അത്ഭുതവും അമ്പരപ്പും മൗനവും തളംകെട്ടി നിൽക്കുന്നതിനു നടുവിൽ ഏക ചാരുകസേരയിൽ ഇരുന്നു് കസവുവേഷ്ടികൊണ്ട് മുഖത്തെ വിയർപ്പൊപ്പി, നൃത്തനാടക കഥാപാത്രം നെടുതായൊന്നു് ശ്വസിച്ചു.
“മനസ്സിലായില്ലല്ലോ”.
അശ്വഹൃദയത്തിലെ പൗരന്മാരുടെ പ്രതിനിധിയെന്ന നിലയിൽ കണ്ണൻകുട്ടി മേനോൻ സംസാരിച്ചു.
രണ്ടൗൺസ് പുച്ഛത്തിൽ ഒരൗൺസ് ബീഭത്സം ചേർത്തു കുലുക്കി തയ്യാറാക്കിയ ഒരു സമ്മിശ്രരസം കഥാപാത്രത്തിന്റെ മുഖത്തു പ്രത്യക്ഷപ്പെട്ടു. ക്രമേണ അതു ബീഭത്സം മാത്രമായി കുറുകിക്കൂടി.
കഴുവേറികളെ, എന്നെ മനസ്സിലായില്ലെന്നോ? ഈ എന്നെ?
ഇത്രയും ആത്മഗതം. ആത്മഗതത്തിനു ശേഷം മുഖത്ത് വീരരസം പ്രത്യക്ഷപ്പെടുന്നു. കഥാപാത്രം സംസാരിക്കുന്നു.
“ഞാനാണു് ഗുരു ശങ്കരദാസ്സ്.”
കണ്ണൻകുട്ടി മേനോൻ അമ്പരന്നു് മുകുന്ദനെ നോക്കി. ജയകൃഷ്ണൻ കൃഷ്ണൻകുട്ടിയെ നോക്കി. പീറ്റർ ആരെയും നോക്കിയില്ല. പീറ്ററേയും ആരും നോക്കിയില്ല. ഗുരു സംഭാഷണം തുടർന്നു.
“ജയ്പൂർ, മണിപ്പൂർ, ആനന്തപ്പൂർ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ കുടിയേറിപ്പാർത്ത് അനേകമനേകം സ്ത്രീപുരുഷന്മാരെ നൃത്യനൃത്തങ്ങളഭ്യസിപ്പിച്ച്, കാശ്മീരത്തിൽനിന്നു് കന്യാകുമാരിയിലേക്കു പതുക്കെ നീങ്ങിക്കൊണ്ടിരിക്കുകയാണു് ഞാൻ.”
ശ്രോതാക്കൾ അന്തംവിട്ട് വീർപ്പടക്കിപ്പിടിച്ചു നിൽക്കുന്നു.
“ഇപ്പോൾ തമിഴ്‌നാട്ടിലാണ് താമസം. ബഹുജനങ്ങളെന്നെ ഗുരുവെന്നു വിളിക്കുന്നു. ശിഷ്യഗണം “ഗുഗ്ഗുരു”വെന്നും.”
മുകുന്ദാദികളുടെ കണ്ണുകൾ ആശ്ചര്യംകൊണ്ട് വിടർന്നിരുന്നു, ചുണ്ടുകൾ പതുക്കെ മന്ത്രിക്കുന്നു.
“ഗുഗ്ഗുരു! ഗുഗ്ഗുരു!!”
“അതെ”
മുഖത്തെ വീരരസത്തിന്നു അല്പംകൂടി ചായപ്പകിട്ടു കലർത്തി ഗുരു തുടർന്നു.
“എന്നുവെച്ചാൽ ഗുരുനാഥന്മാർക്കും ഗൂരുനാഥനെന്നർത്ഥം. എന്റെ ശിഷ്യപരമ്പര കേരളത്തിനകത്തും വിദേശങ്ങളിലും ഇന്നു ഗുരുസ്ഥാനം വഹിച്ചു് കഴിഞ്ഞു കൂടുന്നു.”
തലയിളക്കാതെ കൺമിഴികളുരുട്ടി സഞ്ചരിപ്പിച്ച് എല്ലാവരുടെ മുഖഭാവവും ഗുഗ്ഗുരു മാറി മാറി പരിശോധിച്ചു. കണ്ണിലൂടെ, മുഖത്തെ മാംസപേശികളിലൂടെ, സംസാരിച്ചു. ആ ഭാഷ നിശ്ചയമില്ലാത്ത കണ്ണൻകുട്ടിമേനോൻ തലചുറ്റി വീഴുമെന്ന നിലയിലായി. കൃഷ്ണൻകുട്ടിക്ക് മേലാസകലം വിയർത്തു. ജയകൃഷ്ണൻ ചുമരിൽ കയ്യൂന്നിനിന്നു. പീറ്റർ ഒരു ബീഡിയുമെടുത്ത് ഇരുട്ടിലേക്കിറങ്ങി. പ്രൈമറി സ്ക്കൂളിൽ പഠിക്കുന്ന കാലത്തു് കുറച്ച് വേടനൃത്തമഭ്യസിക്കാൻ സൗകര്യം സിദ്ധിച്ച മുകുന്ദൻ മാത്രം മനസ്സാന്നിധ്യം കൈവിട്ടില്ല. അവൻ രണ്ടടി മുമ്പോട്ട് കടന്നുനിന്നു ചോദിച്ചു.
“ഇപ്പോൾ ഇങ്ങോട്ട് വന്നതിന്റെ ഉദ്ദേശം?”
ശ്രോതാക്കളുടെ അജ്ഞതയെച്ചൊല്ലി സഹതപിയ്ക്കുന്ന ഗുഗ്ഗുരുവിന്റെ മുഖത്ത് വെള്ളംകൂട്ടാത്ത കരുണം! ക്ഷണത്തിലതസ്തമിച്ച് വീണ്ടും വീരരസം ഉദിച്ചുയർന്നു.
“ഹർജികൾ, നിവേദനങ്ങൾ, ശുപാർശകൾ. കഴിഞ്ഞ രണ്ടു വർഷമായി ഈ മഹാനഗരത്തിലെ ജനങ്ങൾ എന്നെ പൊറുതി കെടുത്തുന്നു. ഇവിടെ വരാനും വളരുന്ന തലമുറക്ക് നൃത്തവിദ്യ പഠിപ്പിച്ചു കൊടുക്കാനും. പൊറുതികേടായപ്പോൾ ഇങ്ങോട്ടു പുറപ്പെട്ടു.”
പുരികക്കൊടി വളയുകയും കണ്ണിന്നും കവിളിന്നുമിടയിലുള്ള മാംസപേശികൾ തയ്യൽയന്ത്രത്തിന്റെ സൂചിപോലെ ഇടതടവില്ലാതെ ചലിക്കുകയും ചെയ്യുന്നു. തെല്ലിട മൗനം. പിന്നെ കൺമിഴികൾ ഒരു ദീർഘ യാത്രക്കിറങ്ങിത്തിരിക്കുന്നു. അശ്വഹൃദയത്തിന്റെ മുക്കും മൂലയും ഒരു ചെറു സുഷിരംപോലും സൂഷ്മപരിശോധനക്കു വിധേയമാവുന്നു!
ഇവിടെ മനുഷ്യരാണോ താമസിക്കുന്നതു്? വിചിത്രം ബഹുവിചിത്രം!!
ഇതാത്മഗതം. ഇനി പ്രകാശം.
“ഇവിടെ എത്രപേർ താമസിക്കുന്നു?” ആ ചോദ്യം ഒരു കാരിരുമ്പു ചൂണ്ടലായി തന്റെ ഹൃദയം കൊളുത്തിപ്പറിച്ചുകൊണ്ടു് പോവുമ്പോലെ കണ്ണൻകുട്ടി മേനോനു തോന്നി.
“ആറുപേർ” മുകുന്ദൻ മറുപടി പറഞ്ഞു.
ഗുഗ്ഗുരുവിന്റെ മുഖത്ത് കരുണരസം പ്രത്യക്ഷപ്പെടുന്നു. പുരികക്കൊടികൾ വളഞ്ഞപ്പോൾ വീതി കൂടിയ നെറ്റിയിൽ ചുളിവുകളുണ്ടാവുന്നു. കണ്ണുകൾ പാതി അടയുന്നു. ഗാഢാലോചനയുടെ താഴ്‌വാരത്തിലേക്കു മനസ്സിറങ്ങിച്ചെന്നു മേയുന്നു.
അല്പസമയത്തിന്നുശേഷം ഗുഗ്ഗുരു മുന്നറിയിപ്പു കൂടാതെ അമാനുഷിക ശക്തിയുള്ള ഒരു ഏമ്പക്കം പുറത്തേക്കു വിടുന്നു. ഇരുട്ടിൽനിന്നു് ബീഡി വലിക്കുമ്പോൾ പീറ്റർ അതു കേട്ടു ഞെട്ടുന്നു. അറബിക്കുതിരയുടെ പ്രേതം അശ്വഹൃദയത്തെ വലം വെക്കുന്നുണ്ടാവുമെന്നു പേടിച്ചു് ബദ്ധപ്പെട്ടു് അകത്തു കയറുന്നു!
എമ്പക്കം വിട്ടു്, വിമ്മിട്ടത്തിന്നയവു കിട്ടിയപ്പോൾ ഗുഗ്ഗുരുവിന്നുത്സാഹം കൂടുന്നു.
“ആറുപേർ എങ്ങനെയിവിടെ കഴിഞ്ഞുകൂടുന്നു?”
“ഇതാ ഇങ്ങിനെയൊക്കെ.”
മുകുന്ദൻ ദീനഭാവത്തിൽ പറഞ്ഞു—ഗുഗ്ഗുരുവിന്റെ കണ്ണുകൾ ജലാർദ്രങ്ങളായി.
“ഇവിടത്തെ പാർപ്പിടക്ഷാമം ഇത്ര ഭയങ്കരമാണില്ലേ?”
“അതിഭയങ്കരമാണു്.”
കണ്ണൻകുട്ടിമേനോൻ അല്പം ധൈര്യം സമ്പാദിച്ചു് പറഞ്ഞു.
“പാർപ്പിടത്തിന്നു മാത്രമല്ല, ക്ഷാമം. പപ്പിടത്തിന്നുപോലും ക്ഷാമമാണു് ഗുഗ്ഗുരോ.”
ഉടനെ കണ്ണൻകുട്ടിമേനോൻ തനിക്കു പറ്റിയ അമളി മനസ്സിലാക്കി വേഗത്തിലതു് തിരുത്തി.
“അല്ല… ഗുരോ.”
ബഹുജനങ്ങൾ ഗുരുവെന്നും ശിഷ്യന്മാർ ഗുഗ്ഗുരുവെന്നും വിളിക്കുന്നകാര്യം ഓർത്തപ്പോഴാണു് ആ തിരുത്തൽ നടന്നതു്.
ഗുഗ്ഗുരു ചിരിച്ചു. ആദ്യത്തെ ചിരി.
“മണിപ്പൂർ, ജയപ്പൂർ, ഉദയപ്പൂർ, ആനന്തപ്പൂർ തുടങ്ങിയ വിദേശരാജ്യങ്ങളിൽ ആൾപാർപ്പില്ലാത്ത എത്രയോ കൂറ്റൻ കെട്ടിടങ്ങളൊഴിഞ്ഞു കിടക്കുന്നു. ഉദയപ്പൂരിലും ജയപ്പൂരിലും കളിമുറ്റവും കുളിപ്പാൻ കുളവുമുള്ള കൊട്ടാരങ്ങളിലാണു് ഞാൻ താമസിച്ചതു്.”
“ഭാഗ്യം!”
മുകുന്ദൻ പറഞ്ഞു.
“പരമഭാഗ്യം.”
കണ്ണൻകുട്ടിമേനോൻ ഭാഗ്യത്തിന്നു് ‘പരമം’കൊണ്ടൊരു വീരാസനമിട്ടുകൊടുത്തു. പീറ്റർ ഇരുട്ടിലേക്കു തിരിഞ്ഞുനോക്കി.
അറബിക്കുതിരയുടെ പ്രേതം വരുന്നുണ്ടോ?
വർത്തമാനം പറഞ്ഞു മണിക്കൂറുകൾ നീങ്ങിയപ്പോൾ കുഞ്ചുണ്ണിയുടെ കിടക്ക വിരിച്ചു് ഗുഗ്ഗുരുവിനെ കിടത്തീട്ടു് കണ്ണൻകുട്ടിമേനോൻ ഉപചാരവാക്കുകൾ പറഞ്ഞു:
“ഇവിടെ ആഹാരത്തിനൊന്നും വഴിയില്ല. ഞങ്ങൾ ഹോട്ടലിൽനിന്നാണു് കഴിയ്ക്കുന്നതു്.”
“രാത്രി ഞാനൊന്നും കഴിയ്ക്കാറില്ല. ജുബ്ബ മാത്രം കഴിയ്ക്കം.”
ജുബ്ബ കഴിയ്ക്കുമ്പോൾ ഗുഗ്ഗുരു പറഞ്ഞു:
“കഠിനമായ വായുക്ഷോഭമാണു്. മരുന്നെപ്പോഴും കൂടെ കൊണ്ടുനടക്കുന്നു.”
പേഴ്സിൽനിന്നു് രണ്ടു ഗുളികകളെടുത്തു് വഴിക്കുവഴി വായിലേക്കെറിഞ്ഞു് ഗുഗ്ഗുരു മലർന്നു കിടന്നു.
മൗനം!
എല്ലാവരും നല്ല ഉറക്കമായപ്പോൾ ഗുഗ്ഗുരു വാണംപോലെ ഒരു ഏമ്പക്കം പുറത്തേക്കു വിട്ടു. പീറ്റർ ഞെട്ടിയുണർന്നു് തീപ്പെട്ടിയുരസി അറബിക്കുതിരയുടെ പ്രേതത്തെ അന്വേഷിച്ചു. ഒരു പാരമ്പര്യവൈദ്യന്റെ മകനായ ജയകൃഷ്ണ കണ്ണൻകുട്ടിമേനോന്റെ ചെവിട്ടിൽ പറഞ്ഞു.
‘അർശോവായുവാണു്.”
തുടർന്നു് ചികിത്സാക്രമം നിർദ്ദേശിച്ചു.
“ചുക്കും ഏലത്തരിയും കറാമ്പുവും സമമെടുത്തു പൊടിച്ചു് ശീലപ്പൊടിയാക്കി കൂടക്കൂടെ കുറേശ്ശ സേവിച്ചാൽ മതി.”
“മതി.”
കണ്ണൻകുട്ടിമേനോൻ തിരിഞ്ഞു കിടന്നു. തെല്ലിടകഴിഞ്ഞപ്പോൾ ഗുഗ്ഗുരു ഒരു ഈർച്ചക്കമ്പനിയായി മാറി. ഉഗ്രമായ കൂർക്കം വലി.
രാവിലെ എല്ലാവരും ആപ്പീസിൽ പോവാനൊരുങ്ങിയപ്പോൾ ഗുഗ്ഗുരു ചാരുകസേരയിൽ അമർന്നിരുന്നു.
‘ഇന്നു് മുഴുവനും എനിയ്ക്ക് വിശ്രമിക്കണം. അത്രയ്ക്കുണ്ടു് യാത്രാക്ഷീണം. അപേക്ഷകരെ ഓരോരുത്തരെയായി നാളെ കാണാം. ഒരു പാർപ്പിടവും അന്വേഷിയ്ക്കാം.
അശ്വഹൃദയത്തിന്റെ താക്കോൽ ഗുഗ്ഗുരുവിനെ ഏല്പിച്ചു് എല്ലാവരും സ്ഥലം വിട്ടു.
എല്ലാവരും സ്ഥലം വിട്ടപ്പോൾ വാതിലടച്ചു് സാക്ഷയിട്ടു് ഗുഗ്ഗുരു അശ്വഹൃദയത്തിന്റെ അന്തർഭാഗത്തൊരു സൂക്ഷ്മപരിശോധന ആരംഭിച്ചു.
ആറു കിടക്ക, ആറു പെട്ടി. അപ്പോൾ ആറുപേരുണ്ടെന്നു തീർച്ച. ആറാമനെവിടെ? അവൻ തിരിച്ചുവന്നാൽ എല്ലാം കുഴപ്പമായീ. കംസന്റെ ശത്രു എട്ടാമനായിരുന്നു, ഇവിടെ ആറാമൻ. അവനെ നശിപ്പിയ്ക്കണം, ഇല്ലെങ്കിൽ തെണ്ടിപ്പോകും.
അപ്പോൾ പുതിയ ആശയം പൊട്ടിവിടർന്നു. എന്തുകൊണ്ടു് തീവണ്ടിയിലെ സ്ലീപ്പർ കോച്ചുപോലെ ഇതൊന്ന് പുനസ്സംവിധാനം ചെയ്തെടുത്തുകൂടാ?
ഉറപ്പുള്ള മുള വേണം, കയറും. നല്ല ‘പറപ്പുറം’ കെട്ടിയുണ്ടാക്കണം. അപ്പോൾ കൂടുതൽ സൗകര്യമുണ്ടാവും. ‘ബർത്തെ’ന്ന് പേരു കൊടുക്കണം. തറയിലുള്ള രണ്ടോ മൂന്നോ പേർക്കു് ബർത്തിലേക്കു പ്രമോഷൻ കൊടുക്കാം. അങ്ങനെയാവുമ്പോൾ രണ്ടുമൂന്നു കസേരകൾ കൂടി വാങ്ങിയിടാൻ കഴിയും.
പരിശോധന പുരോഗമിച്ചപ്പോൾ മറ്റൊരുകാര്യം കൂടി വ്യക്തമായി. രണ്ടുപേരുള്ള ഒരു കുടുംബത്തിനു് വലിയ ബുദ്ധിമുട്ട് കൂടാതെ ജീവിയ്ക്കാനുള്ള സൗകര്യങ്ങളൊക്കെയുണ്ടു്. ഒരു സ്റ്റൗ വാങ്ങിയാൽ കഷ്ടിച്ചു ഭക്ഷണം പാകം ചെയ്യാനും കഴിയും. വരട്ടെ, എല്ലാം ക്രമേണ മതി. തല്ക്കാലം ആറാമൻ വന്നു ചേരുമ്പോഴുള്ള പരിപാടിയ്ക്കാണു് രൂപം നൽകേണ്ടതു്.
നല്ല ഉറപ്പൂള്ള മുള വേണം. ചൂടിയും കയറും വേണം.
വാതിലിൽ തുരുതുരെ മുട്ടു കേൾക്കുന്നു!
സാക്ഷ നീക്കി വാതിൽപ്പൊളി തുറന്നപ്പോൾ കാറ്റിനോടൊപ്പം കുഞ്ചുണ്ണി അകത്തേയ്ക്കടിച്ചു കയറി.
ആറാമൻ?
ശത്രു!
രണ്ടു പേരും ഒന്നും മിണ്ടാതെ മുഖത്തോടു മുഖം നോക്കി നില്ക്കുന്നു. ആദ്യം കുഞ്ചുണ്ണിയുടെ ക്ഷമ തകർന്നു.
“ആരാണു് ?”
“ആരാണു്?”
“നിങ്ങളാരാണെന്നു്?”
“നിങ്ങളാരാണെന്നു്?”
പ്രതിദ്ധ്വനിപോലെ. അമ്പട! കൊള്ളാമല്ലോ. ഇവൻ വദ്ധ്യനാണു് സംശയമില്ല. “ശാന്തിക്കാരൻ ഊരായ്മ ഭാവിയ്ക്കുകയോ?” അറിയാതെ ഒരാക്ഷേപത്തിന്റെ തലക്കെട്ടാണു് കുഞ്ചുണ്ണിയുടെ മനസ്സിൽ രൂപം കൊണ്ടതു്. എതിർക്കക്ഷിയെ കുഞ്ചുണ്ണി ആമൂലാഗ്രം വിസ്തരിച്ചൊരു പരിശോധന നടത്തി.
കാതിലെ വെള്ളക്കല്ലു് വെച്ച കമ്മൽ കണ്ടപ്പോൾ ശാരിയെ ഓർത്തു. കഴുത്തിലെ സ്വർണ്ണമാല കണ്ടപ്പോൾ നാടുവിടുന്ന ദിവസം ഏട്ടത്തിയോടടിച്ചെടുത്തു കൊണ്ടു പോന്ന കാശുമാലയുടെ കാര്യമോർത്തു. ആഭരാണാദികളിലൂടെ എതിർകക്ഷി ഒരു സമ്പന്നാണെന്ന വിശ്വാസമുദിച്ചപ്പോൾ കുഞ്ചുണ്ണി തണുത്തു.
“എനിയ്ക്കു മനസ്സിലായില്ല?”
“എനിയ്ക്കും മനസ്സിലായില്ല.”
“ഞാനിവിടത്തെ താമസക്കാരനാണു്. പേരു് കുഞ്ചുണ്ണി.”
“ഞാനിവിടത്തെ അതിഥിയാണു്. പേജ് ഗുരു ശങ്കരദാസ്സ്!”
അതിഥിയെ കുഞ്ചുണ്ണിയ്ക്കിഷ്ടമായി. വെളുത്തു തടിച്ചു്, കാതിലും കഴുത്തിലും ആഭരണമണിഞ്ഞു്, നല്ല വസ്ത്രം ധരിച്ചു്, കാണുന്നവർക്കു് സംശയം കൂടാതെ മനുഷ്യനാണെന്നംഗീകരിക്കാൻ ഒട്ടും പ്രയാസമില്ലാത്തൊരു വ്യക്തിയാണു് തന്റെ മുമ്പിൽ നിൽക്കുന്നതു്. ആശ്വാസം.
മാസാരംഭത്തിൽ ശമ്പളം കിട്ടിയ തുകയിൽനിന്നു് മുക്കാലോഹരിയും ഭാര്യയ്ക്കയച്ചു്, അരവയറും അന്തിപ്പട്ടിണിയുമായി കഴിയുന്ന കണ്ണൻകുട്ടിമേനോനും, സ്നേഹിച്ച പെണ്ണിനെ കെട്ടാൻ കഴിയാതെ, കെട്ടിയ പെണ്ണു മൂന്നു കൊല്ലം കൊണ്ടു് സമ്മാനിച്ച നാലു കുട്ടികളുടെ അച്ഛനെന്ന നിലയിൽ അകാലനരയും വാർദ്ധക്യവും ബാധിച്ചു് എപ്പോഴും കരയാനോങ്ങി നില്ക്കുന്ന മുഖവുമായി കഴിയുന്ന പീറ്ററും, അഞ്ചു പെങ്ങന്മാരെ കല്യാണം കഴിച്ചയക്കാനുണ്ടെന്നുള്ള ഭീകരസത്യം മുമ്പിൽ കണ്ടു് ഞെട്ടി, പ്രമോഷനും ശമ്പളക്കൂടുതലിനുംവേണ്ടി, കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ കയറി രാവിലേയും വൈകുന്നേരവും കൈവിരൽകൊണ്ടു് ചുര മാന്തുന്ന കൃഷ്ണൻകുട്ടിയും, വൈദ്യശാല വെച്ചു് പൊളിഞ്ഞ അച്ഛന്റെ ഭീമമായ കടത്തിലേക്കു് എല്ലാ മാസവും വലിയൊരു തുക പിഴയടച്ചു് ഇരുപത്തിരണ്ടാമത്തെ വയസ്സിൽ കഷണ്ടി ബാധിച്ച ജയകൃഷ്ണനും, താനൊരു ക്ഷയരോഗിയാണെന്നു് വിശ്വസിച്ചു്, ഭക്ഷണത്തിന്നു പകരം ഗുളികയും പൊടിയും ലേഹ്യവും ടോണിക്കും കഴിച്ചു് ദിനംപ്രതി വിളർത്തും വിളറിയും വരുന്ന മുകുന്ദനും കുഞ്ചുണ്ണിയെ ഭയങ്കരമായി നിരാശപ്പെടുത്തിയിരിയ്ക്കുകയാണു്. കഷ്ടപ്പാടും ബുദ്ധിമുട്ടും പരാതിയും നിറഞ്ഞതാണു് ഈ പ്രപഞ്ചമെന്ന വിശ്വാസത്തിലേക്കു് കുഞ്ചുണ്ണിയെ പിടിച്ചിറക്കി നിർത്തിയിരിയ്ക്കുകയാണു്.
അശ്വഹൃദയത്തിലെ ഏതെങ്കിലുമൊരുത്തനെക്കണ്ടാൽ ഒരു നേരത്തെ ആഹാരം നഷ്ടപ്പെട്ട തളർച്ച അനുഭവപ്പെടും. എല്ലാവരേയും ഒരുമിച്ചു് കണ്ടാൽ രണ്ടാഴ്ച നിരാഹാരവ്രതമെടുത്ത ക്ഷീണവും വയ്യായ്മയുമനുഭവപ്പെടും. ഓരോരുത്തനും ബുദ്ധിമുട്ടിന്റെ, കഷ്ടപ്പാടിന്റെ ഓരോ വിഷാദകാവ്യമാണു്. അതിനിടയിലേക്കാണു് ഒരു പ്രേമകാവ്യംപോലെ ഗുരുശങ്കരദാസ്സ് കടന്നുവന്നതു്. കുഞ്ചുണ്ണി ആർത്തിയോടെ നോക്കി. മുട്ടായിക്കടക്കാരന്റെ മരത്തട്ടിൽ നെയ്യലുവ എന്നപോലെ ഗുരു ചാരുകസേരയിൽ കിടക്കുന്നു. ആ നിറംപോലും നെയ്യലുവയുടേതാണു്.
മറ്റൊരവസരത്തിൽ മറ്റൊരാളാണു് ആ ചാരുകസേരയിലിങ്ങനെ ഇരിയ്ക്കുന്നതെങ്കിൽ അവന്റെ വാരിയെല്ലോരോന്നും ഊരിയെടുത്തു കുഞ്ചുണ്ണി കോൽക്കളി കളിയ്ക്കുമായിരുന്നു! ഇരിയ്ക്കട്ടെ. സുഖമായിരിയ്ക്കട്ടെ. ചാരുകസേരകൾ തറവാടികൾക്കിരിയ്ക്കാനുള്ളതാണു്.
ഒന്നു കളിയ്ക്കണം. ആകെ ചീഞ്ഞ് നാറിയിരിക്കുന്നു. ലോക്കപ്പ് മുറിയിലെ മണ്ണും ചളിയും പറ്റി ജുബ്ബയും മുണ്ടും വൃത്തികെട്ടിരിക്കുന്നു.
ജുബയഴിച്ചു് വലിച്ചെറിയുമ്പോൾ മജിസ്ട്രേട്ടിനു നന്ദിപറഞ്ഞു. ദീർഘായുസ്സു നേർന്നു.
ആ രംഗം മനസ്സിൽനിന്നു മായുന്നില്ല.
പോലീസകമ്പടിയോടുകൂടി കോടതിയിലെത്തിയപ്പോൾ വിയർപ്പും തളർച്ചയും ദാഹവുമുണ്ടായിരുന്നു. അപമാനഭാരംകൊണ്ട്, താണുപോയ തല കറങ്ങുന്നുണ്ടായിരുന്നു. വിറയ്ക്കുന്ന കാൽമുട്ടുകൾ പ്രതിക്കൂട്ടിന്റെ അഴികളിൽ തട്ടി ശബ്ദമുണ്ടാക്കിയിരുന്നു. കോടതിമുറിയിലെ ജനക്കൂട്ടത്തെ തലയുയർത്തി നോക്കാൻ പേടിയായിരുന്നു.
അപ്പോൾ ഇടിമുഴക്കംപോലുള്ള ശബ്ദം. ആരോ ഒച്ചയനക്കിയതാണു്. മജിസ്ട്രേട്ടായിരിയ്ക്കുമോ?
പേരു ചോദിയ്ക്കുന്നു!
പ്രവൃത്തി ചോദിയ്ക്കുന്നു!
തലയുയർത്താതെ ഗദ്ഗദസ്വരത്തിൽ മറുപടി പറഞ്ഞു. സത്രത്തിൽ നടന്ന കാര്യം ഒറ്റ വീർപ്പിന്നു ആരും ചോദിക്കാതെതന്നെ വിവരിച്ചു.
കനത്ത നിശ്ശബ്ദത!
“ഇത്തവണ മാപ്പ് നല്കിയിരിക്കുന്നു!”
നീതിന്യായക്കോടതി, നിനക്കു അനന്തകോടി പുണ്യം! നിന്റെ ക്രോധാഗ്നിയിൽ കുഞ്ചുണ്ണി മൃതൻ.
നിന്റെ ദയാവായ്പിൽ കുഞ്ചുണ്ണി പരമ ഭാഗ്യവാൻ!
“മേലിൽ സൂക്ഷിയ്ക്കണം!” താക്കീതു വരുന്നു!
സൂക്ഷിയ്ക്കാം. സന്ധ്യകഴിഞ്ഞാൽ പുറത്തിറങ്ങില്ല. പട്ടാപ്പകലും സത്രത്തിന്നടുത്തുകൂടി പോവില്ല. തെരുവുസുന്ദരികളെ കണ്ടാൽ പ്രാണനും കയ്യിലെടുത്തു പിടിച്ചു് മരണപ്പാച്ചിൽ പാഞ്ഞ് രക്ഷപ്പെടും.
“മാനമര്യാദയായി ജീവിയ്ക്കണം.”
അതു വേണ്ടായിരുന്നു മജിസ്ട്രേട്ടങ്ങുന്നേ, ആ ഒരു വാചകം വേണ്ടായിരുന്നു! കേട്ടുനില്ക്കുന്ന ജനങ്ങൾ മുഴുവനും ബുദ്ധിയുള്ളവരാണെന്നു വിചാരിക്കരുതു്.
നിരുപാധികം വിട്ടയച്ചെന്നു കേട്ടപ്പോൾ ഓട്ടമായിരുന്നു. ഗയിറ്റു കടക്കാനുള്ള ക്ഷമയില്ല. മതിൽചാടിക്കടന്നു. വിശാലമായ പ്രപഞ്ചത്തിൽ എവിടെ വേണമെങ്കിലും കയ്യുംവീശി നടക്കാനുള്ള സ്വതന്ത്ര്യം തിരിച്ചുകിട്ടിയിരിക്കുന്നു.
സ്വാതന്ത്ര്യം ഇത്ര മധുരമാണൊ, സുന്ദരമാണോ?
ആവേശം തണുത്തപ്പോൾ ഓട്ടം നിലച്ചു. നടത്തമായി. ഓരോ അടിയും അമർത്തിച്ചവുട്ടി. വാസുമുതലാളിയുടെ നെഞ്ച് കാൽക്കീഴിലുണ്ടെന്ന സങ്കല്പത്തോടെ.
തോർത്തും സോപ്പുപെട്ടിയുമെടുത്തു രണ്ടടി നടന്നപ്പോൾ പട്ടാപ്പകലാണെന്ന കാര്യം ഓർമ്മവന്നു. നിരത്തുവക്കിലെ ടാപ്പിന്നടുത്തുനിന്നു അപ്പോൾ കളിക്കാൻ സാദ്ധ്യമല്ല. ഇരുട്ടിന്റെ മറവു വേണം.
കാലും മുഖവും വൃത്തിയായി കഴുകി. കുറച്ചു തണുത്ത വെള്ളമൊഴിച്ചു തല തണുപ്പിച്ചു തിരിച്ചുപോന്നു.
ചാരുകസേരയിൽ നെയ്യലുവ മലർന്നുകിടക്കുന്നു!
ഉടുപ്പു മാറ്റിയപ്പോൾ ഒരു നവചൈതന്യം സിദ്ധിച്ചപോലെ തോന്നി. എങ്കിലും നല്ല ക്ഷീണമുണ്ടു്. രണ്ടു കാളരാത്രികൾ ലോക്കപ്പിൽ കഴിച്ചതിന്റെ ക്ഷീണം. ഭാരമൊഴിഞ്ഞ മനസ്സുംവെച്ച് ഒരിടത്ത് നീണ്ടു നിവർന്നു കിടക്കാനാണു് തോന്നിയത്.
പക്ഷെ, വയ്യ!
ആത്മാവിൽ കയറിനിന്നു പൂവൻകൊഴിയെപ്പോലെ വാസുമുതലാളി പ്രാണഞരമ്പുകൾ കൊത്തിവലിയ്ക്കുകയാണ്. അവനെ വകവരുത്തീട്ട് വിശ്രമം. ഭക്ഷണവും അതു കഴിഞ്ഞിട്ടു മതി. ഒന്നിനു പിറകെ മറ്റൊന്നായി ചാട്ടുളിപോലെ ആക്ഷേപം അണച്ചെടുത്തു പ്രയോഗിക്കണം. ഓരോന്നു കൊള്ളുമ്പോഴും ശത്രു നിലത്തു വീണു പിടയണം.
എഴുതാനുള്ള അദമ്യമായ പ്രചോദനം വരുന്നു!
ചാരുകസേരയിൽ നെയ്യലുവ മലർന്നുകിടക്കുന്നു.
‘സിംഹഗർജ്ജന’ത്തിന്റെ ആപ്പീസിൽ ചെന്നിരിയ്ക്കാം. ആചാര്യനുമായി കൂടിയാലോചിക്കാം. എന്നിട്ടെഴുതാം. ഇനിയൊരു പ്രഭാതമുണ്ടെങ്കിൽ അപവാദത്തിന്റെ കടുത്ത ഭീഷണിയുംകൊണ്ടു് ‘സിംഹഗർജ്ജനം’ വാസുമുതലാളിയുടെ പടി കയറി ചെല്ലണം.
യാത്രയ്ക്കൊരുങ്ങി വാതിൽപ്പടിയിലെത്തിയപ്പോൾ തിരിഞ്ഞുനിന്നു ലൗകികം പറഞ്ഞു:
“ഊണു കഴിയ്ക്കണ്ടേ?”
“കഴിയ്ക്കണം.”
ഗുരു നിവർന്നിരുന്നു.
“അടുത്തെങ്ങാനും നല്ല ഹോട്ടലുണ്ടോ?”
“വെജിറ്റെറിയനോ അതോ നോൺവെജിറ്റേറിയനോ?”
“വെജിറ്റേറിയൻ. ശവം തിന്നുന്ന ഏർപ്പാടില്ല. നെയ്യും പരിപ്പും തൈരും നിർബ്ബന്ധം. ഊണു കഴിഞ്ഞാൽ ഒരു ജിലേബിയും അത്രതന്നെ നിർബന്ധം.”
വെറുതെയല്ല നെയ്യലുവപോലെ നിറവും കൊഴുപ്പും കിട്ടിയതു്.
ഹോട്ടൽ കാണിച്ചുകൊടുക്കാമെന്നു് കുഞ്ചുണ്ണി പറഞ്ഞു. വേണ്ട, പേരു പറഞ്ഞാൽ മതിയെന്നു ഗുരു നിർദ്ദേശിച്ചു. അല്പം കഴിഞ്ഞു സൗകര്യംപോലെ ചെന്നു കണ്ടോളാം.
പിന്നെ വാദപ്രതിവാദമുണ്ടായില്ല. കുഞ്ചുണ്ണി കീഴടങ്ങി. ഒന്നും പറയാതെ പുറത്തു കടന്നു. ഗുരുവീണ്ടും ചാരുകസേലയിലേക്കു മലർന്നു.