രണ്ടു മാസം കഴിഞ്ഞു. വീടു പഴയതുതന്നെ. വിശാലമായ സ്വീകരണമുറി. രാത്രി ഏഴര മണി. പുറത്തു നല്ല നിലാവുണ്ടു്. ശാന്ത ഒരു സോഫയിലിരുന്നു് ഏതോ മാഗസിൻ നോക്കുകയാണു്. അകത്തുനിന്നു നേർത്ത സ്വരത്തിലൊരു താരാട്ടുപാട്ടു കേൾക്കാം. പുറത്തേക്കുള്ള ജാലകം മലർക്കെ തുറന്നിട്ടതിലൂടെ അപ്പുറത്തുള്ള പച്ചിലപ്പടർപ്പിതൽ നിലാവു വീണുകിടക്കുന്നതു കാണാം. ശാന്ത വായിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പച്ചിലപ്പടർപ്പിൽനിന്നു് ഒരു കുയിലിന്റെ ശബ്ദം. ശാന്ത ശ്രദ്ധിക്കുന്നു. പിന്നെയും പിന്നെയും ആ ശബ്ദം. ശാന്ത എഴുന്നേറ്റു ജാലകത്തിനടുത്തുചെന്നു മനോഹരമായ ചന്ദ്രികയിലേക്കുറ്റു നോക്കിക്കൊണ്ടു് നില്ക്കുന്നു. ഇവിടെ വീട്ടിനകത്തുനിന്നു വരാനുള്ള വാതിൽ രംഗത്തിന്റെ ഇടത്തുവശത്താണു്. ആ വാതിലിലൂടെ ഭാരതി കടന്നുവരുന്നു. കഴിഞ്ഞ രംഗത്തിൽ കണ്ട മട്ടല്ല. മുഖത്തു ക്ഷീണത്തിന്റെയും വേദനയുടെയും ലക്ഷണമുണ്ടു്. ഭാരതി കടന്നുവന്നു മറ്റെങ്ങും ശ്രദ്ധിക്കാതെ സോഫയിൽ ചെന്നിരുന്നു. ശാന്ത നോക്കിയ മാഗസിനെടുത്തു പതുക്കെ പേജുകൾ മറിക്കുന്നു. ശബ്ദം കേട്ടു് ശാന്ത തിരിഞ്ഞു നോക്കുന്നു.
- ശാന്ത:
- (പിൻതിരിഞ്ഞുനടന്നുകൊണ്ടു്) മോനുറങ്ങ്യോ, ഭാരതിയേട്ടത്തീ?
- ഭാരതി:
- ഉറങ്ങി അവൻ രണ്ടു ദിവസമായിട്ടു വല്ലാതെ ശാഠ്യം പിടിച്ചു കരയുന്നു.
- ശാന്ത:
- വെറുതേല്ല. അവന്റെ ചേച്ചിയെ കാണാഞ്ഞിട്ടാണു്. എന്നാലും മിനിയെ കോൺവെന്റിലയച്ചതു് നന്നായില്ല.
- ഭാരതി:
- അതെനിക്കും തോന്നി.
- ശാന്ത:
- അവൾക്കഞ്ചു വയസ്സു തുടങ്ങീട്ടല്ലേയുള്ളൂ? അമ്മേം അച്ഛനേം പിരിഞ്ഞു പാർക്കാറായോ?
- ഭാരതി:
- അല്ലെങ്കിലും അവൾക്കു് അമ്മമ്മയെന്നു പറഞ്ഞാൽ കഴിഞ്ഞു.
- ശാന്ത:
- എന്തേ ഇത്ര വേഗത്തിലൊരു തീരുമാനമെടുക്കാൻ?
- ഭാരതി:
- അവളുടെ അച്ഛന്റെ സ്വഭാവം നിനക്കറിയില്ലേ? ഒരൊറ്റ രാത്രികൊണ്ടാണെല്ലാം തീരുമാനിച്ചതു്. ഞാൻ കാലുപിടിച്ചു കരഞ്ഞു; കൂട്ടാക്കിയില്ല, ഈ വീടൊരു ഭ്രാന്തശാലയാണത്രേ; ഇവിടെ കുട്ടികളെ വളർത്താൻ പറ്റില്ലത്രേ; വഷളായിപ്പോവുമെന്നു്.
- ശാന്ത:
- പാവം! ആ കുട്ടി എത്രമാത്രം വേദനിക്കുന്നുണ്ടാവും.
- ഭാരതി:
- ഈ വീടു് ഉറങ്ങിപ്പോയി. അച്ഛനോടിതു പറഞ്ഞപ്പോൾ അച്ഛൻ കരഞ്ഞില്ലെന്നു മാത്രം.
- ശാന്ത:
- കുടുംബത്തിൽ അഭിപ്രായവ്യത്യാസവും വഴക്കും വരാതെ കഴിക്കാൻ അച്ഛൻ സമ്മതിച്ചതാവും.
- ഭാരതി:
- സമ്മതിച്ചെന്നു് പറഞ്ഞുകൂടാ. ‘നിങ്ങളുടെ ഇഷ്ടം പോലെ ചെയ്തോളൂ’ എന്നുമാത്രം പറഞ്ഞു.
- ശാന്ത:
- ഒന്നിലും ഒരഭിപ്രായവ്യത്യാസമില്ലാതെ കഴിഞ്ഞ കുടുംബമാണിതു്.
- ഭാരതി:
- ഓരോന്നായി ആരംഭിക്കാൻ തുടങ്ങുന്നു. ഇതെവിടെച്ചെന്നെത്തുമെന്നറിഞ്ഞുകൂടാ. മനസ്സിനു് ഒരു സമാധാനോം ഇല്ല ശാന്തേ. എവിടെ നോക്ക്യാലും അവളങ്ങനെ ഓടിനടക്കുന്നുണ്ടെന്നു തോന്ന്വാ. രാത്രി ഒരു പോള കണ്ണുപൂട്ടാൻ കഴിയുന്നില്ല. (തൊണ്ടയിടറി) ഒരൊറക്കം കഴിഞ്ഞാൽ ‘അമ്മേ’ന്നു വിളിച്ചു് എന്റെ കഴുത്തിൽ കൈയിട്ടു മുറുക്കിക്കിടക്കണം…
- ശാന്ത:
- ഇതാണെല്ലാവരുടെയും സ്ഥിതിയെങ്കിൽ ഇത്തിതിനേർത്തെ സ്വന്തമായിട്ടൊരു വീടന്വേഷിക്ക്യാ ഭേദം.
- ഭാരതി:
- (ഒരു ഞെട്ടലോടെ) എന്നുവെച്ചാൽ?
- ശാന്ത:
- അച്ഛനോടു പറഞ്ഞു നമുക്കു പ്രത്യേകം ഓരോ വീടുവെപ്പിക്കുക.
- ഭാരതി:
- പിന്നെ ഈ വലിയ വീടുകൊണ്ടുള്ള പ്രയോജനം? അങ്ങനെ ആരെങ്കിലും വിചാരിക്കുന്നതുതന്നെ അച്ഛനിഷ്ടപ്പെട്ടില്ല; വേണ്ടാത്തതിനൊന്നും പോണ്ടാ, കേട്ടോ… ഉണ്ണികൃഷ്ണനും അതിഷ്ടപ്പെടില്ല.
പുറത്തുനിന്നു് ഒരു ചുമയുടെ ശബ്ദും.
- ഭാരതി:
- ആരാതു്?
രംഗത്തിലേക്കു ശരീരത്തിന്റെ കുറച്ചു ഭാഗംമാത്രം കാട്ടിക്കൊണ്ടു് ഒരാൾ നില്ക്കുന്നു.
- ശാന്ത:
- എന്താ വേണ്ടതു്?
- വന്ന ആൾ:
- ഒരു കത്തു കൊടുക്കാനുണ്ടായിരുന്നു. (കത്തു നീട്ടിക്കാണിക്കുന്നു.)
- ശാന്ത:
- അച്ഛനു കൊടുക്കാനാണോ?
വന്ന ആൾ അതേ എന്ന അർത്ഥത്തിൽ തലയാട്ടുന്നു.
- ശാന്ത:
- (എഴുന്നേറ്റു ചെന്നു കത്തു വാങ്ങി മേൽവിലാസം നോക്കിക്കൊണ്ടു പറയുന്നു.) കൊടുത്തോളാം.
- വന്ന ആൾ:
- മറുപടി ഇപ്പത്തന്നെ വാങ്ങിക്കൊണ്ടു ചെല്ലാൻ പറഞ്ഞിരിക്കുന്നു.
- ശാന്ത:
- എന്നാലവിടെ നില്ക്കു (അകത്തേക്കു പോകുന്നു.)
ഭാരതി വീണ്ടും മാഗസിൻ വായിക്കാൻ തുടങ്ങുന്നു. അല്പം കഴിഞ്ഞു നിവർത്തിപ്പിടിച്ച കത്തുമായി രാഘവനും പിറകിൽ ശാന്തയും വരുന്നു. രാഘവൻ കസേരയിലിരിക്കുന്നു. എന്നിട്ടു വന്ന ആളോടു സംസാരിക്കുന്നു.
- രാഘവൻ:
- പരമേശ്വരമേനോൻ പറഞ്ഞയച്ചതാണല്ലേ?
- വന്ന ആൾ:
- അതേ.
- രാഘവൻ:
- ഇങ്ങട്ടു വരൂ.
വന്ന ആൾ രംഗമധ്യത്തിലേക്കു വരുന്നു.
- രാഘവൻ:
- എന്താ പേരു്?
- വന്ന ആൾ:
- ശങ്കുണ്ണി.
- രാഘവൻ:
- സ്ഥിരായിട്ടു വല്ല വീട്ടിലും നിന്നു പരിചയമുണ്ടോ?
- ശങ്കുണ്ണി:
- സ്ഥിരായിട്ടു് എന്റെ വീട്ടിലെ നിന്നിട്ടുള്ളൂ. അതും കുട്ടിക്കാലത്തു്. പിന്നെ അങ്ങനെ പുറപ്പെട്ടു. ദേശസഞ്ചാരത്തിനു്.
- രാഘവൻ:
- ഇതുവരെ സഞ്ചരിക്ക്യായിരുന്നോ, ഒരു സ്ഥലത്തും സ്ഥിരായിട്ടു നില്ക്കാതെ?
- ശങ്കുണ്ണി:
- നിന്നതൊക്കെ ഹോട്ടലിലാണു്. രസികനായിട്ടു ഭക്ഷണം പാകം ചെയ്യും.
- രാഘവൻ:
- ചെയ്തോളൂ, വിരോധല്ല്യ. പക്ഷേ, തന്നെക്കൊണ്ടു് അതല്ലിവിടെ ആവശ്യം. ആട്ടെ അടുത്തു വല്ല സ്ഥലത്തും ഹോട്ടലിൽ നിന്നിട്ടുണ്ടോ?
- ശങ്കുണ്ണി:
- അടുത്തെന്നു പറയാൻ (ആലോചിക്കുന്നു) അവസാനം നിന്നതു് ബോംബേലൊരു ഹോട്ടലിലാ.
- രാഘവൻ:
- (പരിഹാസപൂർവം) ഓ! അതു വളരെ അടുത്താണു്.
- ശങ്കുണ്ണി:
- കുടാതെ ബോബേലു് ഉദ്യോഗസ്ഥന്മാരു താമസിക്കുന്ന സ്ഥലത്തും നിന്നിട്ടുണ്ടു്. അതൊരു വീടെന്നു പറഞ്ഞുകൂടാ.
- രാഘവൻ:
- പിന്നെ.
- ശങ്കുണ്ണി:
- അവിടെ സ്ത്രീകളും കുട്ട്യോളും ഒന്നും ഇല്ല; ഒക്കെ പുരുഷന്മാരാ. അതും ആകാശത്തിലാ താമസം. അഞ്ചാമത്തെ തട്ടിലു്. ഒന്നിനും ഒരു വ്യവസ്ഥയും ഉണ്ടാവില്ല; ചിലരു പാതിരയ്ക്കു വരും; മറ്റുചിലരു് പുലർച്ചെ വരും; വേറെ ചിലരു സഞ്ചിയും തുക്കി പോയാൽ നാലു ദിവസത്തേക്കു വരില്ല…
- രാഘവൻ:
- മതി, മതി. ബോംബായിലെ കാര്യം ഇവിടെ വിസ്തരിച്ചു കേൾക്കണന്നില്ല.
- ശങ്കുണ്ണി:
- പിന്നെ നാലഞ്ചു ഭാഷ വെള്ളംപോലെ പറയാനറിയാം: ഹിന്ദുസ്ഥാനി, തെലുങ്ക്; തമിഴ്, കർണാടകം…
- രാഘവൻ:
- അതുകൊണ്ടും ഇവിടെ വലിയ പ്രയോജനമില്ല; ഏതു ഭാഷയായാലും താൻപറയുന്നതു ഞങ്ങൾക്കു മനസ്സിലാവണം. അതേ വേണ്ടൂ. അതുപോലെ ഞങ്ങൾ പറയുന്നതു് താനും മനസ്സിലാക്കണം; അനുസരിക്കണം.
ശങ്കുണ്ണി സമ്മതിച്ചു തലകുലുക്കുന്നു.
- രാഘവൻ:
- കക്കരുതു്, കളവു പറയരുതു്.
- ശങ്കുണ്ണി:
- ഭസ്മം തൊടണം; ഈശ്വരനാമം ജപിക്കണം.
- രാഘവൻ:
- അതു തനിക്കിഷ്ടാണെങ്കിൽ മതി; നിർബന്ധമില്ല.
- ശങ്കുണ്ണി:
- എനിക്കതു നിർബന്ധാണു്.
- രാഘവൻ:
- ആയ്ക്കോളൂ. പക്ഷേ, ഭസ്മക്കുറി വരച്ചു കക്കാൻ തുടങ്ങുന്നതു് ഇരട്ടിപ്പാപമാണു്. അതു മനസ്സിലിരിക്കട്ടെ, ആ പിന്നെ, വ്യവസ്ഥകളൊക്കെ, പരമേശ്വരമേനോൻ പറഞ്ഞിട്ടില്ലേ?
- ശങ്കുണ്ണി:
- ഉണ്ടു്.
- രാഘവൻ:
- എല്ലാം സമ്മതമമല്ലേ?
- ശങ്കുണ്ണി:
- അതേ.
- രാഘവൻ:
- ഇനി തന്റെ ജോലി എന്തെന്നു പറയാം. ഇവിടെ വയസ്സായിട്ടൊരാളുണ്ടു് അദ്ദേഹത്തെ ശുശ്രൂഷിക്കലാണു്.
- ശങ്കുണ്ണി:
- (നിസ്സാരഭാവത്തിൽ) ഒ അതു സാരോല്ല്യ.
- രാഘവൻ:
- സാരോണ്ടു്. ഇല്ലെങ്കിലിങ്ങനെ വിസ്തരിച്ചു പറയില്ലല്ലോ. അദ്ദേഹത്തിനു ബുദ്ധിക്കു നല്ല സ്ഥിരോല്ല്യ.
- ശങ്കുണ്ണി:
- (അല്പമൊരമ്പരപ്പോടെ) ഏ?
- രാഘവൻ:
- അദ്ദേഹത്തിന്റെ ആവശ്യങ്ങളൊക്കെ അറിഞ്ഞു പ്രവർത്തിക്കണം. ഒരു ബുദ്ധിമുട്ടും വരാതെ നോക്കണം.
- ശങ്കുണ്ണി:
- നോക്കാം. (അല്പം ഒരു ചിരിയോടെ) അഞ്ചാറുകൊല്ലം ഞാനൊരു ഭ്രാന്തശാലേലുണ്ടായിരുന്നു…
- രാഘവൻ:
- (അമ്പരപ്പോടെ) ഭ്രാന്തശാലേലോ?
- ശങ്കുണ്ണി:
- അവിടുത്തെ മെസ്സിൽ.
- രാഘവൻ:
- (ആശ്വാസത്തോടെ) അതു ശരി. എപ്പോഴാ ജോലിയിൽ പ്രവേശിക്കുന്നതു്?
- ശങ്കുണ്ണി:
- ഇപ്പത്തന്നെ.
- രാഘവൻ:
- (എഴുന്നേറ്റു്) എന്നാൽ വരൂ, നമുക്കുദ്ദേഹത്തിന്റെ മുറിയിലേക്കു പോകാം. (നടക്കുന്നു.)
ശങ്കുണ്ണി തിരിഞ്ഞു പിറകിലോട്ടോടുന്നു. വേഗത്തിൽ ഒരു തുരുമ്പുപിടിച്ച പെട്ടിയുമായി തിരിച്ചുവരുന്നു. പെട്ടിയുടെ അടപ്പിന്റെ പുറത്തു വലിയ അക്ഷരത്തിൽ ചോക്കുകൊണ്ടു ‘ശങ്കുണ്ണി’ എന്നെഴുതീട്ടുണ്ടു്. അതു പ്രേക്ഷകർക്കു കാണത്തക്കവിധം തൂക്കിപ്പിടിച്ചുകൊണ്ടാണു് വരവു്.
- രാഘവൻ:
- (തെല്ലിട നടന്നു ശങ്കുണ്ണിയെ കാത്തു തിരിഞ്ഞുനില്ക്കുന്നു. ശങ്കുണ്ണി അടുത്തെത്തിയപ്പോൾ പറയുന്നു.) അദ്ദേഹത്തെ സ്നേഹിച്ചു ശുശ്രൂഷിക്കണം, കേട്ടോ.
- ശങ്കുണ്ണി:
- ഓ!
- രാഘവൻ:
- പിന്നെ, സുക്ഷിക്കേണ്ടൊരു കാര്യമുണ്ടു്. ചിരിച്ചു കളിച്ചു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്നദ്ദേഹത്തിന്റെ ഭാവം മാറും. തുടർന്നു് ആരെയായാലും തല്ലിക്കളയും.
- ശങ്കുണ്ണി:
- (ഞെട്ടി ഒരു കാൽ പുറകോട്ടുവെച്ചു്) തല്ലിക്കളയും?
- രാഘവൻ:
- എന്താ, ശങ്കുണ്ണിക്കു പേടിയുണ്ടോ?
- ശങ്കുണ്ണി:
- ഇല്ല… (പരുങ്ങി) ഇല്ല, പേടിയില്ല.
- രാഘവൻ:
- നയത്തിൽ പെരുമാറിയാൽ കുഴപ്പമൊന്നുമില്ല:
- ശങ്കുണ്ണി:
- (പരിഭ്രമം തീരെ വിട്ടുമാറാത്ത മട്ടിൽ മറ്റെന്തോ ആലോചിച്ചുകൊണ്ടു്) ഇല്ല… ഇല്ല…
- രാഘവൻ:
- (അകത്തേക്കു കടക്കാനാരംഭിച്ചു തിരിഞ്ഞുനിന്നു.) മോളേ, ശാന്തേ, ഇനി മുത്തച്ഛന്റെ കാര്യത്തിൽ അദ്ദേഹത്തെ പൂട്ടേണ്ടിവരില്ല… അടച്ചുപൂട്ടാതിരിക്കുമ്പോൾ ക്രമേണ മാനസികഘടനയിൽ എന്തെങ്കിലും നല്ല മാറ്റം വന്നേക്കും. (അകത്തേക്കു പോകുന്നു; പിന്നാലെ ശങ്കുണ്ണിയും.)
- ശാന്ത:
- അച്ഛനെന്തൊരു ധൃതിയാണെന്നോ മുത്തച്ഛന്റെ രോഗം മാറിക്കിട്ടാൻ. എന്നിട്ടു വേണത്രേ മുത്തച്ഛൻ ആശിച്ചപോലൊരു കുടുംബജീവിതം ഇവിടെ കാണിച്ചുകൊടുക്കാൻ.
- ഭാരതി:
- (നെടുവീർപ്പു്.) മുത്തച്ഛനെപ്പോലെ അച്ഛനും സ്വപ്നം കാണുന്നു.
- ശാന്ത:
- അങ്ങനെ പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല.
- ഭാരതി:
- ഒരു കുടുംബത്തിൽ ഒരാൾ അല്പം താളംതെറ്റി ചവുട്ടിയാൽമതി, സംവിധാനമാകെ തകരും. നീയെന്തേ, അല്പം നേർത്തേ പറഞ്ഞതു്?
- ശാന്ത:
- എന്തേ പറഞ്ഞതു്.
- ഭാരതി:
- അച്ഛനോടൊരു വീടു വെപ്പിച്ചുതരാൻ ആവശ്യപ്പെടുമെന്നു പറഞ്ഞില്ലേ?
- ശാന്ത:
- പറഞ്ഞു.
- ഭാരതി:
- എന്തിനു്?
- ശാന്ത:
- അഭിപ്രായവ്യത്യാസമുണ്ടാവുമ്പോൾ പ്രത്യേകം പ്രത്യകം താമസിക്കുക.
- ഭാരതി:
- ഈ ആശയമാണു് കുഴപ്പണ്ടാക്കുന്നതു്. പറഞ്ഞാൽ തീരാത്ത അഭിപ്രായവ്യത്യാസമുണ്ടോ? വിട്ടുചീഴ്ച്ചയ്ക്കൊരുങ്ങിയാൽ തീരാത്ത കുഴപ്പങ്ങളുണ്ടോ? പക്ഷേ, അതാരും ആലോചിക്കില്ല. ആദ്യത്തെ ആലോചന പിരിഞ്ഞു പോവാനാണു്.
- ശാന്ത:
- മിനിയെ കോൺവെന്റിലയച്ചു ഭാരതിയേടത്തി ഒരു ദിവസം എത്ര കണ്ണീരൊഴുക്കുന്നുണ്ടു്! ഒരുമിച്ചു താമസിക്കുന്നതിലുള്ള കുഴപ്പമല്ലേ ഇതു്?
- ഭാരതി:
- ദയവുചെയ്തു് എന്റെ കാര്യത്തിൽ നീ വിഷമിക്കരുതു്. ഈ കുടുംബത്തിന്റെ ഐക്യത്തിനുവേണ്ടി ഇതിലധികം സഹിക്കാൻ ഞാൻ തയ്യാറാണു്. നമുക്കുവേണ്ടി എന്തു സഹിക്കാനും എന്തു ചെയ്യാനും ഒരുക്കമുള്ള അച്ഛനാണു്. എന്തിനേ മിനിയുടെ അച്ഛനോടു ജോലി രാജിവെക്കാൻ പറഞ്ഞതു്? എന്തിനേ നമുക്കോരോരുത്തർക്കും വെവ്വേറെ കാറു വാങ്ങിത്തന്നതു്? ഇതെല്ലാം തന്ന അച്ഛനു് നമുക്കോരോ വീടുവെപ്പിച്ചുതരാൻ വിഷമമുണ്ടോ? ഇല്ല. നമ്മളൊന്നിച്ചു നില്ക്കണമെന്നാണച്ഛന്റെ മോഹം. ഒരസംതൃപ്തിയും ഈ വീട്ടിലുണ്ടാവരുതെന്നു് അച്ഛനു് നിർബന്ധമുണ്ടു്.
- ശാന്ത:
- എന്നിട്ടും ഇവിടെ അസംതൃപ്തി തലപൊക്കുന്നുണ്ടല്ലോ?
- ഭാരതി:
- സാരമില്ല. ഒരു സമ്പ്രദായം നിലനിർത്താനും നശിപ്പിക്കാനും കുറെയൊക്കെ വേദന സഹിക്കേണ്ടിവരും. ഈ വീട്ടിൽ മറ്റൊരു വഴിക്കും വേദന കടന്നുവരില്ല. ഞാൻ സഹിച്ചോളാം.
ഭാരതി ഒടുവിൽ പറഞ്ഞ വാക്കു കേട്ടുകൊണ്ടു വിശ്വനാഥൻ കടന്നുവരുന്നു. (കാണാതെ, ഇത്രയും പറഞ്ഞൊപ്പിക്കുന്നു.) നല്ലതിനു വേണ്ടി അനുഭവിക്കുന്ന വേദന ഒരർത്ഥത്തിൽ സുഖമുള്ളതാണു്.
- വിശ്വനാഥൻ:
- ഓ! വേദാന്തമാണല്ലോ ഭാരതിയമ്മ പറയുന്നതു്.
- ശാന്ത:
- എട്ടത്തിയെക്കൊണ്ടു വേദാന്തം പറയിക്കുന്നതു് നിങ്ങളാണു്.
- വിശ്വനാഥൻ:
- മറിച്ചുപറഞ്ഞാൽ എന്നെ സന്ന്യാസിയാക്കുന്നതു നിന്റെ ഏട്ടത്തിയാണെന്നു്.
- ഭാരതി:
- ഇക്കാര്യത്തിൽ നിങ്ങൾ തമ്മിൽ ഒരു വാദപ്രതിവാദം നടത്തണമെന്നില്ല; വാദപ്രതിവാദം ആരേയും എവിടേയും എത്തിക്കില്ല.
- വിശ്വനാഥൻ:
- പ്രചരമാണോ?
- ഭാരതി:
- അല്ല, മഹദ്വാക്യം.
- വിശ്വനാഥൻ:
- കേൾക്കാൻ രസമുണ്ടു്. (അകത്തേക്കു പോകാൻ തുടങ്ങുന്നു.)
- ശാന്ത:
- ഏട്ടനു തിരക്കില്ലെങ്കിൽ കുറച്ചിരിക്കൂ.
- വിശ്വനാഥൻ:
- ഒരു തിരക്കുമില്ല. ജോലിയില്ലാതെ ഉണ്ടും ഉറങ്ങിയും കഴിയുന്നവർക്കുണ്ടോ തിരക്കു്? എന്താ വേണ്ടതു്?
- ശാന്ത:
- അവിടെ ഇരിക്കൂ; എനിക്കല്പം പറയാനുണ്ടു്.
- ഭാരതി:
- (ശാസനയുടെ സ്വരത്തിൽ) ശാന്തേ!
- ശാന്ത:
- ഏട്ടത്തി അവിടെ മിണ്ടാതിരിക്കൂ… മിനിയെ എന്തിനാ ഹോസ്റ്റലിൽ പാർപ്പിക്കുന്നതു്?
- വിശ്വനാഥൻ:
- പഠിപ്പിക്കാൻ.
- ശാന്ത:
- ദിവസവും ഇവിടെനിന്നു് അയച്ചാൽ പോരേ?
- വിശ്വനാഥൻ:
- പോരെന്നു തോന്നീട്ടാണു് പറഞ്ഞയച്ചതു്.
- ശാന്ത:
- അവളെ പിരിഞ്ഞിരിക്കുന്നതിൽ ഇവിടെ എല്ലാവർക്കും വേദനയുണ്ടു്. അവളും വേദനിക്കുന്നുണ്ടാവില്ലേ?
- വിശ്വനാഥൻ:
- അതു രണ്ടുനാലു ദിവസത്തേക്കുമാത്രം. പിന്നെ എല്ലാം മറക്കും.
- വിശ്വനാഥൻ:
- അങ്ങനെ നിർബന്ധിച്ചു് മറപ്പിക്കണോ?
- വിശ്വനാഥൻ:
- ഈ വേദനയും സ്നേഹവുമെല്ലാം എന്തുകൊണ്ടു് തോന്നുന്നതാണു്? കൂടിച്ചേർന്നു പാർക്കുന്നതുകൊണ്ടു്. പ്രാകൃതമാണു് സമ്പ്രദായം.
- ശാന്ത:
- പ്രാകൃതമോ?
- വിശ്വനാഥൻ:
- അതേ, വിവാഹം കഴിഞ്ഞ ഉടനെ ശാന്ത ഉണ്ണികൃഷ്ണന്റെ ഒരുമിച്ചു പോയെങ്കിൽ മിനിയെച്ചൊല്ലി ശാന്തയിന്നു വേദനിക്കുമായിരുന്നോ? വെറുതെ കൃത്രിമമായ ബന്ധം സൃഷ്ടിച്ചു് അതിന്റെ പേരിൽ വഴക്കും കണ്ണീരൊഴുക്കലും!
- ശാന്ത:
- ഒന്നു ചോദിക്കട്ടെ; കുടുംബത്തിൽനിന്നു് പിരിഞ്ഞുപോകാൻ തോന്നുന്നതു സ്വാർഥവിചാരം കൊണ്ടല്ലേ?
- വിശ്വനാഥൻ:
- ഭക്ഷണം കഴിക്കുന്നതു സ്വാർഥം കൊണ്ടാണോ? വസ്ത്രം ധരിക്കുന്നതു സ്വാർഥം കൊണ്ടാണോ?
- ശാന്ത:
- അതുപോലെ ഒരാവശ്യമാണോ കുടുംബം പിരിഞ്ഞു പോകലും?
- വിശ്വനാഥൻ:
- തീർച്ചയായും.
- ശാന്ത:
- തെറ്റു്.
- വിശ്വനാഥൻ:
- കുടുംബം പെരുകുമ്പോൾ സൗകര്യത്തിനുവേണ്ടി സുഖത്തിനുവേണ്ടി വേർപിരിയണം.
- ശാന്ത:
- അതാണു് പ്രകൃതം. വിവേകത്തിലും പഠിപ്പിലും പുരോഗതിനേടിയ ഈ കാലഘട്ടത്തിനു പറ്റിയ വേറൊരു മാർഗമുണ്ടു്. കുടുംബം പെരുകുമ്പോൾ കുടുതൽ കൃഷിസ്ഥലം സമ്പാദിക്കുക. കൂട്ടായി പ്രയത്നിക്കുക. സ്ഥലസാകര്യത്തിനുവേണ്ടി കെട്ടിടം വലുതാക്കുക-അങ്ങനെ പെരുകിനില്ക്കുന്ന വലിയൊരു കുടുംബമല്ലേ രാഷ്ട്രം?
- വിശ്വനാഥൻ:
- ഇരുന്നു സ്വപ്നം കാണുന്നവർ അങ്ങനെയൊക്കെ പറയും.
- ശാന്ത:
- ഞാനങ്ങനെ വിശ്വസിക്കുന്നില്ല. ഉള്ള സൗകര്യം പോരെന്നു തോന്നുമ്പോൾ അതു വർദ്ധിപ്പിക്കാൻ ശ്രമിക്കാതെ പിരിഞ്ഞുപോകാൻ ശ്രമിക്കുന്നതു് തീർച്ചയായും സ്വാർഥമാണു്.
- ഭാരതി:
- പ്രാകൃതവുമാണു്.
വിശ്വനാഥൻ ഭാരതിയെ രൂക്ഷമായി നോക്കുന്നു.
- ശാന്ത:
- അത്ര കടന്നു ഞാൻ പറയുന്നില്ല സുഖത്തെച്ചൊല്ലിയുള്ള സ്വാർഥവിചാരമാണു് കൂട്ടുകുടുംബങ്ങളെ തമ്മിൽ തല്ലിക്കുന്നതു്… ഞാൻ ചോദിക്കട്ടെ, അകത്തു തൊട്ടിലിൽ കിടന്നുറങ്ങുന്ന കുഞ്ഞുമോൻ വലുതായി ഏട്ടനോടു് ഭാഗം ചോദിച്ചാലോ?
- വിശ്വനാഥൻ:
- ചോദിക്കാനിടവെക്കില്ല. വല്ലതുമുണ്ടെങ്കിൽ നേരത്തെ കൊടുത്തു പറഞ്ഞയച്ചുകളയും.
- ഭാരതി:
- കിളികളും അങ്ങനെയാണു്. പറക്കാൻ പഠിച്ചാൽ പിന്നെ കുട്ടികളെ കൂട്ടിൽ നിർത്തില്ല. കൊത്തി പറപ്പിച്ചുകളയും.
- വിശ്വനാഥൻ:
- (എഴുന്നേറ്റു രസിക്കാത്ത മട്ടിൽ) ഈ കിളി ആരേയും കൊത്തിപ്പറപ്പിക്കാൻ വിചാരിച്ചിട്ടില്ല. സ്വയം പറന്നു പോയ്ക്കളയാം…
- ഭാരതി:
- ഇതാണു് സ്വഭാവം; എന്തെങ്കിലും പറഞ്ഞാൽ ശുണ്ഠിയെടുക്കും.
- വിശ്വനാഥൻ:
- എനിക്കു ശുണ്ഠിയില്ല.
- ശാന്ത:
- (സപരിഹാസം) ശരിയാ ഏട്ടൻ പറഞ്ഞതു്. മുഖം കണ്ടാൽ പരമസന്തോഷാണെന്നു തോന്നും.
- ഭാരതി:
- (അകത്തേക്കു പോകാൻ തുടങ്ങുന്ന വിശ്വനാഥനെ നോക്കി) ഈ കുടുംബത്തിന്റെ കാര്യവും കുറച്ചു കണക്കിലെടുക്കണ്ടേ?
- വിശ്വനാഥൻ:
- (തിരിച്ചുവന്നു്) എന്താണു് കണക്കിലെടുക്കേണ്ടതു്?
- ശാന്ത:
- ഞാൻ പറയാം.
- വിശ്വനാഥൻ:
- വേണം, അവൾതന്നെ പറയട്ടെ.
- ശാന്ത:
- നിങ്ങൾ തമ്മിലാവുമ്പോൾ വഴക്കാവും. ഞാൻ പറയാം. ഉള്ള വിഭവങ്ങൾ പങ്കിട്ടനുഭവിക്കാനും പോരാതെ വരുമ്പോൾ വർധിപ്പിക്കാനും പരിശ്രമിക്കേണ്ടതു നമ്മുടെ കടമയല്ലേ?
- വിശ്വനാഥൻ:
- നീ പറയുന്നതു രാജ്യകാര്യമാണു്.
- ശാന്ത:
- വീട്ടിൽ നടപ്പാക്കാത്ത കാര്യം നാട്ടിലും നടപ്പാക്കാൻ കഴിയില്ല. ഭിന്നിച്ചുനില്ക്കൽ കുടുംബത്തിലാവുമ്പോൾ അതു തകരുന്നു. രാഷ്ട്രീയത്തിലാവുമ്പോൾ നാടു കൊതിപ്പിളർക്കുന്നു.
- വിശ്വനാഥൻ:
- ഈ വാദംകൊണ്ടൊന്നും എന്റെ അഭിപ്രായം മാറ്റാൻ കഴിയില്ല. ഒരു പഞ്ഞിനൂലിന്റെ ഉറപ്പില്ല നമ്മുടെ ഈ ബന്ധങ്ങൾക്കൊന്നും. ജോലി രാജിവെച്ചില്ലെങ്കിൽ ഇതു കേൾക്കാൻ ഞാനിവിടെ നില്ക്കില്ലായിരുന്നു. ആലോചിക്കാതെ ഞാനതു ചെയ്തതുകൊണ്ടു്, നിങ്ങൾക്കെന്നെ അസ്വാതന്ത്ര്യത്തിന്റെ കുറ്റിയിൽ പിടിച്ചുകെട്ടാൻ കഴിഞ്ഞു.
- ഭാരതി:
- (തേങ്ങിക്കൊണ്ടു്) ഓ! മഹാപാപം പറയരുതു്. അച്ഛൻ എന്തുമാത്രം സ്നേഹിച്ചാണതു പറഞ്ഞതു്. മറ്റുള്ളവരുടെ അടിമയാവാൻ പോകേണ്ടെന്നു കരുതിയല്ലേ രാജിവെക്കാൻ പറഞ്ഞതു്?
- വിശ്വനാഥൻ:
- അടിമത്തം ആരുടെ വകയായാലും സഹിക്കാൻ വിഷമമാണു്. മറ്റേതു നിയമത്തിന്റെ അടിമത്തമായിരുന്നു. ഇപ്പോൾ സ്നേഹത്തിന്റേതാണെന്നു പറയുന്നു. രണ്ടും കണക്കു തന്നെ.
- ഭാരതി:
- ഈ പറയുന്നതിന്റെ അർത്ഥം മനസ്സിലാക്കീട്ടുണ്ടോ?
- വിശ്വനാഥൻ:
- നിങ്ങളുടെ ഈ സൗജന്യം എനിക്കു വേണ്ടെന്നുവെച്ചാൽ?
- ശാന്ത:
- അതിനൊരു കാരണം വേണ്ടേ?
- വിശ്വനാഥൻ:
- എനിക്കു ഹൃദ്യമല്ല, അതിലും വലിയൊരു കാരണം വേണോ (അകത്തേക്കു പോകുന്നു.)
ഭാരതി മുഖം പൊത്തിക്കരയുന്നു.
- ശാന്ത:
- (അടുത്തുചെന്നു് ആശ്വസിപ്പിക്കുന്നു.) ഭാരതിയേടത്തി കരയണ്ടാ. ഏട്ടത്തീടെ വിഷമം എനിക്കു മനസ്സിലായി. ഞാനച്ഛനോടു് ഇതെല്ലാം സൗകര്യംപോലെ പറയും.
- ഭാരതി:
- വേണ്ട, ശാന്തേ, വേണ്ടാ. നിങ്ങളെയൊക്കെ പിരിഞ്ഞു് എനിക്കെവിടേം പോകാൻ വയ്യാ; വിശേഷിച്ചു് അച്ഛനെ.
- ശാന്ത:
- അങ്ങനെ പറഞ്ഞാൽ പറ്റില്ല; ഈ കുഴപ്പം ഇനിയും വർധിച്ചാൽ…
- ഭാരതി:
- ഇതു വർധിക്കില്ല; ശുണ്ഠി വരുമ്പോൾ അങ്ങനെ കുറച്ചു പറയും.
- ശാന്ത:
- പറഞ്ഞു പറഞ്ഞാണു് പ്രസ്ഥാനങ്ങൾ രൂപംകാള്ളുന്നതു്
- ഭാരതി:
- ആ നിലയിലേക്കിതെത്തുമ്പോൾ (കരച്ചിൽ അധികമാവുന്നു.) ഞാനെന്റെ ജീവനുപേക്ഷിച്ചുകളയും. ഞാൻ മരിക്കുന്നതോടെ ഈ ആശയവും മരിക്കും.
- ശാന്ത:
- എടത്തീ!
- ഭാരതി:
- എന്റെ കുട്ടികളെ നീ നോക്കിയാൽ മതി.
- ശാന്ത:
- (കണ്ണു തുടയ്ക്കുന്നു. കണ്ഠമിടറിക്കൊണ്ടു പറയുന്നു.) ഇല്ലേടത്തീ. എല്ലം തുറന്നു പറഞ്ഞാൽ അച്ഛനു മനസ്സിലാവും.
- ഭാരതി:
- എനിക്കുവേണ്ടി നീ അച്ഛന്റെ ശാപം വാങ്ങിവെക്കരുതു്.
- ശാന്ത:
- അച്ഛനൊരിക്കലും ശപിക്കില്ല. അച്ഛനു ശുണ്ഠി വരും. അച്ഛനു വേദനിക്കും എന്തു വിചാരിച്ചു് ഇതു പറയാതെ മൂടിവെക്കുന്നതു ശരിയല്ല. ഞാൻ പറയും.
അകത്തുനിന്നു് ഉച്ചത്തിലൊരു കഥകളിപ്പദം കേൾക്കുന്നു. കഥകളി ഭാഗവതരെപ്പോലെ മുണ്ടും മേൽമുണ്ടും ധരിച്ചു്, ചേങ്ങലയുണ്ടെന്നു സങ്കല്പിച്ചു താളം പിടിച്ചു്, പദം മൂളിക്കൊണ്ടു മുത്തച്ഛൻ അകത്തുനിന്നു വരുന്നു. പദം പാടിക്കഴിഞ്ഞു തന്നത്താൻ പറയുന്നു.
- മുത്തച്ഛൻ:
- ഹിഡിംബനെ ഭീമൻ കൊന്നു. ഹിഡിംബി ഭീമനെ കല്യാണം കഴിച്ചു. നോക്കണേ, അതെന്തൊരു പെണ്ണു്! ആങ്ങളയെ ഇടിച്ചിടിച്ചു് കൊന്നോനെ കേറിയങ്ങു കല്യാണം കഴിച്ചു.
ശങ്കുണ്ണി വാതിലിനടുത്തു വന്നു ശങ്കിച്ചു നില്ക്കുന്നു. ഭാരതിയും ശാന്തയും അകത്തേക്കു പോകുന്നു.
- മുത്തച്ഛൻ:
- (തുടർന്നു പറയുന്നു) ഹിഡിംബി ഭീമനെ കല്യാണം കഴിച്ചപോലെ എന്റെ മകൾ ഒരു ദുഷ്ടനെ കല്യണം കഴിച്ചു. അവൻ കേറി എന്നെയങ്ങു കൊന്നു. സത്യമായിട്ടു് ഇടിച്ചിടിച്ചുകൊന്നു. (മരണം അഭിനയിച്ചു് വീഴാൻ തുടങ്ങുന്നു. പതുക്കെ പിൻതിരിഞ്ഞു നോക്കുമ്പോൾ കസേരയില്ല. കസേരയുടെ അടുത്തു ചെന്നുനിന്നു പറയുന്നു.) സത്യമായിട്ടും ഇടിച്ചിടിച്ചു് എന്നെ കൊന്നു. (വീഴുന്നു. ചലനമില്ലാതെ ഇരിക്കുന്നു.)
- ശങ്കുണ്ണി:
- (ശങ്കുണ്ണി ശങ്കിച്ചു ശങ്കിച്ചു് മുൻപോട്ടു വരുന്നു. പിടിക്കാൻ തുടങ്ങിയാൽ ഓടി രക്ഷപ്പെടാൻ സൗകര്യമുള്ള ദൂരത്തു നില്ക്കുന്നു. വിളിക്കുന്നു.) പിന്നേയു്… പിന്നേയു്… കുളിക്കണ്ടേ? കുളിക്കണ്ടേന്നു്?
- മുത്തച്ഛൻ:
- (കണ്ണുതുറന്നു്) ഏ?
- ശങ്കുണ്ണി:
- കുളിക്കണ്ടേ?
- മുത്തച്ഛൻ:
- (തിരിഞ്ഞുനോക്കാതെ) നീയാരാ?
- ശങ്കുണ്ണി:
- ഞാൻ-ശങ്കുണ്ണി. (ആ പേർ പതുക്കെ ഉച്ചരിക്കുന്നു.) ശങ്കുണ്ണി, ശങ്കുണ്ണി…
എഴുന്നേല്ക്കുന്നു. ശങ്കുണ്ണി കുറച്ചു് പിറകോട്ടു മാറിനില്ക്കുന്നു. മുത്തച്ഛൻ പാടുന്നു.
ഓട്ടക്കാരൻ ശങ്കുണ്ണീ
അകവും പുറവും ശങ്കുണ്ണീ
മേലും കീഴും ശങ്കുണ്ണീ
അഞ്ചൽക്കാരൻ ശങ്കുണ്ണീ
ശങ്കുണ്ണീ, ശങ്കുണ്ണീ, ശങ്കുണ്ണീ…
മുൻപോട്ടടുക്കുന്നു. ശങ്കുണ്ണി പിറകോട്ടു നീങ്ങുന്നു.
- മുത്തച്ഛൻ:
- വാ, ഇവിടെ വാ.
- ശങ്കുണ്ണി:
- ഇവിടെ നിന്നാപ്പോരേ?
- മുത്തച്ഛൻ:
- മതിയോ?
- ശങ്കുണ്ണി:
- മതി…
- മുത്തച്ഛൻ:
- (മുഖത്തു ഗൗരവം സ്ഫുരിക്കുന്നു. ശങ്കുണ്ണിയെ സുക്ഷിച്ചു നോക്കുന്നു. അൽപം കഴിഞ്ഞു പൊട്ടിച്ചിരിക്കുന്നു. ചിരി കഴിഞ്ഞു മുഖത്തു ശാന്തഭാവം പ്രദർശിപ്പിച്ചുകൊണ്ടു് രംഗത്തങ്ങട്ടുമിങ്ങട്ടും നടക്കുന്നു. പഴയ കാലത്തെ രാജാപ്പാർട്ടിന്റെ നടത്തം. രംഗത്തിന്റെ നടുവിൽനിന്നു ഗൗരവത്തോടെ സദസ്യരെ നോക്കി ഉച്ചത്തിൽ ചോദിക്കുന്നു.) ആരവിടെ? (ശങ്കുണ്ണി എന്തു ചെയ്യണമെന്നറിയാതെ പരുങ്ങുന്നു. വീണ്ടും ഉഗ്രസ്വരത്തിൽ) ആരവിടെ? (ശങ്കുണ്ണി കൂടുതൽ പരുങ്ങുന്നു.അല്പം കോപം സ്ഫുരിക്കുന്ന സ്വരത്തിൽ) തവണക്കാരൻ!
- ശാന്ത:
- (അകത്തുനിന്നു്) അടിയൻ (ഓടിക്കൊണ്ടുവന്നു് മുത്തച്ഛന്റെ മുൻപിൽ തലകുനിച്ചു പതുക്കെ പറയുന്നു) മഹാരാജാവു ജയിച്ചാലും! ജയിച്ചാലും!
മുത്തച്ഛൻ ഒന്നും മിണ്ടാതെ, ഗൗരവം വിടാതെ, ശാന്തയെ ശ്രദ്ധിക്കാതെ നില്ക്കുന്നു.
- ശാന്ത:
- (പതിഞ്ഞ സ്വരത്തിൽ ശങ്കുണ്ണിയോടു്) നോക്കിപ്പഠിച്ചോളൂ.
ശങ്കുണ്ണി തല കുലുക്കുന്നു.
- മുത്തച്ഛൻ:
- (ശാന്തയെ ശ്രദ്ധിക്കാതെ സദസ്സിനെ നോക്കിക്കൊണ്ടു്) നമ്മുടെ ഉത്തരവു നാടു മുഴുവൻ കൊട്ടിയറിയിച്ചോ?
- ശാന്ത:
- (വിനീതസ്വരത്തിൽ) ഉവ്വു്, തിരുമേനീ.
- മുത്തച്ഛൻ:
- (ശാന്തഗംഭീരസ്വരത്തിൽ) ആരും ജന്തു ഹിംസ ചെയ്യാൻ പാടില്ല.
- ശാന്ത:
- (പതിഞ്ഞ സ്വരത്തിൽ) പാടില്ല.
- മുത്തച്ഛൻ:
- ജീവിതം വേദന നിറഞ്ഞതാണു്.
- ശാന്ത:
- ആണു്.
- മുത്തച്ഛൻ:
- ആഗ്രഹമാണു് വേദനയെ സൃഷ്ടിക്കുന്നതു്.
- ശാന്ത:
- അതേ.
- മുത്തച്ഛൻ:
- പുനർജന്മത്തിനു കാരണമാകുന്നതും ആഗ്രഹമാണു്. അതു നശിച്ചാൽ, വേദന നശിച്ചു പുനർജന്മത്തിൽനിന്നു മോചനം ലഭിച്ചു. അതാണു് നിർവാണം.
- ശാന്ത:
- അതാണു് നിർവാണം.
- മുത്തച്ഛൻ:
- ചെല്ലൂ, ഇതുകുടി രാജ്യം മുഴുവൻ കൊട്ടിയറിയിക്കൂ. അശോക ചക്രവർത്തിയുടെ കല്പനയാണെന്നു വിളിച്ചു പറയൂ.
- ശാന്ത:
- കല്പനപോലെ.
- മുത്തച്ഛൻ:
- ഭഗവാൻ തഥാഗതന്റെ വിശുദ്ധോപദേശങ്ങൾക്കിണങ്ങും വണ്ണം നമ്മുടെ പ്രജകൾ ജീവിതം നയിക്കട്ടെ.
- ശാന്ത:
- കല്പനപോലെ. (പോകാൻ തുടങ്ങുന്നു.)
- മുത്തച്ഛൻ:
- (അല്പം ആലോചിച്ചുനിന്നു് അധികാരസ്വരത്തിൽ) ആരവിടെ?
- ശാന്ത:
- അടിയൻ (തിരിച്ചുവരുന്നു.)
- മുത്തച്ഛൻ:
- അന്തഃപുരത്തിലേക്കു വഴി കാണിക്കൂ.
- ശാന്ത:
- (തല കുനിച്ചു കൈകൾ ആദരവോടെ നീട്ടിക്കാണിച്ചുകൊണ്ടു്) അശോക ചക്രവർത്തി തിരുമനസ്സുകൊണ്ടു്, ഇതിലേ, ഇതിലേ…
മുൻപിൽ ശാന്തയും പിറകിൽ മുത്തച്ഛനും സാവധാനം നടക്കുന്നു. ശങ്കുണ്ണി എല്ലാം സൂക്ഷിച്ചു മനസ്സിലാക്കുന്നു.
—യവനിക—