ഉണ്ണികൃഷ്ണൻ റേഡിയോ ട്യൂൺ ചെയ്യുകയാണു്. വിവിധ കേന്ദ്രങ്ങളിലെ ശബ്ദങ്ങൾ അല്പാല്പമായി കേൾക്കുന്നു. ചില പാട്ടിന്റെ ശകലങ്ങൾ, പ്രഭാഷണത്തിന്റെ തുടക്കം-അങ്ങനെ പലതും. ഒടുവിൽ ലോലവും മനോഹരവുമായ സ്ത്രീശബ്ദം ഒരു പ്രണയഗാനം ആലപിക്കുന്നതിൽ ചെന്നുനില്ക്കുന്നു. ഗാനത്തിന്റെ ട്യൂണിനോടൊപ്പം ചൂളമടിച്ചുകൊണ്ടു തിരിച്ചുവന്നു സോഫയിൽ ഇരിക്കാൻ തുടങ്ങുമ്പോൾ വാതില്പടിയിൽ നില്ക്കുന്ന ശാന്തയെ കാണുന്നു. അവിടെ നിന്നുകൊണ്ടുതന്നെ വിളിച്ചുപറയുന്നു.
- ശാന്ത:
- അതൊന്നു നിർത്തൂന്നു്.
- ഉണ്ണികൃഷ്ണൻ:
- എന്തിനു്?
- ശാന്ത:
- (മുൻപോട്ടുവന്നു് രംഗത്തിന്റെ മധ്യത്തിൽ നിന്നുകൊണ്ടു്) ഈ വീട്ടിലെ അന്തരീക്ഷം ഇപ്പോളൊരു പ്രേമഗാനത്തിനു പറ്റിയതല്ല.
- ഉണ്ണികൃഷ്ണൻ:
- ഓ! നിന്റെ കുടുംബത്തിൽ പ്രേമഗാനത്തിന്റെ ആവശ്യം കഴിഞ്ഞുപോയിരിക്കുന്നു. (പരിഹാസം കുറച്ചുകൂടിവർധിപ്പിച്ചു്) അതേ, ഏട്ടത്തിയുടെ വിവാഹം കഴിഞ്ഞു; നിന്റെയും. അവിവാഹിതനായിട്ടു് ഇനിയിവിടെ ഒരാളേയുള്ളൂ നിന്റെ മുത്തച്ഛൻ. അദ്ദേഹമിനി വിവാഹം കഴിക്കുമെന്നും തോന്നുന്നില്ല:
- ശാന്ത:
- ഇതൊരു ഫലിതമായിട്ടു പറഞ്ഞതാണോ?
- ഉണ്ണികൃഷ്ണൻ:
- അല്ല, ഒരു വിവാഹാലോചന നടത്തിയാൽ ഒട്ടും കുഴപ്പമില്ലാത്ത ഒരേ ഒരു വ്യക്തി അദ്ദേഹം മാത്രമാണു്.
- ശാന്ത:
- നോക്കൂ, മുത്തച്ഛനെ പരിഹസിച്ചാൽ മഹാപാപമുണ്ടാവും.
- ഉണ്ണികൃഷ്ണൻ:
- മുത്തച്ഛനെ മാത്രമല്ല, ആരെ പരിഹസിച്ചാലും മഹാപാപമുണ്ടാവും. (പെട്ടെന്നെന്തോ ഓർത്തപോലെ) ഓ! ഞാൻ ജയന്റെ കാര്യം മറന്നു. അവന്റെ വിവാഹം കഴിഞ്ഞിട്ടില്ലല്ലോ.
- ശാന്ത:
- ജയേട്ടന്റെ ഓർമയാണിവിടെ കുഴപ്പമുണ്ടാക്കിയതു്.
- ഉണ്ണികൃഷ്ണൻ:
- ഏ? എന്താ വിശേഷം?
- ശാന്ത:
- ഞാനിതു നിർത്തട്ടെ. (റേഡിയോവിന്നടുത്തേക്കു് പോകുന്നു.)
- ഉണ്ണികൃഷ്ണൻ:
- നിർബന്ധമാണെങ്കിൽ നിർത്തിക്കോളൂ. (ശാന്ത റേഡിയോ നിർത്തുന്നു.) ജയേട്ടനെന്തുപറ്റി ശാന്തേ?
- ശാന്ത:
- (അടുത്തുവന്നിരുന്നു്) ഞങ്ങളുടെ വിധി.
- ഉണ്ണികൃഷ്ണൻ:
- പരിഭ്രമം, ഏ?
- ശാന്ത:
- അമ്മയിന്നു ജലപാനം കഴിച്ചിട്ടില്ല.
- ഉണ്ണികൃഷ്ണൻ:
- എന്താണു് പറ്റിയതെന്നു പറയൂ.
- ശാന്ത:
- വിവാഹം കഴിഞ്ഞു ഭാര്യയുമായിട്ടാണു് വരുന്നതു്.
- ഉണ്ണികൃഷ്ണൻ:
- (വളരെ നിസ്സാരഭാവത്തിൽ) ഓ! ഇതാണോ ഇത്ര ശോകാത്മകമായി വിവരിച്ചതു്? ഞാൻ വിചാരിച്ചു വല്ല ആക്സിഡന്റും പറ്റിയെന്നു്.
- ശാന്ത:
- ഇത്രയും വലിയ ആക്സിഡന്റ് പറ്റാനുണ്ടോ?
- ഉണ്ണികൃഷ്ണൻ:
- ഉവ്വോ? കൈയും കാലുമൊക്കെ പോയോ?
- ശാന്ത:
- ഏട്ടനെ സംബന്ധിച്ചു് അമ്മ പറയുന്നതു് ജീവിതം പോയെന്നാ…
- ഉണ്ണികൃഷ്ണൻ:
- അമ്മ പറയുന്നതു് ശരിയാ. വിവാഹം കഴിഞ്ഞ പുരുഷന്റെ ജീവിതം അന്നോടെ ഭാര്യയുടെ കൈയിലേക്കു പോകും. ആ പാവത്തിനു പിന്നെ സ്വന്തമായൊരു താത്പര്യമോ അഭിപ്രായമോ ഉണ്ടാവില്ല. ഉദ്യോഗസ്ഥനാണെങ്കിൽ ശമ്പളം പോലുമുണ്ടാവില്ല. നയാപൈസയടക്കം കണക്കു ബോധിപ്പിക്കണം… ആട്ടെ ജയൻ വല്ല മറുനാടൻ പെണ്ണുങ്ങളേയുമാണാ വിവാഹം കഴിച്ചതു്?
- ശാന്ത:
- എന്നാൽ കുഴപ്പമില്ലല്ലോ.
- ഉണ്ണികൃഷ്ണൻ:
- നീ പറയുന്നതു കേട്ടാൽ വിവാഹം രണ്ടു തരമുണ്ടെന്നു തോന്നും-കുഴപ്പമുള്ളതും ഇല്ലാത്തതും.
- ശാന്ത:
- ഇനി ഒരുതരം കുടിയുണ്ടു്. കുഴപ്പമുണ്ടാക്കുന്നതു്.
- ഉണ്ണികൃഷ്ണൻ:
- അപ്പോൾ മൂന്നുതരം. ഒന്നെന്റെ വകയുമാവട്ടെ-കുഴപ്പം മാത്രമുള്ളതു്.
- ശാന്ത:
- എല്ലാം തമാശയാണു്.
- ഉണ്ണികൃഷ്ണൻ:
- ഇല്ല അതുപേക്ഷിച്ചു. ഇനി തികച്ചും ഗൗരവം. കേൾക്കട്ടെ, ആരെയാണു് നിന്റെ ജയേട്ടൻ വിവാഹം കഴിച്ചതു്?
- ശാന്ത:
- രാജ്യമറിയില്ല, മതമറിയില്ല, ജാതിയറിയില്ല.
- ഉണ്ണികൃഷ്ണൻ:
- പേരോ? അതും അറിയില്ലേ?
- ശാന്ത:
- ‘മുല്ലപ്പൂ’ എന്നാണത്രേ വിളിക്കുന്നതു്.
- ഉണ്ണികൃഷ്ണൻ:
- ആഹാ, മനോഹരം!
- ശാന്ത:
- വടക്കെവിടെയോ ഒരഭയാർഥിക്യാമ്പിൽവെച്ചു പെണ്ണിനെക്കണ്ടു.
- ഉണ്ണികൃഷ്ണൻ:
- കണ്ടമാത്രയിൽ വിവാഹവും കഴിച്ചു. ഭേഷ്, നോവലിലോ നാടകത്തിലോ മാത്രം അനുഭവപ്പെടുന്ന സംഭവം. അവളും നിന്റെ ജയേട്ടനെപ്പോലെ രാജ്യം കാണാനിറങ്ങിയതാവും.
- ശാന്ത:
- ഒന്നുമല്ല. അവളൊരഭയാർഥിപെണ്ണാണു്. ജാതിയെന്തെന്നു്. അവൾക്കുതന്നെ നിശ്ചല്ല്യ.
- ഉണ്ണികൃഷ്ണൻ:
- വേണ്ടാ.
- ശാന്ത:
- വേണ്ടേ?
- ഉണ്ണികൃഷ്ണൻ:
- പെണ്ണു് അനുരൂപയാണോ? അവളോടിഷ്ടമാണോ? ഇതല്ലാതെ മറ്റെന്തെങ്കിലും നോക്കാറുണ്ടോ ഇപ്പോഴത്തെ വിവാഹത്തിനു്?
- ശാന്ത:
- നന്നായി.
- ഉണ്ണികൃഷ്ണൻ:
- വളരെ നന്നായെന്നു പറയൂ. ജയന്റെ വധുവിനെ സംബന്ധിച്ചു് ഒരു ബുദ്ധിമുട്ടും നിങ്ങളനുഭവിക്കേണ്ടി വരില്ല. മദറിൻലോ എന്ന മലേറിയ ശല്യപ്പെടുത്തില്ല. ഫാദറിൻലോ എന്ന ജലദോഷം ബാധിക്കില്ല. ബ്രദറിൻലോ എന്ന ഞരമ്പുരോഗവും ഉണ്ടാവില്ല. അമ്പലവും പള്ളിയും വേണ്ടാ. ഭസ്മവും ചന്ദനവും വേണ്ട. കുരിശും നിസ്കാരവും വേണ്ടാ. അവൾ മാത്രം ഏകബ്രഹ്മം.
- ശാന്ത:
- പരബ്രഹ്മമെന്നു പറയൂ. ഈ നാട്ടിലും നമ്മുടെ സമുദായത്തിലും ഇതുകൊണ്ടു് എന്തൊക്കെ കുഴപ്പങ്ങൾ നേരിടുമെന്നാരുകണ്ടു?
- ഉണ്ണികൃഷ്ണൻ:
- അതിനെപ്പറ്റി നീ പരിഭ്രമിക്കേണ്ട. അത്തരം കാര്യങ്ങൾ ജനങ്ങളേറ്റെടുത്തുകൊള്ളും. കുഴപ്പമുണ്ടാക്കേണ്ട ചുമതല അവരുടേതാണു്. അതവർ ഭംഗിയായി നിർവഹിച്ചു കൊള്ളും.
- ശാന്ത:
- (അനുനയസ്വരത്തിൽ) അതുകൊണ്ടാണു് പറയുന്നതു്.
- ഉണ്ണികൃഷ്ണൻ:
- എന്തു്?
- ശാന്ത:
- (അല്പംകൂടി അരികിലോട്ടു നീങ്ങിയിരുന്നു്) നമുക്കു വേഗത്തിലൊരു തീരുമാനമെടുക്കണം.
- ഉണ്ണികൃഷ്ണൻ:
- നമുക്കോ?
- ശാന്ത:
- അതേ.
- ഉണ്ണികൃഷ്ണൻ:
- (വിധേയത്വം ഭാവിച്ചുകൊണ്ടു്.) എടുത്തോളൂ. നീയെന്തു തീരുമാനമെടുത്താലും അതംഗീകരിക്കാൻ ചുമതലപ്പെട്ടവനല്ലേ ഞാൻ? (എഴുന്നേല്ക്കുന്നു. റേഡിയോവിനടുത്തേക്കു നീങ്ങുന്നു.)
- ശാന്ത:
- അവിടെ ഇരിക്കൂന്നു്; പറയട്ടെ.
- ഉണ്ണികൃഷ്ണൻ:
- പറഞ്ഞോളൂ. (റേഡിയോ ട്യൂൺ ചെയ്യാൻ തുടങ്ങുന്നു.)
- ശാന്ത:
- ഇവിടെ വന്നിരിക്കൂ. പറയുന്നതു മുഴുവനും ശ്രദ്ധിച്ചു കേൾക്കണം.
- ഉണ്ണികൃഷ്ണൻ:
- ഇവിടെ നിന്നുകൊണ്ടു് ഒരു സ്കൂൾകുട്ടിയെപ്പോലെ മുഴുവനും ശ്രദ്ധിക്കാം.
റേഡിയോവിൽ ഒരു വാദ്യസംഗീതത്തിന്റെ തുടക്കം. ഇനിയങ്ങോട്ടു രംഗം കഴിയുന്ന ഓരോ ഘട്ടത്തിലും രംഗത്തിനനുയോജ്യമായ സംഗീതം റേഡിയോവിൽനിന്നു കേൾക്കാം. കൂടുതൽ കേൾക്കേണ്ട സമയത്തു് ഉണ്ണികൃഷ്ണൻതന്നെ വോളിയം കൂട്ടിയാൽ മതി.)
- ശാന്ത:
- (എഴുന്നേറ്റു ചെല്ലുന്നു.) പുഴക്കരയിലെ ആ തെങ്ങിൻതോപ്പു കണ്ടിട്ടില്ലേ?
- ഉണ്ണികൃഷ്ണൻ:
- അതിനപ്പുറവും കണ്ടിട്ടുണ്ടു്.
- ശാന്ത:
- നമ്മുടെ തെക്കിൻതോട്ടം.
- ഉണ്ണികൃഷ്ണൻ:
- പ്രത്യേകം സൂക്ഷിച്ചിട്ടില്ല.
- ശാന്ത:
- ഇനി ആ വഴിക്കു പോകുമ്പോൾ സൂക്ഷിച്ചു നോക്കണം.
- ഉണ്ണികൃഷ്ണൻ:
- (ശാന്ത മുത്തച്ഛനോടു പറയുംപോലെ) കല്പനപോലെ.
- ശാന്ത:
- പരിഹസിക്കരുതു്. ഗൗരവത്തോടെ കേൾക്കൂ.
- ഉണ്ണികൃഷ്ണൻ:
- ഓ കേട്ടുകളയാം (റേഡിയോവിന്റെ വോളിയം കൂട്ടിക്കൊണ്ടു ശാന്തയുടെ നേർക്കു തിരിയുന്നു. റേഡിയോവിൽ വാദ്യസംഗീതം ഏതോ അമംഗളകാര്യം സൂചിപ്പിക്കുന്ന തരത്തിലാണു്. ഉണ്ണികൃഷ്ണൻ കൃത്രിമമായ ഗൗരവം അഭിനയിക്കുന്നു.) ഗൗരവം ഇത്ര പോരേ?
- ശാന്ത:
- ഭാവിയിലേക്കുള്ള വലിയ തീരുമാനമെടുക്കുകയാണു്.
- ഉണ്ണികൃഷ്ണൻ:
- (ഗൗരവത്തിൽ) ഉം.
- ശാന്ത:
- ഞാൻ അച്ഛനോടു പറഞ്ഞു് ആ തെങ്ങിൻതോപ്പിലൊരു കെട്ടിടം പണിയിക്കും. നമുക്കൊരു പ്ലഷർബോട്ടു വാങ്ങണം. മോട്ടോർസവാരി മടുക്കുമ്പോൾ പ്ലഷർബോട്ടിൽ നമുക്കു ചുറ്റിത്തിരിയാം. എന്താ ഏവൺ ഐഡ്യയല്ലേ?
- ഉണ്ണികൃഷ്ണൻ:
- എ-വൺ.
- ശാന്ത:
- നമ്മെക്കാൾ സന്തോഷം കുട്ടികൾക്കായിരിക്കും.
- ഉണ്ണികൃഷ്ണൻ:
- (ഗൗരവം വിടാതെ) ആരുടെ കുട്ടികൾക്കു്?
- ശാന്ത:
- (അല്പം ലജ്ജയോടെ) നമ്മുടെ, നമുക്കു ഭാവിയിൽ കുട്ടികളുണ്ടാവില്ലേ? അവരുടെ സുഖവും സൗകര്യവും കുറച്ചു നേരത്തേതന്നെ ചിന്തിക്കണം. ഇല്ലെങ്കിൽ അപകടമാണു്. ഭാരതിയേട്ടത്തി ഇരുന്നു കണ്ണീരൊഴുക്കുന്നതു് കാണുന്നില്ലേ?
- ഉണ്ണികൃഷ്ണൻ:
- കുട്ടികളുണ്ടായതുകൊണ്ടാണോ? അങ്ങനെയാണെങ്കിൽ നമുക്കു വേണ്ടാ.
- ശാന്ത:
- വിശ്വേട്ടനു് ഇവിടെ താമസിക്കുന്നതിഷ്ടമല്ല. അതുകൊണ്ടാണു് മിനിയെ കോൺവെന്റിലയച്ചതു്. അച്ഛന്റെ സ്വത്തു ഭാഗിച്ചു വേറെ പാർക്കണമെന്നു വിശ്വേട്ടൻ ശാഠ്യം പിടിക്കുന്നു. ഇതെല്ലാം കണ്ടു നമ്മളെന്തിനിവിടെ നില്ക്കണം?
- ഉണ്ണികൃഷ്ണൻ:
- (ഒന്നും പറയാതെ ചിന്താമഗ്നനായി നടക്കുകയാണു്. ഒടുവിലത്തെ വാക്കു കേട്ടപ്പോൾ അല്പമൊരസുഖത്തോടെ ശാന്തയുടെ നേർക്കു തിരിയുന്നു. അതുവരെയുള്ള നേരമ്പോക്കും ലാഘവവും ഉപേക്ഷിക്കുന്നു.) ശാന്ത എന്താ ചോദിച്ചതു്? നമ്മളെന്തിനിവിടെ പാർക്കണമെന്നോ?
- ശാന്ത:
- അതേ.
- ഉണ്ണികൃഷ്ണൻ:
- മടുക്കുമ്പോളിങ്ങനെ താമസം മാറ്റാൻ തോന്നുന്നതു്. പണം കൂടുതലുണ്ടായിട്ടാണു്. പുഴക്കരെ കെട്ടിടംവെച്ചു നാലുദിവസം താമസിക്കുമ്പോൾ അവിടവും മടുക്കും. പിന്നെ കാശ്മീരിലോ സ്വിറ്റ്സർലൻഡിലോ പോകാൻതോന്നും.
- ശാന്ത:
- മടുത്തിട്ടല്ല താമസം മാറ്റണമെന്നു പറയുന്നതു്.
- ഉണ്ണികൃഷ്ണൻ:
- പിന്നെ?
- ശാന്ത:
- കുടുംബജീവിതത്തിൽ അഭിപ്രായവ്യത്യാസവും അസുഖവുമുണ്ടാവുമ്പോൾ വേർപിരിഞ്ഞു പാർക്കുകയാണു് നല്ലതു്.
- ഉണ്ണികൃഷ്ണൻ:
- നിനക്കിവിടെ വല്ല അസുഖവുമുണ്ടോ?
- ശാന്ത:
- ഇല്ല.
- ഉണ്ണികൃഷ്ണൻ:
- ഭാരതിയേട്ടത്തിയുടെ അസുഖം കണ്ടു ഭയപ്പെട്ടു പുറപ്പെടുന്നതാണോ? (ശാന്ത മിണ്ടുന്നില്ല.) ഭാരതിയേട്ടത്തിയുടെ അസുഖത്തിനുള്ള കാരണമന്വേഷിച്ചു് അതു പരിഹരിക്കാൻ ശ്രമിക്കുന്നതല്ലേ ബുദ്ധി?
- ശാന്ത:
- അതു പിഹരിക്കാൻ വിശ്വേട്ടൻതന്നെ വിചാരിക്കണം.
- ഉണ്ണികൃഷ്ണൻ:
- എന്നാൽ ആ ചുമതല അദ്ദേഹത്തിനു വിട്ടുകൊടുത്തു നിനക്കു മിണ്ടാതിരുന്നുകൂടേ?
- ശാന്ത:
- ഭാരതിയേട്ടത്തിയുടെ കാര്യം മാത്രമല്ല ഞാനുദ്ദേശിച്ചതു്.
- ഉണ്ണികൃഷ്ണൻ:
- പിന്നെ?
- ശാന്ത:
- വിശ്വേട്ടനെപ്പോലെ ചില്ലറ ചില അസുഖവും അസ്വാതന്ത്ര്യവുമൊക്കെ അനുഭവിക്കുന്നില്ലേ?
- ഉണ്ണികൃഷ്ണൻ:
- ഞാനോ.
- ശാന്ത:
- അതേ.
പശ്ചാത്തലത്തിൽ അമ്പരപ്പും ഉത്കണ്ഠയും ദ്യോതിപ്പിക്കുന്ന സംഗീതം.
- ഉണ്ണികൃഷ്ണൻ:
- എനിക്കുവേണ്ടിയാണോ നീയിതൊക്കെ ചെയ്യുന്നതു്? (ശാന്ത അതേ എന്ന അർത്ഥത്തിൽ തലയാട്ടുന്നു) എന്തൊരു ഭർത്തൃസ്നേഹം! ശീലാവതിപോലും നിന്റെ മുന്നിൽ തലകുനിക്കും. (തികഞ്ഞ ഗൗരവം.) ശാന്തേ, ഭാര്യവീട്ടിൽ താമസിക്കാൻ വരുന്ന പുരുഷൻ കുറച്ചസൗകര്യവും അസ്വാതന്ത്ര്യവും അനുഭവിക്കാൻ തയ്യാറെടുത്തു പുറപ്പെടണം. സ്വന്തം സുഖത്തിനുവേണ്ടി കുടുംബച്ഛിദ്രമുണ്ടാക്കാനും കൂടിച്ചേർന്നു ജീവിക്കുന്നതിലുള്ള സുഖം നശിപ്പിക്കാനും ഞാനൊരുക്കമല്ല.
- ശാന്ത:
- നശിപ്പിക്കണമെന്നു ഞാൻ പറഞ്ഞിട്ടില്ല.
- ഉണ്ണികൃഷ്ണൻ:
- എന്തിനു പറയണം? ഈ വീട്ടിലിരുന്നുകൊണ്ടു നിനക്കിങ്ങനെ പറയാൻ തോന്നിയില്ലേ? അതുതന്നെ ധാരാളം. നിന്റെ മുത്തച്ഛനെ നീ കാണുന്നില്ലേ? സ്വാർഥവിചാരം കൊണ്ടു മക്കളദ്ദേഹത്തെ ഈ നിലയ്ക്കാക്കി. ഇനി നിന്റെ അച്ഛനുണ്ടു്. അദ്ദേഹത്തേയും ഭ്രാന്തെടുപ്പിക്കണമെന്നാണോ നിന്റെ വിചാരം? ഇക്കാര്യത്തിൽ നിന്നെ സഹായിക്കാനെനിക്കു വയ്യ.
- ശാന്ത:
- ഞാനത്രയ്ക്കൊന്നും ആലോചിച്ചു പറഞ്ഞതല്ല.
- ഉണ്ണികൃഷ്ണൻ:
- പിന്നെ ആലോചിക്കാതെ പറഞ്ഞതാണോ? എന്തായാലും ശരി, നാളെ എന്റെ മക്കൾ എന്നെ വഞ്ചിക്കുന്നതു് എനിക്കിഷ്ടമല്ല. അങ്ങനെ അച്ഛൻമാരെ ഭ്രാന്തെടുപ്പിക്കുന്ന മക്കളുടെ ഒരു പ്രവാഹം ഇവിടെ സൃഷ്ടിക്കാൻ ഞാനൊരുക്കമില്ല. (കൂടുതൽ ഗൗരവം.) ഇനിയൊരു പ്രാവശ്യം നിന്റെ മുഖത്തുനിന്നു് ഇതു കേട്ടാൽ ആ നിമിഷം മുതൽ ഞാനിവിടെ ഉണ്ടാവില്ല. (തിരിഞ്ഞു നടക്കുന്നു.)
- ശാന്ത:
- (പിറകെ ചെന്നു്) ഇതിലിത്രമാത്രം പിണങ്ങാനെന്താണു്? ഞാനൊരഭിപ്രായം ചോദിച്ചതല്ലേ?
- ഉണ്ണികൃഷ്ണൻ:
- ഇന്നത്തെ അഭിപ്രായമാണു് നാളത്തെ പ്രസ്ഥാനം. (ഇതു പറഞ്ഞുതീരുന്നതിനു മുൻപു് അകത്തുനിന്നു ശങ്കുണ്ണിയുടെ ശബ്ദം കേൾക്കുന്നു.)
- ശങ്കുണ്ണി:
- ചക്രവർത്തിതിരുമേനി ഇതിലേ, ഇതിലേ.
ശാന്തയും ഉണ്ണികൃഷ്ണനും ശ്രദ്ധിക്കുന്നു. ശങ്കുണ്ണി മുൻപിലും മുത്തച്ഛൻ പിറകിലുമായി അകത്തുനിന്നു കടന്നുവരുന്നു. മുട്ടോളം ഇറക്കമുള്ള ഒരു കറുത്ത കോട്ട്, തലയിൽ പഴയ ഒരു ഹാറ്റ്, കമ്പിളിരോമംകൊണ്ടുണ്ടാക്കിയ ഒരു മീശ; അതു നല്ലപോലെ മൂക്കിന്നടുത്തു ഉറപ്പിച്ചുനിർത്താൻ കഴിയാത്തതുകൊണ്ടു് ആടിക്കളിക്കണം. കോട്ടിന്റെ മേലെ അരക്കെട്ടിൽ വാളിനു പകരം ഒരു വടി കെട്ടിത്തൂക്കിയിരിക്കുന്നു. ഇത്രയുമാണു് മുത്തച്ഛന്റെ വേഷം. ഉണ്ണികൃഷ്ണനും ശാന്തയും മുത്തച്ഛൻ വരുന്ന വഴിയുടെ എതിർവശത്തുടെ പുറത്തേക്കു പോകുന്നു. മുത്തച്ഛൻ രംഗമധ്യത്തിലെത്തിയപ്പോൾ ഉണ്ണികൃഷ്ണനും ശാന്തയും പോകുന്നതു കാണുന്നു. അരയിൽ നിന്നൂരിയ വാൾ അകലെ ചൂണ്ടുന്നു.
- മുത്തച്ഛൻ:
- ആരാണതു്? സലീമോ? കുടെ? ആ പെണ്ണല്ലേ? അതേ, ആ പാരസികസൂനംതന്നെ (ഗംഭീരസ്വരത്തിൽ) തവണക്കാരൻ!
- ശങ്കുണ്ണി:
- ഹുസൂർ.
- മുത്തച്ഛൻ:
- സലിമിനേയും ആ പെണ്ണിനേയും പിൻതുടരൂ. അവർ പോയതെവിടെയെന്നു നമ്മെ അറിയിക്കൂ. ശങ്കുണ്ണീ: കല്പനപോലെ. (പട്ടാളച്ചിട്ടയിൽ നടന്നുപോകുന്നു. ഒരുവശത്തു മറഞ്ഞുനിന്നു നോക്കുന്നു.)
- മുത്തച്ഛൻ:
- (കലശലായ ശുണ്ഠിയോടെ, എന്നാൽ ചക്രവർത്തിയുടെ അന്തസ്സുവിടാതെ അങ്ങട്ടുമിങ്ങട്ടും നടക്കുന്നു.) അക്ബർ പാദുഷാവിന്റെ സാമ്രാജ്യത്തിൽ എല്ലാവരും അനുസരണ ശീലമുള്ളവരായിരിക്കണം. അതു നിർബന്ധം. ആ നിയമം ലംഘിക്കാൻ നമ്മുടെ മക്കൾക്കുകൂടി അവകാശമില്ല… പുത്രൻ പിതാവിന്റെ ആജ്ഞ ലംഘിക്കുകയോ?അതും നിസ്സാരമായെരു പെണ്ണിനെച്ചൊല്ലി (സദസ്സിനെ നോക്കി ഗൗരവത്തോടെ പറയുന്നു) സലീം, പിതാവിന്റെ ആജ്ഞ ലംഘിച്ചാൽ നിനക്കു മാപ്പില്ല.
സാരധർമ്മിഷ്ഠങ്കലെത്രയും കോമളൻ.’
- ലക്ഷ്മിക്കുട്ടിയമ്മ:
- (കടന്നു വരുന്നു. അടുത്തു വന്നു പതുക്കെ വിളിക്കുന്നു.) അച്ഛാ, അച്ഛാ.
- മുത്തച്ഛൻ:
- (ശ്രദ്ധിക്കാതെ) നാം ധർമിഷ്ഠരുടെ പേരിൽ ഹൃദയാലുവാണു്; കല്പന ലംഘിക്കുന്നവരുടെ അന്തകനും.
- ലക്ഷ്മിക്കുട്ടിയമ്മ:
- (അനുനയസ്വരത്തിൽ) അച്ഛാ, അച്ഛനിന്നലെ നല്ല സുഖമായിരുന്നല്ലോ. പിന്നെ എന്തിനീ വൃത്തികെട്ട വേഷമൊക്കെ? (ഹാറ്റ് പതുക്കെ എടുത്തു മാറ്റുന്നു.)
- മുത്തച്ഛൻ:
- (വാളുയർത്തി) ഛീ! ധിക്കാരം. മുഗൾചക്രവർത്തിയുടെ കിരീടം-കേവലം ഒരു സ്ത്രീ വന്നു തട്ടിപ്പറിക്കുകയോ?
- ലക്ഷ്മിക്കുട്ടിയമ്മ:
- അച്ഛനിങ്ങട്ടു നോക്കൂ. ഇതു കേവലം ഒരു സ്ത്രീയാണോ? അച്ഛന്റെ മകളല്ലേ, ലക്ഷ്മിക്കുട്ടി?
- മുത്തച്ഛൻ:
- (ഒരു സ്വപ്നത്തിലെന്നപോലെ) ഏ? ആരു്?
- ലക്ഷ്മിക്കുട്ടിയമ്മ:
- ഇതു നോക്കൂ, ലക്ഷ്മിക്കുട്ടി അച്ഛനും ചുരുട്ടുംകൊണ്ടു വന്നതാണു്.
- മുത്തച്ഛൻ:
- (ചുരുട്ടിന്റെ പേരുകേട്ടു സന്തോഷിക്കുന്നു. മകളെ നോക്കുന്നു. സ്നേഹത്തോടെ ചോദിക്കുന്നു.) ചുരുട്ടുണ്ടോ?
- ലക്ഷ്മിക്കുട്ടിയമ്മ:
- ഇതാ, ഒന്നാന്തരം ചുരുട്ടു്. (മുത്തച്ഛൻ വാങ്ങുന്നു. അതുതന്നെ തിരിച്ചും മറിച്ചും നോക്കുന്നു. നോക്കുംതോറും സന്തോഷം കൂടിക്കൂടി വരുന്നു. ശങ്കുണ്ണി മറഞ്ഞുനില്ക്കുന്ന സ്ഥലത്തേക്കു ചെന്നു ശബ്ദം ചുരുക്കി വിളിക്കുന്നു.) എടാ ശങ്കുണ്ണീ! (ശങ്കുണ്ണി തല പുറത്തു കാട്ടുന്നു.) നിന്നോടു പറഞ്ഞിരുന്നില്ലേ ശങ്കുണ്ണീ, അച്ഛനെ ഇങ്ങട്ടു കൊണ്ടുവരരുതെന്നു്.
- ശങ്കുണ്ണി:
- ഇന്നു പറഞ്ഞാലൊരിത്ര അനുസരിക്കുന്നില്ലമ്മേ. ഉണർന്നെഴുന്നേറ്റതുതന്നെ അക്ബർ ചക്രവർത്തിയായിട്ടാണു്. സലിം രാജകുമാരനേയും നദീരയേയും പിൻതുടർന്നാണു് ഞാനിപ്പോ വരുന്നതു്.
- ലക്ഷ്മിക്കുട്ടിയമ്മ:
- എടാ, നിനക്കും പ്രാന്താണു്. ഒരു കാര്യം, എങ്ങനെങ്കിലും അച്ഛനെ നീ കൂട്ടിക്കൊണ്ടുപോണം. ഇനി ഇന്നിങ്ങട്ടെങ്ങും വരരുതു്. പിറകിലെ തോട്ടത്തിലേക്കു പോയ്ക്കോളൂ.
- ശങ്കുണ്ണി:
- അനുസരിക്കൂന്നു് തോന്നുന്നില്ല; ഇന്നു പലതവണ എന്നെ തല്ലാൻ വന്നു.
- ലക്ഷ്മിക്കുട്ടിയമ്മ:
- തല്ലു രണ്ടു കൊണ്ടാലും വേണ്ടില്ല ഇന്നിവിടെ ആരൊക്കെയോ വരുന്നുണ്ടു്. അച്ഛനിവിടെ നിന്നാൽപറ്റില്ല. എന്തെങ്കിലും ഉപായം പറഞ്ഞു കൂട്ടിക്കോളൂ.
ശങ്കുണ്ണി മുൻപോട്ടു ചെല്ലുന്നു. ഒച്ചയനക്കുന്നു. മുത്തച്ഛൻ തിരിഞ്ഞു നോക്കുന്നു.
- ശങ്കുണ്ണി:
- ഹുസൂർ.
- മുത്തച്ഛൻ:
- (ഗൗരവം) എവിടെ സലിം? എവിടെ നദീര?
- ശങ്കുണ്ണി:
- ഹുസൂർ, കൊച്ചുരാജകുമാരനും ആ പെണ്ണുംകൂടി ആരാമത്തിലെ വല്ലിക്കുടിലിലിരുന്നു സല്ലപിക്കുന്നു.
- മുത്തച്ഛൻ:
- (ഗൗരവം) വല്ലിക്കുടിലിലോ?
- ശങ്കുണ്ണി:
- അതേ, ഹുസൂർ.
- മുത്തച്ഛൻ:
- (കൂടുതൽ ഗൗരവം) സല്ലപിക്കുകയോ? (ശങ്കുണ്ണി അതേ എന്ന അർത്ഥത്തിൽ തല കുനിക്കുന്നു.) തവണക്കാരൻ വഴികാട്ടൂ, ആരാമത്തിലേക്കു വഴികാട്ടൂ. (സ്വയം പറയുന്നു) സലിം, നീ നമ്മുടെ ശാസനയ്ക്കു വഴങ്ങുന്നില്ലെങ്കിൽ ഏതു കടുംകൈ പ്രവർത്തിക്കാനും നാം മടിക്കില്ല അക്ബർപാദുഷാ ഹൃദയശുന്യനാണെന്നു ജനങ്ങൾ പറയുമായിരിക്കും.
- ശങ്കുണ്ണി:
- (തല കുനിച്ചു കൈനീട്ടി ബഹുമാനപൂർവം വഴികാട്ടുന്നു) ചക്രവവർത്തി തിരുമേനി ഇതിലേ… ഇതിലേ…
- മുത്തച്ഛൻ:
- (ഒരു ചക്രവർത്തിയെപ്പോലെ പിൻതുടരുന്നു. നടക്കുമ്പോൾ ഗൗരവം വിടാതെ സംസാരിക്കുന്നു.) സലിം നിനക്കു മാപ്പില്ല.
- ശങ്കുണ്ണി:
- ചക്രവർത്തി തിരുമേനി, ആരാമത്തിലേക്കു് ഇതിലേ… ഇതിലേ… (രണ്ടുപേരും പുറത്തേക്കു് പോകുന്നു. അകലത്തുനിന്നു് പിന്നേയും ശങ്കുണ്ണിയുടെ ശബ്ദം കേൾക്കുന്നു.) ഇതിലേ… ഇതിലേ… ഇതിലേ…
ലക്ഷ്മിക്കുട്ടിയമ്മ വല്ലായ്മയോടെ ആ പോക്കു നോക്കിനില്ക്കുന്നു. തെല്ലിട മൗനം.
- ലക്ഷ്മിക്കുട്ടിയമ്മ:
- (ഒരു നെടുവീർപ്പോടെ തിരിഞ്ഞു രംഗത്തിന്റെ നടുവിലേക്കു വരുന്നു. സോഫാസെറ്റിലെ വിരിയും മറ്റും നേരെയാക്കുന്നു. ജോലി ചെയ്യുന്നതിനിടയിൽ തന്നത്താൻ പറയുന്നു.) എന്നോ ആരോ ചെയ്ത പാപം ഇന്നനുഭവിക്കുകയാണു്. അല്ലാതെന്തുപറയാൻ? ഈ ആപത്തുകൾക്കൊരവസാനമില്ലേ? അനുഭവിച്ചനുഭിച്ചു തഴമ്പുകെട്ടി. എന്നിട്ടും ഈശ്വരനു മതിയായിട്ടില്ല.
- രാഘവൻ:
- (ലക്ഷ്മിക്കുട്ടിയമ്മ സംസാരിക്കാൻ തുടങ്ങുമ്പോൾ അകത്തുനിന്നു കടന്നുവരുന്നു. ശ്രദ്ധിക്കുന്നു. പറഞ്ഞുതീർന്നപ്പോൾ പതുക്കെ വിളിക്കുന്നു.) ലക്ഷ്മിക്കുട്ടീ. (ലക്ഷ്മിക്കുട്ടിയമ്മ ഒട്ടും ഭാവഭേദം കൂടാതെ തിരിഞ്ഞുനോക്കുന്നു.) നിന്റെ കുടുംബകാര്യത്തിൽ ഈശ്വരനെ വെറുതെ വലിച്ചിഴയ്ക്കരുതു്. (മുൻപോട്ടു് വരുന്നു, സോഫയിൽ ഇരിക്കുന്നു.)
- ലക്ഷ്മിക്കുട്ടിയമ്മ:
- പിന്നെ ഇതിനൊക്കെ ആരെ കുറ്റപ്പെടുത്തണം.
- ലക്ഷ്മിക്കുട്ടിയമ്മ:
- ആരാണു് പിഴച്ചതെന്തു കണ്ടുപിടിച്ചു് അവരെ നന്നാക്കാൻ ശ്രമിക്കൂ. അല്ലാതെ കുറ്റപ്പെടുത്തൽകൊണ്ടു് ആർക്കുമൊരു ഗുണവുമില്ല.
- ലക്ഷ്മിക്കുട്ടിയമ്മ:
- മനഃപൂർവം ആരെങ്കിലും പിഴച്ചിട്ടുണ്ടോ?
- രാഘവൻ:
- ആരും പിഴയ്ക്കാത്തതുകൊണ്ടാണോ നീ ഈശ്വരനെ പഴിക്കുന്നതു്?
- ലക്ഷ്മിക്കുട്ടിയമ്മ:
- ഞാനൊന്നു ചോദിക്കട്ടെ.
- രാഘവൻ:
- ഒന്നല്ല എത്ര വേണമെങ്കിൽ ചോദിച്ചോളൂ.
- ലക്ഷ്മിക്കുട്ടിയമ്മ:
- ജയനെപ്പോലെ ഇത്ര അനുസരണയുള്ള കുട്ടിയുണ്ടായിരുന്നോ? ക്ലേശിച്ചു വളർത്തി, പഠിച്ചിച്ചു. ഉദ്യോഗവും കിട്ടി. എന്നിട്ടോ?
- രാഘവൻ:
- എന്നിട്ടോ?
- ലക്ഷ്മിക്കുട്ടിയമ്മ:
- ഒന്നുമറിയാത്തതുപോലെയാണല്ലോ ചോദിക്കുന്നതു്?
- രാഘവൻ:
- അറിവിന്റെ കാര്യത്തിൽ നിനക്കു മെച്ചം കൂടും, നീ തന്നെ പറ.
- ലക്ഷ്മിക്കുട്ടിയമ്മ:
- അച്ഛനമ്മമാരെ അവൻ ധിക്കരിച്ചില്ലേ?
- രാഘവൻ:
- ധിക്കരിച്ചോ?
- ലക്ഷ്മിക്കുട്ടിയമ്മ:
- ഇല്ലെങ്കിൽ കുലവും ജാതിയുമറിയാത്ത ഒരു പെണ്ണിന്റെ കഴുത്തിൽ താലികെട്ടി അവളേം കൂട്ടി കുടുംബത്തേക്കു പുറപ്പെടുമോ?
- രാഘവൻ:
- താലികെട്ടിയ പെണ്ണിനെ വഴിക്കുവെച്ചു വിട്ടേച്ചു പോരാൻ പറ്റ്വോ?
- ലക്ഷ്മിക്കുട്ടിയമ്മ:
- ആരു പറഞ്ഞു അവനോടു താലികെട്ടാൻ? എന്റെ സമ്മതം മേടിച്ചോ? നിങ്ങളുടെ സമ്മതം മേടിച്ചോ?
- രാഘവൻ:
- രണ്ടും അവന്നാവശ്യമില്ലെന്നു തോന്നീട്ടുണ്ടാവും.
- ലക്ഷ്മിക്കുട്ടിയമ്മ:
- മക്കൾക്കങ്ങനെ തോന്നാൻ പാടുണ്ടോ?
- രാഘവൻ:
- അവനങ്ങനെ തോന്നി. ഇനി അതിനെക്കുറിച്ചിങ്ങനെ പ്രസംഗിക്കുന്നതെന്തിനാണു്?
- ലക്ഷ്മിക്കുട്ടിയമ്മ:
- കുറച്ചു മാനാപമാനബോധമുള്ളതുകൊണ്ടു്.
- രാഘവൻ:
- മനസ്സിലായില്ല.
- ലക്ഷ്മിക്കുട്ടിയമ്മ:
- ഇന്നിവിടെ ജയന്റെ വിവാഹാലോചനയ്ക്കു ചിലർ വരാമെന്നു പറഞ്ഞിട്ടില്ലേ?
- രാഘവൻ:
- ഉണ്ടു്.
- ലക്ഷ്മിക്കുട്ടിയമ്മ:
- അവരോടെന്തു മറുപടി പറയാനാണു് കണ്ടുവെച്ചതു്?
- രാഘവൻ:
- അതാണോ വിഷമം. അവരെ ആദരിച്ചിരുത്തി ചായകൊടുത്തു മര്യാദയായിട്ടു പറയും, ജയന്റെ വിവാഹം കഴിഞ്ഞെന്നു്.
- ലക്ഷ്മിക്കുട്ടിയമ്മ:
- മുഖമുയർത്തി അതു പറയാൻ വൈയ്ക്കോ?
- രാഘവൻ:
- എന്താ?
- ലക്ഷ്മിക്കുട്ടിയമ്മ:
- ഇങ്ങനെയൊരു മകന്റെ അച്ഛനുമമ്മയുമാണെന്നുപറഞ്ഞു് അവരുടെ മുഖത്തെങ്ങനെ നോക്കും? കെട്ടിത്തുങ്ങി മരിക്ക്യല്ലേ ഭേദം.
- രാഘവൻ:
- നിർബന്ധാച്ചാൽ നീ പോയി കെട്ടിത്തുങ്ങി മരിച്ചോളൂ. ഞാനതിനൊരുക്കമല്ല.
- ലക്ഷ്മിക്കുട്ടിയമ്മ:
- എന്തൊരനുഭവാണിതു്?
- രാഘവൻ:
- ഇതിലും വലുതു് നീ അനുഭവിച്ചിട്ടില്ലേ? നിന്റെ അച്ഛനു ഭ്രാന്തെടുത്തതെന്തുകൊണ്ടാണു്? സ്വത്തു നശിച്ചിട്ടാണോ? ദാരിദ്ര്യംകൊണ്ടാണോ? സന്താനദുഃഖംകൊണ്ടാണോ? (ലക്ഷ്മിക്കുട്ടിയമ്മ മിണ്ടുന്നില്ല.) നീയെന്താ മിണ്ടാത്തതു്? നിസ്സാരകാര്യങ്ങൾക്കു തമ്മിൽ പിണങ്ങുകയും കൊത്തിപ്പിരിയുകയും ചെയ്ത മക്കളുടെ ഹൃദയശൂന്യതയല്ലേ അദ്ദേഹത്തെ ഈ സ്ഥിതിയിലാക്കിയതു്? ലക്ഷ്മിക്കുട്ടീ, ഇതു കണ്ടുകൊണ്ടു് എനിക്കു ഭ്രാന്തെടുക്കാനുള്ള വഴി ഞാനുണ്ടാക്കില്ല. അവനാരെ വേണമെങ്കിൽ വിവാഹം കഴിക്കട്ടെ. കൂട്ടിക്കൊണ്ടു വരട്ടെ. മുഖം കറുപ്പിച്ചു് ഒരു വാക്കവനോടു ഞാൻ പറയില്ല.
- ലക്ഷ്മിക്കുട്ടിയമ്മ:
- ജാതിയും മതവുമില്ലാത്ത ആ പെണ്ണിനെ അകത്തിരുത്തി പൂജിച്ചോളൂ.
- രാഘവൻ:
- സത്യം പറയട്ടെ, ലക്ഷ്മിക്കുട്ടീ; ജാതിയുടേയും മതത്തിന്റെയും ശല്യമില്ലാത്ത ഒരാളെ കിട്ടിയാൽ ഇരുത്തി പൂജിക്കണമെന്നെനിക്കുണ്ടു്.
- ലക്ഷ്മിക്കുട്ടിയമ്മ:
- മകന്റെ ഗുരുത്വം കൊണ്ടു് ഒന്നിനെ കിട്ടിയില്ലേ, പൂജിച്ചോളൂ. പക്ഷേ, ഈ ലക്ഷ്മിക്കുട്ടിയെ അതിനു കിട്ടില്ല.
- രാഘവൻ:
- വേണ്ടാ.
- ലക്ഷ്മിക്കുട്ടിയമ്മ:
- പൂജിക്കുന്നതുപോയിട്ടു് അവളൊന്നിച്ചിവിടെ പാർക്കാൻ പോലും എന്നെക്കൊണ്ടാവില്ല.
- രാഘവൻ:
- ജയനും ഭാര്യയും വന്നു കേറിയാൽ നീയീ വീടു വിട്ടുപോകുമെന്നാണോ?
- ലക്ഷ്മിക്കുട്ടിയമ്മ:
- എന്താ സംശ്യം?
- രാഘവൻ:
- അല്ലാ, അത്ര വലിയ മതഭക്തിയുകണ്ടെങ്കിൽ പോയേ തീരൂ.
- ലക്ഷ്മിക്കുട്ടിയമ്മ:
- ആഹാ! എന്നാലും ഒരു വീടും പറമ്പും കൊടുത്തു് അവരെ പ്രത്യേകം താമസിപ്പിച്ചുകൂടാ?
- രാഘവൻ:
- സാധ്യമല്ല. അവൾ മറ്റൊരു മതക്കാരിയായാൽപോലും ഇവിടെ താമസിക്കണം. വ്യത്യസ്തമതക്കാർക്കു് ഒരേ വീട്ടിൽ താമസിച്ചുകൂടെന്നു നിയമമുണ്ടോ? അവൾ മുസ്ലിം പെൺകുട്ടിയാണെങ്കിൽ, അഞ്ചുനേരവും നിസ്കരിച്ചോട്ടെ. എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കും. നസ്രാണിയാണെങ്കിൽ നിങ്ങളൊക്കെ അമ്പലത്തിൽ പോവുമ്പോൾ അവൾ പള്ളിയിൽ പോകട്ടെ.
- ലക്ഷ്മിക്കുട്ടിയമ്മ:
- ഓ പോകും, ഇവിടെ പിന്നെ മകനും മകന്റെ ഭാര്യയും മാത്രമാകും.
- രാഘവൻ:
- അങ്ങനെ വരില്ല; മറ്റുള്ളവരെക്കൂടി ഞാൻ നിർബന്ധിക്കും. ഇഷ്ടമില്ലെന്നു കണ്ടാൽ അവർക്കും പോകാം. എന്തായാലും നിന്റെ അച്ഛനിവിടെയുണ്ടാവും.
- ലക്ഷ്മിക്കുട്ടിയമ്മ:
- ഈ അനീതി കണ്ടു് സഹിക്കാൻ മാത്രം എന്റെ അച്ഛനു ഭ്രാന്തില്ല.
- രാഘവൻ:
- ഇല്ലെങ്കിൽ വേണ്ട. ഞാനും ജയനും ആ പെൺകുട്ടിയും മതി. ഞങ്ങൾ പുതിയൊരു സമുദായം സൃഷ്ടിക്കും.
- ലക്ഷ്മിക്കുട്ടിയമ്മ:
- സമുദായം നിങ്ങളെ ബഹിഷ്കരിക്കും.
- രാഘവൻ:
- സമുദായത്തെ ഞങ്ങളും ബഹിഷ്കരിക്കും. (എഴുന്നേല്ക്കുന്നു. അല്പം ഗൗരവത്തോടെ അങ്ങട്ടുമിങ്ങട്ടും നടക്കുന്നു. പാതി തന്നോടും പാതി ഭാര്യയോടുമെന്ന നിലയിൽ പറയുന്നു.) മതത്തിന്റെയും ജാതിയുടെയും പേരിൽ ഈ രാജ്യം വളരെയൊക്കെ സഹിച്ചിട്ടുണ്ടു്. ഇപ്പോഴും സഹിക്കുന്നുമുണ്ടു്. ഇനിയിതു വയ്യാ സംസ്ക്കാരസമ്പന്നരെന്നു പറയുന്നവർക്കുപോലും പ്രസംഗത്തിലേ സമുദായൈക്യമുള്ളൂ. ഭിന്നസമുദായങ്ങൾ കുടിച്ചേരുകയും വിവാഹബന്ധത്തിലേർപ്പെടുകയും ചെയ്യാതെ സൗഹാർദ്ദം വളരില്ല: പരസ്പരവിശ്വാസമുണ്ടാവില്ല. ഭയം നീങ്ങില്ല. ഈശ്വരാധീനംകൊണ്ടു പ്രവർത്തിച്ചു കാണിക്കാനുള്ള സന്ദർഭം എനിക്കു കിട്ടിയിരിക്കുന്നു. ഇതു തികച്ചും ഞാനുപയോഗിക്കും. ആരൊക്കെ എതിർത്താലും രാജ്യത്തെ ഫലപ്രദമായ നിലയിൽ സേവിക്കാൻ കിട്ടിയ ഈ സന്ദർഭം ഞാൻ പാഴാക്കില്ല.
- ലക്ഷ്മിക്കുട്ടിയമ്മ:
- ഈവക പരീക്ഷണങ്ങളൊന്നും നടത്തേണ്ടതു് അവനവന്റെ കുടുംബത്തിലല്ല.
- രാഘവൻ:
- ആരാന്റെ കുടുംബത്തിലാണോ?
- ലക്ഷ്മിക്കുട്ടിയമ്മ:
- ഇതിനൊന്നും ലക്ഷ്മിക്കുട്ടിയെ കിട്ടില്ല.
- രാഘവൻ:
- ധർമ്മത്തിൽനിന്നു് ഒളിച്ചോടിപ്പോകുന്നവരെ എനിക്കു ബഹുമാനമില്ല.
- ലക്ഷ്മിക്കുട്ടിയമ്മ:
- വേണ്ടാ. ഈ പരീക്ഷണത്തിനൊന്നും ലക്ഷ്മിക്കുട്ടിയെ കിട്ടില്ലെന്നാ ഞാൻ പറഞ്ഞതു്. അതോർത്താൽ മതി. (അല്പം ശുണ്ഠി വന്ന നിലയിൽ അകത്തേക്കു പോകുന്നു.)
രാഘവൻ വിചാരമഗ്നനായി അങ്ങട്ടുമിങ്ങട്ടും നടക്കുന്നു. രംഗം പതുക്കെ ഇരുളുന്നു. പിറകിലെ ജാലകത്തിലൂടെ പുറത്തു് അല്പാല്പമായി മിന്നൽവെളിച്ചം കാണുന്നു. കഠിനമായ ഒരിടിവെട്ടു്, തുടർന്നു തുരുതുരെ മിന്നൽവെളിച്ചും. രാഘവൻ അപ്പോഴും നടക്കുകയാണു്. പിന്നെയും ഇടിവെട്ടുന്നു. മിന്നൽവെളിച്ചത്തിൽ പുറത്തെ മരച്ചില്ലകൾ ആടുന്നതു കാണുന്നു. ഒരു കൊടുങ്കാറ്റു് ഇരമ്പിക്കൊണ്ടുവരുന്ന ശബ്ദം അകലത്തു കേൾക്കുന്നു.
—യവനിക—