് വാസവദത്തയുടെ തോഴിയോടു് ഉപഗുപ്തൻ പറഞ്ഞ അതേ മറുപടി. ഒരു കമ്പുകൂടി കയറിയാൽ നിലവാരം വർദ്ധിക്കും തീർച്ച.
പക്ഷെ, സംഗതി മറ്റൊരു വഴിയ്ക്കു തിരിഞ്ഞിരിക്കുന്നു. പാമ്പിന്റെ പകയാണു് മുതലാളിയ്ക്കു്.
“വാസു മുതലാളി വിചാരിച്ചാൽ ഇന്നു രാത്രിതന്നെ ലോക്കപ്പിൽനിന്നു കടക്കാം. ഇല്ലെങ്കിൽ സ്ഥിതിയാകെ വഷളാവും.”
“എങ്ങിനെ?”
“രാവിലെ മജിസ്ത്രേട്ടിന്റെ മുമ്പിൽ ഹാജരാകും. കൂടെ ഇക്കണ്ട തെരുവുപെണ്ണുങ്ങളത്രയുമുണ്ടാവും. കത്തെഴുതിത്തരുന്നതാണു് നല്ലതു്.”
“ഇല്ല. കത്തെഴുതുന്നില്ല. നാളെ മജിസ്റ്റ്രേട്ടിന്റെ മുമ്പിൽ പോയ്ക്കൊള്ളാം.”
വാസു മുതലാളിയോടുള്ള അമർഷം മുഴുവനും ശബ്ദത്തിൽ പ്രതിഫലിച്ചിരുന്നു.
കാൽപെരുമാറ്റം അകന്നകന്നു പോകുന്നു.
നാളെയല്ലെങ്കിൽ മറ്റന്നാൾ പുറത്തു കടക്കും തീർച്ചയാണു്. വ്യഭിചാരനിരോധക്കുറ്റം ചുമത്തിയവരെ ഇന്നോളം ആരേയും തൂക്കീട്ടില്ല.
“കണ്ടോളാം മുതലാളീ, വഴിപോലെ കണ്ടോളാം.”
പല്ല് കടിച്ചുകൊണ്ടു് കുഞ്ചുണ്ണി പിറുപിറുത്തു തെരുവുസുന്ദരികളോടൊപ്പം പ്രതിക്കൂട്ടിൽ നിൽക്കേണ്ട കാര്യമോർത്തപ്പോൾ കുഞ്ചുണ്ണി ആകെ തളർന്നു. വല്ലാതെ ഒരിടത്തു കിടന്നു.
വാതിലടയുന്ന ശബ്ദം.
ലോക്കപ്പിന്റെ വാതിൽ മാത്രമല്ല, എല്ലാ വാതിലുകളും അടയുംപോലെ തോന്നി. രക്ഷപ്പെടാൻ പഴുതില്ലാത്തവിധം.
ലോക്കപ്പു മുറിയുടെ നാലുചുമരുകളും ചുരുങ്ങി ചുരുങ്ങി തന്നിലേക്കടുക്കുന്നു. ക്രമേണ അതൊരു വലിയ ശവപ്പെട്ടിയുടെ ആകൃതി കൈക്കൊള്ളുന്നു. പതുക്കെ പതുക്കെ ഭൂമിയുടെ അടിത്തട്ടിലേക്കു താഴുന്നു.
അശ്വഹൃദയമേ വിട! കൂട്ടുകാരേ വിട!