മീനാക്ഷി അമ്മയുടെ പൂജാമുറി.
മീനാക്ഷി അമ്മ ഉണ്ണികൃഷ്ണന്റെ പ്രതിമയ്ക്കു മുൻപിൽ കൂപ്പുകൈയോടെ മുട്ടുകുത്തി ഇരിക്കുന്നു. അല്പസമയത്തെ പ്രാർത്ഥനയ്ക്കുശേഷം കണ്ണു തുറക്കുന്നു. രണ്ടു കൈകളും മലർത്തി നീട്ടി എന്തോ ഉള്ളിൽത്തട്ടി അപേക്ഷിക്കുന്നതായി ഭാവിക്കുന്നു. തെല്ലിട കഴിഞ്ഞു പ്രതിമയുടെ പാദങ്ങളിൽ തലചായ്ച്ചു തേങ്ങിത്തേങ്ങി വളരെ ലഘുവായി അമർത്തിപ്പിടിച്ച മട്ടിൽ കരയുന്നു. നേരം സന്ധ്യ; അയൽപക്കത്തെവിടെയോ ഉള്ള ക്ഷേത്രത്തിൽനിന്നു ശംഖനാദം ഉയരുന്നു.
അല്പസമയം കഴിഞ്ഞു മാലിനി പൂജാമുറിയുടെ വാതിലിൽ പ്രത്യക്ഷപ്പെടുന്നു. ശങ്കിച്ചുനില്ക്കുന്നു. മീനാക്ഷി അമ്മയുടെ ഭാവങ്ങൾ സൂക്ഷിച്ചു മനസ്സിലാക്കുന്നു. അങ്ങനെ അധികനേരം നില്ക്കുന്നതിനു മുൻപു് മാലിനിക്കു് അടക്കാൻ കഴിയാത്ത ചുമ വരുന്നു. നിയന്ത്രിക്കുന്തോറും അതു് അധികമാവുന്നു. പെട്ടെന്നു ഉച്ചത്തിൽ ചുമയ്ക്കുന്നു. ആരുടെയോ സാന്നിധ്യമുണ്ടെന്നു മനസ്സിലാക്കിയ മീനാക്ഷി അമ്മ സൂത്രത്തിൽ വസ്ത്രത്തുമ്പുകൊണ്ടു് കണ്ണീരൊപ്പിക്കളഞ്ഞു പതുക്കെ തലപൊക്കുന്നു. ഒന്നും അറിയാത്ത മട്ടിൽ മൂന്നുതവണ ഉണ്ണികൃഷ്ണന്റെ പാദങ്ങൾ തൊട്ടു തലയിൽ വെയ്ക്കുന്നു. കഴിയുന്നത്ര മുഖഭാവം മാറ്റി തിരിഞ്ഞു നടക്കാൻ തുടങ്ങുന്നു. മാലിനിയെ കാണുന്നു. മുഖത്തുണ്ടായ അമ്പരപ്പു മൂടിവെച്ചു ചിരിക്കാൻ ഭാവിക്കുന്നു.
- മീനാക്ഷി അമ്മ:
- ആരു്, മാലിനിയോ? (ഒന്നുരണ്ടടി മുൻപോട്ടു് വെക്കുന്നു)
- മാലിനി:
- അതെ. (അകത്തേക്കു കടന്നുവരുന്നു.) പ്രാർത്ഥനാസയത്തു് കടന്നുവന്നു ഞാൻ അമ്മയെ ബുദ്ധിമുട്ടിച്ചോ?
- മീനാക്ഷി അമ്മ:
- മാലിനി നടാടെയാണല്ലോ ഈ പൂജാമുറിയിലേക്കു കടക്കുന്നതു്.
- മാലിനി:
- അതെ.
- മീനാക്ഷി അമ്മ:
- കാലും മുഖവും കഴുകിയിട്ടില്ലേ? തൊഴുതുകളയൂ.
- മാലിനി:
- വേണ്ട, ഞാൻ തൊഴാൻവേണ്ടി വന്നതല്ല.
- മീനാക്ഷി അമ്മ:
- തൊഴുന്നതിൽ വിരോധമുണ്ടോ?
- മാലിനി:
- ഇല്ല.
- മീനാക്ഷി അമ്മ:
- എന്നാൽ തൊഴുതുകളയൂ.
- മാലിനി:
- വേണ്ട.
- മീനാക്ഷി അമ്മ:
- (മുഖത്തെ അസുഖം ആവുന്നതും മറച്ചുകൊണ്ടു്) എന്താ ഈശ്വരവിചാരം വേണ്ടെന്നാണോ?
- മാലിനി:
- അല്ല അതു കൂടുതലാണു്. പക്ഷേ, അമ്മ വിചാരിക്കുമ്പോലെയല്ല എന്റെ ഈശ്വരവിചാരം. (നിശ്ശബ്ദത. മീനാക്ഷി അമ്മ മുഖഭാവം മറച്ചുപിടിക്കാൻവേണ്ടി തിരിഞ്ഞുനിന്നു വിളക്കിലെ തിരി നീട്ടുന്നു. മാലിനി കുറച്ചുകൂടി സമീപിച്ചു്) അമ്മ എന്നെ അന്വേഷിച്ചോ?
- മീനാക്ഷി അമ്മ:
- അന്വേഷിച്ചു.
- മാലിനി:
- എന്തായിരുന്നു.
- മീനാക്ഷി അമ്മ:
- പ്രഭയില്ലേ, ഇവിടെ?
- മാലിനി:
- ഇല്ല, പുറത്തു പോയി. അമ്മ എന്തിനേ എന്നെ അന്വേഷിച്ചതു്?
- മീനാക്ഷി അമ്മ:
- (മാലിനിയുടെ അടുത്തേക്കു വരുന്നു.) നിന്നോടൊരു കാര്യം ചോദിക്കാനുണ്ടു്. (മാലിനി മുഖത്തേക്കു നോക്കുന്നു.) നീ സത്യം പറയണം.
- മാലിനി:
- ഞാൻ അറിഞ്ഞുകൊണ്ടു് അസത്യമൊന്നും പറയാറില്ല.
- മീനാക്ഷി അമ്മ:
- പ്രഭ നിന്റെ ഭർത്താവല്ലേ?
- മാലിനി:
- എന്റെ വിശ്വാസം അതാണു്.
- മീനാക്ഷി അമ്മ:
- എന്റെ മകനല്ലേ?
- മാലിനി:
- എനിക്കറിഞ്ഞുകൂട (നിശബ്ദത).
- മീനാക്ഷി അമ്മ:
- അറിയാത്തതു് പറഞ്ഞുതരേണ്ട ചുമതല എനിക്കുണ്ടു്. പ്രഭ എന്റെ മകനാണു്. ഞാൻ അവന്റെ അമ്മ. ഞാൻ പ്രസവിച്ചിട്ടില്ലെങ്കിലും അവന്റെ അമ്മ ഞാനാണു്. അവനിന്നു വല്ലവരോടും കടപ്പാടുണ്ടെങ്കിൽ അതെന്നോടു മാത്രമാണു്.
- മാലിനി:
- അതെനിക്കറിയാം.
- മീനാക്ഷി അമ്മ:
- അവന്റെ അമ്മയ്ക്കും എനിക്കും ഒരേയൊരാത്മാവായിരുന്നു; രണ്ടു ശരീരവും. അതിൽ ഒരു ശരീരം അസ്തമിച്ചു. അതോടെ പ്രഭയോടുള്ള സ്നേഹവും ചുമതലയും എനിക്കു വർദ്ധിച്ചു. നിനക്കു മനസ്സിലാവുന്നുണ്ടോ?
- മാലിനി:
- മനസ്സിലാവുന്നുണ്ടു്.
- മീനാക്ഷി അമ്മ:
- എനിക്കവനോടുള്ള ബന്ധം ഒരു പെറ്റമ്മയ്ക്കുള്ളതിലും കൂടുതലാണു്; നിനക്കവനൊരു ഭർത്താവായിരുന്നാൽ പേരേ?
- മാലിനി:
- ഇപ്പോളെനിക്കു മനസ്സിലാവുന്നില്ല.
- മീനാക്ഷി അമ്മ:
- ഒരു ഭർത്താവും ഭൃത്യനും മകനും ശിഷ്യനും എല്ലാം ആവണമെന്നുണ്ടോ?
- മാലിനി:
- ആരു പറഞ്ഞു, അങ്ങനെയുണ്ടെന്നു്?
- മീനാക്ഷി അമ്മ:
- ആരും പറഞ്ഞിട്ടില്ല. പറയാതെതന്നെ എനിക്കതെല്ലാം അറിയാം.
- മാലിനി:
- ആ അറിഞ്ഞതെല്ലാം തെറ്റാണു്.
- മീനാക്ഷി അമ്മ:
- നിന്റെ ആദ്യത്തെ ബലപരീക്ഷയിൽ നീ ജയിച്ചിരിക്കുന്നു.
- മാലിനി:
- എന്തു ബലപരിക്ഷ.
- മീനാക്ഷി അമ്മ:
- എന്റെ അനിയത്തിയുടെ സ്മാരകമായി ഞാൻ നിലനിർത്തിപ്പോന്ന ആ മുറി നിനക്കുവേണ്ടി ഞാൻ ഒഴിച്ചുതന്നിരിക്കുന്നു.
- മാലിനി:
- എനിക്കുവേണ്ടിയോ?
- മീനാക്ഷി അമ്മ:
- പ്രഭയ്ക്കുവേണ്ടിയെന്നാണോ നീ സൂചിപ്പിക്കുന്നതു്? തെറ്റു്! ഇന്നലെവരെ അങ്ങനെയൊരാവശ്യം പ്രഭ എന്നോടു് പറഞ്ഞിട്ടില്ല. പറയാൻ ധൈര്യപ്പെട്ടിട്ടുമില്ല. എന്നാൽ ഇന്നു നിനക്കുവേണ്ടി അവനതു പറഞ്ഞു. ഞാനനുവദിച്ചു;എന്റെ ആദ്യത്തെ പരാജയം.
- മാലിനി:
- ഇതിൽ പരാജയമൊന്നും ഞാൻ കാണുന്നില്ല.
- മീനാക്ഷി അമ്മ:
- ഞാൻ കാണുന്നുണ്ടു്. ആ മുറിയിലെ സാധനങ്ങളൊക്കെ ഇപ്പോഴേക്കും എടുത്തുമാറ്റിക്കഴിഞ്ഞിട്ടുണ്ടാവും. ഒരു വഴക്കുകൂടാതെ കഴിക്കാനാണു് അങ്ങനെ ചെയ്യുന്നതെന്നു നീ മറക്കരുതു്. വേലായുധനെ ഞാനതേല്പിച്ചിട്ടുണ്ടു്. അവനതു് ചെയ്തുതീർക്കുന്നുണ്ടാവും. നീ നിന്റെ അഭിലാഷങ്ങൾ ഇതോടെ അവസാനിപ്പിക്കണം.
- മാലിനി:
- ഇതൊന്നും എന്റെ അഭിലാഷമല്ല. എന്റെ അഭിലാഷങ്ങൾ പറയാൻ മറ്റുള്ളവരുടെ നാവു് ആവശ്യവുമില്ല.
- മീനാക്ഷി അമ്മ:
- നീ നിഷേധിച്ചോളൂ, ഞാൻ നിന്നെക്കൊണ്ടു് സമ്മതിപ്പിക്കാൻ ശ്രമിക്കുകയല്ല. അതിനുവേണ്ടി വിളിച്ചതുമല്ല. ഈ വീട്ടിന്റെ നന്മയ്ക്കുവേണ്ടി നീ ഒരു കാര്യം ചെയ്യണം.ഇത്തരം അഭിലാഷങ്ങൾ ഇനിയും നീ പുറപ്പെടുവിക്കരുതു്.
- മാലിനി:
- അമ്മ വീണ്ടും അതു പറയുന്നു! ഇതെന്റെ അഭിലാഷമല്ല. ആട്ടെ, ഇതിത്ര വലിയകാര്യമായിട്ടുപറയുന്നല്ലോ…
- മീനാക്ഷി അമ്മ:
- അതെ, എനിക്കിതു വലിയ കാര്യമാണു് എന്റെ അനിയത്തി എനിക്കത്രയേറെ പ്രിയപ്പെട്ടിരുന്നു. അവളെസ്സംബന്ധിച്ച ഏതു സ്മരണയും എനിക്കു വലുതാണു്.
- മാലിനി:
- അതു ഞാൻ സമ്മതിച്ചു. എന്നാൽ ആ കഥ ഒന്നുമറിയാത്ത മകനെ ഇടയ്ക്കിടെ ഓർമിപ്പിക്കേണ്ട ആവശ്യമുണ്ടോ?
- മീനാക്ഷി അമ്മ:
- എന്താ നീ പറയുന്നതു്?
- മാലിനി:
- യാതൊന്നുമറിയാത്ത മകനെ എപ്പോഴും അതെന്തിനോർമ്മിപ്പിക്കണം? അറിയാത്ത നാളിൽ മരിച്ചുപോയ അമ്മയുടെ സ്മാരകം കാണിച്ചു എന്തിനു് മകനെ വേദനിപ്പിക്കണം? ആ സ്മാരകത്തിന്റെ പിറകിൽ അമ്മയുടെ ഒരു സ്വാർത്ഥം ഒളിഞ്ഞുകിടക്കുന്നില്ലേ?
മീനാക്ഷി അമ്മ അസ്വസ്ഥത ഭാവിച്ചു മുഖം തിരിക്കുന്നു. നിശ്ശബ്ദത.
- മാലിനി:
- ആ സ്മാരകം കാണിച്ചു അമ്മയുടെ മരണത്തെ മകനെക്കൊണ്ടോർമ്മിപ്പിക്കുക. എന്നിട്ടു് നിസ്സഹായതയുടെ ബോധം ജനിപ്പിക്കുക. ആ നിസ്സഹായതയിൽനിന്നു തന്നെ രക്ഷിച്ചവരെ കൂടുതൽ സ്നേഹിക്കാനും ഭയപ്പെടാനും നിർബന്ധിക്കുക; ഇതിനല്ലെങ്കിൽ നിമിഷംപ്രതി മരണത്തെ ഓർമ്മിപ്പിക്കുന്ന ആ സ്മാരകം എന്തിനിത്ര ബുദ്ധിമുട്ടി സൂക്ഷിച്ചു പോരണം.
- മീനാക്ഷി അമ്മ:
- (പെട്ടെന്നു തിരിഞ്ഞു് ഇടറുന്ന സ്വരത്തിൽ) മാലിനീ.
- മാലിനി:
- അതെ അമ്മെ…
- മീനാക്ഷി അമ്മ:
- (ദുസ്സഹമായ വേദനയോടെ) നിർത്തു! നീ ഈശ്വരസന്നിധിയിൽ നിന്നാണു് പറയുന്നതെന്നു ഓർമ്മിക്കണം.
- മാലിനി:
- ഞാനിപ്പറഞ്ഞതു് തെറ്റാണെങ്കിൽ ഈശ്വരൻ എന്നെ ശിക്ഷിക്കട്ടെ… (തിരിഞ്ഞുനടക്കുന്നു. അല്പം നടന്നു് വാതിലിനു് സമീപിച്ചു്, തിരിഞ്ഞുനിന്നു്) എന്നിട്ടമ്മ എന്റെ പേരിൽ കുറ്റം ചുമത്തുന്നു. എന്റെ വിജയമാണെന്നും അമ്മയുടെ പരാജയമാണെന്നും പറയുന്നു… അമ്മയ്ക്കു വേറെ വല്ലതും എന്നോടു് പറയാനുണ്ടോ?
മീനാക്ഷി അമ്മ നിഷേധഭാവത്തിൽ തലയാട്ടുന്നു.
- മാലിനി:
- എന്നാൽ ഞാൻ പോട്ടെ അമ്മെ… (പോകുന്നു.)
- മീനാക്ഷി അമ്മ:
- (സ്തംഭിച്ചു നില്ക്കുന്നു. വീണ്ടും ഉണ്ണികൃഷ്ണന്റെ സന്നിധിയിലേക്കു തിരിഞ്ഞുനടക്കുന്നു. വിളക്കിൽനിന്നു് ഒരു തിരിയെടുത്തു് ഉണ്ണികൃഷ്ണന്റെ മുഖത്തിനു നേരെ കാണിക്കുന്നു.ശബ്ദം ഇടറിക്കൊണ്ടു്) കൃഷ്ണാ… ഭഗവാനേ… വിശ്വംഭരാ…
വിങ്ങിവിങ്ങി അടക്കിപ്പിടിച്ച സ്വരത്തിൽ കരയുന്നു. കണ്ണടച്ചു തന്നത്താൻ മറന്ന നിലയിൽ നില്ക്കുന്നു.
രംഗം പതുക്കെപ്പതുക്കെ ഇരുളാൻ തുടങ്ങുന്നു. ഉണ്ണികൃഷ്ണന്റെ പ്രതിമയും മീനാക്ഷി അമ്മയുടെ മുഖവും മാത്രം ദൃശ്യമാകുന്നു. അതു് മീനാക്ഷി അമ്മയുടെ കൈയിലെ തിരിയുടെ വെളിച്ചംകൊണ്ടു് മാത്രമാണു്.
പശ്ചാത്തലത്തിൽ സ്വപ്നത്തിന്റെ പ്രതീതിയുളവാക്കുന്ന സംഗീതം. അതുയർന്നു ക്രമേണ അസ്തമിക്കുന്നു. അല്പനിമിഷം നിശ്ശബ്ദത, തുടർന്നു ഒരു സ്ത്രീ കുലുങ്ങിച്ചിരിക്കുന്ന ശബ്ദം. അല്പം കഴിഞ്ഞു് നേരിയ സ്വരത്തിൽ ഒരു വിളി. മങ്ങിയ വെളിച്ചത്തിൽ വെള്ളവസ്ത്രംകൊണ്ടു മൂടിപ്പുതച്ചു ഒരു സ്ത്രീരൂപം രംഗത്തിന്റെ മറുവശം പ്രത്യക്ഷപ്പെടുന്നു.
- ശബ്ദം:
- എട്ടത്തീ, ഏട്ടത്തീ.
- മീനാക്ഷി അമ്മ:
- (ശരീരം ചലിക്കാതെ ഉള്ളിൽനിന്നു് മാത്രം മുഴങ്ങിക്കേൾക്കുന്ന ശബ്ദത്തിൽ) എന്താ ജാനകീ?
- ശബ്ദം:
- ആവൂ! എനിക്കു മോചനം കിട്ടി.
- മീനാക്ഷി അമ്മ:
- എന്തു മോചനം?
- ശബ്ദം:
- ഇതുവരെ ഏട്ടത്തി എന്റെ ആത്മാവിനെ പിടിച്ചുകെട്ടിയിരിക്കുകയായിരുന്നു.
- മീനാക്ഷി അമ്മ:
- ഞാനോ? എവിടെ? എങ്ങനെ?
- ശബ്ദം:
- ജാലകവും വാതിലുമൊക്കെ കൊട്ടിയടച്ചു് കാറ്റും വെളിച്ചവുമില്ലാത്ത ഒരു മുറിയിൽ-ആവൂ, ഞാൻ കിടന്നു വീർപ്പുമുട്ടുകയായിരുന്നു.
- മീനാക്ഷി അമ്മ:
- എന്നിട്ടു്?
- ശബ്ദും:
- നല്ല കാലത്തിനു് അവളെന്നെ പുറത്തയച്ചു.
- മീനാക്ഷി അമ്മ:
- എന്തു്? ആരു്? നീയും അവളുടെ ഭാഗത്താണോ? എല്ലാവരും അവളുടെ ഭാഗത്താണോ? ഞാൻ തനിച്ചായോ?
- ശബ്ദം:
- അതേ, എട്ടത്തി തനിച്ചാണു്. ഏട്ടത്തിക്കു മക്കളില്ലല്ലോ?
- മീനാക്ഷി അമ്മ:
- (പരിഭ്രമം) എന്തു്? പ്രഭ ആരുടെ മകനാണു്?
- ശബ്ദം:
- ഏട്ടത്തി പ്രസവിച്ചിട്ടില്ലല്ലോ?
- മീനാക്ഷി അമ്മ:
- അപ്പോൾ പ്രഭ?
- ശബ്ദം:
- ഏട്ടത്തിയുടെ മകനല്ല. അവൻ എന്റെ മകനാണു്. ഏട്ടത്തി പ്രസവിച്ചിട്ടില്ല. പ്രസവിക്കുകയുമില്ല.
- മീനാക്ഷി അമ്മ:
- (തേങ്ങുന്നു.) എന്തു് എനിക്കാരുമില്ലെന്നോ? ഞാൻ തനിച്ചാണോ? ഏങ്?… ഏങ്? പറയൂ ജനകീ ഞാൻ തനിച്ചാണോ? പറയൂ… ഞാൻ തനിച്ചാണോ?
- ശബ്ദം:
- അതെ, തനിച്ചാണു്. എനിക്കു നേരമില്ല. ഇതുവരെ ഞാൻ ബന്ധനത്തിലായിരുന്നില്ലേ? എനിക്കു കുറച്ചു കാറ്റും വെളിച്ചവും വേണം. ഞാൻ പോട്ടെ. (പതുക്കെ നീങ്ങി മറയുന്നു.)
- മീനാക്ഷി അമ്മ:
- നില്ക്കൂ, നില്ക്കൂ. ഞാനൊന്നുകൂടി ചോദിക്കട്ടെ. നീയെന്നെ വെറുക്കുന്നുണ്ടോ ജാനകീ, ജാനകീ. (നിശ്ശബ്ദത)
- മീനാക്ഷി അമ്മ:
- ഹാ, നീ പോയോ… എല്ലാവരും പോയോ? ഞാൻ തനിച്ചായോ? കൃഷ്ണാ. (തേങ്ങുന്നു) ഗുരുവായൂരപ്പാ… (തേങ്ങിത്തേങ്ങി കരയുന്നു.)
വേലായുധൻ നായർ ഒരു റാന്തൽവിളക്കുംകൊണ്ടു വാതിലിൽ പ്രത്യക്ഷനാവുന്നു. മുറി മുഴുവനും വെളിച്ചം പരക്കുന്നു. മുറിയിൽ വെളിച്ചം വന്നതോടുകൂടി മീനാക്ഷി അമ്മ ഞെട്ടുന്നു. കണ്ണു് മിഴിക്കുന്നു. വേലായുധൻനായരെ കാണുന്നു. ഒന്നും മനസ്സിലാവാത്തമട്ടിൽ മിഴിച്ചു നോക്കുന്നു. ആരോടെന്നില്ലാതെ അല്പം ഇഴഞ്ഞമട്ടിൽ ചോദിക്കുന്നു.
- മീനാക്ഷി അമ്മ:
- പോയോ? എല്ലാവരും പോയോ? ഇനി ആരുമില്ലേ?
- വേലായുധൻ നായർ:
- (അമ്പരന്നു) ആരു് പോവാൻ? എവിടെ പോവാൻ?
- മീനാക്ഷി അമ്മ:
- (വേലായുധൻ നായരുടെ ശബ്ദം കേട്ടു് ബോധാവസ്ഥയിലാവുന്നു. കൈയിലുള്ള തിരി വിളക്കിൽവെച്ചു് മുഖം തുടച്ചു പതുക്കെ മുൻപോട്ടു നീങ്ങുന്നു. ഉറക്കത്തിൽനിന്നുണർന്നപോലെ) ഓ! ഞാൻ സമയം പോയതറിഞ്ഞില്ല. എന്താ വേലായുധാ?
- വേലായുധൻ നായർ:
- ആരെപ്പറ്റിയാണമ്മ ചോദിച്ചതു്?
- മീനാക്ഷി അമ്മ:
- (പരുങ്ങുന്നു.) ഒന്നുമില്ല… ആരുമില്ല… ഞാൻ ജപിച്ചുകൊണ്ടിരിക്കുമ്പോൾ എന്തോ സ്വപ്നം കങ്ങു. വേലായുധൻ എന്തേ ഇങ്ങട്ടു വന്നതു്?
- വേലായുധൻ നായർ:
- അവിടെങ്ങും അന്വേഷിച്ചു; കണ്ടില്ല. അപ്പോഴിങ്ങട്ടു പോന്നു.
- മീനാക്ഷി അമ്മ:
- ഞാനിന്നു കുറച്ചധികം ജപിച്ചുപോയി സമയം പോയതറിഞ്ഞില്ല.
- വേലായുധൻ നായർ:
- ആ മുറിയിലെ സാധനങ്ങളൊക്കെ എടുത്തുമാറ്റി അതിനി എവിടെയാണാവോ വെയ്ക്കേണ്ടതു്?
- മീനാക്ഷി അമ്മ:
- പറയാം. നാണിക്കുട്ടി എവിടെ?
- വേലായുധൻ നായർ:
- കണ്ടില്ല.
- മീനാക്ഷി അമ്മ:
- അവളെന്നെക്കാത്തു് കുളിമുറിയിൽ നില്ക്കുന്നുണ്ടാവും. ഇന്നു ജപം കഴിഞ്ഞു കുഴമ്പു തേച്ചു ചുടുവെള്ളം പിടിക്കണമെന്നു പറഞ്ഞിരുന്നു. നമുക്കുങ്ങോട്ടു പോകാം. ആ പെണ്ണവിടെ കാത്തുനിന്നു കഷ്ടപ്പെടുന്നുണ്ടാവും.
- നാണിക്കുട്ടി:
- (അകത്തുനിന്നു്) അച്ഛാ, അച്ഛനാണോ അതു്? വല്യമ്മയുണ്ടോ പൂജാമുറിയിൽ?
- വേലായുധൻ നായർ:
- അതാ ആ പെണ്ണിങ്ങോട്ടു വരുന്നുണ്ടു്.
നാണിക്കുട്ടി കടന്നുവരുന്നു.
- മീനാക്ഷി അമ്മ:
- എന്താ നാണിക്കുട്ടീ, നീയെന്നെ കാത്തുനിന്നു വിഷമിച്ചോ?
- നാണിക്കുട്ടി:
- വെള്ളം ചൂടാറിപ്പോകും.
- മീനാക്ഷി അമ്മ:
- സാരമില്ല. (നാണിക്കുട്ടി പോകാൻ ഭാവിക്കുന്നു.) അവിടെ നില്ക്കു.
നാണിക്കുട്ടി നില്ക്കുന്നു.
- മീനാക്ഷി അമ്മ:
- (വേലായുധൻ നായരും നാണിക്കുട്ടിയും നില്ക്കുന്ന സ്ഥലത്തേക്കു വരുന്നു.) നാണിക്കുട്ടീ നിനക്കിവിടെ പണി ധാരാളമുണ്ടോ?
- നാണിക്കുട്ടി:
- (അമ്പരപ്പോടെ) എന്താണു് വല്യമ്മേ ഇങ്ങനെ ചോദിക്കുന്നതു്?
- വേലായുധൻ നായർ:
- പണിയധികമുണ്ടെങ്കിലെന്താ, അവളെടുക്കട്ടെ. അവളിവിടെ പണിയെടുക്കാനല്ലേ?
- മീനാക്ഷി അമ്മ:
- (ശാന്തസ്വരത്തിൽ) അതുകൊണ്ടു് ചോദിച്ചതല്ല; ആരും ബുദ്ധിമുട്ടരുതല്ലോ?
- നാണിക്കുട്ടി:
- (മീനാക്ഷി അമ്മയെ സമീപിച്ചു്) എന്താണു് വല്യമ്മേ, അതിപ്പഴ് ചോദിക്കാൻ?
- മീനാക്ഷി അമ്മ:
- ഹെയ്! ഒന്നുമില്ല നിനക്കു ബുദ്ധിമുട്ടുണ്ടോ എന്നറിയാൻ ചോദിച്ചതാണു്. വേലായുധാ, ഞാനൊരു പ്രസവിക്കാത്ത സ്ത്രീയാണു്.
- വേലായുധൻ നായർ:
- അതുകൊണ്ടെന്താണമ്മേ?
- മീനാക്ഷി അമ്മ:
- പ്രസവിക്കാത്ത സ്ത്രീക്കു് അമ്മയുടെ ഹൃദയം മനസ്സിലാവില്ലെന്നു പറയാറുണ്ടു്. പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാവില്ലെന്നു നീ കേട്ടിട്ടില്ലേ?
- നാണിക്കുട്ടി:
- ഈ വല്യമ്മ എന്തൊക്കെയാ പറയുന്നതു്!
- മീനാക്ഷി അമ്മ:
- അല്ല, ഞാനിവരെയൊക്കെ ഒരമ്മയുടെ നിലയിൽ നോക്കാൻ ശ്രമിക്കുന്നുണ്ടു്. പക്ഷേ, ആരു് കണ്ടു, അതൊക്കെ ശരിയാവുന്നുണ്ടെന്നു്.
- വേലായുധൻ നായർ:
- പത്തു മക്കളെപ്പെറ്റ ഒരമ്മയേക്കാൾ ഈ അമ്മയ്ക്കു് എല്ലാറ്റിനും വശമുണ്ടു്. ഇവരുടെയൊക്കെ മഹാഭാഗ്യമാണു് ഇങ്ങനെ ഒരമ്മയെ കിട്ടിയതു്.
- മീനാക്ഷി അമ്മ:
- അതു വേലായുധനു തോന്നിയാൽ പോരല്ലോ… നാണിക്കുട്ടീ.
- നാണിക്കുട്ടി:
- എന്താ വല്യമ്മേ?
- മീനാക്ഷി അമ്മ:
- നാണിക്കുട്ടിക്കു ഇവിടെ അസുഖം വല്ലതുമുണ്ടോ?
- നാണിക്കുട്ടി:
- ഇല്ല വല്യമ്മേ.
- മീനാക്ഷി അമ്മ:
- അല്ല ഉണ്ടെങ്കിൽ പറയണം.
- വേലായുധൻ നായർ:
- ഇതിലും സുഖമുള്ള സ്ഥലം വേറെ എവിടെണ്ടു്? ആ പെണ്ണിന്റെ ഭാഗ്യംകൊണ്ടല്ലേ ഈ തറവാട്ടിൽ വന്നു പെട്ടതു്. അല്ലെങ്കിലിന്നു വഴിയാധാരമല്ലെ?
- മീനാക്ഷി അമ്മ:
- നാണിക്കുട്ടി ഒന്നും ഒളിച്ചുവെയ്ക്കേണ്ട.
- വേലായുധൻ നായർ:
- എന്താ ഇങ്ങനെ ചോദിക്കാൻ?
- മീനാക്ഷി അമ്മ:
- ഒന്നുമുണ്ടായിട്ടല്ല.
- നാണിക്കുട്ടി:
- വല്യമ്മേ, വല്യമ്മ എന്താ ഇങ്ങനെ ചോദിക്കുന്നതു്? ഞാനെന്തെങ്കിലും തെറ്റു ചെയ്തോ വല്യമ്മേ? (തൊണ്ടയിടറുന്നു.)
- മീനാക്ഷി അമ്മ:
- ഒന്നും ചെയ്തിട്ടില്ല.
- നാണിക്കുട്ടി:
- (തൊണ്ടയിടറി) ഉണ്ടെങ്കിൽ പറയണം വല്യമ്മെ… ഞാൻ… ഞാൻ… ഒന്നും വല്യമ്മയോടു ചെയ്തിട്ടില്ല.
- മീനാക്ഷി അമ്മ:
- ഛീ, എന്തിനാടീ കരയുന്നതു്? ഞാൻ നിങ്ങളുടെയൊക്കെ സുഖവിവരങ്ങളറിയാൻ ചോദിച്ചതല്ലേ? പിന്നേയ്, നാണിക്കുട്ടി എന്തിഷ്ടമുണ്ടെങ്കിലും എന്നോടു് തുറന്നു പറയണം, കേട്ടോ… ഒന്നും മനസ്സിൽ വെക്കരുതു്.
- നാണിക്കുട്ടി:
- (കരഞ്ഞുകൊണ്ടു്) വല്യമ്മെ… വല്യമ്മയ്ക്കെന്താണു്? എന്താ വല്യമ്മ പറയുന്നതു്?
- വേലായുധൻ നായർ:
- അതുതന്നെയാണു് ഞാനും വിചാരിക്കുന്നതു്. (നാണിക്കുട്ടിയോടു് ദേഷ്യഭാവത്തിൽ) എന്താ പെണ്ണേ, നീ വല്ല അധികപ്രസംഗവും കാട്ടിയോ?
- നാണിക്കുട്ടി:
- (കരഞ്ഞുകൊണ്ടു്) ഇല്ലച്ഛാ, ഞാനൊന്നും കാണിച്ചിട്ടില്ല: ഒന്നും പറഞ്ഞില്ല.
- മീനാക്ഷി അമ്മ:
- വേലായുധാ, എന്തിനാ അവളെ ദേഷ്യപ്പെടുന്നതു്? (നാണിക്കുട്ടിയോടു) നീ ചെന്നു വെള്ളം ഒഴിച്ചുവെയ്ക്കൂ. ഞാൻ വേഗം വരാം. (നാണിക്കുട്ടി പോകുന്നു.)
- മീനാക്ഷി അമ്മ:
- വേലായുധാ, എനിക്കിന്നു മനസ്സിനൊരു സുഖമില്ല.
- വേലായുധൻ നായർ:
- അതിനു കാരണമുണ്ടല്ലോ.
- മീനാക്ഷി അമ്മ:
- ഏയ്, അതൊന്നുമല്ല. എന്തോ ഉള്ളിലൊന്നിങ്ങനെ വിങ്ങിക്കളിക്കുക. ഉം! സാരമില്ല. പിന്നെ വേലായുധൻ ആ സാധനങ്ങളൊക്കെ എവിടെ വെച്ചു?
- വേലായുധൻ നായർ:
- തല്ക്കാലം ഇടനാഴിയിൽ സൂക്ഷിച്ചിട്ടുണ്ടു്,
- മീനാക്ഷി അമ്മ:
- ഒരു കാര്യം ചെയ്യൂ. എല്ലാം എന്റെ കിടപ്പുമുറിയിൽ വെയ്ക്കൂ. ഇപ്പോൾത്തന്നെ വെയ്ക്കൂ.
- വേലായുധൻ നായർ:
- വെയ്ക്കാം.
- മീനാക്ഷി അമ്മ:
- എന്നാൽ വേഗം അങ്ങട്ടു ചെല്ലൂ.
- വേലായുധൻ നായർ:
- അമ്മ വരുന്നില്ലേ?
- മീനാക്ഷി അമ്മ:
- ഞാനല്പം കഴിഞ്ഞു വരാം.
- വേലായുധൻ നായർ:
- എന്നാൽ കുഴമ്പു തേക്കാൻ താമസിക്കേണ്ട.
- മീനാക്ഷി അമ്മ:
- അല്ലെങ്കിൽ ഇന്നിനി കുഴമ്പുതേക്കാൻ വയ്യ. നാണിക്കുട്ടിയോടു് എനിക്കു കുടിക്കാനുള്ള പാലുമെടുത്തു് എന്റെ മുറിയിലേക്കു വരാൻ പറയൂ. എന്തോ, എനിയ്ക്കു നല്ല സുഖമില്ല.
- വേലായുധൻ നായർ:
- വല്ല മരുന്നും വേണോ?
- മീനാക്ഷി അമ്മ:
- മരുന്നൊന്നും വേണ്ട. മനസ്സിനുള്ള സുഖക്കുറവാണു്. പ്രഭ വന്നാൽ അവന്നു് ഊണു് നീ കൊടുക്കൂ. നാണിക്കുട്ടിയോടു വല്ലതും കഴിച്ചു നേർത്തെതന്നെ എന്റെ കിടപ്പുമുറിയിൽ വരാൻ പറയൂ. ഞാൻ കുറച്ചുകൂടി ജപിക്കട്ടെ. വേലായുധൻ പൊയ്ക്കോളു.
തിരിഞ്ഞുനോക്കുന്നു. വേലായുധൻ നായർ പോകുന്നു.
മീനാക്ഷി അമ്മ നേരെ ചെന്നു് ഉണ്ണികൃഷ്ണനെ ഒന്നു തൊഴുതു്, പ്രതിമയുടെ കാലിൽ തല തട്ടത്തക്കവണ്ണം മുട്ടു കുത്തി മുഖം കുനിച്ചിരിക്കുന്നു.
—യവനിക—