ഏഴര വെളുപ്പിന്നു് പൂവൻകോഴികളൊടൊപ്പം കുഞ്ചുണ്ണിയും ഉണർന്നു കൂകുന്നു. എന്നുവെച്ചാൽ കോട്ടു വായിടുന്നു. അതു കേട്ടു് അശ്വഹൃദയത്തിലെ പൗരന്മാർ ഞെട്ടിത്തെറിയ്ക്കുന്നു. ജഗദീശ്വരയ്യരുടെ പൊണ്ടാട്ടി കൊളന്തകളെ നുള്ളിയുണർത്തി കർമ്മരംഗത്തിറക്കുന്നു. കുഞ്ചുണ്ണി ഒന്നുമറിയാത്തപോലെ, ഒന്നും സംഭവിക്കാത്തപോലെ മറുവശം ചരിഞ്ഞുകിടന്നു് കൂർക്കംവലിച്ചു് പിന്നെയും നിർവ്വികല്പസമാധിയിൽ ലയിയ്ക്കുന്നു. എന്നും അങ്ങിനെയാണു് പതിവു്.
ആ പതിവ് ലോക്കപ്പിൽവെച്ചും ആവർത്തിച്ചു.
“ഷട്ടപ്പ്”.
സെൻട്രി നിൽക്കുന്ന പോലീസുകാരന്റെ അട്ടഹാസംകേട്ടു് കുഞ്ചുണ്ണിക്കു് സ്ഥലകാലബോധമുണ്ടായി. പിന്നെ ഉറക്കം വന്നില്ല. ഉറക്കംവരാതെ കിടക്കുമ്പോൾ കുമ്പളപ്പൂ വിടരുംപോലെ കമ്പിനു കമ്പിനു് കോട്ടുവാ വിടരാൻ തുടങ്ങി. സെൻട്രി നില്ക്കുന്ന പഹയനെ പേടിച്ചു് എല്ലാം മൂകാഭിനയമാക്കേണ്ടിവന്നു, ‘എം.ജി.എമ്മി’ന്റെ ശിങ്കത്തെപ്പോലെ.
കാക്ക കരഞ്ഞപ്പോൾ കണ്ണു തുറന്നു് ചുറ്റും നോക്കി. ഇരുമ്പഴിയ്ക്കിടയിലൂടെ പ്രപഞ്ചത്തിന്റെ ഒരു ശകലം പ്രത്യക്ഷപ്പെടുന്നു. മുമ്പിൽ കെട്ടിടങ്ങൾ, അതിനു പിറകിൽ മരക്കൂട്ടം, രണ്ടിന്റേയും പശ്ചാത്തലത്തിൽ ഇളംതുടുപ്പോലുന്ന ആകാശം. ചിത്രം വരച്ചുവെച്ചപോലെ. ശബ്ദമില്ല. ചലനമില്ല.
പ്രപഞ്ചമേ, നീ വിശ്രമിക്കുകയാണോ? ആണെന്നു തീർത്തുപറയാൻ വയ്യ. നിനക്കു് രണ്ടു വശമുണ്ടു്. ഇവിടെ ഇരുട്ടാണെങ്കിൽ മറ്റെവിടെയോ വെളിച്ചം. മറ്റെവിടെയോ കൊടും തണുപ്പാണെങ്കിൽ ഇവിടെ അത്യുഷ്ണം. ഒരിടത്തു് ജനനം, മറ്റൊരിടത്തു് മരണം. നിന്നിൽ എല്ലാമുണ്ടു്. നീ എല്ലാമാണു്.
അനേകലക്ഷം പാവകൾക്കും മൃഗങ്ങൾക്കും ഇഴജന്തുക്കൾക്കും മനുഷ്യർക്കും അഭയം നല്കുന്ന നിന്റെ മടിത്തട്ടിൽ സ്വസ്വാതന്ത്ര്യം നഷ്ടപ്പെട്ടു് കരയുന്നവനും ദുഃസ്വാതന്ത്ര്യം അനുഭവിച്ചു് അഹങ്കരിക്കുന്നവനുമുണ്ടു്. പണക്കാരനും പട്ടിണിപ്പാവവുമുണ്ടു്.
ആദ്യത്തെ മോട്ടോർ വാഹനം ഇരമ്പിത്തകർത്തു് കടന്നുപോകുന്ന ശബ്ദം.
ചലനം ആരംഭിക്കുകയാണു്.
കിഴക്കൻകാറ്റ് മരത്തലപ്പുകളിൽ വന്നിരുന്നു് തലമുടി ചീകാൻ തുടങ്ങി.
അതെ, സാർവ്വത്രികമായ ചലനത്തിന്റെ ആരംഭം.
കിലുക്കാംപെട്ടിയുംകൊണ്ടു് കിളികളെത്തി. എങ്ങോ പശുക്കുട്ടി കരയുന്നു. തള്ളപ്പശുവിന്റെ മുറവിളി കേൾക്കുന്നു.
കുഞ്ചുണ്ണി അസ്വാതന്ത്ര്യത്തിന്റെ ദുഃഖഭാരം ചുമന്നു് തളർന്നുകിടക്കുന്നു.
ശാരി ഇതൊരിയ്ക്കലും ഒരിയ്ക്കലും അറിയാതിരിയ്ക്കട്ടെ.
പ്രഭാതം വന്നപ്പോൾ അശ്വഹൃദയത്തിലും ജീവന്റെ ചലനം പ്രത്യക്ഷപ്പെട്ടു.
കണ്ണൻകുട്ടിമേനോൻ ഉച്ചത്തിൽ നാമം ജപിച്ചുകൊണ്ടു് വലതുവശം തിരിഞ്ഞെഴുന്നേറ്റ്, കിടക്ക മടക്കാൻ തുടങ്ങി. പീറ്റർ കിടന്ന കിടപ്പിൽ ഒരു ബീഡി കൊളുത്തി. കൃഷ്ണൻകുട്ടി തലയിണയിൽ മുഖമുയർത്തി പാടി.
മധുമാസ ചന്ദ്രിക വന്നു.
നിന്നെമാത്രം കണ്ടില്ലല്ലോ
നീ മാത്രം വന്നില്ലല്ലൊ
പ്രേമകുഞ്ചുണ്ണീ… കുഞ്ചുണ്ണീ!”
പാട്ടു കേട്ടു് മുകുന്ദൻ ചാടിയെഴുന്നേറ്റു് തിരക്കുകൂട്ടി. എട്ടുമണിക്കു നെയ്ത്തുകമ്പനിയിലെത്തേണ്ട മുകുന്ദൻ ആരെങ്കിലും ഭേദ്യം ചെയ്തല്ലാതെ ഉണരില്ല. ഉണർന്നാൽ പിന്നെ ബഹളമാണു്. മുകുന്ദന്റെ ബദ്ധപ്പാടിൽ ആക്സിഡന്റു പറ്റാതെ കഴിക്കാൻ എല്ലാവരും കരുതലോടെ നിൽക്കും.
കിടക്ക മടക്കിവെച്ചു് ഏക ചാരുകസേര നിവർത്തിയിട്ടു് കണ്ണൻകുട്ടിമേനോൻ അതിൽ കയറിയിരുന്നു് എല്ലാവരോടുമായി ചോദിച്ചു: “പത്രം വന്നില്ലേ?”
എങ്ങും സിംഹഗർജ്ജനം. വാതിലിന്റെ വിടവിലൂടെ അകത്തു വന്നു വീഴും. എപ്പോഴെന്നറിയില്ല. എങ്ങനെയെന്നുമറിയില്ല. ആദ്യത്തെ പാരായണം കണ്ണൻകുട്ടിമേനോന്റെ വക. പിന്നെ വഴിയ്ക്കു വഴി എല്ലാവരുടെ വകയും പാരായണം തന്നെ.
പീറ്റർ പത്രവുമന്വേഷിച്ചു് വാതിൽപ്പടിയിലേക്കു നീങ്ങി. പിന്നാലെ ജയകൃഷ്ണനും. അപ്പോൾ വാസുമുതലാളിയുടെ ബെൻസ് കാർ നിരത്തിലൂടെ ഒഴുകിപ്പോയി. ഗരുഡച്ചിറകും ഇളം മഞ്ഞ വർണ്ണവുമുള്ള ആ സുന്ദരക്കുട്ടപ്പനെ ഒന്നേ നോക്കിയുള്ളൂ. പീറ്ററുടെ വായിൽ വെള്ളം പൊട്ടി. അവൻ നുണച്ചിറക്കി.
“ഉഗ്രൻ.”
കാറിന്റെ വാലിൽ ഘടിപ്പിച്ച പച്ചയും ചുകപ്പുമാർന്ന കല്ലുകൾ നോക്കി ജയകൃഷ്ണൻ കമന്റടിച്ചു.
“അത്യുഗ്രൻ.”
പീറ്റർ പ്രശംസയുടെ കാര്യത്തിൽ ഒരടി മുൻകടന്നുനിന്നു പറഞ്ഞു:
“ജീവിതത്തിൽ ഒരേയൊരമ്പീഷൻ.”
“എന്താതു്?”
ജയകൃഷ്ണൻ ചോദിച്ചു.
അവനെപ്പോലൊരു വാഹനമഹാവീരനെ കീഴടക്കണം. എന്നിട്ടു് പിന്നിലെ സീറ്റിൽ അലസമായി ചാരിയിരുന്നു് സിഗററ്റു പുകയ്ക്കണം. അമ്പരന്നു് വഴിമാറിനിന്ന് നോക്കുന്ന മനുഷ്യപുഴുക്കളെ കടക്കണ്ണുകൊണ്ടു് പുച്ഛിച്ചു തള്ളി ഈ മഹാനഗരത്തിലൂടെ ഒരു നാൾ മെല്ലെ മെല്ലെ ഒഴുകിപ്പോകണം.
ഒരു ലോവർ ഡിവിഷൻ ക്ലാർക്കിന്റെ മോഹം! ജയകൃഷ്ണൻ ചിരിച്ചു.
“എന്താ ചിരിക്കുന്നതു്?” പീറ്റർ ചോദിച്ചു.
“ഒന്നുമില്ല. ഇതു മാത്രമാണോ അമ്പീഷൻ?”
“മാത്രം.”
“ബംഗ്ലാവു് വേണ്ടേ?”
“വേണ്ട.”
“ആൾസേഷൻ?”
“പണമുണ്ടെങ്കിൽ അതൊക്കെ പിന്നാലെ വരും.”
“ഭാര്യ?”
“ഓ! ഇനി വേണ്ട. ഒന്നിൽ കൂടുതൽ നിയമം സമ്മതിക്കില്ല.”
“പണമുണ്ടെങ്കിൽ ഏതു നിയമത്തേയും മെരുക്കിയെടുത്തുകൂടെ?”
“ശരിയാണു്. പണമുണ്ടെങ്കിൽ എങ്ങിനേയും ജീവിയ്ക്കാം.”
പീറ്റർ അല്പനേരത്തെ മൗനത്തിനുശേഷം തുടർന്നു: “പണമുണ്ടാക്കണം.”
“എങ്ങിനെ?” ജയകൃഷ്ണൻ ചോദിച്ചു.
പീറ്ററുടെ കയ്യിൽ പണമുണ്ടാക്കാൻ പറ്റിയ പല മാർഗ്ഗങ്ങളുമുണ്ടു്. പ്രമോഷൻ കിട്ടി നല്ലൊരു സീറ്റിലെത്തിയാൽ കൈക്കൂലി വാങ്ങാം. കൈക്കൂലി വാങ്ങുന്ന പണംകൊണ്ടു് രഹസ്യമായി ബിസിനസ്സ് നടത്താം. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും കള്ളക്കടത്തും തട്ടിപ്പും വെട്ടിപ്പുമായി പണമുണ്ടാക്കി സുഖിക്കുന്ന പലരും മഹാനഗരത്തിലുണ്ടു്.
“എന്താ മിണ്ടത്തതു് ?” ജയകൃഷ്ണൻ തിരക്കി.
“വാസുമുതലാളി ആരായിരുന്നു?”
പീറ്റർ ബെൻസ് ഒഴുകിപ്പോയ വഴിയിലേക്കു നോക്കി. എന്നിട്ടു് തുടർന്നു:
“പത്തിരുപതു് കൊല്ലം മുമ്പു് അയാൾ ആരുമായിരുന്നില്ല. മഹാനഗരത്തിലെ അറിയപ്പെടാത്ത അനേകായിരങ്ങളിലൊരുവൻ. ഇന്നോ?”
“ഇന്നു് ലക്ഷം വിലയുള്ള കാറിന്റെ ഉടമ.”
“ബെൻസിനു പുറമെ മൂന്നോ നാലോ വേറെയും കാറുകൾ. അനേകം കെട്ടിടങ്ങൾ. അനേകം ആശ്രിതർ, അനേകം സ്തുതിപാഠകർ. ഇതെല്ലാം എങ്ങിനെയുണ്ടായി! ഒരു പുരുഷായുസ്സു മുഴുവനും കഠിനാദ്ധ്വാനം ചെയ്താൽ ഇതിന്റെ പതിനായിരത്തിലൊരംശം സമ്പാദിയ്ക്കാൻ കഴിയുമെന്നു തോന്നുന്നുണ്ടോ?”
“ഇല്ല. ഇതിനാണു് അവിഹിതമാർഗ്ഗത്തിലൂടെയുള്ള സമ്പാദ്യമെന്നു് പറയുന്നതു്.”
“അതു് കള. അവിഹിതമാർഗ്ഗം! പത്രങ്ങളിൽ മുഖപ്രസംഗമെഴുതാൻ പറ്റുന്ന പ്രയോഗങ്ങളൊന്നും എന്റടുത്തു വേണ്ട. ഞാൻ ചോദിയ്ക്കട്ടേ, ഏതാണീ വിഹിതമാർഗ്ഗം? ഭക്ഷണം, വസ്ത്രം, അലക്കു്, കുളി, ക്ഷൗരം എന്നിവയ്ക്കുള്ള ചെലവും കുതിരപ്പന്തിയ്ക്കുള്ള വാടകയും വീട്ടിലേക്കയയ്ക്കുന്നതും കഴിച്ച് ബാക്കിയുള്ളതല്ലേ വിഹിതമാർഗ്ഗത്തിലുള്ള സമ്പാദ്യം?”
“അതെ.” ജയകൃഷ്ണൻ സമ്മതിച്ചു.
“വിഹിതവകുപ്പിൽ നിനക്കെത്ര സമ്പാദ്യമുണ്ടു്?” അല്പം വാശിയോടെ പീറ്റർ ചോദിച്ചു.
“പ്രതിമാസം ഇരുപതുറുപ്പിക കടമാണെന്റെ സമ്പാദ്യം.”
“എടോ, അവിവാഹിതനും അല്പജ്ഞനുമായ ജയകൃഷ്ണാ, നിന്റെ മുമ്പിൽ നിൽക്കുന്നതു് ഫാദർ ഓഫ് ടു ചിൽഡ്രൻ, ഹസ്ബന്റു് ഓഫ് വൺ ലേഡി. മനസ്സിലായോ? അപ്പോൾ വിഹിതമാർഗ്ഗത്തിലൂടെ എനിയ്ക്കെന്തു് സമ്പാദ്യം കാണും?”
“എന്നേക്കാൾ നാലിരട്ടി!”
“ഒട്ടും കുറയില്ല. എടോ, ഈ മഹാനഗരത്തിൽ എത്രയോ വലിയ കെട്ടിടങ്ങൾ ഒഴിഞ്ഞു കിടക്കുന്നു. രണ്ടോ മൂന്നോ ആംഗങ്ങൾ മാത്രമുള്ള കുടുംബത്തിനു് ആറും ഏഴും നിലകളുള്ള മാളികകളിവിടെയുണ്ടു്. പല മുറികളും വർഷങ്ങളായി തുറക്കാതെ കിടക്കുന്നു. ഉപയോഗിക്കാൻ ആളില്ലാത്തതുകൊണ്ടു് വിഭവങ്ങൾ ഇവിടെ തുരുമ്പുപിടിച്ചു പോകുന്നു! നീയും ഞാനും നമ്മെപ്പോലുള്ള ആയിരങ്ങളും കുതിരപ്പന്തിയിൽ പാതിപ്പട്ടിണിയുമായി കഴിയുന്നു. മുഖപ്രസംഗത്തിലെ വാചകമടിച്ച് ശുദ്ധരിൽ ശുദ്ധരായി ജീവിയ്ക്കുന്നു! ഇംപാലകളും ബെൻസും സ്വപ്നം കാണുന്നു!”
“നാം ജീവിയ്ക്കുന്നതും സുഖിയ്ക്കുന്നതും സ്വപ്നത്തിലാണു്, സ്വപ്നത്തിൽ മാത്രമാണു്.”
“നമ്മെപ്പോലെ പലരും.”
“പത്രം വന്നില്ലേ?”
കണ്ണൻകുട്ടിമേനോൻ പിറകിൽനിന്നു് വിളിച്ചു ചോദിച്ചു.
“ഇല്ല.” ജയകൃഷ്ണൻ മറുപടി പറഞ്ഞു.
‘സിംഹഗർജ്ജനം’മാത്രമല്ല, പ്രഭാത പത്രങ്ങളൊന്നും പുറത്തു വന്നില്ല. വിദ്യുച്ഛക്തി കേരളത്തിൽ അപ്പോഴും കള്ളപ്പശുവെപ്പോലെ പാലു് ചുരത്താതെ നില്പാണു്. നഗരവാസികൾ കഠിനമായ വാർത്താദാഹംകൊണ്ടു് മരിച്ചു വീഴാറായി.
പത്തു മണി!
സംഗതികളാകെ മാറുന്നു. വിദ്യുച്ഛക്തിയില്ലാത്തതുകൊണ്ടു് വ്യവസായശാലകൾ പ്രവർത്തിക്കുന്നില്ല തൊഴിലാളികൾ കൂട്ടം ചേർന്നുനിന്നു് മുദ്രാവാക്യം മുഴക്കി. അതു കേട്ടു് മുതലാളിമാർ ഫോൺ വെച്ചു് വിദ്യുച്ഛക്തി കേന്ദ്രത്തിലേക്കു് തെറിപ്പാട്ടു് വിക്ഷേപിച്ചു. കേന്ദ്രത്തിൽ ആരും അതു കേട്ടില്ല. അവിടെയുള്ളവർ അനേകകാലമായി പണിമുടക്കി തെരുവിലൂടെ മുദ്രാവാക്യവും മുഴക്കി അലയുകയാണു്.
പതിനൊന്നു മണി!
അവസാനം കള്ളപ്പശു പാലു ചുരത്തി. വ്യവസായത്തിന്റെ കണ്ണുകണ്ട പത്രമുതലാളിമാരിൽ ചിലർ ഉച്ചയ്ക്കു മുമ്പു് പ്രത്യേക പതിപ്പ് അടിച്ചിറക്കി.
“വെട്ടിക്കൊല”
“കുത്തിക്കൊല”
“തട്ടിപ്പറി”
പത്രം വിൽക്കുന്ന പിള്ളരുടെ ആർപ്പുവിളി. ജനം ഓടിക്കൂടി പത്രം തട്ടിപ്പറിച്ചു് വായിച്ചു.
അതെ, സംഗതി ശരിയാണ്. നാലു് ഭവനഭേദനം, ഒരു കുത്തിക്കൊല, കുറേയേറേ ചില്ലറക്കളവുകൾ! മഹാനഗരം കണ്ണു പൂട്ടിയപ്പോൾ ഇത്രയും സംഭവിച്ചു.
അത്ഭുതം, ഭയം, അമർഷം!
നഗരജീവിതം സുരക്ഷിതമല്ലെന്നു് എല്ലാവരും ഉറക്കെ പറഞ്ഞു.
വൈകുന്നേരമായപ്പോൾ മഹാനഗരം ഇളകി മറിഞ്ഞു. നാനാ പാർട്ടിക്കാർ അഭിപ്രായവ്യത്യാസം മറന്നു് ഒത്തുകൂടിയപ്പോൾ വലിയൊരു ജാഥ രൂപം പൂണ്ടു. നേതാക്കന്മാർ രാഷ്ട്രീയശത്രുത മാറ്റിവെച്ചു്, സ്നേഹിച്ചു് കൈ കോർത്തുപിടിച്ചു് ജാഥയ്ക്കു് നേതൃത്വം നൽകി.
കമ്പിനു് കമ്പിനു് കുട്ടിനേതാക്കന്മാർ നിന്നു് മുദ്രാവാക്യം ചൊല്ലിക്കൊടുത്തു.
തീക്കളി വെണ്ടാ സർക്കാരേ,
പാതിര നേരം നഗരം വീണു-
കിടന്നു മയങ്ങിയുറങ്ങുമ്പോൾ
വെട്ടിക്കൊലയോ സർക്കാരേ,
തട്ടിപ്പറിയോ സർക്കാരേ?”
സർക്കാരിന്റെ കണ്ണിൽനിന്നു മലഞ്ചോലപോലെ വെള്ളം കുത്തിയൊലിച്ചു. സർക്കാർ തേങ്ങിത്തേങ്ങിക്കരഞ്ഞു. കാരണം, സർക്കാരിനു വെട്ടിക്കൊലയോ തട്ടിപ്പറിയോ ഒന്നും അറിഞ്ഞുകൂടായിരുന്നു. സർക്കാരിന്റെ പേരും പറഞ്ഞു് വല്ലവരും അതു ചെയ്യുന്നുണ്ടോ എന്നും അറിഞ്ഞുകൂടായിരുന്നു. പാവം, സർക്കാർ!
ജാഥ. മഹാനഗരത്തിലെ പ്രധാന വീഥികൾ ചുറ്റി. എല്ലാ പോലീസ് സ്റ്റേഷന്റെ മുമ്പിലും പ്രകടനം നടത്തി.
അപ്പോൾ ലോക്കപ്പുമുറിയുടെ ഇരുമ്പുവാതിലിൽ തലതല്ലി ഉച്ചത്തിലുച്ചത്തിൽ കുഞ്ചുണ്ണി നിലവിളിച്ചു. ഒരു വലിയ നഷ്ടം സംഭവിച്ചതിന്റെ പേരിൽ. അങ്ങിനെയൊരു ജാഥ കുഞ്ചുണ്ണിയെക്കൂടാതെ അടുത്തകാലത്തൊന്നും മഹാനഗരത്തിൽ രൂപം പൂണ്ടിട്ടില്ല. ഏതു പാർട്ടി ജാഥനയിച്ചാലും കുഞ്ചുണ്ണി അതിലുണ്ടാവും! ഈ പാർട്ടികളിലെന്തിരിയ്ക്കുന്നു എന്നാണു് കുഞ്ചുണ്ണിയുടെ ചോദ്യം. ഒരു പാർട്ടിയിലും വിശ്വാസമോ അവിശ്വാസമോ ഇല്ല. കുഞ്ചുണ്ണിയുടെ മുദ്രാവാക്യം വിളി കൊലവിളിപോലെ ദിഗന്തം ഞെട്ടിച്ചിരുന്നു. കുഞ്ചുണ്ണി ഓർത്തോർത്തു വാവിട്ടു കരഞ്ഞു.
കുഞ്ചുണ്ണിയുടെ കരച്ചിലിന്നു മുമ്പിൽ സർക്കാരിന്റെ കരച്ചിൽ നിഷ്പ്രഭം.
ജഥ നയിച്ച നേതാക്കന്മാർ ഉയർന്ന ഉദ്യോഗസ്ഥന്മാരെക്കണ്ടു നിവേദനം നടത്തി.
കുറ്റവാളികളെ അടിയന്തരമായി കണ്ടുപിടിയ്ക്കണം. മാതൃകാപരമായി ശിക്ഷിയ്ക്കണം. കുറ്റവാസന എന്നെന്നേയ്ക്കുമായി നശിപ്പിയ്ക്കണം. മഹാനഗരത്തെ രക്ഷിയ്ക്കണം.
അല്ലെങ്കിൽ… താക്കീതു്.
ധർണ, ഘരാവോ, കൂട്ടപ്പിക്കറ്റിങ്ങു്, നിരാഹാരസത്യാഗ്രഹം, ഹരാകിരി, ആത്മാഹുതി!
സന്ധ്യയ്ക്കു കടപ്പുറത്തു വമ്പിച്ച പൊതുയോഗം. നേതാക്കന്മാരുടെ ഉജ്ജ്വലപ്രസംഗം മൈക്രോഫോൺ ആദരവോടെ എറ്റുവാങ്ങി ഉച്ചഭാഷിണിയ്ക്കു കൊടുത്തു. ഉച്ചഭാഷിണിയതു് ശ്രദ്ധാലുക്കളായ ശ്രോതാക്കളുടേയും വീടുകളിൽ അടച്ചു കിടന്നു മരണസഞ്ചാരം കൊള്ളുന്നവരുടേയും കാതുകളിൽ പെരുപ്പിച്ചെത്തിച്ചുകൊടുത്തു.
നിവേദനപത്രികയിലെ കാര്യങ്ങൾ വായിച്ചു കേട്ടപ്പോൾ സദസ്സ് ഹർഷപുളകം കൊണ്ടു. ‘ഹരാകാിരി’യ്ക്കാവശ്യമായ കഠാരിയും ആത്മാഹുതിയ്ക്കാവശ്യമായ പെട്രോളും തീപ്പെട്ടിയും സംഭാവന ചെയ്യാമെന്നു് ഉദാരമതികളായ ഏതാനും നഗരവാസികൾ എഴുന്നേറ്റു നിന്നു് പ്രഖ്യാപിച്ചപ്പോൾ സദസ്സവർക്കു മുക്തകണ്ഠം ‘ജേ’വിളിച്ചു. സിന്ദാബാദും!
അന്തരീക്ഷം പ്രക്ഷുബ്ധം!
ഉയർന്ന ഉദ്യോഗസ്ഥന്മാർ ടെലിഫോണിലൂടെ വികാരം കൈമാറി. നിർദ്ദേശം കൈമാറി.
അശ്വഹൃദയം ശോകമൂകമാണു്. ആരും ഒന്നും സംസാരിക്കുന്നില്ല. വൈകുന്നേരത്തെ ജാഥയിലും പൊതുയോഗത്തിലും കുഞ്ചുണ്ണിയെ കാണാഞ്ഞതു് അമ്പരപ്പിന്നു് കാരണമായിരിക്കുന്നു.
പീറ്റർ ആപ്പീസ് വിട്ടു വരുമ്പോഴാണു് ജാഥ കണ്ടതു്. ജയകൃഷ്ണൻ റെയിൽവേ പാലത്തിലിരുന്നു കാറ്റു കൊള്ളുമ്പോഴാണു് അതിനടിയിലൂടെ ജാഥ കടന്നുപോയതു്. കണ്ണൻകുട്ടിമേനോൻ അശ്വഹൃദയത്തിന്റെ പടിക്കൽനിന്നു് നല്ലപോലെ സൂക്ഷിച്ചിരുന്നു. എട്ടുമണിക്കു് പൊതുയോഗം കഴിഞ്ഞു് തിരിച്ചെത്തിയ മുകുന്ദന്റെ റിപ്പോർട്ട് പ്രകാരം കുഞ്ചുണ്ണി കടപ്പുറത്തുമില്ല. എല്ലാവരും ഒത്തുചേർന്നപ്പോൾ ഒന്നും മിണ്ടാതെയിരുന്നു കുഞ്ചുണ്ണിയെപ്പറ്റി ആലോചിച്ചു.
“ഒരു രാവു കഴിഞ്ഞു് മറ്റൊരു രാവു് തുടങ്ങുന്നു.”.
കണ്ണൻകുട്ടിമേനോനാണു് മൗനത്തിന്റെ തുന്നു പൊട്ടിച്ചതു്.
“മഹാനഗരത്തിലില്ല, തീർച്ച”
കൃഷ്ണൻകുട്ടി അഭിപ്രായപ്പെട്ടു.
“ഉണ്ടെങ്കിൽ ജാഥയിൽ കാണും.”
എല്ലാവരും ആ അഭിപ്രായം ശരിവെച്ചു, മുകന്ദനൊഴിച്ചു്.
“വല്ല അപകടവും പറ്റിയോ?”
അതാണു് മുകുന്ദന്റെ സംശയം.
വീണ്ടും മൗനം.
അപകടം പറ്റാൻ വളരെയേറെ സാദ്ധ്യതയുണ്ടു്. ‘സിംഹഗർജ്ജന’ത്തിലെ ഗസ്റ്റപ്പോ ജോലി തീകൊണ്ടുള്ള കളിയാണ്. എല്ലാവരും കുഞ്ചുണ്ണിക്കു പറ്റാനിടയുള്ള അപകടത്തെപ്പറ്റി ആലോചിച്ചു.
മൗനം നീണ്ടുപോകുന്നു…
സങ്കടമാകുന്നു നാരായണ!”
അയൽവീട്ടിലെവിടെയോ ഒരു കുട്ടി സന്ധ്യാനാമം ചൊല്ലുന്നു.
ഉണ്ണിക്കൃഷ്ണൻ പശുക്കളെ മേക്കാൻ പോയിട്ട് തിരിച്ചുവന്നിട്ടില്ല. നേരം സന്ധ്യയായി. യശോദയുടെ പരിഭ്രാന്തമായ മനസ്സ് പലതും ആലോചിയ്ക്കുന്നു.
കാൽകൈ പൊളിച്ചായോ നാരായണ”.
കണ്ണൻകുട്ടി മേനോന്റെ മനസ്സിപ്പോൾ യശോദയുടെ മനസ്സാണു്, പരിഭ്രാന്തം. പല രീതിയിലും സ്വഭാവത്തിലുമുള്ള അപകടങ്ങളോരോന്നും മനസ്സിൽ ചിത്രപ്പെടുത്തുന്നതിനിടയിൽ കണ്ണൻകുട്ടിമേനോൻ ചോദിച്ചു:
“ഇന്നലെ രാത്രി മഹാനഗരത്തിൽ വല്ല കൊലപാതവും നടന്നോ?”
അനാവശ്യമായ ചോദ്യം. ഒരു കുത്തിക്കൊലയുടെ പേരിലാണു് ജാഥയും പൊതുയോഗവും നടന്നതു്. എല്ലാം അറിഞ്ഞുകൊണ്ട് പിന്നേയും കൊലപാതകത്തെപ്പറ്റി ചോദിയ്ക്കുന്നു. ആരും ഒന്നും മറുപടി പറഞ്ഞില്ല. അല്പം കഴിഞ്ഞു്, കൃഷ്ണൻകുട്ടി പുതിയൊരു വസ്തുത വെളിക്കു കൊണ്ടുവന്നു.
“കടപ്പുറത്തെ പാരപ്പറ്റിൽ ഒരനാഥശവമുണ്ടെന്നു കേട്ടു.”
“നീ കണ്ടോ ശവം?”
കണ്ണൻകുട്ടി മേനോന്റെ ജിജ്ഞാസ വർദ്ധിച്ചു.
“ഇല്ല.”
“ആരും കണ്ടില്ലേ?”
ജിജ്ഞാസ കൂട്ടുകയാണു്. ആരും കണ്ടില്ലെന്നായപ്പോൾ എല്ലാവരും അനാഥ ശവത്തെപ്പറ്റി ആലോചിച്ചു. അനാഥശവത്തെപ്പറ്റി ആലോചിച്ചു മിണ്ടാതിരിയ്ക്കുമ്പോൾ നിരത്തിലെ ഇരുട്ടിൽനിന്നൊരു ശബ്ദം
“അങ്ങോട്ടു വരാമോ?”
അഞ്ചുപേരും ഞെട്ടി പരസ്പരം മിഴിച്ചു നോക്കി എന്തുത്തരം പറയണം. അന്തിയുറങ്ങാൻ ഇടവുംതേടി വരുന്ന വല്ല ദ്രോഹികളുമായിരിയ്ക്കുമോ? മഹാനഗരത്തിൽ അന്തിത്താവളത്തിനുവേണ്ടി അലഞ്ഞു തിരയുന്ന ആയിരങ്ങളും പതിനായിരങ്ങളുമുണ്ടു്. ദ്രോഹി. നിരത്തിലെ ശബ്ദം അല്പംകൂടി ഉച്ചത്തിലാവുന്നു.
“അങ്ങോട്ടു വരാമോ?”
അഞ്ചുപേരും മിണ്ടിയില്ല. നിമിഷങ്ങൾക്കുശേഷം വാതിൽപ്പടി കടന്നു് നൃത്തനാടകത്തിലെ ഒരു കഥാപാത്രം പ്രവേശിയ്ക്കുന്നു.
കഴുത്തോളം നീണ്ടിറങ്ങിയ മുടി പിറകിലേക്കു ചീകിവെച്ചിരിയ്ക്കുന്നു. കണ്ണെഴുത്തും കുങ്കുമപ്പൊട്ടുമുണ്ടു്. കാതിൽ വെള്ളക്കല്ലു വെച്ച കമ്മൽ, കഴുത്തിൽ സ്വർണ്ണമാല. സിൽക്കിന്റെ ജുബ്ബയും കസവുകര ദോത്തിയും.
പതുക്കെ അടിവെച്ചടിവെച്ച് മുമ്പോട്ടു വന്നു പുരികം ചുളിച്ച്, കണ്ണുകൾ പാതിയടച്ചു്, മുഖത്തു ശാന്തരസം വിളയിച്ചു്, കൈകൂപ്പി മധുരമായി തൊഴുതുവന്ദനം പറയുന്നു:
“നമസ്കാരം.”