മരിച്ചുപോയ ജാനകി അമ്മയുടെ ശയനമുറി.
രണ്ടാംരംഗത്തിലെന്നപോലെ സകല വസ്തുക്കളും അവിടെയുണ്ടു്. മീനാക്ഷി അമ്മ മരുന്നു കുപ്പികൾ വെച്ച മേശപ്പുറത്തു് കൈയൂന്നി വിദൂരതയിലേക്കു നോക്കി എന്തോ ആലോചിച്ചുകൊണ്ടു് നില്ക്കുന്നു. അല്പം കഴിഞ്ഞപ്പോൾ നാണിക്കുട്ടി ഒരു പീഞ്ഞപ്പെട്ടിയുമായി കടന്നുവരുന്നു.
- മീനാക്ഷി അമ്മ:
- അതിവിടെ വെയ്ക്കൂ.
നാണിക്കുട്ടി പീഞ്ഞപ്പെട്ടി മീനാക്ഷി അമ്മയുടെ മുമ്പിൽ വെക്കുന്നു.
- മീനാക്ഷി അമ്മ:
- വേലായുധനെവിടെ പെണ്ണേ?
- നാണിക്കുട്ടി:
- അച്ഛൻ അപ്പുറത്തുണ്ടു്.
- മീനാക്ഷി അമ്മ:
- നീ പോയി അവനെ വിളിച്ചുകൊണ്ടുവരൂ.
നാണിക്കുട്ടി പോകുന്നു. മീനാക്ഷി അമ്മ മരുന്നുകുപ്പികളിൽ ഒരെണ്ണമെടുത്തു് പീഞ്ഞപ്പെട്ടിയിൽ വെക്കാൻ തുടങ്ങുന്നു. അല്പനേരം ആലോചിച്ചു അതു വീണ്ടും മേശപ്പുറത്തുതന്നെ പഴയപടി വെക്കുന്നു. തീരെ സുഖമില്ലാത്ത മട്ടിൽ കട്ടിലിൽ ചെന്നിരിക്കുന്നു. നെറ്റിത്തടം കൈകൊണ്ടു താങ്ങുന്നു.
- പ്രഭാകരൻ:
- (വിളിച്ചുകൊണ്ടു് വരുന്നു) അമ്മേ, അമ്മേ.
മീനാക്ഷി അമ്മ കേൾക്കുന്നില്ല.
- പ്രഭാകരൻ:
- (മീനാക്ഷി അമ്മയുടെ ഇരിപ്പുകണ്ടു് തെല്ലൊന്നമ്പരക്കുന്നു. കുറച്ചിട മിണ്ടാതെ നില്ക്കുന്നു. പിന്നീടു് അടുത്തേക്കു ചെല്ലുന്നു.) എന്താണമ്മേ?
- മീനാക്ഷി അമ്മ:
- (ഞെട്ടി തലയുയർത്തി നോക്കുന്നു.) ആരു്? പ്രഭയോ? എന്താ പ്രഭേ?
- പ്രഭാകരൻ:
- അമ്മ തപസ്സിനു വന്നതാണില്ലേ? അല്ലമ്മേ, ഞാൻ ചോദിക്കട്ടെ, എത്ര കൊല്ലമായി അമ്മയിതാരംഭിച്ചിട്ടു്? ഇതിനൊരവസാനമില്ലേ ഇതുകൊണ്ടു് ആർക്കെങ്കിലുമുണ്ടോ ഒരു ഗുണം?
മീനാക്ഷി അമ്മ എഴുന്നേല്ക്കുന്നു.
- പ്രഭാകരൻ:
- മരിച്ചവരെച്ചൊല്ലി ദുഃഖിക്കരുതെന്നാണു് പ്രമാണം. മരിച്ചവർക്കുവേണ്ടി ഈ ഭുമിയിലെ എല്ലാവരുമിങ്ങനെ ദുഃഖിക്കാൻ തുടങ്ങിയാൽ എന്താണു് ഗതി? മനുഷ്യസമുദായം എന്തുപോലെയിരിക്കും? എല്ലാവരും മുഖം ചുളിച്ചു കണ്ണിൽ വെള്ളം നിറച്ചു നെടുവീർപ്പുമായങ്ങനെ നടക്കാൻ തുടങ്ങിയാൽ കേമമായി. അമ്മേ, മറക്കേണ്ടതു് മറക്കണം.
- മീനാക്ഷി അമ്മ:
- പ്രഭേ, ഞാനതിനാണു് പരിശ്രമിക്കുന്നതു്; എല്ലാം മറക്കാൻ.
- പ്രഭാകരൻ:
- എന്നാൽ ഇന്നത്തെ എല്ലാ കുഴപ്പങ്ങളും അമ്മയ്ക്കു തീരും.
- മീനാക്ഷി അമ്മ:
- എന്റെ കുഴപ്പങ്ങൾ തീർന്നാൽ പോരല്ലോ?
- പ്രഭാകരൻ:
- പിന്നെ? വേറെ എന്തു കുഴപ്പമാണിവിടെ?
- മീനാക്ഷി അമ്മ:
- ഇല്ല; ഒന്നുമില്ല. ഉണ്ടായിട്ടു പറഞ്ഞതല്ല.
- പ്രഭാകരൻ:
- ഈ മുറിയാണു് കുഴപ്പം.
മീനാക്ഷി അമ്മ മൂളുന്നു.
- പ്രഭാകരൻ:
- അല്ലേ അമ്മേ?
മീനാക്ഷി അമ്മ മിണ്ടുന്നില്ല.
- പ്രഭാകരൻ:
- എല്ലാ കുഴപ്പങ്ങളും ഈ മുറികൊണ്ടാണുണ്ടാകുന്നതു്. ഇതിങ്ങനെ നിലനില്ക്കുമ്പോൾ ഇടയ്ക്കിടെ ഇവിടെ കടന്നുവരാൻ അമ്മയ്ക്കു തോന്നും. ഇവിടെ വന്നാൽ പഴയസ്മരണകൾ ഓരോന്നു മുളച്ചുവരും. അമ്മ ദുഃഖിക്കാൻ തുടങ്ങും. ഈ സമ്പ്രദായം ആരംഭിച്ചിട്ടു് ഇരുപത്തഞ്ചു് കൊല്ലമായില്ലേ അമ്മേ! എന്താ അമ്മ മിണ്ടാത്തതു്?
- മീനാക്ഷി അമ്മ:
- ഒന്നുമില്ല, പ്രഭേ.
- പ്രഭാകരൻ:
- ഞാൻ പറയുന്നതു് ശരിയല്ലെ? അമ്മേ ഇടയ്ക്കിടെ ഇവിടെ വരാൻ അമ്മയ്ക്കു തോന്നാറില്ലേ.
- മീനാക്ഷി അമ്മ:
- ഉണ്ടു്.
- പ്രഭാകരൻ:
- ഇവിടെ കടന്നുവന്നു ഈ കട്ടിൽ കാണുമ്പോൾ അമ്മയ്ക്കെന്താണു് തോന്നുന്നതു്? അമ്മേ, വരു നമുക്കു പുറത്തേക്കു പോകാം. ഈ മുറി പൂട്ടിക്കളയു. ഇതിനി തുറക്കേണ്ട; ഇതിലിനി ആരും കടക്കേണ്ട.
- മീനാക്ഷി അമ്മ:
- അതിലും ഭേദം ഇതിൽനിന്നു് ഈ സ്മാരകങ്ങളൊക്കെ എടുത്തു് മാറ്റുകയല്ലേ?
- പ്രഭാകരൻ:
- വേണ്ടമ്മേ.
- മീനാക്ഷി അമ്മ:
- അതാണു നല്ലതു്.
- പ്രഭാകരൻ:
- അതമ്മയുടെ മനസ്സിനെ കൂടുതൽ വേദനിപ്പിക്കും.
- മീനാക്ഷി അമ്മ:
- സാരമില്ല.
- പ്രഭാകരൻ:
- അമ്മ വേദനിക്കുന്നതു സാരമില്ലേ! ഏറ്റവും നല്ല ഉപായം ഞാൻ പറഞ്ഞതാണു്. അടച്ചുപൂട്ടിട്ടേയ്ക്കുക.
- മീനാക്ഷി അമ്മ:
- വല്ലവർക്കും ഉപയോഗിക്കാൻ പാകത്തിൽ തുറന്നിടുകയല്ലേ നല്ലതു്?
- പ്രഭാകരൻ:
- നല്ലതാണു്… പക്ഷേ… (ആഗ്രഹം അതാണെങ്കിലും അതു പറയാനുള്ള തന്റേടമില്ല. അല്പം ആലോചിക്കുന്നു) വേണ്ടമ്മേ… പൂട്ടിയിടാം… ഈ സ്മാരകങ്ങളൊക്കെ നീക്കിക്കളയുമ്പോൾ അമ്മ കൂടുതൽ വേദനിച്ചാലോ? ഏതായാലും അങ്ങനെയൊന്നു പരീക്ഷിക്കാൻ ഒരുങ്ങേണ്ട. പൂട്ടിയിട്ടു് നാലോ അഞ്ചോ ദിവസം തുടർച്ചയായിട്ടിതിൽ കടന്നില്ലെങ്കിൽ അമ്മയ്ക്കു് എന്തു മാറ്റമാണുണ്ടാവുകയെന്നു നോക്കാം. എന്നിട്ടു് ഇഷ്ടംപോലെ ചെയ്യാം… എന്താണമ്മേ, അതല്ലേ നല്ലതു്?
- മീനാക്ഷി അമ്മ:
- ആട്ടെ, അതെന്തെങ്കിലും ചെയ്യാം. എനിക്കു മറ്റൊരു കാര്യം പറയാനുണ്ടു്.
- പ്രഭാകരൻ:
- എന്താണമ്മേ?
- മീനാക്ഷി അമ്മ:
- ഞാൻ നിന്റെ പെറ്റമ്മയല്ലെന്നു നിനക്കറിഞ്ഞുകൂടേ?
- പ്രഭാകരൻ:
- അറിഞ്ഞുകൂടാ.
- മീനാക്ഷി അമ്മ:
- നിന്നെ പ്രസവിച്ചതു് എന്റെ അനിയത്തിയാണെന്നു് ഞാൻ നിന്നോടു പറഞ്ഞിട്ടില്ലേ?
- പ്രഭാകരൻ:
- അതുകൊണ്ടു്?
- മീനാക്ഷി അമ്മ:
- ആ അനിയത്തിയുടെ സ്മാരകമാണു് ഈ മുറിയെന്നു് നീ മറക്കരുതു്.
- പ്രഭാകരൻ:
- (ആലോചിച്ചു്) അതെ, ഇതു് അമ്മയുടെ അനുജത്തിയുടെ സ്മാരകമാണു്; അതു് ഞാൻ മറന്നിട്ടില്ലല്ലോ.
- മീനാക്ഷി അമ്മ:
- എന്റെ അനിയത്തി എന്നു പറഞ്ഞാൽ നിന്റെ അമ്മ.
- പ്രഭാകരൻ:
- ആയിരിക്കാം.
- മീനാക്ഷി അമ്മ:
- അതാണോ പിന്നേയും പറയുന്നതു്! ഇതു് നിന്റെ അമ്മയുടേതാണു്. ഇതു് വേണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു നീയാണു്; ഞാനല്ല.
- പ്രഭാകരൻ:
- ഞാനല്ല; അമ്മയാണു്.
- മീനാക്ഷി അമ്മ:
- അല്ല പ്രഭേ, ഈ സ്മാരകം ഞാൻ ഇവിടെ നിലനിർത്തിയതു് നിന്റെ ആവശ്യത്തിനാണു്.
- പ്രഭാകരൻ:
- എന്റെ ആവശ്യത്തിനോ? എനിക്കെന്താവശ്യം?
- മീനാക്ഷി അമ്മ:
- ആർക്കും പെറ്റമ്മയെക്കുറിചുളള ഏതു സ്മരണയും പ്രിയതരമാണു്. ഒരു ചോരക്കുഞ്ഞായ നാളിൽ നിന്റെ അമ്മ നിന്നെ വിട്ടുപിരിഞ്ഞു. വലുതായാൽ നിനക്കു നിന്റെ അമ്മയെക്കുറിച്ചുള്ള വിചാരം വരുമെന്നും, അന്നു ഒരാരാധനാസ്ഥലംപോലെ നീയിതുപയോഗിക്കുന്നതു് കണ്ടു് എനിക്കു സന്തോഷിക്കാമെന്നും ഞാൻ കരുതി.
- പ്രഭാകരൻ:
- എനിക്കമ്മ പറയുന്നതു് മനസ്സിലാവുന്നില്ല. ഇരുപത്തഞ്ചുകൊല്ലം ക്ലേശിച്ചു വളർത്തിയ ഒരമ്മ അടുത്തു് നില്ക്കുമ്പോൾ ഒരിക്കലും കാണുകയോ കേൾക്കുകയോ ചെയ്യാത്ത മറ്റൊരമ്മയെ ഞാൻ എങ്ങനെ സ്മരിക്കും? വേണ്ടമ്മേ, എനിക്കിനി അത്തരമൊരു സ്മരണ വേണ്ട.
മീനാക്ഷി അമ്മ അമ്പരന്നു നോക്കുന്നു.
- പ്രഭാകരൻ:
- അമ്മ എനിക്കുവേണ്ടിയാണു് ഈ ബുദ്ധിമുട്ടിതുവരെ സഹിച്ചെന്നു ഞാനറിഞ്ഞില്ല.
- മീനാക്ഷി അമ്മ:
- ഇപ്പോൾ അറിഞ്ഞില്ലേ?
- പ്രഭാകരൻ:
- അറിഞ്ഞതുകൊണ്ടൊരു പ്രയോജനവുമില്ല.
- മീനാക്ഷി അമ്മ:
- എന്തോ.
- പ്രഭാകരൻ:
- അമ്മയ്ക്കു അമ്മയുടെ അനുജത്തിയുടെ സ്മാരകമായിട്ടു് ഞാനില്ലേ?
- മീനാക്ഷി അമ്മ:
- ഉണ്ടു്.
- പ്രഭാകരൻ:
- എനിക്കീ അമ്മയുള്ളപ്പോൾ (ചേർന്നുനില്ക്കുന്നു) മറ്റു യാതൊന്നും ആവശ്യമില്ല.
- മീനാക്ഷി അമ്മ:
- (ആലോചനാമഗ്നയായി മുളുന്നു) ഉം…
- പ്രഭാകരൻ:
- ഇനിയീ മുറി പുട്ടിയിടുന്നതിലെന്താണമ്മേ വിരോധം?
- മീനാക്ഷി അമ്മ:
- ഞാൻ ആലോചിക്കട്ടെ. തല്കാലം എനിക്കൊന്നും പറയാൻ വയ്യ. കുറച്ചു കഴിഞ്ഞു പറയാം, പ്രഭ തല്കാലം പോയ്ക്കോളൂ.
- പ്രഭാകരൻ:
- അമ്മ ഇവിടെയിരുന്നാണോ ആലോചിക്കാൻ പോവുന്നതു്? (പോകാൻ ഭാവിച്ചുകൊണ്ടു്) അതു് നടപ്പില്ലാത്ത കാര്യമാണമ്മേ. (പോകുന്നു.)
മീനാക്ഷി അമ്മ വീണ്ടും മേശയുടെ അടുത്തു് ചെന്നു നില്ക്കുന്നു. ആലോചിക്കുന്നു. എന്നിട്ടു് മേശപ്പുറത്തെ കുപ്പികൾ ഓരോന്നായെടുത്തു പീഞ്ഞപ്പെട്ടിയിൽ വെക്കാൻ തുടങ്ങുന്നു.
- വേലായുധൻ നായർ:
- (കടന്നുവന്നു) എന്നെ വിളിച്ചോ?
- മീനാക്ഷി അമ്മ:
- വിളിച്ചു.
- വേലായുധൻ നായർ:
- എന്തായിരുന്നു?
- മീനാക്ഷി അമ്മ:
- ഈ മുറിയിനിന്നു ഇതൊക്കെ എടുത്തമാറ്റാൻ തീരുമാനിച്ചിരിക്കയാണു്.
- വേലായുധൻ നായർ:
- (അദ്ഭുതത്തോടെ) ഇതൊക്കെ എടുത്തുമാറ്റുകയോ?
- മീനാക്ഷി അമ്മ:
- അതെ (മുഖത്തെ ഗൗരവം കൂടുതലാകുന്നു.)
- വേലായുധൻ നായർ:
- എന്തിനേ ഇതൊക്കെ എടുത്തു മാറ്റുന്നതു്?
- മീനാക്ഷി അമ്മ:
- എന്തിനെന്നു പറയാൻ എനിക്കുതന്നെ ആവില്ല. എന്നാലും എടുത്തുമാറ്റാൻ തീരുമാനിച്ചു.
- വേലായുധൻ നായർ:
- (പതുക്കെ) എന്നിട്ടു്?
- മീനാക്ഷി അമ്മ:
- എന്തു്?
- വേലായുധൻ നായർ:
- എന്നിട്ടീ മുറി എന്തു ചെയ്യാനാണുദ്ദേശിക്കുന്നതു്?
- മീനാക്ഷി അമ്മ:
- ഒന്നും ചെയ്യാൻ ഉദ്ദേശമില്ല. ജാലകവും വാതിലുമൊക്കെ തുറന്നിടും. കാറ്റും വെളിച്ചവും കടക്കട്ടെ.
- വേലായുധൻ നായർ:
- എന്തൊക്കെയാണു പറയുന്നതു്?
- മീനാക്ഷി അമ്മ:
- വേലായുധനു് മനസ്സിലായില്ലേ?
- വേലായുധൻ നായർ:
- പറഞ്ഞതു മനസ്സിലായി. പക്ഷേ അങ്ങനെ പറയാനുള്ള കാരണം മനസ്സിലായില്ല.
- മീനാക്ഷി അമ്മ:
- കാരണം യാതൊന്നുമില്ല. ഈ കട്ടിലും മേശയും അളമാരിയുമൊക്കെ വേഗത്തിൽ എടുത്തു മാറ്റണം. കുപ്പികളൊക്കെയും ഈ പെട്ടിയിൽ വെച്ചോളൂ. ഇതു് പറയാനാണു് വേലായുധനെ വിളിച്ചതു്. ഒട്ടും താമസിക്കരുതു്… നേരം സന്ധ്യയായി. എനിക്കു നാമം ജപിക്കണം. ഞാനങ്ങട്ടു പോട്ടെ… (പോകാൻ തുടങ്ങുന്നു.)
വേലായുധൻ നായർ അന്തംവിട്ടു നില്ക്കുന്നു.
- മീനാക്ഷി അമ്മ:
- (രണ്ടുനാലടി നടന്നു തിരിച്ചുവരുന്നു) എന്താ വേലായുധാ, മിഴിച്ചു നില്ക്കുന്നതു്?
- വേലായുധൻ നായർ:
- (ഞെട്ടി) ഒന്നുമില്ല. (ജോലി ചെയ്യാൻ ആരംഭിക്കുന്നു.)
- മീനാക്ഷി അമ്മ:
- നില്ക്കൂ. ഞാനൊന്നു ചോദിക്കുട്ടെ.
- വേലായുധൻ നായർ:
- എന്താ?
- മീനാക്ഷി അമ്മ:
- എവിടെ നാണിക്കുട്ടി?
- വേലായുധൻ നായർ:
- അടുക്കളേലാണെന്നു തോന്നുന്നു. വിളിക്കണോ?
- മീനാക്ഷി അമ്മ:
- വേണ്ട.
- വേലായുധൻ നായർ:
- പിന്നെ… (ചോദിക്കാൻ ഭാവിക്കുന്നു. മടിച്ചു നില്ക്കുന്നു.)
- മീനാക്ഷി അമ്മ:
- (പെട്ടെന്നിടയിൽ കേറി) അപ്പോ വേലായുധാ, നാണിക്കുട്ടി അവളുടെ അമ്മയെപ്പറ്റി ഒന്നും ചോദിക്കാറില്ല?
- വേലായുധൻ നായർ:
- (അല്പമൊരമ്പരപ്പോടെ) അവളുടെ അമ്മയെപ്പറ്റിയോ?
- മീനാക്ഷി അമ്മ:
- അതെ.
- വേലായുധൻ നായർ:
- അവൾക്കു് അങ്ങനെ ഒരു കഥതന്നെ അറിയില്ല. അമ്മയ്ക്കോർമ്മയില്ലേ, അന്നവൾ നന്നേ ചെറിയ കുട്ടിയായിരുന്നല്ലോ.
- മീനാക്ഷി അമ്മ:
- അതെനിക്കോർമ്മയുണ്ടു്. എന്നാലും അവളുടെ അമ്മയെപ്പറ്റി വല്ലതുമൊക്കെ അറിയാൻ അവൾക്കിഷ്ടം തോന്നാറില്ലേ?
- വേലായുധൻ നായർ:
- ഇടയ്ക്കു ചിലതൊക്കെ ചോദിക്കും.
- മീനാക്ഷി അമ്മ:
- എന്തു്? എന്താ ചോദിക്കാറു്?
- വേലായുധൻ നായർ:
- അമ്മ തടിച്ചിട്ടായിരുന്നോ? വെളുത്തിട്ടായിരുന്നോ? തലമുടി ഒരുപാടുണ്ടായിരുന്നോ? എന്നൊക്കെ. അതു ചോദിക്കാൻ തുടങ്ങിയാൽ ഞാൻ ദേഷ്യപ്പെടും.
- മീനാക്ഷി അമ്മ:
- അതെന്തിനു വേലായുധാ?
- വേലായുധൻ നായർ:
- എന്തിനു് വേണ്ടാത്ത കാര്യങ്ങൾ അറിയുന്നു.
- മീനാക്ഷി അമ്മ:
- അവനവന്റെ അമ്മയെപ്പറ്റിയുള്ള കാര്യങ്ങൾ വേണ്ടാത്തതാണോ?
- വേലായുധൻ നായർ:
- മരിച്ചവരെപ്പറ്റി? അങ്ങനെ ഓരോന്നു ചോദിച്ചറിയുന്നതു് നന്നല്ല. പിന്നീടു് കുട്ടിക്കതിനെപ്പറ്റി വിചാരമാകും.
- മീനാക്ഷി അമ്മ:
- കണ്ടില്ലെങ്കിലും അവൾക്കുവളുടെ അമ്മയെപ്പറ്റി വിചാരമുണ്ടാവില്ലേ?
- വേലായുധൻ നായർ:
- അതില്ലാതിരിക്ക്യോ? പെറ്റമ്മയല്ലേ? ഏതായാലും ആ രക്തബന്ധം മറക്കാൻ സാധിക്ക്യോ?
- മീനാക്ഷി അമ്മ:
- (വിചാരമഗ്നയായി മൂളുന്നു) ഉം. ശരിയാ നീ പറഞ്ഞതു്. രക്തബന്ധത്തിനു ശക്തി കൂടും, അവളുടെ അമ്മ മരിച്ചുപോയതാണെന്നു് അവൾക്കറിയില്ലേ?
- വേലായുധൻ നായർ:
- അതൊക്കെ അറിയും.
- മീനാക്ഷി അമ്മ:
- വേലായുധൻ പറഞ്ഞുകൊടുത്തതാണോ?
- വേലായുധൻ നായർ:
- ഞാൻ പറഞ്ഞില്ല. എന്നാലും അവളതൊക്കെ എങ്ങനെയോ മനസ്സിലാക്കീട്ടുണ്ടു്.
- മീനാക്ഷി അമ്മ:
- ആരെങ്കിലും പറയാതിരിക്കില്ല.
- വേലായുധൻ നായർ:
- എന്തേ ഇപ്പളിതു് ചോദിക്കാൻ?
- മീനാക്ഷി അമ്മ:
- ഒന്നൂല്ല… ഓരോ കാര്യങ്ങൾ വിചാരിച്ചപ്പോൾ കഴിഞ്ഞതൊക്കെ ഓർമ്മ വന്നു. കൂട്ടത്തിൽ, നാണിക്കുട്ടിയുടെ അമ്മയെപ്പറ്റിയും. അതുകൊണ്ടു ചോദിച്ചു. അത്രതന്നെ… (മിണ്ടാതെ തെല്ലിട നില്ക്കുന്നു.) അപ്പോൾ വേലായുധാ.
വേലായുധൻ നായർ മീനാക്ഷി അമ്മയുടെ മുഖത്തേക്കു നോക്കുന്നു. മീനാക്ഷി അമ്മ എന്തോ പറയാൻ ഭാവിച്ചും, മടിച്ചും ധർമസങ്കടത്തിൽ പെട്ടപോലെ കഴിക്കുന്നു.
- വേലായുധൻ നായർ:
- എന്തേ പറയാൻ ഭാവിച്ചതു്?
- മീനാക്ഷി അമ്മ:
- ഏങ്? ഒന്നുമില്ല. പിന്നെ വേലായുധൻ വേഗത്തിൽ ഈ മുറിയിലെ സാധനങ്ങളൊക്കെ എടുത്തുമാറ്റി ഇതൊഴിച്ചുവെയ്ക്കൂ. എന്നിട്ടു് എന്നെ വിവരമറിയിക്കൂ. (വേഗത്തിൽ നടന്നുപോകുന്നു.)
വേലായുധൻ നായർ തെല്ലിട സംശയിച്ചു നില്ക്കുന്നു. പിന്നീടു് തിരിച്ചുവന്നു് കട്ടിലിലെ കിടക്ക മടക്കാൻ തുടങ്ങുന്നു.
—യവനിക—