ദുഃഖിതയായ ഭാരതി; ചുറ്റുപാടും നടക്കുന്ന കാര്യങ്ങളൊന്നും അറിയാതെ, ഏകാഗ്രചിന്തയിൽ മുഴുകിയിരിക്കുന്നു. ഒരു യാത്രയ്ക്കുള്ള ഒരുക്കത്തോടെ ഡ്രസ്സു ചെയ്തു് കൈയിലൊരു വലിയ സ്യൂട്ട്കെയ്സും തൂക്കി വിശ്വനാഥൻ അകത്തു നിന്നു വരുന്നു. ഭാരതിയെ ഗൗനിക്കാതെ പുറത്തേക്കുള്ള വഴിയിൽ പാതി നടന്നെത്തുന്നു. ശങ്കിച്ചു തെല്ലിട നില്ക്കുന്നു; വിളിക്കുന്നു.
- വിശ്വനാഥൻ:
- ഭാരതീ… (ഭാരതി ഞെട്ടി തലയുയർത്തി നോക്കുന്നു. മുഖം കറുത്തിരുണ്ടിട്ടുണ്ടു്. കണ്ണിൽ വെള്ളം നിറഞ്ഞിട്ടുണ്ടു്. ഭാരതിയുടെ ഭാവഭേദങ്ങളൊന്നും ശ്രദ്ധിക്കാതെ) ഞാൻ മദിരാശിക്കു പോണു.
- ഭാരതി:
- (ഞെട്ടി എഴുന്നേല്ക്കുന്നു) എന്തിനാ?
- വിശ്വനാഥൻ:
- അതറിഞ്ഞിട്ടു നിനക്കെന്തു വേണം?
- ഭാരതി:
- എപ്പം തിരിച്ചുവരും?
- വിശ്വനാഥൻ:
- തീർച്ച പറയാൻ വയ്യാ.
- ഭാരതി:
- (അല്പം അടുത്തേക്കു ചെന്നു്) കാറിലല്ലേ പോണതു്?
- വിശ്വനാഥൻ:
- കാറിലോ? എനിക്കു കാറുണ്ടോ ഇവിടെ?
- ഭാരതി:
- ആർക്കുവേണ്ടിയാ പിന്നെ അച്ഛൻ കാറു വാങ്ങിയതു്.
- വിശ്വനാഥൻ:
- എനിക്കു വേണ്ടിയാണോ?
- ഭാരതി:
- അതിലെന്താ ഇത സംശ്യം?
- വിശ്വനാഥൻ:
- എനിക്കു സംശ്യണ്ടു്; അതാണു് കാറെടുക്കാത്തതു്. സ്വന്തമായിട്ടൊരു കാറു വാങ്ങാൻ കഴിയുമ്പോൾ ഞാനുപയോഗിച്ചോളാം.
- ഭാരതി:
- അനാവശ്യമായ തെറ്റിദ്ധാരണകളാണിതൊക്കെ.
- വിശ്വനാഥൻ:
- ആണെങ്കിലങ്ങനെ.
- ഭാരതി:
- കാറെടുത്തോളൂ. എന്നിട്ടു ഞായറാഴ്ചയെങ്കിലും ഇവിടെ തിരിച്ചെത്താൻ ശ്രമിക്കൂ.
- വിശ്വനാഥൻ:
- എന്താ ഞായറാഴ്ച വിശേഷം.
- ഭാരതി:
- മറന്നോ? ഞാനെത്ര തവണ ഓർമപ്പെടുത്തിയതാണു്: ഞാറാഴ്ചയല്ലെ മോന്റെ ചോറൂണു്.
- വിശ്വനാഥൻ:
- അതിനു് ഞാനിവിടെ തിരിച്ചെത്തലത്ര നിർബന്ധമാണോ?
- ഭാരതി:
- (സഹിക്കാത്ത മട്ടിൽ) എന്തു്?
- വിശ്വനാഥൻ:
- (സ്യൂട്ട്കെയ്സ് താഴെവെച്ചു ഭാരതിയുടെ അടുത്തു വന്നു്) ഞാനിവിടെ ഉണ്ടാവണമെന്നു് എനിക്കും തോന്നണ്ടേ. ഭാരതി കലശലായ വേദനയോടെ, ഒന്നും പറയാതെ വിശ്വനാഥന്റെ മുഖത്തു് ഇമവെട്ടാതെ നോക്കിനില്ക്കുന്നു. വിശ്വനാഥൻ തുടർന്നുപറയുന്നു.) എനിക്കതു തോന്നീട്ടില്ല.
- ഭാരതി:
- (തൊണ്ടയിടറി) കാരണം?
- വിശ്വനാഥൻ:
- എനിക്കീ കുടുംബത്തിലെ സ്നേഹപ്രകടനത്തിന്റെ രീതി ഇഷ്ടമാവുന്നില്ല. ആത്മാർഥതയില്ലാത്ത ചിരിയും പെരുമാറ്റവും.
- ഭാരതി:
- എപ്പോഴും അവനവനെപ്പറ്റിമാത്രം ചിന്തിച്ചാൽ അങ്ങനെയാണു്.
- വിശ്വനാഥൻ:
- (രസിക്കാത്ത മട്ടിൽ) എന്നെ പഠിപ്പിക്കരുതു്. മോന്റെ ചോറൂണു് ഗുരുവായൂരിൽവച്ചാണോ? (ഭാരതി മിണ്ടുന്നില്ല.) ആണെങ്കിൽ ഞാനുണ്ടാവും. ഇവിടെയുളള മറ്റാരും ഒരുമിച്ചുണ്ടാവരുതു്. നീയും ഞാനും മാത്രം.
- ഭാരതി:
- അച്ഛനും അമ്മയും…
- വിശ്വനാഥൻ:
- (മുഴുവൻ പറയാൻ സമ്മതിക്കാതെ) അതേ, നിന്റെ അച്ഛനും അമ്മയും! നിനക്കവരെപ്പറ്റിയേ ചിന്തയുള്ളൂ. ഇതുപോലെ എനിക്കുമുണ്ടു് അച്ഛനുമമ്മയുമെന്ന കാര്യം മറക്കരുതു്.
- ഭാരതി:
- അതാരും മറന്നിട്ടില്ല.
- വിശ്വനാഥൻ:
- ഇല്ലേ?
- ഭാരതി:
- ഇല്ല, ഏറെ കൊതിച്ചുണ്ടായ ആൺകുട്ടിയായതുകൊണ്ടു ചോറൂണു് ഇവിടെവെച്ചു കഴിക്കണമെന്നു് അച്ഛനു നിർബന്ധമുണ്ടു്.
- വിശ്വനാഥൻ:
- കഴിച്ചോളൂ. ആരു വിരോധം പറയുന്നു? നാട്ടിലുള്ള മുഴുവനാളുകളേയും വിളിച്ചു സദ്യയൂട്ടി പ്രഭാവം കാണിച്ചോളൂ. പക്ഷേ, അതിന്റെ നടുവിൽ നിങ്ങളുടെയൊക്കെ ദാസനായി വാലാട്ടിനടക്കാൻ എന്നെക്കിട്ടില്ല. തീർച്ച.
- ഭാരതി:
- (തൊണ്ടയിടറി) മഹാപാപം പറയരുതു്.
- വിശ്വനാഥൻ:
- എന്നെക്കൊണ്ടു് നീ പറയിച്ചതാണു്. നിന്റെ അച്ഛനും അമ്മയുമാണു് നിനക്കു വലുതു്. അവരെ പൂജിച്ചോളൂ.
- ഭാരതി:
- അവരെ പൂജിക്കുന്നതുകൊണ്ടു മറ്റു കർത്തവ്യങ്ങളൊന്നും ഞാൻ മറക്കാറില്ല.
- വിശ്വനാഥൻ:
- എന്റെ കുട്ടിക്കു ചോറു കൊടുക്കുമ്പോൾ എന്റെ അച്ഛനമ്മമാർക്കും അതിൽ പങ്കെടുക്കാൻ ആഗ്രഹമുണ്ടാവില്ലേ?
- ഭാരതി:
- അവരെ ക്ഷണിച്ചിട്ടില്ലേ? അച്ഛനും അമ്മയുംകൂടി ചെന്നാണല്ലോ ക്ഷണിച്ചതു്.
- വിശ്വനാഥൻ:
- അവരിവിടെ വരില്ല.
- ഭാരതി:
- കാരണം?
- വിശ്വനാഥൻ:
- നിങ്ങളൊക്കെ വലിയ ആളുകളാണു്. ആൾ വീതം കാറുള്ളവരാണു്.
- ഭാരതി:
- (സഹിക്കവയ്യാത്ത വേദനയോടെ) നോക്കൂ, ഊഹിച്ചുണ്ടാക്കി എന്തെങ്കിലും പറയരുതു്, ഇവിടെ ആരും അങ്ങനെ ഭാവിച്ചിട്ടില്ല. വിചാരിച്ചിട്ടുമില്ല.
- വിശ്വനാഥൻ:
- (നീരസത്തോടെ) ഇല്ലെങ്കിൽ വേണ്ടാ.
- ഭാരതി:
- (കരഞ്ഞുകൊണ്ടു്) മറ്റു വല്ല അസുഖവും മനസ്സിലുണ്ടെങ്കിൽ, അതു വെച്ചുകൊണ്ടു് ഇങ്ങനെയൊന്നും പെരുമാറരുതു്. നാട്ടുകാരെ വിചാരിച്ചെങ്കിലും അന്നേയ്ക്കവിടെ എത്തണം. ഒന്നുമില്ലെങ്കിൽ നമ്മുടെ കുഞ്ഞിനെ വിചാരിച്ചെങ്കിലും…
- വിശ്വനാഥൻ:
- (മുഴുവൻ പറയാനനുവദിക്കാതെ, ഏറെ കോപവും ഒട്ടുദുഃഖവും കലർത്തിക്കൊണ്ടു്) ഭാരതീ, എന്റെ മോനെ കുളിപ്പിച്ചു്, കണ്ണെഴുതിച്ചു്; പൊട്ടുകുത്തിച്ചു മടിയിൽ കിടത്തി ചോറു വാരിക്കൊടുക്കാൻ മറ്റാരെക്കാളും എനിക്കാഗ്രഹമുണ്ടു്. പക്ഷേ, എന്റെയും കുടുംബത്തിന്റെയും അഭിമാനം വിറ്റു് ഞാനതിനു തയ്യാറില്ല. എന്റെ കൈയ്യീന്നു സ്വതന്ത്രമല്ല. അതു സ്വതന്ത്രമാവുന്ന കാലത്തു് എന്റെ ഇഷ്ടം നടക്കും… അതുവരെ എന്നോടൊന്നും പറയരുതു്. (തിരിഞ്ഞു നടന്നു സ്യൂട്ട്കെയ്സെടുത്തു ധൃതിയിൽ പുറത്തേക്കു പോകുന്നു.)
- ഭാരതി:
- (കരഞ്ഞു പിന്നാലെ ചെന്നു വിളിക്കുന്നു.) നോക്കൂ, ഇദേയ്… (തന്നെ ഒട്ടും ശ്രദ്ധിക്കുന്നില്ലെന്നു മനസ്സിലാക്കി കഠിനമായ നിരാശയോടെ മടങ്ങിവന്നു സോഫയിലിരുന്നു മുഖംപൊത്തി കരയുന്നു. അല്പസമയത്തിനുശേഷം ഒരു വർത്തമാനക്കടലാസും വായിച്ചുകൊണ്ടു രാഘവൻ കടന്നുവരുന്നു. ഭാരതിയെ കാണുന്നില്ല. രംഗത്തിന്റെ ഏതാണ്ടു മധ്യത്തിലെത്തി, പത്രത്തിൽ തന്റെ ശ്രദ്ധയാകർഷിക്കുന്ന ഏതോ ഭാഗത്തു നോക്കിനില്ക്കുന്നു. ഭാരതിയുടെ ഗദ്ഗദം ക്രമേണ ഉച്ചത്തിലാവുന്നു. രാഘവൻ ശ്രദ്ധിക്കുന്നു. ഭാരതിയെ കാണുന്നു. അടുത്തു ചെല്ലുന്നു.)
- രാഘവൻ:
- എന്താ, മോളേ, എന്താ, നിനക്കു്? (ഭാരതി മൗനം. മൂർധാവിൽ തലോടിക്കൊണ്ടു്) എന്തിനാ നീ കരയുന്നതു്?
- ഭാരതി:
- (അച്ഛന്റെ തലോടൽ ഏറ്റു കൂടുതൽ ദുഃഖത്തോടെ തലപൊക്കുന്നു.) വയ്യച്ഛാ, ഒട്ടും വയ്യ. വല്ലാത്ത ഉഷ്ണം.
- രാഘവൻ:
- (അർത്ഥഗർഭമായി ഭാരതിയെ നോക്കിക്കൊണ്ടു്) ഇന്നലെ രാത്രി മുഴുവൻ മഴപെയ്തു. ഇന്നു രാവിലെയും പെയ്തു, ഇതാ, ഇപ്പോഴും ഇടിവെട്ടുന്നുണ്ടു്. ഇനിയും പെയ്യുമെന്നാണു് തോന്നുന്നതു്. ഇത്രയൊക്കെയായിട്ടും നിന്റെ ഉഷ്ണം മാറിയില്ലേ?
- ഭാരതി:
- മഴ പെയ്തതു പുറത്തല്ലേ അച്ഛാ? വീടിനകത്തല്ലല്ലോ എന്റെ ഹൃദയത്തിലല്ലല്ലോ.
- രാഘവൻ:
- (ഭാരതിയുടെ അടുത്തു സോഫയിലിരിക്കുന്നു.) മോളേ, ഭാരതീ, മക്കളുടെ ഹൃദയത്തിൽ അച്ഛന്റെ വാത്സല്യമാണു് മഴ പെയ്യിക്കുന്നതു്. ആ മഴ വേണ്ടുവോളം കിട്ടീട്ടാണു് എന്റെ മക്കൾ ആരോഗ്യത്തോടെ വളർന്നതു്. അക്കാര്യത്തിൽ നിങ്ങളുടെ അച്ഛൻ പിശുക്കൊന്നും കാട്ടീട്ടില്ല.
- ഭാരതി:
- അച്ഛന്റെ വാത്സല്യമാണെന്നെ കരയിക്കുന്നതു്.
- രാഘവൻ:
- (അല്പമൊരു ഞെട്ടലോടെ) അത്ഭുതം ആരും എന്നും എവിടേം പറഞ്ഞുകേൾക്കാത്ത കാരണം. (എഴുന്നേൽക്കുന്നു. പതുക്കെ നടക്കുന്നു. നടക്കുമ്പോൾ തന്നത്താനെന്നവിധം പറയുന്നു.) അച്ഛന്റെ വാത്സല്യം കൂടിപ്പോയിട്ടു മക്കൾ കരയുക. എന്തൊരു വൈരുധ്യം (തിരിഞ്ഞുനിന്നു്) എന്റെ വാത്സല്യം നിങ്ങളെ കരയിക്കുകയാണെന്നു കണ്ടിട്ടും എനിക്കതു വേണ്ടെന്നുവെക്കാൻ കഴിയുന്നില്ല. ഒരച്ഛന്റെ ദൗർബല്യം. (അടുത്തു വന്നു്) മോളേ. ഞാനാ പരാജയം സമ്മതിക്കുന്നു.
- ഭാരതി:
- അച്ഛാ, എന്നെ വെറുക്കൂ, അച്ഛാ വെറുക്കൂ. (രാഘവന്റെ മുഖത്തു വിഷാദം പുരണ്ട ചിരി.) കഠിനമായി വെറുക്കൂ. (രാഘവന്റെ മുഖത്തു പിന്നെയും അതേ ചിരി.) എനിക്കിനി പൊറുക്കാൻ വയ്യച്ഛാ. എല്ലാം തുറന്നു പറയണം.
- രാഘവൻ:
- എന്തു്? ആരോടു്?
- ഭാരതി:
- അച്ഛനോടു്. നമ്മുടെ കുടുംബജീവിതത്തെപ്പറ്റി.
- രാഘവൻ:
- ആരും പറയാതെതന്നെ എനിക്കറിയുന്ന കാര്യമാണല്ലോ അതു്. ഇക്കാണുന്ന കുടുംബം കെട്ടിപ്പടുത്തതു ഞാനാണു്. അതിന്റെ മുൻപുള്ള തലമുറയെ വാർത്തെടുത്തതു നിന്റെ മുത്തച്ഛനും. അദ്ദേഹത്തിനതിന്റെ കൂലി കിട്ടി. ഇനി എന്റെ ഊഴമാണു്. (ഭാരതിയുടെ മുഖത്തുനോക്കി) നിന്റെ കരച്ചിലിനിയും അവസാനിച്ചില്ലേ?
- ഭാരതി:
- അതവസാനിക്കില്ലച്ഛാ.
- രാഘവൻ:
- വാശിയാണോ?
- ഭാരതി:
- കരഞ്ഞേ കഴിയുവെന്നു വന്നാൽ ഞാനെന്തുചെയ്യും.
- രാഘവൻ:
- (ഒരു നെടുവീർപ്പോടെ) കരയണം വിങ്ങിവിങ്ങിക്കരയണം.
- ഭാരതി:
- അച്ഛാ (അല്പനേരത്തെ നിശ്ശബ്ദത. അപ്പുറം പറയാനുള്ളതു കേൾക്കാൻ ബദ്ധപ്പെട്ടുകൊണ്ടു രാഘവൻ നിൽക്കുന്നു. എങ്ങനെ എവിടെവെച്ചു തുടങ്ങണമെന്നറിയാതെ ഭാരതി പരുങ്ങുന്നു.) അച്ഛൻ ക്ലേശിച്ചു സ്വത്തു സമ്പാദിച്ചു.
- രാഘവൻ:
- വിഡ്ഢിത്തം…
- ഭാരതി:
- മുഴുവൻ പറയട്ടേ, അച്ഛാ. രാജപദവിയിലാണു് മക്കളെ വളർത്തുന്നതു്. ഇവിടെ എല്ലാം ഏറിപ്പോയ കുറ്റമാണു്. ഈ വലിയ വെണ്മാടം പണിയിച്ചതിനുപകരം മക്കൾക്കോരോ ചെറിയ വീടു പണിയിച്ചു കൊടുക്കാമായിരുന്നില്ലേ?
- രാഘവൻ:
- (ഗൗരവം) ആവശ്യം?
- ഭാരതി:
- ഈ വലിയ വീടൊരു ജയിലല്ലേ അച്ഛാ?
- രാഘവൻ:
- (ഗൗരവം വിടാതെ) ആർക്കു്?
- ഭാരതി:
- എല്ലാവർക്കും.
- രാഘവൻ:
- (അല്പം പരിഹാസത്തോടെ) അച്ഛൻ ഈ ജയിലിലെ ജയിലറും. എന്നാൽ നിന്റെ ഈ അഭിപ്രായങ്ങളൊന്നും അച്ഛനു തോന്നുന്നില്ല.
- ഭാരതി:
- അച്ഛനു തോന്നില്ല.
- രാഘവൻ:
- മക്കൾക്കു തോന്നും.
- ഭാരതി:
- ഇല്ലെങ്കിൽ ശാന്തയെന്തിനു ഭാഗം ചോദിച്ചു? അച്ഛന്റെ സമ്പാദ്യത്തിൽ മൂന്നിലൊരോഹരി ഭാഗിച്ചുകൊടുത്തു് അവളെ പിരിച്ചയയ്ക്കണമെന്നു പറഞ്ഞില്ലേ?
- രാഘവൻ:
- (അല്പനേരത്തെ ആലോചനയ്ക്കുശേഷം) പറഞ്ഞെന്നു വെയ്ക്കൂ; അതുകൊണ്ടു്?
- ഭാരതി:
- അച്ഛൻ കൊടുക്കാൻ തീരുമാനിച്ചോ?
- രാഘവൻ:
- അതറിഞ്ഞിട്ടുവേണാ, നിനക്കു ചോദിക്കാൻ?
- ഭാരതി:
- ശാന്തയ്ക്കു കൊടുക്കാൻ തീരുമാനിച്ചാൽ എന്തുകൊണ്ടെനിക്കും തന്നുകൂടാ? (രാഘവൻ ഒന്നും മിണ്ടാതെ നടക്കുന്നു.) അച്ഛാ…
- രാഘവൻ:
- (തിരിഞ്ഞുനോക്കാതെ) ഉം?
- ഭാരതി:
- ശാന്ത ചോദിക്കാൻ പാടില്ലായിരുന്നു. എന്നാലും ചോദിച്ചില്ലേ? ഭാഗിച്ചു പിരിയുകയെന്ന ഒരാശയം അവൾ പുറത്താക്കികഴിഞ്ഞില്ലേ?
- ഭാരതി:
- (തിരിഞ്ഞുനിന്നു് ഗൗരവത്തിൽ) ശാന്തയുടെ കാര്യം വിടു്. നിനക്കു ഭാഗം വേണോ?
- രാഘവൻ:
- എല്ലാവരും വാങ്ങുമ്പോൾ ഞാനെന്തിനു നോക്കിനില്ക്കണം?
- ഭാരതി:
- പിന്നേം മറ്റുള്ളവരുടെ കാര്യം. മറ്റുള്ളവരെ അടിച്ചു പടിയിറക്കാനാണു് ഞാൻ വിചാരിച്ചതു്, നിന്നേയും അങ്ങനെ ചെയ്യണോ? ഒരേയൊരു ചോദ്യം. അതിനുത്തരമേ വേണ്ടൂ; നിനക്കു ഭാഗം വേണോ?
- ഭാരതി:
- (പരുങ്ങി, അച്ഛന്റെ മുഖത്തുനോക്കി എന്തു പറയണമെന്നറിയാതെ) വേണം… (ഒടുവിലത്തെ അക്ഷരം വ്യക്തമായി കേൾക്കാൻ കഴിയുന്നില്ല.)
- രാഘവൻ:
- എന്താ പറഞ്ഞതു്?
- ഭാരതി:
- (പ്രയാസപ്പെട്ടു് ചുണ്ടു നനച്ചു്, പതുക്കെ) വേണംന്നു്.
- ഭാരതി:
- ഇതിനാണോ നീ കരഞ്ഞതു്?
- ഭാരതി:
- ഭാഗം വാങ്ങാൻ കരഞ്ഞതല്ല ഭാഗം വാങ്ങി പിരിയേണ്ട കാര്യമാലോചിച്ചു കരഞ്ഞതാണു്.
- രാഘവൻ:
- (ഉള്ളിലെ വികാരങ്ങൾ മുഴുവനും ഒതുക്കിക്കൊണ്ടു്) മോളേ, നിന്റെ വിഷമം ഞാൻ മനസ്സിലാക്കുന്നുണ്ടു്. ഇക്കാര്യത്തിൽ നീ കടലിനും ചെകുത്താനും നടുവിലാണു്. എന്നെപ്പോലൊരച്ഛന്റെ മുഖത്തുനോക്കി ഭാഗം ചോദിക്കാൻ എത ബുദ്ധിശുന്യരായ മക്കളും ഒരുങ്ങില്ല. പക്ഷേ, നീ ഗതിമുട്ടിയവളാണു്. നിനക്കു നിന്റെ ഭർത്താവിനെ ഉപേക്ഷിക്കൻ വയ്യാ, അച്ഛനേം. ഈ ധർമ്മസങ്കടം മറ്റൊരാളോടു് തുറന്നുപറയാനും വയ്യാ.
- ഭാരതി:
- (അല്പനേരമായി ഒതുക്കിനിർത്തിയ ദുഃഖം പിന്നെയും അണപൊട്ടി പ്രവഹിക്കുന്നു. കണ്ണീരൊഴുക്കിക്കൊണ്ടു പറയുന്നു.) സഹിച്ചു സഹിച്ചു മതിയായച്ഛാ.
- രാഘവൻ:
- മനസ്സിലായി മോളെ. ചേർന്നു നില്ക്കുമ്പോൾ പിരിഞ്ഞു പോകുവാനുള്ള വാസന നമുക്കൊക്കെ സഹജമാണു്. കൂടുതൽ സുഖവും സന്തോഷവും തേടിപ്പോകാനുള്ള ബദ്ധപ്പാടിൽനിന്നാണതുണ്ടാവുന്നതു്.
- ഭാരതി:
- അല്ലച്ഛാ; അല്ല, ഒരിക്കലുമല്ല. സ്വർഗത്തിൽപ്പോയാലും ഇതിൽക്കൂടുതലായി സുഖമെനിക്കു കിട്ടില്ല.
- രാഘവൻ:
- സത്യം കേൾക്കൂ. തരാനുള്ളതു തന്നു നിങ്ങളെയൊക്കെ പിരിച്ചയച്ചാൽ എന്റെ ഭാരമൊഴിഞ്ഞു. മറ്റുള്ളവരുടെ ചുമതല കൈയേല്ക്കുന്നതു് ഒട്ടും സുഖകരമല്ല. എന്നിട്ടും ഞാനിതുപേക്ഷിക്കാത്തതെന്തന്നല്ലേ? മക്കളും മക്കളുടെ മക്കളുമടങ്ങിയ ഒരു വലിയ കുടുംബം ഏകയോഗക്ഷേമത്തോടെ കഴിഞ്ഞുകുടുന്നതു കാണാൻ നിങ്ങളുടെ മുത്തച്ഛൻ വളരെ കൊതിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ സ്വാർഥികളായ മക്കൾ ആ ആശയംതന്നെ തകർത്തുകളഞ്ഞു. നൈരാശ്യംകൊണ്ടദ്ദേഹത്തിന്റെ മനസ്സിടിഞ്ഞു. കാലക്രമത്തിലദ്ദേഹം ഒരു ഭ്രാന്തനായി മാറി.
- ഭാരതി:
- അച്ഛാ എന്നെ തെറ്റിദ്ധരിക്കരുതു്. ഞാനിതു സ്വാർഥം കൊണ്ടു പറഞ്ഞതല്ല. ശാന്ത പറഞ്ഞതും സ്വാർഥംകൊണ്ടാണെന്നച്ഛൻ വിചാരിക്കരുതു്.
- രാഘവൻ:
- മുഴുവനും കേൾക്കൂ. നിങ്ങളുടെ മുത്തച്ഛൻ പരാജയപ്പെട്ട സ്ഥലത്തു് എനിക്കു വിജയിക്കണമെന്നുണ്ടു്. വേർപിരിയാനുള്ള മോഹം അനൈക്യത്തിന്റെ വിഷക്കാറ്റാണു് നാട്ടിൽ പരത്തുന്നതു്. കുടുംബത്തിൽ വെച്ചു തന്നെ അതിന്റെ മുള നുള്ളിക്കളയണം. ഈ ആശയം വീട്ടിന്റെ നാലു ചുമരുകൾക്കപ്പുറത്തു കടക്കുമ്പോൾ കൊള്ളയും കൊലയും തീവെപ്പുമായിമാറുന്നു; നാട്ടിന്റെ സമാധാനം നശിപ്പിക്കുന്നു. നമ്മുടെ കൺമുമ്പിൽ പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ള സത്യങ്ങളാണിവ. (മിണ്ടാതെ തെല്ലിട നടക്കുന്നു. തിരിച്ചുവരുന്നു.) ഈ തെറ്റു ചെയ്യാൻ അറിഞ്ഞുകൊണ്ടു ഞാൻ നിങ്ങളെ അനുവദിക്കുകയില്ല. എന്താവശ്യമുണ്ടോ, അതു തരാം. എന്തസുഖമുണ്ടോ, അതു തീർക്കാം. സ്വാർഥത്തിനുവേണ്ടി സ്നേഹബന്ധങ്ങളെ ബലികഴിക്കുന്ന ഈ സമ്പ്രദായം മരണംവരെ ഞാനനുവദിക്കില്ല. (ഈ സംഭാഷണം ഏതാണ്ടു പകുതിയാവുമ്പോൾ ശാന്ത വാതിലിനടുത്തു വന്നു നില്ക്കണം; ശ്രദ്ധിക്കണം.)
- ഭാരതി:
- ഈശ്വരാ! (കരയുന്നു) ഞാനച്ഛനോടു സ്നേഹമില്ലാഞ്ഞിട്ടു പറഞ്ഞതല്ല. അച്ഛാ, അച്ഛനെന്നെ തെറ്റിദ്ധരിക്കുന്നു. ഇതെന്റെ സ്വാർഥമല്ല. ഞാൻ കുടുതൽ സുഖത്തിനു കൊതിക്കുന്നതുമല്ല: എന്റെ കുട്ടികളുടെ അച്ഛനെ ഓർത്തുമാത്രം പറഞ്ഞതാണു്.
- രാഘവൻ:
- (കഴിയുന്നതും ശാന്തനാവാൻ ശ്രമിച്ചുകൊണ്ടു്) മോളേ, ഞാനാരേം വെറുക്കാൻ പഠിച്ചിട്ടില്ല. അതുപോലെ എന്റെ മക്കളും മറ്റുള്ളവരെ വെറുക്കരുതു്. മനസ്സിലായോ? (അകത്തേക്കു പോകുന്നു.)
- ഭാരതി:
- (തേങ്ങിക്കരഞ്ഞുകൊണ്ടു്) ഓ! ഞാനിതെങ്ങനെ സഹിക്കും? ഈശ്വരനെപ്പോലെയുള്ള എന്റെ അച്ഛൻ എന്നെ തെറ്റിദ്ധരിച്ചില്ലേ? (വീണ്ടും സഹിക്കാത്ത ദുഃഖത്തോടെ മുഖം പൊത്തി കരയുന്നു.)
- ഭാരതി:
- (പുറത്തേക്കു കടന്നുവരുന്നു. ഭാരതിയുടെ അടുത്തുവന്നു് പതുക്കെ വിളിക്കുന്നു.) ഏടത്തീ… ഏടത്തീ…
- ഭാരതി:
- എന്റെ സർവസ്വവും ഞാൻ നശിപ്പിച്ചു ശാന്തേ.
- ശാന്ത:
- അച്ഛൻ ശുണ്ഠിവന്നപോലെ സംസാരിക്കുന്നതു കേട്ടല്ലോ. ഒരിക്കലും പതിവില്ലാത്തതാണു്. ഏട്ടത്തി ഭാഗത്തിന്റെ കാര്യം പറഞ്ഞു, ഇല്ലേ?
- ഭാരതി:
- പറഞ്ഞു.
- ശാന്ത:
- അതെന്തിനേട്ടത്തീ? അച്ഛനതിഷ്ടമാവില്ലെന്നറിഞ്ഞു കൂടേ?
- ഭാരതി:
- അതറിഞ്ഞുകൊണ്ടുതന്നെയല്ലേ നീയും ചോദിച്ചതു്?
- ശാന്ത:
- (തെല്ലൊരമ്പരപ്പോടെ) ഞാനോ?
- ഭാരതി:
- എന്താ സംശയം?
- ശാന്ത:
- ഞാൻ ചോദിച്ചിട്ടില്ല ഇനി ചോദിക്കുകയുമില്ല.
- ഭാരതി:
- (മുഖത്തെ ദുഃഖഭാവം മാറുന്നു. അവിടെ സംശയവും വെറുപ്പും നിഴലിക്കുന്നു.) എന്തു്? നീ ചോദിച്ചില്ലേ?
- ശാന്ത:
- ഇല്ലേട്ടത്തീ.
- ഭാരതി:
- സത്യമാണോ നീയി പറഞ്ഞതു്?
- ശാന്ത:
- അതേ.
- ഭാരതി:
- നന്നായി! നീയെന്നെ ചതിച്ചു, ശാന്തേ.
- ശാന്ത:
- ഞാനോ?
- ഭാരതി:
- അതേ, നീയാണെന്നെ നശിപ്പിച്ചതു്. ഈ ആശയത്തിനു് ആദ്യം രുപംകൊടുത്തതു് നീയാണു്.
- ശാന്ത:
- ഏട്ടത്തിയുടെ കഷ്ടപ്പാടു് കണ്ടപ്പോൾ ഞാനങ്ങനെ പറഞ്ഞതാണു്.
- ഭാരതി:
- അന്നു സർവശക്തിയുമുപയമോഗിച്ചു ഞാനതിനെ എതിർത്തില്ലേ? അപ്പോൾ നീ ന്യായവാദംകൊണ്ടെന്നെ കീഴടക്കി. എനിക്കുവേണ്ടി ത്യാഗം സഹിക്കുകയാണെന്നുവരെ നീ പറഞ്ഞു. ഈ കൊടും ചതി ചെയ്യണ്ടായിരുന്നു ശാന്തേ.
- ശാന്ത:
- ആത്മാർഥമായി എട്ടത്തിയെ സഹായിക്കണമെന്നു ഞാനാശിച്ചു.
- ഭാരതി:
- നിന്റെ ആത്മാർഥത എന്നെ നരകത്തിലെത്തിച്ചു. മിനിയുടെ അച്ഛൻ എത്ര നിർബന്ധിച്ചിട്ടും ഞാൻ വഴങ്ങിയിരുന്നില്ല. ഒടുവിൽ നീ ഭംഗിവാക്കുമായി എന്നെ സഹായിക്കാനെത്തി.
- ശാന്ത:
- അച്ഛനോടു പറയുന്നതിനുമുൻപു്. ഏട്ടത്തിക്കു് ഒരു വാക്കെന്നോടു ചോദിക്കാമായിരുന്നില്ലേ?
- ഭാരതി:
- നീയെന്നെ ചതിക്കുകയാണെന്നു ഞാൻ മനസ്സിലാക്കിയില്ല.
- ശാന്ത:
- (അക്ഷമയോടെ) ഇതിലെന്തു ചതിയാണേട്ടത്തീ?
- ഭാരതി:
- (അതിലേറെ അക്ഷമയോടെ) ഇതിൽ ചതിയേയുള്ളൂ. കൊടും ചതി. (മുഖത്തു വെറുപ്പു കൂടുതൽ പ്രകടമാവുന്നു.) ഈ കരിമരുന്നറയ്ക്കു തീക്കൊളുത്തിയതു നീയാണു്. ഇനി രക്ഷപ്പെടാമെന്നു നീ കരുതേണ്ടാ. തടുത്താൽ നില്ക്കാത്തവിധം കാര്യങ്ങൾ നീങ്ങിക്കഴിഞ്ഞു. (ശാന്തയുടെ കൈക്കു കേറിപ്പിടിക്കുന്നു.) വരൂ, നിന്നെ വെറുതെ വിടില്ല.
- ശാന്ത:
- (പരുങ്ങി) എവിടേക്കു്?
- ഭാരതി:
- അച്ഛന്റടുക്കലേക്കു്.
- ശാന്ത:
- എന്തിനു്?
- ഭാരതി:
- ഭാഗം ചോദിക്കാൻ.
- ശാന്ത:
- ഞാൻ വരില്ല; ചോദിക്കില്ല.
- ഭാരതി:
- (കൈ പിടിച്ചുവലിച്ചുകൊണ്ടു്) വരണം, ചോദിക്കണം.
- ശാന്ത:
- അച്ഛന്റെ അടുത്തുചെന്നു ഭാഗം ചോദിച്ച വിവരമറിഞ്ഞാൽ അദ്ദേഹമെന്നെ കൊല്ലും.
- ഭാരതി:
- (തന്നത്താൻ മറന്നപോലെ) അതുപോലെ എനിക്കുമുണ്ടൊരദ്ദേഹം. അദ്ദേഹത്തിനു വേണ്ടിയാണു് ഞാൻ ചോദിച്ചതു്; അതും നിന്റെ വാക്കുകേട്ടു്. വരു, ഇപ്പോൾ ചോദിക്കണം.
- ശാന്ത:
- വയ്യാ.
- ഭാരതി:
- നിന്നെ ഞാൻ വിടില്ല. (അങ്ങട്ടുമിങ്ങട്ടും പിടിയും വലിയും നടക്കുന്നു.)
- ശാന്ത:
- (കരയാറായ മട്ടിൽ) വിടൂ, ഏട്ടത്തീ.
- ഭാരതി:
- (ഉറക്കെ) വിടില്ല. എന്നെ നശിപ്പിച്ചു സ്നേഹമുള്ള മകളായി ഇവിടെ ഞെളിഞ്ഞുനടക്കുക പാടില്ല. അച്ഛന്റെ മുൻപിൽ നീയും എന്നെപ്പോലെ കുറ്റക്കാരിയാവണം-വരൂ.
- ശാന്ത:
- (തൊണ്ടയിടറിക്കൊണ്ടു്) ഈ ഏട്ടത്തിക്കു ഭ്രാന്തായിപ്പോയോ?
- ഭാരതി:
- അതേ, എനിക്കു ഭ്രാന്താണു്.
- ശാന്ത:
- എന്റെ കൈ വേദനിക്കുന്നു. ഇതു കണ്ടോ അമ്മേ… അയ്യോ… എനിക്കു വേദനിക്കുന്നു.
- ലക്ഷ്മിക്കുട്ടിയമ്മ:
- (അകത്തുനിന്നു്) എന്താ, എന്താ, അവിടെ ഒരു ബഹളം?
ഭാരതി ശാന്തയെ ബലം പ്രയോഗിച്ചു് കൊണ്ടുപോകാനുള്ള ശ്രമമാണു്. ബഹളത്തിനിടയിൽ ലക്ഷ്മിക്കുട്ടിയമ്മ ബദ്ധപ്പെട്ടു വരുന്നു.
- ലക്ഷ്മിക്കുട്ടിയമ്മ:
- എന്താ മക്കളേ, ഈ കാണിക്കുന്നതു്?
- ശാന്ത:
- (കരഞ്ഞുകൊണ്ടു്) ഇതു കണ്ടോ, അമ്മേ?
- ലക്ഷ്മിക്കുട്ടിയമ്മ:
- (ശുണ്ഠിയോടെ) ഭാരതീ, അവളുടെ കൈ വിടൂ.
- ഭാരതി:
- (ആ ശബ്ദം കേട്ടു് അമ്മയെ നോക്കി അനങ്ങാതെ നില്ക്കുന്നു. പിന്നെ ശാന്തയുടെ കൈ വിട്ടു ലക്ഷ്മിക്കുട്ടിയമ്മയുടെ കഴുത്തിൽ കൈചേർത്തു കരയുന്നു.) അമ്മേ…
—യവനിക—