വാസുമുതലാളി സോഫയിലിരുന്ന് സിഗരറ്റു വലിയ്ക്കുമ്പോൾ, പ്രഭാതം, ബംഗ്ലാവിന്റെ മുറ്റത്തു നിന്നു് ജാലകപ്പഴുതിലൂടെ അകത്തു നോക്കി ചിരിച്ചു. മുതലാളി കണ്ടഭാവം നടിച്ചില്ല, മുഖം കനപ്പിച്ചിരുന്നു.
ആകെ പരിഭ്രമമായിരുന്നു മുതലാളിയ്ക്കു്. സിഗററ്റു് കുറ്റികൾകൊണ്ടു് “ആഷ്ട്രെ’ നിറഞ്ഞിരിക്കുന്നു. അതു കണ്ടാൽ അനേക ദിവസങ്ങളായി അവിടെയിരുന്നു സിഗരറ്റു വലിയ്ക്കുകയാണെന്നു തോന്നും.
രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല. പണമുണ്ടു്, ജനസ്വാധീനമുണ്ടു്. പലകുറി നിയമത്തെ ചൊല്പടിയ്ക്കു നടത്തീട്ടുണ്ടു്. എന്നിട്ടും അകാരണമായ പരിഭ്രമം കീഴടക്കാനെത്തുന്നു.
അകാരണമാണോ പരിഭ്രമം? അല്ലെന്നു വെക്കുക, എന്നാൽത്തന്നെയെന്തു്? കാരണങ്ങളൊന്നും പുതുമയുള്ളതല്ല. പണ്ടും പല തവണ ഇങ്ങനെയൊക്കെ ഉണ്ടായിട്ടുണ്ടു്.
കരിഞ്ചന്തയും, കള്ളക്കടത്തും, പൂഴ്ത്തിവെപ്പും കൊള്ളലാഭവുമൊക്കെ രസമുള്ള കാര്യങ്ങളാണു്. രസമുള്ള കാര്യങ്ങൾ പിന്നേയുമുണ്ടു്. മഹാനഗരത്തിലെ മികച്ച ഹോട്ടലുകളിലും ക്ലബ്ബുകളിലും രാത്രിയുടെ ആദ്യയാമങ്ങൾ ചിട്ടപ്പടി ചിലവഴിയ്ക്കുക. വാരാന്ത്യത്തിൽ ഗുരുവായൂർക്കു് ഭജനത്തിനെന്നു പറഞ്ഞു് മലമ്പുഴയിലോ പീച്ചിയിലോ ഉള്ള സുഖവാസകേന്ദ്രങ്ങളിലെത്തി, ഒന്നോ രണ്ടോ ദിവസം ശാസ്ത്രീയമായി ജീവിക്കുക. അങ്ങിനെ പലതും ചെയ്തിട്ടുണ്ടു്. എന്ന പരിഭ്രമം. ഭീരുത്വമാണോ. ഈ പരിഭ്രമത്തിനു കാരണം? അല്ല.
ജനങ്ങളറിയുന്ന വാസുമുതലാളി നൂറു ശതമാനം മാന്യനായിരിക്കണം. അധർമ്മഭീരുവും രാജ്യസ്നേഹിയും ഈശ്വരവിശ്വാസിയുമായിരിക്കണം. അതിന്നുവേണ്ടി പല വഴിക്കും പണം വാരിക്കോരി ചിലവഴിച്ചു. ജനങ്ങൾ ഭയപ്പെടുകയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. ചെറിയൊരു നോട്ടക്കുറവു മതി, എല്ലാം തകർന്നു പോവും. അതോർക്കുമ്പോഴാണു് പരിഭ്രമം.
കള്ളക്കടത്തിലേർപ്പെട്ട ലോറികൾ അതിർത്തിക്കപ്പുറത്താണു്. അവ ഭദ്രമായി തിരിച്ചെത്തുന്നതുവരെ പരിഭ്രമംതന്നെ. മനസ്സമാധാനത്തിന്റെ അടിപ്പലക തകർക്കാൻ മറ്റൊരു കാരണം കൂടിയുണ്ടു്.
കുഞ്ചുണ്ണി.
വേദനിപ്പിച്ചു വിട്ട വെമ്പാലയെപ്പോലെ കുഞ്ചുണ്ണി പകവെച്ചു നടക്കുകയാണു്. തരം കിട്ടുമ്പോൾ കടിച്ചു വിഷമേല്പിക്കും.
കുഞ്ചുണ്ണിയും ലോറിയും പല തവണ മനസ്സിൽ കൂടി കടന്നുപോയപ്പോൾ വാസുമുതലാളി എഴുന്നേറ്റ് ടെലഫോണിന്നടുത്തേക്കു് നടന്നു. റസീവറെടുത്തു് ചെവിടോടുപ്പിച്ചു് സംശയിച്ചു നിന്നു. പിന്നെ, സാവകാശം ഡയൽ ചെയ്യാനാരംഭിച്ചു.
“ഹലൊ.”
കമ്പികളിലൂടെ ഒഴുകി വന്നു കാതിൽ വീഴുന്ന ശബ്ദതരംഗങ്ങൾക്കു വേണ്ടി കാത്തുനിന്നു. മറുപടി വന്നു. പശ്ചാത്തലത്തിൽ കാക്കകളും കുട്ടികളും ബഹളമുണ്ടാക്കുന്നു.
“ഗുഡ്മോണിങ്ങ് സാർ.”
വാസുമുതലാളിയുടെ ശബ്ദത്തിൽ അഗാധമായ ആദരവും മുഖത്തു് പുച്ഛവും പ്രകടമായി.
“ഇന്നലെ വൈകിട്ടു് കാണാൻ പറ്റിയില്ല സാർ.”
മറുഭാഗത്തു് പ്രതീക്ഷിച്ച മട്ടിൽ പ്രതികരണം അനുഭവപ്പെട്ടില്ല. പ്രോത്സാഹജനകമല്ലാത്ത നിലപാടു്. അങ്ങിനെ വിട്ടാൽ പറ്റില്ല. ഒന്നു് പ്രലോഭിപ്പിച്ചുകളയാമെന്നു് വാസുമുതലാളി തീരുമാനിച്ചു.
“സാർ, ആ സ്ഥലത്തിന്റെ കാര്യം ശരിയായിട്ടുണ്ടു്.”
മറുഭാഗത്തു് ഇളക്കം അനുഭവപ്പെടുന്നു. കാതിൽ വന്നു വീഴുന്ന വാക്കുകൾ മാധുര്യം കലർന്നതാവുന്നു. ഒരു പ്രസംഗം തന്നെ ആരംഭിക്കുന്നു. വാസുമുതലാളി ഒരു ചെറിയ പഴുതിലൂടെ കടന്നു കയറി സംസാരിക്കുന്നു.
“ഒന്നാന്തരം സ്ഥലമാണു് സാർ. എത്ര ഏക്കർ വേണം? അതിങ്ങു പറഞ്ഞാൽ മതി.”
അടക്കിപ്പിടിച്ച സ്വരത്തിൽ മറുഭാഗത്തുനിന്നു ഏതാനും നിർദ്ദേശങ്ങൾ വരുന്നു. അതു മുഴുമിയ്ക്കാൻ വാസുമുതലാളി ഇടകൊടുത്തില്ല.
“എങ്ങിനെ വേണമെങ്കിലും ശരിപ്പെടുത്താം സാർ. ഒരു ബുദ്ധിമുട്ടുമില്ല. ഭാര്യയുടെ പേരും വിലാസവും അവിടെ കുറിച്ചു വെച്ചാൽ മതി”…
ഭാര്യയുടെ മേൽവിലാസം കമ്പികളിലൂടെ ഒഴുകിവരുന്നു. വാസുമുതലാളി കുറിച്ചെടുക്കുന്നു.
“ഈ വിലാസത്തിൽ വസ്തു ഒഴിമുറി എഴുതി റജിസ്തറാക്കി, ആധാരം ഞാനവിടെ എത്തിക്കാം.”
നന്ദിപ്രകടനത്തിന്റെ സുന്ദരൻവാക്കുകൾ ഒഴുകിയെത്തി വാസുമുതലാളിയുടെ കാതു് കുളുർപ്പിക്കുന്നു.
“അപ്പോൾ സാർ, അന്നു കൊടുത്തയച്ച അരി തീർന്നോ?”
മറുവശം പ്രാരാബ്ധത്തിന്റെ കെട്ടഴിക്കുന്നു. സമ്മതിച്ചില്ല.
“ഇന്നുതന്നെ ഒരു ചാക്കങ്ങട്ടയയ്ക്കാം സാർ… ശരി സാർ… ശരി.”
റസീവർ വെച്ചപ്പോൾ ഹൃദയഭാരം പകുതിയായി ചുരുങ്ങിയതുപോലെ തോന്നി. കള്ളക്കടത്തിന്നു പോയ ലോറികൾക്കു് ഒന്നും പറ്റിട്ടില്ല. ഭയപ്പെടാനില്ല. ഏറ്റവും ഉയർന്ന സ്ഥാനത്താണു് പരീക്ഷണം നടത്തിയതു്. പലപ്പോഴും അപകടത്തിന്റെ മുന്നറിയിപ്പു തന്നു രക്ഷിച്ച മനുഷ്യനാണു്. കനത്ത പ്രതിഫലം വാങ്ങീട്ടാണെന്നു സമ്മതിക്കുന്നു. സാരമില്ല.
മനസ്സമാധാനത്തോടെ തിരിഞ്ഞു നടന്നപ്പോൾ, കാര്യസ്ഥൻ പരമു പടികടന്നു വരുന്നു.
“എടാ ലോറി വന്നോ?”
“വന്നു.”
“എപ്പ വന്നു?”
“പുലർച്ചെ നാലു മണിയ്ക്കു്.”
“എന്നാൽ കഴുതേ, ആ വിവരം നേർത്തെ വന്നു് പറയാമായിരുന്നില്ലേ? മറ്റുള്ളവരുടെ വിഷമം നിങ്ങൾക്കാർക്കും മനസ്സിലാവില്ലെടാ. മാനേജരുണ്ടായിരുന്നില്ലേ അവിടെ?”
“ഉണ്ടായിരുന്നു.”
“നിന്നെപ്പോലെ മറ്റൊരു കഴുത.”
തോളിൽ ചുമന്നു കൊണ്ടുവന്ന കടലാസ്സുകെട്ടു് മേശപ്പുറത്തിറക്കിവെച്ചു് അല്പം മാറിനിന്നു് പരമു പതുക്കെ പറയാൻ തുടങ്ങി.
“ഒരപകടം പറ്റി.”
“എന്തെടാ, ഏ?”
“ചെക്ക് പോസ്റ്റിൽ നിർത്താതെയാണു് ലോറികൾ കടന്നു പോന്നതു്.”
“നന്നായി.”
“പിറകെ പോലീസ് ജീപ്പുണ്ടായിരുന്നു. പിടികൊടുക്കാതെ വേഗത്തിൽ പോരുമ്പോൾ ലോറിയ്ക്കു കുടുങ്ങി രണ്ടുപേർ മരിച്ചു.”
“അതിലേറെ നന്നായി! ആരു പറഞ്ഞെടാ പാതിരയ്ക്കുവരോടു് റോഡിലിറങ്ങി നടക്കാൻ? അതിരിയ്ക്കട്ടെ, ഈ കടലാസ്സുകെട്ടു് മാനേജർ തന്നതാണോ?”
“അതെ.”
പരമു അടുക്കളയിലേക്കു് പോയപ്പോൾ മുതലാളി കടലാസ്സുകെട്ടും തൂക്കിയെടുത്തു് കാർഷെഡ്ഡിൽ കടന്നു വാതിലടച്ചു.
കെട്ട് പൊട്ടിയ്ക്കുമ്പോൾ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.
“സിംഹഗർജ്ജനം—പ്രഭാതപത്രം!”
ആദ്യത്തെ പേജിൽതന്നെ വെമ്പാലയുടെ വിഷം പരന്നു കിടക്കുന്നു. വായിച്ചു തീർന്നപ്പോൾ തളർന്നു പോയി. ഭയങ്കരം! ജനങ്ങളിതറിയാനിടവന്നെങ്കിൽ വാസുമുതലാളിയെന്ന ആ വലിയ സങ്കല്പം അങ്ങനെത്തന്നെ അടർന്നു വീഴും. തളർച്ച പറ്റിയതവിടെയല്ല. എഴുതിപ്പിടിപ്പിച്ചതെല്ലാം സത്യമായിരുന്നു!
ദുഷ്ടൻ!
ഓരോ പ്രതിയെടുത്തു് തീകൊളുത്തി. സിംഹഗർജ്ജനത്തിന്റെ ശവസംസ്ക്കാരം അങ്ങിനെ ആരുമറിയാതെ നടക്കുകയാണു്. തീ കത്തിപ്പിടിച്ചു്, അക്ഷരങ്ങളെ വിഴുങ്ങി മുന്നേറുമ്പോൾ ക്രുരമായൊരു സംതൃപ്തി അനുഭവപ്പെട്ടു!
“എടാ. ഇത് വാസുമുതലാളിയാണു്. മനസ്സിലായോ?”
കത്തിപ്പടരുന്ന തീയിലേക്കു നോക്കിക്കൊണ്ടു് വാസുമുതലാളി പറഞ്ഞു. കുഞ്ചുണ്ണിയതു കേട്ടെങ്കിൽ ഞെട്ടിത്തെറിച്ചുപോകുമായിരുന്നു. ആ രംഗം കണ്ടെങ്കിൽ ബോധംകെട്ടു് വീഴുമായിരുന്നു.
വളരെ സമർത്ഥമായിട്ടാണു് ആ പരിപാടി സംവിധാനം ചെയ്തെടുത്തതു്. സിംഹഗർജ്ജനത്തിന്റെ പത്രാധിപർ മികച്ച തന്ത്രശാലിയാണെങ്കിലും വലിയ പണക്കൊതിയനാണെന്നു് കേട്ടിട്ടുണ്ട്. ആ ദൗർബ്ബല്യത്തിൽനിന്നു് മുതലെടുക്കാൻ വാസുമുതലാളി തീരുമാനിച്ചു.
ആദ്യത്തെ ശ്രമം ഒന്നു പരിചയപ്പെടാനായിരുന്നു. പല വഴികളും നോക്കി, ഫലിച്ചില്ല. പിന്നെ പത്രമടിക്കുന്ന പ്രസ്സന്വേഷിച്ചു പിടിച്ചു. പ്രസ്സിന്റെ മനേജരുമായി അടുത്ത ബന്ധം പുലർത്തി. പല വഴിക്കും അയാളെ പ്രലോഭിപ്പിച്ചു. അങ്ങനെ പത്രാധിപരുമായി ഒരു കൂടിക്കാഴ്ച തരപ്പെടുത്തി.
വൃത്തികെട്ട മനുഷ്യൻ! കണ്ടപ്പോൾ തോന്നിയ അഭിപ്രായമാണു്. മുഖത്തു നോക്കി സംസാരിക്കില്ല. ചിരിക്കില്ല. ഇങ്ങനെയുണ്ടോ ഒരു മനുഷ്യൻ? ഒരു മെരുങ്ങാത്ത മൃഗത്തെപ്പോലെയാണു് പെരുമാറ്റം. സാരമില്ല. സൗന്ദര്യാരാധനക്കു വന്നതല്ലല്ലൊ. വാസുമുതലാളി വളരെ നയത്തിൽ അടുക്കാൻ ശ്രമിച്ചു.
“പേരു മനസ്സിലായില്ലല്ലൊ.”
“പത്രാധിപരെന്നു മനസ്സിലായാൽ മതി.”
ആദ്യത്തെ പരാജയം. വാസുമുതലാളി വിട്ടില്ല.
“എത്ര മക്കളുണ്ടു് !”
“മക്കളില്ല.”
“ഭാര്യ പ്രസവിച്ചിട്ടില്ലേ?”
“വിവാഹം കഴിച്ചിട്ടില്ല.”
വെറുതെയല്ല ഇത്ര പരുക്കനായതു്. എന്തു കരടിയായാലും അടുക്കാതെ പറ്റില്ലല്ലൊ.
“പത്രാധിപരെ ഞാൻ കാണണമെന്നു പറഞ്ഞതു് ഒരു പ്രത്യേക കാര്യത്തിനാണു്.”
“കണ്ടില്ലേ?”
തോക്കിൽനിന്നു ഉണ്ട പായുമ്പോലെയാണു് ഓരോ വാക്കും പുറത്തു ചാടുന്നത്. കലശലായ ശുണ്ഠിവന്നെങ്കിലും നല്ല നിയന്ത്രണത്തോടെ വാസുമുതലാളി പെരുമാറി.
ഒരു പൊള്ളച്ചിരി ചിരിച്ചുകൊണ്ടു് പറഞ്ഞു. “കണ്ടാൽ മാത്രം പോര, എനിയ്ക്കു ചിലതു് പറയാനുണ്ടു്.”
“വേഗം പറയണം. എനിക്കു തിരക്കുണ്ടു്.”
“പറയാം.”
വാസുമുതലാളി പത്രാധിപരുടെ മുഖത്തു സൂക്ഷിച്ചുനോക്കി. ആദ്യം കണ്ടതിൽനിന്നു് നേരിയൊരു വ്യത്യാസം വരുത്താൻപോലും തന്റെ പരിശ്രമത്തിന്നു് കഴിഞ്ഞിട്ടില്ലെന്നു മനസ്സിലായി. അവിടെ നിർവ്വികാരമെന്നൊരവസ്ഥ മാത്രം. കോപമോ, താപമോ, ജിജ്ഞാസയോ ഒന്നും നാമ്പെടുക്കാത്ത മണലരണ്യംപോലുള്ള ആ മുഖത്തു് ഒരിയ്ക്കൽ നോക്കിയാൽ മഹാമുനിമാർപോലും വിശ്വദ്വേഷികളായി മാറും.
“നമ്മളൊക്കെ ജോലിചെയ്യുന്നത് സുഖമായി ജീവിക്കാനാണു്.”
വാസുമുതലാളി അടവൊന്നു മാറ്റി.
“അല്ലേ?”
“ഉം.”
“ജോലിയുടെ തരംപോലെയാണ് പ്രതിഫലം. കച്ചവടക്കാരനു് ലാഭമായിട്ടും ഉദ്യോഗസ്ഥനു് ശമ്പളമായിട്ടും പ്രതിഫലം കിട്ടുന്നു. പത്രം അടിക്കുന്നതും വില്ക്കുന്നതും ഒരു കച്ചവടമല്ലേ?”
പത്രാധിപർ മിണ്ടിയില്ല. താനിതിലൊരു കക്ഷിയല്ലെന്ന നിലയിൽ അപാരതയിൽ കണ്ണു നട്ടു നിശ്ചലനായിരുന്നു. മറുപടിക്കു കാത്തുനിന്നു് കിട്ടാതായപ്പോൾ അതും വാസുമുതലാളിതന്നെ പറഞ്ഞു:
“അതെ, കച്ചവടമാണു്. അപ്പോൾ ഞാനും നിങ്ങളും ഒരേ തൊഴിലിലേർപ്പെട്ടവരാണെന്നു് സമ്മതിക്കേണ്ടിവരും. നമുക്കാവശ്യം ലാഭമാണ്.”
പത്രാധിപർ ആണെന്നും അല്ലെന്നും പറഞ്ഞില്ല.
“ലാഭം” വാസുമുതലാളി ഉറപ്പിച്ചു പറഞ്ഞു.
“നിങ്ങളുടെ കച്ചവടത്തിൽ വേണ്ടത്ര ലാഭം ഞാനുണ്ടാക്കിത്തരാം. സമ്മതമാണോ?”
ഉത്തരമില്ല.
“നിങ്ങളുടെ കച്ചവടത്തിൽ വേണ്ടത്ര ലാഭം ഞാനുണ്ടാക്കിത്തരാം. സമ്മതമാണോ?”
ഉത്തരമില്ല.
“നിങ്ങളെ ഞാൻ സഹായിക്കാം.”
“വേണ്ട.”
ആദ്യത്തെ ക്ഷീണം. രണ്ടാമത്തെ പരാജയം. എങ്കിലും വീഴാതെ പിടിച്ചുനിന്നു.
“കുറ്റവും കുറവും എല്ലാ മനുഷ്യരിലും കാണും. അതൊക്കെ അച്ചടിച്ചു നാടാകെ പരസ്യംചെയ്തിട്ടു വേണോ ലാഭമെടുക്കാൻ. ഈ സമ്പ്രദായം ആർക്കും ഗുണം ചെയ്യുന്നില്ല. നിങ്ങളിതുപേക്ഷിക്കണം.”
“എന്തിന്നു് ?”
“ഈ വ്യവസായം നിങ്ങൾക്കു ദോഷമേ ചെയ്യൂ. നാടുനീളെ എന്തിനിങ്ങനെ ശത്രുക്കളെ സമ്പാദിയ്ക്കണം?”
പത്രാധിപർ എന്തോ പറയാനൊരുങ്ങി. പക്ഷേ, ശബ്ദം പുറത്തുവന്നില്ല. കീഴടങ്ങുകയാവുമെന്ന വിശ്വാസത്തിൽ വാസുമുതലാളി കുറഞ്ഞൊരു ഭീഷണിയെടുത്തു് പുറത്തിട്ടു:
“ഇത് ആയുസ്സിന്നും ആരോഗ്യത്തിന്നും നന്നല്ല.”
പത്രാധിപർ തലയുയർത്തി ആദ്യമായി വാസുമുതലാളിയുടെ മുഖത്തു നോക്കി.
“ഭീഷണിയാണോ?” പത്രാധിപർ ചോദിച്ചു: “എങ്കിൽ പറയാനുണ്ട്. എന്റെ ആയുസ്സിനെച്ചൊല്ലി വിഷമിക്കണമെന്നില്ല. ഈ മഹാനഗരത്തിലെ ഭൂരിപക്ഷത്തിന്റെ കയ്യിൽ അതെന്നും ഭദ്രമായിരിക്കും, മനസ്സിലായോ?”
വാസുമുതലാളി പരുങ്ങി, ആ പരുങ്ങൽ കണ്ടാൽ ഒന്നും മനസ്സിലായില്ലെന്നനുമാനിക്കാം. പത്രാധിപർ അങ്ങിനെ അനുമാനിച്ച് വിശദീകരണമാരംഭിച്ചു.
“എന്റെ പത്രത്തിൽ ഞാനാക്ഷേപിക്കുന്നത് ചുരുങ്ങിയ വ്യക്തികളെ മാത്രം. അതു വായിച്ചാസ്വദിക്കുന്നതോ? ബഹുഭുരിപക്ഷം. അവരെന്നെ പ്രോത്സാഹിപ്പിക്കുന്നു, സഹായിക്കുന്നു. എന്റെ ആയുസ്സും ആരോഗ്യവും അവരുടെ കയ്യിലാണു്. അപവാദം കേൾക്കാനും പ്രചരിപ്പിക്കാനും ആർക്കാണീഷ്ടമല്ലാത്തതു് ? നിങ്ങൾകിഷ്ടമല്ലേ?”
വാസുമുതലാളി മിണ്ടിയില്ല. പത്രാധിപർ കുറച്ചുച്ചത്തിൽ ചോദിച്ചു.
“നിങ്ങൾ മറ്റുള്ളവർക്കപവാദം പറയാറില്ലേ?
വാസുമുതലാളിക്കു് നിഷേധിക്കണമെന്നുണ്ടായിരുന്നു. നാക്കു പൊങ്ങിയില്ല. പത്രാധിപർ വൃത്തികെട്ട മനുഷ്യനായാലും പറയുന്നത് സത്യമാണ്.
“സമൂഹത്തിന്റെ കാതലായ ഈ സ്വഭാവം ഞാൻ ചൂഷണം ചെയ്യുന്നു. അവനവനെപ്പറ്റിയല്ലാത്ത ഏതാക്ഷേപവും അപവാദവും എല്ലാവർക്കും ഇഷ്ടമാണു്. ആ ഒരൊറ്റ കാരണംകൊണ്ട് ഞാൻ കൊല്ലപ്പെടുന്നില്ല. മനസ്സിലായോ? എന്റെ ആയുസ്സിനെച്ചൊല്ലി ഇനി വിഷമിക്കരുത്. നമസ്കാരം.”
പത്രാധിപർ എഴുന്നേറ്റു. വാസുമുതലാളി കയ്യിൽ കേറിപ്പിടിച്ചപേക്ഷിച്ചു.
“ഇരിക്കണം. ദയവുചെയ്തിരിക്കണം. ഞാൻ അവിവേകം പറഞ്ഞെങ്കിൽ ക്ഷമിക്കണം. ഒരു വാക്കുകൂടി”
“ഉം? എന്താണു്?”
“എന്നെ സഹായിക്കണം.”
“അങ്ങനെ നേർവഴിക്കു വരൂ! ലോകം നന്നാക്കാനുള്ള ശ്രമം അതിനർഹതപ്പെട്ടവർ നടത്തട്ടെ. നമുക്ക് നമ്മുടെ കാര്യം നോക്കാം. എന്താ വേണ്ടതു്.”
“ഇതുവരെ ഇങ്ങട്ട് ചോദിച്ചില്ലല്ലൊ. ഞാനെന്റെ പേരു പറയാം.”
“വേണ്ട”
“പേരു, വാസു. വാസുമുതലാളിയെന്നും വിളിക്കും. എനിക്കീ മഹാനഗരത്തിൽ കുറച്ച് നിലയും വിലയുമൊക്കെയുണ്ട്.”
“നല്ലതു്.”
“അതു നിലനിർത്താൻ എന്നെ സഹായിക്കണം.”
“വ്യക്തമായി പറയൂ.”
“പറയാം. എന്നെപ്പറ്റി അനേകമനേകം ആരോപങ്ങൾ സിംഹഗർജ്ജനത്തിൽ വരാനിടയുണ്ട്.”
“വരാൻ പാടില്ലെന്നാണോ പറയുന്നത്.”
“അതെ, ഞാനെന്ത് പ്രതിഫലം വേണമെങ്കിലും തരാം.”
“വന്നുപോയതിനെന്തുചെയ്യും?”
വാസുമുതലാളി ഞെട്ടി.
“ഇന്നത്തെ പത്രത്തിൽ നിങ്ങളെപ്പറ്റി അത്യുഗ്രനപവാദമുണ്ട്.”
“അയ്യോ, എന്നെ ചതിക്കരുത്. പത്രാധിപരെന്നെ സഹായിച്ചില്ലെങ്കിൽ ഞാൻ നശിച്ചുപോകും.”
“ഞാൻ വെറുതെ ആരേയും സഹായിക്കാറില്ല. പത്രം അടിക്കുന്നതു് വിൽക്കാനാണ്.”
“അതെ.”
“എല്ലാം ഒന്നിച്ചു വാങ്ങിക്കൊള്ളൂ. ഞാൻ നിങ്ങൾക്കു വിൽക്കാം.”
“സന്തോഷം.”
“എന്റെ പത്രത്തിനു ഹോൾസെയിൽ പ്രൈസ് കൂടുതലാണു്. കാര്യം മനസ്സിലായോ?”
പത്രാധിപരെഴുന്നേറ്റു. ഒപ്പം വാസുമുതലാളിയും. വഴിയിൽവെച്ചു കരാറൊപ്പിട്ടു. വാസുമുതലാളിയെപ്പറ്റി അപവാദമുണ്ടാകുമ്പോൾ സിംഹഗർജ്ജനത്തിന്റെ കോപ്പികൾ മുഴുവനും പ്രതിഫലംവാങ്ങി ഏല്പിച്ചുകൊടുക്കാമെന്നു്.
പ്രതിഫലം വലിയൊരു സംഖ്യയായിരുന്നു. എന്നാലും വാസുമുതലാളിക്കു് സന്തോഷമായി…!
അവസാനത്തെ പ്രതികൂടി കത്തിച്ചു കളഞ്ഞപ്പോൾ വാസുമുതലാളി വെണ്ണീരിൽ ചവുട്ടി ഒരിക്കൽക്കൂടി പറഞ്ഞു.
“ഇതു വാസുമുതലാളിയാണെടാ.”
കാർഷെഡ്ഡിന്റെ വാതിൽ തുറന്നു പുറത്തുകടന്നപ്പോൾ ശംഖനാദമാണു് കേട്ടതു്. ശുഭസൂചകം. വലിയൊരു വിജയത്തിന്റെ അനുഭവവുമായി പുറത്തു കടക്കുമ്പോൾ ശംഖനാദം കേൾക്കുന്നതു് നല്ല നിമിത്തമായി വാസുമുതലാളി കണക്കാക്കി.
കാഷായവസ്ത്രവും പൊക്കണവും ചൂരൽവടിയും രുദ്രാക്ഷമാലയും ചന്ദനക്കുറിയുമായി മുറ്റത്തു നിൽക്കുന്ന ഗോസായിയോടു് ഇഷ്ടംതോന്നി.
“വരൂ, വരൂ.”
അവനെ അകത്തേക്കു ക്ഷണിച്ചു. അവൻ പരുങ്ങിനിന്നപ്പോൾ വാസുമുതലാളി നിർബ്ബന്ധിച്ചു. പരമുവിനെ വിളിച്ചു കാലു കഴുകാൻ വെള്ളം കൊടുപ്പിച്ചു.
പുല്പായ വിരിച്ചു ഇരുത്തി. ഉണ്ടിട്ടു പോകാമെന്നു ക്ഷണിച്ചു.
വാതിൽ മറയുടെ പിന്നിൽ കുറഞ്ഞൊരമ്പരപ്പോടെ നിൽക്കുന്ന ഭാര്യയോടു് മുതലാളി പറഞ്ഞു.
“മഹത്വം ഏതു വേഷത്തിന്നുള്ളിലാണെന്നാരു കണ്ടു?”