നല്ല ധനസ്ഥിതിയും നിലയും വിലയുമുള്ളളൊരു കുടുംബം താമസിക്കുന്ന വീടു്. പൊതുവിൽ കുടുംബാംഗങ്ങൾക്കു വിശ്രമിക്കാനും, ചീട്ടു്, ചതുരംഗം മുതലായവ കളിക്കാനും അതിഥികളെ സ്വീകരിക്കാനും ഉപയോഗിക്കുന്നൊരു മുറിയുടെ അന്തർഭാഗവും അതിന്റെ വലതുവശത്തുള്ള മറ്റൊരു മുറിയും കാണാം-വിശ്രമമുറിയിൽ കസേര, മേശ മുതലായവയുണ്ടു്. എല്ലാം ആധുനികമട്ടിലുള്ളതാണു്. ഒരു മൂലയിൽ അല്പം ഉയർന്നൊരു മുക്കാലിയിൽ ഒരു റേഡിയോവും അതിനെതിരായ മൂലയിൽ അത്രതന്നെ ഉയർന്ന മറ്റൊരു മുക്കാലിയിൽ ഒരു ടേബിൾഫാനുമുണ്ടു്.
വിശ്രമമുറിയിൽനിന്നു പാർശ്യത്തിലുള്ള മുറിയിൽ കടക്കാനുള്ള വാതിൽ പുറത്തുനിന്നു പൂട്ടിയിരിക്കുകയാണു്. ആ മുറിയുടെ അറ്റത്തു് രംഗത്തിലുള്ളവർക്കു കാണത്തക്കവിധം വലിയൊരു ജാലകമുണ്ടു്. അകത്തു വെളിച്ചമുള്ളതുകൊണ്ടു മുറിയിൽ സംഭവിക്കുന്ന കാര്യങ്ങൾ പലതും രംഗവാസികൾക്കു കാണാൻ കഴിയും.
യവനിക നീങ്ങുമ്പോൾ ടേബിൾഫാൻ തിരിയുന്നുണ്ടു്. റേഡിയോ പ്രവർത്തിക്കുന്നില്ല. ശാന്ത, ഭാരതി, ഉണ്ണികൃഷ്ണൻ, വിശ്വനാഥൻ എന്നിവർ ചീട്ടുകളിയിലേർപ്പെട്ടിരിക്കുകയാണു്. ആരും ഒന്നും സംസാരിക്കുന്നില്ല. വളരെ ഗൗരവത്തോടെ ആലോചിച്ചുകൊണ്ടു് ഓരോ ചീട്ടു് എടുത്തിടുകയാണു്. അതു കഴിഞ്ഞു കശക്കേണ്ടവർ കശക്കുന്നു; ചീട്ടിടുന്നു.
പാർശ്വത്തിലുള്ള മുറിയുടെ ജാലകത്തിനടുത്തു പുറത്തേക്കു നോക്കി ചുരുട്ടു വലിച്ചു പുകവിട്ടുകൊണ്ടു് ഒരു വൃദ്ധൻ നില്ക്കുന്നു-വേഷം വളരെ പ്രാകൃതമാണു്. വയസ്സു് എഴുപത്തഞ്ചിനോടടുക്കും. പകച്ചു നോക്കിയാണു് നില്പു്.
- വിശ്വനാഥൻ:
- (ചീട്ടുകളി നടക്കുന്നതിനിടയിൽ ഉണ്ണികൃഷ്ണനോടു ഗൗരവത്തിൽ) ഛീ, തനിക്കു കട്ടുചെയ്യാമായിരുന്നു. സ്പെയിഡില്ലേ കൈയിൽ?
- ഉണ്ണികൃഷ്ണൻ:
- (കുറ്റബോധത്തോടെ) ഇല്ല.
- വിശ്വനാഥൻ:
- ജേക്ക് വീഴുമെന്നു് തീർച്ചയായിരുന്നു. എന്റെ കൈയിൽ അഞ്ചു സ്പെയിഡ് വെച്ചാണു് ഞാനിറക്കിയതു്. ഉടനെ കട്ടുചെയ്യേണ്ടതായിരുന്നു.
- വൃദ്ധൻ:
- (നിശ്ചലനായി നിന്നു പുകവിടുമ്പോഴാണു് ‘കട്ട്’ എന്ന ശബ്ദം കേൾക്കുന്നതു്. ഉടനെ ഞെട്ടുന്നു. കണ്ണുകൾ വികസിക്കുന്നു. കൈകൾ പൊക്കി അട്ടഹസിച്ചുകൊണ്ടു പറയുന്നു.) സ്റ്റോപ്പ്! നോ കട്ടിങ് ബിസിനസ്സ്, അബ്സല്യൂട്ടലി നോ കട്ടിങ് ബിസ്സിനസ്സ്… (കളിക്കുന്നവർ എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്കു തിരിഞ്ഞുനോക്കുന്നു; പിന്നീടു് അർത്ഥഗർഭമായി പരസ്പരം നോക്കുന്നു.)
- വൃദ്ധൻ:
- (ആരെങ്കിലും മറുപടി പറയുമോ എന്നു ശ്രദ്ധിച്ചു തെല്ലിട മിണ്ടാതെ നില്ക്കുന്നു. പിന്നീടു് അസ്വസ്ഥനായി സ്വയം പിറുപിറുക്കുന്നു.) ഇല്ല, ഞാൻ സമ്മതിക്കില്ല. ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കില്ല. ഒന്നും നശിപ്പിക്കാൻ സമ്മതിക്കില്ല. (വേദനയോടെ) മുറിഞ്ഞാൽ വേദനിക്കും. രക്തം വരും… രക്തം ഒഴുകിയൊഴുകി എല്ലാം നശിക്കും.
കണ്ണടച്ചു ജാലകത്തിന്റെ അഴിയിൽ തലയൂന്നി നില്ക്കുന്നു.
വിശ്വനാഥൻ ശീട്ടു കശക്കുമ്പോൾ, ശാന്ത എഴുന്നേറ്റുചെന്നു റേഡിയോ സ്വിച്ചു ചെയ്തു പഴയ സ്ഥാനത്തു വന്നിരിക്കുന്നു. കളി പിന്നേയും തുടരുന്നു.-റേഡിയോ ശബ്ദിക്കാൻ തുടങ്ങുന്നു. ഒരു പ്രഭാഷണത്തിന്റെ പാതയിൽവെച്ചാണു് തുടക്കം. റേഡിയോ പ്രഭാഷണം.
“ഒട്ടും ഭിന്നിക്കാതെ, ഒന്നിച്ചുനില്ക്കുക; ഒറ്റക്കെട്ടായി നില്ക്കുക-രാജ്യത്തിന്റെ അവിച്ഛിന്നതയെ അപകടപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ അറിഞ്ഞും അറിയാതെയും അകപ്പെട്ടുപോവാതിരിക്കാൻ സൂക്ഷിക്കുക.”
വിശ്വനാഥന്റെ മുഖത്തു് അസ്വസ്ഥത പ്രകാശിക്കുന്നു. പ്രഭാഷണം തുടരുന്നു:
“തീർന്നില്ല, ഈ നാട്ടിലെ ഓരോ മൺതരിയും കാത്തുസൂക്ഷിക്കേണ്ട ചുമതല ഇവിടെ പിറന്ന പിഞ്ചുകുട്ടികൾക്കു പോലുമുണ്ടു്. അതു സാധിക്കണമെങ്കിൽ നമുക്കു നമ്മുടെയിടയിൽ സുദൃഢമായ ഐക്യം കെട്ടിപ്പെടുക്കണം. ആ ഐക്യത്തിനുള്ള പരിശ്രമമാവട്ടെ, നമ്മുടെ കുടുംബജീവിതത്തിൽനിന്നാണു് ഉയിർക്കോള്ളേണ്ടതു്.”
- വിശ്വനാഥൻ:
- (എഴുന്നേറ്റുചെന്നു റേഡിയോ ഓഫാക്കുന്നു) ബോറ്! ഫിലിം മ്യൂസിക്കാണെങ്കിൽ പിന്നെയും സഹിക്കാം. കണ്ടവന്റെ പുരാണം പറച്ചിൽ കേട്ടുകേട്ടു മടുത്തു. (പഴയ സ്ഥാനത്തു വന്നിരിക്കുന്നു.)
- ഉണ്ണികൃഷ്ണൻ:
- (വാച്ചുനോക്കി) ഓ! ഏഴരമണി?
- വിശ്വനാഥൻ:
- (ഇരുന്നു്) അത്രയല്ലേ ആയുള്ളൂ? ഒമ്പതുമണിവരെ കളിക്കാം.
- ഉണ്ണികൃഷ്ണൻ:
- (ശീട്ടു മേശപ്പുറത്തിട്ടു്) വയ്യാ, മടുത്തു. (എഴുന്നേല്ക്കുന്നു.)
- ഭാരതി:
- ശരിയാ മടുത്തു. (എഴുന്നേല്ക്കുന്നു.)
വിശ്വനാഥൻ അല്പം അസംതൃപ്തനെന്ന മട്ടിൽ എഴുന്നേറ്റു അകത്തു പോകുന്നു. പിന്നാലെ ഭാരതിയും ഉണ്ണികൃഷ്ണനും. ശാന്ത ശീട്ടെടുത്തു് ഒതുക്കി പെട്ടിയിലാക്കി അകത്തെക്കു പോകാൻ തുടങ്ങുമ്പോൾ അകത്തുനിന്നു രാഘവൻ കടന്നുവരുന്നു.
- രാഘവൻ:
- ഇന്നു തപാൽ വന്നില്ലേ, ശാന്തേ?
- ശാന്ത:
- (തിരിഞ്ഞു നിന്നു്) ഞാൻ മറന്നു. അച്ഛാ മേശപ്പുറത്തുണ്ടു്. അച്ഛനു കൊണ്ടുവന്നുതരാൻ വിചാരിച്ചതായിരുന്നു.
- രാഘവൻ:
- (മുഖത്തു് ഒട്ടും അസുഖം പ്രദർശിപ്പിക്കാതെ) ശീട്ടുകളിയുടെ തിരക്കിൽ അതങ്ങു മറന്നു, അല്ലേ. എനിക്കറിയാം. ഇതിവിടെ കിടപ്പുണ്ടാവുമെന്നു്. നിങ്ങളെ ശല്യപ്പെടുത്തേണ്ടെന്നു കരുതി ഞാനിങ്ങോട്ടു വരാഞ്ഞതാണു്.
ശാന്ത അകത്തേക്കു പോകുന്നു. രാഘവൻ തപാൽ ഉരുപ്പടികളുള്ള മേശയ്ക്കരികിൽ ഒരു കസേരയിൽ ചെന്നിരുന്നു്, കത്തുകൾ ഓരോന്നായെടുത്തു വായിക്കുമ്പോൾ ചുരുട്ടിന്റെ ഗന്ധം അനുഭവപ്പെടുന്നു. ശ്രദ്ധിക്കുന്നു. എഴുന്നേറ്റു വലത്തുവശത്തുള്ള മുറിയുടെ വാതിലിനടുത്തു ചെല്ലുന്നു. അല്പനേരം നില്ക്കുന്നു. പിന്നീടു് മുൻപോട്ടു നടന്നു മുറിയുടെ മുൻവശത്തുള്ള ജാലകത്തിലൂടെ അകത്തേക്കു നോക്കാൻ ശ്രമിക്കുമ്പോഴേക്കും ജാലകത്തിനടുത്തു നിന്നു വൃദ്ധൻ ചുരുട്ടു വലിച്ചു പുകവിടുന്നതു കാണുന്നു. പെട്ടെന്നു പിൻവാങ്ങി പഴയ സ്ഥലത്തു ചെന്നിരിക്കുന്നു. വീണ്ടും ഓരോ കത്തുകളായി പരിശോധിക്കുന്നു. ഒരു പ്രത്യേക കവർ തുറന്നപ്പോൾ അതിൽ സാമാന്യം വലിയൊരു കത്താണു്. സാവധാനമതു വായിക്കാൻ തുടങ്ങുന്നു. ഒന്നുരണ്ടു വരി വായിച്ചു് ഉറക്കെ വിളിക്കുന്നു.
- രാഘവൻ:
- ലക്ഷ്മിക്കുട്ടീ… ലക്ഷ്മിക്കുട്ടീ… (മറുപടി കേൾക്കാൻ കാത്തു നില്ക്കാതെ പറയുന്നു) ജയന്റെ കത്തു വന്നിരിക്കുന്നു. (വീണ്ടും വായന തുടരുന്നു.)
- ലക്ഷ്മിക്കുട്ടിയമ്മ:
- (അല്പം നിമിഷങ്ങൾക്കുശേഷം ധൃതിപ്പെട്ടു വരുന്നു. വരുമ്പോൾ ചോദിക്കുന്നു.) എന്നെ വിളിച്ചോ?
- രാഘവൻ:
- (കടലാസിൽനിന്നു് കണ്ണെടുക്കാതെ) നിന്റെ അഭിപ്രായമെന്താ?
- ലക്ഷ്മിക്കുട്ടിയമ്മ:
- എനിക്കൊരു സംശ്യം തോന്നി.
- രാഘവൻ:
- എന്തു സംശ്യം?
- ലക്ഷ്മിക്കുട്ടിയമ്മ:
- വിളിച്ചോന്നൊരു സംശ്യം.
- രാഘവൻ:
- (തലയുയർത്തി) ആഹാ! അതു നന്നായി അച്ഛനെവിടന്നേ ചുരുട്ടു കിട്ടിയതു്? വിളിച്ചെന്നാരു പറഞ്ഞു? ഒരു സംശ്യം തോന്നി നീയിങ്ങട്ടുവന്നപ്പോൾ വേറൊരു സംശ്യം തോന്നി ഞാനൊന്നു ചോദിച്ചു. അതിരിക്കട്ടെ; നീ അച്ഛനു ചുരുട്ടു കൊടുത്തിരുന്നോ?
- ലക്ഷ്മിക്കുട്ടിയമ്മ:
- (തെല്ലൊരപരാധബോധത്തോടെ) കൊടുത്തിരുന്നു.
- രാഘവൻ:
- ഡോക്ടർ പാഞ്ഞിട്ടില്ലേ, അച്ഛനു പുകവലിക്കാൻ പാടില്ലെന്നു്?
- ലക്ഷ്മിക്കുട്ടിയമ്മ:
- ഡോക്ടർ പറയാത്തതുകൊണ്ടോ, എനിക്കു നിശ്ച്യേല്ലാത്തതുകൊണ്ടോ കൊടുത്തതല്ല.
- രാഘവൻ:
- പിന്നെ?
- ലക്ഷ്മിക്കുട്ടിയമ്മ:
- ഒരു കുട്ടിയെപ്പോലെ ശാഠ്യം പിടിക്കാൻ തുടങ്ങി.
- രാഘവൻ:
- ഒരമ്മയെപ്പോലെ വാത്സല്യം കാണിച്ചു് നീ കൊടുക്കുകയും ചെയ്തു.
- ലക്ഷ്മിക്കുട്ടിയമ്മ:
- പാവം! എന്തു് അന്തസ്സിലും പ്രൗഢിയിലും കഴിഞ്ഞ അച്ഛനാണു്! കണക്കില്ലാതെ സമ്പാദിച്ചു.
- രാഘവൻ:
- ഇല്ലെന്നു് ഞാൻ പറഞ്ഞോ?
- ലക്ഷ്മിക്കുട്ടിയമ്മ:
- അങ്ങനത്തെ അച്ഛനാണു് ഒരു പുകയിലച്ചുരുട്ടു മറ്റുള്ളവരോടിരക്കേണ്ടിവന്നതു്.
- രാഘവൻ:
- അതു കണ്ടപ്പോൾ നിന്റെ സ്നേഹം അങ്ങട്ടു പീലിവിടർത്തി, അല്ലേ? ലക്ഷ്മിക്കുട്ടി, നിന്റെ ഈ സ്നേഹപ്രകടനം അച്ഛനെ നശിപ്പിക്കും. ഈ വീടൊരുദിവസം ചാമ്പലാവുകയും ചെയ്യും… തീപ്പെട്ടിയും കൊടുത്തിട്ടില്ലേ?
- ലക്ഷ്മിക്കുട്ടിയമ്മ:
- ഞാനൊരു സിഗാർ ലൈറ്റർ വാങ്ങിക്കൊടുത്തു!
- രാഘവൻ:
- വിശേഷായി!
- ലക്ഷ്മിക്കുട്ടിയമ്മ:
- (അല്പമൊരു ദുഃഖത്തോടെ) എന്നെ കുറ്റപ്പെടുത്താൻ വരട്ടെ; കഴിഞ്ഞതെന്നും എനിക്കത്ര വേഗത്തിൽ മറക്കാൻ പറ്റില്ല. കൊട്ടാരത്തിൽ പിറന്നില്ലെങ്കിലും ഒരു രാജാവിന്റെ പദവിയിലാണു് അച്ഛൻ ജീവിച്ചതു്. പോരാ മഹാരാജാവിന്റെ പദവിയിൽ… ഒന്നും അച്ഛനു് നഷ്ടപ്പെട്ടിട്ടില്ല; എന്നിട്ടും യാചിക്കേണ്ടിവന്നു.
- രാഘവൻ:
- ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നു പറയാൻ വയ്യ. കാര്യമായതെന്തോ, അതദ്ദേഹത്തിനു നഷ്ടപ്പെട്ടു. സ്നേഹം! അദ്ദേഹം ഇന്നു യാചിക്കുന്നതു ചുരുട്ടിനല്ല, സ്നേഹത്തിനാണു്. ഇനി ഒന്നു പറഞ്ഞിട്ടും കാര്യമില്ല; വരേണ്ടതുവന്നു.
- ലക്ഷ്മിക്കുട്ടിയമ്മ:
- അച്ഛനിതു വരാൻ പാടില്ലായിരുന്നു.
- രാഘവൻ:
- മക്കളെല്ലാംകൂടി അദ്ദേഹത്തെ ഈ നിലയിലാക്കി.
- ലക്ഷ്മിക്കുട്ടിയമ്മ:
- അക്കൂട്ടത്തിൽ എന്നെ പെടുത്തരുതു്. അച്ഛൻ ജീവിച്ചിരിക്കുമ്പോൾ സ്വത്തു ഭാഗിക്കരുതെന്നു ഞാൻ വാശിപിടിച്ചിരുന്നു. അതെന്താ, മറന്നുപോയോ?
- രാഘവൻ:
- ഇല്ല. പക്ഷേ അച്ഛന്റെ മരണശേഷം ഭാഗിക്കണമെന്നു് നീ ആശിച്ചിരുന്നു, ഇല്ലേ? മതി, കഴിഞ്ഞതു കഴിഞ്ഞു. ആ സിഗാർ ലൈറ്റർ എങ്ങിനെയെങ്കിലും തിരിച്ചുവാങ്ങിക്കളയൂ… (വീണ്ടും കൈയിലുള്ള കത്തു വായിക്കാൻ തുടങ്ങുന്നു.)
- ലക്ഷ്മിക്കുട്ടിയമ്മ:
- (ഉത്കണ്ഠയോടെ) എന്താ വായിക്കുന്നതു്?
- രാഘവൻ:
- ജയന്റെ കത്താണു്.
- ലക്ഷ്മിക്കുട്ടിയമ്മ:
- അതേയോ? എന്നിട്ടെന്താ പറയാഞ്ഞതു്?
- രാഘവൻ:
- ഞാനിതിങ്ങനെ പൊക്കിപ്പിടിച്ചു ‘ജയന്റെ കത്തു വന്നു, ജയന്റെ കത്തു വന്നു’ എന്നു വീടുമുഴുവൻ വിളംബരപ്പെടുത്തണോ?
- ലക്ഷ്മിക്കുട്ടിയമ്മ:
- ഉറക്കെ വായിക്കൂ. ഞാനും കേൾക്കട്ടെ.
- രാഘവൻ:
- എന്നാൽ ആ ആവശ്യമങ്ങു തുറന്നു പറഞ്ഞാൽ പോരേ? കേട്ടോളൂ. (വായന തുടരുന്നു.) ‘ശ്രീനഗർ.’
- ലക്ഷ്മിക്കുട്ടിയമ്മ:
- ഓ! അവനങ്ങു കാശ്മീരിലെത്തിയോ? (അടുത്തുള്ള കസേരയിലിരിക്കുന്നു.)
- രാഘവൻ:
- (തുടർന്നു വായിക്കുന്നു.) ‘പ്രിയപ്പെട്ട അച്ഛാ!’
- ലക്ഷ്മിക്കുട്ടിയമ്മ:
- (അല്പം പരിഭവത്തോടെ) കണ്ടോ, കണ്ടോ. ആൺകുട്ടികളായാലിങ്ങനാ.
- രാഘവൻ:
- എങ്ങനെ?
- ലക്ഷ്മിക്കുട്ടിയമ്മ:
- ‘പ്രിയപ്പെട്ട അച്ഛാ’ന്നാണല്ലോ തുടങ്ങ്യേതു്?
- രാഘവൻ:
- പിന്നെ എങ്ങനെ തുടങ്ങണം?
- ലക്ഷ്മിക്കുട്ടിയമ്മ:
- ‘പ്രിയപ്പെട്ട അമ്മേ’ എന്നു തുടങ്ങിക്കൂടേ?
- രാഘവൻ:
- (രസിക്കാത്ത മട്ടിൽ) അച്ഛനു കത്തെഴുതുമ്പം ‘പ്രിയപ്പെട്ട അമ്മേ’ന്നു് തുടങ്ങണോ?
- ലക്ഷ്മിക്കുട്ടിയമ്മ:
- വേണമെങ്കിൽ ചക്ക വേരിന്മേലും കായ്ക്കും.
- രാഘവൻ:
- (അല്പം ശുണ്ഠി) അതെങ്ങനെ?
- ലക്ഷ്മിക്കുട്ടിയമ്മ:
- ‘പ്രിയപ്പെട്ട അച്ഛാ, അമ്മേ’ന്നു തുടങ്ങിക്കൂടെ?
- രാഘവൻ:
- നിനക്കു് പറഞ്ഞാൽ മനസ്സിലാവില്ലേ.
- ലക്ഷ്മിക്കുട്ടിയമ്മ:
- മനസ്സിലാവുന്നതുകൊണ്ടാണു് കുഴപ്പം.
- രാഘവൻ:
- ‘പ്രിയപ്പെട്ട അമ്മേന്നു’ വിളിക്കാൻ തോന്ന്യാൽ അവൻ നിനക്കു് നേരിട്ടെഴുതും.
- ലക്ഷ്മിക്കുട്ടിയമ്മ:
- തോന്നില്ലല്ലോ. അതാണു് ആൺകുട്ടികളായാലുള്ള കുഴപ്പം.
- രാഘവൻ:
- നിനക്കു കത്തു വായിച്ചു കേൾക്കണോ?
- ലക്ഷ്മിക്കുട്ടിയമ്മ:
- വായിച്ചെങ്കിലും കേൾക്കട്ടെ.
- രാഘവൻ:
- എന്നാൽ മിണ്ടാതെ ഇരുന്നു കേൾക്കണം. (വായന തുടരുന്നു.) ‘പ്രിയപ്പെട്ട അച്ഛാ’ (ഭാര്യയുടെ മുഖത്തു സൂക്ഷിച്ചുനോക്കി തെല്ലിട മിണ്ടാതിരിക്കുന്നു. ലക്ഷ്മിക്കുട്ടിയമ്മ മുഖം തിരിച്ചിരിക്കുന്നു. വായന തുടരുന്നു.) ‘ഞങ്ങളിവിടെ എത്തിട്ടു് ഒരാഴ്ച കഴിഞ്ഞു. എത്തിയ ദിവസംതന്നെ എഴുതണമെന്നു് വിചാരിച്ചതാണു്; തരപ്പെട്ടില്ല.’
- ലക്ഷ്മിക്കുട്ടിയമ്മ:
- എങ്ങനെ തരപ്പെടും? ഇത്തിരി സ്നേഹം ഉണ്ടായിട്ടു വേണ്ടേ?
- രാഘവൻ:
- (രസിക്കാത്തമട്ടിൽ) സ്നേഹം ഉള്ളവരൊക്കെ നിരന്തരം കത്തെഴുതിക്കൊണ്ടിരിക്കണോ? (വായന തുടരുന്നു.) ‘തരപ്പെടാത്തതു സമയക്കുറവുകൊണ്ടാണു്. ഇവിടത്തെ ഓരോ ഇഞ്ചു സ്ഥലവും കാണുന്ന ബദ്ധപ്പാടിലാണു് ഞങ്ങൾ. എത്ര മനോഹരമായ സ്ഥലം! കാശ്മീർ ഭൂമിയിലെ സ്വർഗമാണെന്നു് ആരോ എവിടെയോ പറഞ്ഞുകേട്ടിട്ടുണ്ടു്. കണ്ടപ്പോൾ അപ്പറഞ്ഞതു തികച്ചും പരമാർത്ഥമാണെന്നു തോന്നി. ഒരു തവണ അച്ഛനെയും അമ്മയെയും ഞാനിവിടെ കൂട്ടിക്കൊണ്ടുവരും.’
- ലക്ഷ്മിക്കുട്ടിയമ്മ:
- ആവൂ അമ്മയെ ഒന്നോർമിച്ചല്ലോ.
- രാഘവൻ:
- (ഹൃദ്യമല്ലാത്ത മട്ടിൽ നോക്കുന്നു. വീണ്ടും വായന തുടരുന്നു.) ‘ആയുഷ്കാലത്തിൽ ഒരിക്കൽ ഈ കാശ്മീരൊന്നു കാണണമച്ഛാ. ഇല്ലെങ്കിൽ മനുഷ്യജന്മംകൊണ്ടു പ്രയോജനമില്ല. ഇതു പുക്കളുടെ നാടാണു്; മഴവില്ലിന്റെ നാടാണു്; സൗന്ദര്യദേവത സദാ ഇവിടെ നൃത്തം വെക്കുന്നു. റോട്ടിലും, പാർപ്പിടത്തിന്റെ മുറ്റത്തുമൊക്കെ ഇന്നലെ ഉണർന്നുനോക്കിയപ്പോൾ, മഞ്ഞുതിർന്നു കിടക്കുന്നു. കൈ കൊണ്ടു വാരിയെടുക്കാം. ഞങ്ങളാ മഞ്ഞിൻകട്ടകളിലൂടെ കുറേ ദുരം നടന്നു.’
- ലക്ഷ്മിക്കുട്ടിയമ്മ:
- അധികപ്രസംഗം നോക്കണേ! മഞ്ഞിലൂടെ നടന്നത്രേ.
- രാഘവൻ:
- (ശുണ്ഠിയോടെ) എന്നാൽ നിന്റെ കമന്ററിതന്നെ നടക്കട്ടെ. വായിച്ചു തീരുന്നതുവരെ മിണ്ടാതിരുന്നുകൂടെ.
- ലക്ഷ്മിക്കുട്ടിയമ്മ:
- മക്കളോടു സ്നേഹമുള്ള അമ്മമാരങ്ങനെയൊക്കെ പറയും.
- രാഘവൻ:
- നിന്റെയൊരു സ്നേഹപ്രകടനം! ശ്രീനഗറിലുള്ള ജയൻ കേൾക്കാനാണോ ഈ പറയുന്നതു്. അതല്ല നിനക്കു മക്കളോടു വലിയ സ്നേഹമാണെന്നു തെളിയിക്കാനോ?
- ലക്ഷ്മിക്കുട്ടിയമ്മ:
- മുഴുവനും വായിക്കൂ.
- രാഘവൻ:
- ഇനി കമന്ററി പാടില്ല. മിണ്ടാതിരുന്നു കേട്ടോണം. (വായന തുടരുന്നു.) ‘അച്ഛാ’, (ലക്ഷ്മിക്കുട്ടിയമ്മയുടെ മുഖത്തേക്കു നോക്കുന്നു.) ഞങ്ങളുടെ ഈ സഞ്ചാരപരിപാടി അവസാനിക്കാറായി. ഇന്ത്യയിലെ ഏതാണ്ടെല്ലാ പ്രദേശങ്ങളും ഞങ്ങൾ കണ്ടെന്നുതന്നെ പറയാം. ഒരു കാര്യം ഇതിൽനിന്നെനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു. ആസാമിലും പഞ്ചാബിലും മഹാരാഷ്ട്രത്തിലും മധ്യപ്രദേശിലുലുമുള്ള ജനങ്ങൾ ഒട്ടും വ്യത്യസ്തരല്ല. വസ്ത്രധാരണ രീതിയിലും ഭാഷയിലും വ്യത്യാസമുണ്ടാവാം. എന്നാൽ സ്വഭാവവും പെരുമാറ്റവും ഒന്നുതന്നെ. ആസാംമലകളിലെ ആദിവാസികളുടെ നടുവിൽ ചെന്നപ്പോൾ-അവരുടെ പാട്ടും നൃത്തവും കണ്ടപ്പോൾ-എനിക്കു തോന്നി ഞാൻ വയനാടൻകുന്നുകളിലെവിടെയോ നില്ക്കുകയാണെന്നു്. അവരുടെ ഭാഷയിൽ ഉള്ളുതുറന്നു് അവരോടു സംസാരിക്കാനെനിക്കു കൊതി തോന്നി. ഈ യാത്രയിൽ കഥകളിയുടെയും, ഭരതനാട്യത്തിന്റെയും വകഭേദങ്ങളായ ചില കലാരൂപങ്ങൾ ഞാൻ കണ്ടെത്തി. ആകപ്പാടെ ആലോചിക്കുമ്പോൾ നാമൊക്കെ ഒന്നല്ലേ അച്ഛാ? ഇന്ത്യക്കാരായ നാം? നമുക്കുള്ള പലതും പരസ്പരം ബന്ധപ്പെട്ടു കിടക്കുകയല്ലേ?
പെട്ടെന്നു വെളിച്ചം കെടുന്നു. വീടു മുഴുവൻ കൂരിരുട്ടിൽ. ഇനിയങ്ങട്ടു് ഇരുട്ടിലാണു് സംഭാഷണം.
- രാഘവൻ:
- ഓ ലൈറ്റു പോയോ? വിദ്യുച്ഛക്തിയെ വിശ്വസിച്ചാലതാണു് ഫലം!
- ലക്ഷ്മിക്കുട്ടിയമ്മ:
- ഇത്തിരി മണ്ണെണ്ണ വാങ്ങിവെക്കണമെന്നു ദിവസവും പറയും. ആരുടെ ചെവിട്ടിലും അതു് കടക്കില്ല. ഇരുട്ടിൽ കിടന്നു തപ്പണം.
- രാഘവൻ:
- ലൈറ്റ് പോയാൽ പിന്നെ വെളിച്ചത്തു തപ്പാൻ പറ്റ്വൊ? ലക്ഷ്മിക്കുട്ടീ, നീ തത്കാലം എവിടേം തപ്പാൻ പോണ്ടാ. മിണ്ടാതെ അവിടെ ഇരുന്നാൽ മതി. അവിടേം ഇവിടേം ചെന്നു മുട്ടി വല്ലതുമൊക്കെ തകർക്കും. ലക്ഷ്മിക്കുട്ടീ! (ഉറക്കെ) ലക്ഷ്മിക്കുട്ടീ.
- ലക്ഷ്മിക്കുട്ടിയമ്മ:
-
(ഉറക്കെ) എന്താ?
അകത്തുനിന്നു് ഒരു കൊച്ചുകുട്ടി കരയുന്നുണ്ടു്. ഭാരതി അതിനെ താരാട്ടു പാടി ഉറക്കാൻ ശ്രമിക്കുന്നു.
- ഭാരതി:
- (അകത്തുനിന്നു്) അമ്മേ… അമ്മേ… ഒരു മെഴുകുതിരിയെങ്കിലും വേണമല്ലോ. അമ്മേ… മോനു പാലു കൊടുക്കുമ്പോഴാ ലൈറ്റു പോയതു്. അവൻ കരഞ്ഞു ബഹളം കൂട്ടുന്നു. അമ്മേ… അമ്മേ!
അല്പനേരം നിശ്ശബ്ദത
- രാഘവൻ:
- നിനക്കൊന്നു മിണ്ടിയാലെന്താ ലക്ഷ്മിക്കുട്ടീ?
- ലക്ഷ്മിക്കുട്ടിയമ്മ:
- അച്ഛനെന്താ മിണ്ടിക്കൂടേ?
- ഉണ്ണികൃഷ്ണൻ:
- (സംസാരിച്ചുകൊണ്ടു വരുന്നു) സ്ട്രീറ്റ്ലൈറ്റും പോയോ?
- ശാന്ത:
- അതു പിന്നെ അന്വേഷിക്കാം. ഒന്നു ഫോൺ ചെയ്യൂ.
പെട്ടെന്നു ലൈറ്റു് വരുന്നു. രാഘവൻ, ലക്ഷ്മിക്കുട്ടിയമ്മ എന്നിവർ ആദ്യം ഇരുന്ന സ്ഥാനത്തുതന്നെ. ഉണ്ണികൃഷ്ണനും ശാന്തയും അപ്പോൾ കടന്നുവന്ന മട്ടിൽ നില്ക്കുന്നു.
- ഉണ്ണികൃഷ്ണൻ:
- ഈ ശല്യം ഈയിടെയായി വർധിച്ചിട്ടുണ്ടു്.
- രാഘവൻ:
- കണക്കില്ലാതെ കാശു വാങ്ങുന്നതു് ശല്യം ചെയ്യാനാണു്.
- ഉണ്ണികൃഷ്ണൻ:
- ഒന്നു ഫോൺ ചെയ്യട്ടെ. ഇതിങ്ങനെ വിട്ടാൽ പറ്റില്ല. (ഫോണിന്റെ അടുത്തേക്കു നീങ്ങുന്നു. ഡയൽചെയ്യുന്നു)
- ശാന്ത:
- അമ്മേ ഈ ലൈറ്റിനെ വിശ്വസിച്ചിരുന്നാൽ പറ്റില്ല.
- ലക്ഷ്മിക്കുട്ടിയമ്മ:
- വേണ്ടാ.
- ശാന്ത:
- കുറച്ചു മെഴുകുതിരിയെങ്കിലും വാങ്ങി കരുതണം.
- ലക്ഷ്മിക്കുട്ടിയമ്മ:
- കരുതരുതോ? ഇതൊക്കെ ഈ അമ്മതന്നെ വേണോ? ഒരു വീടു ഭരിക്കാനുള്ള പ്രായമായില്ലേ?
- ഉണ്ണികൃഷ്ണൻ:
- (ഫോണിലൂടെ സംസാരിക്കാൻ തുടങ്ങുന്നു) യേസ്സ്… യേസ്സ്… ഇന്നും ലൈറ്റു പോയല്ലോ? എന്തു്? എന്താണീ കുഴപ്പമെന്നു്? ഇവിടെയോ? (ശുണ്ഠിയോടെ) നോൺസൺസ്. ഇവിടെ ഒരു കുഴപ്പവുമില്ല; ഉണ്ടെങ്കിൽ വീണ്ടും ലൈറ്റെങ്ങനെ വരും… നൊ… നൊ… നൊ… (തെല്ലിട മിണ്ടാതെ ശ്രദ്ധിക്കുന്നു. ഒടുവിൽ കലശലായ ശുണ്ഠിയോടെ) റബ്ബിഷ് (റിസീവർ വെക്കുന്നു.)
- രാഘവൻ:
- എന്താ പറഞ്ഞതു്?
- ഉണ്ണികൃഷ്ണൻ:
- അവിടെ കുഴപ്പമൊന്നുമില്ലെന്നു്.
- രാഘവൻ:
- പിന്നെ ഇവിടെയാണോ കുഴപ്പം?
- ഉണ്ണികൃഷ്ണൻ:
- അവരതാണു് പറയുന്നതു്.
- രാഘവൻ:
- അവരതു പറയും. അവനവന്റെ കുറ്റം മറ്റുള്ളവരുടെ തലയ്ക്കു വെച്ചുകെട്ടാൻ ബദ്ധപ്പെടുന്ന ലോകമല്ലേ? അവരായിട്ടെന്തിനൊഴിഞ്ഞുനില്ക്കണം?
- ലക്ഷ്മിക്കുട്ടിയമ്മ:
- ഫോൺ ചെയ്തതുകൊണ്ടൊന്നും കാര്യമില്ല. അവിടെ ചെന്നു വേണ്ടപ്പെട്ടവരെ കണ്ടു് ഇത്തിരി ഗൗരവത്തിൽ സംസാരിക്കണം.
- രാഘവൻ:
- ‘ഇത്തിരിഗൗരവത്തിൽ സംസാരിക്കാൻ’ ഇവിടെ എല്ലാവരെക്കാളും മെച്ചം നീയാണു്. നീ തന്നെ ഒന്നു ചെല്ലൂ.
- ലക്ഷ്മിക്കുട്ടിയമ്മ:
- വേണ്ടെങ്കിൽ വേണ്ടാ (എഴുന്നേറ്റു് അകത്തേക്കു് പോകാൻ തുടങ്ങുന്നു.)
- ഉണ്ണികൃഷ്ണൻ:
- ഞാനൊന്നു പോയിവരാം.
- രാഘവൻ:
- വേണ്ടാ, നാളെ അന്വേഷിക്കാം. അല്ലെങ്കിൽ ഇതൊക്ക പോയതുകൊണ്ടോ, പറഞ്ഞതുകൊണ്ടോ പരിഹാരിക്കാവുന്ന കാര്യമല്ല. ചുമതലാബോധം എല്ലാവർക്കും വേണം.നമ്മുടെ കുഴപ്പമതാണു്. അതെവിടെയുമില്ല; (ശാന്തയുടെ നേർക്കു തിരിഞ്ഞു്) ശാന്തേ, ജയന്റെ കത്തുണ്ടു്.
- ശാന്ത:
- ഉവ്വോ, അച്ഛാ? എന്താ വിശേഷം?
- രാഘവൻ:
- വിശേഷമൊന്നുമില്ല. അവനിപ്പോൾ ശ്രീനഗറിലാണു്. അച്ഛനേം അമ്മയേം ഒരു തവണ കാശ്മീർ കാണിച്ചല്ലാതെ അടങ്ങില്ലെന്നവനെഴുതിയിരിക്കുന്നു.
- ശാന്ത:
- അവന്റെ പെങ്ങമ്മാരുടെ കാര്യം അവൻ മറന്നുകളഞ്ഞു അല്ലേ?
- രാഘവൻ:
- ഇതാണല്ലോ കുഴപ്പമുണ്ടാക്കുന്നതു്. എല്ലാവർക്കും എപ്പോഴും മറ്റുള്ളവരെപ്പറ്റി പ്രതീക്ഷയാണു്. അതു ചെയ്യും ഇതു ചെയ്യുമെന്നൊക്കെ, എന്നിട്ടു പ്രതീക്ഷയ്ക്കൊത്തു കാര്യങ്ങൾ നടന്നില്ലെക്കിൽ അലോഗ്യമായി, വഴക്കായി ശാന്തേ, ഞാൻ ചോദിക്കട്ടെ, നീയിന്നു് എത്രപ്രാവശ്യം ജയനെ ഓർത്തു സത്യം പറയണം.
- ശാന്ത:
- (അല്പം പരുങ്ങലോടെ) എന്താ അച്ഛൻ ചോദിച്ചതു്?
- രാഘവൻ:
- നീയിന്നു ജയനെ എത്രമാത്രം ഓർത്തെന്നു്; നിന്റെ ആങ്ങളയെ?
- ശാന്ത:
- ഇന്നു ഞാനവനെ ഓർത്തതു് (ആലോചിക്കുന്നു.) അച്ഛനിപ്പോൾ കത്തിന്റെ കാര്യം പറഞ്ഞില്ലേ…
- രാഘവൻ:
- അതതേ, അപ്പോൾ മാത്രം? ആട്ടെ, ഇന്നലെ നീയവനെ ഓർത്തോ? ശാന്ത ആലോചിക്കുന്നു. പറയൂ; ഇതിത്രയൊക്കെ ആലോചിക്കാനുണ്ടോ?
- ശാന്ത:
- (പതുക്കെ) ഇല്ല.
- രാഘവൻ:
- എന്തെങ്കിലും പ്രത്യേകതയില്ലാതെ നീയവനെ ഓർക്കാറില്ല. നീയെന്നല്ല, ആരും. അപ്പോൾ, അവന്റെ കാര്യത്തിലും നമ്മളതേ പ്രതീക്ഷിക്കാവൂ. അവനവനു കൊടുക്കാൻ കഴിയാത്തതു മറ്റുള്ളവരിൽനിന്നു് ഈടാക്കാൻ ശ്രമിക്കരുതു്.
- ലക്ഷ്മിക്കുട്ടിയമ്മ:
- (തിരിച്ചുവരുന്നു. സംസാരിച്ചുകൊണ്ടാണു് വരുന്നതു്.) ആ തിരക്കിൽ ജയന്റെ കത്തിന്റെ കാര്യം ഞാനങ്ങു മറന്നു.
- രാഘവൻ:
- കേട്ടോ, ശാന്തേ, ഒരമ്മയാണിതു പറയുന്നതു്. ആർക്കും ആരെയും അത്രയേ ഓർക്കാൻ കഴിയൂ.
- ലക്ഷ്മിക്കുട്ടിയമ്മ:
- (അടുത്തുവന്നു്) എന്താ പറഞ്ഞതു്? (ആരും ഒന്നും മിണ്ടുന്നില്ല.) ശാന്തയോടാ ചോദിച്ചതു് എന്താ പറഞ്ഞതെന്നു്?
- ശാന്ത:
- ഒന്നും പറഞ്ഞില്ലമ്മേ.
- ലക്ഷ്മിക്കുട്ടിയമ്മ:
- അമ്മയെപ്പറ്റി ഇവിടെ എന്തോ പറഞ്ഞല്ലോ.
- രാഘവൻ:
- ഞാനാ പറഞ്ഞതു്, അമ്മയെപ്പറ്റിയും, മക്കളെപ്പറ്റിയും, അച്ഛനെപ്പറ്റിയും പറഞ്ഞു. മുഴുവനും കേൾക്കണ്ടേ?
- ലക്ഷ്മിക്കുട്ടിയമ്മ:
- എനിക്കെന്റെ കാര്യം കേട്ടാൽ മതി.
- രാഘവൻ:
- അങ്ങനെ ഓരോരുത്തരും ഓരോരുത്തരുടെ കാര്യം നോക്കിയാൽ ഈ കുടുംബം ഉറച്ചുനില്ക്കില്ല; ശാന്തേ, നീയാണു് കേൾക്കേണ്ടതും പഠിക്കേണ്ടതും. നിന്റെ അമ്മ കുടുംബം തകർത്താണിങ്ങട്ടു പോന്നതു്.
- ലക്ഷ്മിക്കുട്ടിയമ്മ:
- ഞാനോ? എന്നെ ആരും അതിൽ കുറ്റപ്പെടുത്തില്ല.
- രാഘവൻ:
- ഇതു കുറ്റപ്പെടുത്തലല്ല. കേട്ടോ, ബുദ്ധിഭ്രമം പിടിപെട്ടു് അകത്തു കഴിച്ചുകൂട്ടുന്ന നിന്റെ മുത്തച്ഛനുണ്ടല്ലോ, ഒരു രക്തസാക്ഷിയാണു്. അദ്ദേഹത്തിന്റെ അനുഭവം എനിക്കുണ്ടാവരുതു്. അതുകൊണ്ടു് പറയുകയാണു്. അവനവനു കൊടുക്കാൻ കഴിയാത്തതു മറ്റുളളവരിൽനിന്നു പ്രതീക്ഷിക്കരുതു്-അമ്മയിൽനിന്നും അച്ഛനിൽനിന്നും ഭർത്താവിൽനിന്നും മക്കളിൽനിന്നും ആരിൽനിന്നും.
ഈ സംഭാഷണം നടക്കുമ്പോൾ ഉണ്ണികൃഷ്ണൻ ഒരുകസേരയിലിരുന്നു വർത്തമാനപത്രം നോക്കുകയാണു്. സംഭാഷണം ശ്രദ്ധിക്കുകയും അനുചിതമായ മുഖഭാവം പ്രദർശിപ്പിക്കുകയും വേണം.
- ലക്ഷ്മിക്കുട്ടിയമ്മ:
- ആ കത്തു മുഴുവനും ഒന്നു വായിക്ക്യോ?
- രാഘവൻ:
- ഓ വായിക്കാം. (വായന തുടരുന്നു.) ‘ഇന്ത്യയുടെ ഏതുകോണിൽ ചെന്നാലും ആരോടു സംസാരിച്ചാലും മനസ്സിലാവുന്നൊരു ഭാഷ നമുക്കു വേണം. അതില്ലാത്തതിന്റെ കുഴപ്പം വേണ്ടുവോളം ഞാനനുഭവിച്ചു. ചിലപ്പോൾ കഥ കളിമുദ്രകൊണ്ടു കാര്യം കഴിക്കേണ്ടിവന്നു.’
- ലക്ഷ്മിക്കുട്ടിയമ്മ:
- ഇവനെന്തു പുരാണങ്ങളൊക്ക്യാ എഴുതിക്കൂട്ട്യേതു്? (ശാന്ത ചിരിക്കുന്നു.) നീയെന്താ ചിരിച്ചതു്?
- ശാന്ത:
- വെറുതെ ചിരിച്ചതാണമ്മേ.
- ലക്ഷ്മിക്കുട്ടിയമ്മ:
- വെറുതെ ആരെങ്കിലും ചിരിക്ക്യോ?
- രാഘവൻ:
- ഇല്ല; വെറുതെ എല്ലാവരും കരയാറാണു് പതിവു്. നീ കരഞ്ഞോ, ശാന്തേ, ലക്ഷ്മിക്കുട്ടീ, നിനക്കു കത്തു മുഴുവനും വായിച്ചു കേൾക്കണോ?
- ലക്ഷ്മിക്കുട്ടിയമ്മ:
- അവന്റെ പുരാണം പറച്ചിലൊന്നും എനിക്കു കേൾക്കണ്ടാ; ഒടുക്കം എന്താ എഴുതിയേതു്? അതൊന്നു വായിക്കൂ.
- രാഘവൻ:
- എന്നാൽ കേട്ടോളൂ. (വായിക്കുന്നു.) ‘ഈ യാത്ര ഞാനവസാനിപ്പിക്കുന്നതു് ഒരു ദൃഢനിശ്ചയത്തോടുകൂടിയാണച്ഛാ. ഇന്ത്യ ഒന്നാണെന്നും ഒരേ കുടുംബമാണെന്നുമുള്ള വിശ്വാസത്തോടെ. ഈ വിശ്വാസം നമ്മിലെല്ലാവരിലുമുണ്ടായാൽ, നമ്മുടെ രാജ്യം ലോകത്തിലെ വൻകിട രാജ്യങ്ങളിലൊന്നായിത്തീരും, തീർച്ച. അതിനുവേണ്ടി പ്രാർഥിച്ചുകൊണ്ടു ഞാനീ കത്തവസാനിപ്പിക്കട്ടെ. എന്നു് അച്ഛന്റെ പാദങ്ങളിൽ സാഷ്ടാംഗം നമസ്കരിച്ചുകൊണ്ടു് സ്നേഹമുള്ള മകൻ.’
- ലക്ഷ്മിക്കുട്ടിയമ്മ:
- കഷ്ടം ഇങ്ങന്യായിപ്പോയല്ലോ ഇവൻ!
- രാഘവൻ:
- എന്താ അച്ഛന്റെ പാദങ്ങളിൽ സാഷ്ടാംഗം നമസ്കരിച്ചതാണോ തെറ്റു്? അതല്ല, സ്നേഹമുള്ള മകനെന്നെഴുതിയതോ?
- ലക്ഷ്മിക്കുട്ടിയമ്മ:
- അവന്റെ നമസ്കാരം. ഒടുവിലെങ്കിലും ഒരു വാചകം അവനീ വീടിനെപ്പറ്റി എഴുതാമായിരുന്നില്ലേ? അവന്റെ പെങ്ങമ്മാരെപ്പറ്റി…
- രാഘവൻ:
- (പരിഹാസത്തോടെ) അമ്മയെപ്പറ്റി.
- ലക്ഷ്മിക്കുട്ടിയമ്മ:
- പരിഹസിക്ക്യാണോ? മറ്റൊക്കെ പോട്ടെ, ഭാരതി പ്രസവിച്ച കുട്ടിയെപ്പറ്റി ഒരു വാക്കവനെഴുതാമായിന്നില്ലേ? അവനവന്റെ കുടുംബം മറക്കുന്നവൻ ഇന്ത്യ മുഴുവൻ കുടുംബമായിട്ടു കാണുന്നു.
പെട്ടെന്നു് പിന്നെയും വെളിച്ചം പോകുന്നു.
- രാഘവൻ:
- ഇതെന്താ കഥ.
- ഉണ്ണികൃഷ്ണൻ:
- ഒന്നു പോയന്വേഷിക്കണം, അല്ലാതെ പറ്റില്ല.
- രാഘവൻ:
- അയൽ വീട്ടിലെ വെളിച്ചം പോയിട്ടുണ്ടോ?
- ലക്ഷ്മിക്കുട്ടിയമ്മ:
- നേരുതന്നെ അതൊന്നു നോക്കൂ.
- ശാന്ത:
- ആ പടിക്കൽ നിന്നു നോക്കിയാൽ മതി.
- ഉണ്ണികൃഷ്ണൻ:
- ഞാൻ നോക്കി വരാം.
- ലക്ഷ്മിക്കുട്ടിയമ്മ:
- ഏതായാലും മണ്ണെണ്ണ വാങ്ങണം.
- ഭാരതി:
- (അകത്തുനിന്നു്) അമ്മേ, ലൈറ്റു പിന്നേം പോയല്ലോ.
- ലക്ഷ്മിക്കുട്ടിയമ്മ:
- ഇതിനൊക്കെ അമ്മയെ വിളിക്കുന്നതെന്താ? അതാ മനസ്സിലാവാത്തതു്.
- ശാന്ത:
- അമ്മയെന്തിനാ ഇങ്ങനെ ശുണ്ഠിയെടുക്കുന്നതു്?
- രാഘവൻ:
- അതും മനുഷ്യലക്ഷണങ്ങളിൽ പെട്ടൊന്നാണു്, ശാന്തേ.
വെളിച്ചം വരുന്നു.
- ലക്ഷ്മിക്കുട്ടിയമ്മ:
- ഇവിടെ നിന്നാൽ എന്റെ മനുഷ്യലക്ഷണം കുറച്ചു കൂടിപ്പോകും. (പോകുന്നു.)
- ഉണ്ണികൃഷ്ണൻ:
- (പുറത്തുനിന്നു വരുന്നു.) അയൽവീട്ടിലെ വെളിച്ചം പോയിട്ടില്ല.
- രാഘവൻ:
- ഇല്ല്യേ?
- ശാന്ത:
- അപ്പോൾ ആ കുഴപ്പം ഇവിടെ മാത്രമുള്ളതാണോ?
- വിശ്വനാഥൻ:
- (അതിനു മറുപടി പറഞ്ഞുകൊണ്ടു വരുന്നു.) അതേ, ഇവിടെ മാത്രമുള്ളതാണു്. അതിന്റെ കാരണവും ഞാൻ കണ്ടുപിടിച്ചു.
- രാഘവൻ:
- ഉവ്വൊ? എന്താണു്?
- വിശ്വനാഥൻ:
- നമ്മുടെ മെയിൻ സ്വിച്ചുള്ള മുറിയിൽ മുത്തച്ഛൻ കയറി വാതിലടച്ചിരിക്കുന്നു. അദ്ദേഹം അവിടെ ഇരുന്നുകൊണ്ടു ചെയ്യുന്നതാണിതു്.
- രാഘവൻ:
- ഈശ്വരാ! (പരിഭ്രമിച്ചെഴുന്നേല്ക്കുന്നു.)
- വിശ്വനാഥൻ:
- അത്ര പരിഭ്രമിക്കാനൊന്നുമില്ല. അദ്ദേഹം വാതിൽ തുറന്നു പുറത്തു കടന്നു.
- രാഘവൻ:
- അതതിലേറെ ആപത്താണു്. ഇനി എങ്ങോട്ടൊക്കെ പോകും, എന്തൊക്കെ കാട്ടുമെന്നാർക്കറിയാം? എങ്ങനെ അദ്ദേഹം മുറിയിൽനിന്നു പുറത്തുപോയി. അപ്പുറത്തെ വാതിൽ പുട്ടീട്ടുണ്ടായിരുന്നില്ലേ?
മുത്തച്ഛൻ അകത്തുനിന്നു വരാനുള്ള വാതിലിനടുത്തു പ്രത്യക്ഷപ്പെടുന്നു. ചുരുട്ടുവലിച്ചു ധാരാളം പുക വിടുന്നുണ്ടു്. രംഗത്തുള്ളവരെ സൂക്ഷിച്ചുനോക്കി അല്പനേരം മിണ്ടാതെ നില്ക്കുന്നു. രാഘവൻ, ഉണ്ണികൃഷ്ണൻ, ശാന്ത, വിശ്വനാഥൻ എന്നിവർ എന്താണു് ചെയ്യേണ്ടതെന്നറിയാതെ പരുങ്ങുകയും ആർക്കെങ്കിലും എന്തെങ്കിലും അഭിപ്രായമുണ്ടോ എന്നറിയാൻ പരസ്പരം നോക്കുകയും ചെയ്യുന്നു.
- മുത്തച്ഛൻ:
- (ഉച്ചത്തിൽ വിളിച്ചുചോദിക്കുന്നു.) ഇവിടെ മനുഷ്യനുണ്ടോ, മനുഷ്യൻ? (കനത്ത അടിവെപ്പോടെ മുൻപോട്ടുവരുന്നു. രംഗത്തിന്റെ മധ്യത്തിൽ വന്നു നില്ക്കുന്നു; സദസ്യരോടെന്നപോലെ ചോദിക്കുന്നു.) മനുഷ്യനെപ്പറ്റിയാ ചോദിച്ചതു്. മക്കളായാലും മരുമക്കളായാലും മനുഷ്യൻ മനുഷ്യനാണു്. ചതിക്കും, തരംകിട്ടിയാൽ ചതിക്കും. (മുഖത്തു കഠിനമായ ശുണ്ഠി) അവൻ ചതിയന്മാണു്. (കണ്ണുകളിൽ പരിഭ്രമം; മുഖത്തുനിന്നു് ശുണ്ഠിമായുന്നു.) അവനെ എനിക്കു പേടിയാണു്. അവൻ കൊല്ലും, പിച്ചിച്ചീന്തും. (കണ്ഠം ഇടറുന്നു.) നോക്കൂ, എന്റെ കൈയും കാലുമൊക്കെ മുറിച്ചു മുറിച്ചു് അവൻ നിലത്തിട്ടു. ഒടുവിൽ എന്റെ ആത്മാവും പിഴുതെടുത്തു. ഭാഗം, ഭാഗംവെച്ചതാണു്. അങ്ങനെ എന്നെ കൊന്നു; ഞാൻ മരിച്ചു. (കൈകാലുകളെ തളർത്തി, കണ്ണടച്ചു തല ഒരു ഭാഗത്തേക്കു ചരിച്ചു പിറകോട്ടു് പതുക്കെ ചായുന്നു.)
ശാന്ത വേഗത്തിലൊരു കസേരയെടുത്തു് പിറകിൽ വെച്ചുകൊടുക്കുന്നു. അതിൽ മരിച്ചുവീഴുന്നു. യാതൊരു ശബ്ദവും ചലനവുമില്ല.
- രാഘവൻ:
- (ശാന്തയോടു പതുക്കെ) ഏതെങ്കിലും വഴിക്കു മുത്തച്ഛനെ ഈ അകത്താക്കി അടയ്ക്കണമല്ലോ. നീ തന്നെ ചെന്നു പറയൂ.
മുത്തച്ഛൻ മരിച്ചുവീണതു പന്തിയായെന്നു തോന്നാത്തതുകൊണ്ടു് പിന്നേയും എഴുന്നേറ്റു നില്ക്കുന്നു. ഒരു തവണകൂടി മരണം അഭിനയിച്ചു പുറകോട്ടു വീഴുന്നു.
- ശാന്ത:
- (പതുക്കെ അടുത്തുചെന്നു വിളിക്കുന്നു.) മുത്തച്ഛാ, മുത്തച്ഛാ… (മുത്തച്ഛൻ അനങ്ങാതെ കിടക്കുന്നു. പിന്നെയും വിളിക്കുന്നു) മുത്തച്ഛാ, മുത്തച്ഛാ..
- മുത്തച്ഛൻ:
- (കണ്ണുതുറക്കാതെ, ശരീരം അനക്കാതെ) ആരാതു്?
- ശാന്ത:
- ഞാനാണു് മുത്തച്ഛാ, ശാന്ത.
- മുത്തച്ഛൻ:
- എന്തുവേണം?
- ശാന്ത:
- മുത്തച്ഛൻ കണ്ണുതുറക്കൂ. ഇങ്ങട്ടു നോക്കൂ.
- മുത്തച്ഛൻ:
- മുത്തച്ഛൻ മരിച്ചുപോയി; തീരെ മരിച്ചുപോയി.
- ശാന്ത:
- മുത്തച്ഛനു ചുരുട്ടു വേണോ?
- മുത്തച്ഛൻ:
- ഏ? (ബദ്ധപ്പെട്ടെഴുന്നേല്ക്കുന്നു.) എവിടെ ചുരുട്ടു്? കൊണ്ടുവാ, ന്റെ മോളു കൊണ്ടുവാ.
- ശാന്ത:
- എത്ര ചുരുട്ടു വേണം മുത്തച്ഛനു്?
- മുത്തച്ഛൻ:
- കൊണ്ടുവാ വേഗം.
- ശാന്ത:
- വരൂ, ഞാനെടുത്തുതരാം.
- മുത്തച്ഛൻ:
- ചതിക്ക്യോ?
- ശാന്ത:
- ഇല്ല മുത്തച്ഛാ.
- മുത്തച്ഛൻ:
- നീ മനുഷ്യനല്ലേ?
- ശാന്ത:
- അല്ല മൃഗമാണു്.
- മുത്തച്ഛൻ:
- ആ, എന്നാ നീ ചതിക്കില്ല. വലിയ ചുരുട്ടു തര്വോ?
- ശാന്ത:
- തരും.
മുത്തച്ഛന്റെ മുഖത്തു സന്തോഷം. ശാന്ത സൂത്രത്തിൽ പറഞ്ഞു പറഞ്ഞു് പ്രലോഭിപ്പിച്ചു് എതിർവശത്തുള്ള മുറിയിൽ മുത്തച്ഛനെ കൊണ്ടുചെന്നാക്കുന്നു. രാഘവൻ ഓടിച്ചെന്നു വാതിലടച്ചു പൂട്ടുന്നു.
- മുത്തച്ഛൻ:
- (മുറിയിൽനിന്നു് ഉറക്കെ) ചതിച്ചു, ചതിച്ചു. (ഓടി ജാലകത്തിനടുത്തു വന്നു പുറത്തേക്കു നോക്കിപ്പറയുന്നു.) കണ്ടില്ലേ, എന്നെ ചതിച്ചു. ഞാൻ പെട്ടുപോയി (നെറ്റി ജാലകത്തിൽ അമർത്തിവെച്ചു തേങ്ങിത്തേങ്ങിക്കരയുന്നു.)
എല്ലാവരും മിണ്ടാതെ തെല്ലിട നില്ക്കുന്നു.
- ശാന്ത:
- (മുത്തച്ഛന്റെ കരച്ചിൽ കേട്ട കലശലായ വല്ലായ്മയോടെ) വേണ്ടായിരുന്നു, അച്ഛാ. കേട്ടില്ലേ, മുത്തച്ഛൻ കരയുന്നതു്?
- രാഘവൻ:
- സാരമില്ല മോളേ.
- ശാന്ത:
- ഈ മഹാപാപം ചെയ്തതു ഞാനല്ലേ?
- രാഘവൻ:
- ഒരു മഹാപാപവുമില്ല മോളേ. സ്നേഹക്കുറവുകൊണ്ടു ചെയ്യുന്നതല്ലല്ലോ, മറ്റു വഴിയില്ലാഞ്ഞിട്ടല്ലേ? ഉം! അകത്തേക്കു പൊയ്ക്കോളൂ. നാളെ എനിക്കിങ്ങനെ വന്നാൽ എന്നോടും ഇതുതന്നെ ചെയ്യണം.
- ശാന്ത:
- അച്ഛനിങ്ങനെ വരില്ല.
- രാഘവൻ:
- ആർക്കു തീർത്തു പറയാൻ കഴിയും? മുത്തച്ഛനിങ്ങനെ വരാൻ പാടുണ്ടായിരുന്നോ? എന്തു ബുദ്ധിയും തന്റേടവുമുള്ള മനുഷ്യനായിരുന്നു! മക്കളാണദ്ദേഹത്തെ ഭ്രാന്തു പിടിപ്പിച്ചതു്. സ്നേഹസമ്പന്നമായൊരു കുടുംബം അദ്ദേഹം കെട്ടിപ്പടുത്തുയർത്തി. വേർപിരിയാനും പിണങ്ങിപ്പോവാനുമുള്ള ബദ്ധപ്പാടിൽ മക്കളതു തച്ചുടച്ചു… ഉം! അതൊന്നും ഇനിപ്പറഞ്ഞിട്ടു കാര്യമില്ല… ഇത്തരം ഭ്രാന്തു മറ്റാർക്കും ഇവിടെ വരാതെ കഴിക്കാൻ ശ്രമിക്കൂ! ഉം! അകത്തേക്കു പോയ്ക്കോളൂ.
ശാന്ത പോകുന്നു; ഉണ്ണികൃഷ്ണനും. രാഘവൻ അസ്വസ്ഥനായി അങ്ങട്ടുമിങ്ങട്ടും നടക്കുന്നു.
- വിശ്വനാഥൻ:
- (രാഘവന്റെ ചലനങ്ങൾ ശ്രദ്ധിച്ചുകൊണ്ടു് തെല്ലിട മിണ്ടാതെ നില്ക്കുന്നു. പിന്നെ പറയുന്നു.) ഇദ്ദേഹത്തെ ഇങ്ങനെ പൂട്ടിയിടുന്നതാണു് കുഴപ്പം…
- രാഘവൻ:
- സ്വതന്ത്രമായി വിടുന്നതു കൂടുതൽ കുഴപ്പം. അപ്പോൾ അതല്ലാതെ മറ്റുവഴിയില്ല.
- വിശ്വനാഥൻ:
- ഞാനൊരു വഴിപറയാം.
- രാഘവൻ:
- പറയൂ.
- വിശ്വനാഥൻ:
- കുറച്ചു ദിവസമായി ഞാനിതു പറയണമെന്നു വിചാരിക്കുന്നു. രോഗം വന്നാൽ ചികിത്സിക്കണം.
- രാഘവൻ:
- വേണം.
- വിശ്വനാഥൻ:
- ഉന്മാദം ഒരു രോഗമാണു്.
- രാഘവൻ:
- അതേ.
- വിശ്വനാഥൻ:
- അകത്തിട്ടുപൂട്ടൽ ആ രോഗത്തിന്റെ ചികിത്സയല്ല.
- രാഘവൻ:
- ആണെന്നുദ്ദേശിച്ചു ചെയ്യുന്നതല്ല.
- വിശ്വനാഥൻ:
- എന്നാൽ ചികിത്സിക്കാനെന്തിനു മടിക്കണം? ഇതിന്റെ ചികിത്സ ചിത്തരോഗാസ്പത്രിയിലാണു്. ഇദ്ദേഹത്തെ അങ്ങോട്ടയയ്ക്കണം. (രാഘവൻ മിണ്ടുന്നില്ല.) മടിക്കാനൊന്നുമില്ല. രോഗികളെ ആസ്പത്രിയിലയയ്ക്കുന്നതു് സ്നേഹംകൊണ്ടല്ലാതെ സ്നേഹക്കുറവുകൊണ്ടാവില്ലല്ലോ.
- രാഘവൻ:
- ഈ അഭിപ്രായം തികച്ചും ശാസ്ത്രീയമാണു്. എനിക്കതിനോടാദരവുണ്ടു്. പക്ഷേ, ഈ വയസ്സുകാലത്തു് അദ്ദേഹത്തെ അങ്ങട്ടയയ്ക്കാൻ ഞാനുദ്ദേശിക്കുന്നില്ല. എന്തു കൊണ്ടെന്ന കാര്യം വ്യാഖ്യാനിച്ചു മനസ്സിലാക്കാൻ എനിക്കു കഴിഞ്ഞില്ലെന്നുവരും.
- വിശ്വനാഥൻ:
- എന്തുതന്നെയായാലും ഈ മനോവൃത്തി കുടുംബത്തിനും ശ്രേയസ്കരമല്ല.
- രാഘവൻ:
- കുടുബത്തിനു ശ്രേയസ്കരമല്ലാത്ത കാര്യമൊന്നും ചെയ്യരുതെന്നാണെന്റെ വിചാരം. അങ്ങനെയൊരു പതനത്തിലെത്തുമ്പോൾ ഇതിനും ഞാനൊരു പ്രതിവിധി കാണും.
- വിശ്വനാഥൻ:
- (അസുഖത്തോടെ) ക്ഷമിക്കണം.
- രാഘവൻ:
- ക്ഷമായാചനം ചെയ്യേണ്ടതു ഞാനാണു്-നല്ലൊരു കാര്യം ഉപദേശിച്ചതു് അനുസരിക്കാൻ കഴിയാഞ്ഞതിൽ.
- വിശ്വനാഥൻ:
- എന്തായാലും എനിക്കു വിരോധമില്ല. എന്റെ അഭിപ്രായം പറഞ്ഞെന്നുമാത്രം.
- രാഘവൻ:
- വിശ്വം ഈ കുടുംബത്തിലെ അംഗമാണു്. (മുഴുവൻ പറഞ്ഞുതീരാൻ കാക്കാതെ വിശ്വനാഥൻ അകത്തേക്കു പോകുന്നു.) ആ നിലയ്ക്കു കുടുംബകാര്യത്തിൽ എന്തഭിപ്രായം പറയാനും അധികാരമുണ്ടു്. പറയുകയും വേണം. (വിശ്വം പോയ വഴിയിലേക്കു നോക്കിക്കൊണ്ടാണു് പറയുന്നതു്. പറഞ്ഞു തീർന്നിട്ടും തെല്ലിട ആ ഭാഗത്തേക്കു തന്നെ നോക്കിനില്ക്കുന്നു. തിരിച്ചുവന്നു മുറിയുടെ പൂട്ടു പിടിച്ചിളക്കിനോക്കുന്നു. പെട്ടെന്നെന്തോ ഓർത്തപോലെ ഉറക്കെ പറയുന്നു.) ശാന്തേ, മുറിയുടെ പിറകിലെ വാതിൽ പൂട്ടണം. (മറുപടി ശ്രദ്ധിക്കുന്നു. ഇല്ലെന്നു മനസ്സിലായപ്പോൾ ധൃതിയിൽ അകത്തേക്കു പോകാൻ തുടങ്ങുന്നു.)
—യവനിക—