മനുഷ്യമഹത്വമാണു് വിഷയം. വാസുമുതലാളി ചോദിച്ചു:
“വേഷം കണ്ടാലറിയുമോ? ഭാഷ കേട്ടാൽ മനസ്സിലാകുമോ?”
ശ്രോതാക്കൾ മിഴിച്ചിരുന്നു. റമ്മി ടേബിളിൽ പൊട്ടിക്കാത്ത പുതിയ ശീട്ടുപെട്ടികൾ മോചനത്തിന്നു വേണ്ടി കാത്തിരുന്നു. വൈൻഗ്ലാസ്സുകൾ പൂർണ്ണഗർഭിണികളായി തപസ്സിരുന്നു. ഒന്നും വാസുമുതലാളി ശ്രദ്ധിച്ചില്ല. അദ്ദേഹം വഴിക്കുവഴി ചോദ്യങ്ങളുതിർക്കുകയാണു്.
“പെരുമാറ്റം കണ്ടാൽ, ഭക്ഷണരീതി കണ്ടാൽ തിരിച്ചറിയാൻ പറ്റുമോ?”
കള്ളക്കടത്തിലും പൂഴ്ത്തിവെപ്പിലും കരിഞ്ചന്തയിലും വാസുമുതലാളിയോടു് സമശീർഷതപാലിച്ചു പോരുന്ന വ്യാപാരികളാണു് ശ്രോതാക്കൾ. അവർ ആ കുഴഞ്ഞ പ്രശ്നത്തിന്നുമുമ്പിൽ മനസ്സുചത്തു് ചടഞ്ഞിരുന്നു.
ലക്ഷ്യം ‘റമ്മി’യാണു്. പകലത്തെ പരുക്കും ക്ഷീണവും മദ്യത്തിലൊലുമ്പിയെടുക്കാനാണു് ക്ലബ്ബിൽ വന്നതു്. റമ്മിക്കു് ‘കോറം’ തികഞ്ഞിട്ടുണ്ടു്. നുരച്ചുപൊങ്ങുന്ന വൈൻഗ്ലാസ്സും ശീട്ടുപെട്ടിയും മേശപ്പുറത്തു് തയ്യാറുണ്ടു്. പക്ഷെ, പ്രയോജനമെന്തു്? മനുഷ്യമഹത്വമെന്ന കീറാമുട്ടിയാണു് വാസുമുതലാളിയെടുത്തു മുമ്പിലിട്ടതു്.
“ഒന്നുകൊണ്ടും മനസ്സിലാവില്ല.”
വാസുമുതലാളിതന്നെ ഉത്തരം പറയുന്നു. “ഉടുപ്പിലോ, നടപ്പിലോ, വാക്കിലോ, പ്രവൃത്തിയിലോ അതു കാണില്ല. മനുഷ്യമഹത്വം കണ്ടെത്താൻ അതൊന്നും പ്രയോജനപ്പെടില്ല. ദിവസവും എത്രയെത്ര കാഷായവസ്ത്രക്കാർ ശംഖുംവിളിച്ചു് നമ്മുടെ പടി കയറിവരുന്നുണ്ടു്. വാസ്തവത്തിൽ അവരൊക്കെ പിച്ചക്കാരാണോ? വയറ്റുപിഴപ്പിനു നടക്കുന്നവരാണോ? അതോ നമ്മളെ പരീക്ഷിക്കാൻ വരുന്ന മഹാന്മാരോ? എങ്ങിനെ മനസ്സിലാക്കും? അന്വേഷിക്കണം. അല്ലാതെ ഒന്നും കണ്ടെത്തില്ല.”
പലതും അന്വേഷിച്ചു് കണ്ടെത്തിയവരാണു് ശ്രോതാക്കൾ. അരിയും നെല്ലും പൊന്നും പണവുമെല്ലാം അവരന്വേഷിച്ചു. കണ്ടെത്തുകയും ചെയ്തു. അന്വേഷിക്കാത്ത കുറ്റമില്ല. എന്നിട്ടും വാസുമുതലാളി പറയുന്നു അന്വേഷിക്കാൻ. എന്തു്? അതാണു് മനസ്സിലാവാത്തതു്. നാടുനീളെ അലഞ്ഞുതിരിയുന്ന കാഷായവസ്ത്രക്കാരിൽ എന്തന്വേഷിക്കാനാണു്? അതു നടപ്പുള്ള കാര്യമാണോ? അഥവാ അന്വേഷിച്ചാൽതന്നെ എന്താണു് കണ്ടെത്താൻ പോകുന്നതു്? അവരുടെ കീറമാറാപ്പിലെന്തു് കാണും? അവരുടെ കൂട്ടത്തിൽ സ്വർണ്ണം ഒളിച്ചുകടത്തുന്നവരുണ്ടാകുമെന്നാണോ സൂചന?
എല്ലാവരും വാസുമുതലാളിയെ നോക്കി. സ്വബോധത്തോടുകൂടിത്തന്നെയാണോ പറയുന്നതു്? അതോ, ക്ലബ്ബിൽ വരുന്നതിന്നുമുമ്പു് കാര്യമായി വല്ലതും അകത്താക്കീട്ടുണ്ടോ?
അവർ പലതും ആലോചിച്ചു. അന്തംകിട്ടാതെ വലയുമ്പോൾ ക്ലബ്ബിന്റെ തട്ടിൻപുറം പൊളിയുമാറൊരട്ടഹാസം കേട്ടു.
“ഹല്ലോ.”
എല്ലാവരും തിരിഞ്ഞുനോക്കി.
വക്കച്ചൻ.
അഭിവാദ്യത്തിനുവേണ്ടി ഉയർത്തിപ്പിടിച്ച കയ്യിൽ ഒരു സിഗരറ്റു് കിടന്നു പുകയുന്നുണ്ടു്. പിറകിൽ മറ്റൊരാളും ഉണ്ടു്.
വക്കച്ചൻ തലയുയർത്തിപ്പിടിച്ചു. വെളുക്കെ ചിരിച്ചു. ഒരു കൈകൊണ്ടു് മീശ ചുരുട്ടിക്കൊണ്ടു് മുമ്പോട്ടു് നടന്നു. ഒഴിഞ്ഞുകിടക്കുന്ന ഒരു കസേരയിൽ ചെന്നിരുന്നു. മറ്റൊന്നിൽ ഒരുമിച്ചുള്ള ആളെയുമിരുത്തി.
മേശപ്പുറത്തുള്ള ആഷ്ട്രേയിൽ സിഗരറ്റു് കുത്തിയെടുത്തുകൊണ്ടു് വക്കച്ചൻ പറഞ്ഞു:
“മാന്യരെ വക്കച്ചൻ തിരിച്ചുവന്നിരിക്കുന്നു.”
ആ പ്രഖ്യാപനം ഒരു ചെറിയ ഞെട്ടലോടെ ക്ലബ്ബംഗങ്ങൾ കേട്ടു. അതൊരു രൂക്ഷമായ തിരിച്ചു വരവായിരുന്നു.
നിരവധി മാസങ്ങൾക്കുമുമ്പു് ക്ലബ്ബിൽനിന്നു വാക്കൗട്ടു് നടത്തിയ വക്കച്ചൻ ഒരിയ്ക്കലും തിരിച്ചുവരുമെന്നു് ആരും പ്രതീക്ഷിച്ചതല്ല…
റമ്മി ടേബിളിൽവെച്ചു് വലിയൊരു വാക്കേറ്റവും തല്ലും നടന്നു. തുടക്കമിങ്ങിനെയാണു്. മൂന്നാമത്തെ ലാർജ് ഒറ്റവലിക്കു് അകത്താക്കി അന്നു് വക്കച്ചനൊരു വെല്ലുവിളി നടത്തി.
“തന്തയ്ക്കു് പിറന്നവനാണെങ്കിൽ പറ, ആരാണു് വക്കച്ചനെ തടയുന്നതു്! ദൈവം തമ്പുരാന്റെ സൃഷ്ടിയായ ‘മാക്രി’യെ പിടിക്കാൻ പാടില്ലെന്നു ഏവനാണു് കല്പിച്ചതു്. കേൾക്കട്ടെ. ഏണിത്തല പഞ്ചായത്തതിർത്തിക്കുള്ളിൽവെച്ചുതന്നെ വക്കച്ചൻ ‘മാക്രി’ പിടിപ്പിക്കും. ഉം. കണ്ടോ.”
വഴക്കിന്റെ ആരംഭം മാക്രി പിടുത്തത്തിൽനിന്നാണു് തുടങ്ങിയതു്. ഏണിത്തല പഞ്ചായത്തതിർത്തിയിലുള്ള ഒരു കുന്നിൻപുറത്താണു് വക്കച്ചന്റെ റബ്ബർ തോട്ടം. ഏതാണ്ടതിനടുത്തു പുഴവക്കിൽ വാസുമുതലാളിക്കൊരു തെങ്ങിൻത്തോപ്പുണ്ടു്.
ഒരു മഴക്കാലസന്ധ്യയ്ക്കു് കുന്നിൻപുറത്തുള്ള ബങ്കളാവിലിരുന്നു് വക്കച്ചൻ മനോരാജ്യം വിചാരിക്കുകയായിരുന്നു. രസമുള്ള മനോരാജ്യം. രണ്ടും മൂന്നും കൊല്ലം വളർച്ചയെത്തിയ റബ്ബർതൈകളാണു് കുന്നിൻപുറത്തുള്ളതു്. അതു ശാസ്ത്രീയമായ നിലയിൽ വളർത്തിക്കൊണ്ടുവരാൻ കഴിഞ്ഞാൽ എട്ടുപത്തു കൊല്ലത്തിനകം ഒരു ലക്ഷപ്രഭുവാകാൻ സാദ്ധ്യതയുണ്ടു്. ചുറ്റും വിശാലമായ കൃഷിസ്ഥലം ഒഴിഞ്ഞുകിടക്കുകയാണു്. എല്ലാം വാങ്ങണം. കവുങ്ങും തെങ്ങും വെക്കണം. ഏലകൃഷിക്കും കൊള്ളാം.
അപ്പോൾ ഒരു മാക്രി കരഞ്ഞു. മനോരാജ്യത്തിന്നു മുറിവേറ്റു. തുടർന്നു പല മാക്രികൾ കരഞ്ഞു. നിമിഷംകൊണ്ടു് അനേകായിരം മാക്രികൾ സമൂഹക്കരച്ചിൽ നടത്തി. ആ ഭീകരശബ്ദംകൊണ്ടു് പൊറുതിമുട്ടിയ വക്കച്ചൻ വാതിലടച്ചു അകത്തു ചെന്നു കിടന്നു.
രക്ഷയില്ല. അവിടേയും മാക്രിയുടെ ശബ്ദം. കട്ടിലിന്നടിയിലും കിടക്കയ്ക്കുള്ളിലുമെല്ലാം ‘മാക്രി’ നിറഞ്ഞു നില്ക്കുമ്പോലെ തോന്നി. ചെവിട്ടിൽ വിരലു് തിരുകി കിടന്നു. അപ്പോൾ ചെവിട്ടിനകത്തും തലയോട്ടിലും മാക്രികൾ ചുരമാന്തി നടക്കുമ്പോലെ തോന്നി.
സ്വൈരമില്ല. എഴുന്നേറ്റു് അക്ഷമനായി അങ്ങോട്ടുമിങ്ങോട്ടും നടന്നു. നടക്കുമ്പോൾ പുതിയൊരാലോചന രൂപംകൊണ്ടു.
ഈ മാക്രിയെന്നവൻ വ്യാപാരച്ചരക്കാണു്. അവൻ വിദേശനാണ്യം നേടിത്തരുന്നു.
ഓ, സുന്ദരം!
വക്കച്ചന്റെ മുഖം പ്രസന്നമാകുന്നു.
കരയട്ടെ. അവ പ്രപഞ്ചം മുഴുവൻ തകർത്തുകൊണ്ടു് കരയട്ടെ.
എടാ മാക്രീ, താരാട്ടു് പാടേണമോ? പാടിത്തരാം.
ഒച്ചയിൽകൂടി മാക്രികളുടെ വലുപ്പവും തരവും വക്കച്ചൻ അളന്നു തിട്ടപ്പേടുത്താൻ തുടങ്ങി.
ഓരോന്നു് ഓരോ അൾസേഷ്യൻ പട്ടിയോളമുണ്ടാവും. ഉണ്ടാവട്ടെ, ആനയോളംതന്നെ വലുപ്പമുണ്ടാവട്ടെ, വലുപ്പമാണു് വേണ്ടതു്. കാലുകൾ കണ്ടിച്ചെടുത്താൽ കിലോക്കണക്കിൽ തൂങ്ങണം.
കരയട്ടെ, സുന്ദരമായി കരയട്ടെ! മാക്രിയുടെ കരച്ചിൽ വക്കച്ചനു് പ്രേമഗാനംപോലെ ആസ്വദനീയമാവുന്നു!
ബിസിനസ്സ് തുടങ്ങണം. റബ്ബർ പാല് ചുരത്തുന്നതുവരെ മാക്രികളെ പിടിച്ചുകളയാം.
പിറ്റേന്നു് കാലത്തു് വക്കച്ചന്റെ കാർ മഹാനഗരത്തിലെത്തി. ഏതാനും തെരുവു പിള്ളരെ തിരഞ്ഞു പിടിച്ചു സംഘടിപ്പിച്ചു നിർത്തി വക്കച്ചൻ ചോദിച്ചു.
“എടാ പിള്ളാരേ, ‘മാക്രി’യെ അറിയാമോ?”
പിള്ളർ ഉത്തരം പറയാതെ മിഴിച്ചു. ‘പോക്രി’ ‘മിമിക്രി’ എന്നൊക്കെ കേട്ടിട്ടുണ്ടു്. ഇവനാരെടാ ഈ മാക്രി? അതെന്തു വസ്തു.
വക്കച്ചൻ വിശദീകരിച്ചു.
“പാടത്തും തോട്ടുവക്കിലുമൊക്കെ ഒണ്ടാവില്ലേ?”
പാടത്തും തോട്ടുവക്കിലുമുണ്ടാകുന്ന പലതും പിള്ളർ ആലോചിച്ചു കണ്ടുപിടിക്കാൻ നോക്കി. വക്കച്ചനു് ശുണ്ഠി വന്നു.
“ഇതെന്തോന്നു് ഭാഷയെടാ നിങ്ങളേതു്? മാക്രി അറിയാമ്മേലാന്നു വെച്ചാൽ?”
കയ്യും കാലും കുത്തി വക്കച്ചൻ തറയിലിരുന്നു ചാടി. പിള്ളർക്കു് അൽപാല്പം പിടികിട്ടിത്തുടങ്ങി. അപ്പോൾ നാശം! പിളളാർക്കു് അറിയാവുന്ന പേരു ഓർമ്മയിലെത്തുകയും ചെയ്തു.
“എടാ, തവള?”
വക്കച്ചൻ കിതച്ചുകൊണ്ടു് പറഞ്ഞു. പിള്ളർക്കു് സന്തോഷമായി. വേലയുടെ സ്വഭാവവും വിവരിച്ചു കേട്ടപ്പോൾ ഉത്സാഹമായി.
പിറ്റേന്നു സന്ധ്യക്കു് വലയും കുന്തവും ചാക്കും പെട്രോമാക്സുമായി ഒരു ഘോഷയാത്ര വക്കച്ചന്റെ ബംഗ്ലാവിൽനിന്നു പുറപ്പെട്ടു് ഏണിത്തലപ്പഞ്ചായത്തിലെ പാടങ്ങളിലേക്കു് ഇറങ്ങിച്ചെന്നു. പുതുവെള്ളത്തിൽ പുളച്ചു് സംഗീതം പൊഴിക്കുന്ന മാക്രികൾക്കു് ആസന്നമായ വിപത്തു് കണ്ടറിയാനുള്ള ബുദ്ധി ഉണ്ടായില്ല.
സംഗീതജ്ഞരായ മാക്രികൾ ചാക്കിട്ടു പിടിക്കപ്പെട്ടു. ഏണിത്തലപ്പഞ്ചായത്തിലെ നിശ്ശബ്ദസുന്ദര രാത്രികൾ കലുഷിതങ്ങളായി. മാക്രിപിടുത്തം ഒരു മഹാസംഭവമായി മുമ്പോട്ടു നീങ്ങി.
മുട്ടുകുത്തിയും നെഞ്ചിട്ടുമിഴയുന്ന കുട്ടികളെ അമ്മമാർ കോലായിൽ കിടത്തിയുറക്കാൻ ഭയപ്പെട്ടു. കൂനിക്കൂടി നടക്കുന്ന മുത്തികളെയും അകത്തിട്ടുപൂട്ടി. കാരണം, മാക്രിപിടുത്തക്കാർ കുട്ടികളേയും മുത്തികളെയും ഒഴിവാക്കില്ല എന്നൊരു കിംവദന്തി പരന്നു.
കാലം പിന്നേയും നീങ്ങി. കഥകൾ നിറഞ്ഞ രാവുകൾ ഓരോന്നായി ഏണിത്തലപ്പഞ്ചായത്തിൽ കൊഴിഞ്ഞുവീണു. ഒടുവിൽ ഒരു ദിവസം മാക്രി നായാട്ടു് വാസുമുതലാളിയുടെ തെങ്ങിൻത്തോപ്പിലുമെത്തി.
അവിടെ സംഘട്ടനത്തിന്റെ വിത്തു വീണു. തെങ്ങിൻതോപ്പിന്റെ കാവൽക്കാരൻ നായാട്ടുകാരെ വിലക്കി. അവർ തമ്മിൽ അസഭ്യംകൊണ്ടു് പാനോപചാര പ്രസംഗം നടത്തി. വിവരം കേട്ടറിഞ്ഞുവന്ന വക്കച്ചന്റെ കയ്യും കാവല്ക്കാരന്റെ പിരടിയും തമിൽ അഭിമുഖസംഭാഷണം നടത്തി.
വിവരമറിഞ്ഞു് വാസുമുതലാളി ക്ഷോഭിച്ചു. ക്ഷോഭിച്ച വാസുമുതലാളി പ്രതികാരനടപടികൾ ആസൂത്രണം ചെയ്തു. സൂത്രത്തിൽ ഏണിത്തലപ്പഞ്ചായത്തിന്റെ പ്രസിഡണ്ടിനെ വാസുമുതലാളി സ്വാധീനിച്ചു. പഞ്ചായത്തു മാക്രി നായാട്ടു് നിരോധിച്ചു. പഞ്ചായത്തതിർത്തിക്കുള്ളിൽ ചെണ്ടമുട്ടി വിളംബരം ചെയ്തു.
“ആറ്റുവക്കിലോ, തോട്ടുവക്കിലോ, കുളത്തിലോ, കുളക്കരയിലോ, പാടത്തോ, തൊടിയിലോ വെച്ചു് ഇന്നു മുതൽ മാക്രിയെന്നുകൂടി പേരുള്ള തവളയെ, കെണി വെച്ചൊ, എറിഞ്ഞു കാലൊടിച്ചോ, ചാക്കിട്ടോ, വല വീശീയോ പിടിക്കുന്നതു് ഈ ഉത്തരവുമൂലം ഏണിത്തലപ്പഞ്ചായത്തു് കഠിനമായി നിരോധിക്കുന്നു.”
വഴക്കു്!
ബഹളം.
പൊതുയോഗം, പ്രതിഷേധറാലി, സവർണ്ണാവർണ്ണ യുദ്ധം, മതങ്ങൾ മുഴുവനും അപകടത്തിൽ.
എല്ലാ വഴക്കുകളുടേയും മാക്രിപ്പോരിന്റെയും പെട്ടിവെച്ചുകളി ക്ലബ്ബിൽ നടന്നു.
വാസുമുതലാളിയോടു് പകരം ചോദിക്കാൻ വന്ന വക്കച്ചൻ മൂന്നമത്തെ ലാർജ്ജു് ഒറ്റ വലിക്കു് അകത്താക്കി ഗർജ്ജിച്ചു.
“പറെടാ, തന്തയ്ക്കു് പിറന്നവനെങ്കിൽ പറ”
വാക്കേറ്റം കയ്യാങ്കളിയിൽ കലാശിച്ചു. വക്കച്ചൻ പ്രതിഷേധിച്ചു് ഇറങ്ങിനടന്നു. പിറ്റേന്നു വാസുമുതലാളിയെ പ്രതിചേർത്തു ക്രിമിനൽ കേസ്സു് കൊടുത്തു. വാസുമുതലാളി ഒരു മാനനഷ്ടക്കേസ്സു് അങ്ങോട്ടും കൊടുത്തു. രണ്ടു കേസ്സും ഉഗ്രമായി നടന്നപ്പോൾ വക്കച്ചൻ ഹൈക്കോടതിയിലുമെത്തി.
മാക്രികൾ ഒരു പഞ്ചായത്തിന്റേയോ, സ്റ്റേറ്റിന്റേയോ, രാഷ്ട്രത്തിന്റേയോ പൊതുസ്വത്തല്ല. ദൈവം തമ്പുരാന്റെ സൃഷ്ടി. ഏതു മനുഷ്യനും അതിനെ എപ്പോൾ എവിടെവെച്ചു കണ്ടാലും കല്ലെറിഞ്ഞുകൊല്ലാനും ചാക്കിട്ടുപിടിക്കാനും അവകാശമുണ്ടു്. ഈ അവകാശം തടയുന്നതു് മനുഷ്യാവകാശലംഘനമാണു്. ഏണിത്തലപ്പഞ്ചായത്തിനെ മനുഷ്യാവകാശലംഘനത്തിൽനിന്നു തടയണം. വക്കച്ചന്റെ റിട്ടിൽ വിവരിച്ച കാര്യങ്ങളിത്രയുമാണു്.
എല്ലാ കേസ്സുകളും തോറ്റപ്പോൾ ഏണിത്തലപ്പഞ്ചായത്തിലും അതിനെ തുടർന്നു ലോകത്തിലും ശാന്തിയുണ്ടായി.
ഇത്രയെല്ലാമായിട്ടു് വക്കച്ചൻ തിരിച്ചുവരുമെന്നു് ക്ലബ്ബിലാരും വിചാരിച്ചതല്ല.
വക്കച്ചന്റെ അഭിവാദ്യത്തിന്നും പ്രഖ്യാപനത്തിന്നും പ്രതികരണമൊന്നും ഉണ്ടായില്ല. വാസുമുതലാളിയുടെ ടേബിളിലെ വൈൻ ഗ്ലാസ്സുകളൊഴിഞ്ഞു. മറ്റു ടേബിളുകളിലുള്ളവർ നിമിഷനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം കളി തുടങ്ങി.
“എന്നെ ക്ലബ്ബിനു ആവശ്യമില്ലെങ്കിലും എനിക്കു ക്ലബ്ബാവശ്യമുണ്ടു്. ഞാനിനി എന്നും വരും. ഓ! ഒരു കാര്യം മറന്നു. എന്റെ സ്നേഹിതനെ ഞാൻ നിങ്ങൾക്കു പരിചയപ്പെടുത്തിയില്ല. ഇദ്ദേഹം മി. കുഞ്ചുണ്ണി. സിംഹഗർജ്ജനത്തിന്റെ ഗസ്റ്റപ്പോ.”
വാസുമുതലാളി ഞെട്ടി. ശ്രോതാക്കളിൽ പലരും ഞെട്ടി. കുഞ്ചുണ്ണിയെന്നൊരു വില്ലന്റെ ധീരസാഹസചരിത്രങ്ങൾ പലരും പലപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ടു്. കഥാപുരുഷനെ പച്ചയോടെ കാണാൻ കഴിഞ്ഞിട്ടില്ല. കൗതുകത്തോടെ, അറപ്പോടെ, വെറുപ്പോടെ പലരും കുഞ്ചുണ്ണിയെ നോക്കി. കുഞ്ചുണ്ണി ഉത്സാഹത്തോടെ ഉന്മേഷത്തോടെ പലരേയും വിസ്തരിച്ചു മനസ്സിലാക്കി.
വക്കച്ചൻ ആരേയും ശ്രദ്ധിച്ചില്ല. ശ്രദ്ധിക്കാതെതന്നെ അവിടെ കൂടിയിരിക്കുന്നവരുടെ വിഷമം വക്കച്ചനു് മനസ്സിലാക്കാൻ കഴിയുമായിരുന്നു. അവരിൽ ഭൂരിപക്ഷത്തിന്റെ ശത്രു കുഞ്ചുണ്ണിയെന്ന വരായുധവുമേന്തി തിരിച്ചുവന്നിരിക്കുന്നു.
“എടാ, ഇനിയങ്ങോട്ടു് മാക്രി പിടുത്തമല്ല; മനുഷ്യനെ പിടുത്തമാണു്. കാണിച്ചുതരാമെടാ ഇരുമ്പു ചട്ടിയിലിട്ടു് ഓരോന്നിനേയും ഈ വക്കച്ചൻ വറുക്കും.”
വക്കച്ചന്റെ പ്രതികാരത്തിൽ ജ്വലിക്കുന്ന മനസ്സു് മന്ത്രിക്കുകയായിരുന്നു.
“ഇതു വക്കച്ചനാണു്. കുഞ്ചുണ്ണിയും! മനസ്സിലായോ?”
ശത്രുക്കൾ നിലംപരിശാവുന്ന മനോഹരദൃശ്യം ഉള്ളിൽ കണ്ടുകൊണ്ടു് വക്കച്ചൻ തുടർന്നു.
“ഒരു സന്തോഷവാർത്ത നിങ്ങളെ അറിയിക്കാനുണ്ടു്. അടുത്ത ഞായറാഴ്ച മഹാനഗരത്തിലൊരു പുതിയ സായാഹ്നപത്രം പിറവിയെടുക്കും. ഗവർണ്ണരോ മുഖ്യമന്ത്രിയോ അതുൽഘാടനം ചെയ്യും. ഞാനതിന്റെ ഉടമയാണു്. കുഞ്ചുണ്ണി പത്രാധിപരും. ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കാൻ നിങ്ങളെല്ലാവരേയും ഞാൻ പ്രത്യേകം പ്രത്യേകം ക്ഷണിക്കുന്നു. ക്ഷണപത്രം പിറകെ വരും.”
വാസുമുതലാളി ഒളികണ്ണിട്ടു് കുഞ്ചുണ്ണിയെ നോക്കുകയായിരുന്നു. കാറിൽ പോകുമ്പോൾ ആൾക്കൂട്ടത്തിലെവിടെയോ ആരോ ഒരിക്കൽ ചൂണ്ടിക്കൊടുത്തിട്ടുണ്ടു്. അതൊരു പാർശ്വവീക്ഷണം മാത്രമായിരുന്നു. തന്റെ മുഖ്യശത്രുവിനെ മുഖത്തോടുമുഖം കാണാനുള്ള സൗകര്യം സിദ്ധിച്ചപ്പോൾ, ലജ്ജാശീലയായ കന്യകയെപ്പോലെ വാസുമുതലാളി തലതാഴ്ത്തിക്കളഞ്ഞു.
പുതിയ പത്രം പുതിയ കൂട്ടുകെട്ടു്!
വാസുമുതലാളി അതുതന്നെ ആലോചിച്ചുകൊണ്ടിരുന്നു. ശത്രുവിന്റെ ശത്രുവായി വക്കച്ചൻ സന്ധിചെയ്തിരിക്കുന്നു. നിസ്സാരസംഭവമല്ല.
കണ്ഠമാലയും കുരുപ്പും! കോളറയും, കുഷ്ഠവും!!
മഹാനഗരമേ, നിനക്കു മോചനമില്ല. നിന്റെ നിർഭാഗ്യത്തിനതിരില്ല.
“കാണാം നമുക്കിനി എന്നും കാണാം!”
വക്കച്ചനെഴുന്നേറ്റു് യാത്രപറഞ്ഞു് നെഞ്ചുന്തിച്ചുകൊണ്ടു് പുറത്തേക്കു് നടന്നു. ഒട്ടും കുറയാത്ത ഭാവത്തിൽ നിഴലുപോലെ കുഞ്ചുണ്ണിയും.
ആ വേഴ്ച ഒരു യാദൃച്ഛികസംഭവമായിരുന്നു.
സിംഹഗർജ്ജനം പത്രാധിപരുമായി വഴക്കുണ്ടാക്കി പുറത്തിറങ്ങിയ കുഞ്ചുണ്ണി ഒരു ലക്ഷ്യവുമില്ലാതെ നഗരത്തിലലഞ്ഞു. പത്രാധിപരുടെ കത്തി കയ്യിൽ തന്നെ ഉണ്ടായിരുന്നു.
തെരുവുകൾ പലതും പിന്നിട്ടു്, തിരക്കേറിയ വ്യാപാരകേന്ദ്രങ്ങൾ പിന്നിട്ടു് കുഞ്ചുണ്ണി നടന്നു. ജീവിതം പിന്നേയും ഒരു വഴിത്തിരിവിൽ വന്നു മുട്ടിത്തിരിയുകയാണു്. ഭാവി വളരെ വളരെ അനിശ്ചിതം.
നടന്നു നടന്നു കുഞ്ചുണ്ണി പഴയ ബോധിവൃക്ഷത്തണലിലെത്തുന്നു. എന്നും അവിടെവച്ചാണു് ഭാവിയിലേക്കുള്ള മാർഗ്ഗം തെളിഞ്ഞതു്.
അവിടമിപ്പോൾ പക്ഷിശാസ്ത്രക്കാരുടേയും കൈനോട്ടക്കാരുടേയും ഒരു കോളനിയാണു്. മതിലുകളിൽ നാനാതരത്തിലുള്ള പരസ്യങ്ങൾ തൂങ്ങുന്നു. തനിക്കിതൊന്നുമുണ്ടായിരുന്നില്ല. വെറും നാവു്. ഇന്നു് എല്ലാറ്റിനും പരസ്യം വേണം.
ഓരോ പക്ഷിശാസ്ത്രക്കാരന്റെ മുമ്പിലും ചെന്നു നിന്നു. ഓരോ കൈനോട്ടക്കാരന്റെ മുമ്പിലും ചെന്നു നിന്നു.
“കൈനോക്കി ലക്ഷണം പറയണോ?”
ഒന്നും മിണ്ടാതെ നടന്നു. നിരത്തു് മുറിച്ചുനടക്കാൻ തുടങ്ങുമ്പോൾ ഒരു കാറു് വന്നു നില്ക്കുന്നു.
“മി. കുഞ്ചുണ്ണി”
തന്റെ പേരു വിളിയ്ക്കുന്നു. കുഞ്ചുണ്ണി അടുത്തു ചെന്നുനോക്കി. പരിചയമില്ല. പക്ഷെ വാതിൽ തുറന്നു കയറാൻ പറയുന്നു. കയറി.
ഹോട്ടൽ ഗുഡ് ബ്രീസിലാണു് കാറു ചെന്നു നിന്നതു്.
മഹാനഗരത്തിലെ ഏറ്റവും വലിയ ഹോട്ടലുകളിലൊന്നു്. കടൽക്കാറ്റു് മറവും തടവുമില്ലാതെ അവിടെ ഒഴുകിവന്നു ചേരുന്നു.
ഒരു ടേബിളിനിരുവശത്തും അഭിമുഖമായിരുന്നു് പലതും കുടിച്ചുകൊണ്ടു്, ഭക്ഷിച്ചുകൊണ്ടു് പരിചയപ്പെട്ടു, സന്ധിചെയ്തു.
രണ്ടാളുടെ ലക്ഷ്യവും ഒന്നായിരുന്നു. വാസുമുതലാളിയുടെ സംഹാരം!
വേഗത്തിൽ അടുത്തു!…
വക്കച്ചനും കുഞ്ചുണ്ണിയും യാത്രപറഞ്ഞിറങ്ങിയപ്പോൾ വാസുമുതലാളി കസേരയിലേക്കു് ചാരി! ക്ഷീണിച്ചുള്ള ചാരലായിരുന്നു. പിന്നെ മനുഷ്യമഹത്വത്തെപ്പറ്റി മിണ്ടിയില്ല. റമ്മികളി നടന്നില്ല.
വൈൻഗ്ലാസ്സുകൾ നിറയുകയും ഒഴിയുകയും മാത്രം ചെയ്തു, രാത്രി വളരെ വൈകുന്നവരെ.