ഗുരു ശങ്കരദാസ്സ് വരുമ്പോൾ പിന്നിലൊരു കൂലിക്കാരനും കൂലിക്കാരന്റെ തലയിൽ ഒരു കയറ്റുകട്ടിലും ഉണ്ടായിരുന്നു.
ഇപ്പോൾ അശ്വഹൃദയത്തിന്റെ ഘടനയിൽ വലിയ മാറ്റം വന്നിരിക്കുന്നു. ഏക ചാരുകസേരയ്കു പുറമെ, രണ്ടു വീട്ടിക്കസേരകൾ വന്നു. ഫർണ്ണിച്ചറിന്റെ ഒരു കൊച്ചു കുടുംബം! കയറ്റുകട്ടിൽ കൂടിയാവുമ്പോൾ കുടുംബത്തിന്റെ അംഗസംഖ്യ നാലു്.
മുളകൊണ്ട് നല്ല ഉറപ്പിൽ, ‘പറം’കെട്ടി ‘ബർത്തെ’ന്നു് ഓമനപ്പേരു വിളിച്ചു. ‘പറം’ കെട്ടിയതോടെ കൃഷ്ണൻകുട്ടിക്കും പീറ്റർക്കും മുകുന്ദനും ജയകൃഷ്ണനും പ്രമോഷൻ കിട്ടി. രാത്രിയാവുമ്പോൾ, നടപടിക്രമം അവസാനിപ്പിച്ച ഗവർമ്മെണ്ട് ഫയലുകൾപോലെ ഷെൽഫുകളിലേക്കവരെ മാറ്റുന്നു. അപ്പർ ബർത്തിൽ കിടക്കുന്ന മുകുന്ദനും ജയകൃഷ്ണനും ഇപ്പോൾ തെങ്ങുകേറ്റം സാദ്ധ്യമാണെന്നു പറയുന്നു. ഗുരു പറയുന്നതു് അക്ഷരാർത്ഥത്തിൽ അവർക്കു ഉൽഗതി വന്നു എന്നാണു്. തറയിൽ മൂന്നാൾ മാത്രം! കണ്ണൻകുട്ടിമേനോൻ, ഗുരു, കുഞ്ചുണ്ണി. എന്നും രാവിലെ പാൽക്കാരന്റെ സൈക്കിളിൽ കുപ്പി കുലുങ്ങുന്നതു കേട്ട് അന്തേവാസികളുണരുന്നു. ആദ്യം എഴുന്നേൽക്കുന്നവൻ പാലു് വാങ്ങുന്നു. സ്റ്റൗ കത്തിച്ചു് ചായയുണ്ടാക്കുന്നു.
കഷ്ടിച്ച് മനുഷ്യരെപ്പോലെ ജീവിയ്ക്കാനുള്ള ശ്രമം!
എല്ലാം ഗൂരുവിന്റെ മഹത്വം!
ഗുരുവും കൂലിക്കാരനും കൂടി കയറ്റുകട്ടിൽ വാതിലിലൂടെ ചരിച്ചു കടത്തുമ്പോൾ ‘സിംഹഗർജ്ജന’ത്തിന്റെ പഴയ ലക്കങ്ങൾ പരിശോധിക്കുന്ന കുഞ്ചുണ്ണി തലയുയർത്തി നോക്കി.
ഗുരു ചിരിച്ചു. കുഞ്ചുണ്ണിയും!
അവർ പരസ്പരം ബഹുമാനിക്കുന്നു. കുഞ്ചുണ്ണിക്കു ഗുരുവിന്റെ ആടയാഭരണങ്ങളോടും ശരീര സംപുഷ്ടിയോടുമാണു് ബഹുമാനം. ഗുരുവിനു് പത്രപ്രവർത്തകരോടെല്ലാം ബഹുമാനമാണു്. പ്രസിദ്ധീകരണത്തിലും പ്രചാരവേലയിലുമാണു് തന്റെ വിജയം കുടികൊള്ളുന്നതെന്നു് ഗുരു നല്ലപോലെ മനസ്സിലാക്കുന്നു. അതുകൊണ്ട് എവിടെ ചെന്നാലും ഗുരു എന്തു ചെയ്തും പത്രപ്രവർത്തകരെ പാട്ടിൽ പിടിക്കും.
കുഞ്ചുണ്ണിയെ ബഹുമാനിച്ചാൽ മാത്രം പോര പേടിക്കുകയും വേണം. രാവും പകലും ഭേദമില്ലാതെ പെൺകുട്ടികളുമായിയിടപഴകുന്ന ഗൂരു തരംകിട്ടുമ്പോഴൊക്കെ കുഞ്ചുണ്ണിയെ പ്രീണിപ്പിക്കാൻ ശ്രമിക്കും.
“ഈ കട്ടിൽ എഡിറ്റർക്കുവേണ്ടി വാങ്ങിയതാണു്.”
കൂലിക്കാരനു കാശു കൊടുക്കുമ്പോൾ ഗുരു പറഞ്ഞു. കുഞ്ചുണ്ണിയെ എഡിറ്ററെന്നു് ഗുരു വിളിയ്ക്കുന്നു ബഹുമാനിയ്ക്കാനാവും.
“ഓ, എനിയ്ക്കു് കുട്ടിലൊന്നും വേണ്ട. ഗുരുതന്നെ കിടക്കണം.”
“പോരാ”
“മതി.”
“എഡിറ്ററിതുപയോഗിക്കണം. തറയിൽ കിടന്നാൽ വാതം പിടിക്കും.”
“എന്നെ വാതം പിടിയ്ക്കില്ല.”
ഒട്ടൊരഹന്തയോടെ കുഞ്ചുണ്ണി പറഞ്ഞു. തുടർന്നു് കുറച്ചു മനസ്സിലും.
“വാതത്തിനെന്താ മരണഭയമില്ലേ”
“ഇതു് എഡിറ്റർക്കുവേണ്ടി വാങ്ങിയതാണു് ”. ഗുരു നിർബ്ബന്ധിച്ചു: “എഡിറ്റർതന്നെ ഉപയോഗിക്കണം.”
“എങ്കിൽ വാക്കുകൊണ്ടു ഞാനിതു സ്വീകരിയ്ക്കുന്നു, തിരിച്ചു് ഗുരുവിനുതന്നെ ദാനംചെയ്യുന്നു.”
അതു കുഞ്ചുണ്ണിയുടെ അവസാന വാക്കായിരുന്ന ഗുരു കീഴടങ്ങി.
എളുപ്പത്തിൽ ആർക്കും കീഴടങ്ങുന്ന സ്വഭാവം ഗുരുവിനില്ല. പക്ഷേ, ജീവിക്കണമല്ലൊ. കടന്നാക്രമണവും കീഴടങ്ങലുമൊക്കെ അനിവാര്യമാണതിനു്. ആളെ നോക്കണം. തരം നോക്കണം. തഞ്ചം നോക്കണം. ഒരിടത്ത് ഈറ്റുപുലിയാവണം. മറ്റൊരിടത്ത് പട്ടിയും!
പെൺകുട്ടികളെ ‘ധിത്ത തരികിട, ധിമൃത തരികിട’ പഠിപ്പിക്കലാണു് ഗുരുവിന്റെ ജീവിതം.
അന്തകനാണു് മുമ്പിൽ.
പെൺകുലമഹാന്തകൻ!
കീഴടങ്ങുകയല്ലാതെന്തു ഗതി?
പട്ടിയെങ്കിൽ പട്ടി!
കീഴടങ്ങിയ ഗുരു ഒരിക്കൽക്കൂടി കുഞ്ചുണ്ണിയെ സോപ്പിടാൻ ശ്രമിച്ചു… “എന്നാൽ എഡിറ്റർ ഒരു കാര്യം ചെയ്യണം.”
“എന്തു കാര്യം?”
“ഈ കട്ടിലിലിലൊന്നു വന്നു കിടക്കണം.”
“സംഗതി?”
“ആദ്യമായി എഡിറ്റർ കിടക്കണം. എന്നുവെച്ചാൽ ചെറിയ തോതിലൊരുദ്ഘാടനം. അല്ലാതെ ഞാനിതുപയോഗിക്കില്ല.”
തബലയുടെ മുഴക്കം! ചിലങ്കയുടെ കുലുക്കം! ആലക്തികദീപങ്ങളുടെ തിളക്കം!
ഉദ്ഘാടനമെന്നു പറഞ്ഞപ്പോൾ ഗുരുവിന്റെ മനസ്സിലൂടെ അനേകമനേകം രംഗങ്ങൾ കടന്നുപോയി.
ഗവർണ്ണർമാരും മന്ത്രിമാരും എം.പി.മാരും എം.എൽ.എ.മാരും പങ്കെടുത്ത രാജകീയമായ ഉദ്ഘാടനച്ചടങ്ങുകൾ പല സ്ഥലത്തും സംഘടിപ്പിച്ചു പരിചയമുള്ളവനാണ് ഗുരു. കേന്ദ്രത്തിലും സ്റ്റേറ്റ് തലസ്ഥാനങ്ങളിലും.
ഇപ്പോൾ ഇങ്ങിനേയും വേണ്ടിവന്നു. പാർപ്പിടക്ഷാമംകൊണ്ട് ഈ നരിമടയിലാണല്ലോ വന്നുപെട്ടത്.
ഗൂരു പിന്നേയും പിന്നേയും കുഞ്ചുണ്ണിയെ പ്രലോഭിപ്പിച്ചു.
“വരണം, വരണം. ആ ചടങ്ങു നടക്കട്ടെ. എന്നിട്ടുവേണം എനിക്കൊന്നു നടു നിവർത്താൻ. വല്ലാത്ത ക്ഷീണമുണ്ടു്. നടനകലാലയത്തിന്റെ ബാലേ റിഹേഴ്സലായിരുന്നു ഇതുവരെ.”
നിർബ്ബന്ധം മൂത്തപ്പോൾ കുഞ്ചുണ്ണി എഴുന്നേറ്റ് ഒരുദ്ഘാടകന്റെ ഗൗരവം തികച്ചും പുലർത്തിക്കൊണ്ടു കയറ്റുകട്ടിലിന്നടുത്തേക്കു നീങ്ങി.
ചടങ്ങാരംഭിച്ചു. ആദ്യം ഇരുന്നു. പിന്നെ അന്തസ്സോടെ മലർന്നു കിടന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നു.
പരിപൂർണ്ണമായ കട്ടിലുദ്ഘാടനം.
ഉദ്ഘാടനച്ചടങ്ങവസാനിച്ചപ്പോൾ ഗുരു ഹസ്തതാഡനം മുഴക്കി. കുഞ്ചുണ്ണി കസേരയിൽ ചെന്നിരുന്നപ്പോൾ ഗുരു പറഞ്ഞു: “ഇനി ഞാനല്പം വിശ്രമിക്കട്ടെ.”
“ഊണു കഴിഞ്ഞോ?”
“കഴിഞ്ഞു. ഇന്നു ഗംഭീരൻ സദ്യയായിരുന്നു. ഒരു ശിഷ്യയുടെ പിറന്നാൾ.”
കയറ്റുകട്ടിലിൽ മലർന്നുകിടന്നു ഗുരു സദ്യവട്ടം വിവരിക്കാൻ തുടങ്ങി.
“കുറുക്കുകാളൻ പരമഗംഭീരൻ. അവിയൽ ശിങ്കാരസുന്ദരൻ. പാൽപായസം മുമ്പിൽ അലയടിച്ചു പരന്നപ്പോൾ അനന്തശായിയായ ഭഗവാനും ക്ഷീരാബ്ധിയും മനസ്സിൽ തെളിഞ്ഞുവന്നു. ഒരു ടാബ്ലോ പോലെ.”
പടിയ്ക്കൽ കാറു വന്നു നിൽക്കുന്ന ശബ്ദം. പിന്നാലെ കൂട്ടമണിയുടെ മുഴക്കം. പെൺകുട്ടികളുടെ ആഹ്ലാദപ്രകടനമാണു്. ഗുരു കണ്ണടച്ചു പ്രാർത്ഥിച്ചു.
ആരായാലും ഈ നരിമടയിലേക്കു കടന്നുവരല്ലേ. പൊന്നുംകുടങ്ങളേ, ഇവിടെ കലാന്തകനിരിയ്ക്കുന്നു.
കണ്ണു തുറന്നപ്പോൾ, പൈജാമയും കുർത്തയും ധരിച്ച്, പതിനാറിനും പതിനെട്ടിനുമിടയിൽ പ്രായമുള്ള അര ഡസൻ പെൺകുട്ടികൾ വാതിൽപടിയിൽ തിങ്ങി നിറഞ്ഞു നിൽക്കുന്നു. ശിഷ്യകൾ!
ഗുരുവിന്റെ പ്രാണൻ ചൂടുള്ളൊരു വാതകമായ് പുറത്തു കടന്നു് അന്തരീക്ഷത്തിൽ ലയിച്ചു. കുഞ്ചുണ്ണിയുടെ നോട്ടം ചൂണ്ടൽ കൊളുത്തുപോലെ വാതിൽപടിയിൽ ചെന്നു തറച്ചു.
തല ബോബു് ചെയ്തവരുണ്ട്! രണ്ടായി പിന്നിയിട്ടവരുണ്ട്! കൊണ്ടകെട്ടിയവരുണ്ട്! നാനാ വർണ്ണം! നാനാ സ്വരം! നാനാ ഭാവം!
നാനാ..നാനാ… നാനാ…
കുഞ്ചുണ്ണിയുടെ കണ്ണ് ഫ്യൂസായി!
“നമസ്തെ!”
കമലാക്ഷികൾ കോറസ്സ് മുഴക്കി.
ഗുരു തൊണ്ണൂറാംപനി കഴിഞ്ഞവനെപ്പോലെ എഴുന്നേറ്റു വിറച്ചുവിറച്ചു നടക്കുന്നു.
സർവ്വാംഗം രോമമെടുത്തു പിടിച്ച കുഞ്ചുണ്ണി മുള്ളൻപന്നിയെപ്പോലെ ഇരിക്കുന്നു. നോക്കി നോക്കി കുഞ്ചുണ്ണിയുടെ ഇമവെട്ട് നഷ്ടപ്പെടുന്നു.
കമലാക്ഷികൾ ഗുരുവിനെ വളഞ്ഞു. നടനകലാലയത്തിന്റെ വാർഷികദിന പരിപാടികൾക്കു അവസാനരൂപം നൽകാൻ വന്നതാണു്. ഗുരുവുമായി വിസ്തരിച്ച ചർച്ചകൾ വേണം.
ഗുരു തിരിഞ്ഞു തിരിഞ്ഞു കുഞ്ചുണ്ണിയെനോക്കി ആ നോട്ടത്തിൽ അഭ്യർത്ഥനയുണ്ടായിരുന്നു. മാപ്പപേക്ഷയുണ്ടായിരുന്നു.
ഗുരുവിന്റെ മൂക്കിൽ ആപത്തിന്റെ ഗന്ധം!
കുഞ്ചുണ്ണിയുടെ മനസ്സിൽ ആക്ഷേപത്തിന്റെ പിറവി!
ഗതിമുട്ടിയ ഗുരു തന്റെ ശിഷ്യകളെ കുഞ്ചുണ്ണിക്കു പരിചയപ്പെടുത്തുന്നു.
“നമസ്തെ!… നമസ്തെ!… നമസ്തെ!
ഹാർമ്മോണിയത്തിന്റെ റീഡ്സിൽ തൊട്ടപോലെ പല ശ്രുതിയിലുള്ള അഭിവാദ്യം.
കുഞ്ചുണ്ണി നിശ്ചലൻ!
പരിപാടിയുടെ മറുവശം തുടങ്ങുന്നു. ശിഷ്യകൾക്കു് കുഞ്ചുണ്ണിയെ പരിചയപ്പെടുത്തൽ. “ഇത് കുഞ്ചുണ്ണി! സിംഹഗർജ്ജനത്തിന്റെ ഗസ്റ്റപ്പൊ. എന്റെ ആത്മസുഹൃത്ത്.”
സിംഹഗർജ്ജനത്തിന്റെ പേരു കേട്ടപ്പോൾ പെൺകുട്ടികളുടെ തലച്ചോറിൽ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. ഹൃദയത്തിൽ ഇടിവെട്ടും ദുന്ദുഭിവാദ്യവും മുഴങ്ങുന്നു. ശ്വാസഗതി നിലയ്ക്കുന്നു. ആലിലപോലെ വിറയ്ക്കുന്നു. കണ്ണിരുട്ടടയ്ക്കുന്നു.
കാലടികളിൽ കിടന്നു് ഭൂമി തെള്ളുന്നു.
പതനം!
ആറു പൈജാമക്കാരും വേരറ്റപോലെ, ബോധം കെട്ടു് നിലംപതിക്കുന്നു!
ശബ്ദമില്ല, ചലനമില്ല.
അശ്വഹൃദയം ശ്മശാനം!
ഗുരുവിന്റെ നിരന്തരമായ ശീതോപചാരത്തിനു് ശേഷം ശിഷ്യകൾക്കു ബോധാവസ്ഥ തിരിച്ചുകിട്ടുന്നു. പക്ഷെ, ആരും കണ്ണുതുറക്കാൻ കൂട്ടാക്കുന്നില്ല. ഗുരു ഓരോരുത്തരെയായി താങ്ങിപ്പിടിച്ചു് കാറിലെത്തിച്ചു് ടാപ്പിൽനിന്നു് വേണ്ടുവോളം വെള്ളമെടുത്തുകൊണ്ടുപോയി കൊടുത്തു് ദാഹം ശമിപ്പിച്ചു് എല്ലാവരേയും ആശ്വസിപ്പിച്ചു യാത്രയയ്ക്കുന്നു.
ഗുരു ഒരപരാധിയെപ്പോലെ കുഞ്ചുണ്ണിയുടെ മുമ്പിൽ നിൽക്കുന്നു!
അപ്പോൾ കുഞ്ചുണ്ണിയുടെ ഹൃദയം ഒരു യുദ്ധകാഹളം മുഴക്കുന്നു!
“ഞാൻ മരിച്ചിട്ടില്ല. മരിക്കുകയുമില്ല. ശാരീ, ജയിച്ചു മുന്നേറുന്നു. ഒരു ദിവസം എന്റെ തിരിച്ചുവരവുണ്ടാവും. ബോധംകെട്ടുവീഴാൻ തയ്യാറെടുത്തുനിന്നോ.”
ഗുരു ഒരു വിലാപഗാനം ആലപിച്ചു.
“എഡിറ്ററേ, ക്ഷമിക്കണം.”
കുഞ്ചുണ്ണി കേൾക്കുന്നില്ല. തന്റെ പ്രേമാനുരാഗത്തെ പുറംകാലുകൊണ്ടു തട്ടിത്തെറിപ്പിച്ച ശാരിയെ വേട്ടയാടുന്ന തിരക്കിലായിരുന്നു. ഗുരു വിലാപഗാനത്തിന്റെ ശ്രുതി ഉച്ചസ്ഥായിക്കു പിടിച്ചു.
“പൊന്നെഡിറ്ററേ, മാപ്പാക്കണം.”
“ഏ?”
ഒന്നും തിരിയാത്ത മട്ടിൽ കുഞ്ചുണ്ണി ചോദിച്ചു കഴിഞ്ഞതെല്ലാം ഒരു സ്വപ്നമായിരുന്നു.
പിന്നേയും ഗുരുവിന്റെ രാഗാലാപന.
“ദയവുചെയ്തു മാപ്പാക്കണം.”
കുഞ്ചുണ്ണി സ്വപ്നത്തിൽ നിന്നു് തിരിച്ചുവരുന്ന ശരീരത്തിൽ പലവാറുഴിഞ്ഞു് രോമാഞ്ചമൊതുക്കുന്നു കൺപോളകൾ പിടിച്ചിളക്കി ഇമവെട്ടുണ്ടാക്കുന്നു. ഗുരു മറുപടി കാത്തുനിൽക്കുന്നു. മൗനത്തിന്റെ പതിനെട്ടാംപടിയിൽ കുഞ്ചുണ്ണി നിലയുറപ്പിക്കുന്നു. ഗുരു അസഹനീയമായ നിശ്ശബ്ദതക്കു വീണ്ടും മുറിവേൽപ്പിക്കുന്നു.
‘എഡിറ്ററേ, ഇത്തവണ ക്ഷമിക്കണം. ഇനി അശ്വഹൃദയം തീണ്ടാൻ പെണ്ണായി പിറന്ന ഒരുത്തിയും ഇവിടെ വരില്ല.”
“എന്ത്?”
കുഞ്ചുണ്ണി അട്ടഹസിക്കുംപോലെ ചോദിച്ചു.
“വരില്ല.”
ഗുരു ഉറപ്പിച്ചു പറഞ്ഞു.
“വരണം.”
കുഞ്ചുണ്ണി കൽപ്പിച്ചു.
“വരും. വേണമെങ്കിൽ കൂട്ടികൊണ്ടുവരും.” ഗുരു അനുസരിച്ചു.
“ശരി”
ഗുരുവിനു് മാപ്പുകൊടുത്ത് കുഞ്ചുണ്ണി സിംഹഗർജ്ജനത്തിന്റെ പഴയ ലക്കങ്ങളിലേക്കുതന്നെ കടന്നു. ഗുരു അവശനായി കയറ്റുകട്ടിലിൽ വീണു.
അടുത്തു കഴിഞ്ഞ ഏതാനും ലക്കങ്ങളിൽ ഒന്നാംപേജിൽ വാസുമുതലാളി വീണുകിടക്കുന്നു. വളരെ കണിശമായ പോസ്റ്റ് മോർട്ടമാണു് നടന്നതു്!
നഗരത്തിലെ എണ്ണംപറഞ്ഞ വേശ്യകൾക്കൊപ്പം വാസുമുതലാളിയെ ‘പേരേഡ്’ ചെയ്യിച്ചിരിക്കുന്നു. കള്ളക്കടത്തും പൂഴ്ത്തിവെപ്പും കരിഞ്ചന്തയുമൊന്നും ആ പഹയനെ ക്ഷീണിപ്പിക്കുന്നില്ല. ഇന്നു് ആരേയും അതു് ക്ഷീണിപ്പിക്കുന്നില്ല. സർവ്വാദരണീയമായ നല്ല കാര്യങ്ങളാണിതൊക്കെ. അതുകൊണ്ടാണല്ലൊ വ്യഭിചാരത്തിന്റെ ചളികൊണ്ടു് തന്നെ അഭിഷേകം നടത്തിയതു്.
അവന്റെ ഭാര്യയിതു കണ്ടില്ലേ? ആരും അവരോടിതു പറഞ്ഞില്ലേ?
പറയും, പറയാതിരിക്കില്ല.
അവന്റെ കുടുംബജീവിതമെങ്കിലും നരകമായിത്തീരട്ടെ.
“പിഴച്ചുപോയി. ഒരോ കോപ്പി അവരുടെ പേർക്കയച്ചുകൊടുക്കാൻ ഏർപ്പാടു ചെയ്യേണ്ടതായിരുന്നു.”
“ഓ! ഭയങ്കരം!”
ലക്കങ്ങൾ മാറിമാറി നോക്കുമ്പോൾ കുഞ്ചുണ്ണി അറിയാതെ പറഞ്ഞു.
എന്നിട്ടും പഹയൻ ജീവിക്കുന്നു!
മഹാനഗരത്തിൽ ഭാഗ്യവാനായി വിലസുന്നു! അവന്റെ മേർസിഡസ് ബെൻസ്! ഥൂ!
എവിടെയോ പിശകു പറ്റീട്ടുണ്ടു്. കുഞ്ചുണ്ണി ഗാഢമായാലോചിച്ചു. ഇതൊന്നും നഗരവാസികളറിഞ്ഞില്ലേ? അറിഞ്ഞെങ്കിൽ ഇതു മതിയോ പ്രതികരണം?
സംശയം വർദ്ധിക്കുന്നു!
നിശിതമായൊരന്വേഷണം നടത്തണം.
ഗസ്റ്റപ്പൊ മട്ടിലെഴുന്നേറ്റു. ഗസ്റ്റപ്പൊ മട്ടിൽ പടികടന്നു. ഗസ്റ്റപ്പോ മട്ടിൽ നടന്നു. പൊള്ളുന്ന വെയിലിൽ, ഉരുകിയൊലിക്കുന്ന ടാറിൽ അലക്ഷ്യമായി നടന്നു. നടക്കുമ്പോൾ ഒളികണ്ണിട്ടു് ഇരുവശവും നോക്കി.
ഗസ്റ്റപ്പൊ!
ആദ്യത്തെ അന്വേഷണം ബസ്സ് സ്റ്റാൻഡിൽ.
കോളേജ് വിദ്യാർത്ഥികൾക്കു സിഗരറ്റും സിനിമാതാരങ്ങളുടെ നഗ്നചിത്രങ്ങളും ലൈംഗികാഭാസഗ്രന്ഥങ്ങളും വിൽക്കുന്ന പെട്ടിക്കടക്കാരൻ ഔസേപ്പിനെ സമീപിച്ചു.
ഒഴിഞ്ഞ ചോക്ലേറ്റു പെട്ടികളിൽ പുതുതായെത്തിയ ലൈംഗികാഭാസഗ്രന്ഥങ്ങൾ ഒളിപ്പിച്ചുവെക്കുന്ന തിരക്കിൽ ഔസേപ്പ് കുഞ്ചുണ്ണിയെ കണ്ടില്ല.
“ഔസേപ്പേ.”
ഔസേപ്പ് ഞെട്ടിത്തിരിഞ്ഞുനോക്കി.
കുഞ്ചുണ്ണി!
ഓ! സാരമില്ല. പേടിക്കാനില്ല. ചിരിച്ചുകൊണ്ടു ഔസേപ്പ് ചോദിച്ചു.
“ചൂടുള്ള സാധനം വന്നിട്ടുണ്ടു്, വേണോ?”
“വേണ്ട. ഇന്നത്തെ സിംഹഗർജ്ജനമില്ലേ?”
“ഇതു് നല്ല ചോദ്യം! സിംഹഗർജ്ജനം കണ്ടിട്ടു് ദിവസങ്ങള് കഴിഞ്ഞില്ലേ.”
സിംഹഗർജ്ജനം കണ്ടിട്ട് ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. അപ്പോൾ എവിടെയോ കുഴപ്പമുണ്ട്. ഔസേപ്പിനോടു ചോദിച്ചു വിവരമറിഞ്ഞു. വളരെ ദിവസങ്ങളായി മഹാനഗരത്തിൽ സിംഹഗർജ്ജനം ഇറങ്ങിട്ടില്ല.
“ഇതെന്തൂട്ട് പത്രപ്രവർത്തനം സാറേ. വായനക്കാർ ഔസേപ്പിനെ കൊല്ല്ണ്.”
മുഴുവനും കുഞ്ചുണ്ണി കേട്ടില്ല. യാത്രപറയാതെ നടന്നു. തനിക്കുള്ള കോപ്പി എന്നും രാവിലെ മുടങ്ങാതെ കിടുന്നു. മഹാനഗരത്തിലെവിടെയും കിട്ടുന്നില്ല.
വെളിച്ചപ്പാടിനെപ്പോലെ ചാടിച്ചാടി നടന്നു.
എവിടെയോ പിശകുണ്ട്. തന്നെ കളിപ്പിച്ചു് ആരോ മുതലെടുക്കുന്നു. കണ്ടുപിടിക്കണം.
കാക്കയും പരുന്തും വട്ടമിട്ടു പറക്കുന്ന മത്സ്യമാർക്കറ്റ് കടന്നു. കുണ്ടും കുഴിയും നിറഞ്ഞ വൃത്തികെട്ട റോഡിലൂടെ നടന്നു പഴകിയ ചായപ്പീടികക്കടുത്തുള്ള ദുർഗന്ധം വമിക്കുന്ന കപ്പത്തൊട്ടി വലംവെച്ച്, മൈലാഞ്ചിക്കാട് താണ്ടി പടവുകൾ നഷ്ടപ്പെട്ട കോണിക്കടുത്തു് ചെന്നു നിന്നു. അവിടെയാണല്ലൊ സിംഹഗർജ്ജനം ആപ്പീസ്.
“പിശക് മറ്റെങ്ങുമല്ല, ഇവിടെയാണു് തീർച്ച.”
കയറു പിടിച്ചാടി ഒറ്റക്കുതിയ്ക്കു മുകളിലെത്തി. ചാരിയ വാതിൽ തള്ളിത്തുറന്നു. ചായപ്പീടികയിൽ നിന്നു നുഴഞ്ഞുകയറിയ നീലിച്ച പുക മുറിയിൽ തങ്ങി നിൽക്കുന്നതുകൊണ്ട് ഒന്നും വ്യക്തമല്ല. തുറന്നിട്ട വാതിലിലൂടെ അകത്തു കടന്ന കാറ്റു് പുകപടലത്തെ മാറ്റാൻ തുടങ്ങി.
പപ്പടവട ചുടുന്ന രൂക്ഷഗന്ധം ഉള്ളിലേക്കു ശക്തിയായി വലിച്ചെടുത്താസ്വദിച്ചുകൊണ്ടു് പീഞ്ഞപ്പെട്ടിയ്ക്കുമുകളിൽ പത്രാധിപരിരിക്കുകയാണു്.
കാൽപ്പെരുമാറ്റം കേട്ട് പത്രാധിപരുടെ തടിച്ച കണ്ണടച്ചില്ലിനു പിറകിൽ വാത്തുമുട്ട വികസിച്ചു. കത്തിപ്പിടിയിൽ കൈവിരലുകളമർന്നു.
“ആരാണതു്?”
സുമേരിയൻ താടിയെല്ല് ചലിച്ചു.
“ഞാനാണു്.”
കുഞ്ചുണ്ണിയുടെ ശബ്ദം പരുഷമായിരുന്നു.
“ആര്? ശിഷ്യനോ?”
ഉത്തരമില്ല. പത്രാധിപരുടെ കെട്ടിച്ച പല്ലുകൾ പരസ്പരം കൂട്ടിയടിച്ചു ശബ്ദമുണ്ടാക്കി. എന്തെങ്കിലും ഉള്ളിൽത്തട്ടിയാലോചിയ്ക്കുമ്പോൾ പത്രാധിപർക്കങ്ങനെയൊരു പതിവുണ്ട്.
“ഇന്നു് സിംഹഗർജ്ജനം പുറത്തിറങ്ങിയോ?”
കുഞ്ചുണ്ണി അല്പം കനപ്പിച്ചുതന്നെ ചോദിച്ചു.
പത്രാധിപർ കത്തി ഒന്നുകൂടി മുറുക്കിപ്പിടിച്ചു.
“ഇന്നലെ പുറത്തിറങ്ങിയോ?” കുഞ്ചുണ്ണി തുടർന്നു.
“മിനിഞ്ഞാന്നു്?…”
ഉത്തരമില്ല.
“എത്ര ദിവസമായി പുറത്തിറങ്ങീട്ട്?”
ആ ചോദ്യം ഒരു ഗർജ്ജനമായിരുന്നു. പത്രാധിപർ ചോദിച്ചു.
“ചോദിച്ചതിന്നുത്തരം പറയൂ.”
ക്ഷമയുടെ നെല്ലിപ്പടി കണ്ട കുഞ്ചുണ്ണി അട്ടഹസിക്കുകയായിരുന്നു.
“പറയില്ലേ?… ഇത്ര കാലവും എന്നെ വഞ്ചിക്കുകയായിരുന്നു ഇല്ലേ?… എന്നെ വിറ്റു കാശാക്കുക, സുഖിക്കുക, എന്റെ വിയർപ്പൂറ്റിക്കുടിക്കുക.”
“വത്സാ”
അക്ഷോഭ്യമായ വിളി.
“ഛീ, മിണ്ടരുതു്. വത്സൻ!”
പത്രാധിപർ കുലുങ്ങിയില്ല. പരമശാന്തനായിത്തന്നെ വർത്തിച്ചു.
“വത്സാ വലിയതു് ചെറിയതിനെപ്പിടിച്ചു ശാപ്പിടുന്നു. പണ്ടൊക്കെ അതിനു് മീൻമുറ എന്നു് പേരായിരുന്നു. ഇന്നതു മനുഷ്യന്റെ മുറയാണു്. ഞാനൊരു മനുഷ്യനാണു്, വത്സാ”
“നിങ്ങൾ മനുഷ്യനോ? എങ്കിൽ മൃഗമെന്താണ് ? ദേവൻ!”
“കത്തി കണ്ടില്ലേ വത്സാ?”
“വാളും തോക്കും ബോമ്പും ഞാൻ കണ്ടിട്ടുണ്ടു്. എനിയ്ക്കതൊക്കെ പുല്ലാണു്. പറയൂ. സിംഹഗർജ്ജനം പേടിച്ചു് ഒരു കോപ്പി എനിക്കയച്ചുതന്നു. ബാക്കി മുഴുവനും വാസുമുതലാളിക്കു വിറ്റില്ലേ? ഗുരുശിഷ്യബന്ധം ഇതോടെ അവസാനിക്കുന്നു.”
പത്രാധിപരെഴുന്നേറ്റുനിന്നു.
“നല്ലതു്.”
കുഞ്ചുണ്ണി കരുതലോടെ നിന്നു.
“ഉം കടക്കു വെളിയിൽ.”
പത്രാധിപർ കല്പിച്ചു.
“ഇല്ലെങ്കിൽ?”
കുഞ്ചുണ്ണി ചോദിച്ചു. പത്രാധിപരുടെ കയ്യും കത്തിയും ഉയരുന്നു. ഒരു കതിക്കു കുഞ്ചുണ്ണി പത്രാധിപരുടെ കയ്യിൽ കേറിപ്പിടിക്കുന്നു.
തകർത്ത പിടിവലി.
തട്ടിൻപുറം കുലുങ്ങി.
ചിതൽപ്പുറുകളടർന്നു പപ്പടവട ചുട്ടുന്ന ചീനച്ചട്ടിയിൽ വീണു. വേട്ടാളൻകൂടടർന്നു ചായകുടിക്കുന്നവരുടെ ഗ്ലാസിൽ വീണു.
ആകെ ബഹളം.
കുഞ്ചൂണ്ണി പത്രാധിപരെ കീഴടക്കി കത്തി പിടിച്ചെടുത്തു. കലശലായ കിതപ്പു് ഗണ്യമാക്കാതെ പറഞ്ഞു:
“ഇല്ല. എന്റെ കൈകൊണ്ട് നിന്നെ ഞാൻ കൊല്ലില്ല, നീചൻ.”
തിരിഞ്ഞു നടന്ന കുഞ്ചുണ്ണി കോണിയുടെ അടുത്തെത്തി. അറ്റത്തു മണികെട്ടിയാടുന്ന കയർ അറുത്ത് ചുരുട്ടി മടക്കി പത്രാധിപരുടെ മുഖത്തെറിഞ്ഞുകൊടുത്തു.
“ഉം! തൂങ്ങിമരിച്ചോ, അതാണിതിലും ഭേദം.”
ചുരുണ്ടു മടങ്ങിക്കിടക്കുന്ന കയർ നോക്കി പത്രാധിപർ നെടുവീർപ്പിട്ടു.