നാണിക്കുട്ടി മേശപ്പുറത്തുള്ള പൂക്കൾ കോർത്തു മാലയുണ്ടാക്കുന്നു. പതുക്കെ ഒരു മൂളിപ്പാട്ടു പാടുന്നുണ്ടു്. മാലിനി പിന്നിൽ വന്നു പാട്ടു ശ്രദ്ധിച്ചുകൊണ്ടു് അനങ്ങാതെ നില്ക്കുന്നു, നാണിക്കുട്ടി ഒന്നുമറിയുന്നില്ല. കോർത്തു കഴിഞ്ഞേടത്തോളം മാലയെടുത്തു കഴുത്തിൽ ചേർത്തുവെച്ചു് അതു മാറിൽ ഞാന്നു നില്ക്കുന്നതു് നോക്കി മന്ദസ്മിതം തൂകുന്നു. അല്പമൊരന്തസ്സോടെ ഒന്നുരണ്ടടി മുൻപോട്ടു നടക്കുന്നു. അപ്പോഴൊക്കെ മൂളിപ്പാട്ടുണ്ടു്. പെട്ടെന്നു തിരിഞ്ഞുനോക്കി, മാലിനിയെക്കണ്ടു പരവശയാകുന്നു. മാലിനി ഒരിളംചിരിയോടെ മുൻപോട്ടു വരുന്നു.
- മാലിനി:
- ഉം; പാടിക്കോളൂ. എന്തിനു് നിർത്തിക്കളഞ്ഞു? (നാണിക്കുട്ടി ഒന്നും മിണ്ടാതെ താഴോട്ടു നോക്കി നില്ക്കുന്നു.മാലിനി കസേരയിൽ വന്നിരുന്നു) ലജ്ജിക്കാനൊന്നുമില്ല.
- നാണിക്കുട്ടി:
- (തലയുയർത്തി പതുക്കെ) ലജ്ജകൊണ്ടല്ല.
- മാലിനി:
- പിന്നെ, ഭയംകൊണ്ടാണോ? ആണെങ്കിൽ ഭയപ്പെടേണ്ട. എനിക്കു പാട്ടു വളരെ ഇഷ്ടമാണു്; പാട്ടു പാടുന്നവരെ സ്നേഹവും.
- നാണിക്കുട്ടി:
- പാട്ടറിയാഞ്ഞിട്ടാണു്.
- മാലിനി:
- ഇപ്പോൾ പാടിയതു് മതി.
- നാണിക്കുട്ടി:
- ഞാൻ പാടിയിട്ടില്ല.
- മാലിനി:
- പിന്നെ ഞാനിപ്പോൾ കേട്ടതു് ആരു പാടിയതായിരുന്നു? (നാണിക്കുട്ടി മിണ്ടാതെ മുഖം താഴ്ത്തുന്നു.) ആ മാലയിങ്ങട്ടു കൊണ്ടുവരൂ.
- നാണിക്കുട്ടി:
- (മുഖമുയർത്തി) മുഴുവനും തീർന്നിട്ടില്ല.
- മാലിനി:
- തീർന്നത്ര മതി, ഇങ്ങട്ടു കൊണ്ടുവരൂ.
നാണിക്കുട്ടി മാല കൊണ്ടുചെന്നു കൊടുക്കുന്നു. മാലിനി വാങ്ങിനോക്കി മുടിക്കെട്ടിൽ ചാർത്തുന്നു; രണ്ടു കൈകൊണ്ടും തപ്പിനോക്കി ശരിപ്പെടുത്തുന്നു. നാണിക്കുട്ടി മേശപ്പുറത്തു ബാക്കിയുള്ള പൂ വാരി മടിയിലിട്ടു പോവാൻ തുടങ്ങുന്നു.
- മാലിനി:
- നോക്കൂ, ഇങ്ങട്ടു വരൂ. (നാണിക്കുട്ടി മടങ്ങിവരുന്നു.) ആ ബാക്കിയുള്ള പൂകൊണ്ടു് ഒരു മാലയുണ്ടാക്കി തലയിൽ ചൂടിക്കോളു.
നാണിക്കുട്ടി നാണിക്കുന്നു.
- മാലിനി:
- എന്താ, വിരോധമുണ്ടോ? (നാണിക്കുട്ടി മിണ്ടുന്നില്ല).എന്താ മിണ്ടാത്തതു്? മാല ചൂടുന്നതു് നിനക്കിഷ്ടമല്ലേ?
- നാണിക്കുട്ടി:
- (പതുക്കെ) ഇഷ്ടമാണു്.
- മാലിനി:
- ഇഷ്ടമാണെങ്കിൽ പിന്നെ എന്താ വിരോധം?
- നാണിക്കുട്ടി:
- ഒന്നുമില്ല… അടുക്കളയിൽ പണിയെടുക്കുമ്പൊ…
- മാലിനി:
- (കടന്നു പറയുന്നു) പൂ ചൂടാൻ പാടില്ലേ? അടുക്കളപ്പണിയെടുക്കുന്നവരാണു് കൂടുതൽ വൃത്തിയോടെ നടക്കേണ്ടതു്. കുളിച്ചു പൊട്ടുകുത്തി അലക്കുവസ്ത്രം ധരിച്ചു, കണ്ണെഴുതി, പൂചൂടി വൃത്തിയായിട്ടിരുന്നാൽ എത്ര നല്ലതാണു്.
- നാണിക്കുട്ടി:
- എനിക്കതിനൊന്നും സമയം കിട്ടില്ല. (കുറഞ്ഞൊരു നെടുവീർപ്പോടെ) സാധിക്കുകയുമില്ല.
- മാലിനി:
- (എഴുന്നേറ്റു വിചാരമഗ്നയായി മൂളുന്നു.) ഉം! ശരിയാണു്. (അടുത്തു ചെല്ലുന്നു.) നാണിക്കുട്ടി കുളിച്ചൊരുങ്ങി പുറപ്പെട്ടാൽ നല്ല ചന്തമുണ്ടാകും. വാലിട്ടു കണ്ണെഴുതി, ഒരു സാരിയും ചുറ്റി പുറപ്പെട്ടാൽ ആളുകൾ നോക്കിനില്ക്കും.
നാണിക്കുട്ടി കൂടുതൽ ലജ്ജിച്ചു തലതാഴ്ത്തുന്നു.
- മാലിനി:
- നാണിക്കുട്ടീ, നിനക്കിങ്ങിനെയൊക്കെ പുറപ്പെടാൻ മോഹമില്ലേ? നിന്നെ ഞാനൊരു ദിവസം സിനിമയ്ക്കു കൊണ്ടുപോകും.
- നാണിക്കുട്ടി:
- വല്യമ്മ സമ്മതിക്കില്ല.
- മാലിനി:
- എന്തുകൊണ്ടു്?
- നാണിക്കുട്ടി:
- സിനിമ കാണുന്നതൊന്നും വല്യമ്മയ്ക്കിഷ്ടമല്ല;
- മാലിനി:
- അതു് സാരമില്ല വല്യമ്മയുടെ വയസ്സായാൽ ഒരുപക്ഷേ, നമുക്കും എനിക്കും ഇഷ്ടക്കേടായേക്കും. എന്നാൽ ഇന്നു നമുക്കതിഷ്ടമാണു്. അതുകൊണ്ടു് നമ്മൾ പോണം; പോകും. (അല്പം ചിരിയോടെ) ഇല്ലേ? ഇഷ്ടമില്ലാത്തവർ പോകേണ്ട. ആരും നിർബന്ധിക്കുന്നില്ലല്ലോ. നീയെന്താ ഒന്നും മിണ്ടാത്തതു്?
- നാണിക്കുട്ടി:
- ഒന്നുമില്ല.
- മാലിനി:
- നമ്മളുണ്ടോ വല്യമ്മയോട് എന്നെങ്കിലും സിനിമയ്ക്കു പോകണമെന്നു് നിർബന്ധിക്കുന്നു; ഉണ്ടോ?
- നാണിക്കുട്ടി:
- ഇല്ല.
- മാലിനി:
- എന്നാൽ നമ്മുടെ കാര്യത്തിൽ വല്യമ്മയും നിർബന്ധിക്കാൻ പാടില്ല, പാടുണ്ടോ? (നാണിക്കുട്ടി മിണ്ടുന്നില്ല.) മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കിനടക്കാൻ തുടങ്ങിയാൽ കുഴപ്പമാണു്.
പ്രഭാകരൻ അതു കേട്ടുകൊണ്ടു് വരുന്നു.
- പ്രഭാകരൻ:
- (ചിരിച്ചു) എന്താ കുഴപ്പം? എന്താ കുഴപ്പം? എന്താണെങ്കിലും വേഗം പറയണം. എന്തു് കുഴപ്പമുണ്ടെങ്കിലും ഞാൻ തീർത്തുതരാം. (മാലിനിയുടെ അടുത്തുവന്നു നില്ക്കുന്നു.)
പ്രഭാകരന്റെ ആദ്യത്തെ വാക്കു കേട്ടതും അല്പം ഞെട്ടലോടെ തിരിഞ്ഞു നോക്കി നാണിക്കുട്ടി പോയ്ക്കഴിഞ്ഞു.
- പ്രഭാകരൻ:
- എന്താ പറയാത്തതു്?
- മാലിനി:
- പറയാം.
- പ്രഭാകരൻ:
- വേഗം പറയൂ. അതെന്തെന്നറിഞ്ഞിട്ടു ആ കുഴപ്പം അവസനിപ്പിച്ചിട്ടു വേണം ബാക്കി കാര്യങ്ങൾ. (ഒരു കസേരയിൽ ഇരിക്കുന്നു.)
- മാലിനി:
- അത്രയൊന്നും പരിഭ്രമിക്കാനില്ല. ഞാനൊരു സാധാരണ കാര്യം പറഞ്ഞതാണു്.
- പ്രഭാകരൻ:
- അതെന്തെന്നല്ലേ ചോദിച്ചതു്?
- മാലിനി:
- കേട്ടതുകൊണ്ടു് വലിയ കാര്യമില്ല.
- പ്രഭാകരൻ:
- ഉണ്ടോ ഇല്ലയോ എന്നു, കേട്ടതിനുശേഷം ഞാൻ തീരുമാനിച്ചോളാം.
- മാലിനി:
- (മറ്റൊരു കസേരയിൽ ഇരിക്കുന്നു.) തരക്കേടില്ല. പക്ഷേ അതിനുമുമ്പു് ഒരു വാക്കു്.
- പ്രഭാകരൻ:
- എന്താണു്?
- മാലിനി:
- കാര്യം എന്തുതന്നെയായാലും അതു് എന്റെ അഭിപ്രായത്തിൽ ഞാൻ കാണുമ്പോലെ പറയുന്നതാണു്.
- പ്രഭാകരൻ:
- പറയൂ, കേൾക്കട്ടെ.
- മാലിനി:
- എല്ലാവരുമിതു് ശരിവെക്കണമെന്നു എനിക്കഭിപ്രായമില്ല.
- പ്രഭാകരൻ:
- ആ അഭിപ്രായം നല്ലതാണു്. എന്തു് പറയുമ്പോഴും അവനവൻ പറയുന്നതു് മറ്റുള്ളവർ ശരിവെയ്ക്കണമെന്നു നിബന്ധമുണ്ടാകുമ്പോഴാണു് കുഴപ്പം.
- മാലിനി:
- കുഴപ്പമെന്നു മാത്രം പോര; വഴക്കെന്നു പറയണം.
- പ്രഭാകരൻ:
- അതെ.
- മാലിനി:
- അതുകൊണ്ടു് ഞാനിതു പറയുന്നതെന്നു മാത്രം. അതിനെത്തുടർന്നു കുഴപ്പമോ വഴക്കോ ആവശ്യമില്ല.
- പ്രഭാകരൻ:
- മുഖവുര ആവശ്യത്തിലേറെ നീളുന്നു.
- മാലിനി:
- ഇല്ല; കഴിഞ്ഞു. ഞാൻ പറഞ്ഞതിതാണു്, മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കി ജീവിക്കാൻ തുടങ്ങിയാൽ ഗതികെട്ടുപോകും എന്നു്.
- പ്രഭാകരൻ:
- ആ അഭിപ്രായം മുഴുവനും ശരിയല്ല.
- മാലിനി:
- തീരെ ശരിയല്ലായിരിക്കാം. പക്ഷേ; എന്റെ നോട്ടത്തിൽ അതു മുഴുവൻ ശരിയാണു്.
- പ്രഭാകരൻ:
- അതു നാണിക്കുട്ടിയോടു പറയാനുണ്ടായ കാരണം?
- മാലിനി:
- അവളെന്താ മനുഷ്യജീവിയല്ലേ? അവൾക്കും ചില അഭിപ്രായങ്ങളെല്ലാം ഉണ്ടാവില്ലേ?
- പ്രഭാകരൻ:
- ഇല്ലെന്നല്ല ഞാൻ പറയുന്നതു്. അവളോടു് പറയാൻ പ്രത്യേക കാരണമുണ്ടായോ?
- മാലിനി:
- ഒന്നുമുണ്ടായില്ല. അങ്ങിനെ ഇരിക്കുമ്പോൾ ഒരു തത്ത്വം പറയണമെന്നു തോന്നി. അടുത്തു കണ്ടതു് ആ പെണ്ണിനെയാണു്. ഉടനെ പറഞ്ഞുകൊടുത്തു.
- പ്രഭാകരൻ:
- എന്നിട്ടവളെന്തു പറഞ്ഞു?
- മാലിനി:
- ഞാനതു ചോദിക്കാൻ തുടങ്ങുകയായിരുന്നു. അതുകേട്ടാൽ അവളെന്തു പറയും?
- പ്രഭാകരൻ:
- അവളെന്തേ പറഞ്ഞതു്?
- മാലിനി:
- അതു് ഞാൻ പിന്നീടു പറയാം. അവളെന്തു പറയുമെന്നാണു് ഊഹിക്കുന്നതു്?
- പ്രഭാകരൻ:
- ആ അഭിപ്രായം തികച്ചും തെറ്റാണെന്നു പറഞ്ഞിരിക്കും.
- മാലിനി:
- കാരണം?
- പ്രഭാകരൻ:
- അവൾക്കു് സ്വന്തമായിട്ടൊരഭിപ്രായവുമില്ല, അതുകൊണ്ടുതന്നെ.
- മാലിനി:
- മനസ്സിലായില്ല.
- പ്രഭാകരൻ:
- ആ പെണ്ണിന്റെ കഥ മുഴുവൻ മാലിനി മനസ്സിലാക്കീട്ടില്ല.
- മാലിനി:
- മനസ്സിലാക്കിയവരാരും പറഞ്ഞുതരാതെ ഞാനെങ്ങിനെ അറിയും?
- പ്രഭാകരൻ:
- ഞാൻ പറഞ്ഞുതരാം. അവൾ വേലായുധൻനായരുടെ മകളാണു്. അവളേയും അവളുടെ അമ്മയേയും ഈ വീട്ടിലാണു് പ്രസവിച്ചതു്. അതിനപ്പുറമുള്ള കാര്യം എനിക്കുറിയില്ല. ഒരുപക്ഷേ, അതിനപ്പുറത്തെ തലമുറയിലുള്ളവരെയും ഇവിടെത്തന്നെയാവും പ്രസവിച്ചതു്.
- മാലിനി:
- അതുകൊണ്ടു്?
- പ്രഭാകരൻ:
- ഈ പെണ്ണിന്റെ അമ്മ വളരെ കാലത്തേ മരിച്ചു.
- മാലിനി:
- ഓ! അപ്പോൾ ഇവൾക്കും അമ്മയില്ലേ?
- പ്രഭാകരൻ:
- (കുറച്ചൊന്നാലോചിച്ചു) ഇല്ല. ഇവളെ എന്റെ അമ്മയാണു് എടുത്തുവളർത്തിയതു്.
- മാലിനി:
- എന്നുവെച്ചാൽ?
- പ്രഭാകരൻ:
- അതെതെ. എന്നെ എടുത്തു് വളർത്തിയപോലെതന്നെ. എന്റെ അമ്മയ്ക്കൊരു മകളുണ്ടായിരുന്നുവെങ്കിൽ അതിനെക്കൂടി ഇത്ര സ്നേഹിച്ചു വളർത്തില്ല. അത്രയ്ക്കു സ്നേഹമാണു് അമ്മയ്ക്കാ പെണ്ണിനോടു്.
- മാലിനി:
- ഇവിടെ ഒരു പ്രത്യേകതയുണ്ടു്.
- പ്രഭാകരൻ:
- ഉം? എന്താണു്?
- മാലിനി:
- ഇവിടെ ‘അമ്മ’യെന്ന വാക്കുച്ചരിക്കുമ്പോൾ ഒരു വ്യാഖ്യാനം തന്നെ ആവശ്യമായിരിക്കുന്നു. അത്രമേൽ കെട്ടിമറിഞ്ഞാണു് കാര്യങ്ങൾ കിടക്കുന്നതു്.
- പ്രഭാകരൻ:
- ഒരു കെട്ടിമറിച്ചിലുമില്ല. ഈ വീട്ടിൽ ഇപ്പോൾ ഒരമ്മയേ ഉള്ളു.
- മാലിനി:
- അതു് മനസ്സിലായി. എനിക്കിവിടുത്തെ കാര്യങ്ങൾ വേണ്ടപോലെ ദഹിക്കുന്നില്ല. മക്കളില്ലാത്ത അമ്മയും, അമ്മയില്ലാത്ത മക്കളും. ഈ വീടു് ചുരുക്കത്തിലതാണു്.
- പ്രഭാകരൻ:
- അല്ല; മക്കളുളള അമ്മയും, അമ്മയുള്ള മക്കളും; അതാണു്. ഞങ്ങൾ അതുപോലെയാണു് ജീവിക്കുന്നതു്.
- മാലിനി:
- ആയിരിക്കാം.
- പ്രഭാകരൻ:
- എന്താ സംശയം?
- മാലിനി:
- ഒന്നുമില്ല. എന്നിട്ടു ആ പെണ്ണു് എന്തു് പറഞ്ഞെന്നാണു് ഊഹിക്കുന്നതു്?
- പ്രഭാകരൻ:
- തികച്ചും തെറ്റെന്നു പറഞ്ഞിരിക്കും.
- മാലിനി:
- പക്ഷേ, കാര്യം മറിച്ചാണുണ്ടായതു്. അവൾ തികച്ചും ശരിയെന്നു പറഞ്ഞു.
- പ്രഭാകരൻ:
- (സാദ്ഭുതം) എന്തു്?
- മാലിനി:
- അതെ. അതാണു് പറഞ്ഞതു്. ഈ വീട്ടിൽ അവൾക്കുകൂടി ആ ബോധമുണ്ടു്. പണിക്കാരത്തിയാണെന്നുള്ള വിചാരംകൊണ്ടു് അവളതു് പറയുന്നില്ലെന്നുമാത്രം.
- പ്രഭാകരൻ:
- എന്തു് പറയുന്നില്ലെന്നു്?
- മാലിനി:
- മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കി ജീവിക്കുന്നതു് തെറ്റാണെന്ന കാര്യം.
- പ്രഭാകരൻ:
- അവളങ്ങിനെ പറയില്ല.
- മാലിനി:
- പറയും; പറഞ്ഞുകഴിഞ്ഞു. നിങ്ങളോടു്-ഈ വീട്ടിലുള്ളരോടു്-അവളതു തുറന്നു പറയില്ല. ഉള്ളതുപോലെ പറയാനോ ഭാവിക്കാനോ പാടില്ലല്ലോ ഇവിടെ!
- പ്രഭാകരൻ:
- പിന്നെ?
- മാലിനി:
- എല്ലാം ഒരു നാടകത്തിലെന്നപോലെ വേണം. ഓരോരുത്തരും മറ്റൊരാളായി അഭിനയിക്കുക; ചിലർ അമ്മയായിട്ടു, മറ്റു ചിലർ മക്കളായിട്ടു്.
പ്രഭാകരൻ എഴുന്നേറ്റു് അല്പം ശുണ്ഠിയോടെ മാലിനിയെ നോക്കുന്നു.
- മാലിനി:
- (അതു കാണാത്ത ഭാവത്തിൽ തുടരുന്നു) അല്ലെങ്കിൽ ഒരു പാവക്കൂത്തിലെ പാവകളെപ്പോലെ; ഒരാളുടെ ചരടു വലിക്കനുസരിച്ചു എല്ലാവരും തുള്ളുക…
- പ്രഭാകരൻ:
- (കുറച്ചു കനത്ത സ്വരത്തിൽ) മാലിനീ.
മാലിനി പ്രഭാകരനെ നോക്കുന്നു: പ്രഭാകരൻ മാലിനിയേയും. നിശ്ശബ്ദത. പ്രഭാകരൻ തിരിഞ്ഞു നടക്കുന്നു. വീണ്ടും നിശ്ശബ്ദത.
- മാലിനി:
- (എഴുന്നേറ്റു പതുക്കെ പ്രഭാകരനെ അനുഗമിക്കുന്നു.) അല്ല ശുണ്ഠി വന്നോ?
- പ്രഭാകരൻ:
- (ആവുന്നത്ര നിയന്ത്രിച്ചു) ഇല്ല.
- മാലിനി:
- പിന്നെ എന്തേ ഈ മുഖത്തൊരു വലിയ മാറ്റം?
- പ്രഭാകരൻ:
- (മുൻപോട്ടു നടന്നുകൊണ്ടു്) ഒന്നുമില്ല (വീണ്ടും കസേരയിൽ ചെന്നിരിക്കുന്നു. നിശ്ശബ്ദത. മാലിനി പഴയസ്ഥാനത്തും ഇരിക്കുന്നു.)
- മാലിനി:
- ഇവിടെ നോക്കൂ.
- പ്രഭാകരൻ:
- (മാലിനിയെ നോക്കി) എന്താ?
- മാലിനി:
- ഞാൻ എന്റെ അഭിപ്രായമാണു് പറയുന്നതെന്നു ആദ്യമേ സുചിച്ചിച്ചു. (പ്രഭാകരൻ മിണ്ടാതെ തല കുലുക്കുന്നു.) ഇതിനോടു് യോജിപ്പില്ലാത്തവർ യോജിച്ചുകൊള്ളണമെന്നെനിക്കു നിർബന്ധമില്ല.
- പ്രഭാകരൻ:
- അവളെന്താണു് പറഞ്ഞതെന്നു മുഴുവനും പറയൂ.
- മാലിനി:
- പറഞ്ഞതിന്റെ ആകത്തുക ഞാൻ കേൾപ്പിച്ചു; അതുപോരെ? പിന്നെ അതിനെത്തുടർന്നു അതിന്റെ വ്യാഖ്യാനങ്ങളായി വേറെ ചിലതും കേൾപ്പിച്ചു. ഒരു കാര്യം.
പ്രഭാകരൻ തലയുയർത്തി എന്താണെന്ന അർത്ഥത്തിൽ നോക്കുന്നു.
- മാലിനി:
- ശുണ്ഠിപിടിക്കുക, പിണങ്ങുക, വഴക്കുണ്ടാക്കുക എന്നിവയ്ക്കൊക്കെ ഒരുങ്ങിയാൽ ഞാനൊന്നും പറയില്ല.
- പ്രഭാകരൻ:
- ഞാനതിനൊന്നും ഒരുങ്ങിയില്ലല്ലോ.
- മാലിനി:
- ഞാൻ ചോദിക്കട്ടെ, ക്ഷോഭിക്കാതെ അന്യോന്യം അഭിപ്രായം കൈമാറാൻ നമുക്കു കഴിയേണ്ടതല്ലേ?
- പ്രഭാകരൻ:
- (മുഖത്തെ നിഴലുകൾ നീക്കാൻ ശ്രമിച്ചുകൊണ്ടു്) കഴിയേണ്ടതാണു്.
- മാലിനി:
- എന്നിട്ടു്?
- പ്രഭാകരൻ:
- എന്നിട്ടു്? (നിശ്ശബ്ദത)
- മാലിനി:
- അവനവന്റെ അഭിപ്രായം ഓരോരുത്തരും തുറന്നു പറയുന്നതു് തെറ്റാണോ?
- പ്രഭാകരൻ:
- (വിചാരമഗ്നനായി) അല്ല.
- മാലിനി:
- അതൊരു ധീരതയല്ലേ?
- പ്രഭാകരൻ:
- (വീണ്ടും പഴയമട്ടിൽ) അതെ.
- മാലിനി:
- എന്നാൽ ഇനിയെനിക്കു എല്ലാം പറയാം. വിരോധമുണ്ടോ?
- പ്രഭാകരൻ:
- (മാലിനിയെ മിഴിച്ചു നോക്കുന്നു.) ഇല്ല.
- മാലിനി:
- ഇടയിൽ ക്ഷോഭിക്കരുതു്.
- പ്രഭാകരൻ:
- (ഒന്നും മനസ്സിലാവാത്ത മട്ടിൽ) ഇല്ല.
- മാലിനി:
- ഞാൻ തുടങ്ങുകയാണു്. (പ്രഭാകരനെ നോക്കുന്നു.)
പ്രഭാകരൻ അന്തംവിട്ടു നോക്കുന്നു. നിശ്ശബ്ദത.
- മാലിനി:
- ഞാൻ തുടങ്ങട്ടെ? (പ്രഭാകരൻ സമ്മതഭാവത്തിൽ തലകുലുക്കുന്നു.) ഈ വീടൊരു അനാഥമന്ദിരമല്ലേ?
- പ്രഭാകരൻ:
- എന്തുവെച്ചാൽ?
- മാലിനി:
- അമ്മയച്ഛന്മാരില്ലാത്ത മക്കളെ യാന്ത്രികമായി വളർത്തിക്കൊണ്ടുവരുന്നൊരു വീടു്.
- പ്രഭാകരൻ:
- (അസുഖം അമർത്തിക്കൊണ്ടു്) എനിക്കു മനസ്സിലായില്ല.
- മാലിനി:
- നാണിക്കുട്ടി വേലായുധൻനായർ, നിങ്ങൾ, പിന്നെ ഒരു പശുക്കുട്ടി പൂച്ചക്കുട്ടി-ആർക്കുമില്ല അമ്മ. എല്ലാവർക്കും ഒരമ്മ. അവരുടെ ഇച്ഛയ്ക്കൊത്തു് നിങ്ങളും പൂച്ചക്കുട്ടിയും നാണിക്കുട്ടിയും പശുക്കുട്ടിയും ജീവിക്കുക.
- പ്രഭാകരൻ:
- (ശുണ്ഠിയോടെ എഴുന്നേറ്റു്) മാലിനി…
- മാലിനി:
- ഓ! ശുണ്ഠി വന്നോ? അല്പം നേർത്തെയെന്താണു് പറഞ്ഞതു്? എല്ലാം തുറന്നു പറയാൻ എന്നെ അനുവദിച്ചില്ലേ? എന്നിട്ടിങ്ങനെ ശുണ്ഠിവന്നാലോ? (അല്പമായ ചിരി)
- പ്രഭാകരൻ:
- മാലിനി എന്റെ അമ്മയെ പരിഹസിക്കുകയാണോ?
- മാലിനി:
- (വീണ്ടും ചിരി) ഞാൻ പറയേണ്ടതു മുഴുവൻ പറയട്ടെ.
പ്രഭാകരൻ അസ്വസ്ഥനായി നടക്കുന്നു.
- മാലിനി:
- അതത്രയും കേട്ടു മനസ്സിലാക്കി എന്താണു് തോന്നിയതെന്നു വെച്ചാൽ അതു മുഴുവൻ പറഞ്ഞോളൂ. ഒരാക്ഷേപവുമില്ലാതെ ഞാൻ കേൾക്കാം.
- പ്രഭാകരൻ:
- അഭിപ്രായത്തിന്റെ പേരിൽ അതുമിതും പറയുന്നതു ഞാൻ കേൾക്കണമെന്നുണ്ടോ?
- മാലിനി:
- (ചിരിച്ചുകൊണ്ടു്) എന്റെ അഭിപ്രായം മുഴുവനും കേട്ടിട്ടു പോരേ ഒരു വിധി കല്പിക്കാൻ? ആട്ടെ, ശുണ്ഠിവരാതെ ക്ഷമിച്ചു കേൾക്കാനുള്ള തന്റേടമുണ്ടോ?
- പ്രഭാകരൻ:
- ഉണ്ടു്.
- മാലിനി:
- വെറുതെ പറയുകയാണു്.
- പ്രഭാകരൻ:
- അല്ല.
- മാലിനി:
- എന്നാലവിടെ ഇരിക്കൂ. (പ്രഭാകരൻ വന്നു് ഇരിക്കുന്നു.) ഒന്നു ചിരിക്കൂ. ആ മുഖഭാവം മാറട്ടെ.
- പ്രഭാകരൻ:
- (ചിരിക്കാൻ ശ്രമിച്ചുകൊണ്ടു്) പറഞ്ഞോളൂ.
- മാലിനി:
- നാണിക്കുട്ടിയുടെ അമ്മയ്ക്കിവിടെ സ്മാരകമൊന്നുമില്ലേ?
- പ്രഭാകരൻ:
- എന്തു്! (പരുങ്ങുന്നു)
- മാലിനി:
- ഇവിടുത്തെ ആ പണിക്കാരിപ്പെണ്ണിനെ, അമ്മ മരിച്ചശേഷം എടുത്തു വളർത്തിയതാണെന്നു പറഞ്ഞില്ലേ?
- പ്രഭാകരൻ:
- പറഞ്ഞു.
- മാലിനി:
- നാണിക്കുട്ടിയുടെ അമ്മ ഈ വീട്ടിൽ വെച്ചാണേ മരിച്ചതു്?
- പ്രഭാകരൻ:
- അവരെല്ലാവരും ജനിക്കുന്നതും മരിക്കുന്നതും ഈ വീട്ടിൽ വെച്ചുതന്നെ.
- മാലിനി:
- അപ്പോൾ നാണിക്കുട്ടിയുടെ അമ്മയ്ക്കും ഈ വീട്ടിലൊരു സ്മാരകം കാണുമല്ലോ; അതെവിടെ?
- പ്രഭാകരൻ:
- എനിക്കു നീ ചോദിക്കുന്നതു മനസ്സിലാകുന്നില്ല.
- മാലിനി:
- നിങ്ങളുടെ അമ്മയ്ക്കിവിടെ ഒരു സ്മാരകം കാണുന്നുണ്ടു്; അതുപോലെ നാണിക്കുട്ടിയുടെ അമ്മയ്ക്കും ഉണ്ടാവുമെന്നു് വിചാരിച്ചു.
- പ്രഭാകരൻ:
- (അല്പം ക്ഷോഭത്തോടെ) മാലിനീ, നീ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ അതിരു് കടക്കുന്നുണ്ടു്.
- മാലിനി:
- ഓ! പിന്നെയും ക്ഷോഭിച്ചോ? നിങ്ങളുടെയൊക്കെ ഹൃദയം ശീലക്കുടപോലെയാണു്. ക്ഷണത്തിൽ തുറക്കാനും പൂട്ടാനും കഴിയും. ഇല്ല, ഇനി ഞാനൊന്നും പറയുന്നില്ല. ഇവിടെ എല്ലാവരേയുംപോലെ ഞാനും കഴിഞ്ഞുകൂടിക്കളയാം. ഒരു നാടകരംഗത്തിലെന്നപോലെ ഞാനും അഭിനയിച്ചുകളയാം.
- പ്രഭാകരൻ:
- എനിക്കു ശുണ്ഠിവന്നിട്ടില്ല പക്ഷേ, മാലിനി കണക്കിലേറെ ഈ വീട്ടിലെ കാര്യങ്ങൾ തെറ്റിദ്ധരിക്കുന്നു. അതു് കാണുമ്പോൾ എനിക്കു സുഖമാവുന്നില്ല.
- മാലിനി:
- എന്നാൽ അതു് മറച്ചുവെച്ചു് സുഖമുള്ളതായിട്ടഭിനയിക്കരുതോ? നിങ്ങളുടെ അമ്മയുടെ മുൻപിലെന്നപോലെ നിങ്ങൾക്കതു നല്ലപോലെ അറിയാമല്ലൊ.
- പ്രഭാകരൻ:
- ഞാനാരുടെ മുൻപിലും അഭിനയിക്കുന്നില്ല.
- മാലിനി:
- ഉണ്ടു്.
- പ്രഭാകരൻ:
- ഇല്ല.
- മാലിനി:
- ഉണ്ടു്. നിങ്ങളഭിനയിക്കുന്നുണ്ടെന്നെനിക്കറിയാം. എന്നല്ല, ഈ വീട്ടിലെല്ലാവരും അഭിനയിക്കുന്നുണ്ടു്; ഞാനൊഴിച്ചു് ആട്ടെ, നിങ്ങൾക്കു് നിങ്ങളുടെ അമ്മയുടെ സ്മാരകമായി സൂക്ഷിച്ച, ആ മുറിയെപ്പറ്റി എന്താണഭിപ്രായം?
- പ്രഭാകരൻ:
- എനിക്കു വിശേഷിച്ചൊരഭിപ്രായവുമില്ല.
- മാലിനി:
- അതിങ്ങനെ സ്മാരകത്തിന്റെ പേരിൽ പാഴാക്കിയിടുന്നതു് നിങ്ങൾഷ്ടമാണോ?
- പ്രഭാകരൻ:
- അല്ല.
- മാലിനി:
- എന്നിട്ടു് നിങ്ങളതിഷ്ടമുള്ളതുപോലെയാണല്ലോ നടിക്കുന്നതു്?
- പ്രഭാകരൻ:
- ഞാനൊരിക്കലും അങ്ങനെ നടിച്ചിട്ടില്ല.
- മാലിനി:
- എന്നാൽ ആ നല്ല മുറി തുറന്നിട്ടു് അതിൽ കാറ്റും വെളിച്ചവും കടത്തി വല്ലവർക്കും ഉപയോഗിക്കാൻ പറ്റുന്ന തരത്തിലാക്കരുതോ?
- പ്രഭാകരൻ:
- അതു് അമ്മയുടെ വികാരത്തെ വ്രണപ്പെടുത്തും.
- മാലിനി:
- ആ മുറി അങ്ങനെ വെയ്ക്കുന്നതുകൊണ്ടു് ഇവിടെ എത്രപേരുടെ വികാരം മുറിപ്പെടുന്നതുണ്ടെന്നു നിങ്ങൾക്കറിയാമോ?
- പ്രഭാകരൻ:
- അതെങ്ങനെ?
- മാലിനി:
- ആ മുറി കാണുന്നവർക്കു മരണത്തിന്റെ ഓർമ വരും. അതു് ശുന്യതയുടെ മുദ്രയാണു്. ഈ വീട്ടിന്റെ ഹൃദയത്തിലുള്ളൊരു നീർക്കെട്ടാണു്. നിങ്ങൾക്കു മനസ്സിലാവുന്നുണ്ടോ?
പ്രഭാകരൻ അകലത്തേയ്ക്കു മിഴിച്ചുനോക്കുന്നു. മിണ്ടുന്നില്ല. മീനാക്ഷി അമ്മ ഒരു കൈയിൽ ഒന്നുരണ്ടു് ഫോട്ടോയും എടുത്തു് വാതിലിൽ പ്രത്യക്ഷപ്പെട്ടു മിണ്ടാതെ ആ രംഗം സൂക്ഷിച്ചുനോക്കുന്നു. മാലിനി തുടരുന്നു.
- മാലിനി:
- എത്ര വേഗത്തിൽ ആ മുറി തുറന്നിട്ടു ആ സ്മാരകങ്ങളൊക്കെ അതിൽനിന്നു മാറ്റുന്നോ അത്രയും ഈ വീട്ടിലുള്ളവർക്കു നല്ലതാണു്. ഈ വീട്ടിലൊരു ശുന്യതാബോധമുണ്ടു്. അത്യാഹിതത്തിന്റെയും മരണത്തിന്റെയും കരിനിഴലുണ്ടു്. അത് എല്ലാവരുടെ ഹൃദയത്തിലും ഭയത്തിന്റെ ഒരു ചുണ്ടലെറിയുന്നുണ്ടു്. ആ മുറിയുടെ വാതിലും ജാലകങ്ങളും തുറന്നിട്ടു് അതിൽ സ്വതന്ത്രമായ ആൾപ്പെരുമാറ്റമുണ്ടാകുന്നതുവരെ ഈ അവസ്ഥ തുടർന്നുപോകും.
- പ്രഭാകരൻ:
- (എഴുന്നേറ്റു്) മാലിനീ, സാവകാശത്തിൽ നമുക്കതൊക്കെ വേണ്ടപോലെ ചെയ്യാം. അമ്മയെ നിർബന്ധിക്കാൻ വയ്യ.
- മാലിനി:
- വേണമെന്നു ഞാൻ പറയുന്നില്ല.
- പ്രഭാകരൻ:
- അങ്ങനെ നിർബന്ധിക്കുമ്പോൾ അമ്മയിലെന്തു പ്രത്യാഘാതമാണുണ്ടാക്കുകയെന്നറിയില്ല. (അങ്ങട്ടുമിങ്ങട്ടും നടക്കുന്നു. തെല്ലിട നിശ്ശബ്ദത. രംഗത്തിന്റെ ഒരറ്റത്തുചെന്ന് പെട്ടെന്നു് തിരിഞ്ഞുനോക്കുന്നു. എന്തോ പറയാൻ ഭാവിക്കുന്നു.) മാലിനീ (ആ വിളി അവസാനിക്കുന്നതോടെ അമ്മയെ കാണുന്നു. അമ്പരപ്പും പ്രസരിപ്പുമെല്ലാമായിട്ടു മുൻപോട്ടു നീങ്ങുന്നു.) അമ്മെ… അമ്മെ… (മീനാക്ഷി അമ്മ വാതിലിൽനിന്നു പുറമേക്കു സാവകാശം നടന്നുവരുന്നു.)
- പ്രഭാകരൻ:
- (മീനാക്ഷി അമ്മയുടെ കൈയിലെ ഫോട്ടോ നോക്കിക്കൊണ്ടു്) ഇതെന്താണമ്മേ?
മീനാക്ഷി അമ്മ മുൻപോട്ടു നടന്നു ഏതാണ്ടു് മാലിനിയുടെ സമീപത്തെത്തുന്നു. രണ്ടു് വശത്തായി മാലിനിയും പ്രഭാകരനും നടുവിൽ മീനാക്ഷി അമ്മയുമായി നില്ക്കുന്നു.
- പ്രഭാകരൻ:
- (ഫോട്ടോ പിടിച്ചുകൊണ്ടു്) കാണട്ടെ അമ്മേ, എന്താണിതു്?
- മീനാക്ഷി അമ്മ:
- (ഫോട്ടോ സാവകാശത്തിൽ പിന്നിലേക്കു വലിക്കുന്നു.) തരാം. അപ്പോൾ പ്രഭേ, ഇതാരാ ഊണുകഴിക്കുന്ന മേശപ്പുറത്തു വെച്ചതു്?
- പ്രഭാകരൻ:
- എന്തു ഫോട്ടോ ആണമ്മേ അതു്? അതു പറയാതെ ഞാനെങ്ങനെ അറിയും?
- മീനാക്ഷി അമ്മ:
- ഇതു ഗുരുവായൂരപ്പന്റെ ഫോട്ടോവാണു്. നിനക്കു ഉണരുമ്പോൾ കണികാണാൻ വേണ്ടി ഞാനിതു നിന്റെ കിടപ്പുമുറിയിൽ തുക്കിയതായിരുന്നില്ലേ?
- മാലിനി:
- ഊണുകഴിക്കുന്ന മേശപ്പുറത്തായിരുന്നോ?
- മീനാക്ഷി അമ്മ:
- അതെ.
- മാലിനി:
- നാണിക്കുട്ടി വെച്ചതാവും.
- മീനാക്ഷി അമ്മ:
- അവൾക്കെങ്ങനെ കിട്ടി.
- മാലിനി:
- ഞാൻ കൊടുത്തതാണു്.
- പ്രഭാകരൻ:
- നീയെന്തിനേ അവളുടെ കൈയിൽ കൊടുത്തതു്?
- മീനാക്ഷി അമ്മ:
- ആരേ അതു ചുമരിൽനിന്നെടുത്തതു്?
- മാലിനി:
- (സങ്കോചം കൂടാതെ) ഞാനാണെടുത്തതു്.
പ്രഭാകരൻ പരുങ്ങുന്നു.
- മീനാക്ഷി അമ്മ:
- എന്തിനേ അവിടെ നിന്നെടുത്തതു്?
- മാലിനി:
- അവിടെ വേറെ രണ്ടു ഫോട്ടോ തൂക്കുവാനുണ്ടായിരുന്നു.
- മീനാക്ഷി അമ്മ:
- എന്തു ഫോട്ടോ?
- മാലിനി:
- ഞാൻ വീട്ടിൽനിന്നു വരുമ്പോൾ രണ്ടുമൂന്നു സിനിമാനടികളുടെ ഫോട്ടോ കൊണ്ടുവന്നിരുന്നു. ഇന്നാണോർമവന്നതു്.
- മീനാക്ഷി അമ്മ:
- (ആരോടെന്നില്ലാതെ) ഇതു വേണ്ടീരുന്നില്ല. എന്നും ഉണരുമ്പോൾ ഗുരുവായൂരപ്പനെ കണികാണുന്നതു് നല്ലതാണു്.
- മാലിനി:
- ഈവക ഫോട്ടോകളൊക്കെ പൂജാമുറിയിലാണു് വെയ്ക്കേണ്ടതു്.
- പ്രഭാകരൻ:
- ശരിയാണമ്മേ, കൂടുതൽ ശുചിയുള്ളതു് പൂജാമുറിക്കല്ലേ?
- മീനാക്ഷി അമ്മ:
- എന്നാലും, ഇതു് ഊണുകഴിക്കുന്ന മേശപ്പുറത്തു് വെച്ചതു നന്നായില്ല.
- മാലിനി:
- അതാ പെണ്ണിനു് അബദ്ധം പറ്റിയതാവും.
- പ്രഭാകരൻ:
- (അനുനയത്തോടെ) സാരമില്ലമ്മെ അമ്മയതു പൂജാമുറിയിൽ വെച്ചോളൂ.
- മീനാക്ഷി അമ്മ:
- (പ്രഭാകരനെ നോക്കി) അപ്പോൾ, ഇതു് നിന്റെ കിടപ്പുമുറിയിൽ നിനക്കും ആവശ്യമില്ല; ഇല്ലേ? ഉം. (മൂളിക്കൊണ്ടു് തിരിഞ്ഞു നടക്കുന്നു.)
- പ്രഭാകരൻ:
- (തെല്ലിട സ്തംഭിച്ചുനിന്നു്) അമ്മെ, അമ്മെ… (വിളിച്ചുകൊണ്ടു പോകുന്നു.)
മാലിനി സാവകാശത്തിൽ പിന്നാലെ പോകുന്നു.
—യവനിക—